Tuesday, January 26, 2010

കടലാസ് തോണിയില്‍ കയറിയാല്‍ ജീവിതം മറുകര കാണില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അവധി കഴിഞ്ഞു തിരിച്ചു വരാനായി മുംബൈ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൌണ്ടറില്‍ നില്‍ക്കുകയായിരുന്നു ഞാന്‍.  തും കിതര്‍ ജാ രഹെഹോ.? തൊട്ടു മുമ്പിലെ യാത്രക്കാരനോടാണ് പോലീസുകാരന്‍റെ ചോദ്യം. അയാള്‍ ഒന്നും മിണ്ടിയില്ല. ഒറ്റനോട്ടത്തില്‍ ആള് മലയാളിയാണെന്ന് മനസ്സിലായി. പോലീസുകാരന്‍ ചോദ്യം ആവര്‍ത്തിച്ചു. ഹരേ ഭായ്..തും കിതര്‍ ജാ രഹെഹോ. ? അപ്പോഴും പോലീസുകാരനെ നോക്കിയതല്ലാതെ അയാള്‍ ഒന്നും മിണ്ടിയില്ല. പോലീസുകാരന് ശരിക്കും ദേഷ്യം വന്നു. നല്ല ഒന്നാംതരം ഹിന്ദിയില്‍ അയാള്‍ തെറിവിളിച്ചു. എമിഗ്രേഷന്‍ കാര്‍ഡ്‌ തിരിച്ചു കൊടുത്തിട്ട് മാറി നില്‍ക്കാന്‍ പറഞ്ഞു.

പോലീസുകാരന്‍റെ തെറി മനസ്സിലായില്ലെങ്കിലും അയാള്‍ വല്ലാതെ വിളറിപ്പോയിരുന്നു. ഞാന്‍ കാര്‍ഡ്‌ വാങ്ങി നോക്കി. Port of destination എഴുതിയിട്ടില്ല. അവിടെ ജിദ്ദ എന്നെഴുതാന്‍ പറഞ്ഞു. പിന്നെ എമിഗ്രേഷന്‍ കഴിഞ്ഞു അകത്തേക്ക് പോയി വിമാനത്തിനുള്ള സമയവും കാത്തു ഹാളില്‍ ഇരിപ്പുറപ്പിച്ചു.
ഒരു വിധത്തില്‍ എമിഗ്രേഷന്‍ കടമ്പ ചാടിക്കടന്നു അയാള്‍ എന്‍റെ അടുത്ത് വന്നിരുന്നു.
“നിങ്ങളും ജിദ്ദയിലേക്കാണോ” ? 
അതെ. ഞാന്‍ പറഞ്ഞു.
“ഹാവൂ സമാധാനമായി. ഞാന്‍ ആദ്യമായി പോവുകയാണ്. കൂടെ ഒരാളെക്കിട്ടിയത് ആശ്വാസമായി.”
ജിദ്ദയില്‍ ആരെങ്കിലുമുണ്ടോ. ? ഞാന്‍ ചോദിച്ചു
“പിന്നേ..?  ജേഷ്ടനുണ്ട്. വേറെയും ബന്ധുക്കളുണ്ട്. സുഹൃത്തുക്കള്‍ ഒരു പാടുണ്ട് ...” അയാള്‍ ഉത്സാഹഭരിതനായി. ഗള്‍ഫിന്‍റെ മായിക ലോകത്തിലേക്ക് സ്വപ്നച്ചിറകിലേറി അയാള്‍ പറന്നു തുടങ്ങിയപ്പോള്‍ ഞാന്‍ എന്‍റെ മാത്രമായ ചിന്തകളിലേക്ക് വലിഞ്ഞു.  


ഒരു മാസത്തെ അവധി കഴിഞ്ഞുള്ള തിരിച്ചുപോക്കാണ്. മനസ്സ് ഒരു നിമിഷം പിറകോട്ടു പോയി. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍   മകളുടെ കരച്ചില്‍ മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു. കൂടെ പോരനായിരുന്നു മോള്‍ കരഞ്ഞത്. ഞാന്‍ അടുത്തെവിടെയോ പോകുകയാനെന്നായിരിക്കണം അവള്‍ കരുതിയത്‌. .എന്തൊരു വാശിയായിരുന്നു ആ കരച്ചിലിന്.  കുഞ്ഞിക്കവിളില്‍ മുത്തം  നല്‍കി മോളെ അവളുടെ ഉമ്മയെ ഏല്പിക്കുമ്പോള്‍ എന്‍റെ മനസ്സ് ഒന്ന് പിടഞ്ഞോ. ? ഓരോ പ്രവാസിയും ജീവിതത്തില്‍ നിരവധി തവണ അനുഭവിക്കുന്ന വേദന.

