Thursday, October 28, 2010

എന്‍റെ കവിതാ മോഷണം.

                                                                      
കമ്മ്യുണിക്കേഷന്‍  രംഗത്ത് ഉണ്ടായ വിപ്ലവകരമായ  മാറ്റം ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത്‌ പ്രവാസികള്‍ക്കാണെന്നു  തോന്നുന്നു.  പണ്ട്  8 റിയാലിനു നാട്ടിലേക്ക് വിളിച്ചിരുന്നവര്‍ ഇപ്പോള്‍  80 ഹലാലക്ക് (80 പൈസക്ക്)  നാട്ടിലേക്ക് മൊബൈല്‍ ഫോണില്‍‍ നിന്നും  വിളിക്കുന്നു.   അതുപോലെ  വോയ്പ്-കോള്‍ വഴി നെറ്റില്‍നിന്നും  8 പൈസക്കും  വിളിക്കുന്നു.  മാസത്തില്‍ മൂന്നോ നാലോ തവണമാത്രം വിളിച്ചിരുന്നവര്‍ ഇപ്പോള്‍ ദിവസവും മണിക്കൂറുകളോളം വിളിച്ചു വീട്ടിലെ അടുക്കളയിലെ ചട്ടിയില്‍ പൊരിയുന്ന മീനിന്‍റെ രുചി പോലും  വിശദമായി അറിയുന്നു. ഈയുള്ളവനും ഏറെനേരം വീട്ടുകാരെ ഇങ്ങിനെ  കത്തിവെക്കുന്നു, പണം പോകുന്ന നെഞ്ചിടിപ്പില്ലാതെ ഏറെനേരം സംസാരിക്കാം എന്നതാണ് ഇതിന്റെ ഒരു ഗുട്ടന്‍സ്.

ഇന്നലെ ഞാന്‍ വിളിച്ചപ്പോള്‍ ഏഴാം ക്ലാസുകാരി മിന്നൂസ് പറഞ്ഞു 

>>> ഇപ്പാ സ്കൂളില്‍ കലാപരിപാടിയുണ്ട്. ഞാന്‍ കവിതാ പരായണത്തിനു പേര് കൊടുത്തിട്ടുണ്ട്. 
>>> ഓഹോ നല്ല കാര്യം പക്ഷെ നീ എന്ത് കവിതയാ ചൊല്ലുക മിന്നൂസേ 
>>> അതല്ലേ ഇപ്പയോടു ചോദിക്കുന്നത്. ഇപ്പ ആരുടെയെങ്കിലും ഒരു നല്ല കവിത പറഞ്ഞു തരീ...
>>>എന്റെ മിന്നൂസേ ചോക്കുമലയില്‍ ഇരിക്കുന്നവന്‍ ചോക്കുതിരഞ്ഞു പോയപോലെയായി നിന്‍റെ ഈ ചോദ്യം. മഹാകവിയായ നിന്‍റെ ഈ പിതാവ് എഴുതിയ ഏതെങ്കിലും ഒരു കവിത ചൊല്ലിയാല്‍ പോരെ മകളേ...
>>> ഇപ്പാ........... !!!!!!!!!!!!!!!!!!!!!!!!!!!!!
>>> എന്തേയ്‌........... ?
>>>അതേയ് എനിക്ക് ഇത് സ്കൂളില്‍ സ്റ്റേജില്‍ ആളുകളുടെ മുമ്പില്‍ പോയി ചൊല്ലാനുള്ളതാണ്. എനിക്ക് സ്കൂളില്‍ കുറച്ചു നിലയും വിലയുമൊക്കെ ഉണ്ട്.
>>>വായാടി മിന്നൂസേ. എന്നോട് കളിച്ചാല്‍ നിന്നെ ഞാന്‍ TC വാങ്ങി വാദി-റഹ്മയില്‍ ചേര്‍ക്കും.

വാദി-റഹ്മ അവളുടെ ഉമ്മച്ചിയുടെ തറവാടിനു അടുത്തുള്ള സാമാന്യം നല്ല സ്കൂള്‍ ആണ്. പക്ഷെ അവള്‍ക്കു മോളൂസിനെ ഒരു ദിവസം കാണാതിരുന്നു കൂടാ. അതുകൊണ്ടുതന്നെ വാദി-റഹ്മ എന്ന് കേള്‍ക്കു ന്നതു മിന്നൂസിന് അലര്‍ജിയാണ്.  പണ്ട് അഞ്ചാം ക്ലാസില്‍ അവളെ വാദി-റഹ്മയില്‍ ചേര്‍ക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്നവള്‍ കരഞ്ഞും  കാലുപിടിച്ചും  ഒടുവില്‍ എന്‍റെ ഉപ്പയുടെ അടുത്തുപോയി അഭയം തേടിയതാണ്. അങ്ങിനെ  ഹൈ-കോര്‍ട്ടില്‍നിന്നും അനുവദിച്ചുകിട്ടിയ ജാമ്യത്തിലാണ് ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ തുടരുന്നത്. 

>>> ഇപ്പാ......ഇങ്ങള് കവിത പറഞ്ഞു തരുന്നുണ്ടോ ഇല്ലേ...??
>>>ശരി ആരുടെ കവിതയാണ് വേണ്ടത്..
>>>ആരുടെ ആയാലും എനിക്ക് ചൊല്ലാന്‍ പറ്റുന്ന കവിത ആയാല്‍ മതി.
>>> ഹും..എന്നാല്‍ എഴുതിക്കോളൂ.  പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ..............
>>> അയ്യേ അത് വേണ്ട ഇപ്പാ. അതില്‍ മക്കള്‍ കൂടുതലാണ്.
>>> ശരി എന്നാല്‍ മക്കളെ കുറയ്ക്കാം. ഒന്‍പതു പേരവര്‍ കല്‍പണിക്കാര്‍..ഒരമ്മ പെറ്റവര്‍  ആയിരുന്നു....
>>>അയ്യേ അതും വേണ്ടാ. അതിലുമുണ്ട്  ഒന്‍പതു മക്കള്‍. റിജക്ടഡ്
>>>ഓഹോ എന്നാല്‍ വീണ്ടും  കുറയ്ക്കാം. കുഞ്ചിയമ്മക്ക്  അഞ്ചു മക്കളാണേ.
>>>ഇപ്പാ.....!!!!!!!!!!!!!!!
    >>> ഇനി കുറയ്ക്കുന്ന പ്രശ്നമില്ല മിന്നൂസേ .  നിനക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും 
>>>അതല്ല ഇപ്പാ... ആ കവിതയൊക്കെ എല്ലാവരും കേട്ടതാണ്. പുതിയ ഒരു കവിത പറഞ്ഞു തരൂ.......
>>>ഓഹോ അപ്പൊ അതാണ്‌ പ്രോബ്ലം...

