Sunday, June 20, 2010

കേരള രാഷ്ട്രീയ വാരഫലം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കേരളത്തിലെ മാധ്യമ സിന്റിക്കേറ്റ് പടച്ചു വിട്ട പനിയില്‍ ആയിരങ്ങള്‍ ഇപ്പോഴും വലയുകയാണ്. യാതൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ മഴ പെയ്യുന്നതാണ് പനിയുടെ ശാസ്ത്രീയ കാരണമെന്ന് മുഖ്യമന്ത്രി ആരോഗ്യ മത്രിയെ ആശ്വസിപ്പിക്കുന്നുന്ടെങ്കിലും മാധ്യമങ്ങളെ പരമാവധി നിയന്ത്രിച്ചു പനിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ശ്രീമതി ടീച്ചര്‍.

പനിയെപറ്റി പഠിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ഇത് കേട്ടാല്‍ തോന്നും ഡങ്കി, H1N1, എലിപ്പനി തുടങ്ങിയ മുന്തിയ ഇനം പനികളൊക്കെ കേരളത്തില്‍ മാത്രമേ പഠിക്കാന്‍ കിട്ടൂ എന്ന്. കൂടുതല്‍ പഠനം ആവശ്യമാണെന്ന് പറഞ്ഞു സംഘം തിരിച്ചു പോയത്രേ. ഉപരിപഠനം ഇനി ഡല്‍ഹിയില്‍ വെച്ച് നടത്തട്ടെ !. അടുത്ത വരഷമെങ്കിലും മഴ “വ്യവസ്ഥയോടും വെള്ളിയാഴ്ചയോടും” കൂടി പെയ്യാന്‍ നമുക്ക് പ്രാര്‍ഥിക്കാം. അല്ലാതെ കേരളം മാലിന്യ മുക്തമാക്കാനും ഓടകള്‍ വൃത്തിയാക്കാനും അങ്ങിനെ പകര്‍ച്ച വ്യാദികള്‍ തടയാനുമൊക്കെ നമ്മുടെ സര്‍ക്കാരിനെക്കൊണ്ടാകുമോ. കേരളം ആര് ഭരിച്ചാലും ഓടകള്‍ കൊതുകുകള്‍ ഭരിക്കട്ടെ.

കണ്ണൂര്‍ ജയിലില്‍ പോലീസുകാര്‍ വേള്‍ഡ് കപ്പില്‍ സൌത്ത് ആഫ്രിക്ക ഗോളടിച്ചു തകര്‍ക്കുന്നത് കണ്ടു ആര്‍ത്തു കയ്യടിക്കുമ്പോള്‍ ജയിലില്‍ നിന്നു രണ്ടു പുള്ളികള്‍ ഗ്രൌണ്ടിനു പുറത്തേക്ക് ചാടിയത് ആരും അറിഞ്ഞില്ല. നാട് കാണാനിറങ്ങിയ പുള്ളികള്‍ വൈകാതെ തിരിച്ചു ജയിലില്‍ കയറി. അകത്താണ് സുഖമെന്ന് അവര്‍ക്കിപ്പോള്‍ തോന്നുന്നുണ്ടാകും. പുള്ളികള്‍ ചാടിയാലെന്താ. നാല് ലോഡു ആക്രി സാധനങ്ങള്‍ പുറംലോകം കാണിക്കാന്‍ അവരുടെ ഹൈജമ്പ് കൊണ്ട് സാധിച്ചില്ലേ. അത്രയും നല്ലത്. ജയില്‍ സുരക്ഷ വീണ്ടും ശക്തമാക്കി. സി സി ക്യാമറ പ്രവര്‍ത്തിച്ചു തുടങ്ങി. മൊബൈല്‍ ജാമറുകള്‍ പുനസ്ഥാപിച്ചു. ഇപ്പോള്‍ എല്ലാം ഒക്കെ. ഇനി പോലീസുകാര്‍ക്ക് ധൈര്യമായി പൂജ്യം വെട്ടി കളിക്കാം. സോറി വേള്‍ഡ് കപ്പ്‌ കാണാം. വക്കാ വക്കാ.. ദിസ്‌ ടൈം ഫോര്‍ ആഫ്രിക്കാ..!!!!!

