Saturday, April 2, 2011

രോഗിയും ചികിത്സകനും.

(മുന്‍‌കൂര്‍ ജാമ്യം- കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം.കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവും ഇല്ല. മരിച്ചവരുമായി തീരെ ഇല്ല).

നീണ്ട പ്രവാസം അവസാനിപ്പിച്ചു ഹസ്സന്‍കോയ ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്. ആളെ എനിക്ക് വർഷങ്ങളായി അറിയാം. സൂപ്പര്‍മാര്‍ക്കറ്റിലെ കാഷിയര്‍. ആളു സുന്ദരന്‍, സുമുഖന്‍, സത്യസന്ധന്‍, സൌമ്യശീലന്‍. എപ്പോള്‍ കണ്ടാലും "എന്താണ് കോയാ" എന്നു കോഴിക്കോടന്‍ ശൈലിയില്‍ കുശലം ചോദിക്കാന്‍ മറക്കാത്ത തനി കോഴിക്കോടന്‍.

എന്നാല്‍ ഹസ്സന്‍ ഒരു മാറാരോഗത്തിനു അടിമയായിരുന്നു എന്നു ഞാന്‍ അറിഞ്ഞത് ഇന്നലെ. നീണ്ട പതിനാലു വര്‍ഷക്കാലം ഹസ്സന്‍ തന്‍റെ രോഗത്തെ മറ്റുള്ളവരില്‍ നിന്നും മറച്ചു വെച്ചു. തന്‍റെ കുടുംബത്തിനു വേണ്ടി. മക്കള്‍ക്ക്‌ വേണ്ടി. തനിക്കു വേണ്ടി. അതറിഞ്ഞപ്പോള്‍ എന്‍റെ ചങ്ക് തകര്‍ന്നു പോയി. ഇത് വായിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ചങ്കും തകരും. ഹസ്സന്‍റെ രോഗം അറിയാവുന്ന ഒരേ ഒരാള്‍ അയല്‍വാസിയായ അതേ കടയില്‍ ജോലി ചെയ്യുന്ന നാസര്‍. ഇരുവരും ഇടക്കൊന്നു പിണങ്ങി.

നാസര്‍ കടം വാങ്ങിയ കാശ് അഞ്ചെട്ടു വര്‍ഷത്തിനു ശേഷം ഹസ്സന്‍ തിരിച്ചു ചോദിച്ചു. അന്യായമല്ലേ അതു. നാസര്‍ ഉടക്കി. ഹസ്സന്‍ ഒരു "മാറാരോഗി" ആണെന്ന കാര്യം അറബിയെ അറിയിച്ചു. ഹസ്സനോട് പെരുത്തു മുഹബ്ബത്തുള്ള മുതലാളി നാസറിനെ വിരട്ടി. പണ്ടേ നാസറിനെ കണ്ടാല്‍ മുതലാളിക്ക് കലി കയറും.  അതു കൊണ്ട് നാസര്‍ എപ്പോഴും മുതലാളിയുടെ പരിധിക്കു പുറത്തേ നിക്കൂ.

മുതലാളി പരദൂഷണം പറയാതെ "ഇന്‍ത്ത ശൂഫ് ശുകല്‍" (നീ പോയി നിന്റെ പണി നോക്കെടാ.) എന്നു പറഞു നാസറിനെ ആട്ടിഓടിച്ചു. സംഗതി ഏറ്റില്ലങ്കിലും പിന്‍മാറാന്‍ നാസര്‍ തയാറായില്ല. മുതലാളി ഇടഞ്ഞു നില്‍ക്കുന്ന കൊമ്പനാണ്‌. തോട്ടികെട്ടി കളിക്കുമ്പോള്‍ സൂക്ഷിക്കണം. അതുകൊണ്ട് അടുത്ത നീക്കം പാളിപ്പോകരുത്. നാസര്‍ ഹസ്സന്‍റെ അസുഖത്തിനു തെളിവുകള്‍ പരതി.

കുറിപ്പടികള്‍,
ശീട്ടുകള്‍.
എക്സ് റേ
എല്ലാം കിട്ടി. പിന്നെ താമസിച്ചില്ല. വീണ്ടു മുതലാളിയെ കണ്ടു.

പക്ഷെ മുതലാളി ഇടഞ്ഞു തന്നെ നിന്നു. നാസര്‍ എന്ന ഇബ്‌ലീസിനെ കണ്ടതും "ശൂഫു ശുകല്‍ യാ ഹിമാര്‍" (പോയി ജോലി നോക്കെടാ ഹിമാറെ) എന്നു പറഞ്ഞു വീണ്ടും ഓടിച്ചു. പടച്ചോനെ ഇയാളെ ഇനി എങ്ങിനെ പറഞ്ഞു മനസ്സിലാക്കും. കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നാണല്ലോ. ഇയാള്‍ കൊണ്ടാലും അറിയില്ലേ. "വെറുതെയല്ല ഇയാള്‍ ഗുണം പിടിക്കാത്തത്" നാസര്‍ സ്വയം പറഞ്ഞു. 

ഒടുവില്‍ മുതലാളി സ്ഥലത്തില്ലാത്ത നേരം നോക്കി നാസര്‍ തെളിവുകള്‍ സൂപര്‍മാര്‍ക്കറ്റിനു മുകളിലത്തെ മുതലാളിയുടെ ഓഫീസില്‍ മേശപ്പുറത്തു വെച്ചു ഓടി. "ഇനി മുതലാളി ആയി മുതലാളിയുടെ പാടായി". പക്ഷെ അതേറ്റു. നാസറിന് മുതലാളിയുടെ വിളി വന്നു. നാസര്‍ ഹാപ്പി ജാം കഴിക്കാതെത്തന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

നാസര്‍ ഹാജര്‍.
മുതലാളിക്ക് മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ. നാസര്‍ പ്രതിത്ജ്ഞ എടുത്തു

 "എഷ്ഫി ഹാഥ ? (എന്തൊക്കെയാടാ ഇത് ?)" മുതലാളി ചോദിച്ചു.
ഇത് ഹസ്സന്‍ നീട്ടിലേക്ക് അയച്ച ലക്ഷക്കണക്കിന്‌ രൂപയുടെ ബാങ്ക് രസീതികള്‍.
ഇത് വയനാട്ടില്‍ അയാള്‍ വാങ്ങിയ കാപ്പിത്തോട്ടത്തിന്‍റെ വിശദ വിവരങ്ങള്‍,
ഇത് നാലേക്കര്‍ തെങ്ങിന്‍ തോപ്പിന്‍റെ വിവരങ്ങള്‍.