ഇനി എന്ത് ചെയ്യും. ഒരു കവിത കൊടുത്തെ പറ്റൂ. ചിന്ത കാടുകയറിയപ്പോഴാണ് ഞാന്‍  എന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത് എന്നോര്‍ത്തത്തു. ചോക്കുമലയില്‍ ഇരുന്നു ചോക്കു തിയുന്നവന്‍ ശരിക്കും ഞാനല്ലേ. ബൂലോകത്ത് എത്രയോ കവികളും കവിയത്രികളും  ഉണ്ട്. അതില്‍ ഒരു കവിത തിരഞ്ഞു പിടിക്കാനാണോ പ്രയാസം. അങ്ങിനെ എന്റെ മനസ്സിലേക്ക് ഓടിവന്ന  ഒരു കവിതയാണ് ഇത്. ഞാനതു മിന്നൂസിന് വായിച്ചു കൊടുത്തു. അവളും അറിയട്ടെ ലോകത്ത് പട്ടിണി കിടക്കുന്നവരും തല ചായ്ക്കാന്‍ ഇടമില്ലാത്തവരും ഉണ്ടെന്നു. മനുഷ്യത്വവും സഹജീവി സ്നേഹവും അവളിലും ഉണ്ടാവട്ടെ. 
 അങ്ങിനെ ഞാന്‍ ആദ്യമായി ഒരു കവിത മോഷ്ടിച്ചു. "മുകില്‍" എന്ന ബ്ലോഗറുടെ   കാലമാപിനി ബ്ലോഗില്‍  നിന്നും എടുത്ത  ഒറീസ്സയിൽ ഒരുണ്ണി   എന്ന  ആ കവിത ഇതാ ഇവിടെ.


"അച്ഛന്‍  മരിക്കാന്‍  കിടക്കുന്നു
അന്നം കണ്ടിട്ടിതേഴാംദിനം
അച്ഛന്‍ മരിച്ചു, കണ്ണോക്കു വന്നു
നിറഞ്ഞുണ്ടു ദിനങ്ങള്‍ നീണ്ടു

വിശപ്പു നീരാളി ചുറ്റിക്കറങ്ങി
വയറൊട്ടി മുത്തശ്ശി വീണു പിന്നെ
ഉണ്ണി കാതോർത്തുകാത്തു നിന്നു
കണ്ണോക്കു വന്നു, ഒരുനേരമുണ്ടു.

വയറൊട്ടിത്തേങ്ങി കുഞ്ഞുവാവ
നിമിഷങ്ങളെണ്ണിത്തലകുനിച്ച്
ഉണ്ണി പരുങ്ങിപ്പതറി നിന്നു
വാവയുമിനി മരിക്കുമോ അമ്മേ?

ഉണ്ണി വേവുന്നു വാവയെയോര്‍ത്തു
അമ്മയ്ക്കുള്ളു കിടുങ്ങി വിയര്‍ത്തു..
വാവയെപ്പോള്‍ .. മരിക്കുമമ്മേ?..
രണ്ടാം ചോദ്യവും നേര്‍ത്തു നിന്നു.

ഉണ്ണീ നീ പേടിച്ചിടല്ലേ മോനേ
വാവക്കൊന്നും വരില്ല കുഞ്ഞേ
ആവതില്ലാസ്വരം വിങ്ങിപ്പഴുത്തു
നിന്നിടത്തുനിന്നു തല കറങ്ങി..

ഉണ്ണി പറഞ്ഞു… പൊട്ടിത്തകര്‍ന്നു …..
“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..”

പക്ഷേ  രചയിതാവിന്റെ സമ്മതം ഇല്ലാതെ ഈ കവിത മോഷ്ടിച്ചതിന് ഇനി എന്തൊക്കെ  പുകിലാണാവോ ഉണ്ടാകാന്‍ പോകുന്നത്. ഞാന്‍  കാലമാപിനിയില്‍   പോയി ഒരു സോറി പറഞ്ഞിട്ടു വരാം. വില്‍ബി ബാക്ക്.   സ്റ്റേ ട്യുണ്‍ട്
.
.
.

47 comments:

 1. കവി എന്ത് പറഞ്ഞു?
  സ്വന്തം ഉത്തരാധുനിക കവിതകളെ എന്തിനു അവഗണിച്ചു, അതാവുമ്പോള്‍ ജഡ്ജെസ്‌ കണ്ഫ്യൂസ് ആകും അങ്ങിനെ മോള്‍ക്ക്‌ ഒന്നാം സമ്മാനം തന്നെ കിട്ടുമായിരുന്നു! :)

  മോള്‍ക്ക്‌ വിജയാശംസകള്‍.

  ReplyDelete
 2. അക്ബരിതെന്തിനുള്ള പുറപ്പാടാ..മോഷനോം തൊടങ്ങില്ലേ... തേങ്ങ കട്ടു, അടക്ക കട്ടു, ഗള്‍ഫിലെത്തി, ഇപ്പൊ കവിതാ മോഷണവും തുടങ്ങി..ഞാന്‍ കൂട്ടുകെട്ട് അവസാനിപ്പിച്ചാലോ എന്ന ആലോചനയിലാ..എനി ഹൌ, ലെമ്മി സീ ദി കവീസ് സ്റ്റാന്റ് ട്ടൊ ടേക്ക് എ ഡിസിഷന്‍..!

  മകള്‍ക്ക് വിലയും നിലയും ഉള്ളത് കൊണ്ട് ഉപ്പാച്ചി കവിത വേണ്ടാന്ന് പറഞ്ഞു..അവള്‍ക്കു ബുദ്ധിയുണ്ട്..
  മ്യാവൂ: സാധനം അടിപൊളിയായി..പൊന്നൂസിന്റെ അതെ സ്വഭാവമുള്ള എന്റെ മോളിക്ക് നല്ല ഇഷ്ട്ടമാവും...
  സ്വകാര്യം (ചെവിയില്‍): അവള്‍ വള്ളിക്കുന്നിന്റെ ബ്ലോഗാ വായിക്കുന്നത് , എന്റെ ബ്ലോഗ്‌ വയിക്കുന്നില്ലാ..അയാളറിയണ്ട , പൊങ്ങി പോവും..)

  ReplyDelete
 3. എന്നിട്ട് മിന്നൂസ് ആ കവിത ചെല്ലിയോ?

  ReplyDelete
 4. കുട്ടികളൊന്നും ഇപ്പോള്‍ പണ്ടത്തെപോലെയല്ല. നല്ല വകതിരിവാ.
  അല്ലേല്‍ ചോദിക്കുന്നതിനു മുമ്പേ ഉപ്പാന്റെത് വേണ്ട എന്ന് പറയുമോ?
  അതോ മഹാകവിയെ തിരിച്ചറിയാതെ പോയോ? :)

  ReplyDelete
 5. അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത് ..
  അക്ബര്‍ ഇതെന്തിനുള്ള പുറപ്പാടാണ് ?

