Thursday, June 30, 2016

ഓര്‍മ്മകളിലെ പെരുമഴക്കാലം

മാനത്തെ കാര്‍മേഘങ്ങള്‍ പെടുന്നനെ സൂര്യനെ മറച്ചു. നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു വിരിച്ച പായയില്‍ ഉണക്കാനിട്ടിരുന്ന നെല്ല് വാരി വെക്കാനായ്  ഉമ്മ മുറവുമായി എത്തി. താഴെ തൊടിയിലെ പ്ലാവിന്‍ ചുവട്ടില്‍ നിന്നും ആട്ടിന്‍ കുട്ടിയുടെ പശുവിന്റെയും നിലവിളി. ഇതെന്തിനുള്ള പുറപ്പാടാ.

പൂക്കളോട്  കിന്നാരം പറഞ്ഞു കൊണ്ടിരുന്ന തുമ്പികളെ കാണുന്നില്ല. അവ എങ്ങോട്ട് പോയി. മരങ്ങള്‍ ആടിത്തുടങ്ങി. പടിഞ്ഞാറ് നിന്നും തണുത്ത കാറ്റു വീശുന്നു. മുറ്റം നിറയെ ഉണങ്ങിയ ഇലകള്‍ പാറി വീണു. കാറ്റില്‍ വൃക്ഷത്തലപ്പുകള്‍ ഊഞ്ഞാലാടുന്നതു കാണാന്‍ എന്ത് ചന്തമാ. വലിയ നാട്ടുമാവിന്റെ ചുവട്ടില്‍ മാങ്ങ വീഴുന്ന ഒച്ച. അങ്ങോട്ട്‌ ഓടാന്‍ തുടങ്ങിയപ്പോഴേക്കും കയ്യില്‍ ഉമ്മയുടെ പിടി വീണു. മഴ വരുന്നു.

മഴ ചിലപ്പോള്‍ ഒരു നിഷേധിയെപ്പോലെയാണ്. അനുവാദം ചോദിക്കാതെ വന്നു കയറുന്ന നിഷേധി. പുഴയുടെ അക്കരെ നിന്നാണ് എപ്പോഴും അതു വരിക. പുഴയില്‍ ചെറു വൃത്തങ്ങള്‍ വരച്ചു അതിവേഗം ഇക്കരെ എത്തും. പിന്നെ പുഴയിറമ്പിലെ  കൈതപ്പൂക്കളെ ഉമ്മവെച്ചു കര കയറി വന്നു മച്ചിന്‍ പുറത്തു പടപടാ പെയ്യാന്‍ തുടങ്ങും. ആദ്യം തുള്ളികളായി. പിന്നെ തുള്ളിക്ക്‌ ഒരു കുടമായി പെടുന്നനെയുള്ള ഭാവപ്പകര്‍ച്ച. ദാഹാര്‍ത്ഥയായ ഭൂമിയുടെ വരള്‍ച്ചയിലേക്ക് വശ്യമായ പുഞ്ചിരിയോടെ വന്നു വന്യമായ ആവേശത്തോടെ ആഴ്ന്നിറങ്ങും.

മഴ ചിലപ്പോള്‍ കൌശലക്കാരിയായ മുത്തശ്ശിയെപ്പോലെയാണ്. സ്കൂള്‍ മുറ്റത്തു തുള്ളിക്കളിക്കുന്ന കുട്ടികളെ വരാന്തയിലേക്ക്‌ ഓടിക്കും. ചെളി പിടിച്ചു കിടക്കുന്ന നെല്ലോലകളെ കുളിപ്പിച്ച് കോതിമിനുക്കി സുന്ദരികളാക്കും. കുമ്പിള്‍ കുത്തി കാത്തിരിക്കുന്ന ചേമ്പിലകള്‍ക്കു ഭിക്ഷ നല്‍കും. മെലിഞ്ഞു വയറൊട്ടി മരിക്കാറായ പുഴയെ ആശ്വസിപ്പിക്കും, നരച്ചു ജട പിടിച്ച കുന്നുകളെ ശാസിക്കും, തികഞ്ഞ ഒരു ഗൌരവക്കാരി.