കോട്ടയം സി എം എസ കോളേജ് SFI പിള്ളാര്‍ അടിച്ചു തകര്‍ത്തു. "അടിക്കും ഞങ്ങള്‍ പൊളിക്കും ഞങ്ങള്‍" ഇതാണല്ലോ പാര്‍ട്ടിയുടെ താത്വിക മുദ്രാവാക്യം. പക്ഷെ മുഖ്യമന്ത്രി പറയുന്നു ഇത്തരം അക്രമസമരം ചെയ്യുന്നവര്‍ “ക്രിമിനലുകള്‍” ആണെന്ന്. ഇതാണ് വി എസ്സിന്റെ കുഴപ്പം. ഓര്‍ക്കാപുറത്തു പാര്‍ട്ടിയുടെ തലക്കിട്ടു കൊട്ടും. വി എസ്സിന് ഇനി നഷ്ടപ്പെടാനൊന്നുമില്ല. ഉണ്ടായിരുന്ന പോളിറ്റ് തൊപ്പി അപ്രിയ കാര്യങ്ങള്‍ കണ്ടു യുറീക്കാ വിളിച്ചതിന്റെ പേരില്‍ പോളിറ്റ് ബ്യുറോ തിരിച്ചു വാങ്ങി. അങ്ങിനെയാണോ എം എ ബേബിയുടെ കാര്യം. ഭാവി പോളിറ്റ് ബ്യുറോ മെമ്പര്‍. പോരാത്തതിന് വിദ്യാഭ്യാസ മന്ത്രിയും. അദ്ദേഹം നയം വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഏതു സമര മാര്‍ഗവും നിഷിദ്ധമല്ല. ഹൈ പൂയ്. വിദ്യാഭ്യാസ മന്ത്രിയാണ് പറയുന്നത്. ഇനി അടിച്ചു പൊളിക്കാന്‍ ആരെ പേടിക്കണം. എല്ലാം പൊളിച്ചടുക്കാം. ന്യൂസ്‌ ഹവറുകാരുടെ നല്ല കാലം.

ഇവരുടെ ചേട്ടന്മാരും മോശമല്ല. ആവേശം കൂടിയാല്‍ ആരെയെന്കിലുമൊക്കോ പൊതിരെ തല്ലുന്നത് DYFI-ക്കാരുടെ ശീലമായിപ്പോയി. ജാതിയാലുള്ളതു തൂത്താല്‍ പോകില്ലല്ലോ ?. കക്കോടിയില്‍ ജമാഅത്തെ ഇസ്ലാമിക്കാരുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍കയറി അവരങ്ങ് പെരുമാറി. സംഗതി ശുദ്ധ പോക്രിത്തരം. എങ്കിലും അടി കൊണ്ടതില്‍ പഴയകാല ജമാത്തുകാര്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടാവില്ലേ എന്ന് ഈയുള്ളവനൊരു ചെറിയ സംശയം. കാരണം “രാഷ്ട്രീയം അനിസ്ലാമികവും ജനാതിപത്യ സര്‍ക്കാരിനോട് സഹകരിക്കുന്നതും സര്‍ക്കാര്‍ ശമ്പളം പറ്റുന്നതും നിഷിദ്ധവും വോട്ടും ചെയ്യല്‍ ഹറാമുമായിരുന്ന” കാലത്ത് ഉള്ള സര്‍ക്കാര്‍ ജോലിയും കളഞ്ഞു തിരഞ്ഞെടുപ്പ് ദിവസം വീട്ടിനുള്ളില്‍ വാതിലടച്ചിരുന്നു മൌദൂതി സാഹിത്യം വായിച്ചു ഹറാമില്‍ (വോട്ടു ചെയ്യല്‍) നിന്ന് വിട്ടുനിന്നവരാനല്ലോ അവര്‍. അത് അന്ത കാലം, ഇപ്പൊ ദീപ സ്തംഭം മഹാശ്ചര്യം

ബംഗലൂരു സ്ഫോടകേസ്സില്‍ മഅദനിക്കെതിരെ അറസ്റ്റു വാറണ്ട്. മഅദനി കുറ്റം ചെയ്തോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. പക്ഷെ കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ മഅദനി കുറ്റക്കാരനല്ലെന്നു കോടതി തീരുമാനിച്ചത് പത്തു വര്ഷം ജയിലിലിട്ടു നരകിപ്പിച്ചതിനു ശേഷമാണ്. ഈ മനുഷ്യാവകാശ ലംഘനം വീണ്ടും ആവര്‍ത്തിക്കുമോ എന്ന് മഅദനി ഭയക്കുന്നത് ന്യായം. ജയില്‍ മോചിതനായത് മുതല്‍ പോലീസ് നിരീക്ഷണത്തിലും സംരക്ഷണത്തിലും ആയിരുന്ന താന്‍ എങ്ങിനെ കൊടകിലും മറ്റും പോയി തീവ്രവാദികളെ കണ്ടു എന്ന് മഅദനി ചോദിക്കുന്നു. തീര്‍ത്തും ന്യായമാണീ ചോദ്യം. ഇതിനു ഉത്തരം പറയേണ്ടത് കേരള പോലീസും കോടിയേരിയുമാണ്.  

