Sunday, September 20, 2015

പ്രതീക്ഷ എന്ന ഇന്ധനം

കൊടുവള്ളി വഴിക്കുള്ള ഒരു യാത്രയിലാണ് റഷീദിന്റെ മുഖം വീണ്ടും എന്റെ മനസ്സിൽ തെളിയുന്നത്. കൃത്യമായി പറഞ്ഞാൽ പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പുള്ള പ്രവാസകാലത്തായിരുന്നു ഞാനയാളെ ആദ്യമായും അവസാനമായും കണ്ടത്.


രാവിലെ ഞങ്ങൾ ഉറക്കമുണരുമ്പോൾ കടയുടെ  പിൻഭാഗത്ത് ഒരു ഇരുമ്പ് ഡ്രമ്മിൽ റഷീദ് കുറെ വിറകു കൊള്ളികൾ കത്തിക്കുകയായിരുന്നു. അതിനു ചുറ്റും കൂടിനിന്ന്  തീ കായുക ഒരു സുഖം തന്നെയാണ്. ഒരു ഭാഗം ചൂട് പിടിക്കുമ്പോൾ പിറകുവശം തണുത്തു വിറക്കുന്നുണ്ടാവും. അപ്പോൾ പുറം തിരിയും. ജോർദാനിൽ നിന്നും ഹഖൽ പ്രവിശ്യയിലെ മലനിരകൾ താണ്ടി എത്തുന്ന ശീതക്കാറ്റിന്റെ പ്രഹരശേഷി അത്രക്കുണ്ടായിരുന്നു.  ആ തീ വലയത്തിൽ നിന്നും പുറത്തുകടക്കാൻ കൂട്ടാക്കാതെ മനസ്സും ശരീരവും ഒരേസമയം തണുപ്പും ചൂടും ആസ്വദിച്ച മഞ്ഞുകാല പ്രഭാതം.
.
ക്ഷണികമെങ്കിലും ഒരുപാട് ഓർമ്മകളിലേക്ക് അതെന്നെ കൂട്ടിക്കൊണ്ടു പോയി. മരച്ചില്ലകളുടെ മൂർദ്ധാവിൽ മഞ്ഞുകുടം കമഴ്ത്തുന്ന ഡിസംബർ ജനുവരി മാസങ്ങളിൽ, ചാലിയാറിന് മേലാപ്പിട്ട ഹിമപ്പുകയെ വകഞ്ഞുമാറ്റിയെത്തുന്ന ശീതക്കാറ്റിന്റെ കുളിരിൽ, പ്ലാവിലകൾ കൂട്ടിയിട്ട്, ഞങ്ങൾ തീ കാഞ്ഞിരുന്ന ഓത്തുപള്ളിക്കാലം. ഋതുഭേദങ്ങളുടെ സംവത്സരങ്ങൾക്കപ്പുറത്തെ ബാല്യശൈശവങ്ങളുടെ മാമ്പഴക്കാലം. ഓർമ്മകൾ നമ്മെ ഇഴ ചേർക്കുന്നത് ഇങ്ങിനെ ചില നിമിത്തങ്ങളിലൂടെയാണ്..
.
ജിദ്ദയിൽ നിന്നും ഹഖലിലേക്കുള്ള ദീർഘദൂര യാത്രയിൽ  ഞങ്ങളുടെ അവസാനത്തെ ഇടത്താവളം. T ആകൃതിയിൽ റോഡുകൾ സംഗമിക്കുന്ന ഒരിടം. ഇവിടെ നിന്നും റോഡ്‌ ഹഖലിലേക്കും തബൂക്കിലേക്കും രണ്ടായി പിരിയുന്നു. പെരിന്തൽമണ്ണക്കാരായ ഹനീഫയും അനീസും  നടത്തുന്ന ബകാലയും അതിനോട് ചേർന്ന പെട്രോൾപമ്പും  മാത്രമേ ആ പ്രദേശത്ത്‌ ഉണ്ടായിരുന്നുള്ളൂ. റഷീദാവട്ടെ പെട്രോൾപമ്പിലെ ഒരേ ഒരു തൊഴിലാളിയും.  
.
ചുറ്റും മലനിരകളാണ്. മലഞ്ചെരുവുകളിൽ നിറയെ പച്ചപ്പുല്ലുകൾ കിളിർത്തു നിൽക്കുന്ന കാഴ്ച എന്നിൽ കൗതുക മുണർത്തി . ഇങ്ങിനെ ശിശിര കാലത്താണ് ദേശാടനക്കാരായ അറബികൾ (ബദവികൾ) ഇവിടങ്ങളിൽ തമ്പടിക്കുക. അവരുടെ എണ്ണമറ്റ ആട്ടിൻ പറ്റങ്ങൾ മേഞ്ഞുനടക്കുന്ന വിദൂര കാഴ്ച്ചകൾ നയനാന്ദകരമായ ദൃശ്യാനുഭവമാണ്. ഞാൻ കണ്ട മരുഭൂ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഒരിടം.

