Friday, December 17, 2010

അവധിക്കാലത്തെ തിരിച്ചറിയല്‍ കാര്‍ഡ്‌.


ആകെ കൂട്ടിക്കിഴിച്ചു കിട്ടിയ ഒരു മാസത്തെ അവധിക്കാലം. കുടുംബത്തെയും കൊണ്ട് എങ്ങാണ്ടൊക്കെ കറങ്ങാമെന്നു നേരത്തെ വാക്ക് കൊടുത്തിരുന്നു. പക്ഷെ എങ്ങും പോകേണ്ടി വന്നില്ല. മഴ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ദിവസവും ഉച്ചതിരിഞ്ഞു മഴപെയ്യും. എനിക്കാണെങ്കില്‍ മഴ കണ്ടങ്ങിനെ ഇരിക്കുന്നതിലുംപരം സന്തോഷം വേറെയില്ല. 

ചന്നം പിന്നം തുടങ്ങി കാറ്റിന്റെ അകമ്പടിയോടെ   തുള്ളിക്കൊരു കുടമായി  ശക്തിയോടെ   വീണുടഞ്ഞു   നൃത്തം വെക്കുന്നതും  ഇറയിലൂടെ ഊര്‍ന്നിറങ്ങുന്ന   മഴനൂലുകളുടെ  വെള്ള വിരിക്കിടയിലൂടെ   താളക്കൊഴുപ്പില്‍ ശീല്‍ക്കാരത്തോടെ തകര്‍പ്പന്‍ പെരുമഴയായി രൂപാന്തരപ്പെടുന്നതും പെടുന്നനെ രൂപപ്പെടുന്ന മുറ്റത്തെ കൊച്ചരുവികളുടെ നീരൊഴുക്കും മഴയുടെ സംഗീതത്തില്‍ ലയിച്ചു കാറ്റില്‍ പുഴക്കക്കരെ കുന്നില്‍ ചെരുവില്‍ ഉറക്കെ തലയാട്ടുന്ന തെങ്ങിന്‍ തലപ്പുകളുമൊക്കെ നോക്കിയിരുന്നും  അവാച്യമായ ഒരനുഭൂതിയില്‍ സ്വയം ലയിച്ചിരിക്കുക. അതിന്റെ സുഖം പറഞ്ഞാല്‍ തീരില്ല.

പക്ഷെ സീസണിലെ മുഴുവന്‍ മഴയും കണ്ടു  മടുത്തിരിക്കുന്ന   വീട്ടുകാരുടെ സ്ഥിതി അതല്ലല്ലോ. ദൂരെ എവിടെയെങ്കിലു കറങ്ങാനുള്ള  അവസരത്തെ  മഴ ഇങ്ങിനെ തടഞ്ഞു വെക്കുന്നതിലുള്ള അവരുടെ പ്രധിഷേധം ഒളിഞ്ഞും തെളിഞ്ഞു വന്നു കൊണ്ടിരുന്നു. "നമ്മളിപ്പോ ഊട്ടിയിലാ അല്ലെ ഉമ്മാ" ?? എന്ന് മകള്‍ ചോദിക്കുമ്പോള്‍ "അത്  ഇന്നലെ ആയിരുന്നില്ലേ....  ഇന്ന് നമ്മള്‍ ബാന്‍ഗ്ലൂര്‍,   നാളെ നമ്മള്‍ ഹൈദരാബാദില്‍ പോകും" എന്നൊക്കെ  പറഞ്ഞു സഹധര്‍മ്മിണി  എന്റ ഹൃദയം തകര്‍ക്കാന്‍ നോക്കുന്നുണ്ടെങ്കിലും പല്ല് ഇളകിയാല്‍ പാലം തകരില്ലെന്ന മട്ടില്‍ ഞാനങ്ങിനെ മഴയുടെ കച്ചേരി കാണുകയാണ്.

എന്റെ ഇരിപ്പ് കണ്ടിട്ട് സഹിക്കാഞ്ഞിട്ടോ എന്തോ  അവള്‍ പറഞ്ഞു. "അതേയ് ഏതായാലും ഇങ്ങള് വെറുതെ  ഇരിക്ക്യല്ലേ. തിരിച്ചറിയല്‍ കാര്‍ഡിന്റെ ഹിയറിംഗ് ഉണ്ട് അടുത്തയാഴ്ച. ഇപ്പോ ശ്രമിച്ചാല്‍   വളരെ ഈസിയായി കിട്ടും. ഒന്ന് പോയി നോക്കിക്കൂടെ ?

തിരിച്ചറിയല്‍ കാര്‍ഡോ. എനിക്കെന്തിനാ തിരിച്ചറിയല്‍ കാര്‍ഡ്‌ ?
"തിരിച്ചറിയാന്‍ തന്നെ".
"ഞാന്‍ ഇന്ത്യന്‍ പാസ്പ്പോര്‍ട്ടുള്ള  ഒരു ഇന്ത്യക്കാരന്‍. എന്നെ ആരും തിരിച്ചറിയില്ലെന്നു പറയാന്‍ തും കോന്‍ ഹേ" -? ഞാന്‍ അവളെ വിരട്ടാന്‍ ശ്രമിച്ചു.

"ഐ ആം കോന്‍ നഹി. പക്ഷെ എവിടെ ചെന്നാലും ഇപ്പൊ ഐടണ്ടിട്ടി  കാര്‍ഡ്‌   ചോദിക്കും. ഒന്നുമില്ലെങ്കിലും   വോട്ടെങ്കിലും ചെയ്തു കൂടെ" ? . അതു ന്യായം.  അവളുടെ  ഏതു  ഭാഷയും  അനായാസേനെ  കൈകാര്യ ചെയ്യാനുള്ള കഴിവു എന്നെ  അത്ഭുതപ്പെടുത്തി.

ഏതായാലും  ഒരാഴ്ചകൂടി സമയം ഉണ്ടല്ലോ. ഞാന്‍ ഒന്നൂടി അമര്‍ന്നിരുന്നു മഴ ആസ്വദിക്കാന്‍ തന്നെ തീരുമാനിച്ചു. "അതേയ് ഹിയറിങ്ങിനു  നേരെ അങ്ങ് പോയാല്‍ കാര്‍ഡ്‌ കിട്ടൂലാ. ആദ്യം പഞ്ചായത്തില്‍ പോയി റസിടന്‍സ്  സര്‍ട്ടിഫിക്കറ്റു വാങ്ങണം. നേരത്തേ പോയി അപേക്ഷ കൊടുത്താലേ അന്നേക്കു കിട്ടൂ".

ഹൈ.... അവളുടെ ലോകവിവരത്തിനു മുമ്പില്‍ ഞാന്‍ കടുക്മണിയോളം ചെറുതായി. ഒരു തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടാക്കിയിട്ട് തന്നെ കാര്യം. നാളെ ഇവള്‍പോലും എന്നെ തിരിച്ചറിയില്ലെന്നു പറഞ്ഞാലോ.   പിറ്റേ ദിവസം  രാവിലെത്തന്നെ  ഞാന്‍ പഞ്ചായത്ത് ഓഫീസിലെത്തി.   അപേക്ഷയുമായി വന്ന എന്നെ കണ്ടപ്പോള്‍ ലേഡി ക്ലാര്‍ക്കിനു എന്തോ പന്തികേടു തോന്നി. എന്നെ ഒന്ന് നോക്കിയിട്ട് അവര്‍ പറഞ്ഞു
"സെക്രട്ടറിയെ ഒന്ന് കണ്ടോളൂ".