മഅദനിയെ അറസ്റ്റു ചെയ്യുമ്പോള്‍ തങ്ങളുടെ പോലീസ് നിരീക്ഷണത്തിലുള്ള മഅദനി എങ്ങിനെ കൊടകിലെത്തിയെന്നും തടിയന്ടവിട നസീറിനെ പലതവണ കണ്ടു എന്നും പറയേണ്ടതുണ്ട്. ഒന്നുകില്‍ കര്‍ണാടക പോലീസ് കള്ളം പറയുന്നു. അല്ലെങ്കില്‍ ഈ കൂടിക്കാഴ്ചകള്‍ക്ക് കേരള പോലീസ് കൂട്ട് നിന്നു എന്ന് സമ്മതിക്കേണ്ടി വരും. ഈ കാലയളവില്‍ മദനിയുടെ യാത്രാ രേഖകള്‍ പരിശോധിച്ച് സത്യം പുറത്തു പറയേണ്ടതും കര്‍ണാടക പോലീസിനെ ബോധ്യപ്പെടുത്തെണ്ടതും ആഭ്യന്തര വകുപ്പിന്റെ കടമയാണ്. അതോ ഈ കൂടിക്കാഴ്ചകള്‍ മഅദനി ജയിലില്‍ പോകുന്നതിനു മുമ്പ്, അതായത് പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുംബായിരുന്നുവോ ? എന്ന് വെച്ചാല്‍ ബംഗലൂരു സ്ഫോടനം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ആസൂത്രണം ചെയ്തതായിരുന്നു എന്നോ ?. എങ്കില്‍ പിന്നെ ഒന്നും പറയാനില്ല. മഅദനിയെ വിധിക്ക് വിടുന്നു. ശിക്ഷിക്കപ്പെടുന്നത് നിരപരാധിയെ അല്ല എന്ന് ബോധ്യപ്പെടുത്താനെങ്കിലും കാര്യ കാരണങ്ങള്‍ വ്യക്തമാക്കുന്നത് ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ അന്തസ്സത്ത ഉയര്‍ത്തും.
 
കോണ്ഗ്രസ്സുകാര്‍ ഇപ്പൊ തിരക്കിലാണ്. മുരളി അല്ല ഇപ്പോഴത്തെ പ്രശ്നം. വാറന്‍ ആണ്ടെഴ്സനാണ്. മൂപ്പരെ ഇപ്പൊ പിടിക്കുമെന്നാണ് കോണ്ഗ്രസ്സുകാര്‍ പറയുന്നത്. ഈ രക്തത്തില്‍ തനിക്കു പങ്കില്ലാന്നു പറഞ്ഞു അര്‍ജുന്‍ സിംഗ് കൈ മൂന്നു വട്ടം കഴുകി കഴിഞ്ഞു.  ഈ മുടിഞ്ഞ മഴ ഒന്ന് തീരട്ടെ. ആണ്ടെഴ്സനെ അവര്‍ ചെവിക്കു പിടിച്ചു കൊണ്ട് വരും. കോണ്ഗ്രസ്സിനോടാണോ കളി. മറ്റു ചെറു പാര്‍ട്ടികളൊക്കെ പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തത് കൊണ്ട് "അത്തള പിത്തള തവളാച്ചി" പാടി കളിക്കുകയാണ്. I mean rest.

