Tuesday, February 15, 2011

കാലിക രാഷ്ട്രീയം കലികാല രാഷ്ട്രീയം.


അങ്ങിനെ അതു സംഭവിച്ചു.  നമ്മുടെ പ്രിയപ്പെട്ട മുരളീധരനെ തിരിച്ചെടുക്കാന്‍ ഹൈക്കമാണ്ട്  തീരുമാനിച്ചു. പോയ ബുദ്ധി തിരിച്ചുപിടിക്കാന്‍ മുരളിയോളം റാലി നടത്തിയ ആരും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാവില്ല. കോടതിക്ക് കൈക്കൂലി കൊടുത്തവരും കൊടുപ്പിച്ചവരും കൊടുക്കുമ്പോള്‍ നോക്കിനിന്നവരും അറസ്റ്റുവാറണ്ടു   വന്നവരും വരാനുള്ളവരും എല്ലാംകൂടി കേരള രാഷ്ട്രീയം ചക്കപ്പഴംപോലെ  പഴുത്തു  നില്‍ക്കുമ്പോഴാണ് മുരളിയുടെ വരവ്.  വായില്‍ പുണ്ണില്ലെങ്കില്‍ ഇത്  മുരളിക്ക് നല്ല കാലം.  ധര്‍മ്മം സംസ്ഥാപിക്കാന്‍ യുഗപുരുഷനായി മുരളിക്ക് കേരള രാഷ്ട്രീയത്തില്‍ അവതരിക്കാന്‍ ഇതിലും നല്ലൊരു കാലം ഇനി വരാനില്ല. 

റജീന എന്ന നാഗവല്ലിയെ ഇരട്ടപ്പൂട്ടിട്ടു അതിനുമേല്‍ മണിച്ചിത്ര താഴിട്ടപ്പോഴും താക്കോല്‍ റൌഫ് കാരണോരെ ഏല്പിക്കാന്‍ തോന്നിയത്  കുഞാലിക്കുട്ടിക്ക് പറ്റിയ അബദ്ധം. പണിയൊന്നുമില്ലാതെ കോഴിക്കോട്ടു ചുറ്റിത്തിരിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ദിവസവും വന്നു എന്തെങ്കിലുമൊക്കെ പറഞ്ഞു കൊണ്ടിരിക്കാന്‍ ഞാന്‍ തയ്യാറാണെന്നാണ്  മൂപ്പരുടെ നിലപാട്. പശുവിന്‍റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും എന്നു ചുരുക്കം. പാണക്കാട് തങ്ങളെയായിരുന്നു ഇന്നലത്തെ വെളിപാടില്‍ പുറത്തുവിട്ടത്. കേരള മുസ്ലിംകളുടെ ആത്മീയ നേതാവിനെ തൊട്ടുകളിക്കാന്‍ ആശാന് ഭയമില്ലെങ്കില്‍ കുഞ്ഞാലികുട്ടി ഇനിയും ഭയക്കേണ്ടിയിരിക്കുന്നു. കാരണം പിടിച്ചതിലും വലുതാണ്‌ മാളത്തില്‍നിന്നു ചാടിയ ഈ റൌഫ് അളിയന്‍. സകല  ഏര്‍പ്പാടുകള്‍ക്കും അളിയന്മാരെ കൂടെ കൂട്ടുന്ന രാഷ്ട്രീയക്കാര്‍ക്ക് ഇതൊരു പാഠമാകട്ടെ.  ജാഗ്രതൈ..
അബ്ദുള്ളക്കുട്ടി എന്ന അത്ഭുക്കുട്ടി  ഇപ്പോള്‍ കോണ്ഗ്രസ്സുകാര്‍ക്ക് ഒരു വിചിത്രക്കുട്ടി ആണ്. എന്താ എപ്പഴാ പറഞ്ഞൂടാന്നു ആര്‍ക്കും അറിയില്ല. പ്രവചനാതീതമാണ് മൂപ്പരുടെ വെളിപാടുകള്‍. വെറുതെ ഇരിക്കില്ല. എപ്പോഴും വിറച്ചുകൊണ്ടിരിക്കും.  അങ്ങിനെ ഒരു വിറയലിലാണ് "വികസന കാര്യത്തില്‍  വീഎസ് ഗുജറാത്തില്‍ പോയി നരേന്ദ്ര മോഡിക്ക് പഠിക്കട്ടെ" എന്ന് മൂപ്പര്‍ വിധിച്ചത്. അതോടെ cpm-ലേ ചീട്ടു കീറി. കോണ്ഗ്രസ്സില്‍  വി എം സുധീരന്റെ "ക്ലീന്‍-ഇമേജൊന്നും" മൂപ്പര്‍ക്ക് പ്രശ്നം അല്ല.  മൊട കണ്ടാല്‍ ഇടപെടും. അതേത് ബാപ്പയായാലും ശരി. പക്ഷെ കോണ്ഗ്രെസ്സില്‍ ഇങ്ങിനെ ഇടപെടാന്‍ നിന്നാല്‍ കുട്ടിയുടെ കാര്യം വട്ടിയിലാകും.  ആട്ടിന്‍ കുട്ടിക്കറിയുമോ അങ്ങാടി വാണിഭം.

"വിനാശകാലേ സുധാകര ബുദ്ധി" എന്നൊരു ചൊല്ലുണ്ടോ എന്നറിയില്ല. എല്ലാരും ജയിലിലേക്കാണെങ്കില്‍ ഞാനും  അങ്ങോട്ട്‌ തന്നെ എന്ന മട്ടിലാണ് ആശാന്റെ ഒരു നില്‍പ്പ്.  പണ്ടെന്നോ കൈക്കൂലി കൊടുക്കുന്നത് നോക്കി  നിന്നത്രേ.  എന്തൊരു പൌരബോധം. എന്തിനാ അവിടെ ഒളിഞ്ഞു നോക്കാന്‍ പോയത് എന്ന് ചോദിച്ചപ്പോ എന്‍റെ കേസും ഉണ്ടായിരുന്നു ആ ജഡ്ജി ഏമാന്റെ കയ്യില്‍ എന്നാണു മറുപടി.  പതിനഞ്ചു കൊല്ലവും മനസ്സില്‍  കൊണ്ട് നടന്ന ലഡു അസ്ഥാനത്ത് പൊട്ടിച്ചു മൂപ്പര് ഒരു കേസ് കയ്യിലാക്കി. ഇനി കോടതി കയറി ഇറങ്ങാം.

ബാലകൃഷ്ണ പിള്ളയെ കയ്യാമം  വെച്ചേ അടങ്ങൂ എന്നാണു മുഖ്യന്റെ നിലപാട്. വയസ്സാന്‍ കാലത്ത് അതിത്തിരി പുളിക്കുമെന്നു പിള്ള പറയുന്നുടെങ്കിലും പിള്ള മനസ്സില്‍ കള്ളമില്ലാത്തത് കൊണ്ട് അങ്ങേരിത്തിരി ടെന്‍ഷനില്‍ തന്നെയാണ്. വേറൊന്നുമല്ല, ഒരു അത്താഴമൊക്കെ മുടക്കാന്‍ ഏതു നീര്‍ക്കോലിക്കും  ഴിയുമെന്നു മൂപ്പര്‍ക്കറിയാം. പണ്ട് "പഞ്ചാബ് മോഡല്‍" ഒന്ന് കാച്ചിയതാ. പത്തുമാസമാ അത്താഴം മുടങ്ങിയത്. അനുഭവം ഗുരു.