പൊതുവെ ബദവികൾ ഒരിടത്തും സ്ഥിരമായി നിൽക്കാറില്ല. കാലാവസ്ഥക്കനുസരിച്ചു ആടുകൾക്ക് തീറ്റ കിട്ടുന്ന ഇടം നോക്കി അവർ താമസം മാറിക്കൊണ്ടിരിക്കും. അതി ശൈത്യത്തെയും കൊടും ചൂടിനേയും തരണം ചെയ്യാൻ മെയ്ക്കരുത്തും മനക്കരുത്തും സിദ്ധിച്ച അത്ഭുത മനുഷ്യർ. സമ്പൽസമൃദ്ധിയുടെ നവ അറേബ്യൻ നാഗരികതക്ക് സമാന്തരമായി  പൌരാണിക അറബ് സംസ്കൃതിയെ കൈ വിടാതെ ജീവിക്കുന്ന,  മരുഭൂവാസികളായ അറബ് ഗോത്ര സമൂഹങ്ങൾ. അവർ ബദുക്കൾ എന്നറിയപ്പെടുന്നു.   മരുഭൂമി അവർക്കുള്ളതാണ്‌.      

 ഒരു രാത്രി തങ്ങാൻ റഷീദ് അവരുടെ മുറിയിൽ സൗകര്യം ഒരുക്കിത്തന്നു. ഇന്ന് ചെറിയ പെരുന്നാൾ. "ഭക്ഷണം കഴിച്ചിട്ടേ നിങ്ങളെ വിടുന്നുള്ളൂ". പെരുന്നാൾ നമസ്ക്കാരാത്തെ കുറിച്ച് ചോദിച്ചപ്പോൾ റഷീദ് ചിരിച്ചു.."ഇവിടെന്തു പെരുന്നാൾ ഭായി. ഇതൊക്കെ ത്തന്നെയാ ഞങ്ങളുടെ പെരുന്നാൾ". ഞാനപ്പോൾ നാട്ടിലെ പെരുന്നാളിനെക്കുറിച്ചോർത്തു. പുത്തൻ വസ്ത്രങ്ങളണിഞ്ഞ് സുഗന്ധ ദ്രവ്യങ്ങൾ പൂശി തക്ബീർ ധ്വനികൾ മുഴക്കി പള്ളികളിൽ ഒത്തു കൂടുന്ന പുരുഷാരം. അവരറിയുന്നുവോ ആഴിക്കക്കരെ അറബിപ്പൊന്ന് തേടിപ്പോയവരുടെ അതിജീവന സാഹസങ്ങൾ. ആഘോഷങ്ങൾക്കും കാമനകൾക്കും അവധിനൽകി  മരുഭൂമിയിൽ സ്വപ്നങ്ങൾക്ക്‌ അടയിരിക്കുന്നവർ. 
.
പ്രിയ വായനക്കാരെ..റഷീദിനെക്കുറിച്ച് പറയാനാണല്ലോ ഞാൻ ഈ കുറിപ്പ് തുടങ്ങിയത്. പമ്പിലെ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുമ്പോഴും റഷീദിന്റെ മനക്കണ്ണിൽ ഒരു നേഷനൽപെര്മിറ്റ് ലോറി ഓടുന്നുണ്ട്. കേരളത്തിൽത്തന്നെ ഏറ്റവും കൂടുതൽ ലോറികൾ ഉള്ള കൊടുവള്ളിയാണ് റഷീദിന്റെ സ്വദേശം. അങ്ങിനെയാവാം സ്വന്തമായി ഒരു ലോറി എന്ന സ്വപ്നം റഷീദിന്റെ ലക്ഷ്യമായി മാറിയത്. ഒരു ലോറിയിൽ തുടങ്ങി നിരവധി ലോറികൾ സ്വന്തമാക്കിയവരാണ് റഷീദിന്റെ മനസ്സിലെ നായകന്മാർ.