ഞാന്‍ സെക്രട്ടറിയുടെ മുമ്പിലെത്തി. അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു. നല്ല മനുഷ്യന്‍.
എന്തെ നേരത്തെ കാര്‍ഡ്‌ ഉണ്ടാക്കതിരുന്നത് ?.
"ഞാന്‍ ഗള്‍ഫില്‍ ആയിരുന്നു സാര്"‍.
ഇപ്പൊ എന്ത് ചെയ്യുന്നു ?
"ഇപ്പോഴും ഗള്‍ഫില്‍ തന്നെയാണ് സാര്"‍. ഞാന്‍ കുപ്പായത്തിന്റെ കോളര്‍ ഒന്ന് പിറകോട്ടു വലിച്ചിട്ടു. എന്തിനാ കുറക്കുന്നത്.   
"എന്ന് വന്നു" ?. ദേ... അടുത്ത ചോദ്യം !
"വന്നിട്ട് ഒരാഴ്ചയായി സാര്"‍.

സെക്രട്ടറി അടിമുടി ദഹിപ്പിക്കുന്ന ഒരു നോട്ടം  നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം എനിക്ക് പിടി കിട്ടിയില്ല.  നിങ്ങളെന്താ എന്നെ കളിയാക്കാന്‍ വന്നതാണോ..????
എന്ത് പറ്റി സാര്‍. !!!!
"ഹലോ മിസ്റ്റര്‍,  റസിടന്‍സ് സര്‍ട്ടിഫിക്കറ്റു കിട്ടണമെങ്കില്‍ ഒരാള്‍ ആറുമാസത്തില്‍ കൂടുതല്‍ നാട്ടില്‍ ഉണ്ടായിരിക്കണം  എന്നാണു നിയമം. പോയി ആറു മാസം കഴിഞു വരൂ". 

സാ...ര്‍......ഞാന്‍ ടെമ്പോ കൂട്ടിയും സംഗതിയിട്ടുമൊക്കെ ഒടുക്കത്തെ വിളി വിളിച്ചു നോക്കി. ഞാന്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവനാണ് സാര്‍. ഈ പഞ്ചായത്തിലെ സ്കൂളില്‍ പഠിച്ചവനാണ് സാര്‍. റേഷന്‍ കാര്‍ഡില്‍ പേരുള്ളവനാണ് സാര്‍. ഈ നാട്ടില്‍ നിന്ന് തന്നെ കല്യാണം കഴിച്ചവനാണ് സാര്‍. തന്‍റെതല്ലാത്ത കുറ്റത്തിന് ഗള്‍ഫില്‍ പോകേണ്ടി വന്നവനാണ് സാര്‍.പലതും പറഞ്ഞു നോക്കി. പക്ഷെ സെക്രട്ടറി പുറത്തേക്കുള്ള വഴി അതാണെന്ന് കണ്ണുകള്‍ കൊണ്ടു ആംഗ്യം കാണിച്ചു.

തിരിച്ചു വീട്ടിലെത്തുമ്പോള്‍ പൂമുഖപ്പടിയില്‍ കാത്തു നിന്ന പൂന്തിങ്കളിനോട് ഞാന്‍ പറഞ്ഞു
കൊട് കൈ.   
ങ്ങും......എന്തിനാ ?. അവള്‍ക്കു സംശയം
നിന്‍റെ  ഒടുക്കത്തെ ലോകവിവരത്തെ ഒന്ന് അഭിനന്ദിക്കാനാ. എല്ലാ വകുപ്പുകളും നീ പറഞ്ഞു തന്നു. എന്നാല്‍ ഞാന്‍  ഗള്‍ഫുകാരനാണെന്ന കാര്യം അവിടെ മിണ്ടിപ്പോകരുതെന്നു  ഒന്ന് പറഞ്ഞു തന്നൂടായിരുന്നോ ബുദ്ധൂസേ.....
അങ്ങനെ പറഞ്ഞാല്‍ എന്താ കുഴപ്പം...?. ആ ചോദ്യം കൂടി കേട്ടപ്പോള്‍ ആരോടോക്കെയോയുള്ള ദേഷ്യത്തോടെ ഞാന്‍ അവളെ നോക്കി. അപ്പോള്‍  “പ്രിയപ്പെട്ടവര്‍ ആരോ വരുന്നെന്ന ഭാവത്തില്‍ ആ നിഷ്കളങ്ക മുഖത്തു  വിരിഞ്ഞ പുഞ്ചിരി എന്‍റെ ശ്രദ്ധയെ പിറകോട്ടു തിരിച്ചു. പിറകില്‍ അപ്പോള്‍ മഴ പെയിതു തുടങ്ങിയിരുന്നു.  
തകര്‍പ്പന്‍ പെരുമഴ  മണ്ണിനെയും മനസ്സിനെയും തണുപ്പിക്കാനായി  നില്ലോഭം  പെയിതിറങ്ങുകയായി. അതിന്‍റെ താളാത്മകമായ  സംഗീതത്തില്‍ ലയിച്ചു എത്ര നേരം ഇരുന്നെന്നു അറിഞ്ഞില്ല. കയ്യില്‍  ആവി പറക്കുന്ന കാപ്പിയുമായി അവള്‍ തിരിച്ചു വരുന്നതുവരെ പറഞ്ഞറിയിക്കാനാവാത്ത ഏതോ നിര്‍വൃതിയില്‍  അനുഭൂതിയുടെ ലോകത്തില്‍ ഞാന്‍ സ്വയം ഇല്ലാതാവുകയായിരുന്നു.

--------------------------------------------------------------------------------------------
സര്‍ക്കാര്‍  പ്രവാസികളുടെ വോട്ടവകാശത്തിനും തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിക്കാനുമൊക്കെയുള്ള  നിയമങ്ങള്‍ അല്‍പം  ലഘൂകരിച്ചു ഞങ്ങളോട് മാനുഷിക പരിഗണന  കാണിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു.

*

51 comments:

 1. ആദ്യ കമന്റു ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു ..നാട്ടില്‍ ആയതിനാലാണ് അല്ലെ അക്ബറിനെ കണ്ടതെ ഇല്ല :)

  ReplyDelete
 2. ഓരോരോ നശിച്ച നിയമങ്ങള്‍... അല്ലേ? മനുഷ്യര്‍ക്ക് ഉപകാരമാകും വിധം എന്തെങ്കിലും ചെയ്യാനോ പറ്റില്ല, ആവും വിധം കഷ്ടപ്പെടുത്തുകയും ചെയ്യും.

