Tuesday, May 31, 2016

പഞ്ചാബിൽ ഒരു ദിനം.


നങ്കൽ അണക്കെട്ടിന് മുകളിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു. സത്‌ലജ് നദിയിലെ കാഴ്ചകൾ അവ്യക്തമായിക്കൊണ്ടിരിക്കെ   പഞ്ബിയായ ഡ്രൈവർ ബൽബീർ സിംഗ് വല്ലാതെ തിടുക്കം കാട്ടി. കഴിഞ്ഞ അഞ്ചു ദിവസമായി ഇദ്ദേഹമാണ്  ഞങ്ങളുടെ ഗൈഡും ഡ്രൈവറും. 

ക്ഷമാശീലനായ ഇയാൾക്ക് എന്ത് പറ്റി എന്ന് ഞങ്ങൾ ആശങ്കപ്പെട്ടു. മണാലിയിൽ നിന്നുള്ള സുദീർഘമായ ആ മടക്കയാത്രയിൽ ഒരൽപം വിശ്രമം ആവശ്യമായിരുന്നു. എങ്കിലും ഡ്രൈവറുടെ നിർബന്ധത്തിനു വഴങ്ങി യാത്ര തുടർന്നു. ഹിമാചൽ പ്രദേശിൽ നിന്നും പഞ്ചാബിലേക്ക് കടന്നു മുന്നോട്ടു പോകവേ  ഇരു ഭാഗത്തും തണൽ മരങ്ങൾ കമാനങ്ങൾ സൃഷ്ടിച്ച മനോഹരമായ ഒരു പാതയിലേക്ക് അയാൾ വണ്ടി തിരിച്ചു. ഒരു ടണൽലിനുള്ളിലൂടെ കടന്നുപോകുന്ന പ്രതീതി. പക്ഷെ അത് അധികം നീണ്ടു നിന്നില്ല. വണ്ടി വീണ്ടും മറ്റൊരു ചെറിയ പാതയിലേക്ക് തിരിഞ്ഞു. 
.
തീർത്തും ഒരു ഗ്രാമ പ്രദേശം. ഒരു ഭാഗത്ത് കൃഷി ഭൂമി. ചോളമോ ഗോതമ്പോ ആവാം. നേർത്ത നിലാവിൽ അതെന്തെന്നു വ്യക്തമല്ല. മറുഭാഗത്ത് വല്ലപ്പോഴും ഓരോ വീടുകൾ പിന്നോട്ട് പായുന്നുണ്ട്‌. വണ്ടിയുടെ പിറകു സീറ്റിൽ ഒന്നും ശ്രദ്ധിക്കാതെ കുട്ടികൾ അന്താക്ഷരി കളിക്കുകയാണ്. പാട്ടും കളിയുമായി അവർ യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്.   
.
എന്റെ മനസ്സിലെ നേരിയ ഭയം പുറത്തു കാണിക്കാതെ ഞാൻ ഡ്രൈവറോട് ചോദിച്ചു. ഇത് ചണ്ഢീഗഡി ലേക്കുള്ള ഷോർട്ട് കട്ട് ആണോ? . ഇന്നത്തെ രാത്രി ഞങ്ങൾ  ചണ്ഢീഗഡിലാണല്ലോ  തങ്ങേണ്ടത്.   അപ്പോൾ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "അല്ല എന്റെ വീട്ടിലേക്കുള്ള വഴിയാണ്. നമുക്ക് ഒന്ന് വീട്ടിൽ കയറിയിട്ട് പോകാം". എനിക്കപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
.
 ഞാൻ ആ വിവരം പറഞ്ഞപ്പോൾ കുട്ടികൾ അത്യാഹ്ലാദത്തോടെ കയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ചു. ആ ബഹളം കേട്ട് ഡ്രൈവർ തലയാട്ടി ചിരിച്ചു. "ഈ കേരളവാലകൾക്ക്" എന്ത് പറ്റി എന്ന് അയാൾ ആലോചിച്ചു കാണും. കഴിഞ്ഞ ഏദാനും ദിവസങ്ങൾക്കുള്ളിൽ അയാളും ഞങ്ങളും തമ്മിൽ ചെറിയ ഒരു ഹൃദയബന്ധം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ടൂറിസ്റ്റുകൾ എന്ന നിലക്ക് ഞങ്ങൾ ഒരിടത്തും അയാള്ക്ക് തലവേദന ഉണ്ടാക്കിയിരുന്നില്ല.
