Monday, December 27, 2010

നണ്‍ ഓഫ് യുവര്‍ ബിസിനസ്

ഉറക്കത്തില്‍ ഒരു കുഞ്ഞു മാലാഖയുടെ കൈകള്‍ എന്‍റെ നേര്‍ക്കുവന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നു. ഉറക്കം തടസ്സപ്പെട്ടതിലുള്ള മുഷിപ്പ് പെട്ടെന്ന് ഉരുകി വാത്സല്യത്തിന് വഴിമാറി. അതാ മാലാഖക്കുട്ടി ചിരിച്ചു കൊണ്ട് ബെഡ്ഡില്‍ കയറിയിരിക്കുന്നു . വാരിയെടുത്തു ഒരു മുത്തം കൊടുത്തു.

എഴുന്നേറ്റു പല്ല് തേച്ചു അടുക്കളയിലേക്കു ഒന്നെത്തി നോക്കി. അവിടെ പാചകറാണി തിരക്കിലാണ്. ഒരു ഭാഗത്ത് മിക്സി ഘോരശബ്ദം മുഴക്കുന്നു. മറുഭാഗത്ത് അവള്‍ ഗോതമ്പ് മാവില്‍ സാദകം ചെയ്യുന്നു. ഗ്യാസ് അടുപ്പില്‍ വെള്ളം തിളക്കുന്നു. ആകെപ്പാടെ തിരക്കോട് തിരക്ക്. അപകടം മണത്തറിഞ്ഞ ഞാന്‍ മെല്ല തല പിന്‍വലിക്കുന്നതിനിടെ അവള്‍ വിളിച്ചു.

Friday, December 17, 2010

അവധിക്കാലത്തെ തിരിച്ചറിയല്‍ കാര്‍ഡ്‌.


ആകെ കൂട്ടിക്കിഴിച്ചു കിട്ടിയ ഒരു മാസത്തെ അവധിക്കാലം. കുടുംബത്തെയും കൊണ്ട് എങ്ങാണ്ടൊക്കെ കറങ്ങാമെന്നു നേരത്തെ വാക്ക് കൊടുത്തിരുന്നു. പക്ഷെ എങ്ങും പോകേണ്ടി വന്നില്ല. മഴ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ദിവസവും ഉച്ചതിരിഞ്ഞു മഴപെയ്യും. എനിക്കാണെങ്കില്‍ മഴ കണ്ടങ്ങിനെ ഇരിക്കുന്നതിലുംപരം സന്തോഷം വേറെയില്ല. 

Monday, November 8, 2010

ശുദ്ധവായു ശ്വസിക്കാന്‍

ശുദ്ധവായു ശ്വസിക്കാന്‍, നാട്ടു വഴികളിലൂടെ നടക്കാന്‍, കുന്നിന്‍ മുകളില്‍ കയറി പുഴുയുടെ ആകാശ കാഴ്ചകള്‍ കാണാന്‍,  നന്മയുടെ സമൃദ്ധി ബാക്കിനില്‍ക്കുന്ന നാട്ടിന്‍പുറത്തെ  വയലേലകളിലെ  കൊയ്ത്തു പാട്ടിന്റെ ഈണം ഓര്‍ത്തെടുക്കാന്‍,  വയല്‍ കിളികളുടെ ആരവം കേള്‍ക്കാന്‍, കുയില്‍  നാദം ആസ്വദിക്കാന്‍,  തിമിര്‍ത്തു പെയ്യുന്ന പെരുമഴയുടെ സംഗീതത്തില്‍ ലയിച്ചു അലാറം വെക്കാതെ മൂടിപ്പുതച്ചു ഉറങ്ങാന്‍,  പിന്നെ വെയില്‍ കായുന്ന ഇളം മഞിന്‍ ചുവട്ടിലെ  ചെറുചൂടില്‍ മയങ്ങുന്ന ചാലിയാര്‍  പുഴുയില്‍  ചാടിക്കുളിക്കാന്‍,  ഈ അക്കരപ്പച്ചയില്‍ നിന്ന് ജീവിതത്തിന്റെ പച്ചപ്പിലേക്ക് ഒരു തിരിച്ചു പോക്ക്, ഹൃസ്വമായ   ഒരവധിക്കാലം.    വീണ്ടും വരാം  (ഇ. അ).  റീ-എന്‍ട്രി മലയാളികളുടെ ജന്മാവകാശം ആണല്ലോ.

