Sunday, August 19, 2012

വാതമുള്ള കുറുന്തോട്ടി.

വാതിലില്‍ ആരോ മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. അലാറം പല തവണ അടിച്ചത് അറിഞ്ഞില്ല. മൂക്കടപ്പും ജല ദോഷവും കാരണം ഉറങ്ങാല്‍ ഏറെ വൈകി. ഉണരാനും.

കരണ്ട് ഇല്ലാതിരുന്നത് കൊണ്ട് ഇന്നലെ  ഏ.സി യും പ്രവര്‍ത്തിച്ചില്ല. കരണ്ട് ഉണ്ടാവുകയില്ലെങ്കില്‍ ഇവര്‍ക്ക് ഒരു മുന്നറിയിപ്പ് തന്നാല്‍ എന്താ?. അല്ലെങ്കിലും ഒരു കാറ്റടിച്ചാല്‍ മതിയല്ലോ കരണ്ട് പോവാന്‍. ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല.  ഇനി ഒരു ജനറേറ്റര്‍ വാങ്ങാന്‍ പറയണം.

കാല്‍ മുട്ടിനു അസഹ്യമായ വേദന. പോരെങ്കില്‍ ആസ്ത്മയുടെ ബുദ്ധിമുട്ടുകളും ഉണ്ട്. സ്ഥിരമായി ഇരിക്കുന്നത് കാരണം വല്ലാത്ത നടുവ് വേദനയും.തടി കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പല തവണയായി ഉപദേശിക്കുന്നു. അതൊക്കെ താന്‍ വിജാരിച്ചാല്‍ നടക്കുന്ന കാര്യമാണോ. ഇംഗ്ലീഷ് മരുന്ന് ഇപ്പൊ കാണുന്നതെ അലര്‍ജിയാ.

തലേന്ന് സൂപ്പ് കുടിച്ചത് കൊണ്ടാണോ എന്നറിയില്ല, വയറിനു വല്ലാത്ത അസ്വസ്ഥത. കണ്ണില്‍ കണ്ടതൊക്കെ വാരി വലിച്ചു തിന്നുന്നത് കൊണ്ടാ.. മുമ്പിലുള്ളത് വീഞ്ഞാണോ വിഷമാണോ എന്നു തനിക്കറിയില്ലല്ലോ. അങ്ങിനെ വല്ലതും മുന്‍കൂട്ടി അറിയാന്‍ കഴിയുമായിരുന്നെങ്കില്‍ ആ പയ്യനെ കൊല്ലാന്‍ കൊണ്ട് പോകുമ്പോള്‍ താന്‍ പറയുമായിരുന്നില്ലേ. അവന്‍ മാനസിക രോഗിയാണെന്ന്.

ധൃതിപ്പെട്ടു ബാത്ത് റൂമിലേക്ക്‌ നടന്നു. ആറു മണിക്കാണ് ദര്‍ശനം. അതിനു മുമ്പേ പ്രാഥമിക കര്‍മ്മങ്ങളൊക്കെ തീര്‍ക്കണം. ഒരു വിധത്തില്‍ എല്ലാം കഴിഞ്ഞു കുളിച്ചു ശുഭ്രവസ്ത്രധാരിണിയായി  പുറത്തേക്ക് നടന്നു. അപ്പോള്‍ ആശ്രമ മുറ്റത്തു തങ്ങളുടെ നൂറായിരം പ്രശ്നങ്ങളുമായി ദര്‍ശനത്തിനായി കാത്തിരുന്ന ഭക്തജനങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റു വണങ്ങി.

ഒരു ചെറു പുഞ്ചിരിയോടെ ദൈവം അവര്‍ക്ക് നേരെ കൈ വീശി പതുക്കെ പീഠത്തില്‍ ഇരുന്നു. പിന്നെ  ഓരോ മക്കളുടെയും മുഖം തന്‍റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി അവര്‍ക്ക് സ്നേഹാമൃതം നല്‍കി.