TM ജേക്കബിനുമുണ്ട് എടുത്താല്‍ പൊങ്ങാത്ത ഒരു കേസ്. കുരങ്ങിന് തേങ്ങ കിട്ടിയപോലെ മൂപ്പര്‍ അതും കൊണ്ട് പരക്കം പായുകയാണ്. എവിടെ എത്തും എന്ന് ഒരു തിട്ടവും ഇല്ല. (അല്ലെങ്കിലും  രാഷ്ട്രീയത്തിലെ ചാഞ്ചാട്ടത്തിന്‍റെ കാര്യത്തില്‍  അങ്ങേരുടെ മുമ്പില്‍ സാക്ഷാല്‍ കുരങ്ങന്മാര്‍  ഒന്നുമല്ല).
അതിനിടയിലാണ്  T H മുസ്തഫ  നിഷേധിക്കാന്‍ വേണ്ടി ചുമ്മാ ഒരു വെടി പൊട്ടിച്ചത്. എന്നെ പ്രതിയാക്കിയാല്‍ ഉമ്മന്‍ ചാണ്ടിയും വേണം എന്‍റെ കൂടെ എന്നെ മൂപ്പര്‍ക്ക് പറയാനുള്ളൂ. പാവം ഒറ്റയ്ക്ക് ജയിലില്‍ പോകാന്‍ ആര്‍ക്കും പേടി ഉണ്ടാകുമല്ലോ. ചാണ്ടി കണ്ണുരുട്ടിയപ്പോ മുസ്തഫ പറഞ്ഞ നാവെടുത്തു വായിലിട്ടു. ഫലമോ ചാനലുകാര്‍ക്ക് രണ്ടു വാത്ത. ഒന്ന് പ്രസ്താവന, മറ്റൊന്ന് നിഷേധം.
 ഇവരൊക്കെ പിള്ളാരാന്നു വെക്കാം. പക്ഷെ അതുപോലെയാണോ മുല്ലപ്പള്ളി.  ആള് കേമനാണ്. കേന്ദ്രമന്ത്രി. പറഞ്ഞിട്ടെന്താ നാവില്‍ ഇപ്പൊ ഗുളികന്റെ വിളയാട്ടമാ.  പോരെങ്കില്‍  കണ്ടക ശനിയും. അതു കൊണ്ടേ പോകൂ.  മൂപ്പര്‍ ഇന്നലെ കാച്ചിയത് ഒരു ഒന്നൊന്നര ഗുണ്ടാണ്. "കോണ്ഗ്രസ്സ് കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ മീഡിയകള്‍ക്ക്  പണം കൊടുത്ത് വാര്‍ത്ത വരുത്തിയിട്ടുണ്ട്" എന്നാണു ആ "സത്യസന്ധന്‍" ഇന്നലെ വെളിപ്പെടുത്തിയത്. എന്‍റെ ഖോജരാജാവായ തമ്പുരാനേ... ഈ കോണ്ഗ്രസ്സുകാര്‍ ഇരിക്കുന്ന കൊമ്പ് മുറിച്ചു അടുപ്പില്‍ വെക്കാന്‍തന്നെ തീരുമാനിച്ചിറങ്ങിയതാണോ.!! 
ശശി എന്നും ശശിയാണ്. അതു ശശി തരൂരായാലും ശരി. പക്ഷെ ഞാന്‍ ഇപ്പോള്‍ പറയുന്നത് CPM ഇപ്പോള്‍ പുകച്ചു പുറത്തിട്ട  ശശിയെയാണ്. പുറത്തു ചാടിയപ്പോ മൂപ്പര്‍ ആദ്യം പത്തി വിടര്‍ത്തിയത് സാക്ഷാല്‍ കയ്യാമാത്തിന്റെ സൂക്ഷിപ്പുകാരനായ നമ്മുടെ മുഖ്യന് നേരെയാണ്. ഇച്ചിരി വിഷമുള്ള ഇനമാണ്. സഖാവ് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. പിന്നൊരു സ്വകാര്യം ചോദിക്കട്ടെ ?. ഈ കോടതിയെ സ്വാധീനിക്കുന്ന വിദ്യ ഒരു പൊടിക്ക് സഖാവിന്റെ കയ്യിലും ഉണ്ട്.  അല്ലെ സാറേ.. ?.  keep it up.

നടുറോട്ടില്‍ മീറ്റിംഗ് പാടില്ലെന്ന് പറയുന്നവര്‍ ശുംഭന്‍മാരാണെന്ന ഒറ്റ കീച്ചാണ് ജയരാജനെ മലയാളം നിഘണ്ടു വാങ്ങിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷെ നിഘണ്ടുവിലെ അര്‍ത്ഥമൊന്നും അദ്ദേഹത്തെ തുണച്ചില്ലെന്നാണ് തോന്നുന്നത്. ശുംഭന് പലയിടത്തും പല അര്‍ത്ഥങ്ങളാണത്രെ. അപ്പൊ ഇവിടെ ഉപയോഗിച്ച അര്‍ഥം ജഡ്ജിമാര്‍ ഏറ്റവും മാന്യന്മാര്‍ ആണ് എന്നാവും. പക്ഷെ അപ്പോഴും വെട്ടിലാവുന്നത് ജയരാജന്‍ തന്നെ.  "ഗതികേടിന്‍റെ"  അര്‍ഥം നിഘണ്ടുവില്‍ എന്താണാവോ ! 

ഈ ഏടാകൂടങ്ങളിലേക്കാണ് മുരളിയുടെ മടങ്ങിവരവ്. മുരളിക്ക് ഈ അങ്കത്തില്‍ വിജയിക്കാനാവുമോ. അതറിയണമെങ്കില്‍ മുരളി ആരാണെന്ന് ആദ്യം നാമറിയണം.  ആരാ മുരളി.  അല്ല ആരാ. എന്തൊക്കെ അപവാദങ്ങളാണ് മുരളിയെപ്പറ്റി നമ്മുടെ നാട്ടില്‍ മിമിക്രിക്കാന്‍ പാടി നടക്കുന്നത്.

"ഗ്രൂപ്പുകള്‍ അങ്കം കുറിച്ചപ്പോള്‍  റാലി നടത്തി കോണ്ഗ്രസ്സിന്‍റെ പള്ളക്ക് കുത്തിയവന്‍ മുരളി.  അരപ്പട്ടക്ക് പകരം അലുമിനിയം പട്ട വളക്കാന്‍ ഡീഐസി-ക്ക് പതിനായിരം കോണ്‍ഗ്രസ്സുകാരെ മറിച്ചവന്‍ മുരളി. ഡിഐസിയെ ചതിച്ചു പിണറായി കൂട്ടത്തില്‍ ചാടാന്‍ തുനിഞ്ഞവന്‍ മുരളി. ഡിഐസീ ചോദിച്ച പ്രവര്‍ത്തകരോട് എന്‍സീപീയില്‍ ലയിച്ചു പോയെന്നു പൊഴി ചൊന്നവന്‍ മുരളി. എന്‍സീപീയിലെത്താന്‍ പാതിരാവില്‍ ഡി ഐ സി ചാടിക്കടന്നു പവാറിന്‍റെ കതകില്‍ തട്ടിയവന്‍ മുരളി. അവസാനം 3 രൂപയുടെ മെമ്പര്‍ഷിപ്പിനു ആയിരത്തൊന്നു ഏത്തമിട്ടവന്‍ മുരളി". 

അതൊക്കെ പഴയ കഥ. പുതിയ കഥകള്‍ രചിക്കാന്‍ മുരളിക്കാവട്ടെ. 

എല്ലാ രാഷ്ട്രീയക്കാര്‍ക്കും നല്ല നമസ്ക്കാരം. 
---------------------------------------------
ഇതിനോട് ചേര്‍ത്തു വായിക്കാവുന്നത്.
 കേരള രാഷ്ട്രീയ വാരഫലം ,
കോണ്ഗ്രസിന്‍റെ വാശിയും മുരളീധരന്‍റെ കാത്തിരിപ്പും

.