  എന്തായാലും അതു കാരണം മഴ മിസ്സായില്ലല്ലോ :)

  ReplyDelete
 3. ഇപ്രാവശ്യം നാട്ടില്‍ പോയപ്പോ എനിക്കും പറ്റി ഇത് പോലെ ..ആറു മാസം നാട്ടില്‍ നില്‍ക്കണമത്രേ..!!...പക്ഷെ ജീവിതത്തില്‍ ഇപ്പോഴും കാണണം എന്ന് കൊതിക്കുന്ന മഴ ഇത് വരെ കാണാന്‍ കഴിഞ്ഞിട്ടില്ല ....എത്ര മനോഹരമായിട്ടാ നിങ്ങള്‍ മഴയെ കുറിച്ച് എഴുതിയത് ....കിടിലന്‍ ഫോട്ടോസും ..മനസ്സില്‍ എവിടെയോ എന്തോ കൊളുത്തി വലിക്കുന്നു ....നിങ്ങളുടെ സ്ഥാനത് ഞാനായിരുന്നെങ്കില്‍ എന്ന് കൊതിയാവുന്നു ....!!!...ഇന്ഷാ അല്ലാഹ്...അടുത്ത പോക്ക് മഴക്കാലത്ത്‌ തന്നെ ...

  പിന്നെ മകളുടെയും താത്താന്റെയും ആക്കലുകള്‍ എനിക്കിഷ്ട്ടപ്പെട്ടു ..'നമ്മള്‍ ഇപ്പൊ ഊട്ടിയിലാ അല്ലെ ഉമ്മാ ' എന്നത് കലക്കി ...മകള് ആളു ഉപ്പയെക്കാള്‍ വലിയ പുലി ആകും.....!!!

  ReplyDelete
 4. നിയമവും അതിന്റെ നൂലാമാലയില്‍ അക്ബര്‍ ഭായ് പെട്ടതും ഒന്നും എനിക്ക് പ്രശ്നമല്ല. പക്ഷെ ഉമ്മറത്തിരുന്നു ചൂടുകാപ്പി ഊതികുടിച്ച്‌ ആ മഴയും കൊണ്ടങ്ങിനെ ഇരുന്നതുണ്ടല്ലോ .. അതിവിടെ വര്‍ണ്ണിച്ച് എന്നെ കൊതിപ്പിച്ച കുറ്റത്തിന് നിങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ടോ എന്ന് നോക്കാണ് ഞാന്‍.
  നന്നായി ട്ടോ. അവധിക്കാല വിശേഷങ്ങള്‍ ഇനിയും വരുമല്ലോ.

  ReplyDelete
 5. അക്ബര്‍ സാഹിബേ..
  പുതിയ പോസ്റ്റിടാത്തതിനു ഇങ്ങളെ കളിയാക്കി ഞാനൊരെണ്ണം ഇപ്പോ പോസ്റ്റിയതേയുള്ളൂ..

  പതിവ് അക്ന്ബര്‍ ശൈലിയില്‍ മനോഹരമായ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഗള്‍ഫ്കാരന്റെ
  ഒരു പ്രശ്നത്തെ വരച്ചിട്ടിരിക്കുന്നു...

  അനുഭൂതിദായകമായ മഴച്ചാര്‍ത്തും നര്‍മ്മ ഭാഷണവും അനുഭവവും മിക്സ് ചെയ്തെഴുതിയതില്‍
  നര്‍മ്മം കുടുകുടേ ചിരിപ്പിക്കുകയും മഴ വല്ലാതെ മോഹിപ്പിക്കുകയും ചെയ്തു എന്നു പറയട്ടേ!

  ReplyDelete
 6. നാട്ടിലുള്ള ഞങ്ങള്‍ക്ക്‌ 'തിരിച്ചടി'കാര്‍ഡ്‌ കിട്ടുന്നില്ല. പിന്നെയല്ലേ...

  ReplyDelete
 7. സത്യം പറയാമല്ലോ.. 'ഐ ആം കോന്‍ നഹി' എന്ന ഭാര്യുടെ ഹിന്ദി കേട്ടിട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ഇത് പോലെ മനസ്സറിഞ്ഞു ചിരിക്കണമെങ്കില്‍ ചാലിയാറില്‍ വരണം എന്നായിരിക്കുന്നു.

  ReplyDelete
 8. അപ്പോ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയില്ലേ സഖാവേ..?

  ReplyDelete
 9. >>സാ........ര്‍........ ഞാന്‍ ടെമ്പോ കൂട്ടിയും സംഗതിയിട്ടുമൊക്കെ ഒടുക്കത്തെ വിളി വിളിച്ചു നോക്കി.
  “ഞാന്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവനാണ് സാര്‍. ഈ പഞ്ചായത്തിലെ സ്കൂളില്‍ പഠിച്ചവനാണ് സാര്‍. തന്റേതല്ലാത്ത കുറ്റത്തിന് ഗള്‍ഫില്‍ പോകേണ്ടി വന്നവനാണ് സാര്‍.” പലതും പറഞ്ഞു നോക്കി. പക്ഷെ സെക്രട്ടറി “പുറത്തേക്കുള്ള വഴി അതാണെന്ന്” കണ്ണുകള്‍ കൊണ്ടു ആംഗ്യം കാണിച്ചു<<.

  ഇതിന് ഒരു നൂറ്റി ഒന്നേ മുക്കാല്‍ മാര്‍ക്ക്!

  ReplyDelete
 10. തിരിച്ചറിയല്‍ കാര്‍ഡോ..അത് കിട്ടണം എങ്കില്‍ ഇലക്ഷന്‍ സമയത്ത് നാട്ടില്‍ പോണം കേട്ടാ..എന്നാല്‍ ഇടതും ,വലതും ,നടുവും,,അവരോടു ഒന്ന് സൂചിപ്പിച്ചാല്‍ മതി..എനിക്കില്ലാ..അത് കൊണ്ട് ഒരു വോട്ടു പോയിന്നു...പിറ്റേന്ന് തന്നെ അവര്‍ കയ്യിത്തരും കേട്ടാ..ഹല്ലാ പിന്നേ...ആകെ കിട്ടിയ സമയം വെറുതെ ഈ സര്‍ക്കാര്‍ ആപ്പീസില്‍ ഇരിക്കാതെ വല്ല ടൂറിനും പോ മനുഷ്യ...

  ReplyDelete
 11. സര്‍ക്കാര്‍ പ്രവാസികളുടെ വോട്ടവകാശത്തിനും തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിക്കാനുമൊക്കെയുള്ള നിയമങ്ങള്‍ അല്‍പം ലഘൂകരിച്ചു ഞങ്ങളോട് മാനുഷിക പരിഗണന കാണിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു.


  വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും ......