ഒരു പൊട്ടിച്ചിരി കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്‌. ഞാനൊരു നല്ല ശ്രോതാവല്ലെന്നു തോന്നിയത് കൊണ്ടാവാം സുഹൃത്ത്‌ മറ്റു മലയാളി യാത്രക്കാരോട് വെടി പൊട്ടിക്കുകയാണ്. കളിയും തമാശയുമായി അയാള്‍ യാത്ര നന്നായി ആസ്വദിക്കുന്നു. വിമാനത്തില്‍ കയറാന്‍ അറിയിപ്പ് വന്നതോടെ അയാള്‍ വീണ്ടും എന്‍റെ അരികിലെത്തി. യാദ്രിശ്ചികമാവാം എന്‍റെ തൊട്ടടുത്ത സീറ്റായിരുന്നു അയാളുടേത്.

അയാള്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. സ്വന്തം കുടുംബത്തിലെ ഒരംഗത്തിനോടെന്നപോലെ. ചിരിയില്‍ പൊതിഞ്ഞ ദു:ഖത്തിന്റെ ഭാണ്ഡക്കെട്ടുകള്‍കുള്ളില്‍ ഒരു വലിയ കുടുംബത്തിന്റെ ഭാരം അയാള്‍ ചുമക്കുന്നു. ഉണ്ടായിരുന്ന ചുമട്ടു ജോലിയടക്കം എല്ലാം വിറ്റുപെറുക്കി കിട്ടിയ കാശ്കൊണ്ടാണ് വിസ ഒപ്പിച്ചത്. ഇനി എല്ലാം നേരെയാകുമല്ലോ എന്ന ആശ്വാസം ആ മുഖത്ത് കാണാം. കളങ്കമില്ലാത്ത മനസ്സ്. എനിക്കെന്തോ അയാളെ ഇഷ്ടമായി.

മണിക്കൂറുകള്‍ നീണ്ട യാത്രയുടെ ആലസ്യത്തില്‍ പിന്നീടെപ്പോഴോ ഞാന്‍ മയങ്ങിപ്പോയി. ഉണരുമ്പോള്‍ കടല്‍താണ്ടി പറന്നെത്തിയ യന്ത്രപ്പക്ഷി നഗരത്തിനു മുകളില്‍ വട്ടമിടുകയാണ്. വൈദ്യുത ദീപങ്ങളുടെ വര്‍ണശബളിമയില്‍ തിളങ്ങുന്ന മഹാനഗരത്തിന്‍റെ വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ച്ചകള്‍ സമ്മാനിച്ചു വിമാനം കിതപ്പോടെ റണ്‍വേയില്‍ പറന്നിറങ്ങി.

യാത്രക്കാര്‍ എമിഗ്രേഷന്‍ കൌണ്ടറിനു മുമ്പില്‍ സൃഷ്ടിച്ച വരിയില്‍ അയാള്‍ക്ക് പിറകെ ഞാന്‍ എന്‍റെ ഊഴവും കാത്തു നിന്നു. എന്‍റെ മൊബൈലില്‍ നിന്ന് അയാള്‍ സുഖമായി ഗള്‍ഫിലെത്തിയ സന്തോഷം വീട്ടുകാരെ അറിയിച്ചു.

"ഇന്‍ത്ത മൂക് മാഫി" ?. ( നിനക്ക് ബുദ്ധിയില്ലേ ? )
പോലീസിന്റെ ആക്രോശം. ഞാന്‍ ഞെട്ടിപ്പോയി. ചോദ്യം നമ്മുടെ കഥാനായകനോട് തന്നെ.
"താല്‍ യാ ഹിന്ദി". ( വരൂ ഇന്ത്യക്കരാ..)