56 comments:

 1. സകല ഏര്പ്പാ്ടുകള്ക്കും അളിയന്മാരെ കൂടെ കൂട്ടുന്ന രാഷ്ട്രീയക്കാര്ക്ക്ു ഇതൊരു പാഠമാകട്ടെ.

  ജാകൃതൈ..!!

  ***

  ഇതിന് ഡയലോഗ് ഒഫ് തി ഇയർ!! ഇപ്പോ തന്നെ പ്രഖ്യാപിച്ചാലോ?

  ReplyDelete
 2. ഏതായാലും രാഷ്ട്രീയാവലോകനം കലക്കി....ചാലിയാറിന്റെ ഒഴുക്കിൽ പെടാൻ ഇനി ആരാ ബാക്കി.!!

  ReplyDelete
 3. യു ഡി എഫിന്‍റെ എല്ലാ കഷ്ടകാലവും ഇതോടെ തീരുമെന്ന് പ്രതീക്ഷിക്കാം .....


  പോസ്റ്റ്‌ ഉഗ്രനായിട്ടുണ്ട്.....

  ReplyDelete
 4. ഇതിനെയെല്ലാം കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ഉള്ളിലുയരുന്ന വികാരം അതിനെ വരികളിലേക്ക് പകര്‍ത്താന്‍ മതിയായ ഭാഷ എന്നിലില്ലാ...
  ഈ ഭാര്‍ഗ്ഗവ ക്ഷേത്രത്തിലെ പൂജാരിയും തന്ത്രിയുമൊക്കെ പാവം ഭക്ത ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നു. വല്ലാത്ത മാനസികാടിമത്വം ഭക്ത ജനങ്ങളെ വീണ്ടും മന്ത്രമേറ്റു ചൊല്ലാന്‍ നിര്‍ബന്ധിതനാക്കുന്നു. ഇനിയുമീ ജീര്‍ണ്ണിച്ച വസ്ത്രമഴിച്ചു മാറ്റാന്‍ രാജ്യം നഷ്ടപ്പെടുത്തിയ ഇക്കൂട്ടര്‍ ഒട്ടും താമസിക്കേണ്ടതില്ല...
  ഹാ.. കഷ്ടം..!! എനിക്കും തനിക്കും അഭികാമ്യം ദിഗംബരത്വം തന്നെ..!!
  അല്ലെങ്കില്‍, ഇവിടെയാരാ മുണ്ടുടുത്തിരിക്കുന്നത്... എല്ലാം ഒന്നൊന്നായി അഴിഞ്ഞു വീഴുകയല്ലേ... ഉത്തരീയവും കീറത്തുണിയും ഒരു പോലെ അഴിയുന്നു...!!!

  ReplyDelete
 5. കണ്ടു സായൂജ്യമടയുക എന്നതേ നമ്മുക്ക് പറഞ്ഞിട്ടുള്ളൂ.
  രാഷ്ട്രീയം, പാര്ട്ടീയം ആയപ്പോ ആരുടെയെങ്കിലും പക്ഷം പിടിക്കാതെ നിവര്‍ത്തി ഇല്ല.
  തമ്മില്‍ ബേധം തൊമ്മന്‍ അല്ലാതെന്താ ?

  ReplyDelete
 6. ഇത്രയും രസകരമായ ഒരു രാഷ്ട്രീയ അവലോകനം അടുത്തൊന്നും വായിച്ചിട്ടില്ല.
  എല്ലാരേയും പിടിച്ചു എല്ലാവരയൂം കുടഞ്ഞു ആക്ഷേപ ഹാസ്യത്തോടെ പറഞ്ഞ നല്ല ലേഖനം.
  നല്ല രസം നല്‍കുന്ന വായന.

  ReplyDelete
 7. ശരിയാ അക്ബര്‍,
  പകര്‍ച്ചപ്പനിയും തൂറലും പിടിച്ചു
  വശക്കേടായ രോഗികള്‍ തലങ്ങും വിലങ്ങും
  കിടക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രി
  പോലെയാ കേരള രാഷ്ട്രീയത്തിലെ
  കുഞ്ഞൂഞ്ഞു കുട്ടി പരിവാരങ്ങള്.
  മുരളിക്ക് ഒരു നല്ല വൈദ്യന്റെ റോളുണ്ട്.
  സകല വൈറസുകളെയും കുടഞ്ഞു കളഞ്ഞുള്ള
  രണ്ടാം വരവാ...
  ചുവന്ന തുണി കണ്ട കാളക്കൂറ്റനെ പോലെ
  ഇനിയും മൂക്ക് ചീറ്റാഞ്ഞാല്‍ അതിയാനു കൊള്ളാം!
  (മൂക്ക് അവിടെ തന്നെ കാണും...ലെ?)

  ReplyDelete
 8. സമകാലിക സംഭവങ്ങളെക്കുറിച്ച് എഴുതിയാല്‍ ഇങ്ങനെ വേണം ...അല്ലാതെ ഒരു കണ്ണ് മാത്രം അടച്ചു എഴുതരുത് എന്തേ?...അതെന്നെ അല്ലെ?..രണ്ടു കണ്ണും ഇടതും വലതും,പിന്നെ നേരെയും നോക്കി എഴുതണം....അടിപൊളി...

  ReplyDelete
 9. avalokanam gambhiiramaayi. palayitathum chirichupoyi. (orthaal chirikukayalla karayukayanu vendathennariyam. ennalum chirikam. ivarekondokke anganeyenkilum oru upakaaramirikate.)

  ReplyDelete
 10. സത്യം പറഞ്ഞാല്‍ ഇപ്പോഴത്തെ കേരള രാഷ്ട്രീയം ഇതിലും നന്നായി അവലോകനം ചെയ്യാന്‍ കഴിയില്ല ....എല്ലാവരും കൂടി ഭരിച്ചു മുടിപ്പിക്കും നമ്മുടെ കേരളം ...........!

  ഇത്ര കാലവും കോടതിയെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ...ഇപ്പൊ അതും പോയി കിട്ടി ....

  ReplyDelete
 11. സമകാലിക രാഷ്ട്രീയസംഭവങ്ങളെ നർമ്മം കലർത്തി മർമ്മത്തിൽ കൊള്ളേണ്ടവിധം അവതരിപ്പിച്ചത് നന്നായി.

  ReplyDelete
 12. മുരളിയില്‍ തുടങ്ങി സകല ദുനിയാവും ചുറ്റിത്തിരിഞ്ഞ് പോസ്റ്റ് അവസാനിക്കുന്നത് മുരളിയില്‍ തന്നെ.. നന്നായി അവതരിപ്പിച്ചു..

  ReplyDelete
 13. അവലോകനം നന്നായി ...
  നാം നമ്മളാല്‍ നമ്മെ ഭരിക്കുന്ന ജനാധിപത്യം ഇന്നും അന്യം തന്നെ .. നമ്മളെ മറ്റു പലരും വരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്നു ... വഴങ്ങുന്നത് തന്നെ നമ്മുടെ പരാജയം ..

  നന്ദി അക്ബര്‍ സാഹിബ്

  ReplyDelete
 14. കേരളത്തിന്റെ ആനുകാലിക രാഷ്ട്രീയം നന്നായി അവതരിപ്പിച്ചു.. മുരളി വീണ്ടും കൊണ്ഗ്രെസ്സില്‍.. പടിയടച്ചു പിണ്ഡം വച്ച സ്വന്തം സഹോദരി (പദ്മജ) വരെ "ഏട്ടനെ" തളികളും താലപ്പൊലിയും ഏന്തി ആനയിക്കുന്നു. ശത്രുക്കള്‍ ബന്ധുക്കള്‍.... ഇത് കലികാലം തന്നെ..