അപ്പോള്‍ ആള്‍ ദൈവം ഓര്‍ക്കുകയായിരുന്നു. തന്‍റെ പ്രശ്നങ്ങള്‍ക്ക് മുമ്പില്‍ ഇവരുടെയൊക്കെ പ്രശ്നങ്ങള്‍ എത്ര നിസ്സാരം. ആയുഷ്മാന്‍ ഭവ:

----------------------------------< > ----------------------------------------------------------

.
കഥാ പാത്രങ്ങള്‍ സാങ്കല്‍പ്പികം മാത്രം. എന്നാല്‍ സാദൃശ്യങ്ങള്‍ യാദൃശ്ചികം എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. 
-----------------------------------------------------------------------------------------------

.

38 comments:

 1. ങ്ങള് മക്കള്ടെ വീക്ക് മേടിക്കും ...

  ReplyDelete
 2. അപ്പോള്‍ ആള്‍ ദൈവം ഓര്‍ക്കുകയായിരുന്നു. തന്‍റെ പ്രശ്നങ്ങള്‍ക്ക് മുമ്പില്‍ ഇവരുടെയൊക്കെ പ്രശ്നങ്ങള്‍ എത്ര നിസ്സാരം.
  ഉം . അതെന്നെ , കരുതിയിരുന്നോളിന്‍, അമ്മിഞ്ഞ കൊടുത്തു വളര്‍ത്തുന്ന അമ്മയുടെ മക്കളില്‍ നിന്ന് കിട്ടുക സ്നേഹാമൃതം ആയിരിക്കില്ല

  ReplyDelete
 3. പടച്ചോനെ ...

  അക്ബര്‍ അലീനെ കാത്തോളീന്‍ :)

  ReplyDelete
 4. ഒരു ബീഹാർ കാരൻ അടുത്തിടെ മോക്ഷം വാങ്ങിപ്പോയി,,ഈശ്വരോ രക്ഷതൂ,,,,

  ReplyDelete
 5. സത്യമായിട്ടും ഒന്നുമായിട്ടും സാദൃശ്യം തോന്നിയില്ല ;)
  'കഥ തുടരും' എന്നു കൂടി ഒരു ഭംഗിക്കു എഴുതാമായിരുന്നു..

  ReplyDelete
 6. വായനക്കാരെ കൊല്ലരുത് അക്ബര്‍സാമി

  ReplyDelete
 7. ആള്‍ദൈവങ്ങള്‍ വാഴും ലോകം.
  ആ തലക്കെട്ട്‌ .. അത് നന്നായി.
  ഇതില്‍ അടികിട്ടെണ്ട കാര്യം എന്ത്. ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇതൊക്കെ തന്നെയല്ലേ..?

  ReplyDelete
 8. കമന്റ് ബോക്സില്‍ ഒരു അടി പ്രതീക്ഷിച്ചു... പക്ഷേ നിരാശനായി മടങ്ങുന്നു... :)

  ReplyDelete
 9. ഈശ്വരാ...ഇനി ന്നെ ഇവിടെ കണ്ടാൽ ആരെലും പിടിച്ചു കൊണ്ടു പോവോ...
  കാത്തോളണെ സ്വാമിൻ.. :)

  അമർഷം ഹാസ്യമായി തീരുകയാണിവിടെ..
  ഒരു തരം പെയ്തൊഴിയൽ അല്ലേ..?

  ReplyDelete
 10. അവകാശവാദങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് ഇങ്ങള് രക്ഷപ്പെട്ടു..
  കുറുംതോട്ടിയല്ല.. ഇത് പെരുംന്തോട്ടിയാണ്....:)

  ReplyDelete
 11. “ധൃതിപ്പെട്ടു ബാത്ത് റൂമിലേക്ക്‌ നടന്നു”

  ദൈവം തൂറുമോ......??

  ഇപ്പഴത്തെക്കാലത്തെ ദൈവങ്ങള്...!!!

  ReplyDelete
 12. ഈ 'ആള്‍ദൈവ'അമൃതേത്ത് തികച്ചും അതിജുഗുപ്സാവഹമെന്ന് കണ്ണുള്ളവര്‍ കാണാതിരിക്കുന്ന 'ദുരവസ്ഥ'എത്ര ദയനീയം!
  ആശംസകള്‍ ...!!

