മനാഫ് മാഷിന്റെ കുക്കിംഗ് ലാബിൽ വള്ളിക്കുന്നിന്റെയും വട്ടപ്പൊയിലിന്റെയും പരീക്ഷണങ്ങൾ |
നാട്ടിൽ പോകുന്നതിന്റെ ഇത്തിരി തിരക്കുകൾ ഉണ്ട്. എല്ലാ ചിന്തകൾക്കും തല്ക്കാലം അവധി നൽകി. മനാഫ് മാഷിന്റെ കുടുംബം നാട്ടിലാണ്. വിശാലമായ ഫ്ലാറ്റ് ഒഴിഞ്ഞു കിടക്കുന്നു. 350 കിലൊമീറ്റെർ അകലെ ജിദ്ദയിൽ നിന്ന് വട്ടപ്പോയിലി ന്റെ കാർ യാൻബുബുവിലേക്ക് കുതിക്കുമ്പോൾ മനാഫ് മാഷിന്റെ അടുക്കളയിൽ രണ്ടു കിലോ കപ്പയും അയലക്കറിയും വേവാൻ തുടങ്ങിയിരുന്നു.
മരുഭൂയാത്രക്ക് മുമ്പ് അൽപം വ്യായാമം. |
യാൻബു എന്ന വ്യവസായിക നഗരത്തിൽ അനിഞ്ഞൊരുങ്ങുന്ന സൗദിഅറേബ്യയിലെ തന്നെ ഏറ്റവും വലിയ ഉദ്യാനകാഴ്ചകളും വ്യായാമവും കടലിലേ കുളിയും കഴിഞ്ഞു ഉച്ചക്ക് ശേഷം ഞങ്ങൾ രാത്രി കഴിക്കാനുള്ള ഭക്ഷണവും വെള്ളവും മറ്റുമായി പുറപ്പെട്ടു. യാൻബു മദീന റോഡിൽ 75 കിലൊമീറ്റെർ സഞ്ചരിച്ചു കാറുകൾ മരുഭൂമിയിലേക്ക് തിരിച്ചു.
പക്ഷെ ഏറെ ദൂരം മുന്നോട്ടു പോവാനായില്ല. കാറിന്റെ ചക്രങ്ങൾ മണലിൽ സ്വയം തിരിഞ്ഞു തുടങ്ങി. അപകടം മനസ്സിലാക്കി വണ്ടി നിർത്തി. ഇനി എന്ത് ചെയ്യും എന്ന് ചിന്തിക്കും മുമ്പ് വള്ളിക്കുന്നും മനാഫ് മാഷും പറഞ്ഞു..വണ്ടി ഇവിടെ ഇട്ടു നമുക്ക് നടക്കാം. അങ്ങകലെ കാണുന്ന ഒരു മല ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ നടത്തം.
നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ മണൽപരപ്പിലൂടെ മരുഭൂമിയുടെ വന്യതയിലേക്ക് ഒരു സായാഹ്ന യാത്ര. എത്ര ദൂരം അങ്ങിനെ നടന്നു എന്നറിയില്ല. ഞങ്ങൾ വന്ന കാറും റോഡും അപ്പോഴേക്കും കണ് മുമ്പിൽ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു. സഞ്ചരിക്കുന്ന ദൂരത്തെ കുറിച്ചോ സമയത്തെ കുറിച്ചോ ഒട്ടും വേവലാതിയില്ലാതെ ഞങ്ങൾ നടന്നു കൊണ്ടേയിരുന്നു. മരുഭൂമി തീർത്തും ശാന്തവും നിശ്ചലവുമായിരുന്നു അപ്പോൾ. നേരിയ കാറ്റിന്റെ പോലും സൂചനയില്ല. ഒടുവിൽ നേരത്തെ കണ്ട മലമുകളിലെത്തിയപ്പോഴേക്കും വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു.