  ReplyDelete
 15. കൊണ്ഗ്രെസ്സ് പാര്‍ട്ടിയിലെ വിശുദ്ധനായി അറിയപ്പെടുന്ന വി.എം സുധീരനെ "വികസന വിരോധി"യാക്കുകയാണ് കൊണ്ഗ്രെസ്സിലെ പുതിയ താരോദയം അബ്ദുള്ളക്കുട്ടി. എല്ലാവരും അഴിമതിയും, വികസനത്തിന്റെ പേരില്‍ കൊള്ളയും നടത്തുമ്പോള്‍ സുധീരന്‍ മാത്രം അതിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് എന്തിനാണ് എന്നാണ് സുധാകര ശിഷ്യന്റെ ചോദ്യം. എ.ഐ.സി.സി അംഗം ആയ സീനിയര്‍ നേതാവ്‌ ശ്രീ.സുധീരന്‍ കമ്മ്യൂണിസ്റ്കാരെ പോലെ പെരുമാറുന്നു എന്ന് പറഞ്ഞ് അദ്ധേഹത്തെ അധിക്ഷേപിച്ച് ഇറങ്ങിപ്പോയ കൊണ്ഗ്രെസ്സിന്റെ പുതിയ വികസന വാഗ്ദാനത്തെ ഒന്ന് ശാസിക്കാന്‍ പോലും ഒരു നേതാവും എന്തുകൊണ്ട് തയ്യാറായില്ല. അഴിമതിയില്‍ മുങ്ങി നീരാടുന്ന കൊണ്ഗ്രെസ്സിനും യു.ഡി.എഫിനും സുധീരനേക്കാന്‍ പ്രിയം അബ്ദുല്ലക്കുട്ടിയോട് തന്നെ ആകും

  ReplyDelete
 16. രാഷ്ട്രീയം പാടില്ല
  പപ്പേട്ടന്റെ ചായക്കടയില്‍ പണ്ട് കണ്ട ബോര്‍ഡ് ഇപ്പോഴും ഞാന്‍ അനുസരിക്കുന്നു. നോ കമന്റ്സ്

  ReplyDelete
 17. ഇവിടെ പ്രതിപാദിച്ച മഹാന്മാരായ ശുംഭന്‍മാരാണല്ലോ നമ്മുടെ ജനനായകന്മാര്‍ എന്നുള്ള ഒറ്റ ആശ്വാസത്തിലാണ് നാം ഈ മണലാരണ്യത്തില്‍ കഴിയുന്നത്.

  ReplyDelete
 18. എല്ലായിടത്തും എത്തിനോക്കിയ പോസ്റ്റ്‌. മുരളിയുടെ കണ്ടക ശനി തീരട്ടെ..

  ReplyDelete
 19. "പോയ ബുദ്ധി തിരിച്ചുപിടിക്കാന്‍ മുരളിയോളം റാലി നടത്തിയ ആരും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാവില്ല. "
  ഈ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു അക്ബര്‍. മുരളിയില്‍ തുടങ്ങി മുരളിയില്‍ ഒടുങ്ങുന്ന ഈ വാരാന്ത്യ അവലോകനം വളരെ നന്നായിട്ടുണ്ട്. നല്ല നിലവാരവും നര്‍മ്മവും കലര്‍ന്ന രചന. മുരളിയുടെ "പ്രഭാവത്തില്‍" രമേശും ചാണ്ടിയും വെറും ചന്ടിപോലെ ഒളിച്ചു പോവും എന്ന് ഇരുപേര്‍ക്കും അറിയാം. അത് തന്നെ ഇതിത്ര വൈകാന്‍ കാരണമായതും

  ReplyDelete
 20. അത് ശരി...അപ്പ്യോ രാഷ്ട്രീയത്തിലും തലകടത്തുവാൻ പോകാണോ...


  ‘അതൊക്കെ പഴയ കഥ. പുതിയ കഥകള്‍ രചിക്കാന്‍ മുരളിക്കാവട്ടെ..’
  എന്നെ കുറിച്ചാണോ ഭായ്..?

  ReplyDelete
 21. വാഹ്‌..അക്ബര്‍ വാഹ്‌..
  ബലേഭേഷ് !
  ഇത്ര രസകരമായൊരു വീക്ഷണം ഇത് വരെ കാണാനിടയായിട്ടില്ല.
  ഈ നര്‍മബോധം കൈമോശം വരാതെ സൂക്ഷിക്കുക.
  "അവസാനം 3 രൂപയുടെ മെമ്പര്‍ഷിപ്പിനു ആയിരത്തൊന്നു ഏത്തമിട്ടവന്‍ മുരളി"."
  ചിരിക്കാനിനി എന്ത് വേണം?
  ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍..

  ReplyDelete
 22. എന്‍റെ പോന്നു കബര്‍ ജി സമ്മതിച്ചു എന്തൊരു എയുതൈത് കണ്ട അണ്ട അടകൊടന്മാര്‍കെല്ലാം നല്ല കൊട്ട് കൊടുത്ത്

  ReplyDelete
 23. ഇടിവെട്ട് Ending. അവസാന പാരഗ്രാഫിലെ ആ വടക്കന്‍ ഡയലോഗാണ് എനിക്കേറെ പിടിച്ചത്..

  ReplyDelete
 24. സംഗതി സരസം രസകരം. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് മൊത്തത്തില്‍ നന്മ ലഭിക്കാനുള്ള വല്ല ഹോമമോ പൂജയോ ഉറുക്കോ എലസ്സോ കൈവശമുണ്ടെങ്കില്‍ പറയൂ അക്ബര്‍ ഭായ്. എങ്കില്‍ കേരളവും ഒപ്പം താങ്കളും രക്ഷപ്പെടും. (ഒരു ഷെയര്‍ ഇപ്പോഴേ ബുക്ക് ചെയ്തേക്കാം) :))

  ReplyDelete
 25. "...അവസാനം 3 രൂപയുടെ മെമ്പര്‍ഷിപ്പിനു ആയിരത്തൊന്നു ഏത്തമിട്ടവന്‍ മുരളി...
  പുതിയ കഥകള്‍ രചിക്കാന്‍ മുരളിക്കാവട്ടെ".

  രസകരമായ അവലോകനം

  ReplyDelete
 26. അടുത്ത കാലത്ത് നടന്നതും ഇപ്പോ നടന്നു കൊണ്ടിരിക്കുന്നതുമായ എല്ലാ ശുംഭത്തരങ്ങളും (അങ്ങിനെ പറയാമോ ????) വളരെ രസകരമായി തന്നെ ഇവിടെ പ്രദിബാദിച്ചു.ഞ്ജാന പീഠവും എം.ടിയെ സദസ്സിലിരുത്തി പീ‍ഡിപ്പിച്ചതും വല്ലാർപാടം ടെർമ്മിനൽ ഉത്ഘാടനത്തിൽ വി.എസ്സിനെ ചൊടിപ്പിച്ചതും കൂടി ഉൾപ്പെടുത്താമായിരുന്നു... എല്ലാം കലികാലം അല്ലാതെന്തു പറയാൻ രാഷ്ട്രീയ അവലോകനം ബഹു കേമം. ആശംസകൾ...

  ReplyDelete
 27. സമകാലിക കേരള രാഷ്ട്രീയത്തിന്റെ ഈ പോസ്റ്മോര്‍ട്ടം ഇതിലും രസകരമായി എഴുതാനില്ല.
  പീഡനങ്ങള്‍ ഏറ്റുവങ്ങാന്‍ വോട്ടര്‍മാരുടെ ജീവിതം ഇനിയും ഭാക്കിയുണ്ടല്ലോ, എല്ലാവരും ഭരിച്ചു മുടിക്കട്ടെ.

