Thursday, January 7, 2010

തലക്കിടി ആശാന്‍റെ തമാശ

കേരള പോലീസിനു എന്‍റെ സല്യൂട്ട്. റിപ്പര്‍ സുരേന്ദ്രന്‍ തീവ്രവാദിയല്ല.  ഭീകര വാദിയല്ല. ബോംബ്‌ ബാഗിലിട്ടു നടക്കുന്നവനോ  ലഷ്കറി ത്വൈബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ പോയിട്ട് ഏരിയാ കമ്മറ്റി മെമ്പര്‍ പോലുമല്ല.  എന്ന് വെച്ചാല്‍ നാളെ വിമാനം തട്ടിയെടുത്തു റിപ്പറെ മോചിപ്പിക്കാന്‍ ആരും ആവശ്യപ്പെടും എന്നൊന്നും ഭയപ്പെടാനില്ല . പിന്നെയോ രാഷ്ട്രീയത്തിലും ഈ വിദ്വാനു പിടിപാടുണ്ടെന്നു തോന്നുന്നില്ല.  പോലീസ് പിടിച്ചു  സ്റ്റേഷനില്‍ എത്തുമ്പോഴേക്കും പ്രതിക്ക് ചായ വാങ്ങിച്ചു കൊടുത്ത് വീട്ടില്‍ കൊണ്ട് വിടാന്‍ ആരും മോളീന്ന് വിളിച്ചു പറയാനില്ലാത്ത ഒരു പാവം കള്ളന്‍.  ഇനി ഇദ്ദേഹം ആള്‍ കേരള കള്ളന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ആണോ എന്നറിയില്ല.

സ്ത്രീകളെ തലക്കടിച്ചു കൊന്നു ആഭരണങ്ങള്‍ തട്ടിയെടുക്കുക എന്ന ഒരു വിനോദം മാത്രമേ ഇതിയാനുള്ളൂ എന്നാണു പറയുന്നത്.  ഒരു കൊലപാതകം, അഞ്ചു കൊലപാതക ശ്രമങ്ങള്‍ പിന്നെ അല്ലറ ചില്ലറ പിടിച്ചുപറി മോഷണങ്ങളുമൊക്കെയായി അല്ലലില്ലാതെ ജീവിക്കുമ്പോഴാണ് കേരളാ പോലീസ് അത്ഭുതം കാട്ടിയത്. പോലീസ് ഈ കള്ളനെ അങ്ങ് പിടിച്ചു. അതേന്നേ !. സംശയിക്കേണ്ട.  നമ്മുടെ പോലീസ് തന്നെ. നിങ്ങളെപ്പോലെ ഞാനും ആദ്യം വിശ്വസിച്ചിരുന്നില്ല . എന്നാല്‍ മൂന്നാം പക്കം റിപ്പര്‍ പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞെന്ന് കേട്ടപ്പോ എനിക്കുറപ്പായി. പിടിച്ചത്  കേരളാ പോലീസ് തന്നെ.

റിപ്പര്‍ കൊലപാതകിയും കള്ളനുമൊക്കെയാണെങ്കിലും കുടുംബത്തോട് സ്നേഹമുള്ളവനാണ് .  അല്ലെങ്കിലും കുടുംബം നോക്കാനല്ലാതെ ആരാ ഇവിടെ കക്കുന്നതും രാഷ്ട്രീയ പ്രവത്തനം നടത്തുന്നതുമൊക്കെ.  ജയില്‍ ചാടി ഒളിവില്‍ കഴിയുമ്പോള്‍ റിപ്പര്‍ സുരേന്ദ്രന്‍ "ഒളിവിലെ ഓര്‍മ്മകള്‍" വീട്ടുകാരുമായി ടെലിഫോണ്‍ വഴി പങ്കുവെച്ച് കൊണ്ടിരുന്നത് കൊണ്ടാണ് പോലീസിലെ മിടു മിടുക്കാന്മാര്‍ക്ക് ഈ "കൊച്ചു കള്ളനെ"  വീണ്ടും പിടിക്കാനായത്.  അവധിക്കാലത്ത് തീര്‍ഥാടന കേന്ദ്രങ്ങളിലോക്കോ സന്ദര്‍ശനം നടത്തി പുണ്യം നേടുകയായിരുന്നുവത്രേ അന്ന് റിപ്പര്‍.  ഹാവൂ എന്തൊരു ആഘോഷമായിരുന്നു റിപ്പറെ വലയിലാക്കിയപ്പോള്‍ . ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തി പോലീസുകാര്‍ ഉന്നത സാങ്കേതിക വിദ്യയിലൂടെ റിപ്പര്‍ സുരേന്ദ്രനെ ഒളിത്താവളത്തില്‍ നിന്ന് ചെവിക്കു പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു.   

