Tuesday, January 19, 2010

മദര്‍ സീരിയസ്. സ്റ്റാര്‍ട്ട്‌ ഇമ്മീടിയറ്റ്ലീ


സൗദിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന മനോജിന്‍റെ ഓഫീസിലേക്ക് അപ്രതീക്ഷിത സമയത്താണ് ദുബായില്‍ നിന്ന് അളിയന്‍റെ ഫോണ്‍ വന്നത്. അന്ന് ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമാണ്. നാട്ടിലും ഫോണ്‍ കണക്ഷന്‍  വ്യാപകമായിരുന്നില്ല

“നിന്‍റെ ജോലി ശരിയായി. വിസ നാട്ടിലേക്കു അയച്ചിട്ടുണ്ട് . നീ ഉടനെ നാട്ടില്‍ പോയി വിസ സ്റ്റാമ്പ് ചെയ്തു പതിനഞ്ചു ദിവസത്തിനുള്ളില്‍ ദുബായില്‍ എത്തി ജോയിന്‍ ചെയ്യണം.” ഇതായിരുന്നു അളിയന്‍റെ ഫോണ്‍ കോളിലെ ഉള്ളടക്കം

മനോജ്‌ ഒരു നിമിഷം സ്തബ്ധനായി നിന്ന് പോയി. ഇപ്പോള്‍ കിട്ടുന്നതിന്‍റെ മൂന്നിരട്ടി ശമ്പളമാണ് ഓഫര്‍ ചെയ്യുന്നത്.  ഇങ്ങിനെ ഒരു വേക്കന്‍സിയുടെ കാര്യം അളിയന്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ഇത്ര പെട്ടെന്ന് ഇവിടുന്നു എങ്ങിനെ തിരിച്ചു പോകും. നാട്ടില്‍നിന്ന് ലീവ് കഴ്ഞ്ഞു വന്നിട്ട് രണ്ടു മാസമേ ആയുള്ളൂ. രണ്ടു വര്‍ഷം കഴിഞ്ഞാല്‍പോലും ലീവ് തരാന്‍ മടിക്കുന്ന കമ്പനി.      മറുതലക്കല്‍ “ഹലോ” വിളി തുടര്‍ന്ന് കൊണ്ടിരുന്ന അളിയനോട് മനോജ്‌ തന്‍റെ നിസ്സഹായാവസ്ഥ വിവരിച്ചു.
“ഇങ്ങിനെ ഒരു ചാന്‍സ് ഇനി കിട്ടിയെന്നു വരില്ല. എന്ത് റിസ്ക്‌ എടുത്തും നീ വന്നെ പറ്റൂ. എന്ത് തീരുമാനിച്ചു” ? അളിയന്‍ ചോദിച്ചു
“ഒരു വഴിയും കാണുന്നില്ല. കമ്പനി വിടുമെന്ന് തോന്നുന്നില്ല”

“ഞാന്‍ അമ്മക്ക് സുഖമില്ലെന്നു പറഞ്ഞു ഒരു ഫാക്സ് അയക്കാം. നീ അത് വെച്ച് ഒന്ന് ശ്രമിച്ചു നോക്കൂ” അളിയന്‍ പറഞ്ഞു.    മനോജിനും അത് കൊള്ളാമെന്നു തോന്നി.    അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹിന്ദിക്കാരനായ സെക്രട്ടറി ഓടിവന്നു പറഞ്ഞു "Mr. Manoj there is an urgent message for you. Your mother serious"  അയാള്‍ ഫാക്സ് കോപ്പി മനോജിനു നേരെ നീട്ടി. 

മനോജ്‌ ഉടനെ ഒരു എമര്‍ജന്‍സി ലീവ് ആപ്ലിക്കേഷന്‍ തയ്യാറാക്കി കൂടെ ഫാക്സ് കോപ്പി അറ്റാച്ച് ചെയ്തു ബോസ്സിന്‍റെ ഓഫീസില്‍ എത്തി. പക്ഷെ നിരാശയായിരുന്നു ഫലം. “ഞാന്‍ ഇത് പോലെ എത്ര ഫാക്സ് കണ്ടിരിക്കുന്നു” എന്ന മട്ടില്‍ അയാള്‍ അപേക്ഷ നിരാകരിച്ചു. ഈ വിവരം മനോജ്‌ അളിയനെ അറിയിച്ചപ്പോള്‍ അളിയന്‍ പറഞ്ഞു

