Monday, July 6, 2015

ഓർമ്മയിൽ ഒരു നൊമ്പരച്ചിരി..



ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ഹെഡ് മിസ്ട്രസ് ഇത്തിരി കർക്കശ സ്വഭാവക്കാരിയായിരുന്നു..വെളുത്തു പൊക്കമുള്ള കുലീനയായ ഒരു സ്ത്രീ. ആഢ്യത്വം തുളുമ്പുന്ന വേഷവിധാനം. കറുത്ത ഫ്രൈമുള്ള കണ്ണട വെച്ച മുഖത്തു സ്ഥായിയായ ഗൗരവ ഭാവം മാത്രം. 

അവർ ചിരിക്കുന്നത് കണ്ടിട്ടില്ല.. ദൂരേന്നു നടന്നു വരുന്നത് കണ്ടാൽ ഞങ്ങൾ ഓടി ക്ലാസിൽ കയറിയിരിക്കും. വരാന്തയിലോ ഗ്രൗണ്ടിലോ കറങ്ങുന്നത് കണ്ടാൽ കൈ വെള്ളയിൽ ചൂരൽ കൊണ്ട് ഒരു അടയാളം ഉറപ്പ്. അടി കൊണ്ട് തിരിഞ്ഞു നടന്നാൽ ചന്തിയിലും കിട്ടും ഒരു ചൂരൽ കഷായം.
.
ഇന്നത്തെപ്പോലെ അധ്യാപകർ ശിക്ഷിച്ചാൽ ചാനലുകളുടെ OB വാനുകൾ ഓടി എത്തി പീഡന വാർത്ത ആകാശത്തേക്ക് ഓരിയിടുന്ന കാലമല്ല അന്ന്. അടി കിട്ടിയാൽ സഹിച്ചോളണം. വീട്ടിൽ പറഞ്ഞാൽ അവിടന്നും കിട്ടും ഒന്ന്.. അങ്ങിനെ ഞങ്ങൾ സഹിച്ചും ക്ഷമിച്ചും വേദനിച്ചും കഴിഞ്ഞു കൂടിയ നാളൊന്നിൽ ആ വാർത്ത എത്തി. ടീച്ചറുടെ ഭർത്താവ് മരണപ്പെട്ടു.
.
മൂന്നാം ദിവസം അസംബ്ലി കൂടി. ശോകാർദ്രമായ മുഖഭാവത്തോടെ സാറന്മാർ വരാന്തയിൽ നിലയുറപ്പിച്ചു...താഴെ മുറ്റത്തു ഞങ്ങൾ ഓരോ ക്ലാസുകളായി യഥാക്രമം വരിയിൽ നിന്നു. അനുശോചന പരിപാടിയിൽ ടീച്ചറുടെ പ്രസംഗമാണ്...പക്ഷെ മൈക്കിലൂടെ കേട്ടത് ഒരു തേങ്ങൽ..കരിമ്പാറക്കുള്ളിൽ നിന്നും നീരുറവ പോലെ. വാക്കുകൾ കിട്ടാതെ ടീച്ചർ തേങ്ങി..
.
ശരിക്കും വിഷാദമൂകരായി നിൽക്കേണ്ട സന്ദർഭം. പക്ഷെ സംഭവിച്ചത് മറിച്ചാണ്..പിന്നിൽ നിന്നും ഒരു പയ്യന്റെ ഉള്ളിൽ വിങ്ങിപ്പോട്ടിയ ചിരി അടക്കാനാവാതെ പുറത്തേക്ക് ചാടി. ഒരു പക്ഷെ അവന്റെ ഉപബോധ മനസ്സ് പണ്ടെന്നോ ചന്തിക്കു കിട്ടിയ അടിയുടെ പ്രതികാരം തീർത്തതാവാം .പിന്നെ അതൊരു ചിരിക്കാറ്റായി അവിടെ പറന്നു നടന്നു..
.
അടക്കിപ്പിടിക്കാൻ പാട് പെട്ട് പരാജയപ്പെട്ട മിക്ക കുട്ടികൾക്കും ചിരിയുടെ കണ്ട്രോൾ പോയി..പിന്നെ സംഭവിച്ചതൊന്നും ഓര്മ്മയില്ല..എങ്കിലും മനസ്സിലിന്നും മായാതെ നിൽക്കുന്നു അനവസരത്തിൽ ഉണ്ടായ ആ ചിരിയുടെ കുറ്റ ബോധം..


-----------------------------------------------------

8 comments:

  1. സംഗതിയുടെ ഗൌരവം അറിയാത്ത പ്രായമല്ലെ...

    ReplyDelete
  2. ചിലനേരങ്ങളില്‍ ചില മനുഷ്യര്‍.
    ഹാസ്യത്തില്‍ ശരിക്കും ലയിക്കുമ്പോള്‍ ഏതു വിഷമവും അലിയും എന്ന് തോന്നുന്നു.

    ReplyDelete
  3. കുട്ടികളല്ലെ, ഔചിത്യബോധം നോക്കാതെ അവരുടെ ഉള്ളില്‍ തിങ്ങിവിങ്ങിയിരുന്നത് പുറത്തേക്കൊഴുകി....
    ആശംസകള്‍

    ReplyDelete
  4. പ്രതികാരച്ചിരി.

    കഥാനായിക ഉള്‍പ്പടെ അനുശോചനച്ചടങ്ങില്‍ ഒത്തുകൂടിയ മുതിര്‍ന്നവരുടെ ചിതറിയോട്ടം പോലെയുള്ള മനഃസഞ്ചാരം ഊഹത്തിനു വിട്ടുതന്ന് കുറിപ്പവസാനിപ്പിച്ചത് ഉചിതമായി.

    ReplyDelete
  5. ചിരിക്കാനൊന്നും പാടില്ല..എന്നാല്‍ ചിരിക്കാതിരിക്കാനും കഴിയില്ല.. പാവം ടീച്ചര്‍

    ReplyDelete
  6. ഈ പോസ്റ്റ് മുമ്പ് വായിച്ചത് കൃത്യമായി ഓര്‍ക്കുന്നു. ഒരൊറ്റ വാക്യമാണ് അതിനു കാരണം. “വെളുത്തു പൊക്കമുള്ള കുലീനയായ ഒരു സ്ത്രീ“

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..