Saturday, November 28, 2009

ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളുംഒടുവില്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ മേശപ്പുറത്തു എത്തി. പതിനാറു വര്‍ഷത്തെ അന്വേഷണ ഗവേഷണങ്ങള്‍ക്കൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്‌കണ്ടു അദ്ധ്വാനി ഞെട്ടിയതും പാര്‍ലിമെന്റില്‍ പൊട്ടിത്തെറിച്ചതും നാം കണ്ടു. വാജ്പേയിയുടെ പേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലാണ് അദ്ധ്വാനിജി ഞെട്ടിയത്. അതില്‍ അല്പം കാര്യമില്ലായ്കയില്ല. ബാബറി മസ്ജിദ് ബീജെപീ വളര്‍ത്താനുള്ള ഒരു ലക്‌ഷ്യം മാത്രമാണെന്നും ലക്‌ഷ്യം നേടിക്കഴിഞ്ഞാല്‍ പിന്നെ പാര്‍ടിക്ക് നിലനില്‍കാന്‍ പ്രയാസമാണെന്നും അതിനാല്‍ ബാബറി മസ്ജിദ് ഒരു ഇഷ്യൂ മാത്രമായി നിലനിര്‍ത്തുകയാണ് ബുദ്ധി എന്നും ദീര്‍ഘദര്‍ശിയും, ബീജെപീയിലെ മിതവാദിയുമായ ഇദ്ദേഹം വാദിച്ചു നോക്കിയതാണ്. അതായിരുന്നു ശരി എന്ന് ബീജെപീയുടെ പില്‍ക്കാലചരിത്രം തെളിയിക്കുന്നു. എങ്കിലും അന്ന് ഈ വാദംകേട്ട് ഞെട്ടിയ അദ്ധ്വാനിജി ഇപ്പോള്‍ എല്ലാം ചെയ്ത തങ്ങളുടെ കൂട്ടത്തില്‍ വാജ്പേയിയുടെ പേര്‍ കണ്ടപ്പോള്‍ ഞെട്ടിയത് സ്വാഭാവികം മാത്രം.

അദ്ധ്വാനിജി ഒരേസമയം പള്ളി പൊളിച്ചതില്‍ ഖേദിക്കുകയും അയോദ്ധ്യാ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയുന്നതില്‍ അഭിമാനിക്കുകയും ചെയ്യുമ്പോള്‍ ഈ ഞെട്ടലിനു രണ്ടര്‍ത്ഥമുണ്ട്. "മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോകേണ്ട" എന്നത് തന്നെ ഒരര്‍ത്ഥം. അഖണ്ഡ ഭാരതത്തിന്റെ നടുപിളര്‍പന്‍ ശില്‍പികളില്‍ ഒരാളായ മുഹമ്മദലി ജിന്നക്ക് ക്ലീന്‍ചീട്ടു നല്‍കി അദ്ധ്വാനി നമ്മെ പണ്ട് ഞെട്ടിച്ചിട്ടുണ്ട് .

ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കോണ്ഗ്രസ് സര്‍ക്കാരിന്റെ മേശപ്പുറത്ത് എത്തുമ്പോള്‍ അത് ചരിത്രത്തിലെ മറ്റൊരു തമാശയായി മാറുന്നു. കോഴി കുറുക്കനോട് നീതിതേടുന്ന തമാശ. കോണ്ഗ്രസ് എന്നും ബാബറിമസ്ജിദിന്‍റെ പേരില്‍ ബീജെപീയെക്കള്‍ തന്ത്രപരമായ രാഷ്ട്രീയം കളിച്ചവരാണ്. പള്ളി പൂട്ടിച്ചതും പിന്നീട് ഒരു വിഭാഗത്തിന് ആരാധനക്ക് തുറന്നു കൊടുത്തതും, തര്‍ക്കസ്ഥലത്ത് തറക്കല്ലിടാന്‍ അനുവാദം നല്കിയതും ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന താഴികക്കുടങ്ങള്‍ ഒരു ജനതയുടെ ആത്മാഭിമാനത്തിന് മേല്‍ നിലം പതിക്കുമ്പോള്‍ വിഡ്ഢിച്ചിരിയോടെ കാഴ്ച ക്കാരായി നിന്നതും ഇതേ കോണ്ഗ്രസ്കാരാണെന്നതാണ് തമാശ. അത്കൊണ്ട്തന്നെ ലക്ഷങ്ങള്‍ ചിലവിട്ടു പതിനാറു വര്ഷം കൊണ്ട് ലിബര്‍ഹാന്‍ കമ്മീഷന്‍ ഉണ്ടാകിയെടുത്ത റിപ്പോര്‍ട്ട് വെറും ഒരു വഴിപാടു മാത്രമായിത്തീരുന്നു.