.
ഈ വ്യവസായത്തിലെ തന്ത്രങ്ങളും കുതന്ത്രങ്ങളുമെല്ലാം അവനറിയാം. "അതൊരു ചതുരംഗക്കളിയാണ് ബായി. ഏതിലെ ഓടിയാലും വണ്ടിയിൽ കാശ് വരണം. മടക്കയോട്ടം എന്ന ഒന്നില്ല. മടങ്ങുന്നെങ്കിൽ അതിൽ ലോഡ് ഉണ്ടാവണം. ലോഡ് പിടിക്കാൻ ബുക്കിംഗ് എജന്റ്റ്മാരുമായി ചങ്ങാത്തം കൂടണം. നമുക്ക് എല്ലായിടത്തും ആളുണ്ട്". അങ്ങിനെ റഷീദ് സ്വപനങ്ങളുടെ കെട്ടുകൾ അഴിക്കുമ്പോൾ അയാളിലെ ശുഭാപ്തി വിശ്വാസത്തോട് ആദരവ് തോന്നി. പ്രതീക്ഷയാണ് പ്രവാസിയുടെ ഇന്ധനം.
.
പ്രാരാബ്ദം പഠനത്തെ വഴിമുടക്കിയപ്പോൾ ലോറിയുടെ ക്ലീനറായി തുടങ്ങിയ ജീവിതം പല വൈതരണികളിലൂടെ പ്രവാസത്തിലേക്ക് പറിച്ചുനടപ്പെട്ടതാണ്. ഒരു പതിറ്റാണ്ട് തികഞ്ഞിട്ടും ലക്ഷ്യത്തിലെക്കുള്ള ദൂരം കൂടി വരുന്നത് അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. എങ്കിലും  അത്തിമരങ്ങളും ബദാമും കുന്തിരിക്കവും വേപ്പുമരങ്ങളും വളരുന്ന മലഞ്ചെരുവുകളിലേക്ക്  നോക്കി അയാൾ ദൃഡനിശ്ചയത്തോടെ പറഞ്ഞു. "ഞമ്മള് വാങ്ങും ഭായി ഒരു ലോറി. എന്നിട്ട് അതിന്റെ വളയം പിടിച്ച്, കോഴിക്കോട്ടെ വല്ല്യങ്ങാടിയിൽ നിന്നും ചരക്കു കയറ്റി ഒരു പോക്കുണ്ട്, വയനാട് വഴി, കർണാടകയും തമിഴ്നാടും  കടന്നു ദൂരേക്ക്‌..." 
.
ആ വഴി ഞാൻ പിന്നെ പോയിട്ടില്ല.. റഷീദിനെ കണ്ടിട്ടുമില്ല. അയാൾ ആ പമ്പിൽ നിന്നും മാറിപ്പോയെന്നു ഒരു വണ്ടിക്കാരൻ പണ്ടെപ്പോഴോ പറഞ്ഞ ഓർമ്മ മാത്രമാണുള്ളത്.  എന്ത് കൊണ്ട് ഞാനിപ്പോൾ അയാളെ ഓർക്കുന്നു എന്നതിനും എന്റെ കയ്യിൽ വ്യക്തമായ ഉത്തരമില്ല. ഇന്ന് ലോറി സമരമാണ്.  നിർത്തിയിട്ട നൂറുക്കണക്കിനു ലോറികൾക്കരികിലൂടെ വാഹനമോടിക്കുമ്പോൾ ഞാൻ മനസ്സിൽ പ്രാർഥിച്ചു. ഇതിൽ ഏതെങ്കിലും ഒരു ലോറി അയാളുടെതായിരിക്കേണമേ. മരുഭൂമിയിൽ അയാൾ കണ്ടത് പാഴ്ക്കിനാവ് ആവരുതെ...