  ReplyDelete
 13. ആള്‍ ദൈവത്തിനും പ്രശ്നങ്ങളോ?
  ആരവിടെ...?
  അടിയന്‍......-
  എന്താണ് പുറത്ത്‌.....?
  നാട്ടുകാര്‍ എല്ലാം അറിയാന്‍ തുടങ്ങിയിരിക്കുന്നു....
  സമാധാനം നശിച്ചു തുടങ്ങിയോ....!

  ReplyDelete
 14. ദൈവങ്ങളോട് നമുക്കെന്തും പറയാം...
  പെട്ടെന്നു മോക്ഷം തരുന്ന ദൈവങ്ങളും ലോകത്തുണ്ട്...!

  ReplyDelete
 15. വേണ്ടാ..ദൈവങ്ങളെതൊട്ടുള്ള കളി വേണ്ടാട്ടാ..
  അന്തോം കുന്തോം ഇല്ലാത്ത മക്കളാ...എന്ത് ചെയ്യുമെന്ന് അവര്‍ക്ക് തന്നെനിശ്ചയമില്ല.

  ReplyDelete
 16. മുറ്റത്തു നിന്നുകൊണ്ട്‌ കോലായിലേക്കു നോക്കി മകന്‍ ചോദിച്ചു: "ദൈവം ഉണ്ടോ അച്ഛാ?"
  "ദൈവം ഉണ്ടില്ല, ഉറക്കമുണര്‍ന്ന്‌ കുളിക്കുന്നതേയുള്ളൂ, മകനേ..."
  ഇതു കേട്ടു നിന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയി: 'ഈ അച്ഛനേത്‌ മോനെടാ!'

  "ദൈവത്തിന്റെ സന്താനങ്ങള്‍ നാം- മനുഷ്യര്‍."
  അക്ബര്‍ക്കാ, എത്ര ലളിതമായി താങ്കളതു പറഞ്ഞു.

  ലാല്‍സലാം!

  ReplyDelete
 17. അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ - അര്‍ത്ഥവത്തായ ചിരി. :)

  രമേശ്‌ അരൂര്‍ - എനിക്ക് രണ്ടു കിട്ടാത്തതിന്റെ കുറവുണ്ട്. :)

  അഷ്‌റഫ്‌ സല്‍വ - അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ക്കറിയില്ല അഷ്‌റഫ്‌ ഭായി. :)

  വേണുഗോപാല്‍ -ഈ പ്രാര്‍ത്ഥന ദൈവത്തോടല്ലേ വേണു ജി . ദൈവമേ രക്ഷിക്കണേ. :)

  ചന്തു നായർ - അതെ. ഒരു അതിഥിയെ അങ്ങിനെ ആദരിച്ചു ആംബുലന്‍സില്‍ മടക്കി അയച്ചു.

  Sabu M H - 'കഥ തുടരും സാബു.

  KOYAS..KODINHI - ഹ ഹ ഹ ഞാന്‍ ശപിച്ചു ഭസ്മമാക്കിക്കളയും. koyas :)

  മന്‍സൂര്‍ ചെറുവാടി - അതെ. ഇതൊക്കെ പറഞ്ഞിട്ട് നാല് അടി കിട്ടിയാലും കുഴപ്പമില്ല. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍ പട്ടിയെ പോലെ ജീവിക്കുന്നതിലും നല്ലത് അതാണ്‌.

  ഷബീര്‍ - തിരിച്ചിലാന്‍ - ഹ ഹ ഹ ഹ ഹ ഹ അടി ധാരാളം നാട്ടില്‍ നിന്നും കാണുന്നില്ലേ. :)

  വര്‍ഷിണി* വിനോദിനി- തല്‍ക്കാലം ഒരു ചരട് ജപിച്ചു തരാം. എല്ലാം പെയിതൊഴിയട്ടെ :)

  ishaqh ഇസ്‌ഹാക് - കുറുംതോട്ടിയല്ല.. ഇത് പെരുംന്തോട്ടിയാണ്....:) ha ha ha

  ajith - അത് മാത്രമല്ല :). ദൈവത്തിനു ഒരു അന്യ ഭാഷക്കാരന്‍ പറയുന്നത് മനസ്സിലാകണമെങ്കില്‍ ഒരു പരിഭാഷകന്‍ കൂടി വേണം. എന്ന് വെച്ചാല്‍ മലയാളികളുടെ മാത്രം ദൈവം :)

  Mohammed kutty Irimbiliyam - സത്യം. പക്ഷെ ചില്ലറ മുതല്‍ മുടക്കില്‍ പണിതിട്ട "മനുഷ്യ കവചങ്ങള്‍""; ദൈവത്തെ എന്നും കാത്തു കൊണ്ടിരിക്കും.