മഴ ചിലപ്പോള്‍ കാമാന്ധനായ പ്രണയിതാവിനെപ്പോലെയാണ്. യവ്വനതീഷ്ണമായ മോഹാവേശത്തോടെ അവന്‍ ഭൂമിയുടെ നഗ്നതയെ വാരിപ്പുണരും. ഈറന്‍ മേനിയില്‍ താണ്ഡവ നൃത്തം ചവിട്ടുമ്പോള്‍ തരളിതയാകുന്ന ഭൂമിയുടെ മാറിടം വിങ്ങും. ‍ മഴയുടെ അതിര് കടന്ന  അത്യാവേശം ഭീതിപ്പെടുത്തുമ്പോള്‍  ആലസ്യം വിട്ടുണരുന്ന ഭൂമി കേണു പറയും. നിര്‍ത്തൂ. ആകാശത്തില്‍ നിന്നും പിടിവിട്ടു പോന്ന മഴയ്ക്ക് പെയ്യാതിരിക്കാനാവില്ല. ആകാശവും ഭൂമിയും അങ്ങിനെ ഒന്നിച്ചു സങ്കടം പറഞ്ഞു തീര്‍ക്കും.

മഴ ചിലപ്പോള്‍ ഔചിത്യ ബോധമില്ലാത്ത കോമാളിയെപ്പോലെയാണ്. പാവങ്ങളുടെ കുടിലുകളിലേക്ക് ഒളി ഞ്ഞു നോക്കും. ചിലപ്പോള്‍ അവരെ കുടിയിറക്കും. കര്‍ഷകന്റെ വറുതിയിലേക്ക് വിരുന്നുകാരനായെത്തും. കുട ചൂടി പോകുന്ന വഴിയാത്രക്കാരനെ കാറ്റില്‍ നനയ്ക്കും. ശീലക്കുടയുടെ അടിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കും. അസമയത്ത് സ്കൂളിനു അവധി നല്‍കും. വയലേലകളെ കായലുകളാക്കും. തോരാമഴയായി‍ ഗ്രാമങ്ങളെ ഒറ്റപ്പെടുത്തും.

മഴ ചിലപ്പോള്‍ അനുസരണയില്ലാത്ത കുട്ടിയെപ്പോലെയാണ്.  വീണ്ടും വീണ്ടും ഭൂമിയെ പരീക്ഷിച്ചുകൊണ്ടിരിക്കും. ഒടുവില്‍ തോല്‍വി സമ്മതിക്കുമ്പോള്‍ കിഴക്കന്‍ മലകള്‍ പൊട്ടി ഒലിക്കും. ചെന്കുത്തായ് വഴികളിലൂടെ മണ്ണും പാറക്കെട്ടുകളും മരങ്ങളും കട പുഴക്കി ആര്‍ത്തലച്ചു പുഴയിലേക്ക് കുത്തി ഒലിക്കും. പുഴ നിറഞ്ഞു കവിയും. കൈത്തോടുകളിലൂടെ നെല്പാടങ്ങളിലേക്കും താഴ്ന്ന പറമ്പുകളിലേക്കും കലക്ക വെള്ളം പായിച്ചു പുഴ അട്ടഹസിക്കും. സംഹാര രുദ്രയായ ഒരു യക്ഷിയെപ്പോലെ. ആ മലവെള്ളപ്പാച്ചിലില്‍ കയ്യില്‍ കിട്ടിയതിനെയൊക്കെ തട്ടിയെടുത്തു പുഴ കൊണ്ട് പോകും. മരവും മുളങ്കൂട്ടവും ആടുകളെയും പശുക്കളെയും വീടും ചപ്പും ചവറും എല്ലാം. പിന്നെ അങ്ങ് ദൂരെ കടലില്‍ അവള്‍ തല തല്ലി ചാകും. അപ്പോഴും മഴ തിമിര്‍ത്തു പൈതു കൊണ്ടേയിരിക്കും. അനുസരണയില്ലാത്ത കുട്ടിയെ പോലെ.

മഴ ചിലപ്പോള്‍ ഒരു  വഴിപോക്കാനെപ്പോലെയാണ് .  യാത്ര പറയാതെ തിരിച്ചു പോകുന്ന വഴിപോക്കന്‍. രാത്രിയിലെ തണുപ്പില്‍ മൂടിപ്പുതച്ചു തന്നു എന്നെ താരാട്ട് പാടി ഉറക്കി അവന്‍ പോയി. തണുത്ത പ്രഭാതം. വൃക്ഷങ്ങള്‍ക്ക് വിഷാദ ഭാവം. പച്ചിലകള്‍ മിഴിനീര്‍ വാര്‍ക്കുന്നു. ചെടികളില്‍ തുമ്പികളും പൂമ്പാറ്റകളും പാറി നടക്കുന്നു. തെങ്ങോലകളില്‍ നിന്നു അണ്ണാറക്കണ്ണന്മാര്‍ ചലപില കൂട്ടുന്നു. അതേ, ഗ്രീഷ്മത്തിന് വഴി മാറിക്കൊടുത്തു ആ കുസൃതി തിരിച്ചു പോയിരിക്കുന്നു. ഇനി എന്നു വരുമോ ആവോ. മരക്കൊമ്പിലിരുന്നു കിളി പാടുന്നത് കേട്ടില്ലേ.