.
ഒരു വയലോരത്ത് വണ്ടി നിന്നു. അതിന്റെ ചാരത്തായിരുന്നു ആ "പഞ്ചാബി ഹൗസ്".  ഞങ്ങളെ സ്വീകരിക്കാൻ ബൽബീർ സിംഗിന്റെ ഭാര്യയും ഭാര്യാസഹോദരിയും അവരുടെ മക്കളും പൂമുഖത്ത് കാത്തു നിന്നിരുന്നു. ഹൃദ്യമായ സ്വീകരണവും ആതിഥ്യ മര്യാദയും ഞങ്ങളുടെ മനസ്സ് കീഴടക്കി. നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ കുട്ടികൾ അവരുടെ വീട്ടിലെ അംഗങ്ങളായി. വീടിനകം മുഴുവൻ അവർ  ഓടിച്ചാടി നടന്നു. 
.
സ്വീകരണ മുറിയിലെ ടീവിയിലപ്പോൾ സുവർണ ക്ഷേത്രത്തിൽ നിന്നുള്ള പ്രാർഥനകളുടെ തത്സമയ സംപ്രേഷണം. വീട്ടുകാരി അത് ഓഫ് ചെയ്യാൻ ഒരുങ്ങപ്പോൾ ഞങ്ങൾ വിലക്കി. അപ്പോൾ അവർ ചിരിച്ചു കൊണ്ട് പറഞ്ഞു "ഭഗവാൻ സബ്കോ ഏകീ ഹെ" എത്ര ഔന്നിത്യമുള്ള വാക്കുകൾ.  
.
കുട്ടികളെ ആ സ്ത്രീകൾ മടിയിലിരുത്തി ലാളിച്ചു.  ഭാഷയറിയാതെ വീട്ടുകാരും ഞങ്ങളുടെ കുട്ടികളും പരസ്പരം സംസാരിച്ചു. പരസ്പരം പരിചയപ്പെട്ടു. അവരുടെ കല്യാണ ആൽബം വരെ മക്കൾ അരിച്ചു പെറുക്കി. അതിനിടയിൽ ചായയും പഞ്ചാബി പലഹാരവും എത്തി. 
.
രണ്ടു മണിക്കൂർ ആ വീട്ടിൽ ചിലവിട്ടു തിരിച്ചു പോരുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു. എത്രയോ ടൂറിസ്റ്റുകളെയുമായി അയാൾ ഇതു വഴി കടന്നു പോയിട്ടുണ്ട്. ഞങ്ങളെ വീട്ടിൽ കൊണ്ട് പോകണമെന്നു അയാൾക്ക്‌ തോന്നാൻ എന്തായിരിക്കും കാരണം. അയാളുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ എന്തിനായിരിക്കും ഞങ്ങളുടെ കുട്ടികൾ അത്രയ്ക്ക് ആഹ്ലാദം പ്രകടിപ്പിച്ചത്. 
.
കെട്ടിപ്പിടിച്ചും കുട്ടികളെ ഉമ്മകൾ നൽകിയും യാത്രയാക്കുമ്പോൾ എന്തിനായിരിക്കും ആ വീട്ടുകാരുടെ മിഴികൾ നിറഞ്ഞത്‌. വീണ്ടും വരണമെന്ന് എന്തിനായിരിക്കും അവർ ഞങ്ങളോട് പറഞ്ഞത്. അതേ.. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുമ്പോൾ ചില മതിലുകൾ ഇല്ലാതാകുന്നു. സ്നേഹമതം രൂപപ്പെടുമ്പോൾ ഭാഷയുടെ ദേശത്തിന്റെ മതത്തിന്റെ മതിലുകൾ നിഷ്പ്രഭമായിപ്പോകുന്നു. പഞ്ചാബിയും കേളീയനുമൊക്കെ ഹൃദയംകൊണ്ട് ഒന്നായിത്തീരുന്നു.  
------------------------------------------------------------------------------------
സഹയാത്രികർ. സലിം ഐക്കരപ്പടിയും കുടുംബവും.