  പട്ടേപ്പാടം റാംജി - ഒരു മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും ആള്‍ ദൈവത്തിനും കാണും. :)

  വീ കെ - അതെ ചിലപ്പോള്‍ നിര്‍ബന്ധിത മോക്ഷം..:)

  Sidheek Thozhiyoor - പാവം ആള്‍ ദൈവം. ആരോ കെട്ടിച്ച വേഷം ആടുന്നു.

  V P Gangadharan, Sydney - മനുഷ്യന്റെ എല്ലാ ബലഹീനതകളും പരിമിതികളും ഉള്ള ഒരാള്‍ക്ക്‌ എങ്ങിനെ ദൈവമായി അവകാശപ്പെടാനാവും എന്ന് പറയാന്‍ ശ്രമിക്കുകയായിരുന്നു. അതില്‍ വിജയിച്ചു എന്ന് താങ്കളുടെ കമന്റു കണ്ടപ്പോള്‍ തോന്നി. നന്ദി.

  --------------------------

  തൂലികയാണ് നമ്മുടെ ആയുധം. അത് സാമൂഹിക തിന്മകള്‍ക്കെതിരെ എന്നും സജീവമാവട്ടെ. വായിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.

  ReplyDelete
 18. ഊന്നു വടിയിലും ദൈവം വരും... അതും കാണേണ്ടി വരും അല്ലെ..

  ReplyDelete
 19. adivara--- bakthajanangalute sraddakku ena cinema

  ReplyDelete
 20. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 21. ഇത് വായിച്ചാല്‍ ആരുമായും സാധിര്‍ശ്യം തോനുന്നില്ല സത്യം

  ReplyDelete
 22. ഞാന്‍ ഒരുപാടു ചിന്തിച്ചു, ആരോടാ സാമ്യം തോന്നുക എന്ന്. മുന്‍കൂര്‍ ജാമ്യം എടുത്ത സ്ഥിതിയ്ക്ക് ആരോടെങ്കിലും തോന്നണമല്ലോ. എനിക്കൊന്നും മനസിലായില്ല. എന്തോ കുഴപ്പമുണ്ട് എനിക്ക്... :)

  ഇത് മക്കളാരും കണ്ടില്ലേ?
  പിന്നെ നുമ്മയൊക്കെ വെറും സാധാരണക്കാരല്ലേ...
  അതുകൊണ്ട് ചീളുകേസെന്നു കരുതി വിട്ടതാവാനും മതി.
  പിന്നെ, അടുത്തേയ്ക്ക് ഓടിവന്ന ആളുടെ അവസ്ഥ ഇതാണ് എങ്കില്‍...
  പോസ്റ്റ്‌ ഇട്ട ആള്‍ ഇത്തിരി സൂക്ഷിക്കുന്നത് നല്ലതാ...

  ReplyDelete
 23. അതി വിശുദ്ധനായ / യായ ദൈവമാകാന്‍ എളുപ്പമാണ്. ദൌബല്ല്യങ്ങള്‍ ഏറ്റു പറയുന്ന മനുഷ്യനാവാനാണ് പാട്. ആളുകളെ പറ്റിക്കുന്ന ദൈവങ്ങളെ നമ്മള്‍ പൂവിട്ടു പൂജിക്കും.
  ഒരു താടിയും ഒരു നീളന്‍ വസ്ത്രവും തലപ്പാവും, ഒരു ഖുല്‍ ഹുവല്ലാഹു അഹദ് സൂറത്തും, ഇത് മൂന്നും ഉണ്ടെങ്കില്‍ കാസര്‍ഗോഡ്‌ പോയാല്‍ മതി ലക്ഷങ്ങള്‍ കൂടെ പോരും എന്ന് ഒരു സുഹൃത്ത് പറയാറുണ്ട്‌. അതില്‍ നിന്ന് കാസറഗോഡ് എന്നത് മാറ്റി നാട്ടിലെവിടെയും എന്നാക്കാം. യഥാര്‍ത്ഥ ദൈവത്തിനു മുന്‍പില്‍ സത്നം സിംഗും, ആള്‍ ദൈവവും ചെന്ന് നില്‍ക്കുന്ന ഒരു ദിനം വരാനുണ്ട്. അന്ന് ആള്‍ ദൈവം ദൈവത്തോട് ആവലാതി പറയും ഇവന്‍ മന്ത്രം ചൊല്ലി എന്റെ നേരെ വന്നു എന്ന്. ബാക്കി ഭാഗങ്ങള്‍ സ്ക്രീനില്‍.