  ReplyDelete
 6. പഴറ്റിത്തെളിഞ്ഞ “മഹാ”കവിയായ അക്ബറിന്‍റെ മോള്‍ക്ക് സ്കൂളില്‍ ചൊല്ലാന്‍ ഒരു കവിതയൊക്കെ സ്വയം ഉണ്ടാക്കാന്‍ കഴിയും എന്നിരുന്നാലും ഉപ്പാടെ ഒരു കവിത ചൊല്ലാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചാതെണ്ണതില്‍ സംശയമില്ല....

  കൊച്ചുകുഞ്ഞാണെങ്കിലും മനുഷ്യരെ ദ്രോഹിച്ചാല്‍ അവര്‍ വെറുതെ വിടില്ല എന്ന അക്ബറിന്‍റെ മുന്‍കരുതല്‍ നന്നായി.... കാലമാപിനിയില്‍ നിന്നു തിരഞ്ഞെടുത്ത് കൊടുത്ത കവിത നല്ലത് തന്നെ..

  ആശ്വാസം .. മോള്‍ക്ക് ഒന്നാം സമ്മാനം തന്നെ ...

  ആശംസകള്‍ :)

  ReplyDelete
 7. മനുഷ്യരെ ദ്രോഹിച്ചാല്‍ അവര്‍ വെറുതെ വിടില്ല എന്ന അക്ബറിന്‍റെ മുന്‍കരുതല്‍ നന്നായി..

  എന്‍റെ മുകളിലെ അഭിപ്രായത്തില്‍ “അക്ബറിന്‍റെ മുന്‍കരുതല്‍“ എന്നത് മോളുടെ മുന്‍കരുതല്‍ എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ...

  എന്ന്
  സ്വന്തം കൂട്ടുകാരന്‍
  ഒപ്പ്.

  ReplyDelete
 8. വെറുമൊരു മോഷ്ടാവായ നിന്നെ ഞാൻ കള്ളനെന്നു വിളിക്കുന്നില്ല...കേട്ടൊ

  അപ്പോൾ കവിത മോഷ്ടിച്ചതോ..?

  അത് മകൾക്ക് സമ്മാനം കിട്ടാൻ വേണ്ടിയല്ലേ..

  അത് ബൂലോഗത്തെ നല്ല കവിതയായത് കൊണ്ടല്ലേ...

  ReplyDelete
 9. താങ്കളുടെ പോസ്റ്റുകളിലൂടെ മിന്നൂസ് ഇപ്പോള്‍ ഏറെ പ്രശസ്തയാണ്. താങ്കളുടെ പൂത്തിരി ചോദ്യങ്ങള്‍ക്ക് ഇടിവെട്ട് ഉത്തരങ്ങളാണ് അവള്‍ നല്‍കുന്നത്. ഞാനിപ്പോള്‍ അവളുടെ ഒരു ഫാന്‍ ആയിക്കഴിഞ്ഞു.
  ഇനി കവിതയിലേക്ക്. വല്ലാതെ അസ്വസ്ഥപ്പെടുത്തിയ ഒരു കവിതയാണത്. അക്ബര്‍ തന്നെയാണ് എനിക്കത് അയച്ചു തന്നത് എന്നാണു ഓര്മ. (അതോ എം ടി മനാഫോ) ആ കവിതയ്ക്ക് ഒരു വലിയ അംഗീകാരമാണ് അക്ബര്‍ നല്‍കിയിരിക്കുന്നത്. നര്‍മത്തില്‍ തുടങ്ങി ആ കവിതയുടെ മനസ്സ് തകര്‍ക്കുന്ന സത്യങ്ങളിലേക്ക്‌ ഒരു എന്ഡ് പഞ്ച്. വളരെ നന്നായി. (വള്ളിക്കുന്നിറെ മനോഹരമായ പ്രകൃതി ഭംഗി ഒപ്പിയെടുത്ത ആ ഫോട്ടോ പോസ്റ്റിനോടൊപ്പം ചേര്‍ത്തത് നന്നായി. അത് ചാലിയാര്‍ അല്ല, കടലുണ്ടിപ്പുഴയാണ്)

  ReplyDelete
 10. @-തെച്ചിക്കോടന്‍
  ഷംസു- എന്നിലെ കവിയെ സ്വന്തം മകള്‍ പോലും അംഗീകരിക്കുന്നില്ല. പക്ഷെ എനിക്ക് ത്ജ്ഞാന പീഠം കിട്ടുംബോഴേ എല്ലാവരും എന്നെ മനസ്സിലാക്കൂ.
  ---------------------------
  @-സലീം ഇ.പി.
  ഹ ഹ ഹ മുറ്റത്തെ മുല്ലക്ക് മണം ഇല്ലല്ലോ. കുട്ടികളുടെ ഒരു കാര്യം.
  ---------------------------
  @-haina
  ഹൈനക്കുട്ടീ. ചൊല്ലിയിട്ടില്ല ചൊല്ലി സമ്മാനം കിട്ടിയാല്‍ ഞാന്‍ അറിയിക്കാം കേട്ടോ.
  ---------------------------
  @-ചെറുവാടി
  അത് ശരിയാ ചെറുവാടി . എന്റെ ഗവിത വേണ്ടെന്നു പറഞ്ഞപ്പോ അതെനിക്ക് ബോദ്ധ്യമായി.
  ----------------------------
  @-രമേശ്‌അരൂര്‍
  നന്ദി. മോഷണം പ്രശ്നം ആകുമോ.
  -------------------------
  @-ഹംസ
  ഹ ഹ ഹ മനുഷ്യരെ കവിത എഴുതി ദ്രോഹിച്ചാല്‍ കുടുംബത്തില്‍ പോലും സമാധാനം കിട്ടില്ല എന്ന് മനസ്സിലായി.

  ReplyDelete
 11. ഹംസ said... എന്ന്
  സ്വന്തം കൂട്ടുകാരന്‍ ഒപ്പ്.
  ഹംസ. ഒപ്പ് ഉള്ളത് കൊണ്ട് മാത്രം തിരുത്ത് സ്വീകരിച്ചിരിക്കുന്നു.
  ------------------------
  @-മുരളീമുകുന്ദൻ ബിലാത്തിപട്ടണം
  മകള്‍ക്ക് വേണ്ടി ഒരു കവിത മോഷ്ടിച്ച വെറും മോഷ്ടാവായ എന്നെ കള്ളനെന്നു വിളിക്കാത്ത മുരളി ഭായിക്ക് നന്ദി.
  --------------------------
  @-ബഷീര്‍ Vallikkunnu
  ബഷീര്‍ ഭായി. എപ്പോ കേസ് രണ്ടായല്ലോ. ഫോട്ടോയും മോഷ്ടിച്ചത് തന്നെ. താങ്കളുടെ ബ്ലോഗില്‍ നിന്ന്. പക്ഷെ അത് താങ്കള്‍ കണ്ട് പിടിക്കും എന്ന് കരുതിയില്ല. താങ്കളുടെ അഭിനന്ദനം ഞാന്‍ മിന്നൂസിനെ അറിയിക്കാം..