Thursday, October 28, 2010

എന്‍റെ കവിതാ മോഷണം.

                                                                      
കമ്മ്യുണിക്കേഷന്‍  രംഗത്ത് ഉണ്ടായ വിപ്ലവകരമായ  മാറ്റം ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത്‌ പ്രവാസികള്‍ക്കാണെന്നു  തോന്നുന്നു.  പണ്ട്  8 റിയാലിനു നാട്ടിലേക്ക് വിളിച്ചിരുന്നവര്‍ ഇപ്പോള്‍  80 ഹലാലക്ക് (80 പൈസക്ക്)  നാട്ടിലേക്ക് മൊബൈല്‍ ഫോണില്‍‍ നിന്നും  വിളിക്കുന്നു.   അതുപോലെ  വോയ്പ്-കോള്‍ വഴി നെറ്റില്‍നിന്നും  8 പൈസക്കും  വിളിക്കുന്നു.  മാസത്തില്‍ മൂന്നോ നാലോ തവണമാത്രം വിളിച്ചിരുന്നവര്‍ ഇപ്പോള്‍ ദിവസവും മണിക്കൂറുകളോളം വിളിച്ചു വീട്ടിലെ അടുക്കളയിലെ ചട്ടിയില്‍ പൊരിയുന്ന മീനിന്‍റെ രുചി പോലും  വിശദമായി അറിയുന്നു. ഈയുള്ളവനും ഏറെനേരം വീട്ടുകാരെ ഇങ്ങിനെ  കത്തിവെക്കുന്നു, പണം പോകുന്ന നെഞ്ചിടിപ്പില്ലാതെ ഏറെനേരം സംസാരിക്കാം എന്നതാണ് ഇതിന്റെ ഒരു ഗുട്ടന്‍സ്.

Monday, October 18, 2010

സൃഷ്ടിയും സംഹാരവും.

 രണ്ടു മിനിക്കഥകള്‍


1)  സൃഷ്ടി
എഴുത്തുകാരി കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. 
സൃഷ്ടിപ്പിന്‍റെ പേറ്റുനോവ് അവരെ തളര്‍ത്തിയിരിക്കുന്നു.
ഓരോ സൃഷ്ടിപ്പും തനിക്കു കടുത്ത നോവ്‌ സമ്മാനിക്കുന്നു.
അത് തന്‍റെ ചിന്താഭാരത്തെ അധികരിപ്പിക്കുന്നു. 
വല്ലാത്ത വിങ്ങലും അസ്വസ്ഥതയും.

Saturday, October 9, 2010

അടുക്കളയിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍


പഞ്ചായത്ത് ഇലക്ഷന്‍ ചൂട്പിടിക്കുകയാണ്.  തിരഞ്ഞെടുപ്പു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ബീരാനിക്ക കുടയുമെടുത്ത് പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് അടുക്കളയില്‍ നിന്നും ആമിനയുടെ സംസാരം കേട്ടത്. അയല്‍ക്കാരി ജാനുവിനോടാണ്. രണ്ടും പെണ്ണെന്ന ഒരു ജാതിയാണെങ്കിലും  മനുഷ്യരിപ്പോ പല ജാതിയാണല്ലോ . വല്ല വര്‍ഗ്ഗീയ കലാപത്തിനും തുടക്കമിടുകയാണോ. പിഴച്ച കാലമാണല്ലോ. ബീരാനിക്ക ചെവിയോര്‍ത്തു.

Saturday, September 25, 2010

എനിക്കൊരു രക്ഷാകവചം തരൂ.




അയോധ്യ വിധിപറയല്‍  മാറ്റി വെച്ചു. ഒരു കലാപത്തെ കോടതിയും ഭയക്കുന്നുവോ. ഈ പശ്ചാത്തലത്തില്‍ എന്റെ ആശങ്കകളാണ് ഈ പോസ്റ്റില്‍ ഞാന്‍ പങ്കു വെക്കുന്നത്. 