"അപ്പൊ ഈ എക്സ് റേ " ?
"ഇത് കോഴിക്കോട് ഹസ്സന്‍ പണിത "കോയ ബംഗ്ലാവില്‍" ഞാനും ഹസ്സനും നില്‍ക്കുന്ന ഫോട്ടോ.
ഇത് കോഴിക്കോടങ്ങാടിയില്‍ ഹസ്സന്‍ പണി കഴിപ്പിച്ച എട്ട് നില കെട്ടിടം. ഇത് പണിയാന്‍ പോകുന്ന........."

"ബസ് ബസ്" (മതി മതി) മുതലാളി പറഞ്ഞു.
ഇനിയും കേള്‍ക്കാനുള്ള ത്രാണി മുതലാളിക്കില്ലായിരുന്നു. എല്ലാംകൂടി കൂട്ടിനോക്കിയാല്‍ മുതലാളിയുടെ മൊത്തം ആസ്തിയുടെ ഇരട്ടി വരും.

"വള്ളാഹി ഹസ്സന്‍ ഹാറാമി" (പടച്ചോനാണേ ഹസ്സന്‍ കള്ളനാണ് ). മുതലാളിയുടെ നാവില്‍ നിന്നു അതു കൂടി കേട്ടതോടെ നാസറിന്‍റെ മനസ്സില്‍ ലെഡു പൊട്ടി. ഒരുത്തന്‍റെ ജീവിതം കൊഴഞാട്ടയാക്കുമ്പോള്‍ കിട്ടുന്ന സുഖം എന്താന്നെന്നു നാസര്‍ അനുഭവിച്ചറിഞ്ഞു.
"ആസ്തമയാണ് മുതലാളീ ഹസ്സന്‍റെ രോഗം. ആസ്തമ. കടുത്ത വലിവ് (അതായത് വലി). സന്ധ്യാനേരത്താണ് ഈ അസുഖം കൂടുന്നത്".

"പക്ഷെ എനിക്ക് തെളിവ് വേണം" എന്നായി മുതലാളി.
(ഇനിയും തെളിവോ ? ഇയാളുടെ തലയില്‍ പിണ്ണാക്കാണോ. ഈ തന്നതൊക്കെ പിന്നെന്താ ആട്ടിന്‍കാട്ടമാണോ. നാസര്‍ പിറുപിറുത്തു).
"തെളിയിക്കാം മുതലാളി. നാളെ ഇതേ സമയം തെളിയിക്കാം".നാസര്‍ വാക്ക് കൊടുത്തു.

പിറ്റേന്ന്  നാസര്‍ ആരുമറിയാതെ ഒരു രഹസ്യ ക്യാമറ കൌണ്ടറിനു മുന്നില്‍ ഫിറ്റു ചെയ്തു. അന്ന് മഗിരിബു നമസ്ക്കാരം കഴിഞ്ഞു നാസറും മുതലാളിയും കൂടെ ടി വി കാണാന്‍ ഇരുന്നു. ഹസ്സന്‍ താഴെ പൊരിഞ്ഞ തിരക്കിലാണ്. "പടച്ചോനെ ഇന്നും ഹസ്സന് ആസ്തമ കൂടണേ".......നാസര്‍ ഒള്ളുരുകി പ്രാര്‍ഥിച്ചു.

അപ്പോള്‍ ക്ലോസ് സര്‍ക്ക്യുട്ടു ടീവിയിലൂടെ പാതാള നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന മുതലാളികണ്ടു. ഓരോ കസ്റ്റമര്‍ കാശ് കൊടുക്കുമ്പോഴും അതു വാങ്ങി ഹസ്സന്‍ കാഷ് മെഷീനിലേക്ക് ഇടുന്നപോലെ ആക്ഷന്‍ കാണിച്ചു കുപ്പായത്തിന്‍റെ കൈ ഒന്ന് മടക്കും. ഇത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ഓരോതവണ മടക്കുമ്പോഴും തന്‍റെ റിയാലുകള്‍ ആ കുപ്പായ കയ്യില്‍ മടങ്ങി പോകുന്നത് മുതലാളി ശരിക്കും കണ്ടു. കാണാത്തത് നാസര്‍ കാണിച്ചു കൊടുത്തു. ഇഷാ സമസ്ക്കാരമായപ്പോഴേക്കും ദാദാ സാഹിബിലെ മമ്മൂട്ടിയുടെ കുപ്പായം പോലെ ഫുള്‍ കൈയായിരുന്ന ഹസ്സന്‍റെ കുപ്പായക്കൈ പഴയ ബ്ലാക്ക് & വൈറ്റ് സിനിമയിലെ നസീറിന്‍റെ കുപ്പായം പോലെ മലോട്ടു കയറി.

നാസര്‍ മുതലാളിയെ നോക്കി. ആ മുഖത്തു പേശികള്‍ വലിഞ്ഞു മുറുകുന്നത് കണ്‍കുളിര്‍ക്കെ കണ്ടപ്പോള്‍ നാസറിന്‍റെ മുഖം ഉദയ സൂര്യനെ പോലെ വെട്ടിത്തിളങ്ങി. നമസ്ക്കാര സമയത്തിനായി കട അടക്കാന്‍ നേരത്ത് മുതലാളി ഇന്‍റെര്‍ കോമിലൂടെ ഹസ്സനെ മുകളിലേക്ക് വിളിപ്പിച്ചു. നാസ്സറിന്‍റെ മനസ്സില്‍ പിന്നെയും ലഡു പൊട്ടി. ഇനി അടുത്ത കാഷിയര്‍ താന്‍ തന്നെ. ആ പ്രഖ്യാപനം കേള്‍ക്കാന്‍ ആകാംക്ഷയായി. മുതലാളിയുടെ മുമ്പില്‍ ഭവ്യതയോടെ ഹാജരായ ഹസ്സനോട് മുതലാളി പറഞ്ഞു