  താങ്കള്‍ പറഞ്ഞ പോലെ ആ കവിതയില്‍ വരച്ചിട്ട ചിത്രം മനസ്സാക്ഷിയുള്ള ആരുടേയും കണ്ണ് നനയിക്കും. നെഞ്ചു മിടിപ്പിക്കും. കവിതയുടെ യഥാര്‍ത്ഥ ഉടമ ഇപ്പോഴും ഈ ബ്ലോഗില്‍ എത്തിയിട്ടില്ല. വുമ്പോള്‍ എന്തും പറയും എന്നറിയില്ല.

  ReplyDelete
 12. "പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ." ഈ കവിതയൊക്കെ കുട്ടികള്‍ പണ്ട് സ്ഥിരം എല്ലാ യൂത്ത്‌ഫെസ്‌സ്റ്റിവലിനും പാടാറുള്ളതല്ലേ? കേട്ട് കേട്ട്‌ ജഡ്ജസ്സു പോലും മടുത്തിരിക്കുമ്പോഴാണ്‌ "ഇപ്പാ" ഒരു കവിതയും പൊക്കി കൊണ്ടു ചെന്നത്. ഇപ്പോഴത്തെ കുട്ടികളുടെ അടുത്താ കളി? "വായാടി മിന്നൂസിനെ" എനിക്ക് നന്നേ ബോധിച്ചുട്ടോ. എനിക്കൊരു പിന്‍‌ഗാമി ഇല്ലാതെ ഞാന്‍ വിഷമിച്ചിരിക്കയായിരുന്നു.

  പിന്നെ മുകിലിന്റെ ഈ മനോഹരമായ കവിത സെലക്റ്റ് ചെയ്തത് നന്നായി. മുകിലിന്റെ ഒരു ആരാധികയാണ്‌ ഞാന്‍. ഈ പോസ്റ്റിലൂടെ മുകിലിന്‌ കൊടുത്ത അം‌ഗീകാരത്തെ, മുകിലിനൊരു അവാര്‍ഡ് കിട്ടിയതു പോലെ ഞാന്‍ കണക്കാക്കുന്നു..അതില്‍ ഏറേ സന്തോഷിക്കുകയും ചെയ്യുന്നു.

  മിന്നൂസിനു ആശംസകള്‍.

  ReplyDelete
 13. മോഷണത്തിന്റെ കഥ വായിച്ചപ്പോല്‍ അറിയാതെ ആ കവിതയും ആസ്വദിച്ചു.എനിക്കുമുണ്ടൊരു മിന്നൂസ് അവളിനിയെന്നാണാവോ കവിത വായിക്കുന്നത്?. ഇപ്പോള്‍ ഒന്നാം ക്ലാസ്സിലാണ്. ഗ്രൂപ് ഡാന്‍സില്‍ കളിച്ച “കുക്കുരു കുക്കു കുറുക്കന്‍” എന്ന പാട്ടിനു വേണ്ടി നെറ്റ് മുഴുവന്‍ പരതി അവസാനം കിട്ടി.അത് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത മഹാന്‍ “കുക്കുരു കുറവന്‍ ”എന്നാണ് കൊടുത്തിരുന്നത്[സിനിമയുടെ പേരും അയാള്‍ക്കറിയില്ലായിരുന്നു!].ഏതായാലുംവിഷയ ദാരിദ്ര്യം തീര്‍ന്നല്ലോ,ഇനി പോസ്റ്റിക്കൊ ഓരോന്നായി വന്നോട്ടെ.

  ReplyDelete
 14. മുകിലിന്റെ കവിത മോഷ്ടിച്ചോ?
  കുഞ്ഞ് വാവയ്ക്കായതുകൊണ്ട് പോട്ടെന്ന് വെച്ചിട്ടുണ്ടാവും മുകിൽ.
  കണ്ണ് കലങ്ങുന്ന ഒരു കവിതയാണത്.
  മോളുണ്ണിയ്ക്ക് വിജയാശംസകൾ.
  അച്ഛന് ഭാഗ്യാ‍ശംസകളും.

  ReplyDelete
 15. ">>>അതേയ് എനിക്ക് ഇത് സ്കൂളില്‍ സ്റ്റേജില്‍ ആളുകളുടെ മുമ്പില്‍ പോയി ചൊല്ലാനുള്ളതാണ്. എനിക്ക് സ്കൂളില്‍ കുറച്ചു നിലയും വിലയുമൊക്കെ ഉണ്ട്."
  കൊള്ളാം, കൊള്ളാം.
  എന്തൊരു മതിപ്പ്.

  ReplyDelete
 16. ഈയിടെയാണ് മുകിലിന്റെ തട്ടകത്തിൽ മേഞ്ഞ് തുടങ്ങിയത്. ആ പാവം മുകിലിന്റെ കവിതകളൊക്കെ എങ്ങനെ മോഷ്ടിക്കാൻ തോന്നുന്നു? ഛെ. ദയനീയം, അപലപനീയം, ശോചനീയം.. എന്നാലും അക്ബറിക്കാ, ഇത്.... മിന്നൂസിന്റെ ഫോട്ടം കൂടി വെക്കാമായിരുന്നു.ഒന്ന് അഭിനന്ദിക്കാനാ, ഇങ്ങളെ കവിതയുടെ മഹത്വം ഇത്ര ചെറുപ്രായത്തിലെ കണ്ടെത്തി “ബേണ്ടാ”ന്ന് പറഞ്ഞില്ലേ. അപ്പോൾ മിന്നൂസിന്റെ ഉള്ളിൽ വലിയൊരു കവയത്രി ഉറങ്ങിക്കിടക്കുന്നത് ഉണർത്തുക. ദയവ് ചെയ്ത് ചോക്ക് മലയിലെ ചോക്ക് കാണിക്കാതിരിക്കുക. ഒരു കാര്യം കൂടെ, മുകിൽ ഇത്‌വരെ വന്നിട്ടില്ല, കള്ളനെ നേരിട്ട് കാണിച്ച് കൊടുത്തേക്കാം, ഇവിടെ തന്നെ നിക്കണേ,മുകിലിനെ വിളിച്ചിട്ട് വരാം.