അതിനേക്കാള്‍ ഉന്നതമായ സാങ്കേതിക വിദ്യയിലൂടെ  പിടിച്ചു രണ്ടാഴ്ച തികയുന്നതിനു മുമ്പ് ഈ തലക്കടി ആശാന്‍ വീണ്ടും പോലീസിനോട് ഗുഡ്ബൈ പറഞ്ഞു.  പോലീസുകാരുടെ പിടിപ്പു കേടു എന്ന് പറഞ്ഞു നാലഞ്ചു പോലീസുകാരെ സസ്പെന്റ്റ് ചെയ്തു ഡിപ്പാര്ട്ടുമെന്റ്റ് കൈ കഴുകി സ്റ്റേഷന്‍ വൃത്തിയാക്കി.   ഈ നടപടിയോട് ഞാന്‍ യോജിക്കുന്നില്ല. പോലീസുകാരുടെ കഴിവ് കേടല്ല.  മറിച്ച് റിപ്പറുടെ മിടുക്ക് എന്നേ ഞാന്‍ പറയൂ.  കേരളാ പോലീസിന്‍റെ മനഃശാസ്ത്രം പഠിച്ചാല്‍ ഏതു പ്രതിക്കും രക്ഷപ്പെടാം.

കാക്കിക്കുള്ളിലും തുടിക്കുന്നത് മനുഷ്യ ഹൃദയമാണല്ലോ. കനിവ് കാട്ടേണ്ട സമയത്ത് കനിവ് കാട്ടിയില്ലെങ്കില്‍ പിന്നെന്തു പോലീസ്.  ജയിലില്‍ റിപ്പര്‍ക്ക് അസുഖം കലശലായി. "നടക്കാന്‍ പോലും വയ്യാത്തവനെ" വേഗം  ആശുപത്രിയില്‍ എത്തിക്കാനല്ലാതെ ആ നേരത്ത് കൊലപാതകിയാണെങ്കിലും കയ്യാമം വെക്കുന്നതൊക്കെ മനുഷ്യത്വമാണോ. നാലാള്‍ കേട്ടാല്‍ മോശമല്ലേ.  റിപ്പറെ ആശുപത്രി ബെഡ്ഡില്‍ കിടത്തി പോലീസുകാര്‍ രോഗിയുടെ ദീര്‍ഘായുസ്സിനു പുറത്തു മുട്ടിപ്പായി പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ ആശാന്‍ ജനല്‍ വഴി ആവിയായി. പൊടി പോലുമില്ല കണ്ടു പിടിക്കാന്‍.  പോലീസിനു തന്നെ വേണ്ടെങ്കില്‍ തനിക്കു പോലീസിനെയും വേണ്ടെന്നു റിപ്പര്‍ ചിന്തിച്ചു കാണും.

ഇപ്പോഴും പോലീസ് ഈ തലക്കിടി ആശാനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.  ഇങ്ങിനെ പോയാല്‍ റിപ്പര്‍ വീണ്ടും വലയിലാകുന്നത് വരെ സ്ത്രീകള്‍ക്ക് ഹെല്‍മറ്റു നിര്‍ബന്ധമാക്കേണ്ടി വരും. ഒളിവിളിത്താവളത്തില്‍  നിന്നും പിന്നീട് ഒരിക്കലും റിപ്പര്‍ വീട്ടിലേക്കു വിളിച്ചിട്ടില്ല.  വീണ്ടും വീണ്ടു അബദ്ധം കാണിച്ചു കള്ളന്മാരുടെ പേര് കളയാന്‍ റിപ്പര്‍ തയ്യാറാകുമോ.  എങ്കിലും പോലീസുകാര്‍ക്ക് പ്രദീക്ഷയുണ്ട്.  അവന്‍ ഫോണ്‍ വിളിക്കും.   വിളിക്കാതിരിക്കില്ല.

17 comments:

  1. ഇങ്ങിനെ പോയാല്‍ റിപ്പര്‍ വീണ്ടും വലയിലാകുന്നത് വരെ സ്ത്രീകള്‍ക്ക് ഹെല്‍മറ്റു നിരബന്ധമാക്കേണ്ടി വരും.

    ReplyDelete
  2. വിളിക്കട്ടെ, വിളിക്കട്ടെ..
    നമ്മുടെ പോലീസ് അഡ്വന്‍സായി റസീവറെടുത്ത് കാത് കൂര്‍പ്പിച്ചിരിപ്പാണ്...