ഈ കോലാഹാലങ്ങള്‍ക്കിടയിലും പ്രവാസികളുടെ കാര്യം പറയാനും ആളുണ്ട്. പ്രവാസികള്‍ക്ക് വോട്ടവകാശം ‘ഉടന്‍’ കിട്ടുമെന്ന് എംഎ യുസുഫ് അലി പറയുന്നു. ആ ശ്രമത്തിനു നന്ദി. പക്ഷെ പ്രവാസികള്‍ക്ക് വേണ്ടത് വോട്ടവകാശാമാണോ ? റേഷന്‍ കാര്‍ഡ്, ഐടന്റിടി കാര്‍ഡ്‌ പോലുള്ള കാര്യങ്ങള്‍ ഇപ്പോഴും പ്രവാസികള്‍ക്ക് അപ്രാപ്യമാണ്. പ്രവാസികളുടെ കൈകള്‍ ഇപ്പോള്‍ ശുദ്ധമാണ്. ചീഞ്ഞഴുകിയ രാഷ്ട്രീയ വക്രതകളുടെ വിഷം പുരട്ടി ഇനി ആ ചൂണ്ടു വിരലുകള്‍ കൂടി ആശുദ്ധമാക്കണമോ. താങ്കള്‍ക്കു കഴിയുമെങ്കില്‍ എയര്‍ ഇന്ത്യയുടെ ഒടിഞ്ഞ കാലിനു പ്ലാസ്റ്റെറിട്ടു ഒന്ന് നേരെയാക്കിത്തന്നാല്‍ ഞങ്ങള്‍ ക്രതാര്‍ത്ഥരായി.

16 comments:

  1. ഈ എച് വണ്‍ എന്‍ വണ്‍ കാരണമാ
    ഇപ്പറയുന്ന കടലാക്രമണവും ജയില്‍ ചാട്ടവും
    ബംഗ്ലൂര്‍ സ്ഫോടനവും ലയന സമ്മേളനങ്ങളും
    കോളേജ് ആക്രമണവും ഒക്കെ നടക്കുന്നേ...
    ഇതു നമ്മുടെ ഗവര്‍മേണ്ടിന് ഇതുവരെ
    മനസ്സിലായിട്ടില്ല. ഇനി പ്രതിപക്ഷത്തിനു
    മനസ്സിലായിട്ടുണ്ടോ എന്നറിയില്ല. അറിഞ്ഞാലും
    അവര്‍ മിണ്ടൂല. വിരുതന്മാരാ...!

    ReplyDelete
  2. അക്ബര്‍ സാഹിബ്‌,
    താങ്കളുടെ നര്‍മത്തില്‍ ചാലിച്ച അവതരണം കൊള്ളാം! പക്ഷെ നമ്മുടെ പഴയ
    ഒറ്റകണ്ണന്‍, അത് പോലെ സെക്കന്റ്‌ എഡിഷന്‍ അഴിച്ചു പണി എന്നിവര്‍ക്ക്
    പണിയല്ലേ!!
    അവര്‍ക്കും വേണ്ടേ എന്തെങ്കിലും പണി, അല്ല പിന്നെ!!

    ReplyDelete
  3. "താങ്കള്‍ക്കു കഴിയുമെങ്കില്‍ എയര്‍ ഇന്ത്യയുടെ ഒടിഞ്ഞ കാലിനു പ്ലാസ്റ്റെറിട്ടു ഒന്ന് നേരെയാക്കിത്തന്നാല്‍ ഞങ്ങള്‍ ക്രതാര്‍ത്ഥരായി"
    ഞാനും.. :)

    ReplyDelete
  4. ഏറെക്കാലമായി ചാലിയാറില്‍ നിന്ന് ഒരു മീന്‍ കൊയ്ത്ത് കിട്ടിയിട്ട്. ഏതായാലും കാത്തിരിപ്പിന് പ്രതിഫലമായി ചാകരയുമായാണ് താങ്കള്‍ വന്നിരിക്കുന്നത്. ആരെയും വെറുതെ വിട്ടിട്ടില്ല!!. ഒരങ്കത്തിനുള്ള പുറപ്പാടാണല്ലേ..

    ReplyDelete
  5. ആ എയര്‍പോര്‍ട്ടും എയര്‍ ഇന്ത്യയും ഒന്ന് നന്നാക്കിയാ മതി... പടച്ചവനെ... എന്റെ നിക്കാഹിനു വേണ്ടി അടുത്ത ഒന്നാം തിയതി നാട്ടില്‍ പോവുകയാണ്... ഇറങ്ങുന്നത് കേരളത്തിലെ ഒരേയൊരു ടേബിള്‍ ടോപ്പില്‍..... പ്രതിശ്രുത വധുവിനെ ഒന്ന് കാണാനെങ്കിലും പറ്റണേ ...

    ReplyDelete
  6. അക്ബറെ , എല്ലാം ഒരു വിധി..
    പ്ലാസ്റ്ററിട്ട കാലും കൊണ്ട് നടക്കണോ? ഒടിയാത്ത മറ്റു കാലുകളെ ആശ്രയിച്ചുകൂടെ?