  ReplyDelete
 17. ഓ ടോ: അക്ബറിക്കാ, മിന്നൂസിന്റെ മറുപടിയൊക്കെ കണ്ടപ്പോ തോന്നിയത് പറയട്ടെ, നിങ്ങളുടെയോ ഞങ്ങളുടെയോ കുട്ടിക്കാലത്തെ പോലെയൊന്നുമല്ല ഇന്നത്തെ കുട്ടികൾ വളരെ വളരെ സ്മാർട്ടാണ്. ചെറിയ കുട്ടികൾ വളരെ ബോൾഡായും സ്മാർട്ടായും പെരുമാറുന്നത് കാണുന്നത് തന്നെ വളരെ സന്തോഷമുളവാക്കുന്നതാണ്. ചുമ്മാ ഇതും കൂടെ പറയണമെന്ന് തോന്നി.. അത്രേള്ളൂ...

  ReplyDelete
 18. മിന്നൂസ് ആള് കൊള്ളാലോ.. എന്നിട്ട് മുകിലിന്റെ കവിതയൊക്കെ ചൊല്ലി പഠിച്ചോ?
  സമ്മാനം കിട്ടിയാല്‍ പകുതി മുകിലിന് അയച്ചു കൊടുക്കെണ്ടിവരുമല്ലോ....

  ReplyDelete
 19. ഹൃദയത്തിന്‍റെ അഗാധ തലങ്ങളെ സ്പര്‍ശിച്ച, നമ്മുടെ ചിന്തകളെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയ ഒരു കവിത എങ്ങിനെ കൂടുതല്‍ ആളുകളെ വായിപ്പിക്കാം എന്നതിന് @അക്ബര്‍ സ്വീകരിച്ച മാര്‍ഗം പുതുമയുള്ളതും, അനുകരണീയവുമാണ്; അത് ഒരു എഴുത്തുകാരന്/കാരിക്ക് നല്‍കാവുന്ന ഏറ്റവും മികച്ച ഉപഹാരമാണ്, തുല്യതയില്ലാത്ത ഒരു പ്രശംസാ വാക്യമാണ്.

  ഇവിടെ, മോഷണം മോശമല്ലാത്ത ഒരേര്‍പ്പാടായപ്പോള്‍ 'മുകിലില്‍' നിന്നും പുകിലുകള്‍ പ്രതീക്ഷിക്കേണ്ടതില്ല. :)

  മുകിലിന്റെ കവിത ഒറ്റപ്രാവശ്യമേ വായിച്ചുള്ളൂ. ഒരു രണ്ടാം വായനക്ക് ഞാന്‍ അശക്തനായിരുന്നു.

  അക്ബര്‍ സാബും, മിന്നൂസും തമ്മിലുള്ള Tele-conversation ഒരുപാട് ആവര്‍ത്തി വായിച്ചു. ഒന്നാം ക്ലാസ്സില്‍ നിന്നും രണ്ടിലേക്ക് ജയിച്ച കുട്ടി തന്റെ ഒന്നാം ക്ലാസിലെ ടീച്ചര്‍ വീണ്ടും അവിടെത്തന്നെ തുടരുന്നതിനെക്കുറിച്ച് വിഷമം പ്രകടിപ്പിക്കുന്നത് യൂസുഫലി കേച്ചേരിയുടെ ഒരു കവിതയിലുണ്ട്: "ഒന്നിലാണിപ്പോഴും പാവം, അന്നമ്മട്ടീച്ചര്‍ തോറ്റു പോയി..'' പഴയ കാലത്തെ കുട്ടിത്തത്തിന്റെ ആ നിഷ്കളങ്കതയില്‍ നിന്നും I.T. യുഗത്തിലെ മിന്നൂസിലെത്തുമ്പോള്‍ വളരെ realistic ആയ, തികഞ്ഞ പ്രായോഗിക വാദിയായ ഒരു കുട്ടിയെ കാണാവുന്നതതാണ്. മിന്നൂസ് തീര്‍ച്ചയായും പ്രതീകവല്‍ക്കരിക്കുന്നത് ഇന്നത്തെ കുട്ടികളെയാണ്!

  മിന്നൂസിന് മധുസൂദനന്‍ നായരുടെ 'നാറാണത്ത് ഭ്രാന്തനെയും, ഒ. എന്‍. വി. യുടെ പ്രസിദ്ധമായ 'അമ്മ'യെയും വേണ്ടാത്തത് അതില്‍ കുട്ടികള്‍ കൂടുതലായതിനാലാണെന്ന് നര്‍മ്മം പറയുന്നുണ്ടെങ്കിലും, അത് എല്ലാവരും കേട്ടുമടുത്ത കവിതയായതിനാലാണ് 'rejected' ആയതെന്ന സത്യം പറയുന്നുണ്ട്. ഈ വരി എഴുത്തുകാരന്‍ അവിടെ ചേര്‍ത്തി ട്ടില്ലായിരുന്നുവെങ്കില്‍ പുതുമ ഇഷ്ടപ്പെടുന്ന പുതിയ ലോകത്തെ കുട്ടികളെ ബിംബവല്‍ക്കരിക്കുവാനുള്ള ഒരു അവസരം നഷ്ടമായേനെ!

  "എന്റെ മിന്നൂസേ ചോക്കുമലയില്‍ ഇരിക്കുന്നവന്‍ ചോക്കുതിരഞ്ഞു പോയപോലെയായി നിന്‍റെ ഈ ചോദ്യം. മഹാകവിയായ നിന്‍റെ ഈ പിതാവ് എഴുതിയ ഏതെങ്കിലും ഒരു കവിത ചൊല്ലിയാല്‍ പോരെ മകളേ... .." ഈ സംഭാഷണത്തില്‍ 'പിതാവ്, മകള്‍ ' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചത് 'ഒരു കവി മകളോട് സംസാരിക്കുന്ന സന്ദര്‍ഭത്തിനു യോജിച്ചത് എന്ന ബോധത്തോടെയാണെങ്കില്‍ തീര്‍ത്തും അനുയോജ്യമായി. അല്ലെങ്കില്‍, 'ഇപ്പയും, മോളും' ചേര്‍ത്താല്‍ ആ സ്വര്‍ണ്ണാക്ഷരങ്ങള്‍ക്ക് കുറച്ചുകൂടി സുഗന്ധമുണ്ടാകുമെന്നു തോന്നുന്നു.

  ബഷീര്‍ വള്ളിക്കുന്നിന്റെ വരികള്‍ ആവര്‍ത്തിക്കട്ടെ: "താങ്കളുടെ പോസ്റ്റുകളിലൂടെ മിന്നൂസ് ഇപ്പോള്‍ ഏറെ പ്രശസ്തയാണ്. താങ്കളുടെ പൂത്തിരി ചോദ്യങ്ങള്‍ക്ക് ഇടിവെട്ട് ഉത്തരങ്ങളാണ് അവള്‍ നല്‍കുന്നത്. ഞാനിപ്പോള്‍ അവളുടെ ഒരു ഫാന്‍ ആയിക്കഴിഞ്ഞു"

  മിന്നും താരം, മിന്നൂസിനും, മിന്നൂസിന്റെ ഉപ്പക്കും ആശംസകള്‍!!!