"എന്താ ഹസ്സാ നിന്‍റെ കുപ്പായക്കൈ ഇങ്ങിനെ. അതൊന്നു താഴ്ത്തിയിട്ടെ". അപ്രതീക്ഷിതാമായി അതു കേട്ടപ്പോള്‍ ഹസ്സന്‍റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ കടന്നു പോയി. അപ്പോഴാണ്‌ ടീവിക്കു പിന്നില്‍ മുതലാളിയോട് ചേര്‍ന്നിരിക്കുന്ന ഉദയ സൂര്യനെ കണ്ടത്. ഹസ്സന്‍റെ കുപ്പായക്കൈയില്‍ നിന്നും വീണ റിയാലുകള്‍ എണ്ണി മേശപ്പുറത്തു വെക്കുമ്പോള്‍ മുതലാളി നാസറിനോട് പറഞ്ഞു

"ഹസ്സനൊരു ടിക്കെറ്റ് ബുക്ക്‌ ചെയ്തോളൂ"
"ശരി മുതലാളി. നാളത്തെക്കല്ലേ ?" ലോട്ടറി കിട്ടിയ സന്തോഷത്തോടെ നാസര്‍ ചോദിച്ചു.
"അതേ. ആട്ടെ. ഹസ്സന്‍റെ ഈ ആസ്ത്മ നിനക്ക് എത്ര കാലമായിട്ടറിയാം" നാസര്‍ ട്രാവല്‍സിലേക്ക് ഡയല്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ മുതലാളിയുടെ ഒരു വേണ്ടാത്ത ചോദ്യം.

ഹാവൂ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ.
"എനിക്ക് പത്തു വര്‍ഷമായിട്ടു അറിയാം മുതലാളി".
"വള്ളാഹി ???
"വള്ളാഹി, മുതലാളിയാണെ സത്യം. പത്തു കൊല്ലമായി മുതലാളി ഇവന് ആസ്ത്മ തുടങ്ങിയിട്ട്. 
"ഓഹോ എന്നാല്‍ ഒരു ടിക്കറ്റൂടെ ബുക്ക്‌ ചെയ്തോളൂ"
അതാര്‍ക്കാ മുതലാളി രണ്ടു ടിക്കറ്റ് ? മുതലാളിയും കൂടെ പോകുന്നോ ?.

"മാഫി യാ ഹിമാര്‍. ഹാഥ ഹഗ്ഗക്" (അല്ല കഴുതേ ഒരു ടിക്കറ്റ് നിനക്കാ)..

ഉദയ സൂര്യന്‍റെ മണ്ടയില്‍ ഇടിത്തീ വീണു. വയറു നിറഞ്ഞ നായയുടെ തലയില്‍ തേങ്ങ വീണപോലെ നാസര്‍ വാ പൊളിച്ചു. ഹസ്സന്‍ ഇന്നത്തെ ഫ്ലൈറ്റില്‍ നാട്ടിലേക്ക് പോകുന്നു. തൊട്ടടുത്ത സീറ്റില്‍ നാസറുമുണ്ട്. ഇവര്‍ തമ്മില്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്തായിരിക്കും. അല്ല എന്തായിരിക്കും. എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. നിങ്ങള്‍ക്കോ ?

--------------------------------
ഈ കഥയിലെ ഗുണപാഠം എന്താണെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ കുഴയും. അതു കൊണ്ട് ദയവായി ചോദിക്കരുത്. 
------------------------------- .

60 comments:

 1. സൂപ്പർ മാർക്കറ്റുകളിലെ കൌണ്ടറുകളിൽ നിസ്സാര ശമ്പളത്തിന് വിശ്രമം പോലുമില്ലാതെ പണിയെടുക്കുന്ന ആസ്ത്മാ രോഗികൾക്ക് ഈ കഥ ഡെഡിക്കേറ്റ് ചെയ്യാം.

  ReplyDelete
 2. ഇതു നമ്മൾ മലയാളികൾക്കിട്ടൊരൂ താങ്ങാണല്ലൊ… വലി! എത്ര വിലപിടിപ്പുള്ള വ്യത്യസ്ത വലികൾ…!!

  വലിച്ചവനും വലിയെ മുതലെടുപ്പ് നടത്തുന്നവനും വലിയവൻ നൽകിയ വില ചെറുകഥയിലൂടെ വലിച്ചുനീട്ടാതെ നന്നായി എഴുതി. ഈ ചാലിയാറിനെ നന്നായി ഇഷ്ടപെട്ടു.

  ReplyDelete
 3. ഹ ഹ ഹ കലക്കി അക്ബര്‍ സാഹിബേ...
  കഥയുടെ പേരും അസുഖവും കേട്ടപ്പഴേ ഉള്ളടക്കം തെരിഞ്ഞെങ്കിലും ( ആത്സ്മ വാക്ക് ഗള്‍ഫുകാരനു പരിചിതമാണല്ലൊ!)
  കഥയുടെ ലാസ്റ്റ് ചാലിയാര്‍ ട്വിസ്റ്റ് എന്തായിരിക്കും എന്നോര്‍ത്ത് ആകാംക്ഷയോടെയാണ്‍ അവസാന ഭാഗത്തേക്ക് എത്തിയത്...

  എന്നെ നിരാശനാക്കിയില്ല എന്നു മാത്രമല്ല ഗം‌ഭീരന്‍ എന്‍ഡിംഗ് ആയി എന്നു പറയേണ്ടല്ലോ..
  അവസാന ഭാഗത്തുള്ള പഞ്ചിംഗ്ഗ് ലൈനും ഒന്നാന്തരം..

  കൂടുതല്‍ വിശദീകരിച്ച് ഇനി വരുന്നവരുടെ കമന്റുകള്‍ കൂടി ഞാന്‍ മുങ്കൂട്ടി പറയുന്നില്ല...

  സന്തോസായി കോയാ!!!!

  ReplyDelete
 4. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു.