Tuesday, September 21, 2010

ഒരു ആഫ്രിക്കന്‍ യാത്ര


തെല്ലൊരു ഭയത്തോടെയാണ് ഞാന്‍ സൌത്ത് ആഫ്രിക്കയിലെ   പ്രെട്ടോറിയയില്‍   വിമാനമിറങ്ങിയത്. അത്ര സുരക്ഷിതമല്ല ഈ സ്ഥലം എന്ന് കേട്ടിട്ടുണ്ട്.  എങ്കിലും ഓയില്‍ കമ്പനിയില്‍  രണ്ടര ലക്ഷംരൂപ മാസശമ്പളമുള്ള ജോലി എന്നു കേട്ടപ്പോള്‍ റിസ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.   ദീര്‍ഘകാലം സൌദിയിലെ  എണ്ണക്കമ്പനിയില്‍ ജോലി ചെയ്ത എക്സ്പീരിയന്‍സ് വെച്ച് അപേക്ഷിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. വിമാനത്താവളത്തിനു   പുറത്തുകടന്നു ഞാന്‍ കമ്പനിയിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഇന്ന് രാത്രി ഏതെങ്കിലും ലോഡ്ജില്‍ താമസിക്കാനായിരുന്നു നിര്‍ദേശം. രാവിലെ കമ്പനിയിൽനിന്നും ആരെങ്കിലും വരും..

Saturday, September 11, 2010

കൈ വെട്ടിയവന്‍റെ കുറ്റബോധം



ഏതു നശിച്ച നേരത്താണ് തനിക്കത്‌ ചെയ്യാന്‍ തോന്നിയത്. അവളുടെ വാക്കുകേട്ടുനെറികേടിനു ഇറങ്ങി തിരിക്കുമ്പോള്‍ താനൊരു പിശാചായി മാറുകയായിരുന്നോ. ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞു കൊണ്ട് നോവിക്കുകയോ ഒരു മൊട്ടുസൂചിപോലും കട്ടെടുക്കുകയോ ഇന്നേവരെ ചെയ്തിട്ടില്ലാത്തെ തന്നെ ഇങ്ങിനെ മാറ്റിയെടുക്കാന്‍ ഇവള്‍ക്ക് എങ്ങിനെ സാധിച്ചു. സത്യസന്തത, കാരുണ്യം ഇതൊക്കെ തനിക്കു കൈമോശം വരികയാണോ. കുറ്റബോധംകൊണ്ട് അയാളുടെ മനസ്സ് വിങ്ങുകയായിരുന്നു.

Sunday, August 22, 2010

എയറിന്ത്യക്ക് എന്‍റെ പെരുന്നാള്‍ ആശംസകള്‍.

പതിവുപോലെ വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ മിന്നു ചോദിച്ചു.
"ഉപ്പ പെരുന്നാളിന് വരില്ലേ ?".
"ഇല്ല മോളെ. ഞാന്‍ വലിയ പെരുന്നാളിന് വരാം". ഞാന്‍ പറഞ്ഞു

"ന്ഹും അയ്യേ..ഇപ്പയില്ലാതെ പെരുന്നാള്‍ ഒരു രസൂല്യ. അവള്‍ ചിണുങ്ങാന്‍ തുടങ്ങി". അതിനിടയില്‍ മൂന്നു വയസുകാരി സന മോളുടെ കരച്ചില്‍ കേട്ടു. ഫോണ്‍ കട്ടായി. പാവം കുട്ടികള്‍. അവര്‍ക്ക് ഉപ്പയില്ലാതെ എന്ത് പെരുന്നാള്‍. പ്രതേകിച്ചും പെണ്‍കുട്ടികള്‍ക്ക്. മിന്നുവിന്റെ ചോദ്യം എന്‍റെ മനസ്സില്‍ നേരിയ ഒരു വേദനയുണ്ടാക്കി. അപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത്  മറ്റൊരു പെരുന്നാള്‍ ദിനമായിരുന്നു.

Saturday, August 7, 2010

ഗോപാലന്‍ മാഷും എന്‍റെ സ്കൂള്‍ ചാട്ടവും



ഭാഗം -1
 ഉച്ച കഴിഞ്ഞു സ്കൂളില്‍  ഇരിക്കുന്നത് ആന മണ്ടത്തരമാണ്‌. അത് കൊണ്ട്  സ്കൂളില്‍ നിന്ന് ചാടിപ്പോരുക എന്നത് എന്‍റെ സ്ഥിരം പരിപാടി ആയിരുന്നു. വയറുവേദന ആയിരുന്നു നാലാംക്ലാസ്സ് വരെ  അതിനുള്ള അടവ്. അബ്ദുള്ള മാഷുടെ ക്ലാസ് കഴിഞ്ഞാലുടന്‍ വയറു വേദന തുടങ്ങും. മൂപ്പര്‍ ആളൊരു മോശേട്ടയാണ്.  പക്ഷെ രാധ ടീച്ചര്‍ അങ്ങിനെ അല്ല. ഭയങ്കര സ്നേഹമാണ്. ടീച്ചര്‍ക്കും അറിയാം എന്‍റെ വയറു വേദന തട്ടിപ്പാണെന്ന്. പക്ഷെ എന്‍റെ മോങ്ങല്‍ അസഹ്യമാകുമ്പോള്‍  ഇറക്കിവിടും.