അച്ഛന്‍ കൊമ്പത്ത്..
അമ്മ വരമ്പത്ത്
വിത്തും കൈക്കോട്ടും.
പാരില്‍ സന്തോഷം...പാടാം ചങ്ങാതി.

(ഇതു എന്ത് പോസ്റ്റാണെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എനിക്ക് ഉത്തരമില്ല. എപ്പോഴൊക്കെയോ മഴ എന്നില്‍ ചെലുത്തിയ സ്വാധീനം. അതിനെ ഭംഗിയായി പറയാന്‍ എനിക്കാവുന്നില്ല. ഇന്നലെ ഇവിടെ മഴ പെയ്തപ്പോള്‍ മഴക്കാലത്തിന്റെ ഓര്‍മ്മകളില്‍ വെറുതേ അങ്ങിനെ.. ) 

-----------------------------------------
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നു
-----------------------------------------

--<>--

Tuesday, May 31, 2016

പഞ്ചാബിൽ ഒരു ദിനം.


നങ്കൽ അണക്കെട്ടിന് മുകളിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു. സത്‌ലജ് നദിയിലെ കാഴ്ചകൾ അവ്യക്തമായിക്കൊണ്ടിരിക്കെ   പഞ്ബിയായ ഡ്രൈവർ ബൽബീർ സിംഗ് വല്ലാതെ തിടുക്കം കാട്ടി. കഴിഞ്ഞ അഞ്ചു ദിവസമായി ഇദ്ദേഹമാണ്  ഞങ്ങളുടെ ഗൈഡും ഡ്രൈവറും. 