ഒരു കാലപരിപരിധിയും നിശ്ചയിക്കാത്ത ഇത്തരം അന്വേഷണ കമ്മീഷനുകള്‍ ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അന്വേഷണ കമ്മീഷന്‍ എടുക്കുന്ന കാലതാമസം സംഭവങ്ങളുടെ ഗൗരവം കുറക്കുകയും പലപ്പോഴും പ്രതികള്‍കു പ്രചോദനമായിത്തീരുകയും ചെയ്യുന്നു. ഒന്നുകില്‍ ഇത്തരം അന്വേഷണ പ്രഹസനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം ചിലവാക്കാതിരിക്കുക, അല്ലെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കുക. പാഴ്ചിലവെങ്കിലും ഒഴിവാക്കാമല്ലോ.  ബാബറി മസ്ജിദ് നിലനിന്നിരുന്നത് കൊണ്ട് മുസ്ലിംകള്‍ക്കോ പൊളിച്ചത് കൊണ്ട് ഹിന്ദുക്കള്‍ക്കോ പ്രത്യകിച്ച് ഒരു ഗുണവും ഉണ്ടായില്ല എന്നതാണ് വാസ്തവം. ഒരു കെട്ടിടത്തില്‍ ആരാധന നടക്കുമ്പോഴേ അതൊരു ആരാധനാലയം ആകുന്നുള്ളൂ.  ബാബറി മസ്ജിദിന്‍റെ കാര്യത്തില്‍ പതിറ്റാണ്ട്കള്‍ക്ക് മുമ്പേ അവിടെ ആരാധന നിന്നുപോയതാണ് . അതുകൊണ്ട് തന്നെയാവാം "പോയത് പോകട്ടെ" എന്ന നിലപാടിലേക്ക് മുസ്ലിം സംഘടനകള്‍ മാറി നിന്നതും. എന്നാല്‍ മസ്ജിദിന്‍റെ തകര്‍ച്ച ഇന്ത്യയില്‍ അന്താരാഷ്ട്ര തീവ്രവാദത്തിനു വേരോട്ടം നല്‍കി . നിയമങ്ങളും കോടതി ഉത്തരവുകളും കാറ്റില്‍ പറത്തി ഭൂരിപക്ഷ വര്‍ഗീയത രാജ്യത്തെ സര്‍ക്കാരിനെ നിശബ്ധമാകി ഏകപക്ഷീയമായി തങ്ങളുടെ അജണ്ട നടപ്പാക്കിയപ്പോള്‍ ന്യൂനപക്ഷത്തില്‍ അതുണ്ടാക്കിയ അരക്ഷിത ബോധത്തില്‍ നിന്നാവാം ഇന്ത്യയില്‍ മുസ്ലിം തീവ്രവാദത്തിന്‍റെ വിത്തുകള്‍ മുളപൊട്ടിയത്‌.

പിന്നീട് ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കുകയും ഇന്ത്യയുടെ മതെതരത്വ മുഖം പലപ്പോഴും വികൃതമായിത്തീരുകയും ചെയ്തു.  ഇരക്കും വേട്ടക്കാരനും ഭരണകൂടങ്ങള്‍ ഒത്താശ ചെയ്തു കൊടുക്കേണ്ട അവസ്ഥ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ദൗര്‍ബല്യമാണ്‌.  നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാര്‍ മുന്നണി തട്ടിക്കൂട്ടാന്‍ മത കേന്ദ്രങ്ങളില്‍ വോട്ടുയാചിക്കുന്നതും വോട്ടു ബാങ്കുകളായി നിലകൊണ്ടു മത സംഘടനകള്‍ ഭരണത്തില്‍ സ്വാധീനം ഉറപ്പിക്കുന്നതും ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല.  മതങ്ങളാല്‍ സര്‍ക്കാര്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥ സംജാതമായാല്‍ ഇന്ത്യ തീവ്ര വാദത്തിനും, വര്‍ഗീയ കലാപങ്ങള്‍ക്കും ഏറ്റവും വളക്കൂറുള്ള മണ്ണായിത്തീരും.  പ്രത്യേകിച്ചും മതാനുയായികള്‍ മത തത്വങ്ങളില്‍ നിന്നകന്നും മതമൂല്യങ്ങള്‍ ഉപേക്ഷിച്ചും മത-രാഷ്ട്രീയ മേലാളന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കുമ്പോള്‍.

രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളാവാതെ മതങ്ങള്‍ തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളിലേക്ക് തിരിയേണ്ടതുണ്ട്.  പരസ്പര സ്നേഹവും സാഹോദര്യവും മൂല്യ ബോധവുമുള്ള പൗരന്മാരെ വാര്‍ത്തെടുക്കാന്‍ മാത്രമേ യഥാര്‍ത്ഥ മതങ്ങള്‍ക്ക് സാധിക്കൂ. പരസ്പരം പോരടിക്കാനും രക്തം ചിന്താനും ഒരു മതവും പഠിപ്പിക്കുന്നില്ല.  നിക്ഷിപ്ത താല്‍പര്യക്കാര്‍ തങ്ങളുടെ കാര്യലാഭങ്ങള്‍ക്കു വേണ്ടി മതത്തെ ഹൈജാക്‌ ചെയ്യുകയാണ്. അവരാണ് മതത്തെ വികൃതമാക്കുന്നതും “മാറാടും, മാലേഗാവും” ഉണ്ടാക്കുന്നതും. അതനുവദിച്ചു കൂടാ.  മതങ്ങള്‍ ജാഗരൂകരാകേണ്ടത് ഇവിടെയാണ്‌. അതുപോലെ രാഷ്ട്രീയക്കാര്‍ "മത" സേവകരാകാതെ ജന സേവകരാകണം.  ഭരണസിരാ കേന്ദ്രങ്ങളില്‍ മുഴങ്ങേണ്ടത് കേവലം മനുഷ്യര്‍ക്ക് വേണ്ടിയുള്ള ശബ്ധമായിരിക്കണം.  ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ ജനങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ നട്ടെല്ലുള്ളവരായിരിക്കണം ഇന്ത്യ ഭരിക്കേണ്ടത്.  നരസിംഹ റാവുവിനെപ്പോലെ ഒരു പ്രധാനമന്ത്രി ഇനി ഉണ്ടാവാതിരിക്കട്ടെ. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ അസുയാവഹമായ നേട്ടങ്ങളുമായി മുന്നേറുകയാണ്.  രാഷ്ട്ര പുരോഗതിക്കായി മനുഷ്യ നന്മക്കായി നമുക്കണിചേരാം. ഏകോതര സഹോദരന്മാരായി ഒരു കൊടിക്കീഴില്‍. അല്ലെങ്കില്‍ വിവിധ കൊടികള്‍കു കീഴില്‍.  കൊടികള്‍കു നിറങ്ങളാവാം. പക്ഷെ നിറങ്ങള്‍ വര്‍ഗീയതയുടേതാവരുത്.

11 comments:

 1. രാഷ്ട്ര പുരോഗതിക്കായി മനുഷ്യ നന്മക്കായി നമുക്കണിചേരാം.

  ReplyDelete
 2. ആദ്യം തന്നെ ബൂലോകത്തേക്ക് സ്വാഗതമരുളുന്നു.


  “മതങ്ങളാല്‍ സര്‍ക്കാര്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥ സംജാതമായാല്‍ ഇന്ത്യ തീവ്ര വാദത്തിനും, വര്‍ഗീയ കലാപങ്ങള്‍കും ഏറ്റവും വളക്കൂറുള്ള മണ്ണായിത്തീരും.” - ഇത് തികച്ചും ശരി.

  വിവിധ കൊടികള്‍ക്ക് കീഴില്‍ വേണ്ട, ഒരൊറ്റ കൊടിക്കീഴില്‍ അണിനിരക്കട്ടേ ഭാരത ജനത.

  ReplyDelete
 3. "രാഷ്ട്രീയക്കാര്‍ "മത" സേവകരാകാതെ ജന സേവകരാകണം."
  തീര്‍ച്ചയായും അതാണ്‌ വേണ്ടത് പക്ഷെ ?

  നല്ല ലേഖനം

  ReplyDelete
 4. തീർത്തും യോജിക്കുന്നു!

  ReplyDelete
 5. പാര്‍ട്ടി എന്നതിലുപരി ഇന്ത്യന്‍ ഭരണഘടനയെ സ്നേഹിക്കുന്ന ഒരു രാഷ്ട്രീയ നിര ഉണ്ടായിരുന്നെങ്കില്‍ ബാബറി ദുരന്തം ഉണ്ടാവുമായിരുന്നില്ല. താങ്കളുടെ നിഗമനങ്ങളോട് യോജിക്കുന്നു.

  ReplyDelete
 6. കുമാരന്‍ |
  ഗീത .
  shaji
  Sureshkumar Punjhayil
  ഭായി
  ബഷീര്‍

  എല്ലാവര്‍കും നന്ദി

  ReplyDelete
 7. മൊത്തത്തില്‍ കാപട്യം നിറഞ്ഞതാണ്‌ വര്‍ത്തമാന കാല രാഷ്ട്രീയം, പലരുടെയും മിതവാതങ്ങള്‍ പോയ്മുഖങ്ങളാണ്.

  അതെ, "രാഷ്ട്ര പുരോഗതിക്കായി മനുഷ്യ നന്മക്കായി നമുക്കണിചേരാം"

  ReplyDelete
 8. ഈ വിലയിരുത്തൽ ഇപ്പോഴും പ്രസക്തം

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..