“ഇവന്‍മാരോടൊക്കെ അറ്റകൈ പ്രയോകിക്കുകയെ നിവൃത്തിയുള്ളൂ.  ഒരു കാര്യം ചെയ്യാം ഞാന്‍ നാളെ മറ്റൊരു ഒരു ഫാക്സ് അയക്കാം. അതില്‍ നിന്‍റെ ബോസ്സ് വീഴും. തീര്‍ച്ച”

അടുത്ത ദിവസം ഓഫീസില്‍ എത്തിയ മനോജിനെ കാത്തിരുന്നത് ദുബായി അളിയന്‍റെ മറ്റൊരു ഫാക്സ് സന്ദേശമാണ്. “അമ്മ മരിച്ചു ഉടന്‍ പുറപ്പെടുക” ഇതായിരുന്നു സന്ദേശം

ഫാക്സ് കണ്ടു മനോജ്‌ ശരിക്കും ഞെട്ടി. അളിയന്‍ ഇങ്ങിനെ ഒരു ചെയ്ത്തു ചെയ്യുമെന്ന് അയാള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അമ്മയുടെ മുഖം അയാളുടെ മനസ്സില്‍ ഓടി എത്തി. തന്‍റെ എല്ലാമെല്ലാമായ അമ്മ. കുഞ്ഞുന്നാളിലെ അച്ഛന്‍ മരിച്ചു. അച്ഛനെ കണ്ട ഓര്‍മ്മ പോലുമില്ല. പിന്നെ തനിക്കെല്ലാം അമ്മയായിരുന്നു. ലാളിച്ചു ഓമനിച്ചു വളര്‍ത്തിയ പ്രിയപ്പെട്ട അമ്മ.  അമ്മക്ക് ചെറിയൊരു അസുഖം വന്നെന്നു കേട്ടാല്‍ പോലും വല്ലാത്ത ആധിയാണ് മനസ്സില്‍. അമ്മയല്ലാതെ തനിക്കാരാണ് ഈ ലോകത്തുള്ളത്

ആ അമ്മയാണ് “മരിച്ചു” എന്ന് പറഞ്ഞു അളിയന്‍ ഫാക്സ് അയച്ചിരിക്കുന്നത്. തന്‍റെ നന്‍മയെ കരുതിയാണെങ്കിലും ഇത് വേണ്ടായിരുന്നു. മനോജ്‌ തളര്‍ന്നിരുന്നു പോയി. അമ്മയെക്കുറിച്ചുള്ള ചിന്തകള്‍ അയാളുടെ മനസ്സിനെ ആര്‍ദ്രമാക്കി.  കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി.  ഒരു കുട്ടിയെപ്പോലെ അയാള്‍ പൊട്ടിക്കരഞ്ഞു.

അളിയന്‍മാരുടെ ചുറ്റിക്കളി അറിയാമായിരുന്ന എനിക്ക് പോലും മനോജിനെ സമാധാനിപ്പിക്കാന്‍ പാട്പെടേണ്ടി വന്നു. “എല്ലാം നിന്‍റെ നല്ലതിന് വേണ്ടിയല്ലേ.  നാട്ടില്‍ പോയി അമ്മയെ കണ്ടാല്‍ ഈ വിഷമമൊക്കെ മാറും” ഞാന്‍ പറഞ്ഞു

“അമ്മയെപ്പറ്റി ഇങ്ങിനെ ഒരു കളവു പറഞ്ഞിട്ട് നേടുന്ന ഒരു നന്‍മയും എനിക്ക് വേണ്ട. എനിക്ക് ഒന്നും വേണ്ട.  എന്‍റെ അമ്മയെ ഒന്ന് കണ്ടാല്‍മാത്രം  മതി.  ആ കാല്‍ക്കല്‍ വീണു മാപ്പ് പറയണം."  ആ വാക്കുകളില്‍ നിന്ന് ഞാനറിഞ്ഞു മനോജിനു അമ്മയോടുള്ള സ്നേഹം. എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തെത്തുക എന്ന ചിന്ത മാത്രമായിരുന്നു അയാളുടെ മനസ്സില്‍.

ദുബായി അളിയന്‍റെ “അറ്റകൈ പ്രയോഗ”ത്തിനു ഫലമുണ്ടായി . മനോജിന്‍റെ കരച്ചിലില്‍ ബോസ്സിന്‍റെ കരിങ്കല്‍ ഹൃദയം അലിഞ്ഞു. അന്ന് വൈകീട്ടത്തെ വിമാനത്തില്‍ മനോജ്‌ നാട്ടിലേക്കു പുറപ്പെട്ടു.