  ReplyDelete
 28. നശിപ്പിച്ചു ! മിനിമം ഒരു അഞ്ചു ബ്ലോഗിനുള്ള വഹയാണ്‌ മാനേ ഒരൊറ്റ ബ്ലോഗില് കാച്ചിയത്. അതുകൊണ്ടെന്താ.ഞങ്ങള്‍ വായനക്കര്‍ക്ക് സന്തോഷം. പക്ഷെ അടുത്ത ബ്ലോഗിന് മാറ്റര്‍ തിരയെണ്ടേ ? വേറെ സ്റ്റൊക്കുണ്ട്ങ്ങില്‍ ഞാനൊന്നും പറഞ്ഞ്റ്റൂല്ല്യ നീയൊന്നും കേട്ടിട്ടൂല്ല്യ .

  ReplyDelete
 29. "രാക്ഷസനില്‍ നുന്നും, 'രാ',
  ദുഷ്ടില്‍ നിന്നും 'ഷ്ട്',
  പീറയില്‍ നിന്നും 'റ'
  ഈച്ചയില്‍ നിന്നും 'ഈ'
  മായത്തില്‍ നിന്നും 'യം' - രാഷ്ട്രീയം" - (കുഞ്ഞുണ്ണി)

  ReplyDelete
 30. സമകാലിക കേരള രാഷ്ട്രീയത്തെ ഒന്നിച്ചു അവലോകനം ചെയ്ത ഒരു നല്ല പോസ്റ്റ്‌
  ഈ അടുത്ത കാലത്ത് വായിച്ച ഏറ്റവും മികച്ച രാഷ്ട്രീയ അവലോകനങ്ങളില്‍ ഒന്നാണ് അക്ബര്‍ ഇക്കയുടെ ഈ പോസ്റ്റ്‌

  ReplyDelete
 31. നിരീക്ഷണത്തിനും നര്‍മ്മത്തിനുമാണ് മാര്‍ക്ക്.
  അന്ത്യം മുന്തിയതാക്കിയതിന്, എ പ്ലസും !

  ReplyDelete
 32. പോയ വഴിക്ക് എല്ലാത്തിനെയും ഒന്ന് തോണ്ടി വിട്ടു അല്ലെ?..നര്‍മ്മം കൊണ്ട് മര്‍മ്മത്തില്‍ കുത്തി...

  ReplyDelete
 33. അക്ബര്‍ക്കാ ഞാന്‍ വായിച്ചു എഴുത്തും നല്ലത് പക്ഷേ രാഷ്ട്രീയം എനിക്ക് ദഹിക്കില്ല എങ്കിലും അതിനെ അവതരിപ്പിച്ച രീതി അഭിമാനാര്‍ഹം

  ReplyDelete
 34. കാര്യങ്ങള്‍ വളരെ വ്യക്തമായി സരസമായി പറഞ്ഞു ..നല്ലൊരു അവലോകനം അക്ബര്‍ ഭായ് ..

  ReplyDelete
 35. മുരളി കുറെ കാലം കൊണ്ഗ്രസില്‍ ഉണ്ടായിരുന്നല്ലോ.. അന്നൊന്നും കാണാത്ത ഒന്നും ഇനി ഉണ്ടാവാനും പോകുന്നില്ല. .. ജനത്തിനു പെരുവഴി തന്നെ...

  ReplyDelete
 36. ഈ ഐ എ എസിനൊക്കെ പഠിക്കുന്നവര്‍ക്ക് പ്രചോദന ക്ലാസ്സ്‌ എടുക്കുമ്പോള്‍ എടുത്തു പറയാവുന്ന ഉത്തമ ഉദാഹരണമാണ് മുരളീധരന്‍. ഇങ്ങനെയുമുണ്ടോ ഒരു ജന്മം?!!!!

  നല്ല അവലോകനം. അവതരണം ഗംഭീരം.

  ReplyDelete
 37. ബെഞ്ചാലി - അതേ ഒറ്റക്കായാല്‍ ഗുണവും ദോഷവുമൊക്കെ ഒറ്റയ്ക്ക് അനുഭവിച്ചു തീര്‍ക്കാം. നന്ദി
  Naushu-അതേ അങ്ങിനെ പ്രതീക്ഷിക്കാം.
  നാമൂസ്-കൂടുതല്‍ തൊലിക്കട്ടി. അതാണ്‌ രാഷ്ട്രീയ യോഗ്യത എന്നാണോ ?.
  കുന്നെക്കാടന്‍അതേ "തമ്മില്‍ ബേധം തൊമ്മന്"‍-അതേ നമുക്ക് മുമ്പില്‍ ഓപ്ഷന്‍ ഉള്ളൂ.
  ചെറുവാടി-നന്ദി മന്‍സൂര്‍. തിരഞ്ഞു നോക്കുമ്പോള്‍ എല്ലാവരും ഒന്നിനൊന്നു മെച്ചം.
  MT Manaf-അതേ. മുരളിക്ക് ഇത് നല്ല കാലമാണ്. പക്ഷെ കയ്യിലിരിപ്പ് വെച്ച് എടുത്തു ചാടിക്കൂടായ്കയില്ല.
  ആചാര്യന്‍ നന്ദി ഇംതിയാസ്. നിഷ്പക്ഷമായി നോക്കിയാല്‍ നല്ലതൊരെണ്ണം കഷായത്തിന് പോലും ഇപ്പോള്‍ ഒരു മുന്നണിയിലും എടുക്കാന്‍ കാണില്ല.
  മുകിൽ-അതേ മുകില്‍- ഓര്‍ത്താല്‍ കരയുകയാണ് വേണ്ടത്. പക്ഷെ എന്നിട്ടും നമ്മള്‍ ചിരിച്ചു പോകുന്നു. അത്രയ്ക്ക് തമാശക്കാരാന് ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍. ..നന്ദി.
  faisu madeena-കോടതിയെയും ഇവര്‍ കേടുവരുത്തി എന്നു പറയാം ഫൈസു. നന്ദി.