  ReplyDelete
 20. മിന്നൂസ് ആളു കൊള്ളാമല്ലോ ..ഇനി വിളിക്കുമ്പോ എന്റെ ഒരു ഹായ് പറയണം ..

  ReplyDelete
 21. എല്ലാവരും തല്ലട്ടെ. അങ്ങനെ പ്ലാസ്റ്ററിട്ടു കിടക്കുമ്പോൾ ‘സമയമാ‍യി‘ എന്നു പാടിക്കൊണ്ട് ഒരു കിലോ ആപ്പിളും മുന്തിരിയുമായി കാണാൻ വരാമെന്നു കരുതി തിരിച്ചുപോയതാണ്. പക്ഷേ ആരും ശരിക്കങ്ങോട്ടു തല്ലുന്നില്ല. അഭിനന്ദിക്കുകയാണു താനും. എന്നാല്പിന്നെ മിന്നൂസിനു ആശംസ പറയാൻ വൈകിക്കുന്നില്ല.

  സന്തോഷം അക്ബർ. ഒറീസ്സയിലെ ഉണ്ണിയെ എല്ലാവരും അറിയട്ടെ. പത്തുവയസ്സുകാരി ഒരു വായനക്കാരിയുണ്ട് എനിക്ക്. എന്റെ കവിതകൾ അവൾക്കു മനസ്സിലാവുന്നു, വായിച്ച് അവൾ സങ്കടപ്പെടുന്നു, ചിരിക്കുന്നു എന്നെല്ലാം കേൾക്കുമ്പോൾ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ഇപ്പോഴിതാ മിന്നൂ‍സും എന്റെ കവിത ഒരു സദസ്സിനു മുമ്പിൽ പരായണം ചെയ്യുന്നു. തത്തമ്മ പറഞ്ഞതുപോലെ ഇതുതന്നെ അവാർഡ്.

  വളരെ സന്തോഷം. മിന്നൂസുകുട്ടിക്കു ഒരായിരം ആശംസകൾ. കവിതാപാരായണത്തിനും മിടുമിടുക്കിയായി വളരുന്നതിനും.

  (മൈത്രേയി ഈ കവിത എന്റെ ബ്ലോഗു പരിചയപ്പെടുത്തിക്കൊണ്ട് എഴുതിയപ്പോൾ കേരളകൌമുദിയിൽ ഇട്ടിരുന്നു. അച്ചടിച്ചൂവന്ന ഒരു കവിത ഒരു കുട്ടിക്കു പാരായണം ചെയ്യാൻ എടുത്തു കൊടുത്തു എന്നു പറഞ്ഞാൽ മോ‍ഷണം എന്നു പറയാൻ പറ്റില്ലല്ലോ. അപ്പോൾ അക്ബറിനു മോക്ഷമാ‍യി.വെറുതെ വിട്ടിരിക്കുന്നു.)

  ReplyDelete
 22. @ മുകിലേ ഞങ്ങള്‍ വെറുതെ വിട്ടിട്ടില്ല.
  തല്ലി കാലോടിക്കാന്‍ മുകില്‍ ഒരു വാക്ക് പറഞ്ഞാല്‍ മതിയായിരുന്നു.
  ആപ്പിളും മുന്തിരിയും ഒക്കെ കൊണ്ടുവരാന്‍ അവസരം ഇനിയും ഒപ്പിക്കാം.
  ഒരു വാക്ക് പറഞ്ഞാല്‍ മതി.

  ReplyDelete
 23. മുകിലേ, ഈ കമന്റ് വായിച്ച് ഞാന്‍ ദാ, വായും പൊളിച്ചിരിക്കയാണ്‌. അപ്പോള്‍ മുകിലിന്‌ തമാശ പറയാനൊക്കെ അറിയാല്ലേ? അക്‌ബറിനു കൊടുത്ത മറുപടി എനിക്ക്‌ ഇഷ്ടപ്പെട്ടു.

  അക്‌ബറേ, ഇത്തവണത്തെ മോഷണം മുകിലിന്റെ ആരാധകര്‍ ക്ഷമിച്ചിരിക്കുന്നു. പക്ഷേ ഇതൊരു സ്ഥിരം പരിപാടി ആക്കാനാണ്‌ ഉദ്ദേശമെങ്കില്‍ മിക്കവാറും ആപ്പിളും, മുന്തിരങ്ങയും, ഓറഞ്ചും കഴിച്ച് വീട്ടിലിരിക്കേണ്ടി വരും. പറഞ്ഞില്ല്യാന്നു വേണ്ട. അല്ലേ ബാച്ചീസേ? :)

  ReplyDelete
 24. @-Vayady
  മുകിലിന്റെ ആരാധികയാണല്ലേ. ഞാനും ഈ കവിത വായിച്ചതോടെ മുകിലിന്റെ കവിതകള്‍ ശ്രദ്ധിക്കാന് തുടങ്ങി. ശരിക്കും മുകില്‍ ഒരു തീപന്തം ആണ്.
  ---------------------
  @-Mohamedkutty മുഹമ്മദുകുട്ടി
  മുഹമ്മദ്‌ കുട്ടിക്കാ, ഞാന്‍ വരുന്നുണ്ട് ഒരിക്കല്‍ നിങ്ങളുടെ മിന്നുവിനെ കാണാന്‍. ഡാന്‍സും പാട്ടുമൊക്കെ ആയി മിടുക്കിയാവട്ടെ.
  ----------------------------
  @-Echmukutty
  ഇതാര് എച്ചുമുട്ടിയോ. പല സ്ഥലത്തും കണ്ടിട്ടുണ്ട്. ഇവിടെ വന്നതില്‍ വളരെ സന്തോഷം. ആശംസകള്‍ സ്വീകരിക്കുന്നു.
  ------------------------------
  @-ഹാപ്പി ബാച്ചിലേഴ്സ്
  ഈ ഹാപ്പീസിന്റെ ഒരു കാര്യം. കള്ളനെ പിടിച്ചു കൊടുക്കാന്‍ നടക്കാണല്ലേ. മുകിലിനെ അറിയിച്ചത് നിങ്ങലാണെന്നു ഇപ്പൊ ഉറപ്പായി. എന്തായാലും എന്റെ മിന്നൂസിന് അവരുടെ ഈ ആങ്ങളമാര്‍ നേര്‍ന്ന ഈ നല്ല വാക്കുകള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.
  --------------------
  @-jazmikkutty
  ചൊല്ലി പഠിക്കുന്നു. തീര്‍ച്ചയായും സമ്മാനം മുകിലിനും ജാസ്മിക്കുട്ടിക്കും തരും. നന്ദി

  ReplyDelete
 25. അതുശരി..വാദിറഹ്മ പറഞാണല്ലേ പേടിപ്പിക്കുന്നത്.എന്റെ മകള്‍ ഐഷ നൌറ പഠിക്കുന്നത് അവിടെയാ.പിന്നെ പന്ത്രണ്ടും ഒമ്പതും അഞ്ചും കൂട്ടിക്കിഴിച്ച് ഹരിച്ച് മറിച്ച് ഗുണിച്ച് ഒരു ‘സ്വന്തം ഗവിത‘ഉണ്ടാക്കാമായിരുന്നില്ലേ?