കുന്നിൻ മുകളിൽ നിന്നുള്ള മരുഭൂകാഴ്ച ഇതുവരെ കണ്ട മറ്റു ദൃശ്യാനുഭവങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. നടുക്കടലിൽ നിർത്തിയിട്ട കപ്പലിൽ നിന്നെന്ന പോലെ എങ്ങോട്ട് നോക്കിയാലും മരുഭൂമിയുടെ അനന്തവിശാലത മാത്രം. ഒരു ആട്ടിൻപറ്റമോ ഒട്ടകകൂട്ടമോ കണ്ടിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചുപോയി. മരുഭൂമിയുടെ വിജനതയിൽ അകപ്പെട്ടുപോകുന്ന മനുഷ്യജീവിതങ്ങളെക്കുറിച്ചു ഞങ്ങൾ ചിന്തിച്ചു. ഒരു നിമിഷം അത്തരം ഒരവസ്ഥയിൽ എത്തിപ്പെട്ടപോലെ സങ്കല്പിച്ചുനോക്കി. എത്ര ഭയാനകമായ ഒരവസ്ഥയെ ആവും അവർ അതിജീവിക്കേണ്ടി വരിക.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. മണൽതരികളിൽ സ്വർണവർണ്ണം ചാർത്തി ഒരു പകലന്ത്യത്തിന്റെ വിഷാദംപേറി ചുട്ടുപഴുത്ത ലോഹത്തുള്ളിപോലെ സൂര്യൻ അങ്ങകലെ മരുഭൂമിയുടെ മണൽമെത്തയിലെങ്ങൊ ഉരുകിവീണു. ആ കാഴ്ച മതിവരുവോളം ഞങ്ങൾ കണ്ടാസ്വദിച്ചു.
എല്ലാവർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. നിലത്തു വിരിച്ച കാർപെറ്റിലിരുന്നു പൊരിച്ച കോഴിയും ചീസും റൊട്ടിയും ജൂസും കഴിച്ചു വിശപ്പടക്കി. മരുഭൂമിയിൽ ഒരു രാത്രി എന്ന സ്വപ്നത്തിലേക്ക് സമയം നീങ്ങുകയാണ്. നേരിയ നിലാവെട്ടത്തിൽ ആകാശത്തിൻകീഴിലുള്ള സകല കാര്യങ്ങളും ഞങ്ങളുടെ ചർച്ചകൾക്ക് വിഷയമായി. ഓർക്കൂട്ട് മുതൽ ബ്ലോഗും ഫേസ് ബുക്കും കടന്നു കഥയും കവിതയം ലോകസാഹിത്യങ്ങളും വരെ അതങ്ങിനെ നീണ്ടുപോയി...
മരുഭൂമിയെ ഇരുട്ട് വിഴുങ്ങിക്കഴിഞ്ഞിരുന്നു. ആ ഇരുട്ടിനുമപ്പുറം അങ്ങകലെ ഹൈവേയിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റുകൾ പൊട്ടുപോലെ കാണപ്പെട്ടു. കുന്നിന്റെ ഏതു ഭാഗത്തേക്ക് നോക്കിയാലും വളരെ വളരെ അകലെയായി ഇങ്ങിനെ വെളിച്ചം നീങ്ങുന്നത് കാണാം. സമയം ഏറെ കഴിഞ്ഞിരുന്നു.
ബഷീറിനും വട്ടപ്പൊയിലിനും തിരിച്ചു ജിദ്ദയിലെത്തണം. എനിക്കും മനാഫ് മാഷിനും യാനബുവിലേക്കും. നമുക്ക് മടങ്ങാം. ഞാൻ പറഞ്ഞു. ഇരുട്ടിൽ തപ്പിത്തടഞ്ഞു ഞങ്ങൾ മലയിറങ്ങി. ദൂരെ വാഹനത്തിന്റെ പ്രകാശം കാണുന്ന ദിക്കിലേക്കു ശ്രദ്ധയോടെയുള്ള നടത്തം. പാമ്പുകളും വിഷത്തേളുകളും മരുഭൂമിയിൽ എവിടെയും പ്രതീക്ഷിക്കാവുന്ന അപകടങ്ങളാണ്. മനസ്സില്‍ നേരിയ ഭയം തോന്നാതിരുന്നില്ല. ഇടയ്ക്കിടെ മൊബൈൽ ഫോണിന്റെ വെളിച്ചം തെളിച്ചു ഉറപ്പു വരുത്തി ഞങ്ങൾ നാലു പേരും ചേർന്ന് നടന്നു.