  ReplyDelete
 38. moideen angadimugar-മര്‍മ്മത്തില്‍ കൊള്ളില്ല. അവര്‍ക്ക് അതൊക്കെ ഉണ്ടായിട്ടു വേണ്ടേ. വായനക്ക് നന്ദി.
  Prinsad-മുരളി കോണ്ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഒഴിച്ച് കൂടാനാത്ത സാന്നിധ്യമാണ്. അപ്പൊ നാം എതിലെപ്പോയാലും മുരളിയില്‍ തന്നെ തിരിച്ചെത്തും. ഈ വരവിനു നന്ദി പ്രിന്സാദ്. .
  Sameer Thikkodi-അതേ നാം വോട്ടു ചെയ്യുന്നതോടെ കാര്യങ്ങള്‍ നമ്മളില്‍ നിന്നും അവര്‍ ഏറ്റെടുക്കുന്നു. പിന്നെ എല്ലാം നമുക്ക് അന്യം. നന്ദി സമീര്‍.
  Sreejith kondottY/ ശ്രീജിത് -മക്കള്‍ രാഷ്ട്രീയത്തിനു വളക്കൂറുള്ള മണ്ണ്അല്ല കേരളം എന്നു എന്നു പത്മജ മനസ്സിലാക്കിയിരിക്കുന്നു എന്നു തോന്നുന്നു. സ്വയം മുന്നോട്ടു വരുന്നത് കാണുന്നില്ല.നന്ദി ശ്രീജിത്ത്‌. സുധാകര ശിഷ്യന്‍ (കുട്ടി) ഗുരുവിനെ കടത്തി വെട്ടാനുള്ള പുറപ്പാടിലാണ്. നന്ദി ശ്രീജിത്ത്‌.
  ajith-നന്ദി അജിത്‌ ഭായി. . ഈ "നോ കമന്റ്സ്" തന്നെ ഏറെ സംസാരിക്കുന്നു.
  ഇസ്മായില്‍ കുറുമ്പടി-ശുംഭാന്മാര്‍ എന്നു ഇപ്പോള്‍ പറയാന്‍ പറ്റില്ല ഇസ്മായി ഭായി. ശുംഭാന്മാര്‍ക്ക് മഹാന്മാര്‍ എന്ന അര്‍ത്ഥവും ഉണ്ടെന്നാണ് പുതിയ രാഷ്ട്രീയ നിഘണ്ടുവില്‍ പറയുന്നത്.
  elayoden-വാനക്ക് നദി. പോസ്റ്റിന്റെ പരിമിതിയില്‍ ഒരെത്തിനോട്ടം മാത്രമേ സാധ്യമാകൂ.
  Salam-അതേ, മുരളി കാണിച്ച ക്ഷമ അഭിനന്ദനാര്‍ഹമാണ്. മുരളിയുടെ പ്രഭയില്‍ നിറം മങ്ങിപ്പോകും എന്ന ചിലരുടെ ഭയം തന്നെയാണ് മുരളിക്ക് ഇത്രയും കാത്തിരിക്കേണ്ടി വന്നതും. പിന്നെ ഒരളവുവരെ മുരളിയുടെ കയ്യിലിരിപ്പും. നന്ദി സലാം ഭായി. ഈ വിലയിരുത്തലിനു.
  ReplyDelete
 39. മുരളീമുകുന്ദൻ ബിലാത്തിപട്ടണം-ഞാന്‍ രാഷ്ട്രീയത്തില്‍ തല കടത്തെ ? അയ്യേ ഞാന്‍ ആ ടൈപല്ല. നന്ദി മുരളീ ഭായി.
  mayflowers -നല്ല വാക്കുകള്‍ക്കു,വായനക്കും ഒരു പാട് നന്ദി മെയ്‌ ഫ്ലവര്‍.
  ayyopavam -ചുമ്മാ ഇങ്ങിനെ കൊട്ടാനല്ലേ നമുക്കാവൂ- നന്ദി മൂസ.
  ബഷീര്‍ Vallikkunnu-ഇതൊരു "തെക്കന്‍ വീരഗാഥയാണ്" ബഷീര്‍ ജി.
  ശ്രദ്ധേയന്‍ | shradheyan-നാം വോട്ടു ചെയ്യുന്നതോടെ കാര്യങ്ങള്‍ നമ്മളില്‍ നിന്നും അവര്‍ ഏറ്റെടുക്കുന്നു. പിന്നെ എല്ലാം നമുക്ക് അന്യം. ഈ വ്യവസ്ഥിതി മാറണം. അധികാരത്തില്‍ കയറ്റുന്ന ജനങ്ങള്‍ക്ക്‌ അവരെ താഴെ ഇറക്കാനും കഴിയണം. എങ്കിലേ ഇവര്‍ നന്നാകൂ.
  മുജീബ് റഹ്‌മാന്‍ ചെങ്ങര-വായനക്ക് നന്ദി മുജീബ്.
  ഉമ്മു അമ്മാര്‍-അതേ ഉമ്മു അമ്മാര്‍. കാലിക രാഷ്ട്രീയം ചീഞ്ഞു നാറുകയാണ്. പറഞ്ഞാല്‍ തീരില്ല. നന്ദി.
  തെച്ചിക്കോടന്‍-അതേ ഷംസു. എന്നു ജനം പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നു. അടിയുണ്ടാക്കാനും സമരം ചെയ്യാനും ജനം. സുഖിക്കാന്‍ നേതാക്കളും. ജനസേവനത്തിന്റെ ഇന്നത്തെ നേര്‍ചിത്രം അതാണ്‌.
  HM -ഹി ഹി ഹി. എഴുതാന്‍ ഒരുക്കമാണെങ്കില്‍ വിഷയത്തിനാണോ വകയില്ലാത്തത്. വായനക്ക് നന്ദി. HM.
  Noushad Kuniyil-ഹി ഹി കുഞ്ഞുണ്ണി മാശുക്ക് അതെളുപ്പത്തില്‍ പറയാം. പക്ഷെ... നന്ദി നൌഷാദ് ബായി.

  ReplyDelete
 40. ismail chemmad-അവലോകനം നന്നായി എന്നറിഞ്ഞതില്‍ സന്തോഷം ഇസ്മായില്‍.
  ഉസ്മാന്‍ ഇരിങ്ങാട്ടിരി-വായനക്കും അഭിപ്രായത്തിനും നന്ദി ഉസ്മാന്‍ ഭായി.
  ഹാഷിക്ക്-ഒന്ന് നിരീക്ഷിച്ചാല്‍ ആരെയും ചിരിപ്പിക്കുന്നതാണ് കാലിക രാഷ്ട്രീയം. നന്ദി ഹാഷിക്
  സാബിബാവ-ഇപ്പോഴത്തെ രാഷ്ട്രീയക്കാരുടെ പോക്ക് ആര്‍ക്കും ദഹിക്കില്ല സാബി. വായനക്ക് നന്ദി.
  സിദ്ധീക്കഈ വരവിനും വായനക്കും നന്ദി സിദ്ധീക്ക.
  hafeez-അതേ എങ്കിലും ഒരവസരം കൂടെ ലഭിക്കാന്‍ മുരളി അര്‍ഹനാണ്. ഇനി അതു എങ്ങിനെ വിനിയോഗിക്കുന്നു എന്നതിനനുസരിച്ചായിരിക്കും മുരളിയുടെ ഭാവി. വായനക്ക് നന്ദി ഹഫീസ്.
  Shukoor-അതേ ശുക്കൂര്‍. മുരളി ഒരു പാട് സ്വയം പഠിച്ചിരിക്കുന്നു. ഇനി ആ അറിവുകള്‍ അദ്ധേഹത്തെ തുണക്കട്ടെ. ഈ വരവിനു നന്ദി.

  ReplyDelete
 41. പുതിയ വാർത്ത: ജയിലുകളിൽ നിന്നും തടവുകാരെ വിട്ടയക്കുന്നു... വിഐപി കള്ളന്മാർക്ക് കിടക്കാൻ ഇടമുണ്ടാക്കാനായിരിക്കും നാടൻ കള്ളന്മാരെ വിട്ടയക്കുന്നത്.

  സമകാലിക രാഷ്ട്രീയത്തെ നർമ്മം പുരട്ടി അവതരിപ്പിച്ചത് നന്നായി.

  ReplyDelete
 42. Akbar Strikes Again & Again. Valare nannayirikkunnu. Othiri nalayi Akbar ee vazhiyokke vannittu...enthayalum varavu veruthe ayilla...iniyum orupadezhuthanulla vakakal nammude Kerala rashtreeyam thannu kondirikkunnu......Akbar-nde vayanakkar kathirikkukayanu...iniyum ezhuthu. Aashamsakal.

  ReplyDelete
 43. പിന്നെ എന്തൊക്കെ പാടിനടക്കുന്നുണ്ട് മിമിക്രിക്കാര്‍ ചാനലുകളില്‍.!! ??.,
  കേമം തന്നെ ചാലിയാറിന്റെ അടിയൊഴുക്ക്..!!
  “ഒരുവാഴക്കാടന്‍ വീരഗാഥ“!!
  ആദ്യത്തെ വരവെന്ന് തോന്നുന്നു,അകമ്പാടം വഴി എത്തി,വളരെ ഇഷ്ടമായ വന്ന് ചേരല്‍,ഒഴിവ് പോലെ ഇനിയും വരാം,
  അഭിനന്ദനങ്ങള്‍.

