Sunday, January 9, 2011

അത്യന്താധുനിക കവിയുടെ ജനനം





അത്യന്താധുനിക കവി എഴുത്ത് പുരയിലാണ്. തന്റെ പോസ്റ്റിനു കിട്ടിയ അഭിപ്രായങ്ങള്‍  വായിച്ചു അയാള്‍ പൊട്ടിച്ചിരിച്ചു.  ആ കവിതയും ചില കമന്റുകളും താഴെ വായിക്കുക.

ചവച്ചും
ചതച്ചുമഗ്നിയില്‍
അരൂപിയായി,
വിരൂപിയായി
വാര്‍പ്പിലെ സുഖശയനം-
വിട്ടുണര്‍ന്നതോ 
വികൃതമാം
ഉടലുമായൊരു 
പുനര്‍ ജന്മം. 
ഇടുങ്ങിയ 
തൊണ്ടയില്‍
വാപിളര്‍ന്നു നില്‍ക്കയാണീ
കുടവയറില്‍ 
കത്തുന്ന ദാഹം.
തുള്ളിക്കൊരു കുടം
എന്നൊരു
ഭംഗിവാക്കിനി വേണ്ട
പല തുള്ളിയായി
എന്നില്‍നീ നിറയുക,
----------------------------------------
108 Comments
ഏതായാലും  അനുഭവിച്ചില്ലേ. ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ മാഷേ. 
-----------------------------------------------------
@-വാര്‍പ്പില്‍ ഉറങ്ങുവാന്‍ നല്ല സുഖമാണ്. കവിത മനോഹരം 
@-അഗ്നി  എല്ലാറ്റിനെയും അരൂപിയാക്കുന്നു. നല്ല ആശയം
 @-ഈ വരികള്‍ ഇഷ്ടമായി.
@-താങ്കളുടെ കവിതയ്ക്ക് അഗ്നിയെക്കാള്‍ ചൂട്.
@-പറയാന്‍ വാക്കുകളില്ല, അതി മനോഹരം
@-അറിവിന്റെ അണ്ടകടാഹങ്ങളില്‍ നിന്നും ബഹിര്‍ഗമിച്ച  ജ്യോതിസ്സേ നിനക്ക് പ്രണാമം.
@-അടിപൊളി, കിടിലന്‍ കവിത.
@-ഈ കവിതയിലൂടെ താങ്കള്‍ നല്ലൊരു മെസ്സേജ് നല്‍കുന്നു.
 @-കവിത എന്താണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഞാന്‍ പറയൂല.
@-അതെ, ദാഹിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ വെള്ളം ആഗ്രഹിക്കുന്നത്- നല്ല കവിത.
@- ശക്തം അതിശക്തമീ ഭാഷ. മനോഹരം.
@-valare nannaayirikkunnu. iniyum pratheekshikkunnu  
@-അതെ അരൂപിയില്‍ നിന്നും വിരൂപമായൊരു പുനര്‍ജ്ജന്മം. യാഥാര്‍ത്ഥ്യം എത്ര ഭീഗരം. നന്ദി ഈ ആശയം പങ്കു വെച്ചതിനു.
@-മലയാള സാഹിത്ത്യത്തിന് താങ്കള്‍ മുതല്‍ കൂട്ടാകും. ഭാവുകങ്ങള്‍.
---------------------------------------------------
ഇതെല്ലാം  വായിച്ചപ്പോള്‍ എന്റെ തല  പെരുക്കാന്‍  തുടങ്ങി. ഇയാള്‍ എന്ത് കുന്തമാ ഈ എഴുതി വെച്ചിരിക്കുന്നത്. എനിക്കൊന്നും മനസ്സിലായില്ല.  പക്ഷെ  വായനക്കാരുടെ  "അല്‍പ്രായം" വായിക്കുമ്പോള്‍ ഇനി ഇതില്‍ വല്ല കാര്യവും ഉണ്ടോ എന്നൊരു ശങ്ക.  ഏതായാലും നേരിട്ട് ചോദിച്ചേക്കാം.    ഒന്നുകില്‍ ഞാന്‍. അല്ലെങ്കില്‍ കവി. ഞാന്‍ നേരെ കവിയുടെ  അടുത്തേക്ക്‌ ചെന്നു.

>>സത്യം പറയെടാ നീ എന്താ ഈ കവിതയില്‍ ഉദ്ദേശിച്ചത് ?.
>>അതോ ചേട്ടാ.. മനുഷ്യ മനസ്സില്‍ അന്തര്‍ലീനമായ  ചേതോവികാരങ്ങങ്ങളുടെ ഉള്‍പോളകങ്ങളിലെ അനര്‍ഗ്ഗ നിര്‍ഗ്ഗളമായ വര്‍ഗ്ഗ വര്‍ണ്ണ വിവര്‍ന്ന വൈജാത്യങ്ങളുടെ.....
>>നേരെ ചൊവ്വേ കാര്യം പറയെടാ..ഇല്ലെങ്കില്‍ ഇത് കണ്ടോ നീ ?. (ഞാന്‍ കത്തി പുറത്തെടുത്തു)
>>അയ്യോ ചേട്ടാ ഉപദ്രവിക്കരുത്. ഞാന്‍ പറയാം.
>>എന്നാ  പറ.?
>>ഹി ഹിഹി   അതൊന്നുമില്ല ചേട്ടാ...  ഒരു അലുമിനിയം മൊന്തയാണ് സംഭവം, ഹി ഹി ഹി. 
>>അപ്പൊ അഗ്നി, തീനാളം, വാര്‍പ്പ് എന്നൊക്കെ ഉണ്ടല്ലോ ?
>>ആ...അതോ അത് മൊന്ത ഉണ്ടാക്കുന്നത്‌ തീയില്‍ ഉരുക്കി മൂശയിലിട്ടു വാര്‍ത്താണല്ലോ. അത്രേയുള്ളൂ  കാര്യം.
>>അമ്പടാ നീ ആള്  കൊള്ളാലോ !!!.
കവിത ഒരാവര്‍ത്തി കൂടി വായിച്ചപ്പോ പറഞ്ഞതത്രയും ശരിയാണെന്ന് എനിക്കും തോന്നി. ഇനി നിങ്ങളും വായിച്ചു നോക്കൂ.
----------------------------------------------------
( സമര്‍പ്പണം. ബൂലോകത്തെ അത്യന്താധുനിക,  ഉത്തരാധുനിക ഗവികള്‍ക്ക് ).  
----------------------------------------------------
.