  ReplyDelete
 5. കട്ടവന് ഹുണ്ടിയായി നാട്ടില്‍ അയക്കാന്‍ തിരക്ക്....കക്കാന്‍ പറ്റാത്തവന് കട്ടോണ്ടിരിക്കുന്നവനെ പുകച്ചു ചാടിച്ച് അവിടെ കയറി ഇരിക്കാന്‍ തിരക്ക്...
  ആരാ ഹസന്‍ ആരാ നാസര്‍ എന്നൊന്നും ചോദിക്കുന്നില്ല. ഇവിടെ വന്നിറങ്ങിയ നാള്‍ മുതല്‍ നാസറുമാരെയും ഹസന്മാരെയും ഒരു പാട് കാണുന്നതല്ലേ?.. ഏതായാലും ആസ്ത്മക്ക് മീന്‍ വിഴുങ്ങി രണ്ടു പേരും തിരികെ എത്തും എന്ന് തന്നെ കരുതാം...കഥ (അതോ സംഭവമോ?) ഏതായാലും വളരെ നന്നായി....അത് അവതരിപ്പിച്ച രീതി അതിലേറെ ഇഷ്ടമായി....

  ReplyDelete
 6. koya vivadham ..!
  koyeesayi koyaaa...
  chaliyarozhukunnu swachamaayi..

  ReplyDelete
 7. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും അല്ലേ..? ചൊല്ല് തല തിരിഞ്ഞോ അക്ബര്‍ക്ക?
  ഈ കഥ ചാലിയാര്‍ ബ്ലോഗിലെ സൂപ്പര്‍ പോസ്റ്റ് ആണ്...അഭിനന്ദനങ്ങള്‍...

  ReplyDelete
 8. "ശൂഫു ശുകല്‍ യാ ഹിമാര്‍" (പോയി ജോലി നോക്കെടാ ഹിമാറെ) എന്നു...ha ha ha...
  kalakki mone kalakki...

  ReplyDelete
 9. അന്യനെ ചതിക്കാൻ ഇരിക്കുന്ന കമ്പ് അറുത്തുമാറ്റുന്നവൻ, ഇതുപോലുള്ളവരെ കാണാൻ ഗൾഫിലൊന്നും പോകണ്ട, നമ്മുടെ നാട്ടിൻപുറത്ത് തന്നെ കാണും.
  ഇനി അല്പം ചിരിക്കണമെന്ന് തോന്നിയാൽ
  മുല്ലപ്പൂ ചൂടിയ ഗ്രാമത്തിലെ കഥ ഇവിടെയുണ്ട്

  ReplyDelete
 10. സമാധാനം. കളിക്കുന്നവര്‍ക്കില്ലാത്ത ടെന്‍ഷനുമായി കളി കാണാനിരിക്കുന്ന എനിക്ക് ഒരു രസികന്‍ പോസ്റ്റ്‌ വായിച്ച സുഖത്തില്‍ കളി കാണാം.
  ദേ...ഒരു ഓവര്‍ തീര്‍ന്നു. സഹീറിന്റെ നല്ല ഓവര്‍. അക്ബര്‍ക്കയുടെ നല്ല പോസ്റ്റ്‌

  ReplyDelete
 11. മലയാളിയാണു മലയാളിക്കു പണികൊടുക്കുന്നതെന്നു കേട്ടിട്ടുണ്ട്.അതിങ്ങനൊക്കെയാവാം! ചിരിയുടെ മേമ്പൊടിയോടെയെഴുതിയ ഈ പോസ്റ്റ് ഇഷ്ടമായി.ഹസ്സൻ കോയേം നാസ്സറും “സാങ്കൽ‌പ്പികം” ആയതു കൊണ്ട് മലയാളിയുടെ മാനം കപ്പൽ കേറീല്ല !!! :)

  ReplyDelete
 12. അർപ്പണബോധത്തോടെയും സത്യസന്ധമായും ജോലിചെയ്യുന്ന മലയാളികൾക്ക് കൂടി ഭീഷണിയാണ് ഇത്തരത്തിലുള്ള ആസ്ത്മ രോഗികൾ. ഏതു മാർഗ്ഗത്തിലാണെങ്കിലും ആരെയും പറ്റിച്ചെങ്കിലും പണമുണ്ടാക്കുക എന്ന തത്വം മാത്രമാണിവർക്കുള്ളത്. അതെ സമയം സത്യ സന്ധമായി ജോലി ചെയ്യുന്നവരാണധികവും എന്ന് തോന്നുന്നു.

  ReplyDelete
 13. സൂപ്പര്‍ പോസ്റ്റ്‌.
  വായിച്ചു ചിരിച്ചു.

  ReplyDelete
 14. സംഗതി കലക്കി ആരുപറഞ്ഞു ഗുണപാഠം ഇല്ലാന്ന് സൂപ്പര്‍ മാര്‍കെറ്റ് കാഷ്യര്‍ മാര്‍ എത്രയും പെട്ടെന്ന് ഒളിഞ്ഞ കാമെരയെയും തെളിഞ്ഞകമാരയെയും തല്ലിപോട്ടിക്കുക

  ReplyDelete
 15. എന്നാലും എന്റെ അക്ബര്‍ക്ക .. ഇതല്പം കടന്ന കയ്യായിപ്പോയി......
  ഇനി ഒരു സൊകാര്യം പറയാം .. ആ അസ്മയുടെ കാലം ഒക്കെ പോയി ...
  ഇപ്പോള്‍ സെല്‍ഫ് ചെക്ക്‌ ഔട്ടാ.. നിങ്ങള്ക്ക് തന്നെ ബില്ലടക്കാം ..
  സംശയമുടെന്കില്‍ .. ഞങളുടെ ഹിറ മാര്‍കെറ്റില്‍ വരൂ ....................

  ReplyDelete
 16. മരുഭൂമിയിലെ പൊടിക്കാറ്റു കാരണം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഈ ആസ്ത്മ ഇച്ചിരി കൂടുതലാ.

  ReplyDelete
 17. നിന്നെപ്പിന്നെ കണ്ടോളാം..
  എന്നായിരിക്കുമല്ലേ?

  ReplyDelete
 18. ആസ്ത്മയില്ലാത്ത ഗൾഫുകാരനെ തെരഞ്ഞു നടയ്ക്കാൻ തുടങ്ങീട്ടു കുറേ കാലമായി..നല്ല വലിക്കാരനു അവാർഡ് ഏർപ്പെടുത്തണം..പോസ്റ്റ് കലക്കൻ അക്ബർക്കാ...