Tuesday, August 3, 2010

റ്റൂമച് പ്രോബ്ലം നോ പ്രോബ്ലം


അക്ബര്‍ ഭായ് ക്യാ ഹോഗയാ ?

കഷ്ടകാലത്തിന് ഒരു ബ്ലോഗ്‌ തുടങ്ങി. അതില്‍ ഇടയ്ക്കു എന്തെങ്കിലും എഴുതി പോസ്റ്റിയില്ലെങ്കില്‍ എണ്ണ തീര്‍ന്ന വിളക്ക് പോലെ ഭൂലോകത്തെ കാറ്റില്‍  ബ്ലോഗ്‌  കെട്ടു പോകുമെന്നാണ് എന്റെ ബ്ലോഗ്‌ ഗുരു പറഞ്ഞത്. അപ്പൊ എന്ത് പോസ്റ്റുമെന്നു ആലോചിച്ചിരിക്കുമ്പോഴാണ്   ഓഫീസിലെ ടീ ബോയ്‌ ബംഗ്ലാദേശുകാരനായ  മുര്ഷിദുല്‍ ആലമിന്‍റെ ചോദ്യം.

Tuesday, July 20, 2010

അമ്മാവന്‍ ഔട്ട്‌ ഓഫ് റേഞ്ച്.

ഹലോ..ഹലോ അമ്മാവാ..
എന്താ മോനെ വിശേഷം ?
നല്ല വിശേഷം. അമ്മാവന് സുഖമല്ലേ ?
അതെ പരമ സുഖം.
ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ.
പറയൂ. അതിനു മുഖവുര എന്തിനാ ?
അതേയ് അമ്മാവാ...എനിക്ക് ഒരു വിസ വേണം.
ഹലോ...ഹലോ... എന്താ പറഞ്ഞത് ?
ഒരു വിസ വേണം വിസ വേണം...
ഹലോ... ഹലോ എന്താ പറഞ്ഞത്. കേള്‍ക്കുന്നില്ല.

Friday, July 9, 2010

ഇത് നമ്മള്‍ രചിക്കുന്ന കേരളം


(ഒരു മൂന്നാം ക്ലാസുകാരിയുടെ ഈണത്തില്‍ ഇത് വായിക്കാനപേക്ഷ)

കേരളത്തിലെ റോഡുകള്‍ സുരക്ഷിതമാക്കാന്‍ റോഡുകളിലെ കുഴികളില്‍ വായാനക്കാര്‍ വാഴക്കന്ന് നടുന്നു
കേരളത്തിലെ ഓടകളില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍
മാലിന്യ മുക്ത കേരളത്തിന്റെ ഭൂപടം തെളിയുന്നു.

മോളെ അതൊന്നുകൂടി വായിച്ചേ...