105 comments:

  1. ഒരു ചിരിപ്പടക്കത്തിനു തിരി കൊളുത്തുന്നു...
    :)

    ReplyDelete
  2. @-ഈ വരികള്‍ ഇഷ്ടമായി.
    @- ശക്തം അതിശക്തമീ ഭാഷ. മനോഹരം.
    @-മലയാള സാഹിത്ത്യത്തിന് താങ്കള്‍ മുതല്‍ കൂട്ടാകും. ഭാവുകങ്ങള്‍.

    ഇനി കത്തി എടുത്തു ഞാന്‍ അങ്ങോട്ട്‌ വരാം ..ഇതാരെ കുറിച്ചാണ് എന്നറിയാന്‍....!!

    ReplyDelete
  3. ഭാഷയില്‍ വിരിയുന്ന
    വര്‍ണ്ണങ്ങള്‍ മനോഹരമായ
    വാക് പ്രവാഹങ്ങളുടെ അനുസ്യൂതമായ
    ചേതോവികാരം ത്രസിപ്പിക്കുമ്പോള്‍
    ഉരുത്തിരിയുന്ന മനോ ചാരുതയാണ്
    കവികള്‍ കൈകാര്യം ചെയുന്നത്
    എന്ന് ഞാന്‍ പറയുമെന്ന്
    അഴീക്കോട് മാഷ്‌ പറഞ്ഞിട്ടുണ്ട്
    ന്തേ..?

    ReplyDelete
  4. സത്യം പറയാലോ എന്റെയൊക്കെ ഗതി ഇത് തന്നെ...
    കവിതകളില്‍ പലതും ഒരു പൊട്ട പോലും മനസ്സിലാകില്ല..
    ഇപ്പോള്‍ ഈ കവിത മൊന്തയാണെന്ന് അറിഞ്ഞതിനു ശേഷം വായിച്ചപ്പോള്‍ ഒകെ ആയി....
    കവിതകളില്‍ പിടിപടില്ലത്തോന്റെ ഒരു അവസ്ഥ...

    ReplyDelete
  5. ഒരു അത്യന്താധുനക കമ്മന്റ് എഴുതണം എന്നുണ്ട്. പക്ഷെ അത് മനസ്സിലാകാതെ അക്ബര്‍ക്ക കവിക്ക്‌ നേരെ നീട്ടിയ കത്തി എനിക്ക് നേരെയും വീശിയാലോ.
    പക്ഷെ ഇതൊരു രസികന്‍ ഷോട്ട് തന്നെ.

    ReplyDelete
  6. കമന്റ്: 109

    കവിത കെങ്കേമം..
    വരികളില്‍ മാത്രമല്ല അഗ്നിയുടെ തീനാളങ്ങള്‍
    അങ്ങയുടെ ഈ ആശയത്തിലുമുണ്ട്..

    കവിത ചൊല്ലാനും ചൊല്പടി നിക്കാനുമുള്ളതല്ല
    അത് വരികളില്‍ ഇമേജ് പകര്‍ന്നുള്ള ഒരു കൊളാഷ് പകര്‍ന്നാട്ടം കൂടിയാണു..

    വരികളില്‍ അര്‍ത്ഥം തേടേണ്‍ടത് വാക്കുകളിലല്ലാ..
    അവയില്‍ അടയിരിക്കുന്ന അര്‍ത്ഥ വൈവിധ്യത്തിലാണൂ..
    ഇമേജിനേഷന്റെ കയര്‍ തല്ല്ക്കുള്ളില്‍ ചുരുട്ടിവച്ചവനു ഏതറ്റം വരേയും കയറിപ്പോകാം..
    കഥ ചട്ടക്കൂടിനുള്ളിലേക്കൊതുക്കുമ്പോള്‍
    കവിത അത് ഭേദിക്കാന്‍ തലച്ചോറ്റിനുള്ളില്‍ കിടന്നു പിടയണം..

    വരികളിലെ മധുര സുന്ദര പാരായണ വൈശിഷ്ട്യമല്ല കവിത ശ്രേഷ്ഠതരമാക്കുന്നത്..
    മറിച്ച് കരളു കീറുന്ന വാക്കുകള്‍ ഇടിമുഴക്കങ്ങള്‍ തീര്‍ത്ത് മയക്കത്തിന്റെ കരിമ്പടം വലിച്ചു കീറുമ്പോഴാണു..

    അവനവനെക്കുറിച്ചറിയാത്തവന്‍
    കവിത എഴുതരുത്..
    അത് വായിക്കരുത്..
    ആലപിക്കുക പോലുമരുത്...
    കാരണം
    തലക്കുള്ളില്‍ വെളിച്ചമുള്ളവനെ കവിത വേഗം തിരിച്ചറിയും
    അതില്ലാത്തവനെ അതിലും വേഗം വായനക്കാരും!

    ReplyDelete
  7. വായിച്ചു നോക്കാതെ മനസിലാകാതെ കൊള്ളാം നന്നായി ഭാവുകങ്ങള്‍ എന്ന് പറയുന്നവരാണ് കൂടുതല്‍
    എന്നെ കുറിച്ച് പറയുക ആണെങ്ങില്‍ എനിക്ക്ക് സാഹിത്യ ഭാഷ ഒട്ടും പിടിയില്ല എന്ന് കരുതി ഞാന്‍ കമെന്റ് ഇടതിരിക്കാരുമില്ല ഞാനും പറയും ഗംബീര്യം മലയാള സാഹിത്യത്തിനു ഒരു മുതല്‍ കൂട്ട എന്നൊക്കെ

    ReplyDelete
  8. ഹ ഹ ഹ.... അക്ബര്‍ സാഹിബ് ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്നും വെള്ളം വരുന്നു....

    ഇത് കിടിലന്‍ തന്നെ .. മറ്റേ കിടിലന്‍ അല്ല ഒറിജിനല്‍ “കിടിലം”

    കുറേ മുന്‍പ് ഒരു പ്രശസ്ത ബ്ലോഗ് “ഗവി”യോട് ഞാന്‍ അദ്ദേഹത്തിന്‍റെ കവിത മനസ്സിലാവതിരുന്നപ്പോള്‍ എന്താണതിനു അര്‍ത്ഥം എന്ന് ചോദിച്ചു അദ്ദേഹം തന്ന മറുപടി “ പല കവിതകളും സാധാരണക്കാര്‍ക്ക് മനസ്സിലാവില്ല” എന്നായിരുന്നു... ശരി സമ്മതിച്ചു സാധാരണക്കാരന്‍ അല്ലാത്ത എഴുതിയ അദ്ദേഹത്തിനറിയും എങ്കില്‍ പറഞ്ഞ് തരേണ്ടത് കടമയല്ലെ.. അതിനര്‍ത്ഥം എഴുതിയ ആ കിഴങ്ങനു പോലും അതിന്‍റെ അര്‍ത്ഥം അറിയില്ല എന്നാണ്...