  ReplyDelete
 12. @-രമേശ്‌അരൂര്‍
  ആദ്യ കമന്റിനു ആദ്യം നന്ദി.
  ---------------------------
  @-ശ്രീ
  അതെ ശ്രീ. പ്രായോഗിഗമായി ചിന്തിക്കാന്‍ പാകമായിട്ടില്ലാത്തവരുടെ നിയമ നിര്‍മ്മിതികള്‍ ഇന്നും അങ്ങിനെ തന്നെ തുടരുന്നു.
  ----------------------------
  @Sameer Thikkodi
  thanks
  ---------------------------
  @-faisu madeena
  നല്ല മഴക്കാലത്ത് നാട്ടില്‍ പോകൂ ഫൈസു. നാട്ടിലെ മഴയുടെ ഭംഗി ആസ്വദിക്കൂ.
  ---------------------------
  @-ചെറുവാടി
  മഴ കൊണ്ടതിനു കേസെടുക്കാന്‍ വകുപ്പില്ല കേട്ടോ. ഹ ഹ
  --------------------------
  @-നൗഷാദ് അകമ്പാടം
  നല്ല വാക്കുകള്‍ക്കു നന്ദി നൌഷാദ് ഭായി. ഈ പ്രോത്സാഹനത്തിനും
  --------------------------
  @-hafeez said..
  ഹഫീസ് അത് ചുമ്മാ പറഞ്ഞതല്ലേ. ഞാന്‍ വിശ്വസിക്കില്ല.

  ReplyDelete
 13. @-ബഷീര്‍ Vallikkunnu
  നിങ്ങള്ക്ക് ചിരി. എന്‍റെ വിഷമം എനിക്കേ അറിയൂ.
  -----------------------
  @-മുല്ല
  ഇല്ലല്ലോ മുറ്റത്തെ മുല്ലേ. പകരം നല്ല മഴ കിട്ടി.
  ------------------------
  @-MT Manaf
  എന്‍റെ ദയനീയത കണ്ടു മാര്‍ക്കിട്ടു ആസ്വദിക്കുകയാണ് അല്ലെ.
  --------------------------
  @-ആചാര്യന്‍
  ശരിയാ ഇംതിയാസ് അങ്ങിനെ വല്ല നല്ല കാര്യവും ചെയ്യാമായിരുന്നു.
  ---------------------------
  @അസീസ്‌
  ആ മോഹം മോഹമായി തന്നെ ഇരിക്കട്ടെ അല്ലെ അസീസ്‌ ഭായി .
  ---------------------------

  ReplyDelete
 14. സോറി..മനോഹരമായ ഈ മഴച്ചിത്രങ്ങള്‍ക്ക് നന്ദി പറയാന്‍ മറന്നു..
  ഒപ്പിയെടുത്തതിനും ഇവിടെ പകര്‍ത്തിയതിനും നന്ദി സാഹിബ് !.

  ReplyDelete
 15. കൊതിപ്പിക്കുന്ന വർണ്ണനയും ഫോട്ടോകളും. ഈ പാവം പ്രവാസികളോടു വേണോ ഈ ചതി? എല്ല്ലാവരും വെള്ളമിറക്കി വെള്ളമിറക്കി ഒരു പരുവമായിട്ടുണ്ടാവും.

  നല്ല പോസ്റ്റ്, അക്ബർ.

  ReplyDelete
 16. അക്ബര്‍ സാഹിബിനോട് ഞാന്‍ പറഞ്ഞില്ലെ അവധിക്ക് പോവുമ്പോള്‍ മഴക്കാലത്ത് പോവണം എന്ന് എന്നാല്‍ അരിമണി വറുത്തതും കട്ടന്‍ ചായയും കൂട്ടി കുടിച്ച് മഴ കണ്ടിരിക്കുകയും ചെയ്യാം .എന്ന് ... നാട്ടില്‍ പോവുമ്പോള്‍ കുറെ പോസ്റ്റിനുള്ള വകുപ്പുകള്‍ ഇങ്ങനെ ഉണ്ടാവും .. പക്ഷെ ഈ കാര്യം എനിക്ക് ഇനി പറ്റൂലാ കാരണം ഞാന്‍ തിരിച്ചറിയല്‍ കാര്‍ഡ് കഴിഞ്ഞ തവണ എടുത്തു വോട്ടും ചെയ്തു..

  ReplyDelete
 17. മഴയെ വര്‍ണിക്കാന്‍ ഉപയോഗിച്ച imageries ഏറെ മോഹിപ്പിക്കുന്നതാന്. ശരിക്കും അവിടെ നിന്ന് ഞാനും കണ്ടപോലെ. മഴയുടെ ഭ്രമാത്മക പ്രണയകാലത്ത് നിന്ന് സര്‍ക്കാരാപീസിന്‍റെ മനുഷ്യത്വഹീന നിയമ മുഖങ്ങളിലേക്കും തിരുച്ചു വീണ്ടും മഴയുടെ താരാട്ടിലേക്കുമുള്ള ഭാവപ്പകര്‍ച്ചകള്‍ കവിതപോലെ മനോഹരമായി.

  ചാലിയാറില്‍ ഓളങ്ങള്‍ നിലക്കുകില്ല എന്ന് ബോധ്യമായതിന്‍റെ നിര്‍വൃതിയോടെ.

  ReplyDelete
 18. അയ്യേ... ഭായ് നമ്മുടെ നാട്ടിൽ നിന്നും പോയ ആളല്ലേ....!
  ഇതൊക്കെ തിരിച്ചറിയണ്ടെ സമയം അതിക്രമിച്ചിരിക്കുന്നു..കേട്ടൊ

  ഏത് കാർഡും,സർട്ടിഫിക്കേറ്റും ആ പിന്നാമ്പുറവാതിലിൽ കൂടി പോയിരുന്നെങ്കിൽ ,വീട്ടിൽ കൊണ്ടുവന്നു തരുമായിരുന്നൂ‍....!

  ReplyDelete
 19. ഒരുപാട് അര്‍ഥതലങ്ങളുള്ള , അക്ബറിന്റെ മനോഹരമായ മറ്റൊരു രചനയാണിത്. പതിവുപോലെ ഒന്നിലധികം തവണ വായിച്ചു; ആസ്വദിച്ചു. വിദേശത്ത് വിദേശിയും, സ്വദേശത്ത് പരദേശിയുമായി അറിയപ്പെടുന്ന പ്രവാസി നേരിടുന്ന അസ്തിത്വ പ്രതിസന്ധിയെ കൃത്യമായി അദ്ദേഹം അടയാളപ്പെടുത്തിയിരിക്കുന്നു.