ഏതു ഇരുട്ടിലും മരുഭൂമിൽ ഇത്തിരി വെളിച്ചം ബാക്കി ഉണ്ടാവുമെന്ന് പറയുന്നത് എത്ര ശരി. ആട് ജീവിതത്തിൽ നജീബും ഹക്കീമും ഇബ്രാഹിംകാദിരിയും ആകാശത്തിനു തീ പിടിച്ചിട്ടെന്നപോലെ മരുഭൂമിയിലൂടെ ഓടിയ രംഗം ഞാനോർത്തു പോയി.
എത്ര നടന്നിട്ടും ഇരുട്ടിൽ ഞങ്ങളുടെ കാറുകൾ കാണുന്നില്ല. മനസ്സിൽ ഒരു വല്ലാത്ത ആശങ്ക ഉടലെടുത്തു. ഒരു പക്ഷെ ഞങ്ങൾ ദിശ മാറിയാണോ സഞ്ചരിക്കുന്നത്. ചെയ്തത് എത്ര വലിയ അബദ്ധമാണെന്ന് അപ്പോഴാണ് ബോധ്യമായത്. ഒടുവിൽ ഹൈവേ എത്തുന്നത് വരെ നടക്കാമെന്ന തീരുമാനത്തിൽ നടത്തം തുടരവേ വട്ടപ്പോയിൽ പറഞ്ഞു..കുറച്ചകലെ ഒരു വെളുത്ത നിറം കാണുന്നുണ്ട്. നമുക്ക് അത് വഴി പോയി നോക്കാം. ഊഹം തെറ്റിയല്ല. കാറുകളിൽ ഞങ്ങൾ പതുക്കെ ഹൈവേയിലേക്ക് നീങ്ങി.
ധന്യമായ ഒരു അവധിദിനത്തിന്റെ നല്ല ഓർമ്മകളുമായി ബഷീർ വള്ളിക്കുന്നിനെയും വട്ടപ്പൊയിലിനെയും ജിദ്ദയിലേക്ക് യാത്രയാക്കി ഞാനും മനാഫ് മാഷും യാൻബുവിലെ ഞങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് തിരിച്ചു. പിരിയുമ്പോൾ ബഷീർ ഓര്മ്മിപ്പിച്ചപോലെ യാത്രകൾ അവസാനിക്കുന്നില്ല. പ്രവാസജീവിതത്തിന്റെ ഊഷരതയിൽ ഞങ്ങൾക്ക് ഇങ്ങിനെ ചില തുരുത്തുകളിൽ ഒത്തു ചേർന്നേ മതിയാവൂ. അതിജീവനത്തിന്റെ സഹനവഴികളിൽ ഓർമ്മയിൽ സൂക്ഷിക്കാൻ വീണു കിട്ടുന്ന കുളിർമഴകളാണ് ഓരോ യാത്രകളും ഒത്തു ചേരലുകളും.
വലിയ മുന്നൊരുക്കങ്ങളില്ലാത്ത ഒരു കൊച്ചു യാത്ര.. പക്ഷേ പ്രതീക്ഷിച്ചതിലേറെ സംതൃപ്തി നല്കി. യാത്രയുടെ തുടിപ്പുകളൊന്നും വിട്ടു പോകാതെ മനോഹരമായി താങ്കൾ എഴുതിയിരിക്കുന്നു.. യാത്രകൾ അവസാനിക്കുന്നില്ല.