Sunday, July 4, 2010

വഴക്ക്





ഹലോ..ഹലോ..
പറയൂ.......
വാഷിംഗ് മെഷീന്‍ കേടായി
ഞാനെന്തു വേണം -?
നാലായിരം വേണം

Monday, June 28, 2010

ദുരഭിമാനികളായ ദാസന്‍മാര്‍

ശക്തമായ പൊടിക്കാറ്റു പലപ്പോഴും മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. പകല്‍സമയമായിട്ടുപോലും പൊടി കാരണം എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കത്തുന്നു. ഗള്‍ഫിലെ റോഡുകളില്‍ ഇത്  പതിവ് കാഴ്ചയാണ്. നഗരം വിട്ടിട്ടു എണ്പതു കിലോമീറ്റര്‍ കഴിഞ്ഞു. പൊടിക്കാറ്റു കാരണം വളരെ പതുക്കെയാണ് ഞാന്‍ ഡ്രൈവ് ചെയ്യുന്നത്.  ദാസന്‍ പറഞ്ഞ അടയാളങ്ങളുള്ള പെട്രോള്‍ പമ്പിലേക്കു  കാര്‍ കയറ്റിയിട്ടു. വീണ്ടും അയാളുടെ മൊബൈലില്‍ വിളിച്ചു. പമ്പിനു ഇടതുവശത്ത്‌ കൂടെയുള്ള ചെറിയ റോഡിലൂടെ വരനായിരുന്നു നിര്‍ദേശം. റോഡില്‍ ഒട്ടകങ്ങളുണ്ടാകും സൂക്ഷിക്കണം. ദാസന്‍ ഓര്‍മിപ്പിച്ചു. പിന്നെയും പതിനാലു പതിനഞ്ചു  കിലോമീറ്റര്‍ കഴിഞ്ഞുകാണും മരുഭൂമിയിലെ ഒറ്റപ്പെട്ട ലേബര്‍ക്യാമ്പിലെത്താന്‍.

Sunday, June 20, 2010

കേരള രാഷ്ട്രീയ വാരഫലം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കേരളത്തിലെ മാധ്യമ സിന്റിക്കേറ്റ് പടച്ചു വിട്ട പനിയില്‍ ആയിരങ്ങള്‍ ഇപ്പോഴും വലയുകയാണ്. യാതൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ മഴ പെയ്യുന്നതാണ് പനിയുടെ ശാസ്ത്രീയ കാരണമെന്ന് മുഖ്യമന്ത്രി ആരോഗ്യ മത്രിയെ ആശ്വസിപ്പിക്കുന്നുന്ടെങ്കിലും മാധ്യമങ്ങളെ പരമാവധി നിയന്ത്രിച്ചു പനിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ശ്രീമതി ടീച്ചര്‍.

പനിയെപറ്റി പഠിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ഇത് കേട്ടാല്‍ തോന്നും ഡങ്കി, H1N1, എലിപ്പനി തുടങ്ങിയ മുന്തിയ ഇനം പനികളൊക്കെ കേരളത്തില്‍ മാത്രമേ പഠിക്കാന്‍ കിട്ടൂ എന്ന്. കൂടുതല്‍ പഠനം ആവശ്യമാണെന്ന് പറഞ്ഞു സംഘം തിരിച്ചു പോയത്രേ. ഉപരിപഠനം ഇനി ഡല്‍ഹിയില്‍ വെച്ച് നടത്തട്ടെ !. അടുത്ത വരഷമെങ്കിലും മഴ “വ്യവസ്ഥയോടും വെള്ളിയാഴ്ചയോടും” കൂടി പെയ്യാന്‍ നമുക്ക് പ്രാര്‍ഥിക്കാം. അല്ലാതെ കേരളം മാലിന്യ മുക്തമാക്കാനും ഓടകള്‍ വൃത്തിയാക്കാനും അങ്ങിനെ പകര്‍ച്ച വ്യാദികള്‍ തടയാനുമൊക്കെ നമ്മുടെ സര്‍ക്കാരിനെക്കൊണ്ടാകുമോ. കേരളം ആര് ഭരിച്ചാലും ഓടകള്‍ കൊതുകുകള്‍ ഭരിക്കട്ടെ.

Monday, March 8, 2010

നിലാവില്‍ ഒഴുകി വന്ന താരാട്ട്

ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ മണി 5 കഴിഞ്ഞിരുന്നു. "ഇനിയും മരുന്ന് കഴിക്കുന്നത്‌ കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല”.  ധൃതിയില്‍ ബസ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ അയാളെ തെല്ലു ആലോസരപ്പെടുത്താതിരുന്നില്ല . കവലയില്‍ ബസ്സ് പോയിക്കഴിഞ്ഞിരുന്നു. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ ബസ്സുള്ളൂ. പെട്ടിക്കടക്കാരനോട് ചോദിച്ചു ഉറപ്പുവരുത്തി അയാള്‍ വൈറ്റിംഗ് ഷെഡഡിലെ സിമെന്റ്  ബെഞ്ചിലിരുന്നു. കവലയില്‍ ചെറിയൊരാള്‍ക്കൂട്ടം. വല്ല തെരുവ് സര്‍ക്കസ്സോ സൈക്കിള്‍ അഭ്യാസമോ കുരങ്ങു കളിയോ ചീട്ടു കളിയോ ആവാം. അയാള്‍ ശ്രദ്ധിക്കാന്‍  പോയില്ല.  ജീവിക്കാന്‍ വേണ്ടി എന്തെല്ലാം റിയാലിറ്റി ഷോകള്‍ തെരുവില്‍ നിത്യവും നടക്കുന്നു.