  സ്വന്തം നാട്ടില്‍ 'പ്രവാസി' അനുഭവിക്കുന്ന വിവേചനങ്ങള്‍ക്ക്, അനീതികള്‍ക്കു ഗള്‍ഫു കുടിയേറ്റത്തേക്കാള്‍ പഴക്കമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്പ് വൈലോപ്പിള്ളി, അന്ന് ആസ്സാമിലേക്ക് ജോലിതേടി പോകുന്ന മലയാളികളെക്കുറിച്ച് 'ആസാം പണിക്കാര്‍' എന്ന കവിത രചിച്ചിട്ടുണ്ട്. അതില്‍ ആ പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നേരിടേണ്ടിവന്ന പ്രയാസങ്ങളുടെ പേരില്‍ നാടിനെ ശപിക്കുന്ന പണിക്കാരുടെ സങ്കടം ആത്മനൊമ്പരമായി ഇങ്ങനെ രേഖപ്പെടുത്തി:

  "അറിയുമേ ഞങ്ങളറിയും നീതിയും
  നെറിയും കെട്ടൊരീപ്പിറന്ന
  നാടിനെ!
  അതിഥികള്ക്കെല്ലാമരലോകമീ
  കിതവി ഞങ്ങള്‍ക്കു നരക
  ദേശവും."
  ഐഡെന്‍ടിറ്റി കാര്‍ഡു ലഭിക്കുന്നതിനു നമ്മുടെ Identity തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം ഗുരുതരമാണെങ്കിലും ശാന്തനായി തിരിച്ചു വീട്ടിലെത്തി മഴനൂലില്‍ തന്റെ സ്വപ്‌നങ്ങള്‍ നെയ്തെടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുവാന്‍ ശ്രമിക്കുന്ന നായകന്‍, വിദേശവാസം നമ്മിലുണ്ടാക്കിയ അവകാശബോധത്തോടുള്ള നിസ്സംഗഭാവത്തെയും, പരമാവധി Adjustment ലൂടെ മുന്നോട്ടു പോകുക എന്ന സ്വഭാവവിശേഷണത്തെയും പ്രതീകവല്‍ക്കരിക്കുകയും, അടയാളപ്പെടുത്തുകയും ചെയ്യുന്നു.

  (Cont.)

  ReplyDelete
 20. വ്യക്തിപരമായി എന്നെ ഏറ്റവും സ്പര്‍ശിച്ച രണ്ടു സീനുകള്‍:

  1--"...തിരിച്ചു വീട്ടിലെത്തുമ്പോള്‍ പൂമുഖപ്പടിയില്‍ കാത്തു നിന്ന പൂന്തിങ്കളിനോട് ഞാന്‍ പറഞ്ഞു
  “കൊട് കൈ.” ങ്ങും......എന്തിനാ ?. അവള്‍ക്കു സംശയം. നിന്‍റെ ഒടുക്കത്തെ ലോക വിവരത്തെ ഒന്ന് അഭിനന്ദിക്കാനാ. എല്ലാ വകുപ്പുകളും നീ പറഞ്ഞു തന്നു. എന്നാല്‍ ഗള്‍ഫുകാരന്‍ ആണെന്ന കാര്യം അവിടെ മിണ്ടിപ്പോകരുതെന്നു ഒന്ന് പറഞ്ഞു തന്നൂടായിരുന്നോ ബുദ്ധൂസേ.....
  അങ്ങനെ പറഞ്ഞാല്‍ എന്താ കുഴപ്പം...?. "


  "അങ്ങനെ പറഞ്ഞാല്‍ എന്താ കുഴപ്പം...?. "

  ഗള്‍ഫുകാരന്റെ മൂല്യം പറ്റെ ഇടിഞ്ഞുപോയ, അവന്‍ ഒരു outdated coin ആയി മാറിക്കഴിഞ്ഞ ഒരു സാഹചര്യത്തില്‍ പക്ഷെ അതൊന്നും പരിഗണിക്കാതെ തന്റെ ഗള്‍ഫു മാരനില്‍ അഭിമാനം കാണുന്ന 'നല്ലപകുതി' യാണ് ഈ വാക്കുകളിലൂടെ ചിത്രീകരിക്കപ്പെടുന്നത്. 'ഗള്‍ഫുഭാര്യമാരെ'ക്കുറിച്ച് എഴുതപ്പെടുകയും, പറയപ്പെടുകയും ചെയ്യുന്ന പതിവ് കഥകള്‍ക്കൊരു അപവാദമാണ്, അക്ബര്‍ കഥയിലെ 'അവള്‍'.

  2- "അപ്പോള്‍ “പ്രിയപ്പെട്ടവര്‍ ആരോ വരുന്നെന്ന” ഭാവത്തില്‍ ആ നിഷ്കളങ്ക മുഖത്തു വിരിഞ്ഞ പുഞ്ചിരി എന്‍റെ ശ്രദ്ധയെ പിറകോട്ടു തിരിച്ചു. പിറകില്‍ അപ്പോള്‍ മഴ പെയിതു തുടങ്ങിയിരുന്നു." പ്രിയതമന്റെ പ്രിയപ്പെട്ട മഴയെ തന്റെയും പ്രിയപ്പെട്ടതായിക്കാണുന്ന സഹധര്‍മ്മിണി മരുഭൂമിയുടെ ഊഷരതയിലേക്ക് പെയ്തിറങ്ങുന്ന അതിമനോഹരമായൊരു വര്‍ഷസൌഭാഗ്യമാണ്.

  ഹൃദ്യമധുരമായ കൃതികള്‍ വായിക്കുവാനാകുന്നത് തുല്യതയില്ലാത്തൊരു വായനാഭാഗ്യമാണ്.

  ഒരുപാട് നന്ദി അക്ബര്‍ സാബ്. ഹൃദ്യമായ ആശംസകള്‍

  ReplyDelete
 21. പഞ്ചായത്ത് ഓഫീസില്‍ എല്ലാവര്‍ക്കും ഇത് തന്നെയാ അനുഭവം.
  ഗള്‍ഫുകാരനാകുക എന്ന് പറഞ്ഞാല്‍ എന്തോ വലിയ അപരാധം ചെയ്ത പോലെയാണ് ചിലരുടെ നോട്ടവും,സംസാരവും.
  നേര്‍ വഴി നോക്കുന്നവന് ദുരിത പാതയും,വളഞ്ഞ വഴിക്കാരന് പൂവിരിച്ച പാതയുമാണ് കണ്ടുവരുന്നത്.

  ReplyDelete
 22. ##സര്‍ക്കാര്‍ പ്രവാസികളുടെ വോട്ടവകാശത്തിനും തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിക്കാനുമൊക്കെയുള്ള നിയമങ്ങള്‍ അല്‍പം ലഘൂകരിച്ചു ഞങ്ങളോട് മാനുഷിക പരിഗണന കാണിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു.##

  ഇപ്പോൾ തരും പൊക്കളയരുത്..കേട്ടോ:)

  "ഐ ആം കോന്‍ നഹി.“

  അവളുടെ ഏതു ഭാഷയും അനായാസേനെ കൈകാര്യ ചെയ്യാനുള്ള കഴിവു എന്നെ അത്ഭുതപ്പെടുത്തി.

  ഹി ഹി ഹി :)

  ReplyDelete
 23. അക്ബറിന്റെ പോസ്റ്റിനെ നൌഷാദ് കുനിയില്‍ തന്റെ കമന്റിലൂടെ ഏറെ ഉയരങ്ങളില്‍ എത്തിച്ചിരിക്കുന്നു. കമന്റുകളുടെ രാജകുമാരന്‍, നൌഷാദിന്റെ ഒരു ബ്ലോഗ്‌ വായിക്കാന്‍ എന്നാണാവോ ഒരു ഭാഗ്യമുണ്ടാവുക.

  ReplyDelete
 24. ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞതിന് ഞാന്‍ ഒരു അടിവര ചേര്‍ക്കുന്നു.