    അക്ബര്‍ സാഹിബ് എഴുതിയ ആ ആക്ഷേപ കവിതക്ക് എന്തെല്ലാം അര്‍ത്ഥങ്ങളാണെന്ന് നോക്കൂ അവസാനം അത് വെറും ഒരു അലുമിനിയ മൊന്തയാണെന്നറിയുമ്പോള്‍ കവിത ശരിക്കും അര്‍ത്ഥമുള്ളതാവുന്നു.....

    വാര്‍പ്പിന്‍റെ മുകളിലെ സുഖ നിദ്രയും , അരൂപിയാക്കുന്ന അഗ്നിയും.,, valare nannaayirikkunnu. iniyum pratheekshikkunnu ഇതെല്ലാം എവിടെ എത്തി... എഴുതിയവര്‍ തന്നെ ചിരിച്ച് ചിരിച്ച് പണ്ഡാരമടങ്ങില്ലെ....

    കാര്യം ഇതൊക്കെയാണെങ്കില്‍ ഇതാ ഈ കവിത കണ്ട കൂതറ ( ഉത്തരാധുനിക ഗവിത ) ഒന്ന് വായിച്ചു നോക്കൂ ... അതും ഗവിതയാ എന്‍റെ ഭാഷയില്‍

    ReplyDelete
  9. ഹ ഹ.. ചില കവിതകളുടെ താഴെ ഉള്ള കമന്റ്സ് കാണുമ്പോ ഞാന്‍ വിഷമിക്കാരുണ്ട് .. ഈശ്വരാ എനിക്കെന്താ ഈ കവിത മനസ്സിലാകാത്തത്.. എന്ന്!

    ReplyDelete
  10. ഹഹഹ..ഈ അക്ബര്‍ക്കയുടെ ഒരു കാര്യം..ഇഷ്ടായി..പെരുത്തിഷ്ടായി..

    ReplyDelete
  11. അക്ബര്‍ സാഹിബ് .. ഈ പോസ്റ്റ് വായിച്ചതിനു ശേഷം കണ്ട കവിതകളില്‍ കമന്‍റിടാന്‍ ഒരു ഉള്‍ഭയം മാത്രമല്ല അവിടയുള്ള കമന്‍റുകള്‍ കാണുമ്പോള്‍ ചിരിയും അടക്കാന്‍ പറ്റുന്നില്ല. ഇത് ഒരു രോഗമായി മാറിയാല്‍ അതിന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും അക്ബര്‍ സാഹിബിനാണ്...

    ReplyDelete
  12. ഹഹഹ.. അക്ബര്‍ക്ക: അപ്പോള്‍ നിങ്ങളും ഒരു "അത്യന്താധുനിക കവിയായോ..

    അലുമിനിയ കവിത കഥ കല കലക്കി...

    ReplyDelete
  13. കഷായം കുടിച്ച കാര്യമല്ലേ? നന്നായി :)

    ReplyDelete
  14. കവികളെ മാത്രമല്ല, കമന്റടിക്കാരെയും നന്നായി ഒന്ന് കൊട്ടിയല്ലോ!

    ഇനിയിപ്പോ ഞാനൊക്കെ എങ്ങിനെ കവിതക്ക് കമെന്റെഴുതും.

    ReplyDelete
  15. കവിതയും ‘ഗമ‘ന്റുകളും ഇൻവെസ്റ്റിഗേഷനും ഉശാറായി :)

    ഐറ്റംസ് പോസ്റ്റ്...

    ReplyDelete
  16. നന്നായി ഇന്നത്തെ അത്യന്താധുനിക കമന്റുകള്‍ കേള്കുമ്പോള്‍ നാം ഒന്ന് കൂടി വായിച്ചു ..വിജാരികും എന്തെങ്കിലും ഉണ്ടാകും അകത്ത് എന്ന് ..പിന്നെ ആ കവിതയില്‍ ഒരു മോന്ത എങ്കിലും ഉണ്ടല്ലോ ..അതും ഇല്ലാത്തത് എത്രയോ വരുന്നു എന്തേ അതെന്നെ അല്ലെ?..

    ReplyDelete
  17. വട്ടായോ??????
    എനിക്കോ?
    കവിക്കോ?

    ReplyDelete
  18. ഹ ഹ എന്താലും ഈ അക്നര്‍ക്കാന്റെ ഒരു കാര്യം.
    ഇതുനു ഞാന്‍ എന്ത് കമെന്റ് എഴുത്തും , അത്യാധുനിക ..........

    ReplyDelete
  19. എന്താണ് കമന്റ് എഴുതേണ്ടതെന്ന് ഇപ്പൊ സംശയമായി. ആധുനിക കവിത ആസ്വതിക്കുന്ന ആള്‍ക്കാരും ഉണ്ട് . (ഞാനല്ലേ )

    ReplyDelete
  20. നാഥാ...!!! ഞാന്‍ ഇടക്കൊക്കെയും ചിലതിനെ കുറിക്കാറുണ്ട്. അതിനു നിര്‍ത്തേണ്ടി വരുമോ..?

    ReplyDelete
  21. കവിതകള്‍ ആവുമ്പോള്‍ വായിച്ചു നോക്കാതെ തന്നെ കമന്റിടുന്ന പരിപാടിയാ എന്റേത് .. (എല്ലാം അല്ല ട്ടോ.. ) അപ്പോള്‍ ഇരിക്കട്ടെ പ്രോത്സാഹനം എന്റെ വക എന്ന് കരുതി നന്നായി എന്ന് പറയുന്നു . എന്ത് തന്നെയായാലും ആത്മ നിര്‍വ്രുതിക്ക് വേണ്ടി അല്ലല്ലോ പലരും കവിത എഴുതി പോസ്റ്റുന്നത് ... ചേതമില്ലാത്ത ഒരുപകാരം ... എഴുതുവാനുള്ള encouragement ...