    ReplyDelete
  3. ഇപ്പോ വിളിയ്ക്കും. അയ്ജും കാത്തിരിയ്ക്കട്ടെ പോലീസുകാര്‍...

    പോസ്റ്റ് നന്നായി

    ReplyDelete
  4. Hello Mr. PC call our Ripper on
    +91944541001235

    ReplyDelete
  5. റിപ്പര്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു വിളിക്കുകയാണെങ്കില്‍ നമ്മുടെ പാവം പോലീസുകാര്‍ എന്തുചെയ്യും അക്ബര്‍ ബായി

    ReplyDelete
  6. കേരള ഫോലീസു ഈ ബ്ലോഗിന്റെ പരിപ്പെടുക്കും കേട്ടോ..

    ReplyDelete
  7. ആഹാ... കൊള്ളാലോ റിപ്പര്‍.:)
    അപ്പൊ പൊലീസ് ഫൊൺ ബെൽ കാത്തിരിക്കാല്ലേ.....
    “പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞെന്ന് കേട്ടപ്പോ എനിക്കുറപ്പായി. പിടിച്ചത് കേരളാ പോലീസ് തന്നെ“ ഹ ഹ ഹാ..

    ReplyDelete
  8. വിളിക്കും, വിളിക്കാതിരിക്കില്ല..!!

    ReplyDelete
  9. @_OAB/ഒഎബി
    @_ശ്രീ
    @_M.T Manaf
    @_noushar
    @_ബഷീര്‍ Vallikkunnu
    @_കൂതറHashimܓ
    @_തെച്ചിക്കോടന്‍
    ഇവിടെ വന്നതിനു, അഭിപ്രായങ്ങള്‍ പറഞ്ഞതിനു എല്ലാവര്ക്കും നന്ദി

    ReplyDelete
  10. ഇതൊക്കെ എഴുതി പേടിപ്പിക്കല്ലേ അക്ബറേ.

    ReplyDelete
  11. വളരെ നർമ്മം ചാലിച്ച ഒരു കള്ളനും പോലീസ്സും കളി !നന്നായിരിക്കുന്നു കേട്ടൊ അക്ബർ..
    ഒപ്പം ആ അക്ഷരപിശാച്ചുകളെ ഒന്നു ശ്രദ്ധിക്കണേ...

    ReplyDelete
  12. ഈ കല്ല്യാണപ്പെണ്ണിന്റടുത്തുവന്നപ്പോൾ എന്റെയഭിപ്രായം മൂപ്പത്തിയാരെകൊണ്ട് എഴുതിച്ചതാണ് മുകളിലുള്ളത് ...കേട്ടൊ അക്ബർ.
    ചുമ്മാ..ഒരു ട്രെയിനിങ്ങ്...!

    ReplyDelete
  13. @- ഗീത
    പേടിപ്പിച്ചതല്ല. രണ്ടു തവണ പോലീസുകാര്‍ പിടിച്ച റിപ്പര്‍ ഇപ്പോഴും പുറത്താണ്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് . നന്ദി
    ___________________________

    @- kallyanapennu ബിലാത്തിപട്ടണം &
    @- Bilatthipattanam
    തെറ്റ് ചൂണ്ടിക്കാണിച്ചതില്‍ വളരെ നന്ദി. തിരുത്തിയിട്ടുണ്ട്. ഇവിടെ വന്നതില്‍ വളരെ സന്തോഷം

    ReplyDelete
  14. റിപ്പര്‍ രണ്ടാമതും പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു എന്ന് ന്യൂസ് കേട്ടപ്പോള്‍ ഒന്നു ചിരിക്കാന്‍ തോന്നി ,, അതെ വിഷയത്തില്‍ ഇപ്പോള്‍ ഞാന്‍ വീണ്ടും ചിരിച്ച് മണ്ണ്കപ്പി. ( ഇരിക്കുന്നിടത്ത് മണ്ണില്ല അതുകൊണ്ട് ഞാന്‍ പുറത്ത് പോവുമ്പോള്‍ മണ്ണ്കപ്പിക്കൊള്ളാം‌)

    നന്നായിട്ടുണ്ട്.. ആശംസകള്‍ ,

    ReplyDelete
  15. ഹംസ പറഞ്ഞു...
    നന്ദി- ഈ വരവിനും അഭിപ്രായത്തിനും.

    ReplyDelete
  16. ഈ റിപ്പര്‍ സുരേന്ദ്രന്‍ തലിക്കടിച്ച് കൊന്നവരുടെ കൂട്ടത്തില്‍ എന്റെ കൂടെ സ്കൂളില്‍ പഠിച്ച ഒരു കുട്ടിയുമുണ്ടായിരുന്നു...

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..