  ReplyDelete
 19. അല്ല, എന്തായിരിക്കും!!!


  ഏതായാലും ഇതൊന്നും കാക്കാനുള്ള സമ്മതി പത്രമാക്കരുതേ... കട്ടവന്‍ അസ്ത്മരോഗിയായാലും പിടിക്കപ്പെടുക തന്നെ വേണം.

  അല്ല പിന്നെ...

  കഥ നല്ല അവതരണം.

  ReplyDelete
 20. ഗുണപാ‍ാതമൊന്നുമില്ലെങ്കിലും നല്ല നേരമ്പോക്ക് ആയിരുന്നു വായന

  ReplyDelete
 21. അങ്ങിനെ മൊത്തം രണ്ട് ലഡ്ഡു പൊട്ടിയല്ലെ?.നന്നായി!. ഇനി രമേഷ് അരൂരിന്റെ കമന്റും ചേര്‍ത്തു വായിക്കാം.(അവിടെയും ഒരു ലഡ്ഡു പൊട്ടുന്നതു കാണാം!)

  ReplyDelete
 22. ഇത്തരം സത്യസന്ധമായ ധാരാളം കഥകള്‍ വെളിച്ചം കാണേണ്ടിയിരിക്കുന്നു.

  ReplyDelete
 23. പാര മലയാളിയുടെ കൂടപ്പിറപ്പാണ്.ഇതു പോലുള്ള നാസർമാര് എല്ലായിടങ്ങളിലുമുണ്ട്.ഹസ്സൻ കോയയെപ്പോലുള്ളവരും കുറവല്ല.
  നർമ്മം കലർന്ന പോസ്റ്റ് നന്നായി.

  ReplyDelete
 24. കിട്ടേണ്ടത് കിട്ടെണ്ടിയിടത് വെച്ച് കിട്ടേണ്ട സമയത്ത് ദൈവം കൊടുത്തു ... ഇനി ശിഷ്ടകാലം ദൈവത്തെ വിളിച്ചു ജീവിക്കാം അല്ലെങ്ങില്‍ നാട്ടില്‍ പോയി ചാണകം ചുമന്നു ജീവിക്കട്ടെ ...കഥ നന്നായി ..തുടരട്ടെ ഇനിയും.. ആശംസകള്‍

  ReplyDelete
 25. കൊന്നു കൊലവിളിച്ചു ആസ്മാരോഗിയെ.. അക്ബർക്കാ.. ഒന്നാന്തരം എസ് കത്തി..

  ReplyDelete
 26. ഹാപ്പി ജാം കഴിക്കാതെ തന്നെ ഈ പോസ്റ്റ് വായിച്ച് ഞാന്‍ ഹാപ്പിയായി. അവസാനം കലക്കി. ഹാസ്യം വളരെ subtle എഴുതാന്‍ അക്ബറിനു ഒരു പ്രത്യേക കഴിവാണ്‌.

  ReplyDelete
 27. അങ്ങനെ രണ്ടു ലടു പൊട്ടി ഹീ ഹീ ഹീ
  ഗുണപാഠം കിട്ടി കേട്ടോ

  ReplyDelete
 28. അക്ക്ബര്‍ക്കാ... കോഴിക്കോടന്റെ ഭാഷേല്‍ പറയാണെങ്കില്‍ 'ഉസ്സാറായിക്ക്ണ്'

  ആദ്യം ഞാന്‍ ലേബല്‍ നോക്കി.. കഥ, നര്‍മ്മം... പിന്നീട് വായിച്ച് തുടങ്ങിയപ്പോള്‍ സ്ഥിരം പ്രവായി പ്രയാസങ്ങളിലേക്ക് കഥ പോകുന്ന പോലെ തോന്നി. ആസ്ത്മയുടെ ട്വിസ്റ്റ് അപാരമായിരുന്നു... നന്നായി ചിരിച്ചു.

  മ്മക്ക് ഷ്ട്ടായിട്ടൊ കോയാ....

  ReplyDelete
 29. ഹ ഹ..കലക്കി ഇക്കാ
  എല്ലാ "നാസര്‍മാര്‍ക്കും" ഇതൊരു പാഠമായിരിക്കട്ടെ..

  ReplyDelete
 30. ഗുണപാഠം : കൂട്ടുകാരന്‍ കടം വാങ്ങിയാല്‍ തിരിച്ചു ചോദിക്കരുത് ..

  ReplyDelete
 31. പാവം മുതലാളി!

  ReplyDelete
 32. ഒരിക്കല്‍ പി.വി അബ്ദുല്‍ വഹാബ് സാഹിന്ബ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു രക്ഷപ്പെടാന്‍ ഒരിക്കലേ ചാന്‍സ് കിട്ടൂ എന്നും അത് നേരാവണ്‍നം ഉപയോഗിക്കണമെന്നും. ഇവിടെ പലര്‍ക്കും പല രീതിയിലാണ് ‘ചാന്‍സ്’

  നല്ല പോസ്റ്റ്!

  ReplyDelete
 33. nalla anubhavam ?enthaayaalum nannaayi ഒരാളെക്കുറിച്ച് ഞാന്‍ ഈയടുത്ത് വായിച്ചിരുന്നു...അയാള്‍ ഒരു ചിയിങ്ങം ശൂവിനടിയില്‍ ഒളിപ്പിക്കുമാത്രേ എന്നിട്ട് താഴെ വീണ കാശ് അതില്‍ പട്ടിപ്പിക്കും ടോഇലെട്ടില്‍ പോയി എടുക്കും ഹ ഹ കള്ളന്മാരുടെ വേലകലേ..

  ReplyDelete
 34. @- അലി - ആദ്യ കമന്റിനു നന്ദി. അലി. ഇത് അവര്‍ക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യാം.

  @-ബെഞ്ചാലി - ചാലിയാറിനോടുള്ള ഇഷ്ടത്തിനു നന്ദി.

  @-നൗഷാദ് അകമ്പാടം - കലക്കിയത് ഞാനല്ല നൌഷാദിന്റെ കമന്റാണ്‌. നന്ദി.