ക്ഷമാശീലനായ ഇയാൾക്ക് എന്ത് പറ്റി എന്ന് ഞങ്ങൾ ആശങ്കപ്പെട്ടു. മണാലിയിൽ നിന്നുള്ള സുദീർഘമായ ആ മടക്കയാത്രയിൽ ഒരൽപം വിശ്രമം ആവശ്യമായിരുന്നു. എങ്കിലും ഡ്രൈവറുടെ നിർബന്ധത്തിനു വഴങ്ങി യാത്ര തുടർന്നു. ഹിമാചൽ പ്രദേശിൽ നിന്നും പഞ്ചാബിലേക്ക് കടന്നു മുന്നോട്ടു പോകവേ  ഇരു ഭാഗത്തും തണൽ മരങ്ങൾ കമാനങ്ങൾ സൃഷ്ടിച്ച മനോഹരമായ ഒരു പാതയിലേക്ക് അയാൾ വണ്ടി തിരിച്ചു. ഒരു ടണൽലിനുള്ളിലൂടെ കടന്നുപോകുന്ന പ്രതീതി. പക്ഷെ അത് അധികം നീണ്ടു നിന്നില്ല. വണ്ടി വീണ്ടും മറ്റൊരു ചെറിയ പാതയിലേക്ക് തിരിഞ്ഞു. 
.
തീർത്തും ഒരു ഗ്രാമ പ്രദേശം. ഒരു ഭാഗത്ത് കൃഷി ഭൂമി. ചോളമോ ഗോതമ്പോ ആവാം. നേർത്ത നിലാവിൽ അതെന്തെന്നു വ്യക്തമല്ല. മറുഭാഗത്ത് വല്ലപ്പോഴും ഓരോ വീടുകൾ പിന്നോട്ട് പായുന്നുണ്ട്‌. വണ്ടിയുടെ പിറകു സീറ്റിൽ ഒന്നും ശ്രദ്ധിക്കാതെ കുട്ടികൾ അന്താക്ഷരി കളിക്കുകയാണ്. പാട്ടും കളിയുമായി അവർ യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്.   
.
എന്റെ മനസ്സിലെ നേരിയ ഭയം പുറത്തു കാണിക്കാതെ ഞാൻ ഡ്രൈവറോട് ചോദിച്ചു. ഇത് ചണ്ഢീഗഡി ലേക്കുള്ള ഷോർട്ട് കട്ട് ആണോ? . ഇന്നത്തെ രാത്രി ഞങ്ങൾ  ചണ്ഢീഗഡിലാണല്ലോ  തങ്ങേണ്ടത്.   അപ്പോൾ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "അല്ല എന്റെ വീട്ടിലേക്കുള്ള വഴിയാണ്. നമുക്ക് ഒന്ന് വീട്ടിൽ കയറിയിട്ട് പോകാം". എനിക്കപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
.
 ഞാൻ ആ വിവരം പറഞ്ഞപ്പോൾ കുട്ടികൾ അത്യാഹ്ലാദത്തോടെ കയ്യടിച്ചു സന്തോഷം പ്രകടിപ്പിച്ചു. ആ ബഹളം കേട്ട് ഡ്രൈവർ തലയാട്ടി ചിരിച്ചു. "ഈ കേരളവാലകൾക്ക്" എന്ത് പറ്റി എന്ന് അയാൾ ആലോചിച്ചു കാണും. കഴിഞ്ഞ ഏദാനും ദിവസങ്ങൾക്കുള്ളിൽ അയാളും ഞങ്ങളും തമ്മിൽ ചെറിയ ഒരു ഹൃദയബന്ധം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ടൂറിസ്റ്റുകൾ എന്ന നിലക്ക് ഞങ്ങൾ ഒരിടത്തും അയാള്ക്ക് തലവേദന ഉണ്ടാക്കിയിരുന്നില്ല.
.
ഒരു വയലോരത്ത് വണ്ടി നിന്നു. അതിന്റെ ചാരത്തായിരുന്നു ആ "പഞ്ചാബി ഹൗസ്".  ഞങ്ങളെ സ്വീകരിക്കാൻ ബൽബീർ സിംഗിന്റെ ഭാര്യയും ഭാര്യാസഹോദരിയും അവരുടെ മക്കളും പൂമുഖത്ത് കാത്തു നിന്നിരുന്നു. ഹൃദ്യമായ സ്വീകരണവും ആതിഥ്യ മര്യാദയും ഞങ്ങളുടെ മനസ്സ് കീഴടക്കി. നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ കുട്ടികൾ അവരുടെ വീട്ടിലെ അംഗങ്ങളായി. വീടിനകം മുഴുവൻ അവർ  ഓടിച്ചാടി നടന്നു. 
.
സ്വീകരണ മുറിയിലെ ടീവിയിലപ്പോൾ സുവർണ ക്ഷേത്രത്തിൽ നിന്നുള്ള പ്രാർഥനകളുടെ തത്സമയ സംപ്രേഷണം. വീട്ടുകാരി അത് ഓഫ് ചെയ്യാൻ ഒരുങ്ങപ്പോൾ ഞങ്ങൾ വിലക്കി. അപ്പോൾ അവർ ചിരിച്ചു കൊണ്ട് പറഞ്ഞു "ഭഗവാൻ സബ്കോ ഏകീ ഹെ" എത്ര ഔന്നിത്യമുള്ള വാക്കുകൾ.  
.
കുട്ടികളെ ആ സ്ത്രീകൾ മടിയിലിരുത്തി ലാളിച്ചു.  ഭാഷയറിയാതെ വീട്ടുകാരും ഞങ്ങളുടെ കുട്ടികളും പരസ്പരം സംസാരിച്ചു. പരസ്പരം പരിചയപ്പെട്ടു. അവരുടെ കല്യാണ ആൽബം വരെ മക്കൾ അരിച്ചു പെറുക്കി. അതിനിടയിൽ ചായയും പഞ്ചാബി പലഹാരവും എത്തി. 
.
രണ്ടു മണിക്കൂർ ആ വീട്ടിൽ ചിലവിട്ടു തിരിച്ചു പോരുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു. എത്രയോ ടൂറിസ്റ്റുകളെയുമായി അയാൾ ഇതു വഴി കടന്നു പോയിട്ടുണ്ട്. ഞങ്ങളെ വീട്ടിൽ കൊണ്ട് പോകണമെന്നു അയാൾക്ക്‌ തോന്നാൻ എന്തായിരിക്കും കാരണം. അയാളുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ എന്തിനായിരിക്കും ഞങ്ങളുടെ കുട്ടികൾ അത്രയ്ക്ക് ആഹ്ലാദം പ്രകടിപ്പിച്ചത്. 
.
കെട്ടിപ്പിടിച്ചും കുട്ടികളെ ഉമ്മകൾ നൽകിയും യാത്രയാക്കുമ്പോൾ എന്തിനായിരിക്കും ആ വീട്ടുകാരുടെ മിഴികൾ നിറഞ്ഞത്‌. വീണ്ടും വരണമെന്ന് എന്തിനായിരിക്കും അവർ ഞങ്ങളോട് പറഞ്ഞത്. അതേ.. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുമ്പോൾ ചില മതിലുകൾ ഇല്ലാതാകുന്നു. സ്നേഹമതം രൂപപ്പെടുമ്പോൾ ഭാഷയുടെ ദേശത്തിന്റെ മതത്തിന്റെ മതിലുകൾ നിഷ്പ്രഭമായിപ്പോകുന്നു. പഞ്ചാബിയും കേളീയനുമൊക്കെ ഹൃദയംകൊണ്ട് ഒന്നായിത്തീരുന്നു.  
------------------------------------------------------------------------------------
സഹയാത്രികർ. സലിം ഐക്കരപ്പടിയും കുടുംബവും.