22 comments:

 1. അയാളുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞിട്ടുണ്ടാവുമെന്ന് ആശിക്കാം

  ReplyDelete
 2. റഷീദിനെ പോലെ ഒരു അഷ്‌റഫ്‌, അത് പോലെ പലതും സ്വപനം കണ്ടു ഇവിടെ ഉണ്ട്,
  പലരോടും ഇത് പോലെ പറയാറും ഉണ്ട്,
  എവിടെയെത്തുമോ ആവോ ?
  ആരെങ്കിലും ഇത് പോലെ പ്രാര്‍ത്ഥനപൂര്‍വ്വം ഓര്‍ത്തെങ്കില്‍ അത് തനെന്‍ സുകൃതം .... ആശംസകള്‍ അക്ബര്‍ജി

  ReplyDelete
 3. റഷീദിനെ പോലെ ഒരുപാട് പേർ ഇതുപോലെ മരുഭുമിയിൽ കിനാവുകളും കണ്ടു നടക്കുന്നുണ്ടോന്നോ .... എന്നെപ്പോലെ . ഇതു വായിച്ചപ്പോൾ ഒരു നിമിഷം അതെല്ലാം ഓർത്തുപോയ് .

  ReplyDelete
 4. മരുഭൂമിയിലിരുന്ന് സ്വപ്നങ്ങളുടെ സൈകതങ്ങളിൽ കിനാവുകളുടെ ലോറിയോടിക്കുന്ന റഷീദുമാർ സാക്ഷാത്കാരത്തിന്റെ മറുതീരമണയട്ടെ എന്ന് നിശ്ശബ്ദപ്രാർത്ഥനയോടെ വായനയ്ക്ക് അർദ്ധവിരാമം.

  ReplyDelete
 5. സ്വപ്നങ്ങളില്‍ പിടിച്ചു തൂങ്ങി ആടുന്നു പ്രവാസം.
  സത്യത്തില്‍ അയാളെ ജീവിപ്പിക്കുന്ന ആ സ്വപ്നത്തിലേക്ക് അയാള്‍ അടുത്താല്‍...ആശിച്ചത് നേടിയാല്‍ ആ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായില്ലേ...?
  ഒരു സ്വപ്നം, അത് കഴിഞ്ഞ്, വീണ്ടും അടുത്തത്, അതും നേടി, അങ്ങനെ....പോകുന്നവര്‍ക്കല്ലേ പ്രവാസം ദയനീയ അന്ത്യം സമ്മാനിക്കുന്നത്?
  ഞാന്‍ ഈ സ്വപ്നത്തില്‍ തങ്ങി നില്‍ക്കട്ടെ എന്ന് എന്ന് പറയാനുള്ള, 'മതി' എന്ന് പറയാനുള്ള 'മടി' അതാണ്‌ മടുപ്പിക്കുന്ന പ്രവാസം.