Wednesday, February 24, 2010

ആറാം തമ്പുരാനും ആറാം ഇന്ദ്രിയവും

കാര്യങ്ങള്‍ കണ്ടറിയാനും കേട്ടറിയാനും തൊട്ടറിയാനുമൊക്കെയുള്ള sense, sensibility & sensitivity ഒക്കെ മമ്മൂട്ടിക്ക് മാത്രമല്ല നമുക്കുമുണ്ട്. എന്നാല്‍ സുകുമാര്‍ അഴീക്കോടിനു മറ്റൊരു കഴിവ് കൂടിയുണ്ട്. അതാണ്‌ sixth sense. ആറാം ഇന്ദ്രിയം. അഴീക്കോടില്‍ ഈ അപൂര്‍വ കഴിവ് പ്രവര്‍ത്തിച്ചു തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഒരു ജീവിയും സ്വന്തം കൂട് വൃത്തി കേടാക്കരുതെന്നു പറഞ്ഞതും മുഖ്യമന്ത്രി "ജീവി" എന്ന പദം "പട്ടി"യായി തെറ്റിദ്ധരിച്ചതും വിവാദമായിരുന്നല്ലോ. താന്‍ പറഞ്ഞത് ജീവി എന്നാണെങ്കിലും ഉദ്ദേശിച്ചത് പക്ഷി ആണെന്നും, മുഖ്യ മന്ത്രിക്കു സാഹിത്യ ഭാഷ മനസ്സിലാവില്ലേ എന്നും അഴീക്കോട്സാറ് ചോദിച്ചത് നാം കേട്ടതാണ്.

Thursday, February 18, 2010

പോക്കര്‍ മാഷിന്‍റെ സാമൂഹ്യ പാഠം

ഒന്‍പതാം ക്ലാസ്സില്‍ ഞങ്ങളുടെ ക്ലാസ് മാസ്റ്ററായിരുന്നു  പോക്കര്‍ മാസ്റ്റ്.  എന്‍റെ അറിവില്‍ മീന്‍ പിടുത്തമാണ് മാസ്റ്ററുടെ ഒരേ ഒരു ഹോബി. എന്‍റെ വീട്ടില്‍ നിന്നും ആറേഴു കിലോ മീറ്റര്‍ ദൂരെയാണെങ്കിലും മാഷ്‌ ഇടയ്ക്കു വീട്ടില്‍ വരും. കാരണം ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന അനേക ചെറു പുഴകളില്‍ ഒന്ന് എന്‍റെ വീട്ടിനടുത്താണ്. ചെറു പുഴയ്ക്കു കുറുകെ വലയിട്ടു നഞ്ഞു (വിഷം) കലക്കുകയാണ് മാസ്റ്ററുടെയും സംഘത്തിന്‍റെയും മീന്‍ പിടുത്തത്തിന്‍റെ ഒരു രീതി. പുഴയില്‍ അന്നേ വരെ പിറന്നതും പിറക്കാനിരിക്കുന്നതുമായ സകല മത്സ്യങ്ങളും മാസ്റ്ററുടെ വരവോടെ പരലോകം പൂകും.

മാസ്റ്ററുടെ വരവ് എന്‍റെ ബാപ്പക്ക് വലിയ സന്തോഷമാണ് . സ്കൂള്‍ വരെ പോകാതെ മകന്‍റെ "പഠന നിലവാരം" ചോദിച്ചറിയാം.  എന്നെക്കുറിച്ച് "നല്ല" കാര്യങ്ങളേ മാസ്റ്റര്‍ക്ക് പറയാന്‍ കാണൂ.  ഞാന്‍ നാന്നാവാന്‍ ഒരു സാദ്ധ്യതയുമില്ലെന്നു കണ്ടു പിടിച്ചതും ബാപ്പയോട് തുറന്നു പറഞ്ഞതും  പോക്കര്‍ മാസ്റ്റാണ്.  അതുകൊണ്ട് തന്നെ ‍ രാത്രിയിലുള്ള  ഈ  സംഘത്തിന്‍റെ  വരവ് എനിക്ക്   തീരെ  പിടിക്കാറില്ല.