Monday, December 14, 2015

വല്ല്യുമ്മ

 ബടെ വാ ഒരുമ്പെട്ടോനെ... വല്ല്യുമ്മ ഞമ്മളെ മുടി വെട്ടിക്കാൻ വിളിക്കുന്ന വിളിയാ. മൊട്ടത്തലയായിരുന്നു ഓർമ്മ വെച്ച നാളുകളിലൊക്കെ. മുടി, കാലിഞ്ച് വളരുമ്പോഴേക്കും വല്ല്യുമ്മ ദൂദനെ അയച്ചു സൈദാലിക്കയെ വരുത്തും. മുറ്റത്ത് ഒരു നീണ്ട പടിയിട്ട് കാലുകൾ അപ്പുറവും ഇപ്പുറവും ഇട്ടു സൈദാലിക്ക സഞ്ചിയിലെ പണിയായുധങ്ങൾ നിരത്തി വെച്ച് നീട്ടി വിളിക്കും. കുട്ട്യേ.... 

Sunday, September 20, 2015

പ്രതീക്ഷ എന്ന ഇന്ധനം

കൊടുവള്ളി വഴിക്കുള്ള ഒരു യാത്രയിലാണ് റഷീദിന്റെ മുഖം വീണ്ടും എന്റെ മനസ്സിൽ തെളിയുന്നത്. കൃത്യമായി പറഞ്ഞാൽ പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പുള്ള പ്രവാസകാലത്തായിരുന്നു ഞാനയാളെ ആദ്യമായും അവസാനമായും കണ്ടത്.

Monday, July 6, 2015

സർപ്രൈസ് വിസിറ്റ്.എയർഅറേബ്യ എന്ന പാതിരാ വിമാനത്തിൽ നാട്ടിൽ ഇറങ്ങുമ്പോൾ സമയം മൂന്നര. രാത്രിയുടെ ആ മൂന്നാം യാമത്തിൽ (അതോ നാലോ) ഒരു ടാക്സിയിൽ വീട്ടിലേക്ക്.

ഓർമ്മയിൽ ഒരു നൊമ്പരച്ചിരി..ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ഹെഡ് മിസ്ട്രസ് ഇത്തിരി കർക്കശ സ്വഭാവക്കാരിയായിരുന്നു..വെളുത്തു പൊക്കമുള്ള കുലീനയായ ഒരു സ്ത്രീ. ആഢ്യത്വം തുളുമ്പുന്ന വേഷവിധാനം. കറുത്ത ഫ്രൈമുള്ള കണ്ണട വെച്ച മുഖത്തു സ്ഥായിയായ ഗൗരവ ഭാവം മാത്രം. 

പണിവരുന്ന ഓരോ വഴിയേ...

മുറിച്ച തെങ്ങിന്റെ മുരട്‌ മാസങ്ങളായി മുറ്റത്തങ്ങിനെ നിൽക്കുന്നു. അതൊന്നു മാന്തി എടുക്കണമെന്നു വീട്ടുകാരി പറയാൻ തുടങ്ങിയിട്ട് കുറെ ദിവസമായി. 

അങ്ങിനെ ഞാൻ രണ്ടു ബംഗാളികളെ കൊണ്ടുവന്നു. മെനക്കെട്ട പണിയാ ചേട്ടാ, 1500 രൂപ വേണം. നാട്ടിലെ കൂലി കേട്ടപ്പോ ഞാനെന്റെ അറബി മുതലാളിയെ മനസ്സിൽ പ്രാകി.