  ReplyDelete
 25. അക്ബര്‍ക്ക..മഴയെ കുറിച്ച് എത്ര പറഞ്ഞാലും തീരില്ല...
  അക്ബര്‍ക്കാടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസിലെ മഴക്കാല ഓര്‍മ്മകളുടെ
  മയില്‍പ്പീലിത്തുണ്ടുകള്‍ ഇളകിയാടുന്നു...
  നന്ദി...

  ReplyDelete
 26. മഴ എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല രൂപകമാണ്. മനുഷ്യ സ്വഭാവത്തോളം അടുത്തു നില്‍ക്കുന്ന ഒരു ബിംബം.ആ മഴയുടെ വശ്യതയ്ക്കും അപ്പുറം ഒരു വന്യതയുണ്ട്. അതിനെയും പറയാന്‍ നമുക്കാകണം.
  ഒരു പക്ഷെ, അതിന്‍റെ ഒരു ചെറിയ പതിപ്പായിരിക്കണം നമ്മുടെ വില്ലേജ് ആപ്പീസര്‍..!!

  നേരത്തെ, ഒരു മരണ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അനുഭവിച്ച പ്രയാസം... ഹോ, കഷ്ടം..!
  പിന്നീട് ഒരവസരത്തില്‍ അതിനെ വിശദമായി കുറിക്കാന്‍ ശ്രമിക്കാം.

  ReplyDelete
 27. ഞങ്ങള്‍ അക്ബറിനെ തിരിച്ചറിയുന്നു!

  കൊതിപ്പിക്കുന്ന മഴയും രചനാപാടവവും വായന ആ ആവിപറക്കുന്ന ചായപോലെ തന്നെ ഹൃദ്യമായി.

  നാട്ടില്‍ ചെന്നാല്‍ ബന്ധുജനങ്ങളെ സന്ദര്ഷിക്കുന്നപോലെ ബൂലോകത്തും ഒരു പതിവുണ്ട്!

  ReplyDelete
 28. @-നൗഷാദ് അകമ്പാടം- അങ്ങിനെ സംഭവിച്ചു പോയതാണ്. നന്ദി
  -----------------------
  @-മുകിൽ- നന്ദി മുകില്‍. ഈ നല്ല വാക്കുകള്‍ക്കു
  ----------------------
  @ഹംസ- അപ്പൊ അത് ഒപ്പിച്ചു അല്ലെ.
  ----------------------
  @-salam pottengal- നല്ല വാക്കുകള്‍ക്കു, പ്രോല്‍സാഹത്തിനു എല്ലാം നന്ദി.
  ---------------------------
  @-മുരളീമുകുന്ദൻ ബിലാത്തിപട്ടണം- ഹ ഹ ഹ അറിയാഞ്ഞിട്ടല്ല. എങ്കിലും ഒരു ശ്രമം.
  -----------------------
  @-Noushad Kuniyil- എന്റെ ഈ ചെറിയ പോസ്റ്റിനെ ഇത്ര മനോഹരമായി വിലയിരുത്തിയതിനു ഒരു പാട് നന്ദി. ഏറെ ക്ഷമിക്കാനും സഹിക്കാനുമുള്ള മനസ്സാന്നിദ്ധ്യം നീണ്ട കാലത്തെ പ്രവാസം നമുക്ക് നേടിത്തരുന്നു.
  ----------------------------
  @-mayflowers- അതെ നമ്മള്‍ നാട് വിട്ടു. അത് ഒരു അപരാധം തന്നെയാണെന്ന് നമ്മള്‍
  തിരിച്ചറിയുന്നതു ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ്.
  -----------------------
  @-ഭായി- ഭായി, സന്തോഷം ഇവിടെ വന്നതില്‍.
  --------------------------
  @-ബഷീര്‍ Vallikkunnu & salam- അതെ. നിങ്ങള്‍ പറഞ്ഞ പോലെ നൌഷാദിന്റെ ബ്ലോഗിനായി ഞാനും കാത്തിരിക്കുന്നു.
  ------------------------------
  @-റിയാസ് (മിഴിനീര്‍ത്തുള്ളി)- അതെ റിയാസ്
  പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണത്. അത് കൊണ്ടാവാം മഴ നമുക്ക് ഏറെ പ്രിയപ്പെട്ടതാകുന്നത്..
  ----------------------------
  @-നാമൂസ്- അതെ സര്‍ക്കാര്‍ കാര്യം മുറ പോലെ. പിന്നെ അല്‍പം വളഞ്ഞു പോകണം. എന്നാല്‍ എന്തും പെട്ടെന്ന് സാധിക്കും. അത് വശമില്ലാത്തവര്‍ ഇങ്ങിനെ തിരിച്ചു പോരേണ്ടി വരുന്നു.
  -----------------------------
  @-തെച്ചിക്കോടന്‍- ഈ നല്ല വാക്കുകള്‍ക്കും സ്നേഹത്തിനും നന്ദി. ശരിയാണ് ബൂലോകത്തും ഇനി ഒന്ന് ചുറ്റി നടക്കട്ടെ.

  ReplyDelete
 29. നൗഷാദ് കുനിയില്‍ ഇനിയും ബ്ലോഗ് തുടങ്ങിയില്ലെങ്കില്‍ ഞാന്‍ കൊട്ടേഷന്‍ ടീമിനെ ഇറക്കും അല്ലെങ്കില്‍ എന്റെ ബ്ലോഗ്ഗില്‍ കാര്‍ട്ടൂണ്‍ വരക്കും ഇത് ഞാന്‍ പുള്ളിയോട് തന്നെ നേരിട്ട് പറഞ്ഞതാണു. ..രണ്ടായാലും ദോഷമാണെന്നറിയാമല്ലോ നൗഷാദിനു..?
  അതിനാല്‍ ഉടന്‍ ബ്ലോഗ്ഗ് തുടങ്ങുക..

  ReplyDelete
 30. ഹലോ എച്ചൂസ് മീ ആരാ??
  ഐഡന്റിറ്റി കാണിച്ചിട്ട് ബ്ലോഗ്‌ എഴുത്ത് തുടങ്ങിയാല്‍ മതി.
  ചോയിക്കാനും പറയാനും ആരുമില്ലേ?

  വന്നല്ലോ വന്നല്ലോ ഹായ്!!
  അവധി കഴിഞ്ഞു നാട്ടില്‍ നിന്നും വന്നിട്ട പോസ്ടില്ലേ എന്ന് ചോദിക്കാന്‍ നിക്കുവായിരുന്നു.
  സുഖം അല്ലെ അക്ബര്‍ ഇക്കാ? എങ്ങനെ ഉണ്ടായിരുന്നു? മഴ നനഞ്ഞ ഓര്‍മ്മകള്‍ കുറെ കിട്ടി. അല്ലെ?
  നല്ല രസമുള്ള പോസ്റ്റ്‌. ദേ ആ വഷളനെ പോലെ മടിപിടിചിരിക്കാതെ ഓരോന്ന് പോരട്ടെ.
  അപ്പൊ കാണാം

  ReplyDelete
 31. അക്ബറ് ബായിടെ എഴുത്ത് വായിച്ചപ്പോ ഓർത്തു, ഞാനു നാട്ടിൽ പോയിരുന്നു…. മഴകൊണ്ട് നടന്നിരുന്നു… ഐഡന്റിറ്റി കാർഡിന് വേണ്ടി പോയി, അപേക്ഷ സ്വീകരിക്കുന്ന സമയമല്ലാന്ന് പറഞ്ഞ് തിരിച്ചയച്ചതുമെല്ലാം…പക്ഷെ ഞമ്മക്ക് ഇത്പോലെ മനുഷ്യന്റെ കരളിൽ കേറിയിരിക്ക്ണ എഴ്ത്തെഴുതാനറിയാത്തോണ്ട്., ഇതിനെ ഒരു ഓർമ്മ കുറിപ്പായി ഞാൻ സൂക്ഷിക്കട്ടെ…

  കുനിയിലിന്റെ നിരൂപണം വളരെ ഇഷ്ടപെട്ടു.