ReplyDeleteഅവധിദിനത്തില്‍ മരുഭൂമിയിലൂടെയുള്ള യാത്രാപരിപാടി നന്നായിരിക്കുന്നു.
ReplyDeleteകാറ്റിനൊപ്പം തിരപോലെ മണല്‍ പൊങ്ങിവരുന്നത് കണ്ടിട്ടുണ്ട്........കാറിനെയും മൂടിക്കളയാന്‍ പാകത്തില്‍......................
ഫോട്ടോകളും നന്നായിട്ടുണ്ട്.
ആശംസകള്‍
സൂപ്പർ . കൊതിയാകുന്നു,
ReplyDeleteYathravivarangal athu eppozum oru yathra cheyath anubhuthi undakkunnu prathykichum thankaludethu
ReplyDeleteമരുഭൂമിയിൽ രാത്രി ചെലവഴിച്ചു എന്നൊക്കെ കേൾക്കുമ്പോൾ ചെറിയ അസൂയ ഇല്ലാതില്ല :) ചെറുതാണെങ്കിലും യാത്ര മുഴുവനും ഉണ്ട് ഇതിൽ
ReplyDeleteഇതൊക്കെ ഇങ്ങിനെ വായിച്ചറിഞ്ഞ് അസൂയപ്പെടുന്നു.....
ReplyDeleteവലിയ ഒരുക്കങ്ങള്‍ ഇല്ലാത്ത യാത്ര വളരെ രസമായിരിക്കും.
ReplyDeleteഒതുക്കമുള്ള യാത്ര.
രസകരമായിരുന്നു യാത്ര..
ReplyDeleteആശംസകൾ....
നിങ്ങക്കൊന്നും വേറെ ഒരു തൊഴിലും ഇല്യോ?
ReplyDeleteഹല്ല പിന്നെ... യാത്ര പോകും. എന്നിട്ട് വെര്‍തെ എഴുതി കൊതിപ്പിക്കേം ചെയ്യും.
(എന്നാപ്പിന്നെ കുറെക്കൂടി യാത്ര ചെയ്ത് ബഹറിനിലേക്ക് വായോ!)
സാഹസീകമാണ് മരുഭൂമിയിലൂടെയുള്ള യാത്രകള്‍. എപ്പോഴാണ് ഭാവം മാറുക എന്നറിയില്ലല്ലോ... Rubʿ al Khali (Empty Quarter) യിലൂടെ ഒരിക്കല്‍ യാത്ര ചെയ്തിരുന്നു. പക്ഷേ മരുഭൂമിയിലെ രാത്രി ഒന്നും കാണാന്‍ പറ്റിയില്ല... ഈ വിവരണം വായിച്ച് ആ സങ്കടം മാറ്റാന്നല്ലാതെ വേറെയെന്താ ചെയ്യാ.. :( :(
ReplyDeleteമരുഭൂമികളും അതിലെ രാത്രികളും മരീചിക മാത്രമാണ്. ഈ വിവരണവും ചിത്രങ്ങളും അതിലേക്ക് വീണ്ടും അടുപ്പിക്കുന്നു.... കൊതിപ്പിക്കുന്നു...
ReplyDeleteകൊള്ളാം ഇഷ്ടമായി . അവിടെ വന്നത് പോലെ തോന്നുകയാസ്നേഹത്തോടെ പ്രവാഹിനി
ReplyDeleteയാത്രയുടെ സ്വപ്നങ്ങളിൽ ഇതുവരെ മരുഭൂമി കടന്നു വന്നിട്ടില്ല .ഇപ്പോൾ മരുഭൂമിയും കൊതിപ്പിക്കുന്നു .