പക്ഷെ നാട്ടില്‍ വിമാനം ഇറങ്ങിയ മനോജിനെ കാത്തിരുന്നത് അത്യന്തം ദുഃഖകരമായ ഒരു വാര്‍ത്തയായിരുന്നു. മകനെ സ്വീകരിക്കാന്‍ എയര്‍ പോര്ട്ടിലേക്ക് പുറപ്പെട്ട വാഹനം എതിരെ വന്ന ലോറിയുമായി കൂട്ടി ഇടിച്ചു അമ്മ മരണപ്പെട്ടു എന്ന ദുരന്ത  വാര്‍ത്ത.

14 comments:

  1. വളരെ നന്നായിട്ടുണ്ട്. പ്രമേയവും ,ആഖ്യാന രീതിയും ഇഷ്ട്ടപ്പെട്ടു. ആശംസകള്‍....

    ReplyDelete
  2. പറഞ്ഞു പേടിപ്പിക്കല്ലേസ്റ്റാ..
    ഇവിടെ പലർക്കും ഒരു പിടിവള്ളിയാണ് അമ്മ.
    അമ്മയെ ഹോസ്പിറ്റലൈസ് എങ്കിലും ചെയ്യാതെ ചില ‘മാരണ കമ്പനികളിൽ’ നിന്നും കയ്ചിലാകാൻ വല്യ പാടാ..

    ReplyDelete
  3. വളരെ നല്ല ആശയാവിഷ്കാരം.

    തന്റെ കുട്ടിക്ക് സുഖമില്ല എന്ന് പറഞ്ഞ് നാട്ടില്‍ വീട് പണിക്കു പോയ ആളിനെ സ്വീകരിച്ചത് , കണ്ണില്‍ കത്തിക്കൊക്ക് കൊണ്ട് മുറിവേറ്റു ആശുപത്രിയിലായ പിഞ്ചു മകളാണ് . ലീവ് മുഴുവനും ആശുപത്രിയില്‍ കഴിക്കേണ്ടി വന്നു അയാള്‍ക്ക്‌ . വീടിന്റെ പനിയോട്ടു നടന്നുമില്ല........ Beware !

    ReplyDelete
  4. ഇത് ശരിക്കും പേടിപ്പിക്കുന്നതാണ് അക്ബര്‍.

    താല്‍ക്കാലിക ലാഭത്തിനു വേണ്ടി ചിലര്‍ തട്ടിവിടുന്ന ഇത്തരം നുണകള്‍ കാരണം ഇപ്പോള്‍ നമ്മള്‍ നേര് പറഞ്ഞാലും മേലധികാരികള്‍ വിശ്വസിക്കാതായിരിക്കുന്നു.
    നല്ല ആഖ്യാനം. ആശംസകള്‍.

    ReplyDelete
  5. നല്ല ഒരു വിഷയം,,

    മനസ്സില്‍ കൊളുത്തിട്ട് വലിക്കുന്ന പോലയുള്ള അനുഭവം

    ReplyDelete
  6. പറഞ്ഞുപറഞ്ഞ്‌ കളി കാര്യമായി അല്ലേ?

    ReplyDelete
  7. Don't come, please send money എന്നാണു എന്റെ ഒരു സുഹൃത്തിന് ഫാക്സ് വന്നത്.

    ReplyDelete
  8. അക്ബര്‍ ബായ് ,
    നന്നായിട്ടുണ്ട്, വാ വിട്ടു പോകുന്ന വാക്കുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന് പറയുന്നത് എത്രയോ സത്യം

    ReplyDelete
  9. Dr Salila
    പള്ളിക്കുളം..
    തെച്ചിക്കോടന്‍
    Ibn പറഞ്ഞു.
    ഹംസ .
    Typist | എഴുത്തുകാരി .
    ബഷീര്‍ Vallikkunnu.
    noushar

    എല്ലാവര്ക്കും നന്ദി

    ReplyDelete
  10. അവസാനം കരയിപ്പിച്ചല്ലോ വാഴക്കാടാ...

    ReplyDelete
  11. അമ്മയെ "കൊന്നിട്ട്" എന്തിനു ഒരു ജോലി ?എന്തിനു ഒരു കൂലി ? പലരും ഇപ്പോഴും തുടരുന്നു ഈ വക തെമ്മാടിത്തരങ്ങൾ

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..