Monday, February 1, 2010

പ്രവാസിയുടെ മണവാട്ടി


ഈ സ്പ്രേക്കെന്താ പോത്തിന്‍റെ മണം ?

അത് എന്റെ സുഹൃത്തിന് കൊടുക്കാനാണ്. 
അവിടെ വെച്ചേക്ക് 

ഈ ആടിലി പൌഡര്‍ ഇച്ചി മാണ്ട. ഇങ്ങക്ക് റോയല്‍ മേരെജ് മാങ്ങ്യാ പോരായ്ന്യോ ?

നഫീസേ. അത് ആടിലിയും യാടിലിയും ഒന്നുമല്ല. റൈഡ് സ്പ്രേ ആണ്. കൂറയെ കൊല്ലാനുള്ള സ്പ്രേ.

Thursday, January 28, 2010

കോണ്ഗ്രസിന്‍റെ വാശിയും മുരളീധരന്‍റെ കാത്തിരിപ്പും

കെ.പി. സി. സി. എക്സികുട്ടീവ് യോഗത്തില്‍ കോണ്ഗ്രസിന്‍റെ പടിപ്പുര വാതില്‍ വീണ്ടും  മുരളിക്ക് മുമ്പില്‍  കൊട്ടിയടക്കാന്‍ തീരുമാനമായി. ക്ഷമയുടെ അവസാനത്തെ നെല്ലിപ്പടിയില്‍ ചമ്രം പടിഞ്ഞിരുന്നു മുരളീധരന്‍ പറയുന്നു. "സസ്പെന്‍ഷന്‍ കാലാവധി തീരുംവരെ ഞാന്‍ കാത്തിരിക്കും".   അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാന്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും സാധിക്കില്ല എന്നായിരിക്കാം മുരളിയുടെ വിശ്വാസം. ശത്രു ആരെന്നോ മിത്രമാരെന്നോ തിരിച്ചറിയാത്ത മുരളി എന്നും രാഷ്ട്രീയക്കളിയിലെ ഉന്നം നോക്കി ഗോളടിക്കാന്‍ അറിയാത്ത കളിക്കാരനാണ്.  അത് കൊണ്ട് തന്നെ ഏറെക്കാലമായി ഗാലറിയില്‍ ഇരുന്നു ഇങ്ങിനെ കമെന്റ് അടിച്ചു കൊണ്ടിരിക്കുന്നു.

Tuesday, January 26, 2010

കടലാസ് തോണിയില്‍ കയറിയാല്‍ ജീവിതം മറുകര കാണില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അവധി കഴിഞ്ഞു തിരിച്ചു വരാനായി മുംബൈ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൌണ്ടറില്‍ നില്‍ക്കുകയായിരുന്നു ഞാന്‍.  തും കിതര്‍ ജാ രഹെഹോ.? തൊട്ടു മുമ്പിലെ യാത്രക്കാരനോടാണ് പോലീസുകാരന്‍റെ ചോദ്യം. അയാള്‍ ഒന്നും മിണ്ടിയില്ല. ഒറ്റനോട്ടത്തില്‍ ആള് മലയാളിയാണെന്ന് മനസ്സിലായി. പോലീസുകാരന്‍ ചോദ്യം ആവര്‍ത്തിച്ചു. ഹരേ ഭായ്..തും കിതര്‍ ജാ രഹെഹോ. ? അപ്പോഴും പോലീസുകാരനെ നോക്കിയതല്ലാതെ അയാള്‍ ഒന്നും മിണ്ടിയില്ല. പോലീസുകാരന് ശരിക്കും ദേഷ്യം വന്നു. നല്ല ഒന്നാംതരം ഹിന്ദിയില്‍ അയാള്‍ തെറിവിളിച്ചു. എമിഗ്രേഷന്‍ കാര്‍ഡ്‌ തിരിച്ചു കൊടുത്തിട്ട് മാറി നില്‍ക്കാന്‍ പറഞ്ഞു.

Sunday, January 24, 2010

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.