    ReplyDelete
  7. MT Manaf പറഞ്ഞു... ഇനി പ്രതിപക്ഷത്തിനു
    മനസ്സിലായിട്ടുണ്ടോ എന്നറിയില്ല. അറിഞ്ഞാലും
    അവര്‍ മിണ്ടൂല. വിരുതന്മാരാ...!

    എങ്ങിനെ മിണ്ടാന്‍. നാളെ അവര്ക്കും ഇതൊക്കെത്തന്നെയല്ലേ ചെയ്യാനുള്ളത്. കഴിഞ്ഞ ഭരണത്തില്‍ സകല വികസനങ്ങളെയും എതിര്‍ത്തവര്‍ക്ക് ഭരണം കിട്ടിയപ്പോഴാണ് "വികസനം തെങ്ങിന്റെ മണ്ടയിലല്ല ഭൂമിയില്‍ തന്നെയാണ് നടത്തേണ്ടതെന്നു ബോധ്യമായത്.
    --------------------------------
    azeezkodakkad പറഞ്ഞു... താങ്കളുടെ നര്‍മത്തില്‍ ചാലിച്ച അവതരണം കൊള്ളാം!

    സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ രാഷ്ട്രീയക്കാരെപ്പോലെ നമ്മെ ചിരിപ്പിക്കാന്‍ മറ്റാര്‍ക്ക് കഴിയും.
    ------------------------------
    Vayady പറഞ്ഞു... ഞങ്ങള്‍ ക്രതാര്‍ത്ഥരായി"
    ഞാനും.. :)

    എവിടെ നേരെയാകാന്‍. ആ സര്‍വീസ് അങ്ങ് നിര്‍ത്തണം. ദിവസവും പതിനഞ്ചു കോടി നഷ്ടത്തില്‍ ആരെ സേവിക്കാനാണാവോ അതിങ്ങിനെ വൈകി പറക്കുന്നത്.
    ---------------------------
    ബഷീര്‍ Vallikkunnu പറഞ്ഞു... ഒരങ്കത്തിനുള്ള പുറപ്പാടാണല്ലേ..

    "വള്ളിക്കുന്ന് ബ്ലോഗിലൂടെ" സമകാലിക രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങള്‍ ആക്ഷേപ ഹാസ്യത്തിന്‍റെ മൂര്‍ച്ചയുള്ള വാക്കുകളില്‍ തുറന്നടിക്കുന്ന, ക്രിയാത്മകമായി പ്രതികരിക്കുന്ന താങ്കളുടെ ഈ കമെന്റ്റ് എനിക്ക് പ്രചോദനമാണ്.
    ---------------------------
    കൊസ്രാ കൊള്ളി പറഞ്ഞു... പടച്ചവനെ... എന്റെ നിക്കാഹിനു വേണ്ടി അടുത്ത ഒന്നാം തിയതി നാട്ടില്‍ പോവുകയാണ്...

    ശുഭയാത്ര നേരുന്നു. വിവാഹ ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ. ആശംസകള്‍
    ----------------------------
    വഷളന്‍ | Vashalan പറഞ്ഞു...
    പ്ലാസ്റ്ററിട്ട കാലും കൊണ്ട് നടക്കണോ? ഒടിയാത്ത മറ്റു കാലുകളെ ആശ്രയിച്ചുകൂടെ?

    എന്ത് ചെയ്യാം. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടില്ലേ. അങ്ങിനെ കയറിപ്പോകുന്നതാണ്. കഴിഞ്ഞ തവണത്തെ യാത്രയിലും അനുഭവിച്ചു. നിശ്ചിത സമയം കഴിഞ്ഞു ഒരു നാല് മണിക്കൂര്‍ കൂടി എയര്‍ പോര്‍ട്ടില്‍ ഇരിക്കേണ്ടി വന്നു. വേറെ നിവൃത്തി ഉണ്ടായിരുന്നില്ല. കാര്യം കാണാന്‍ ചിലപ്പോള്‍ കഴുതക്കാലും പിടിക്കേണ്ടി വരുമല്ലോ.

