Sunday, August 19, 2012

വാതമുള്ള കുറുന്തോട്ടി.

വാതിലില്‍ ആരോ മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. അലാറം പല തവണ അടിച്ചത് അറിഞ്ഞില്ല. മൂക്കടപ്പും ജല ദോഷവും കാരണം ഉറങ്ങാല്‍ ഏറെ വൈകി. ഉണരാനും.

കരണ്ട് ഇല്ലാതിരുന്നത് കൊണ്ട് ഇന്നലെ  ഏ.സി യും പ്രവര്‍ത്തിച്ചില്ല. കരണ്ട് ഉണ്ടാവുകയില്ലെങ്കില്‍ ഇവര്‍ക്ക് ഒരു മുന്നറിയിപ്പ് തന്നാല്‍ എന്താ?. അല്ലെങ്കിലും ഒരു കാറ്റടിച്ചാല്‍ മതിയല്ലോ കരണ്ട് പോവാന്‍. ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല.  ഇനി ഒരു ജനറേറ്റര്‍ വാങ്ങാന്‍ പറയണം.

വീണ്ടും ചില പ്രവാസ ചിന്തകള്‍

പെട്രോഡോളറിന്റെ സുഭിക്ഷതയിലേക്ക് ഒരു പിടി പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി സ്വപ്നങ്ങളുടെ ചിറകിലേറി കടല്‍ കടന്നു വന്നവരാണ് ഓരോ പ്രവാസിയും.  അഗ്നി പരീക്ഷകളുടെ ഈ കര്‍മ്മകാണ്ഡത്തില്‍ ജീവിതത്തിനു ഊടും പാവും നെയ്യാന്‍ കടല്‍ കടക്കുമ്പോള്‍ പലര്‍ക്കും അത് നാട്ടില്‍ നിന്നുള്ള രക്ഷപ്പെടലായി തോന്നാം.

രക്ഷപ്പെടുകയായിരുന്നില്ല പകരം കുരുക്കില്‍ അകപ്പെടുകയായിരുന്നു എന്ന് തിരിച്ചറിവു വരുമ്പഴേക്കും ആയുസ്സിന്റെ നല്ലൊരു ഭാഗം തീര്‍ന്നിരിക്കും. എലിയെ പേടിച്ചു ഊര് വിട്ടവന്‍ പുലിയോട് മല്ലിടുന്ന പോലെയാണു പ്രവാസിയുടെ അവസ്ഥ. ജന്മനാട്ടില്‍ പ്രകൃതി കൈകുമ്പിളില്‍ വെച്ച് നീട്ടിയ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ചു കടല്‍ കടന്നവര്‍ വ്യത്യസ്ത ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതാന്‍ നിര്‍ബന്ധിതരാകുന്നു.