അമ്മ മനസ്സ്


എട്ടുമാസമായിരുന്നു അന്നവളുടെ പ്രായം. തുടുത്ത മുഖമുള്ള ഒരു ഡുണ്ടുമണി. ഇത്താത്തമാരും ഇക്കാക്കമാരുമൊക്കെ മുത്തിത്തുടുപ്പിച്ച ആ കുഞ്ഞുകവിൾ കോരിക്കുടിക്കാനുള്ള ദാഹമുണ്ടായിരുന്നു എനിക്ക്. പക്ഷെ ഞാൻ അടുത്തു ചെന്നപ്പോൾ അവൾ പ്രതിഷേധിച്ചു. പിന്നെ ഉമ്മയുടെ മാറിൽ മുഖം ഒളിപ്പിച്ചു. 

കാര്യക്ഷമത

തുലാവർഷം പെയിതൊഴിഞ്ഞ രാത്രിയുടെ ഒന്നാം യാമത്തിലാണ് ആ പൊട്ടിത്തെറിയുടെ പൂരക്കാഴ്ചയിലേക്ക് ഞെട്ടി ഉണർന്നത്. സ്ഥലകാലബോധം വീണ്ടെടുക്കുമ്പോൾ തുറന്നിട്ട ജെനലിനപ്പുറം പടക്കവും പൂത്തിരിയും ഒന്നിച്ചു തീ കൊടുത്തപോലെ ശബ്ദവും പ്രകാശവും. 

വർണ്ണങ്ങളില്ലാത്തവരുടെ ലോകം

ഒരു അവധിക്കാലദിനത്തിൽ കോലായിലിരുന്നു പത്രത്താളുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരമ്മയും അവരുടെ അഞ്ചുവയസുകാരി മകളും പടികടന്നു വന്നത്..

സഹായം ചോദിച്ചു വീടുവീടാന്തരം കയറിയിറങ്ങി നടക്കുന്നവരുടെ പതിവുകാഴ്ചകളിൽ ഒന്ന്.

പുട്ട് പുരാണം

ബീഫ് നിരോധിച്ചെന്നു കേട്ടു ചിരിക്കണോ കരയണോ എന്ന സംശയത്തിലാണ് ഞാന്. ബീഫിന്റെ കൂടെ പൊറോട്ടയോ ദോശയോ അങ്ങിനെ എന്തും കഴിക്കാൻ ഇഷ്ടമായിരുന്നു. പുട്ടൊഴികെ. 

ഞാനും പുട്ടും തമ്മിൽ പണ്ടേ യോജിപ്പിലല്ല. പിന്നെ വാശിപിടിച്ചാൽ വീട്ടീന്ന് ഒന്നും കിട്ടില്ലാ എന്നറിയാവുന്നതുകൊണ്ട് ഒരു ഡിമാണ്ട് വെക്കും. പഴം ഉണ്ടെങ്കിൽ കഴിക്കാം. ഉമ്മ പുട്ടിന്റെ കൂടെ രണ്ടു മൈസൂർ പഴം ബോണസായി തരും. 

അതാ മുറ്റത്തൊരു സ്കൂട്ടർ


അതാ മുറ്റത്തൊരു സ്കൂട്ടർ. ഞാൻ തിരിഞ്ഞു നോക്കി. ക്ലീ ക്ലീ.. ആരോ നിർത്തിയിട്ടു പോയതാണ്. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു കുപ്പി പെട്രോളുമായി  അതിന്റെ ഉടമസ്ഥൻ കയറിവന്നു.  

കണ്ടിട്ട് നല്ല മുഖപരിചയം, ആഗതൻ വളരെ പരിചിതഭാവത്തോടെ കുശലം ചോദിക്കുന്നു. വീട്ടിലെ ഓരോ അംഗങ്ങളുടെയും വിശേഷങ്ങൾ തിരക്കുന്നു.  