  ReplyDelete
 32. തിരിച്ചറിയല്‍ കാര്‍ഡ് APL&BPLകാര്‍കുള്ളതാണ് അതിലും താഴെയാണ് നമുക്കുള്ള കാര്‍ഡ് അതാണ് പ്രവാസി കാര്‍ഡ്, അതിന്റെ ഓഫീസ് മല്പ്പുര്രതോ മറ്റോ അണ്ണ്‍. നമ്മള്‍ വാഴക്കട്ടുകാര്‍ക്ക് വല്ല അമളിയും പറ്റിയാല്‍ ഇങ്ങനെ എഴുതിവിടമോ ?
  മഴ കണ്ടങ്ങിനെ മടിപിടിച്ചു ഇരിക്കുന്ന എന്നെ കണ്ടു ഉമ്മ ചോതിക്കാറുണ്ട് നിനകൊക്കെ എങ്ങിനയാണ്‌ അവിടെയുള്ളവര്‍ ശംബളം തരുന്നതെന്ന് .
  റിയാല്‍ വാലില്‍ ചുറ്റി അതിനു തീ കൊടുത്തിട്ടാണല്ലോ നമ്മെ ഇവിടേ ഓടിക്കുന്നത്

  ReplyDelete
 33. "മഴ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ"
  മഴ “ചാലിയാറിനെ”യും രക്ഷിക്കട്ടെ..

  ReplyDelete
 34. അയ്യോ ഈ പോസ്റ്റ്‌ വായിച്ചു ഞാന്‍ പേടിച്ചുപോയി കാരണം
  എനിക്കും ഇല്ല ഈ തിരിച്ചറിയല്‍ കാര്‍ഡ്‌ ,
  ഇനിയിപ്പോ എന്‍റെ സഹധര്‍മണനെ വിട്ട് ആറുമാസം അവിടെ നില്‍ക്കേണ്ടി വരുമോ....?
  പിന്നെ ആകെ യുള്ള സന്തോഷം മഴയില്‍ ഞാനങ്ങ് ലയിച്ചു പോയി
  ശരിക്കും നല്ല പോസ്റ്റ്‌

  ReplyDelete
 35. വായിച്ച എല്ലാവര്ക്കും ഒരു മഴനൂല്‍കനവിനുള്ള ഭാഗ്യം നേടികൊടുത്ത അക്ബര്‍ക്കാക്ക് നന്ദി പറഞ്ഞാല്‍ മതിയാവില്ല.അത്ര ഹൃദ്യമായ പോസ്റ്റ്.എന്‍റെ ബ്ലോഗില്‍ വന്നു ആ കമെന്റ് എഴുതിയതില്‍ പെരുത്ത് സന്തോഷം.അക്ബര്‍ക്കാനെ പോലുള്ള എഴുത്തുകാര്‍ നല്‍കുന്ന പ്രചോദനം വളരെ വിലപ്പെട്ടതാണ്‌.നന്ദി.

  ReplyDelete
 36. നൗഷാദ് അകമ്പാടം - കൊട്ടേഷന്‍ ടീമിനെ ഇറക്കല്ലേ. ഞാന്‍ ഒന്ന് സംസാരിച്ചു നോക്കട്ടെ. ആ വായാനാ വിരുന്നിനായി ഞാനും കാത്തിരിക്കുന്നു.
  -------------------------
  ഹാപ്പി ബാച്ചിലേഴ്സ് - ങേ..ഹാപ്പീസ് കാടും മലയും ഇറങ്ങി വന്നു അല്ലെ ?. നിങ്ങളെ കണ്ടാല്‍ ഞാന്‍ ഹാപ്പി. ശരിക്കും ഹാപ്പി
  ----------------------
  മൈപ് - dear mayp താങ്കളുടെ നല്ല വാക്കുകള്‍ ഞാന്‍ മനസ്സില്‍ കുറിച്ചിടുന്നു. ഒരു നല്ല സൌഹൃദത്തിന്റെ ഓര്‍മ്മക്കുറിപ്പായി.
  -----------------------
  Hameed Vazhakkad - അതെ ഹമീദ്. നമ്മളെ യാന്ത്രികമായി ചലിപ്പിക്കുന്നത് ഈ റിയാലുകള്‍ തന്നെയാണ്. വായനക്ക് നന്ദി.
  --------------------------
  Kalavallabhan - വളരെ നന്ദി. കവിയുടെ കവിത്വമുള്ള നല്ല വാക്കുകള്‍ക്കു . .
  -------------------------
  സാബിബാവ -മഴയില്‍ ലയിച്ചു പോയോ. എങ്കില്‍ ഞാന്‍ സന്തുഷ്ടനാണ്. കഥകളുടെ സുല്‍ത്താനയുടെ ഈ വാക്കുകള്‍ എനിക്കുള്ള പ്രോത്സാഹനമാണ്.
  -------------------------
  jazmikkutty - നല്ല വാക്കുകള്‍ക്കു നന്ദി. ജാസ്മിക്കുട്ടിയുടെ "ബി കെയര്‍ ഫുള്‍" നന്നായിരുന്നു. ഒരു സാമൂഹിക മൂല്യച്ച്യുതിയെ കഥയുടെ ഫോര്മാറ്റിലൂടെ വിമര്‍ശിച്ചത് ഇഷ്ടമായി.

  ReplyDelete
 37. സര്‍ക്കാര്‍ കാര്യം മുറ പോലെ, ഒന്ന് കിബളം കൊടുത്തിരുന്നെന്ക്കില്‍ ചിലപ്പോള്‍ സെക്രട്ടറി നിങ്ങളെ പൂവിട്ടു പൂജിക്കുമായിരുന്നു...പിന്നെ ഒരു വാചകം ഞാന്‍ ഇവിടെ കൊടുക്കട്ടെ...അതിന്റെ ഒരു ഭംഗി,

  " ചന്നം പിന്നം തുടങ്ങി കാറ്റിന്റെ അകമ്പടിയോടെ തുള്ളിക്കൊരു കുടമായി ശക്തിയോടെ വീണുടഞ്ഞു നൃത്തം വെക്കുന്നതും ഇറയിലൂടെ ഊര്‍ന്നിറങ്ങുന്ന മഴനൂലുകളുടെ വെള്ള വിരിക്കിടയിലൂടെ താളക്കൊഴുപ്പില്‍ ശീല്‍ക്കാരത്തോടെ തകര്‍പ്പന്‍ പെരുമഴയായി രൂപാന്തരപ്പെടുന്നതും പെടുന്നനെ രൂപപ്പെടുന്ന മുറ്റത്തെ കൊച്ചരുവികളുടെ നീരൊഴുക്കും മഴയുടെ സംഗീതത്തില്‍ ലയിച്ചു കാറ്റില്‍ പുഴക്കക്കരെ കുന്നില്‍ ചെരുവില്‍ ഉറക്കെ തലയാട്ടുന്ന തെങ്ങിന്‍ തലപ്പുകലുമൊക്കെ നോക്കിയിരുന്നും അവാജ്യമായ ഒരനുഭൂതിയില്‍ സ്വയം ലയിച്ചിരിക്കുക. അതിന്റെ സുഖം പറഞ്ഞാല്‍ തീരില്ല."
  ആശംസകള്‍..