  ReplyDelete
 26. മോഷ്ടിച്ചത് മിന്നൂസിന് വേണ്ടിയായതു നന്നായി.അല്ലേല്‍ കാണായിരുന്നു.പിന്നേയ് ഇതൊരു ശീലാക്കണ്ടാട്ടോ :)

  മുകിലിനെ പരിചയപ്പെടുത്തിയതിന് പെരുത്ത് നന്ദി അക്ബര്‍ക്കാ.അവിടെ പോയി രണ്ടെണ്ണമേ വായിച്ചൊള്ളൂ.താങ്കള്‍ പറഞ്ഞ പോലെ ഒരു തീപ്പന്തം തന്നെ.

  ReplyDelete
 27. @-Noushad Kuniyil
  നൌഷാദ് താങ്കളുടെ വിശദമായ വിലയിരുത്തലിനു നന്ദി. താങ്കള്‍ പറഞ്ഞത് പോലെ ഈ കവിത മനസ്സാക്ഷിയുള്ള ആരെയും ഒന്ന് പിടിച്ചുലക്കാതിരിക്കില്ല. അത് നാലാള്‍ വായിക്കന്നം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനു മോള്‍ ഒരു നിമിത്തമായി. അവള്‍ക്ക് താങ്കളില്‍ നിന്ന് കിട്ടിയ നല്ല വാക്കുകളൊക്കെ ഒരു സമ്മാനമായി അവളെ അറിയിക്കാം. നന്ദി.
  ----------------------------
  @-faisu madeena
  തീര്‍ച്ചയായും പറയാം. ഇവിടെ വന്നതില്‍ ഏറെ സന്തോഷം.
  ---------------------------
  @-മുകിൽ
  മുകില്‍ വന്നു അല്ലെ. സത്യത്തില്‍ ഇവടെ കാണുന്നത് വരെ എനിക്ക് പേടി ആയിരുന്നു. പിന്നെ അവിടെ വന്നപ്പോള്‍ ക്ഷമിച്ചിരിക്കുന്നു എന്ന് കണ്ടു. അങ്ങിനെ തല്ലില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും വരാഞ്ഞതെന്തേ എന്നൊരു ശങ്കയിലായിരുന്നു. തീര്‍ച്ചയായും ഈ കവിത ആദ്യം വായിച്ചപ്പോള്‍ എന്നെ നൊമ്പരപ്പെടുത്തിയ ഉണ്ണിയുടെ ചോദ്യങ്ങള്‍ ഇപ്പോഴും നെഞ്ചില്‍ ഒരു ഇടി മുഴക്കമായി നില്‍ക്കുന്നു. പോസ്റ്റിടുമ്പോള്‍ മോഷണമായി തോന്നാതിരിക്കാന്‍ ആദ്യ നാലു വരി മാത്രം കൊടുത്തു ബാക്കി കാലമാപിനിയിലേക്ക് ലിങ്ക് കൊടുക്കാനായിരുന്നു ആദ്യം കരുതിയത്‌. പിന്നെ തോന്നി ഈ കവിത എല്ലാവരും മുഴുവനും വായിച്ചിരിക്കണം എന്ന്.

  ഇതിലെ ഓരോ കമന്റും മുകിലിന്റെ കവിതയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. മുകില്‍ എന്റെ കുട്ടിക്ക് (മിന്നുവിനു) കൊടുത്ത ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും ഒരു പാട് നന്ദി. മൈത്രേയി കലാ കൌമുദിയില്‍ ഈ കാവിത കൊടുത്തതില്‍ ഒട്ടും അതിശയോക്തിയില്ല. അത്രയ്ക്കു ഗംഭീരമാണ് ഇതിലെ ഉള്ളടക്കം. ആശംസകളോടെ.

  ReplyDelete
 28. @-ഹാപ്പി ബാച്ചിലേഴ്സ്
  ഹാപ്പീസെ നിങ്ങള്‍ രണ്ടു പേരും എന്നെ നശിപ്പിച്ചേ അടങ്ങൂ അല്ലെ. ഞാനങ്ങോട്ടു വരുന്നുട്. രണ്ടിനെയും കാണാന്‍.
  --------------------------
  @-Vayady
  ആരാധകര്‍ തല്ലുന്നതിനു മുമ്പേ മുകില്‍ എത്തിയത് നന്നായി. സത്യം ഇനി മോഷ്ടിക്കില്ല. അടുത്ത മോഷണം "പിച്ചും പേയും" ബ്ലോഗില്‍ നിന്നായാലോ എന്നൊരു ചിന്ത ഇല്ലാതില്ല.

  ReplyDelete
 29. @-Areekkodan | അരീക്കോടന്‍
  പന്ത്രണ്ടും ഒമ്പതും അഞ്ചും കൂട്ടിക്കിഴിച്ച് ഹരിച്ച് മറിച്ച് ഗുണിച്ച് ഒരു ‘സ്വന്തം ഗവിത‘ഉണ്ടാക്കാമായിരുന്നില്ലേ? അങ്ങിനെ ശ്രമിച്ചതാ. അപ്പോഴല്ലേ നാലാളുടെ മുമ്പില്‍ ചോല്ലാനുള്ളതാണെന്നു പറഞ്ഞു എന്നെ വിരട്ടിയത്. അത് ശരി അപ്പൊ വാദിറഹ്മ ഐഷ നൌറ ആദ്യമേ സ്ഥലം പിടിച്ചിട്ടുണ്ട് അല്ലെ.
  -------------------------
  @-ജിപ്പൂസ്
  ജിപ്പൂസേ. ഹ ഹ ഹ ഇല്ല നിര്‍ത്തി മോഷണം ഇതോടെ നിര്‍ത്തി. പിന്നെ ഒരു പാട് കാലത്തിനു ശേഷമാണ് താങ്കളെ ഇവിടെ കാണുന്നത്. വന്നതില്‍ സന്തോഷം. മുകിലിന്റെ ബ്ലോഗില്‍ പോയി അല്ലെ. ഒരു പാട് നല്ല കവിതകള്‍ അവിടെ കാണാം. എല്ലാം തീപ്പൊരികള്‍ തന്നെ.