Monday, December 29, 2014

ഗ്രാമത്തിലെ വഴിവിളക്ക്


ഗ്രാമത്തിലെ  ആ വഴിവിളക്കിനെ പാനൂസ് എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്.. കടത്തുകടവിലേക്കുള്ള വഴിയിൽ സന്ധ്യമയങ്ങും മുമ്പേ ആരാണ് വിക്ക് കത്തിച്ചിരുന്നത് എന്ന് ഓർമ്മയില്ല. തൂണിൽ നാട്ടിനിർത്തിയ ചില്ലുകൂടിനുള്ളിലെ ചിമ്മിണിവിളക്ക് എണ്ണതീർന്നു അണയുമ്പോഴേക്കും ഗ്രാമം സുഖനിദ്രയിൽ മയങ്ങിയിരിക്കും. കാലപ്പക്ഷി കൊത്തിപ്പറന്നുപോയ ആ ഗ്രാമ്യബിംബം ഇന്നും ഗൃഹാതുരതയുടെ  ഗതകാലസ്മരണകളിൽ  ക്ലാവ് പിടിക്കാതെ മുനിഞ്ഞു കത്തുന്നു..

Tuesday, November 4, 2014

മായിനും ജിന്നും.

പണ്ട് വളരെ പണ്ട് നടന്നത്. ചാലിപ്പാടത്തു ഇടവമേഘങ്ങൾ വാശിയോടെ പെയിതിറങ്ങുന്ന പെരുമഴക്കാലം.   നെൽപാടങ്ങൾ  വലിയ വെള്ളക്കെട്ടായി രൂപപ്പെടുമ്പോൾ അവ അല്ലമ്പ്രകുന്നിന്റെ താഴ്വാരത്തുള്ള  ചെത്തുവഴിത്തോട്ടിലൂടെ  (ചെറിയ കനാൽ )  ചാലിയാറിലേക്ക് കുത്തി ഒഴുകും. അങ്ങിനെ ഒരു മഴക്കാലത്താണ് മായിൻ  ജിന്നുമായി സംഭാഷണത്തിൽ ഏർപ്പെടുന്നത്. 
.

Sunday, September 14, 2014

മരുഭൂമിയിൽ ഒരു രാത്രി.

മനാഫ് മാഷിന്റെ കുക്കിംഗ് ലാബിൽ വള്ളിക്കുന്നിന്റെയും വട്ടപ്പൊയിലിന്റെയും പരീക്ഷണങ്ങൾ 
ഈ വാരാന്ത്യം നമ്മൾ  യാൻബുവിൽ ഒത്തു ചേരുന്നു. ഇൻ ബോക്സിൽ വട്ടപ്പൊയിലിന്റെ സന്ദേശം. ഞാനാദ്യം ഒന്ന് ശങ്കിച്ചു. വെള്ളിയാഴ്ച മദീനയിൽ പോകാൻ പ്ലാനിട്ടിരുന്നതായിരുന്നു. വൈകാതെ ബഷീർ വള്ളിക്കുന്നും ഓണ്‍ ലൈനിൽ പച്ചസിഗ്നൽ കാണിച്ചു. ഉടനെ മനാഫ് മാഷിന്റെ ഫോണ്‍. അപ്പൊ എല്ലാം പറഞ്ഞ പോലെ. നീ ഓഫീസിൽ നിന്നും നേരെ എന്റെ ഫ്ലാറ്റിലേക്ക് വാ.

Monday, March 17, 2014

വാരാന്ത്യപ്പക്ഷി

വാരാന്ത്യങ്ങളിൽ 
എനിക്കൊരു പക്ഷിയാവണം 
ദീർഘദൂരം പറക്കുന്ന
ഒരു പക്ഷി..

കടൽ കടന്നു 
തോടും പുഴയും 
വയലേലകളും 
പച്ചക്കുന്നുകളും 
ഗ്രാമങ്ങളും താണ്ടി 
വീട്ടു മുറ്റത്തെ
തൈമാവിൻ കൊമ്പിലെ
താഴ്‌ന്ന ചില്ലയിൽ
പറന്നിറങ്ങണം 

Saturday, January 25, 2014

വഹബ ക്രെയിറ്റർ- മരുഭൂമിയിലെ വിസ്‌മയം


മാസങ്ങൾക്ക് മുമ്പ് മദായിൻ സ്വാലിഹിലേക്ക് നടത്തിയ യാത്രക്ക് ശേഷം മറ്റൊരു യാത്ര പോകുന്നത്  വഹബ ക്രെയിറ്റർ എന്ന അത്ഭുതം നേരിട്ട് കാണാനായിരുന്നു.  മരുഭൂമിയിൽ രൂപപ്പെട്ട രാജ്യമാണ് സൗദി അറേബ്യ. വലിച്ചു കെട്ടിയ നൂല് പോലെ തരിശുഭൂമി കീറി മുറിച്ചു കടന്നു പോകുന്ന  റോഡുകളാണ് നഗരങ്ങളെ ബന്ധിപ്പിക്കുന്നത്. അതിനാൽ ഈ രാജ്യത്ത് അധിവസിക്കുന്നവർക്കു  മരുഭൂമിയിലൂടെയുള്ള സഞ്ചാരം പരിചിതമാവാം.  എന്നാൽ മരുഭൂമിയിലേക്കുള്ള സഞ്ചാരം അധികമാരും നടത്താറില്ല. അത് അൽപം സാഹസികമാണ്‌ എന്നത് തന്നെ കാരണം. 