  @-kARNOr(കാര്‍ന്നോര്) - അതേ അതാണല്ലോ സംഭവിക്കാറു

  @-ഹാഷിക്ക് - കഥ തന്നെ ഹഷിക്ക്. അധ്വാനിച്ചു ജീവിക്കുന്നവര്‍ വിയര്‍പ്പിന്റെ വില അറിയുമ്പോള്‍ വിയര്‍പ്പൊഴുക്കാതെ കുറുക്കു വഴി തേടുന്ന ചിലരുടെ കഥ.

  @-ishaqh ഇസ്‌ഹാക്- ഹി ഹി ഹി ഏതു ഇഷ്ടപ്പെട്ടു കോയാ. കോയീസ്സായ ഒരു കമന്റ്.

  @-Jazmikkutty- പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും അല്ലേ..? അതേ ജാസ്മിക്കുട്ടി അതു തന്നെ ഇത്.

  @-ഐക്കരപ്പടിയന്‍ - ഹി ഹി ഹി . ചിരിച്ചല്ലോ. അതു മതി.

  @-mini//മിനി - അതേ ടീച്ചര്‍. ഇതൊക്കെ എല്ലായിടത്തും നടക്കുന്നു. പക്ഷെ എന്‍റെ ഈ കഥ ഒരു ഭാവന മാത്രമാണ്.

  ReplyDelete
 35. @-ചെറുവാടി - കളി കഴിഞ്ഞു ഇന്ത്യ ജയിച്ചില്ലേ. ഇപ്പൊ ടെന്‍ഷന്‍ ഒക്കെ മാറിയില്ലേ. പോസ്റ്റ് വായിച്ചു അഭിപ്രായം തന്നതിന് നന്ദി.

  @-sreee - അല്‍പം ചിരി എന്നെ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചുള്ളൂ. ഈ അഭിപ്രായ കേട്ടപ്പോള്‍ സന്തോഷമായി.

  @-മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ - അതേ ശരിയാണ്. നഞ്ഞെന്തിനു നാനാഴി.

  @- ~ex-pravasini* - ഈ ചിരിക്കു നന്ദി.

  @- കിങ്ങിണിക്കുട്ടി- ഹി ഹി ഹി അതേ അതു തന്നെ കിങ്ങിണിക്കുട്ടി.

  @-ayyopavam - അപ്പൊ ഗുണപാഠം ഉണ്ട് അല്ലേ....ഹി ഹി

  ReplyDelete
 36. @- അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ - ഇപ്പോള്‍ സെല്‍ഫ് ചെക്ക്‌ ഔട്ടാ..അപ്പൊ ഇങ്ങള് ഈ പാവം ആസ്ത്മാ രോഗികളെ ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ.

  @-MT Manaf - അതേ അതേ പൊടി പൊടിക്കാറ്റ. അപ്പോള്‍ ആസ്ത്മ കൂടും.

  @-mayflowers said... - അല്ല. പരസ്പരം നോക്കി ഒരു ചിരി ആവാനാണ് സാധ്യത.

  @-അബ്ദുൽ കെബീർ - ഹി ഹി ഹി അതൊരു രോഗമല്ലേ. ചികിത്സ സ്വീകരിക്കാത്ത രോഗം.

  @-Shukoor - വായനക്കും കുറിപ്പിനും നന്ദി

  @-ajith -നന്ദി അജത് ജി. അത്രേ ഞാനും ഉദ്ദേശിച്ചുള്ളൂ.

  @-Mohamedkutty മുഹമ്മദുകുട്ടി said...(അവിടെയും ഒരു ലഡ്ഡു പൊട്ടുന്നതു കാണാം!) - കുട്ടിക്കാ.. കഥ യറിയാതെ ആട്ടം കാണല്ലേ.

  ReplyDelete
 37. @-chithrakaran:ചിത്രകാരന്‍ - ആണോ ? പിന്നെ വേറെ എന്തൊക്കെ ഉണ്ട് നാട്ടു വിശേഷം.

  @- moideen angadimugar - പാറ മലയാളികള്‍ക്ക് മാത്രമല്ല. എല്ലാ നാട്ടുകാര്‍ക്കും ഉണ്ട്. വായനക്കും അഭിപ്രായത്തിന് നന്ദി moideen ഭായി.

  @- ഞാന്‍ റോബിന്‍..(ആകാശപ്പറവകള്‍) - കിട്ടേണ്ടത് കിട്ടെണ്ടിയിടത് വെച്ച് കിട്ടേണ്ട സമയത്ത് ദൈവം കൊടുത്തു- ഹി ഹി ഹി. സത്യം

  @-Jefu Jailaf - നന്ദി ജെഫു ജൈലാഫ്.

  @- Vayady - ഹാപ്പി ആയല്ലോ. നല്ല വാക്കിനു നന്ദി വായാടി.

  @- അനീസ - ഗുണപാഠം കിട്ടിയോ. എന്താ.? നന്ദി അനീസ്‌.

  @-ഷബീര്‍ (തിരിച്ചിലാന്‍) - ഉസാറായോ കോയാ..ഇങ്ങളെ കമന്റു ഞമ്മക്ക് പെരുത്തു ഇഷ്ടായി ട്ടൊ.

  @-റിയാസ് (മിഴിനീര്‍ത്തുള്ളി) - എവിടെ പഠിക്കാന്‍. ആസ്ത്മ ഒരു മാരാ രോഗമല്ലേ റിയാസ് ഭായി.

  @-Naushu - ഹി ഹി ഹി അതല്ല നൌശു. കട്ടുണ്ടാക്കിയ പണം കടം കൊടുത്താല്‍ തിരിച്ചു ചോദിക്കരുത് എന്നല്ലേ

  @-Noushad Kuniyil said...പാവം മുതലാളി! - അപ്പൊ ഞാന്‍ പാവമല്ലേ നൌഷാദ് ജി. വന്നതില്‍ സന്തോഷം കേട്ടോ.

  ReplyDelete
 38. @-വാഴക്കോടന്‍ ‍// vazhakodan - നേരായ മാര്‍ഗം തന്നെയല്ലേ ആത്യന്തികമായ രക്ഷ.. വായനക്ക് നന്ദി മജീദ്‌. .