  ReplyDelete
 6. പ്രതീക്ഷയാണ് പ്രവാസിയുടെ ഇന്ധനം. വളരെ സത്യം

  ReplyDelete
 7. ഇങ്ങിനെ ചില ഓര്‍മ്മകള്‍ ഉബോധമനസ്സില്‍ എന്നും ഒരു ചിത്രമായി അവശേഷിക്കുന്നുണ്ടാവും.. അത് ചിലപ്പോള്‍ യാദൃശ്ചികമായി മനസ്സില്‍ തെളിയുകയും ചെയ്യും.. വരികയും ചെയ്യും. റഷീദ് അനേകരില്‍ ഒരുവനാണ്. അതില്‍ അപൂര്‍വ്വം ചിലരെപ്പോലെ അയാളും ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെട്ടവനായിത്തീരട്ടെ എന്നാണ് പ്രാര്‍ഥന..

  ReplyDelete
 8. എല്ലാ പ്രവാസികളും ഇങ്ങനെ തന്നെ; നാളത്തെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ഇന്നിനെ ബലികഴിക്കുന്നവന്‍.

  ReplyDelete
 9. കാഴ്ച്ചകളിലൂടെ മുന്നോട്ട് പോകവേ,ഒാര്‍മ്മകളിലൂടെ മനസ്സ് പിന്നോട്ടോടുമ്പോള്‍ തീ കായുന്ന ഓത്തു പള്ളിക്കാലത്തേക്കുള്ള എത്തിച്ചേരല്‍ ഇഷ്ടമായി....

  ReplyDelete
 10. വായനക്കും അഭിപ്രായങ്ങൾക്കും നന്ദി പ്രിയരേ..പ്രവാസ കാഴ്ചകൾ പറഞ്ഞാൽ തീരില്ല..

  ReplyDelete
 11. നാളെ എന്നാ ചിന്തയാണല്ലോ എല്ലാരേം മുന്നോട്ടു നയിക്കുന്ന പ്രേരക ഘടകം.
  റഷീദിന്റെ ലോറിയും ഓടട്ടെ - സ്വപ്നം പൂവണിയട്ടെ
  ആശംസകൾ

  ReplyDelete
 12. കണ്ണും ഖല്ബും കടന്ന് പ്രവാസ ഓർമ്മകളിലേക്ക് ഈ പോസ്റ്റും. സൽവ പറഞ്ഞപോലെ റഷീദിനെ ഓർത്തെടുത്തത്‌ തന്നെ മനസ്സിന്റെ നന്മ. ആശംസകൾ അക്ബർക്ക

  ReplyDelete
 13. റഷീദിന്റെ സ്വപ്നം പൂവണിയാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ. ഒത്തിരിപേരില്ലേ നമ്മുടെ ചുറ്റും. കിനാക്കളുടെ ചിറകിലേറി പ്രവാസം എന്ന മൂഢസ്വർഗ്ഗത്തിൽ എത്തുന്നവർ. അത്തരം സ്വർഗ്ഗത്തിന്റെ പൊയ്മുഖം ചിരപരിചിതമായതിനാലാവാം ആരുടെയെങ്കിലും സ്വപ്നത്തെപറ്റി കേൾക്കുമ്പോൾ തന്നെ "അധികം കഷ്ടപ്പെടുത്താതെ അവർക്ക് നീയത് സാധിപ്പിക്കണേ ഈശ്വരാ എന്ന് പ്രാർത്ഥിച്ചു പോകുന്നത്. കഷ്ടപ്പാടുകളുടെ ദയനീയഞെരുക്കങ്ങൾ അത്രയ്ക്കുണ്ട് പ്രവാസലോകത്ത്. ഈ അനുഭവക്കുറിപ്പിന്റെ തലക്കെട്ടിന് പ്രത്യേക അഭിനന്ദനങ്ങൾ അക്ബര്. പ്രതീക്ഷയാണ് പ്രവാസിയുടെ ഇന്ധനം. പരമാർത്ഥം! പ്രതീക്ഷകൾ അവ ആരുടേതായാലും അസ്ഥാനത്താവാതിരിക്കട്ടെ! നല്ല എഴുത്തിനു ആശംസകൾ അക്ബർ

  ReplyDelete
 14. ഈ പ്രതീക്ഷകൾ തന്നെയാണ്
  അവസാനം സന്തോഷത്തെ ഇല്ലാതാക്കുന്നത് ...!