Wednesday, January 8, 2014

ബദു ഗ്രാമത്തിലേക്ക് ഒരു യാത്ര

ശക്തമായ കാറ്റ് പലപ്പോഴും ഞങ്ങളുടെ വാഹനത്തെ ആട്ടി  ഉലച്ചു കൊണ്ടിരുന്നു. എതിർ ദിശയിൽ ട്രെയിലറുകൾ കടന്നു പോകുമ്പോൾ  ഭീതിപ്പെടുത്തുന്ന കുലുക്കം അനുഭവപ്പെടുന്നു. വാഹനത്തിലെ ശീതീകരണ  സംവിധാനത്തെ നിഷ്പ്രഭമാക്കി പുറത്തെ ചൂട് ഉള്ളിലേക്ക്  തുളച്ചു കയറുന്നുണ്ട്.  

പൊടിക്കാറ്റിന്റെ മുന്നറിയിപ്പ് ബോർഡ്‌ പലയിടത്തും കണ്ടു. റോഡ്‌  ചുട്ടു പഴുക്കുകയായിരുന്നു. മരുഭൂമിയിലെ ഓരോ മണൽത്തരിയും തീപ്പൊരി പോലെ തിളങ്ങുന്നു. ഓടിക്കൊണ്ടിരിക്കുമ്പോൾ മുന്നിൽ കുറച്ചകലെയായി പുഴ കുത്തിയൊഴുകുന്ന പോലെ ഒരു ജലാശയം. അത്  അടുക്കും തോറും  പിടി തരാതെ  അകന്നകന്നു പോകുന്നു.  യാത്രികനെ മോഹിപ്പിച്ചു മുന്നോട്ടു നയിക്കുന്ന ഈ മരീചിക മരുഭൂമിയുടെ കൂടപ്പിറപ്പാണ്. പ്രവാസിയുടെ സ്വപ്‌നങ്ങൾ പോലെ..

Tuesday, January 7, 2014

മഴവില്ലിൻ മറയത്തു

മഴവില്ലിൻ മറയത്തു - അണിയറ പ്രവർത്തകർക്ക് ആശംസകളോടെ..
------------------------------------------

നവ സാങ്കേതിക വിദ്യയുടെ വർത്തമാന കാലം തുറന്നിട്ട അറിവിന്റെ ചക്രവാളം എഴുത്തും വായനയും ചർച്ചകളുമായി ഇന്ന് ശബ്ദമുഖരിതമാണ്. ഭാഷാ സ്നേഹികളായ ഒട്ടേറെ ധിഷണാശാലികളുടെ സജീവ പങ്കാളിത്തം കൊണ്ട് ധന്യമാണ് ഇന്ന് സൈബർ ലോകം.
അക്ഷര സ്നേഹികളായ ഒരു ചെറു സംഘത്തിന്റെ നിസ്വാർഥമായ സമർപ്പണ ബോധത്തിൽ നിന്നാണ് മലയാളത്തിന്റെ മഴവില്ല് സൈബർ ലോകത്ത് വിരിഞ്ഞത്.

Wednesday, December 18, 2013

മാമന്റെ ഹജ്ജും ഒഴിഞ്ഞ കജ്ജും

വീട് പണി കഴിഞ്ഞു  ആവശ്യത്തിനു കടവും മേമ്പൊടിക്ക് പ്രാരാബ്ദവുമൊക്കെയായി സമാധാനമായി പ്രവാസ ജീവിതം തുടരുമ്പോഴാണ് നാട്ടില്‍ നിന്നും ഉമ്മയുടെ വിളി.

മോനെ മാമൻ ഹജ്ജിനു വരുന്നുണ്ട്. നീ എല്ലാ സഹായവും ചെയ്തു കൊടുക്കണം. നിനക്ക് ആകെ ഒരു അമ്മാവനല്ലേ ഉള്ളൂ