  @-ആചാര്യന്‍ - ഹി ഹി ഹി. ഇങ്ങിനെയും വിദ്യകളോ ഇംതിയാസ് ഭായി.

  ReplyDelete
 39. ആസ്തമ ഈ വലി ആണെന്ന് അറിയില്ലായിരുന്നു. ഒത്തിരി കാര്യങ്ങള്‍
  പറഞ്ഞു നര്‍മത്തിലൂടെ ..
  സലാം അക്ബര്‍ജി ..

  ReplyDelete
 40. ഇപ്പോള്‍ കഥയറിഞ്ഞല്ലോ? ഇനി ആട്ടം കാണുന്നില്ല!ഓരോരോ ഗുലുമാലുകള് !

  ReplyDelete
 41. ഇങ്ങനെയും ഒരു വലിയുണ്ട് ല്ലേ. കൊള്ളാംട്ടോ. അവതരണം നന്നായി.

  ReplyDelete
 42. അടിവലിയുടെ അടിവേരുകളിൽ പറ്റിപിടിച്ചിരിക്കുന്ന മണ്ണുപോലെയുള്ളവരെ പറ്റിയുള്ള നല്ലൊരു ചികിത്സാനുഭവം കേട്ടൊ ഭായ്

  ReplyDelete
 43. രോഗിയെയും രോഗം
  കണ്ടുപിടിച്ചവനെയും
  ഒരുമിച്ചു ചികില്‍സിച്ചല്ലേ!
  ആ മുതലാളി മിടുക്കന്‍ തന്നെ...
  നല്ല രസമുള്ള അവതരണം.

  ReplyDelete
 44. വായിക്കാന്‍ രസമുള്ള എഴുത്ത്.
  ഇത്തരം ആസ് തമ വഴിയാണോ ഗള്‍ഫില്‍ കുറഞ്ഞ ശമ്പളത്തില്‍ കടയില്‍ ജോലി ചെയ്യുന്നവര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ വീടും മറ്റും ഒക്കെ വാങ്ങിക്കൂട്ടുന്നത്?

  ReplyDelete
 45. ഇത് നല്ല കഥയായിപ്പോയി ....ഒടുക്കത്തെ ക്ലൈമാക്സ്...!

  ReplyDelete
 46. എന്നാലും മുതലാളി നല്ലവനാ.
  സൗദി ജയിലില്‍ ചികില്സിചില്ലല്ലോ!

  ReplyDelete
 47. പലനാൾ കക്കും കള്ളൻ ഒരു നാൾ പിടിക്കപ്പെടും!
  ഇനി ഇതിന്റെ കൂടെ പിടിപ്പിച്ചവനും പിടിക്കപ്പെടും എന്നും കൂടി ചേർക്കേണ്ടി വരുമല്ലോ..:)

  ReplyDelete
 48. പാവപ്പെട്ട 'ആസമ' രോഗികളെ ഇങ്ങനെ പരിഹസിക്കെണ്ടിയിരുന്നില്ല അക്ബര്‍ ഭായ്‌.
  പോസ്റ്റ്‌ രസികനായി.

  ReplyDelete
 49. അപ്പൊ അതാണല്ലെ ഈ ആസ്മ പിടിപെട്ടു നാട്ടില്‍ പോയി എന്നു പലരും പറയുന്നതു....
  ----
  ഗള്‍ഫിലെ മലയാളികള്‍ (ആസ്മക്കാരായ ചിലര്‍) അറബികളെയേ പറ്റിക്കൂ എന്നാണു അറിഞ്ഞത്, അല്ലെങ്കില്‍ വലിയ മുതലാളിമാരെ.
  ഇവിടത്തെ അവസ്ത നേരെ തിരിച്ചാണു, ചില കുത്തക മുതലാളി മലയാളികള്‍, സ്വന്തമായി ഒരു വീടു വങാന്‍ കഴിവില്ലാത്ത പാവപ്പെട്ടവരെ ചിരിച്ചു പറ്റിച്ചു ജീവിക്കുന്നു.... അവരെ വച്ചു നോക്കുമ്പോള്‍ ഗള്‍ഫിലെ "ആസ്മക്കാര്‍" എത്രയോ ഭേദം
  ഇവിടെ അത്രയേ മലയാളികളുള്ളൂ... പക്ഷെ, നഞ്ഞെന്തിനാ നാനാഴി ?

  ReplyDelete
 50. ആസ്തമക്ക് ഇങ്ങനൊരു അര്‍ത്ഥമുണ്ടോ..?
  എന്താ ചെയ്യാ...?

  ReplyDelete
 51. അക്കു സാറെ എനിക്ക് അത്ഭുതമില്ല ഈ കഥയിലെ കഥാപാത്രങ്ങളുടെ പ്രവർത്തിയിൽ , പിന്നെ മലയാളിക്ക് ഫയങ്കര മഹത്വമുണ്ടന്ന ചിലരുടെ വാദം കേൾക്കുമ്പോൾ ചിരി വരുന്നു .. എനിക്കുമുണ്ട് 15 വർഷത്തെ ഗൾഫ് അനുഭവം എന്റെ സ്വന്തം അനുഭവത്തേക്കാൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് എനിക്ക് ചുറ്റുമുള്ളവരുടെ അനുഭവങ്ങളാണ് .

  അറബിയുടെ സന്തം പേരിലുള്ള ചില കടകൾ മലയാളികൾ ലീസിനെടുത്ത് നല്ല നിലയിലായാൽ , ആ മലയാളി മറ്റൊരു മലയാളിയെ (അത് സ്വന്തം ബന്ധുവിനെയോ മറ്റോ) നാട്ടിലേക്ക് പോവാൻ വേണ്ടി താത്കാലികമായി നോക്കി നടത്താൻ കൊടുത്താൽ ,, പാവം കഷ്ടപ്പെട്ട് സ്ഥാപനത്തെ വലുതാക്കിയ മലയാളി നാട്ടിൽ നിന്ന് തിരികെ വരുന്നതിന് മുൻപേ താത്ക്കാലിക മുതലാളി യഥാർത്ഥ മുതലാളിയായിട്ടുണ്ടാവും , അറബിയ്ക്ക് കൂടുതൽ ക്യാഷ് മാസത്തിൽ കൊടുത്തായിരിക്കും ഈ ചതി അരങ്ങേറുക .ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല ഗൾഫിൽ മാത്രമല്ല വിസ തട്ടിപ്പിൽ ഏറെ മുന്നിൽ നിൽക്കുന്നതും മലയാളികൾ ഇവർക്കാണോ ആരൊക്കെ കെട്ടി ചമച്ച മഹത്വം ഉണ്ടന്ന് അവകാശപ്പെടുന്നത് ?