  ReplyDelete
 44. അലി -അതേ അതേ. ശരിക്കുള്ള കള്ളന്മാര്‍ vip കുപ്പായമിട്ട് നടക്കുകയാണ്. നന്ദി അലി.
  അമ്പിളി -വീണ്ടും ഈ വഴി വന്നതിനും നല്ല വാക്കുകള്‍ക്കും നന്ദി അമ്പിളി.
  ishaqh -ഇവിടേയ്ക്ക് സ്വാഗതം Ishaqh. വീണ്ടും കാണാമല്ലേ. നന്ദി.

  ReplyDelete
 45. പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ... എന്നിട്ടും എല്ലാ സംശുദിയോടു കൂടിയും ഇപ്പോള്‍ മുരളി ചെന്നപ്പോള്‍ അവിടെയും പുക കാണാന്‍ തുടങ്ങി... കണ്ടക ശനി കൊണ്ടേ പോകൂ എന്നാണു.. അത് ചിലപ്പോള്‍ കൂടെ ഉള്ളവരെയും കൊണ്ടേ പോകൂ...!!

  ReplyDelete
 46. നന്നായി പറഞ്ഞു. എനിക്ക് ഇഷ്ടമായി. ബാക്കി പത്രമായി ഇനിയും എഴുതാനുണ്ട്. അപ്പോള്‍ അതങ്ങ് നീണ്ടു പോകും. അതൊക്കെ വള്ളിക്കുന്ന് പറഞ്ഞു കൊളളും.

  എങ്കിലും അവസാനം ഇന്നലെ വി.എസ്സിന്റെ ദല്‍ഹിയിലെ ദല്ലാളെ ജയ് ഹിന്ദ്‌ ടി.വി. അന്വോഷണത്തിലൂടെ കണ്ടെത്തി. കോടതികളില്‍ ദുരൂഹമായി ബന്ധമുള്ള, കോടതി വിധികള്‍ മുന്‍കൂട്ടി കണ്ടെത്തുന്ന, കുപ്രസിദ്ധനായ നന്ദകുമാര്‍ എന്ന കുമാറിന്റെ വിവരം ജയ് ഹിന്ദ്‌ ടി.വി. പുറത്തു വിട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും അവര്‍ പറഞ്ഞു.

  കേസ്സുകളുടെ വിധി വരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പേ അവ പ്രവചിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ "തന്ത്രം" കൂടുതല്‍ വ്യക്തമായി വരുന്നു. കൊണ്ഗ്രസ്സിലൂടെ വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്ന കെ. മുരളീധരന്‍ കൂടുതല്‍ ശ്രദ്ധിക്കണം.

  ReplyDelete
 47. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ - കലക്കി കടുകുവറുത്തു..!!

  ReplyDelete
 48. അക്ബര്‍ , ഈ ബ്ലോഗെഴുത്ത് നിര്‍ത്തി പോയി മുരളി ഗ്രൂപ്പില്‍ ചേര്‍ന്നാലോ? മലയാള നാട് മെമ്പര്‍മാരെ മുഴുവന്‍ കൂടെ കൂട്ടാം. മുരളിയുടെ കൂടെയുണ്ടായിരുന്ന കൊമ്പന്മാര്‍ എല്ലാം മറുഗ്രൂപുകളില്‍ ചേക്കേറിയിര്രിക്കുന്നു. ഇനി മുരളിയുടെ നല്ലകാലത്തിന്റെ ഗ്രാഫ് ഉയരുന്നതിന്നനുസരിച്ചു ഓരോന്ന് ഓരോന്നായി തിരിച്ചെത്താന്‍ തുടങ്ങും. (അങ്ങിനെ തിരിച്ചു വരുന്നതിനെയാണ് കോണ്‍ഗ്രസ്‌ സംസ്കാരം എന്ന് പറയുന്നത്) അവരൊക്കെ എത്തുന്നതിനു മുമ്പെ മുരളിയുടെ ഗ്രൂപ്പില്‍ എത്താന്‍ കഴിഞ്ഞാല്‍ രണ്ട് മൂന്നു MLA സ്ഥാനവും കുറച്ചു ജില്ല കമ്മിറ്റി സ്ഥാനവും കുറെ ബ്ലോക്ക് / പഞ്ചായത്ത് സ്ഥാനവും സംഘടിപ്പിക്കാന്‍ ആവും. പിന്നെ മലയാളനാട് മെമ്പര്‍മാരാവും കേരളം ഭരിക്കുക. എന്ത് പറയുന്നു?

  ReplyDelete
 49. അഴിമതിക്കാരും, പെണ്വാെണിഭക്കാരും എല്ലാം ഏതു പാര്ട്ടിക്കാര്‍ ആയാലും ശിക്ഷിക്കപ്പെടണം. എസ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരന്‍ ആണെങ്കില്‍ തീര്ച്ചയായും ശിക്ഷിക്കപ്പെടണം. കിളിരൂര്‍ പീഡനക്കേസിലെ സത്യാവസ്ഥയയും പുറത്തുവരണം. ഐസ്ക്രീം പാര്‍ലര്‍ /കോതമംഗലം പെണ്‍വാണിഭക്കെസുകളിലെ പ്രതികള്‍ക്കും ശിക്ഷ ലഭിക്കണം.

  "മുഖ്യമന്ത്രി വി.എസ് അച്ചുദാനന്ദന് വേണ്ടി സുപ്രീം കോടതി വരാന്തയില്‍ കയറി ഇറങ്ങുന്ന ദല്ലാള്മാര്‍ ഉണ്ടെന്ന് അഡ്വക്കറ്റ്‌. പി.രാംകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ്‌നൈറ്റില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ജയ്ഹിന്ദ്‌ ചാനല്‍ അന്വേഷണത്തിലൂടെ ആ ദല്ലാളെ കണ്ടെത്തിയിരിക്കുന്നു എന്നും ആ കുപ്രസിദ്ധനെ കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും എന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ മേല്കമെന്റില്‍ വായിച്ചു"

  ReplyDelete
 50. ആരാണ് അഡ്വക്കറ്റ്‌.രാംകുമാര്‍.? വി.എസ് അച്ചുതാനന്ദന്റെ നേതൃത്വയില്‍ കൊട്ടിഘോഷിച്ചു തുടങ്ങി, അവസാനം പല കോണുകളില്‍ നിന്നും വന്ന എതിര്പ്പു കള്‍ മൂലം പാതിവഴിയില്‍ നിര്ത്തി യ മൂന്നാര്‍ കയ്യേറ്റ ഒഴിപ്പിക്കലില്‍ ഹൈക്കോടതി സീനിയര്‍ "ക്രിമിനല്‍" അഭിഭാഷകന്‍. അഡ്വക്കറ്റ്‌ രാംകുമാറിന്റെ ഉടമസ്ഥതയില്‍ കയ്യേറ്റ ഭൂമിയില്‍ നിര്മ്മി ച്ച "ധന്യശ്രീ" ഹോട്ടലും ഉണ്ടായിരിന്നു. കയ്യേറിയ ഭൂമിയില്‍ നിര്മ്മി ച്ച ഈ ഹോട്ടല്‍ പൊളിക്കാന്‍ വി.എസ് അനുമതി നല്കിിയിരുന്നു. ഇതുകൂടാതെ മറ്റു പല അഴിമതി/ക്രിമിനല്‍ പാരമ്പര്യം ഉള്ള അഡ്വക്കറ്റ്‌ രാംകുമാര്‍ കേരള രാഷ്ട്രീയത്തില്‍ 'ഒരു അഴിമതി ആരോപണം എതിരാളികള്‍ പോലും ഉന്നയിച്ചിട്ടില്ലാത്ത' ക്രെഡിബിലിട്ടി യുള്ള വിരലില്‍ എന്നാവുന്ന നേതാക്കളില്‍ ഒരാളായ വി.എസ്-നെതിരെ ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്റെെ കാരണം എല്ലാവര്ക്കും വ്യക്തം ആകും. അഴിമാതിക്കാരന്‍ ആയ, പൂജപ്പുര ജയിലില്‍ കഴിയുന്ന ബാലക്യഷ്ണപ്പിള്ളക്കെതിരെ വി.എസ് കേസ് നടത്തിയതും, അഴിമതിക്കാര്ക്കും , പെണ്വാസണിഭ, പീഡനക്കാര്ക്കും് എതിരെ സന്ധിയില്ലാ സമരം നടത്തുന്നതും ഒന്നും രാംകുമാറിനെ പോലുള്ള --സ്നേഹികള്ക്ക് സഹിക്കാന്‍ ആവില്ലല്ലോ..!