  ReplyDelete
 24. ആള്‍ദൈവം അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങളെക്കുറിച്ച് പണ്ടെന്നോ ഒരു നോവല്‍ വായിച്ചത് ഓര്‍ക്കുന്നു. പക്ഷെ നോവലിന്റെ പേരോര്‍മ്മയില്ല. ഭക്തി ബിസിനസ്സുകാരുടെ കൈയിലെ ഉപകരണം മാത്രമാണ് ആള്‍ദൈവങ്ങള്‍. തന്നെപ്പോലും രക്ഷിക്കാനാവാത്ത ഇത്തരം ഹതഭാഗ്യരെ നമുക്കു വെറുതെ വിടാം. അനര്‍ത്ഥങ്ങളില്‍ നിന്ന് ദൈവിക കാവല്‍ മോഹിച്ചാണ് ഭക്തര്‍ അങ്ങോട്ടോടുന്നത്. പക്ഷെ കാവല്‍ക്കാരന് ആര്‍ കാവല്‍ നില്‍ക്കും എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. കഥ നന്നായി. ആശംസകള്‍...

  ReplyDelete
 25. ദൈവങ്ങളോടാ കളി .സൂക്ഷിച്ചാല്‍ ദുക്ഷിക്കേണ്ട. ആയുഷ്മാന്‍ ഭവ !!

  ReplyDelete
 26. ജോസെലെറ്റ്‌ എം ജോസഫ്‌ - ഹ ഹ ഹ എന്റെ ബ്ലോഗും സ്വാഹ.

  Jefu Jailaf - athe അങ്ങിനെയും വരും. എല്ലാറ്റിനും പര സഹായം ആവശ്യമുള്ള ദൈവം. :).

  ഗൗരിനാഥന്‍ - Thanks.

  കഥപ്പച്ച - നന്ദി. ബൂലോകത്ത് തുടരുക. ആശംസകള്‍

  കൊമ്പന്‍ - ഹ ഹ ഹ എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു.

  സോണി - എന്തോ കുഴപ്പം തോന്നി അല്ലെ. :) . ശപിച്ചു ഭാസ്മമാക്കിക്കളയാന്‍ ദിവ്യ ശക്തി ഇല്ലാത്തത് കൊണ്ട് എന്നെ ഇടിച്ചു ഭാസ്മമാക്കിയാലോ എന്ന് എനിക്കും ഇത്തിരി പേടി ഇല്ലാതില്ല.

  Salam - ശരിയാണ് സലാം ഭായി. ഭക്തി വ്യവസായമാണ്‌ ഇന്ന് കേരളത്തില്‍ നഷ്ടമില്ലാതെ ഓടുന്ന ഒരേ ഒരു ബിസിനസ്‌.. -; ദര്ഗ്ഗകള്‍ മുതല്‍ വ്യാജ സിദ്ധന്മാരും ആള്‍ ദൈവങ്ങളും ഇതിന്റെ വ്യവസായ സാദ്ധ്യതകള്‍ മുതലെടുത്ത്‌ തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചു കഴിഞ്ഞു.

  benji nellikala - താങ്കള്‍ പറഞ്ഞത്‌ വളരെ ശരി. ഭക്തി വ്യവസായികളുടെ ഉപകരണം മാത്രമാണ് ആള്‍ ദൈവം. ആരോ കെട്ടിച്ച വേഷം അഴിച്ചു വെക്കാനാവാതെ ആടിത്തിമിര്‍ക്കേണ്ടി വരികയാവാം.