    ഇതൊക്കെ ആണെങ്കിലും അക്ബര്‍ സാഹിബ് ... നിങ്ങളെ കൊണ്ട് വയ്യ ... ഇനി കവിതകളൊക്കെ വായിച്ചു പ്രാസവും വൃത്തവും പിന്നെ ഏതാണ്ടൊക്കെ ഉണ്ടോ എന്നൊക്കെ നോക്കിയേ കമന്റ്‌ ഇടാന്‍ സമ്മതിക്കൂ ല്ലേ ... ആയിക്കോട്ടെ ... നിങ്ങള്‍ക്കൊക്കെ എന്തും ആവാല്ലോ ..

    ചിരി അടക്കാന്‍ കഴിഞ്ഞില്ല .... അനന്തം അജ്ഞാതം അവര്‍ണ്ണനീയം ....

    ReplyDelete
  22. വായിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എനിക്കൊരു സംശയം, എന്നെക്കുറിച്ച് സൂചനയില്ലേന്നു..(കുമ്പളം കട്ടവന്റെ ആധി)
    കവിത പലതും മനസ്സിലാവാതെ ഞാന്‍ എന്റെ സംവേടനക്ഷമതയെ, ഭാഷയെ പറ്റി വ്യസനിക്കാറുണ്ട്. നന്നായി ആസ്വദിച്ച കവിതകളും ഉണ്ട്.ചില കവിതകള്‍ പലവട്ടം ചൊല്ലിയിട്ടും ഒന്നും മനസ്സിലാവാതെ കമ്മന്റുകള്‍ വായിച്ചു കമ്മന്റ് എഴുതേണ്ടി വന്നിട്ടുണ്ട്. ഇത്തരം അലൂമിനി കവിതകള്‍ കുറിച്ച് വെക്കുന്നവര്‍ക്ക് അക്ബറിന്റെ കത്തി ഒരു മുന്നറിയിപ്പാണ്. ഒരെണ്ണം ഞാനും സംഘടിപ്പിച്ചു വെച്ചിട്ടുണ്ട്.
    അക്ബറിനു മാത്രം എഴുതാന്‍ കഴിയുന്ന ഈ ശൈലിയോട് അസൂയതോന്നുന്നു....കലക്കി മാഷെ!

    ReplyDelete
  23. ഇത് കേമമായിട്ടുണ്ട്.
    ചിരിപ്പിച്ചതിന് നന്ദി.

    ReplyDelete
  24. ബൂലോകത്തെ മാത്രമല്ല ഭൂലോകത്തിലെ സകല അത്യന്താധുനിക, ഉത്തരാധുനിക
    ഗവികള്‍ക്കുമുള്ള ഈ ഗീർവാണം തട്ട് തകർപ്പൻ അവതരണമാക്കിയതിന്...
    ദാ പിടിച്ചോ ഒരഭിന്ദനം കേട്ടൊ ഭായ്

    ഈ ഗവിതയിലെ തീയ്യും ചൂടും ആ മഹാഗവികളെയെല്ലാം ശരിക്ക് പൊള്ളിക്കും !

    ReplyDelete
  25. ആധുനിക കവിതയെ പരിഹസിക്കുന്ന ഒരു പ്രവണത പൊതുവേ നമുക്കിടയിലുണ്ട്. കവിത വായിക്കുന്നവരും അത് ഉള്‍ക്കൊള്ളുന്നവരും മറ്റു സാഹിത്യ ശാഖകളെ അപേക്ഷിച്ച് വളരെ കുറവാണ്. അതിനു കാരണങ്ങള്‍ ഒരു പാടുണ്ട്. പക്ഷെ നമുക്ക് മനസ്സിലാവാത്തതൊക്കെ അര്‍ത്ഥമില്ലാത്ത എന്തോ പദക്കസ ര്‍ത്തു കളാണെന്നു വിശ്വസിക്കുന്നത് ശരിയല്ല. സച്ചിദാനന്ദന്റെ കവിത വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ലെന്ന് പറഞ്ഞാല്‍ അതിനു സച്ചിദാനന്ദനെ പഴിച്ചിട്ട് കാര്യമില്ല. വായനക്കാര്‍ ആ നിലവാരത്തിലേക്ക് ഉയരുമ്പോള്‍, മാത്രമേ അത് ഉള്‍ക്കൊള്ളാന്‍ കഴിയൂ.. കള്ള നാണയങ്ങള്‍ ഇല്ല എന്ന് ഇപ്പറഞ്ഞതിനു അര്‍ത്ഥമില്ല. ഏതു രംഗത്താണ് അതില്ലാത്തത്?

    ആധുനിക കവിത എന്റെ വിനീതമായ കാഴ്ചപ്പാടില്‍ കവി എന്ത് ഉദ്ദേശിച്ചു എന്നതിനല്ല പ്രാധാന്യം നല്‍കുന്നത്.. വായനക്കാരന്‍ അത് എങ്ങിനെ ഉള്‍ക്കൊണ്ടു എന്നതിനാണ്
    ഒരു ഉദാഹരണം പറയാം.
    കുഞ്ഞുണ്ണി മാഷ്‌ സാധാരണ ഏതു പരിപാടിക്ക് പോകുമ്പോഴും ഒരു പുതിയ കവിത ചൊല്ലുന്ന പതിവുണ്ടായിരുന്നു.
    ഒരിക്കല്‍ ഒരു പരിപാടിക്ക് പോയപ്പോള്‍, പുതിയ കവിത ഒന്നും വരുന്നില്ല. ഒടുവില്‍ അദ്ദേഹം ആകെ അസ്വസ്ഥനായി. പരിപാടി തുടങ്ങും മുമ്പേ ഒന്ന് മൂത്രമൊഴിക്കണ മെന്നു തോന്നി. അങ്ങനെ ബാത്ത് റൂമില്‍ ചെല്ലുമ്പോഴാണ് ഒരു ബീഡി വലിക്കാന്‍ തോന്നുന്നത്.
    അപ്പോള്‍, കീശ തപ്പി. ബീഡിയെടുക്കാന്‍ മറന്നിരിക്കുന്നു.ഉടനെ ഒരാളില്‍ നിന്ന് ഒരു ബീഡിയും തീപ്പെട്ടിയും വാങ്ങി കത്തിച്ചു വലിച്ചു. അപ്പോഴാണ് അദ്ദേഹത്തിന് ഒരു കവിത വന്നത്.
    അത് ഇങ്ങിനെയായിരുന്നു.
    ഒരു ബീഡി തരൂ,
    തീപ്പെട്ടി തരൂ,
    തീപ്പെട്ടിക്കൊള്ളി തരൂ
    ഒരു ചുണ്ട് തരൂ,
    ഞാനൊന്നു വലിച്ചു രസിക്കട്ടെ..'
    ഒറ്റനോട്ടത്തില്‍ ഒരു അര്‍ത്ഥവുമില്ലാത്ത ഏതാനും വരികള്‍. കവിക്ക്‌ പോലും അര്‍ത്ഥ തലങ്ങളിലേക്ക് എത്താന്‍ കഴിയാത്ത വരികള്‍.. പക്ഷെ ആ പരിപാടി കഴിഞ്ഞിറ ങ്ങുമ്പോഴേക്കും ആ കവിത ഹിറ്റായിരുന്നു..
    അലസന്മാരായ അഭിനവ സമൂഹത്തെ നന്നായി പരിഹസിച്ച കവിത എന്നാണ് ഇതിനെ പിന്നീട് വിലയിരുത്തപ്പെട്ടത്.
    ഇക്കാര്യം കുഞ്ഞുണ്ണി മാഷ്‌ തന്നെ എഴുതിയതാണ്..
    നമ്മുടെ മിക്ക ബ്ലോഗുകളിലും കവിതയെ ഈ രീതിയില്‍ നോക്കിക്കാണുന്ന ഒരു രീതിയുണ്ട്.
    എഴുതുന്നവരും വായിക്കുന്നവരും പോലും ഇങ്ങിനെ ചിന്തിക്കുമ്പോള്‍, സാധാരണ ക്കാരെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം..