  ReplyDelete
 38. അക്ബര്‍ക്ക,
  ആദ്യ കമന്റില്‍ ആദ്യ ഭാഗം മഴയില്‍ പോയതാ, COPY ചെയാന്‍ വിട്ടു പോയി.
  മഴയെക്കാള്‍ കൊതിപ്പിക്കുന്ന എഴുത്ത്, എന്തിനാ നാട്ടില്‍ ടൂര്‍, മഴ കണ്ടിരിക്കാന്നുള്ളത് വല്ലാത്തൊരു അനുഭവമാണ്.

  ReplyDelete
 39. ഈ പോസ്റ്റ് എഴുതിയത് അക്‌ബര്‍ തന്നെയാണ്‌ എന്ന് എന്താ ഉറപ്പ്? തിരിച്ചറിയല്‍ കാര്‍‌ഡ് ഇല്ലാതെ ഞാന്‍ വിശ്വസിക്കില്ല്യ. അതുകൊണ്ട് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നോട്ടറി പബ്ലിക്ക്‌ അറ്റസ്‌റ്റ് ചെയ്ത് ഇവിടെ പബ്ലിഷ് ചെയ്താല്‍ ഞാന്‍ വന്ന് കമന്റ് ഇടാം. ഹി..ഹി.ഹി

  എന്റെ മിന്നുസിനേയും സനമോളേയും എങ്ങോട്ടും കൊണ്ടുപോകാതെ പറ്റിച്ചു അല്ലേ? ഞാനും പ്രതിഷേധിക്കുന്നു. ശക്തമായി.

  ReplyDelete
 40. elayoden- ഇവിടേയ്ക്ക് സാഗതം. വായനക്കും അഭിപ്രായത്തിനും നന്ദി.
  ---------------------------
  Vayady -അതെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ആരെയും വിശ്വസിക്കരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നേരെ ചൊവ്വേ ആവശ്യപ്പെട്ടാല്‍ അത് തരുമോ ? അതും ഇല്ല. തല തിരിഞ്ഞ നയം.

  ReplyDelete
 41. മഴ കണ്ടിരിക്കാനുള്ള സുഖം അതൊന്നു വേറെ..

  ReplyDelete
 42. രണ്ടു മാസം മുമ്പ് ഞാനും നാട്ടിലുണ്ടായിരുന്നു. മഴ എന്നെയും 'ഇരുത്തിച്ചു'. പക്ഷെ, ഞാന്‍ അക്ബര്‍ ഭായിയെ പോലെയല്ല. പഞ്ചായത്ത് ഇലക്ഷനില്‍ വോട്ടു ചെയ്ത മഷിയടയാളം നഖത്തുമ്പില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് മുറിച്ചു മാറ്റിയത്. :)

  ReplyDelete
 43. എന്നിട്ട് തിരിച്ചറിഞ്ഞോ?

  ReplyDelete
 44. ഒരു സംശയം... തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ നാട്ടില്‍ കറങ്ങുന്ന നിങ്ങളെ വീട്ടുകാര്‍ എങ്ങനെ തിരിച്ചറിഞ്ഞൂ?
  ഞാന്‍ പോലും എന്നെ തിരിച്ചറിയുന്നത് ഈ കാര്‍ഡ് നോക്കി ആണ്.

  ReplyDelete
 45. moideen angadimugar -തീര്‍ച്ചയായും മഴ മനസ്സ് തണുപ്പിക്കുന്നു. വായനക്ക് നന്ദി.
  ---------------------
  ശ്രദ്ധേയന്‍ | shradheyan -ആഹ അപ്പൊ നാട്ടില്‍ പോയി മഴയും ആസ്വദിച്ചു, വോട്ടും ചെയ്തു അല്ലെ. ഇവിടെ വന്നതില്‍ വളരെ സന്തോഷം
  ------------------------
  Gopakumar V S (ഗോപന്‍ ) -അതെ പലതും ഇപ്പോള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. നന്ദി
  ---------------------------
  Wash'llen ĴK | വഷളന്‍'ജേക്കെ -ശരിയാ ജെക്കെ. നാട്ടില്‍ പലരും ഇപ്പൊ എന്നെ തിരിച്ചറിയുന്നില്ല. ഈ വരവിനു നന്ദി

  ReplyDelete
 46. Ivide ee vishayathinappuram enne akarshichathu athinde sundaramaya paschathalamaanu.... mazhachithrangal valare nannayittundu.Nattile niyamangal karshanamayalentha sundaramoru mazha kandu kannum manassum kulirthille....oru nalla post-nu koodi nandi...oppam ashamsakalum.

  ReplyDelete
 47. @-അമ്പിളി.

  വായനക്കും വിശദമായ അഭിപ്രായത്തിന് നന്ദി.

  ReplyDelete
 48. പലവുരു വായിച്ചു ..വീണ്ടും വീണ്ടും വായിക്കാനാണ് തോന്നിയത് ..വല്ലാത്തൊരു ആകര്‍ഷണം ഉണ്ട് എഴുതിന്നു .. ഗ്രഹാതുരത്വം വല്ലാതെ അലട്ടികൊണ്ടിരിക്കുന്ന എന്റ്റെ മനസ്സിന്റ്റെ വേദന കൊണ്ടാണോ എന്ന് എനിക്ക് സംശയം ഉണ്ട് ...മഴയും ,പുഴയും,അലസമായ വൈകുന്നേരങ്ങളിലെ നേരം പോക്കുകള്‍ ...എല്ലാം ....എല്ലാം ...തിരിച്ചു വന്നപോലെ ....അക്ബര്കാ ആശംസകള്‍ ...പ്രാര്‍ത്ഥനയില്‍ എന്നും കൂടെ ഉണ്ടാകും

  ReplyDelete
 49. @സൊണറ്റ്

  വായനക്കും ഈ പ്രോത്സാഹനത്തിനും പ്രാര്‍ഥനക്കും നന്ദി.

  ReplyDelete
 50. നേരത്തെ വായിച്ചതാണ്. വീണ്ടും വായിച്ചു..എല്ലാവരുടെയും അനുഭവങ്ങള്‍ ഒരു പോലേ യാണെന്ന് ഒരു തിരിച്ചറിവ്

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..