  ReplyDelete
 51. ചന്ദ്രികയോ, വീക്ഷണമോ അല്ലാത്ത ഒരു പത്രവും, ജയ്ഹിന്ദ്‌ അല്ലാത്ത ഒരു ടിവിയും ഈ ഈ കുപ്രസിദ്ധന്‍ കുമാറിനെ പറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അത് വി.എസ് എന്ന വ്യക്തിയില്‍ പൊതുജനത്തിനു ഇപ്പോഴും വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ല എന്നതിന്റെ സൂചന ആണ്. ഇത്തരം നാണം കേട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് പെണ്‍വാണിഭ/സ്ത്രീപീഡന/അഴിമതിക്കാര്‍ക്ക് കുടപിടിക്കുകയാണ്.
  കേസുകള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന തന്ത്രം യഥാര്‍ത്ഥത്തില്‍ ആരാണ് പയറ്റുന്നത്. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും, ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്മാ്നും ആയ എം.കെ മുനീര്‍ അല്ലെ ഈ തന്ത്രം പയറ്റുന്നത്. മുനീറിന്റെ ഉടമസ്ഥതയില്‍ ഉള്ള ഇന്ത്യാവിഷന്‍ ചാനല്‍ ആണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കെസും, കുഞ്ഞാലിക്കുട്ടിയുടെ "മുന്‍" ബന്ധുവായ റൌഫ്ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും, പി.കെ കുഞ്ഞാലിക്കുട്ടി ജഡ്ജിമാരെ സ്വാധീനിച്ച കഥയും, ഇപ്പോള്‍ കൃഷ്ണകുമാറും, പി.കെ കുഞ്ഞാലിക്കുട്ടിയും കോതമംഗലം ഉള്പ്പെട്ട കോതമംഗലം പെണ്‍വാണിഭ കഥയും എല്ലാം വ്യക്തമായ തെളിവുകള്‍ നല്കിോക്കൊണ്ട് അരമണിക്കൂര്‍ ഇടവിട്ട്‌ സംപ്രേക്ഷണം ചെയ്യുന്നത്. ഇത്തരക്കാരെ എതിര്ക്കു ന്ന വി.എസ്-നെ അപമാനിക്കാന്‍ ജയ്ഹിന്ദ്‌ ചാനലിന്റെയോ, ചന്ദ്രിക പത്രത്തിന്റെയോ വ്യാജപ്രചാരനങ്ങള്ക്കോ കഴിയില്ല. കേരളത്തിലെ മറ്റൊരു ചാനലും പത്രങ്ങളും ഒന്നും അറിയാത്ത ഈ വാര്ത്ത്കള്‍ ആരെങ്കിലും വിശ്വസിക്കും എന്നും തോന്നുന്നില്ല..

  ReplyDelete
 52. മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയ കെ.ജി. ബാലകൃഷ്ണനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ വന്നപ്പോള്‍ ഈ രാംകുമാര്‍ പറഞ്ഞത് "കോടതികളില്‍ അഴിമതി നടക്കുന്നില്ല, ജസ്റിസ് കൃഷ്ണയ്യരെ പോലുള്ളവര്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ വേണ്ടിയാണ് ഈ അഴിമതിക്കഥകള്‍ മെനയുന്നത് എന്നാണ്" ഇപ്പോള്‍ വി.എസ് നോടുള്ള പൂര്‍വ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി പറയുന്നു വി.എസ് സുപ്രീം കോടതിയെ സ്വാധീനിച്ചു എന്ന്. ഏഷ്യാനെറ്റ്‌ ന്യൂസ്‌നൈറ്റ്‌ ചര്‍ച്ചയില്‍ പിള്ളയെയും, സുധാകരനെയും ന്യായീകരിക്കാന്‍ വി.എസ്-നെതിരെ ഒരു തെളിവും ഇല്ലാതെ വിയര്‍ത്തൊലിച്ച് നില്ക്കു കയാണ് മഹാനായ രാംകുമാര്‍ ചെയ്തത്. കള്ളന്മാര്‍ക്ക് പൊതുവേ കള്ളന്മാരോട് സ്നേഹവും പോലീസുകാരോടും വെറുപ്പും,ഭയവും ആയിരിക്കും. അതെല്ലാം പ്രകൃതി നിയമം അല്ലെ.. ആ ആരോപണത്തിന് കേരളം ചെവി കൊടുക്കതതിരുന്നത് പറയുന്നത് രാംകുമാര്‍ ആയിരുന്നത് കൊണ്ട് മാത്രം അല്ല, പറയുന്നത് വി.എസ് അച്ചുദാനന്ദനെതിരെ ആയതുകൊണ്ടാണ്. ജസ്റ്റിസ്‌ കൃഷ്നയ്യരെയും, വി.എസ് അച്യുതാനന്ദനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഇത്തരം "ക്രിമിനലുകളെ" വിശുദ്ധരായി പ്രഖ്യാപിക്കുന്നവര്‍ എത്രമാത്രം ക്രിമിനലുകള്‍ ആയിരിക്കും എന്ന് ജനത്തിന് ഊഹിക്കാം. സ്ത്രീപീഡനക്കാരെയും, അഴിമതിക്കാരെയും, ക്രിമിനലുകളെയും വെള്ളപൂശുന്ന രാംകുമാര്‍ കള്ളന് കഞ്ഞിവെച്ചവന്‍ തന്നെ...! അദ്ധേഹത്തിന്റെ ജല്പനങ്ങളെ വേദവാക്യമാക്കി കൊണ്ടുനടക്കുന്നത് അപഹാസ്യം ആണ്..

  ReplyDelete
 53. അക്ബര്‍ ഭായി,
  നല്ല ഒന്നാന്തരം ചിന്ത.. കാലികമായത് കണ്ണ് തുറന്നു കണ്ടു..അത് അതുപോലെ പകര്‍ത്തി...നന്നായി

  ReplyDelete
 54. SHAHANA
  Samad Karadan
  kARNOr(കാര്‍ന്നോര്)
  MKM Ashraff
  Sreejith kondottY
  റ്റോംസ്‌ || thattakam

  എല്ലാവരുടെയും രാഷ്ട്രീയ വീക്ഷണങ്ങള്‍ ഒരു പോലെ ആവണം എന്നില്ല. എന്നാല്‍ കുറ്റവാളികള്‍ എത്ര ഉന്നതരായാലും അവര്‍ നിയമ നടപടികള്‍ക്ക് വിധേയരാവണം. ഈ വിഷയത്തില്‍ രാഷ്ട്രീയത്തിനു അതീതമായി ചിന്തിക്കാന്‍ പൊതു സമൂഹത്തിനു കഴിയണം. അല്ലാത്ത പക്ഷം കുറ്റവാളികളുടെ അഭയ കേന്ദ്രമായി മാറും രാഷ്ട്രീയം. തുറന്ന അഭിപ്രായങ്ങള്‍ എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

  ReplyDelete
 55. പഴയതാണെങ്കിലും പുതിയതായി തോന്നി .. നന്നായി എഴുതി...!!

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..