    ‘അറിഞ്ഞതിനേക്കാളേറെ
    അറിയാനുണ്ടെന്നറിയു ന്നോനാണ്
    ഏറെ അറിയുന്നോന്‍’

    ReplyDelete
  26. ആനുകാലികങ്ങളില്‍ നിറഞ്ഞാടിയിരുന്ന ഈ "ഉത്തരാധുനിക" അല്ലെങ്കില്‍ വേണ്ട "അത്യന്താധുനിക" നിരൂപകരുടെ പിന്മുറക്കാര്‍ ബ്ലോഗിലേക്ക് പടര്‍ന്നതാണ് അക്ബര്‍ ബായ്‌.

    പിന്നെ ഒന്നും അറിയാതെ ഒരു ഗമക്ക് വേണ്ടി എന്നെപ്പോലുള്ളവരും ഇങ്ങിനെ പറഞ്ഞെന്നു വരും: "മനുഷ്യ മനസ്സിന്റെ അഘാധ തലസ്പര്‍ശിയായ ഈ വരികളില്‍ പ്രപഞ്ചത്തെ തന്നെ വായിചെടുക്കുമ്പോള്‍, മണ്‍ചിരാകുകള്‍ കണ്ണു ചിമ്മുന്ന രാവുകളില്‍ ഏകാന്തതയുടെ അപാര തീരങ്ങളില്‍ ആത്മാവിന്റെ ഏതോക്കെയോ ആഴങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ ഏല്‍പ്പിക്കുന്ന, അനന്ത വിഹായസ്സിന്‍റെ ചൈതന്യമുക്തിയില്‍ എന്നു വരും എന്നു വരും എന്ന പ്രാര്‍ത്ഥനയുടെ മുക്തിമൂര്‍ദ്ധന്യങ്ങളില്‍, യുഗാന്തരങ്ങളില്‍ പാടിയ സ്ത്രോത്ര ഗാനത്തിന്റെ ഇരടികളുടെ സ്വരവും ഗന്ധവും ഇത് വായിക്കുമ്പോള്‍ എന്‍റെ അന്തരാത്മാവില്‍ നിറയുകയാണ്."

    അക്ബര്‍ ഭായ്, ഇനി പറയണമെന്കില്‍ കുറച്ചു ഓക്സിജന്‍ എടുക്കണം. അതുകൊണ്ട് പിന്നീടാവാം.

    ഒന്ന് മാത്രം. അസ്സലായി, ഈ ഭൂലോക വിമര്‍ശനം. ഇത് ഇടയ്ക്കിടെ ഒരു വിരേചകമായി കണിശമായും ചെയ്തിരിക്കണം.

    ReplyDelete
  27. ഇതെല്ലാം വായിച്ചപ്പോള്‍ എന്റെ തല പെരുക്കാന്‍ തുടങ്ങി. ഇയാള്‍ എന്ത് കുന്തമാ ഈ എഴുതി വെച്ചിരിക്കുന്നത് എന്നു ചിന്തിച്ച്
    ഇക്ക ചെയ്ത പോലെ ഒരു കത്തിയുമായി ഇക്കാടെ അടുത്തേക്ക് വരണമെന്നു കരുതിയതാ...അവസാന ഭാഗം വായിച്ചപ്പോ സംഗതി ക്ലിയറായി...
    അതു കൊണ്ട് ഇക്ക രക്ഷപ്പെട്ടു.അല്ലങ്കില്‍ എന്റെ കത്തിക്ക് പണിയായേനെ...
    ഹിഹി...ഇഷ്ട്ടായീട്ടാ...

    ReplyDelete
  28. ഇനിയും കവിത വായിച്ചാല്‍ നമ്മളെ തലയിലെ ആകെയുള്ളാ 1346 മുടികള്‍ കൂട്ടവീഴ്ച നടത്തും എന്നതിനാല്‍ ഞമ്മള്‍ ഗവികളുടെ പിന്നാലെ പോകാറില്ല.ഇപ്പോ കത്തി എടുത്തത് നന്നായി, ഇല്ലെങ്കില്‍ എന്റെ തല പോലെ കുറേ തലകള്‍ ഇനിയും കാണുമായിരുന്നു ഈ ബൂലോകത്ത്.