  ഒരു ദുബായിക്കാരന്‍ - ദൈവത്തോട് ഞാന്‍ കളിക്കില്ല ഷജീര്‍. മനുഷ്യരോട് ആവാലോ. :)

  ------------------------------
  വായിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.

  ReplyDelete
 27. അരുത് കുഞാക്കാ,, ആള്‍ ദൈവങ്ങളെ കല്ലെറിയരുത്.. ഒറിജിനല്‍ പടച്ചോനെ വേണ്ടാത്തവര്‍ താങ്കളെ കല്ലെറിഞ്ഞു കൊല്ലും..

  ReplyDelete
 28. ആഹാ.....
  അതിലളിതമായി കാര്യം പറഞ്ഞു...

  അനുഗ്രഹിക്കലിന്റെയും ആശ്ലേഷിക്കലിന്റെയും തിരക്കിനിടയിൽ ഏതെങ്കിലും പാവത്തിനെ തന്റെ ആളുകൾ തല്ലിക്കൊല്ലുന്നതു കണ്ടാൽ ആ മോനെ വെറുതേ വിട്ടേക്ക് എന്നു പറയാനുള്ള ആർജവം കാണിക്കാത്ത ആൾദൈവങ്ങളെ ഞാനും അങ്ങേയറ്റം വെറുക്കുന്നു....

  ഒരുപാട് പ്രശ്നങ്ങൾക്കുനടുവിലിരുന്ന് അപരന്റെ പ്രശ്നപരിഹാരത്തിന് ഹോമകുണ്ഡമൊരുക്കുന്ന കപടദൈവങ്ങൾ......

  ReplyDelete
 29. കിടിലം..ആള്‍ദൈവങ്ങളുടെ ഓരോരോ കഷ്ടപ്പാടുകളെ..

  ReplyDelete
 30. മുന്‍കൂട്ടി അറിയാന്‍ കഴിയുമായിരുന്നെങ്കില്‍ ആ പയ്യനെ കൊല്ലാന്‍ കൊണ്ട് പോകുമ്പോള്‍ താന്‍ പറയുമായിരുന്നില്ലേ. അവന്‍ മാനസിക രോഗിയാണെന്ന്.

  പാവം ആള്‍ ദൈവത്തിന്‌റെ വിഹ്വലതകള്‍ അറിയാത്ത കശ്മലന്‍മാര്‍....


  (സംഭവം മാറിപ്പോയതാ, ഞാൻ പോസ്റ്റു വായിച്ച ഉടനെ കമെന്റിടാൻ കഴിഞ്ഞില്ല, കമെന്റ് കോപ്പി പേസ്റ്റ് ചെയ്ത് വന്നപ്പോൾ ലിങ്ക് മാറി, പോസ്റ്റ് നോക്കാതെ കമെന്റിട്ടു)

  ReplyDelete
 31. വായിച്ചു...ആഹ്.....

  ReplyDelete
 32. സാദൃശ്യങ്ങൾ ഇഷ്ടമ്പോലെ... നല്ല സന്ദേശം. നന്ദി അൿബർ സാബ്..

  ReplyDelete
 33. താല്‍പര്യങ്ങളുടെ തടവില്‍ കഴിയുന്ന ആള്‍ദൈവത്തിന്റെ ദുരന്തജന്മം! സറ്റയര്‍ ലക്ഷ്യവേധി. ആശംസകള്‍.

  ReplyDelete
 34. താല്‍പര്യങ്ങളുടെ തടവില്‍ കഴിയുന്ന ആള്‍ദൈവത്തിന്റെ ദുരന്തജന്മം! സറ്റയര്‍ ലക്ഷ്യവേധി. ആശംസകള്‍.

  ReplyDelete
 35. ആയുഷ്മാന്‍ ഭവ:

  അക്ബര്‍ഇക്കാക്ക് ആശംസകള്‍

  ReplyDelete
 36. ഇത് ഞാന്‍ ഇപ്പോഴാണ് കാണുന്നത്...

  ഇഷ്ടപ്പെട്ടു ഈ എഴുത്ത്...

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..