Tuesday, January 19, 2010

മദര്‍ സീരിയസ്. സ്റ്റാര്‍ട്ട്‌ ഇമ്മീടിയറ്റ്ലീ


സൗദിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന മനോജിന്‍റെ ഓഫീസിലേക്ക് അപ്രതീക്ഷിത സമയത്താണ് ദുബായില്‍ നിന്ന് അളിയന്‍റെ ഫോണ്‍ വന്നത്. അന്ന് ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമാണ്. നാട്ടിലും ഫോണ്‍ കണക്ഷന്‍  വ്യാപകമായിരുന്നില്ല

“നിന്‍റെ ജോലി ശരിയായി. വിസ നാട്ടിലേക്കു അയച്ചിട്ടുണ്ട് . നീ ഉടനെ നാട്ടില്‍ പോയി വിസ സ്റ്റാമ്പ് ചെയ്തു പതിനഞ്ചു ദിവസത്തിനുള്ളില്‍ ദുബായില്‍ എത്തി ജോയിന്‍ ചെയ്യണം.” ഇതായിരുന്നു അളിയന്‍റെ ഫോണ്‍ കോളിലെ ഉള്ളടക്കം

Wednesday, January 13, 2010

ഓഹരിനിലവാരം പോയ വാരം

ഓഹരി നിലവാരംപോയ വാരം
മഞ്ചേരി വഴിയുള്ള നീക്കം PDP സഖാക്കള്‍ തടഞ്ഞത് മൂലം ഉണ്ണിത്താന്‍ പൊളിറ്റിക്കല്‍ സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വാരത്തില്‍ രേഖപ്പെടുത്തിയത്. “ഉഭയകക്ഷി സമ്മത വാദികള്‍” ഓഹരി വാങ്ങാന്‍ താല്‍പര്യം കാണിച്ചതോടെ മാര്‍ക്കറ്റു അല്‍പം മെച്ചപ്പെട്ടെങ്കിലും സക്കറിയ സദാചാര കമ്പനിയുടെ മൊത്ത വില്‍പ്പന ഏറ്റെടുത്തതോടെ സഖാക്കള്‍ ഓഹരി വിറ്റഴിക്കാന്‍ തിടുക്കം കാട്ടിയത് തിരിച്ചടിയായി. സെന്‍സെക്സ് മൈനസ് 446 പോയിന്ടില്‍ ക്ലോസ് ചെയ്തു.

മഞ്ചേരിയിലെ സദാചാര കമ്പനിയുടെ തകര്‍പ്പന്‍ വില്‍പനക്കിടയില്‍ അഴീകോടന്‍ കമ്പനിയുടെ സാംസ്കാരിക വില്‍പന ഈ വാരത്തില്‍ വിപണിയില്‍ ശ്രദ്ധ പിടിച്ചു പറ്റാതെ പോയി. ഉണ്ണിത്താനെതിരെ സാംസ്കാരികം ഇറക്കിയ ഉല്പന്നം മാര്‍ക്കറ്റിങ്ങില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല . സെന്‍സെക്സ് -17 പോയിന്ടില്‍ ക്ലോസ് ചെയ്തു.

Thursday, January 7, 2010

തലക്കിടി ആശാന്‍റെ തമാശ

കേരള പോലീസിനു എന്‍റെ സല്യൂട്ട്. റിപ്പര്‍ സുരേന്ദ്രന്‍ തീവ്രവാദിയല്ല.  ഭീകര വാദിയല്ല. ബോംബ്‌ ബാഗിലിട്ടു നടക്കുന്നവനോ  ലഷ്കറി ത്വൈബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ പോയിട്ട് ഏരിയാ കമ്മറ്റി മെമ്പര്‍ പോലുമല്ല.  എന്ന് വെച്ചാല്‍ നാളെ വിമാനം തട്ടിയെടുത്തു റിപ്പറെ മോചിപ്പിക്കാന്‍ ആരും ആവശ്യപ്പെടും എന്നൊന്നും ഭയപ്പെടാനില്ല . പിന്നെയോ രാഷ്ട്രീയത്തിലും ഈ വിദ്വാനു പിടിപാടുണ്ടെന്നു തോന്നുന്നില്ല.  പോലീസ് പിടിച്ചു  സ്റ്റേഷനില്‍ എത്തുമ്പോഴേക്കും പ്രതിക്ക് ചായ വാങ്ങിച്ചു കൊടുത്ത് വീട്ടില്‍ കൊണ്ട് വിടാന്‍ ആരും മോളീന്ന് വിളിച്ചു പറയാനില്ലാത്ത ഒരു പാവം കള്ളന്‍.  ഇനി ഇദ്ദേഹം ആള്‍ കേരള കള്ളന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ആണോ എന്നറിയില്ല.