    ReplyDelete
  29. അക്ബര്‍ക്ക,ചാലിയാര്‍ വീണ്ടും കര കവിഞ്ഞു ഒഴുകുന്നു,
    സ്നേഹാശംസകള്‍

    ReplyDelete
  30. Montha polirikkunna akbar bhaayiyude(he he he ) montha kalakki.... :)

    ReplyDelete
  31. ഇവിടുത്തെ വിവരങ്ങളൊന്നും ഞാനിതുവരെ അറിഞ്ഞില്ല..
    ഫോളോ ചെയ്തിട്ടില്ല എന്ന് ഇപ്പോഴാണ് അന്തം വന്നത്.
    എന്നെ ഫോളോ ചെയ്ത ആരെയെങ്കിലും ഞാന്‍ ഫോളോ ചെയ്തിട്ടില്ലെങ്കില്‍ ആ വിവരം എത്രയും പെട്ടെന്ന് എന്നെ അറിയിക്കണമെന്ന്,,ഈ ബ്ലോഗിലൂടെ ഞാന്‍ അറിയിച്ചുകൊള്ളുന്നു,
    അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്യണമെന്നത്‌ എനിക്കറിയില്ലായിരുന്നു കൂട്ടുകാരെ..

    ReplyDelete
  32. ummu jazmine .
    ഉമ്മു ജാസ്മി തിരി കൊളുത്തിയപ്പോള്‍ ഈ ചിരിപ്പടക്കം നന്നായി പൊട്ടി. നന്ദി
    faisu madeena.
    ഹ ഹ കത്തി താഴെയിടൂ ഫൈസു. ഞാന്‍ പറയാം.
    MT Manaf.
    മനോ ചാരുതയോക്കെ കൊള്ളാം. പക്ഷെ അത് ചാരിവെക്കുമ്പോള്‍ ഇത്തിരി മയത്തിലാവാം. യേത് .
    മിസിരിയനിസാര്‍.
    ചില ബൂലോക ഗവികള്‍ മജീശ്യന്മാരെ പോലെയാണ്. കവിതയുടെ ആശയം (രഹസ്യം) പറഞ്ഞാല്‍ ഗവിത പൊളിയും എന്ന പോലെയാണ് അവരുടെ ഭാവം. .
    ചെറുവാടി.
    ഹഹഹ ചതിക്കല്ലേ മന്‍സൂര്‍. ഉള്ള ഭാഷ വെച്ചുള്ള അഭ്യാസം തന്നെ ധാരാളം.
    നൗഷാദ് അകമ്പാടം.
    ഹെന്റമ്മോ കടുവയെ പിടിച്ച കിടുവയോ ?. എന്നെ ഇങ്ങിനെ പേടിപ്പിക്കല്ലേ നൌഷാദ് ഭായി. ഈ കമന്റ് ഞാന്‍ ഉത്തരാധുനികന്മാര്‍ക്ക് വെടിക്കെട്ട്‌ ചെയ്യട്ടെ .
    iylaserikkaran.
    അങ്ങിനെ പറഞ്ഞാല്‍ തടി കേടാകാതെ രക്ഷപ്പെടാം.

    ReplyDelete
  33. ഹംസ
    ഈ നിറഞ്ഞ ചിരിക്കു ഒരു പാട് നന്ദി. കവിത സാധാരണക്കാരന് മനസ്സിലാവണ്ട. പക്ഷെ അത് പടച്ചുണ്ടാക്കിയനെങ്കിലും അതിലെ ആശയം എന്താണെന്ന് പറഞ്ഞു കൊടുക്കാന്‍ കഴിയണ്ടേ ?. ഈ മണ്ണുണ്ണികളാണ് "ദക്ഷിണാധുനികന്മാര്‍".
    കണ്ണന്‍ | Kannan
    എന്റെ വിഷമം കവിത എന്താണെന്ന് ചോദിച്ചാല്‍ പരിഹസിക്കുന്ന ഗവികളെ കാണുമ്പോഴാണ് കണ്ണാ.
    ABHI
    ഇഷ്ടമായെന്നു കേള്‍ക്കുമ്പോള്‍ സന്തോഷം. ഇഷ്ടമായില്ലെങ്കില്‍ അതും തുറന്നു പറയണം അഭീ.
    ഹംസ
    ഹി ഹി ഹി പടച്ചോനെ ഇനി ഈ ഉത്തരവാദിത്വം എന്റെ തലയിലോ ?. അത്യാവശ്യത്തിനു ചീത്തപ്പേര് എനിക്കിപ്പോ ബൂലോകത്തുട്നു
    elayoden
    ഞാന്‍ ഇപ്പോള്‍ ഒരു ആധുനിക അലുമിനിയം കവി ആയി.
    Sabu M H
    ഉം അത് തന്നെ. വായനക്ക് നന്ദി.
    തെച്ചിക്കോടന്‍
    "ദക്ഷിണാധുനികം" കാണുമ്പോള്‍ കണ്ണങ്ങോട്ട്‌ പൂട്ടി ഒറ്റ കമന്റിട്ടു മുങ്ങുക. പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കരുത്. അതന്നെ വഴി ഷംസു..

    ReplyDelete
  34. ബെഞ്ചാലി
    ഈ ഐറ്റംസ് കമന്റിനു പ്രത്യേക നന്ദി.
    കൂതറHashimܓ - :)
    ആചാര്യന്‍
    ഉത്തരാധുനിക കവിതയില്‍ കവി എന്തെങ്കിലും ഉദ്ദേശിച്ചു കാണും. പക്ഷെ അത് ചോദിക്കുന്നതിനു വാളെടുക്കണോ എന്ന് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ ഇംതിയാസ് ഭായി.
    mini//മിനി
    ഇത് വട്ടു തന്നെ ടീച്ചറെ. ഞാനിപ്പോള്‍ എന്നെത്തന്നെ ചികിത്സിക്കുകയാണ്.
    ismail chemmad
    ഹ ഹ ഇതിപ്പോ എനിക്ക് തന്നെ പാരയായോ ഇസ്മായില്‍ ജി
    hafeez
    ആസ്വദിക്കുന്നവര്‍ ഉണ്ട്. തിരിഞ്ഞവന് തിരിയും, അല്ലാത്തവന്‍ വട്ടംതിരിയും. അവിടെ തിരിഞ്ഞു കളിക്കാതെ മിണ്ടാതെ പോരുകയെ നിവൃത്തിയുള്ളൂ.
    നാമൂസ്
    അത് നിര്‍ത്തണ്ട നാമൂസ്. പക്ഷെ ഒരു അപേക്ഷ. ഒരു സാഹിത്യ രചന (കവിത) സാധാരണ വായനക്കാരുടെ സംവേദനക്ഷമതയുടെ പരിധി ലംഘിക്കുമ്പോള്‍ കമെന്റ് കോളത്തിലെങ്കിലും രചയിതാവ് അത് ലഘുവായി വിവരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഒന്നും മനസ്സിലാവാതെ കമെന്റിടുന്നവരുടെ നിരര്‍ത്ഥകമായ ജയ് വിളികള്‍ കൊണ്ട് സമാധി അടയേണ്ടി വരും അത്തരം രചനകള്‍.