  കഥ നന്നായി ….

  വാൽകഷണം…
  കണ്ണൂർക്കാരനായ എന്റെ പ്രിയ ചങ്ങാതി മൂസയ്ക്ക് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ എന്റെ മറ്റൊരു സുഹൃത്തിനെ ഒട്ടും ഇഷ്ടമല്ല എന്താ കാരണമെന്ന് ചോദിച്ചപ്പോൾ .. വിശ്വസിക്കാൻ കൊള്ളാത്തവർ എന്നാണവൻ പറഞ്ഞത് , എനിക്കും ഒരനുഭവമുണ്ട് വിസ അടിയ്ക്കാൻ സഹായിച്ച ഏകദേശം ഒരു ലക്ഷം രൂപയോളം കോഴിക്കോട് എലത്തൂർ സ്വദേശിയായ ഒരു അബുബക്കർക്ക എനിക്കിപ്പോഴും തരാനുണ്ട് .. ഇപ്പോ .. അക്കു പറഞ്ഞ ഈ കഥ കൂടി കേട്ടപ്പോ മനസ്സിലായി കോഴിക്കോടിന്റെ മഹത്വം എന്നാൽ എല്ലാ കോഴിക്കോട്ടുക്കാരും ഉടായിപ്പിന്റെ ഉസ്താക്കന്മാരാണന്ന അഭിപ്രായവും എനിക്കില്ല.

  ReplyDelete
 52. മാന്യ സുഹൃത്തുക്കളെ. ഇത് വെറും ഒരു കഥയാണ്. എല്ലാ മലയാളികളും ഇങ്ങിനെ ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കഥയുടെ ഒഴുക്കിന് വേണ്ടി മാത്രമാണ് കോഴിക്കോട് എന്നു കൊടുത്തത്. കര്‍മ്മം കൊണ്ട് ഞാന്‍ കോഴിക്കോട്ടുകാരന്‍ ആണ്. ആ നിലക്ക് അതു എന്റെയും കൂടെ നാടായതു കൊണ്ടും കഥയുടെ ഒരു ഒഴുക്കിന് വേണ്ടിയും മാത്രമാണ്. ഇത് കേരളത്തിലെ ഏതു ജില്ലയിലും ആവാം.

  ReplyDelete
 53. @-കുന്നെക്കാടന്‍ - Thanks for reading

  @-ente lokam - ഇങ്ങിനെ ഒക്കെ സംഭവിക്കുന്നു. അതു ഞാന്‍ നര്‍മ്മത്തില്‍ പറയാന്‍ ശ്രമിച്ചു.

  @-Mohamedkutty മുഹമ്മദുകുട്ടി - മനസ്സിലാക്കുന്നതില്‍ നന്ദി മുഹമ്മദ്‌ കുട്ടിക്ക

  @-മുകി - ഇങ്ങിനെയും ഉണ്ട് മുകില്‍. ഞാന്‍ അതു തമാശയില്‍ പറഞ്ഞു എന്നു മാത്രം.

  @-മുരളീമുകുന്ദൻ ബിലാത്തിപട്ടണം - നല്ല വാക്കുക്കള്‍ക്ക് നന്ദി മുരളീ ഭായി.

  @-Lipi Ranju - ഈ നല്ല വാക്കിനു നന്ദി.

  @-ദിവാരേട്ടn - തീര്ച്ചയായും. കുറുക്കു വഴിയിലൂടെ ചിലര്‍ സമ്പന്നരാകുന്നു.

  @-faisu madeena - നന്ദി ഫൈസു. ക്ലൈമാക്സിലാണല്ലോ കഥ.

  @-റഷീദ്‌ കോട്ടപ്പാടം - അതേ. അയാള്‍ കരുണ കാണിച്ചു.

  @-ഭായി - അതേ സുനില്‍ ഭായി. അതും കൂടെ ചേര്‍ക്കേണ്ടി വരും.

  @-തെച്ചിക്കോടന്‍ - അവര്‍ നകുക്കിടയില്‍ ജീവിക്കുന്നു മാന്യതയോടെ എന്നു പറയുക മാത്രം.

  @-വഴിപോക്കന്‍ -നല്ലവരും ചീത്തവരും എല്ലാ സമൂഹത്തിലും ഉണ്ട്. താങ്കള്‍ പറഞ്ഞ പോലെ. വിശദമായ കുറിപ്പിന് നന്ദി.

  @-മുല്ല - അങ്ങിനെയും ഒരു അര്‍ഥം ഉണ്ട് മുല്ലേ. മുല്ലയുടെ ഡിക്ഷ്ണറിയില്‍ കാണാത്തത് മുല്ലയുടെ നല്ല മനസ്സ് കൊണ്ട്.

  @-വിചാരം - ഇത് കേവലം ഒരു കഥ മാത്രമാണ്. പക്ഷെ താങ്കള്‍ പറഞ്ഞ സമാന സംഭവങ്ങള്‍ ധാരാളം. ഞാന്‍ കഥാപാത്രത്തെ എന്‍റെ നാട്ടുകാരന്‍ ആക്കി എന്നു മാത്രം. നന്ദി.

  ReplyDelete
 54. കഥയും ജീവിതവും കൂടിക്കുഴഞ്ഞ് കിടക്കുകയാണല്ലോ...

  അഭിപ്രായം ഒന്നും പറയാനാകുന്നില്ല

  ReplyDelete
 55. നല്ല രസാവഹമായ കഥ! ശരിക്കും ചിരിച്ചു പോയി!

  ReplyDelete
 56. നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

  ReplyDelete
 57. നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

  ReplyDelete
 58. ശ്രീ

  Nasar Mahin

  എം.അഷ്റഫ്.

  വായനക്കും കമന്റിനും ഒരു പാട് നന്ദി

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..