  ReplyDelete
 15. നല്ല നാളുകളെ സ്വപ്നം കണ്ട് ജീവിതത്തിലെ ഒട്ടേറെ സുന്ദര മുഹൂർത്തങ്ങളെ നഷ്ടപ്പെടുത്തുന്നവരാണ് നാമെല്ലാം.
  അജ്ഞാതമായ ഭാവിയെ തേടിയുള്ള യാത്രയിൽ ആ സ്വപ്നങ്ങളെ വിരിയിച്ചെടുത്തവർ വളരെ വിരളം.
  ജീവിതമെന്ന പ്രവാസത്തിലെ നൈമിഷികമായ വർണശബളിമയിൽ, സ്വപങ്ങൾക്ക് പുറകെയുള്ള നെട്ടോട്ടങ്ങളിൽ, പകരം വെക്കാനാവാത്ത അസുലഭ മുഹൂർത്തങ്ങൾ നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ.
  ഒട്ടേറെ വികാരങ്ങള സമ്മാനിച്ച വരികൾ...!

  ReplyDelete
 16. ആദ്യം തന്നെ നന്മനിറഞ്ഞ മനസ്സിന് നമസ്കാരം.
  ഇതുവായിച്ചപ്പോള്‍ പത്തുമുപ്പത്തിയേഴുവര്‍ഷം മുമ്പുള്ള എന്‍റെ ഗള്‍ഫ് ജീവിതത്തിലെ ഓര്‍മ്മകള്‍ ഇരമ്പിവരുന്നു...............
  ആശംസകള്‍

  ReplyDelete
 17. സ്വപ്നങ്ങൾ
  മറ്റൊരു സ്വപനത്തിലേക്കുള്ള വഴിത്തിരിവാകട്ടെ...

  ആശംസകൾ

  ReplyDelete
 18. നാഷണൽ ഹൈവേയിൽ പതിമംഗലത്ത് ., വരിവരിയായി നിർത്തിയിട്ട ലോറികൾ കാണുമ്പോൾ അവയുടെ പിന്നാമ്പുറങ്ങളിൽ ഒഴുകുന്ന അറേബ്യൻ മരുഭൂമിയിലൂടെ ഒഴുകിയ നിശ്ചയദാർഢ്യത്തിന്റെ ഉപ്പു കലർന്ന നീരുറവകൾ ഇനി ഞാനും കാണും......

  ReplyDelete
 19. സ്വപ്‌നങ്ങൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.

  ആശംസകളോടെ .....

  ReplyDelete
 20. റഷീദ് ഇന്നെവിടെയെങ്കിലും തന്റെ നാഷണൽ പെർമിറ്റ്‌ ലോറികളുമായി സുൽത്താനെ പോലെ വാഴുന്നുണ്ടാവും ,തീർച്ച ..അയാളുടെ ഒടുങ്ങാത്ത ആഗ്രഹം ,കഷ്ട്ട്പ്പാടുകൽക്കിടയിലും ഉള്ള അയാളുടെ തീവ്രമായ പ്രതീക്ഷ ,പൂവണിയാതിരിക്കുകയില്ല ...
  നന്നായി എഴുതിയിരിക്കുന്നു ആശംസകൾ .

  ReplyDelete
 21. "ഇതിൽ ഏതെങ്കിലും ഒരു ലോറി അയാളുടെതായിരിക്കേണമേ. മരുഭൂമിയിൽ അയാൾ കണ്ടത് പാഴ്ക്കിനാവ് ആവരുതെ" വായിച്ചു കഴിഞ്ഞപ്പോൾ താങ്കളുടെ ആ പ്രാർത്ഥന എന്റേത് കൂടിയായി..

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..