    ReplyDelete
  35. ചിരിച്ചു.
    പിന്നേയും ചിരി വരുന്നു.
    കവിത അങ്ങനെയൊക്കെയാണ്. ചിലപ്പോൾ കവി ഉദ്ദേശിക്കാത്ത വളരെ വലിയ അർത്ഥങ്ങൾ വായനക്കാരൻ/നിരൂപകൻ കണ്ടെടുത്തു കൊടുക്കാറുമുണ്ട്..

    ReplyDelete
  36. അക്ബര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ഇരിങ്ങാട്ടിരി എഴുതിയതിലും കാര്യമുണ്ട്.. ഇതിനു രണ്ടിനിമിടയില്‍ ഒന്ന് ഞെരുങ്ങിയിരിക്കാനാണ് എനിക്കിഷ്ടം..

    ReplyDelete
  37. ഹ ഹ ഹ അലൂമിനിയം കോണ്ടാണ് കവിതയെ വാര്‍ത്തെടുത്തിരിക്കുന്നതെന്ന് എനിക്കും മനസ്സിലായില്ല. പിന്നീട് കത്തിയെടുത്തപ്പോഴല്ലേ ഗള്ളി വെളിച്ചത്തായത്. എന്തായാലും പോസ്റ്റ് ചിരിപ്പിച്ചു.

    ReplyDelete
  38. @- ശക്തം അതിശക്തമീ ഭാഷ. മനോഹരം...
    ഇതുമുഴുവൻ കോപ്പി പേസ്റ്റി സെയ് വ് ചെയ്യുന്നു..ടൈപ്പിംഗ് ലാഭിക്കാലോ!

    ReplyDelete
  39. ഇത്, ഇതുവരെ ഒരു ഗവിത പോലും എഴുതാത്ത ഞങ്ങളെ ഉദ്ധേശിച്ചാണ്, ഞങ്ങളെത്തന്നെ ഉദ്ധേശിച്ചാണ്, ഞങ്ങളെ മാത്രം ഉദ്ധേശിച്ചാണ്. എന്നാലും അക്ബർക്കാ ഞങ്ങളെ, ഇങ്ങനെ....................

    ഗലക്കി, ഈ പോസ്റ്റ് ശരിക്കും ഗലക്കി. നർമ്മത്തിലൂടെ പറഞ്ഞ ഈ പോസ്റ്റിൽ ഒത്തിരി കാര്യവും ഒളിഞ്ഞിരിക്കുന്നു. ഈ പോസ്റ്റിനു രണ്ട് വശങ്ങളൂണ്ട് എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഒന്ന്, അത്യന്താധുനികം എന്ന പേരിൽ എന്തും പടച്ചു വിടുന്നു എന്ന്. രണ്ട്, അത്യന്താധുനികത്തിലും കാര്യം ഉണ്ട്/ഉണ്ടാവാം എന്ന്. പൊതുവേ അത്യന്താധുനികം ഇഷ്ടമല്ലെങ്കിലും ബ്ലോഗിൽ ഗവിയോട് എന്താണ് നിങ്ങൾ പറയാൻ ഉദ്ധേശിച്ചത് എന്ന് ചോദിച്ച് മനസ്സിലാക്കാറുണ്ട്. ഇങ്ങനെയൊരു നല്ല പോസ്റ്റ് പടച്ചുവിട്ടതിനു ആശംസകൾ.

    ReplyDelete
  40. Sameer Thikkodi
    ഹ ഹ ഹ സമീര്‍ ഭായി. താങ്കളുടെ കമന്റ്‌ വായിച്ചു ഞാന്‍ കുറെ ചിരിച്ചു. വാസ്തവത്തില്‍ അത് തന്നെയാണ് ഈ പോസ്റ്റും. ആരോടും പറയരുത്. ചിലപ്പോള്‍ ഞാനും കവിത മനസ്സിലായില്ലെങ്കിലും ഒരു "ഗമന്റ്റ്" കൊടുക്കും. നാലാളുടെ ഇടയില്‍ നമ്മ മോശക്കാരാവരുതല്ലോ.
    സലീം ഇ.പി.
    ഹ ഹ ഹ സലിം ഭായി. ചിരിക്കാന്‍ താങ്കളുടെ ഈ കമെന്റ് മതി. താങ്കളെപ്പറ്റി ഇതില്‍ സൂചന യുണ്ടോ. ഇപ്പൊ എനിക്കും ഒരു സംശയം. ഇനി അത്യന്ധാധുനികം കാണുമ്പോള്‍ അലുമിനിയം കുടുക്ക ഓര്മ്മിക്കുക. അതോടെ കമെന്റ് താനേ വന്നോളും.
    Echmukutty
    സന്തോഷം എച്ചുമു. ഈ ചിരിക്കു
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    മുരളി ഭായി. ഈ ആസ്വാദനത്തിനു ഒരു പാട് നന്ദി. ഭൂലോകത്ത് ഉത്തരാധുനികം ചിലവാകില്ല. ബൂലോകത്തെ ബുജികളിലാണ് ഇപ്പോള്‍ ഈ രോഗം ചെറിയ തോതില്‍ കണ്ടു വരുന്നത്. .

    ReplyDelete
  41. ഉസ്മാന്‍ ഇരിങ്ങാട്ടിരി
    ഉസ്മാന്‍ ഇരിങ്ങാട്ടീരി. താങ്കളുടെ വിശദമായ കുറിപ്പിന് നന്ദി. ആധുനിക / അത്യന്താധുനിക /പുരാണ കവിത എന്നൊക്കെ വേര്‍തിരിവുകള്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. ഏതൊരു രചനയും വായനക്കാരനോട് സംവദിക്കുന്നതാവണം. 'വധി'ക്കുന്നതാവരുത്.