ReplyDeleteഇങ്ങള് നാലഞ്ചാളുകൾ രണ്ട് കിലോ കപ്പ കൊണ്ട് എങ്ങിനെ ഒപ്പിച്ചു അക്ബർക്കാ . കേട്ടിട്ട് സങ്കടം തോന്നുന്നു . അയല മുളകിട്ടതൊക്കെ ഉണ്ടേൽ രണ്ട് കിലോ ഞാൻ തന്നെ തട്ടും . വേരി സാഡ് :).
ReplyDeleteനിങ്ങളെ പൂക്കളുടെ നഗരത്തിൽ വരണമെന്ന് എനിക്കൊരു മോഹമുണ്ട് . ഇൻഷാ അള്ളാഹ് .
മരുഭൂമി യാത്ര നന്നായി . നിങ്ങളുടെ ഈ ഫ്രണ്ട് സർക്കിൾ നടത്തുന്ന പല യാത്രകളും എന്നെയും കൊതിപ്പിക്കാറുണ്ട് . അതിലൊരു ഭാഗമാവാൻ കഴിയാത്തതിൽ നിരാശയും തോന്നാറുണ്ട് . ഒരിക്കൽ നടക്കും എന്ന് ആഗ്രഹിക്കുന്നു .
കൊതിപ്പിക്കുന്ന യാത്ര !! അസൂയ :)
ReplyDeleteനന്നായി വിവരണം.
ReplyDeleteടെന്റടിച്ച് അവിടെ കിടക്കുമെന്ന് കരുതി.
ReplyDeleteഎന്റെയും ഒരാഗ്രഹമാണ്. ചെരുവാടിയെ പൊക്കിയാല്‍ കാര്യം നടക്കും. നോക്കട്ടെ.
അത് ശരി നിങ്ങ നാലും കൂടി
ReplyDeleteമരുഭൂവിലും രാപ്പാടി നടന്നൂല്ലേ
നല്ല വിവരണം കേട്ടൊ ഭായ്
ഞാനും കരുതി...മരുഭൂമിയിൽ രാത്രി താമസിക്കാൻ ,തിന്നാനുള്ള സാധനങ്ങൾ മാത്രം എടുത്ത് പോകുന്ന നാല് ബഡ്ക്കൂസുകൾ.പിനെ കാറ് അവിടെ ഇട്ട് രാത്രി മലമുകളിലേക്ക്!നാല്‍വർ സംഘത്തിന്റെ ധൈര്യം സമ്മതിചുട്ടോ....
ReplyDeleteമുന്നൊരുക്കമില്ലാത്ത അലസയാത്ര മരുഭൂമിലിലേക്ക് ! രാത്രി മരുഭൂമിയില്‍ തന്നെ തങ്ങലും അതിന്റെ ഒരു ഭാഗം! നിങ്ങളുടെ തന്റേടം സമ്മതിച്ചു തന്നിരിക്കുന്നു. പടച്ചോന് കാത്തു എന്നേ പറയേണ്ടൂ.
ReplyDeleteഅന്ധകാരത്തില്‍ മുങ്ങിയ മരുഭൂമിയില്‍ നേരത്തെ മണലില്‍ പൂണ്ടുപോയ കാറിനെ കണ്ടു പിടിക്കല്‍ എന്ന ഭഗീരഥ യത്നവും വട്ടപ്പോയിലിന്റെ സൂക്ഷ്മദൃഷ്ടിക്ക് അതിനായില്ലെങ്കില്‍ വേണ്ടി വരുമായിരുന്ന അനന്തമായ നടത്തവും ഒക്കെ ഓര്‍ക്കുമ്പോള്‍ തന്നെ ഉള്ള് കിടുങ്ങുന്നു. ഏറെ വര്‍ഷങ്ങള്‍ മരുഭൂമിയില്‍ ജീവിച്ച വന്‍ എന്ന നിലയില്‍ അതിന്റെ കൌതുകവും കരാളതയും നന്നായി മനസ്സിലാകുന്നു.
ഭംഗിയായെഴുതിയ ചെറുകുറിപ്പിനു നന്ദി.