  ReplyDelete
 30. മിന്നൂസ് കവിത ചൊല്ലിയോ?
  മുകിലിന്റെ കവിത മനസ്സില്‍ തറയ്ക്കുന്നതാണ്,
  ഈ കവിത തിരഞ്ഞെടുത്തത് വളരെ ഉചിതമായി...

  ReplyDelete
 31. എന്നിട്ട് മിന്നൂസ് ആ കവിത ചെല്ലിയോ?
  Wishing Minnoose Best of Luck.

  Truly nice poem & none can blame u for that....Such a touching lyrics. Pls do introduce again such nice blogs. Thanks a lot for your post.

  ReplyDelete
 32. ഒറീസ്സയിൽ ഒരുണ്ണി .....കൂടുതല്‍ വായിക്കപെടട്ടെ ....അതിനു ഈ മോഷണം ഉപകരിക്കും

  ReplyDelete
 33. കവിതാപാരായണ മത്സരത്തില്‍ ഒരുത്തന്‍ ആഞ്ഞു കവിതചൊല്ലുകയാണ്“ പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ...നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍”
  ഇതു കേട്ട നമ്പൂതിരി
  “ഇക്കാലത്ത് പന്ത്രണ്ടെണ്ണത്തിനെപ്പെറ്റ ഇവന്റെ തള്ളയ്ക്കാ പ്രാന്ത്”

  ReplyDelete
 34. @-മാണിക്യം
  തീര്‍ച്ചയായും ആക കവിത മനസ്സില്‍ തറക്കുന്നത് തന്നെയാണ്. ഈ വരവിനു നന്ദി.
  ----------------------
  @-അമ്പിളി.
  വളരെ നന്ദി അമ്പിളി. ഈ ആശംസകള്‍ക്ക്. നല്ല കവിതകളും ബ്ലോഗുഗളും കൂടുതല്‍ പേര്‍ വായിക്കണമെന്ന് കരുതുന്നു.
  ----------------------
  @-Anees Hassan
  നന്ദി അനീസ്‌ ഈ വരവിനു.
  ----------------------
  @-Vayady ഹ ഹ ഈ നമ്പൂതിരി ഫലിതം രസിച്ചു കേട്ടോ.

  ReplyDelete
 35. പോസ്ടിനെക്കള്‍ വിലയുള്ള കവിത..
  ഈ കവിത അത്യന്താധുനിക കവിത അല്ലെന്നു പ്രത്യാശിക്കാം.
  നല്ലവനായ കള്ളന് നമോവാകം.

  ReplyDelete
 36. ഇസ്മായില്‍ കുറുമ്പടി (തണല്‍)

  Thank you very much Imsail. keep in touch.

  ReplyDelete
 37. മോഷ്ടിക്കപ്പെടേണ്ട കവിത! ഞാനും മോഷ്ടിച്ചു, മനസ്സില്‍ വച്ചു. മുകിലിനു ആശംസകള്‍
  അക്ബര്‍ എന്നിട്ട് മിന്നൂസിന് പ്രൈസ് കിട്ടിയോ?

  ReplyDelete
 38. @-വഷളന്‍ജേക്കെ ⚡ WashAllenⒿⓚ

  അപ്പോള്‍ താങ്കള്‍ എന്നെക്കാള്‍ മുമ്പേ മോഷ്ടിച്ച് അല്ലെ. ഈ കമന്റും മുകിലിന് ഇരിക്കട്ടെ.

  ReplyDelete
 39. ഇത് മോഷണമല്ല, നല്ല രചനക്ക് താങ്കൾ നൽകിയ പബ്ളിസിറ്റിയാണ്.

  ReplyDelete
 40. നാം രണ്ട് നമുക്ക് രണ്ട്, നാമൊന്ന് നമുക്കൊന്ന്, നാമൊന്ന് നമുക്കെന്തിന് മറ്റൊന്ന് - എന്നൊക്കെ മനോഹരമായി കോര്‍ത്തിണക്കി കവിത പോസ്റ്റൂ. ‘കുഞ്ചിയമ്മ‘ പാടാനൊന്നും ഇനി മക്കളെ കിട്ടില്ല.

  ReplyDelete
 41. ഓണം കിറ്റുകളും റമദാന്‍ കിറ്റുകളും നമ്മുടെ നാട്ടില്‍ ഒറീസ ഉണ്ണികളുടെ എണ്ണം കുറക്കുന്നില്ലേ അക്ബര്‍?

  ReplyDelete
 42. മൈപ്
  നന്ദി. വായനക്കും വരവിനും
  ----------------------
  മുജീബ് റഹ്‌മാന്‍ ചെങ്ങര
  ശരിയാണ്, കാലത്തോടൊപ്പം ചിന്താഗതികളും മാറിക്കൊണ്ടിരിക്കുന്നു. നന്ദി.
  ------------------------
  Hameed Vazhakkad
  ഹായ് ഹമീദ്, ബ്ലോഗ്‌ തുടങ്ങി ഒരു വര്‍ഷമായെങ്കിലും ആദ്യമായി ഇവിടെ എത്തുന്ന നാട്ടുകാരനാണ് താങ്കള്‍ . നന്ദി ഈ വരവിനു.

  ദാരിദ്ര്യം അഴിമതിരാഷ്ട്രീയത്തിന്റെ ഉല്‍പന്നമാണ്. ആശയറ്റവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നാളം കൊളുത്തി വോട്ടു വാങ്ങി പോകുന്നവര്‍ പിന്നെ അവരെ തിരഞ്ഞു നോക്കാറില്ല.

  ReplyDelete
 43. ഉപ്പാനെ നന്നായറിയുന്നു മിന്നൂസ്..!

  ആശംസകൾ.....

  ReplyDelete
 44. ജെകെ പറഞ്ഞതു പോല് 'മോഷ്ടിയ്ക്കപ്പെടേണ്ട' കവിത തന്നെ :)

  ReplyDelete
 45. @-Hameed Vazhakkad
  പ്രിയ ഹമീദ്. ഒരു പാട് വര്‍ഷങ്ങളായി കണ്ടിട്ടെങ്കിലും ആളെ പിടി കിട്ടി. വീണ്ടും കാണുമല്ലോ.
  ----------------------------
  @-വീ കെ
  നന്ദി വീ കെ ഈ വരവിനു.
  ----------------------------
  @-ശ്രീ
  അതെ ശ്രീ, വല്ലാതെ മനസ്സിനെ നൊമ്പരപ്പെടുത്തിയ കവിത.

  ReplyDelete
 46. ഈ കവിത ഇപ്പോയാണ് എന്റെ ശ്രദ്ധയില്‍ പെട്ടത് ..താങ്ക്സ്
  മിന്നൂസാനു ഇവിടെ താരം

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..