കൌണ്ടറില്‍ നിന്നിറങ്ങി വന്ന പോലീസുകാരന്‍ അയാളുടെ കവിളത്ത് ആഞ്ഞടിച്ചു. പിന്നെ അയാളെയും കൂട്ടി അകത്തേക്ക് പോയി. ഒരുനിമിഷം ഞാന്‍ സ്തബ്ധനായി നിന്ന് പോയി. എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല. നിസ്സഹായതയില്‍ സ്വയം പരിതപിക്കാനല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനാകുമായിരുന്നില്ല . പുറത്തേക്ക് നടക്കുമ്പോള്‍ അയാളുടെ ദയനീയ മുഖമായിരുന്നു മനസ്സില്‍. എന്തിനായിരിക്കാം അയാളെ പോലീസ് പിടിച്ചത് ?.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും അയാളെപ്പറ്റിയുള്ള ചിന്തകള്‍ എന്നെ അലോസരപ്പെടുത്തി. ഒടുവില്‍ എന്‍റെ മൊബൈലില്‍ നിന്നും അയാള്‍ വിളിച്ച നമ്പരിലേക്ക് ഞാന്‍ വിളിച്ചു.  ട്രാവല്‍ ഏജന്‍സിയുടെ ചിതിയില്‍ കുടുങ്ങിപ്പോയെന്നും വ്യാജ വിസയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ചതിനു ശിക്ഷിക്കപ്പെട്ടു അയാള്‍ ജയിലിലാണെന്നും മറുതലക്കല്‍ നിന്ന് ഒരു തേങ്ങലോടെ കേട്ടപ്പോള്‍ വിളിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

ഇത്തരം ചതികള്‍ തുടര്‍ക്കഥയാകുന്നതിനാലാണ് ഇതിവിടെ എഴുതണം എന്ന് തോന്നിയത്. വിദേശ യാത്രക്ക് ഒരുങ്ങുമ്പോള്‍ യാത്രാ രേഖകള്‍ കൃത്യമായി പരിശോധിച്ച് വ്യാജമല്ലെന്നു ഉറപ്പു വരുത്തുക. കടലാസ് തോണിയില്‍ കയറിയാല്‍ ജീവിതം മറുകര കാണില്ല.

15 comments:

 1. ഇത്തരം ചതികള്‍ തുടര്‍ക്കഥയാകുന്നതിനാലാണ് ഇതിവിടെ എഴുതണം എന്ന് തോന്നിയത്. വിദേശ യാത്രക്ക് ഒരുങ്ങുമ്പോള്‍ യാത്രാ രേഖകള്‍ കൃത്യമായി പരിശോധിച്ച് വ്യാജമല്ലെന്നു ഉറപ്പു വരുത്തുക.

  ReplyDelete
 2. ഇക്കാലത്തും ഇത്തരം ചതികള്‍ ???ലോകത്തിന്റെ പോക്ക് എങോട്ടാ?

  ReplyDelete
 3. ഗള്‍ഫെന്നാല്‍ മോഹിപ്പിക്കുന്ന ഒരു മായിക ലോകമാണ് ഒരു ശരാശരി ആള്‍ക്ക്, എത്ര ദുരിതകഥകള്‍ കേട്ടാലും ഈ മോഹവലയത്തില്‍ കുടുങ്ങി വീണ്ടും വീണ്ടും ഇരകള്‍ ഏറിക്കൊണ്ടേയിരിക്കും.
  കുറ്റം പറയാന്‍ പറ്റില്ല, ബാധ്യതകള്‍ നിറവേറ്റാന്‍, പ്രതീക്ഷകള്‍ നിലനിര്‍ത്താനുള്ള അവസാനത്തെ അത്താണിയാണു ഗള്‍ഫ്‌, അതിനുവേണ്ടി എന്ത് നഷ്ടം സഹിച്ചും, എല്ലാം വിറ്റുപെറുക്കിയും, കയ്യില്‍ ഒരുയോഗ്യതയും ഇല്ലെങ്കിലും ഈ ഒഴുക്ക് തുടര്‍ന്ന് കൊണ്ടേയിരിക്കും..അത് ചൂഷണം ചെയ്യുന്നവരും.