    ReplyDelete
  8. ഞങ്ങള്‍ കഴിയുന്നതും എയര്‍ ‌ഇന്‍ഡ്യയില്‍ യാത്ര ചെയ്യാറില്ല. ഇപ്പോള്‍ ഖത്തര്‍ എയര്‍‌വേയ്‌സിലാണ്‌ യാത്ര. അക്‌ബറിന്റെ ഒരു കഥ വായിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സ്വല്‍‌പ്പം നിരാശ തോന്നിയെങ്കിലും ഈ പോസ്റ്റ്‌ കലക്കി. തിരിച്ച് വരവ് നല്ല ഉഷാറായി.

    ReplyDelete
  9. ഞാനും വിചാരിച്ചു നിങ്ങള്‍ ജോതിഷം തുടങ്ങിയോ എന്ന്‍ ..ഇവിടെ വന്നപ്പോഴല്ലേ കാര്യം പുടി കിട്ടിയത്

    ReplyDelete
  10. കുറിപ്പ് കൊള്ളാം മാഷേ. പക്ഷേ, നമുക്ക് ഇങ്ങനെയൊക്കെ പറയാമെന്നല്ലാതെ എന്ത് കാര്യം...

    ReplyDelete
  11. Valare nannayirikkunnu Akbar. Onnum vittu kalanjillallo. Ashamsakal. Ithu angu thalappathirikkunnavarum vayichu manassilakkiyengil!!!!!

    ReplyDelete
  12. തിരിച്ചുവരവ് ഒരു മുട്ടന്‍ വടിയുമായാണല്ലോ.!

    കാര്യമൊക്കെ ശരി ഒടിഞ്ഞ കാലുള്ള എയര്‍ ഇന്ത്യയെക്കുറിച്ച് മാത്രം പറയരുത്!
    അടുത്തമാസം നാട്ടില്‍ പോകാനുള്ള എന്നെപ്പോലുള്ളവരെ പേടിപ്പിക്കുന്നോ?!

    ReplyDelete
  13. Vayady പറഞ്ഞു... ഞങ്ങള്‍ കഴിയുന്നതും എയര്‍ ‌ഇന്‍ഡ്യയില്‍ യാത്ര ചെയ്യാറില്ല. ഇപ്പോള്‍ ഖത്തര്‍ എയര്‍‌വേയ്‌സിലാണ്‌ യാത്ര.

    എന്നാല്‍ സമയത്തിനു വീട്ടിലെത്താം
    ------------------------------
    എറക്കാടൻ / Erakkadan പറഞ്ഞു...
    ഞാനും വിചാരിച്ചു നിങ്ങള്‍ ജോതിഷം തുടങ്ങിയോ എന്ന്‍

    ജ്യോതിഷവും രാസ്ട്രീയവും രണ്ടും ഒന്ന് തന്നെ. രണ്ടായാലും കാശും ചീത്തപ്പേരും കയ്യില്‍ വരും. ഏറക്കാടന്‍ കുംബിടിയോടു അത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
    -----------------------------
    ശ്രീ പറഞ്ഞു...
    നമുക്ക് ഇങ്ങനെയൊക്കെ പറയാമെന്നല്ലാതെ എന്ത് കാര്യം...

    ഒരു കാര്യവുമില്ല. പക്ഷെ കാണുമ്പോ പറയാതിരിക്കാനും കഴിയുന്നില്ല.
    ------------------------------
    അമ്പിളി.
    എല്ലാം നാടകമാണെന്ന് അവര്‍ക്ക് നന്നായി അറിയാം.
    ------------------------------
    തെച്ചിക്കോടന്‍ പറഞ്ഞു...
    കാര്യമൊക്കെ ശരി ഒടിഞ്ഞ കാലുള്ള എയര്‍ ഇന്ത്യയെക്കുറിച്ച് മാത്രം പറയരുത്!
    അടുത്തമാസം നാട്ടില്‍ പോകാനുള്ള എന്നെപ്പോലുള്ളവരെ പേടിപ്പിക്കുന്നോ?!

    കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്ന് പറയാറുണ്ട്‌. അങ്ങിനെ വരാതിരിക്കട്ടെ. ശുഭയാത്ര നേരുന്നു.

    ReplyDelete
  14. അക്ബര്‍ ബായ്,
    വാരഫലം ഉഷാറായി ആരെയും വിട്ടെട്ടില്ല

    ReplyDelete
  15. Well said, communist leaders are speaking in the tune of Sang parivaar bigots. Congress finds itself in chaos as a result of those leaders who are afraid of breaking the status quo where they have become used to the comfort of their respective positions.

    ReplyDelete
  16. രാഷ്ട്രീയവാരഫലം മാറ്റമില്ലാതെ 2011-ലും തുടരുന്നു

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..