  ReplyDelete
 4. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍
  അനുഭവത്തില്‍ നിന്നുള്ള ഇത്തരം ചീളുകള്‍ ഉപകരിക്കും

  ReplyDelete
 5. അക്ബർ ഇത്തരം കാര്യങ്ങൾ തന്നെയാണ് എഴുതേണ്ടത്...ശരിയായ ബോധവൽക്കരണപോസ്റ്റുകൾ !

  ReplyDelete
 6. @-Areekkodan |
  @-തെച്ചിക്കോടന്‍
  @-Ibn
  @-ബിലാത്തിപട്ടണം / Bilatthipattanam

  ഈ വരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി. വീണ്ടും വരുമല്ലോ

  ReplyDelete
 7. അക്ബര്‍, വൈകിയാണെങ്കിലും വായിച്ചു. നന്നായിട്ടുണ്ട്.
  ഇന്നും 'മലയാളം' അല്ലാതെ മറ്റൊരു ഉരുപ്പിടിയും കയ്യിലില്ലാതെ ഗള്‍ഫിലേക്ക് വരുന്ന പച്ചയായ ജീവിതങ്ങളെ കാണാറുണ്ട്. അവര്‍ക്കുള്ള ഓരോര്മപ്പെടുത്തലായി ഇത്. നന്നായി.
  ആ പാവം ജയില്‍ മോചിതനായോ ആവൊ ?
  പടച്ചവന്‍ തുണക്കട്ടെ..!

  ReplyDelete
 8. സലീം ഇ.പി. said... ഇന്നും 'മലയാളം' അല്ലാതെ മറ്റൊരു ഉരുപ്പിടിയും കയ്യിലില്ലാതെ ഗള്‍ഫിലേക്ക് വരുന്ന പച്ചയായ ജീവിതങ്ങളെ കാണാറുണ്ട്.

  ***വളരെ ശരിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കണ്ട ഒരു കാഴ്ചയാണിത്. ഇങ്ങിനെ പലരും പെടുന്നുണ്ടാവാം. വായനക്ക് നന്ദി സലിം.

  ReplyDelete
 9. പലരും ഇതുപോലെ കബളിപ്പിക്കപ്പെടുന്നുണ്ടല്ലോ ഇപ്പോഴും. വളരെ സാദ്ധ്യതകളുള്ള നാട്ടില്‍നിന്ന് ഇവിടെ കഷ്ടപ്പെടാന്‍ വരുന്നവരുടെ മനഃശ്ശാസ്ത്രമെന്തായിരിക്കും..?

  ReplyDelete
 10. കഷ്ടപ്പാടുകള്‍ തന്നെയാണ് ഇത്തരം ചതിക്കുഴികലെക്കുരിച്ചുഅറിഞ്ഞിട്ടും വീണ്ടും വീണ്ടും ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത് ...ആ പാവം മനുഷ്യന്റെ മോചനത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു ,,

  ReplyDelete
 11. പരിതാപകരമായ അവസ്ഥ. ഇത്തരം പാവപ്പെട്ടവരെ ചതിക്കുന്നവരുടെ മാനസിക വികാരം തനി ചെന്നായ്ക്കളുടെത് തന്നെയല്ല. ഗള്‍ഫ്യാത്ര സ്വപ്നം കാണുന്ന വര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഇക്ക ഈ പോസ്റ്റ്‌..

  ReplyDelete
 12. എന്താണെന്നറിയില്ല - ആടുജീവിതം വായിച്ച് അറിഞ്ഞ ജീവിതാവസ്ഥയെക്കുറിച്ച് ഈ പോസ്റ്റ് വായിച്ചപ്പോള്‍ ചിന്തിച്ചുപോയി. അവസാനത്തെ കച്ചിത്തുരുമ്പായി കയറിപ്പിടിക്കുന്നത് ചതിയുടെ കരാളഹസ്തങ്ങളില്‍ -പാവം മനുഷ്യര്‍

  ReplyDelete
 13. കണ്ടിട്ടും കേട്ടിട്ടും മനസ്സിലാക്കാത്തത് വളരെ ഖേദകരം
  നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍

  ReplyDelete
 14. ഇപ്പോഴും ചതിക്കുഴിയിൽ വീഴുന്നവർ ധാരാളം .ചതിക്കുഴി ഒരുക്കി കാത്തിരിക്കുന്നവർ അതിലധികവും

  ReplyDelete
 15. യോജിച്ച തലക്കെട്ട്‌

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..