    ഞാന്‍ നല്ല കവിതകള്‍ കേള്‍ക്കാറുണ്ട് ആസ്വദിക്കാറുണ്ട്. കൈരളി ചാനലിലെ മാമ്പഴത്തില്‍ പല പ്രശസ്ത കവികളും അവരുടെ കവിതയുടെ പശ്ചാത്തലവും വിഷയവും വിവരിക്കുന്നത് കേള്‍ക്കാം. എന്നാല്‍ ബൂലോകത്തെ ചില ഉത്തരാധുനികമാരോട് കവിത മനസ്സിലായില്ല എന്ന് കമെന്റിട്ടാല്‍ പിന്നെ "ഗവി" കമെന്റിട്ടവനെ പരിഹസിക്കുന്നത് കാണാം. കവിത എല്ലാവര്ക്കും പെട്ടെന്ന് മനസ്സിലാവണം എന്നില്ല. എന്നാല്‍ എന്താണ് താങ്കള്‍ ഉദ്ദേശിച്ചത് എന്ന് ആരെങ്കിലും കമന്റ്‌ ഇട്ടാല്‍ അയാള്‍ക്ക്‌ നേരെ ചാടി വീഴുന്ന "ഗവി"കളെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

    ബൂലോകത്ത് ഒത്തിരി നല്ല കവിതാബ്ലോഗുകള്‍ ഉണ്ട്. വളരെ നിലവാരമുള്ള അത്തരം ബ്ലോഗുകളെ ഞാന്‍ തന്നെ ഈ ബ്ലോഗില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്‍റെ കവിതാ മോഷണം. അതില്‍ ഒന്നാണ്. സന്തോഷ്‌ പല്ലശ്ശന., അക്ഷരപകര്‍ച്ചകള്‍ . തുടങ്ങിയ നല്ല ബ്ലോഗുഗളിലെ കവിതകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. അഭിപ്രായങ്ങള്‍ എഴുതാറുണ്ട്. മനസ്സിലായില്ലെങ്കില്‍ ഇല്ല എന്ന് തുറന്നു പറയാറുണ്ട്. മനസ്സില്‍ ഉദ്ദേശിക്കുന്നത് വരികളില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത കഞ്ചാവടിച്ച കവിതകളെ മാത്രമേ ഞാന്‍ വിമര്ഷിക്കുന്നുള്ളൂ. താങ്കളുടെ തുറന്ന അഭിപ്രായത്തിന് നന്ദി.

    ReplyDelete
  42. salam pottengal
    "മനുഷ്യ മനസ്സിന്റെ അഘാധ തലസ്പര്‍ശിയായ ഈ .....ഹ ഹ ഹ സലാം ഭായി. ഞാന് ഒന്ന് ശ്വാസമെടുത്തോട്ടെ.
    റിയാസ് (മിഴിനീര്‍ത്തുള്ളി)
    ഹഹ അത് കൊണ്ടല്ലേ റിയാസ് ഞാന്‍ വേകം "അലുമിനിയ" രഹസ്യം പുറത്തു വിട്ടത്.
    Areekkodan | അരീക്കോടന്‍
    ഹി ഹി ഹോ അപ്പൊ അതാണ്‌ ബാക്കിയുള്ള തലമുടിയുടെ രഹസ്യം അല്ലെ മാഷേ. ഈ വഴി വന്നതില്‍ പെരുത്തു സന്തോഷം.
    കുന്നെക്കാടന്‍
    നല്ല വാക്കുകള്‍ക്കു നന്ദി. കര കവിഞ്ഞാല്‍ എനിക്ക് പേടിയാണ്..
    Mohammed Shafi
    ഹ ഹ നന്ദി ഷാഫി.
    ~ex-pravasini*
    ഫോളോ ചെയ്തില്ലെങ്കിലും ഇടയ്ക്കു ഈ വഴി വരുമല്ലോ. ഈ കമന്റില്മുണ്ട് ഒരു പൊടിക്ക് കുസൃതി.

    ReplyDelete
  43. മുകിൽ
    നന്ദി മുകില്‍. പോസ്റ്റിന്റെ ഉദ്ദേശം മനസ്സിലാക്കിയതില്‍. ശരിയാണ് ചിലപ്പോള്‍ ഒന്നും മനസ്സിലാവാതെ നട്ടം തിരിയുന്ന വായനക്കാര്‍ ഒടുവില്‍ ചില അര്‍ഥങ്ങള്‍ കണ്ടു പിടിച്ചു കമന്റുമ്പോള്‍ ധര്‍മ്മ സങ്കടത്തിലാവുക അതെഴുതിയ കവികള്‍ തന്നെയാവും. വല്ലാതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന കട്ടി കവിതകള്‍ എഴുതുമ്പോള്‍ ഒരു ചെറു സൂചന കൊടുക്കുന്നത് നല്ലതാണ്.
    ബഷീര്‍ Vallikkunnu
    നന്ദി ബഷീര്‍ജി. നാട്ടിലെ തിരക്കുകള്‍ക്കിടയിലും ഇവിടെ ഒന്ന് വരാന്‍ തോന്നിയതില്‍.
    സ്വപ്നസഖി
    ഈ ചിരിക്കും നല്ല വാക്കുകള്‍ക്കും നന്ദി.
    ലിഡിയ
    അതാണ്‌ എളുപ്പം. എപ്പോഴും ഇങ്ങിനെ ചില വാക്കുകള്‍ റെഡി ആക്കി വെച്ചാല്‍ ഏതു യമണ്ടന്‍ ഗവിതക്കും കമന്റാം. നന്ദി.
    ഹാപ്പി ബാച്ചിലേഴ്സ്
    ഹാപ്പീസു വന്നോ. നിറയെ സന്തോഷവുമായി. നിങ്ങള്‍ എപ്പോഴാണ് കവിത എഴുതുക എന്ന് നോക്കിയിരിക്കുകയാണ് ഞാന്‍. ശരിയാണ് ആധുനകമായാലും അല്ലെങ്കിലും കവിതയിലൂടെ കാര്യം പറയുന്നവരോട് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ചിലര്‍ എന്താണ് പറഞ്ഞത് എന്ന് ആര്‍ക്കും മനസ്സിലാവില്ല. അങ്ങിനെ യാണ് ഞാന്‍ കത്തി എടുത്തു ഈ അലുമിനിയം കവിതയുടെ പൊരുള്‍ തേടിപ്പോയത്.


    ReplyDelete
  44. ഈച്ചയെ കൊല്ലുന്നത് പലരും പല തരത്തിലാണു അക്ബര്‍ ഭായ്.
    എന്തോന്ന്..വല്ലോം തിരിഞ്ഞാ..ഹതാ ഹതിന്റെ ഒരിദ്.

    ReplyDelete
  45. ചിരിപ്പിച്ചേ അടങ്ങൂ അല്ലേ?

    എനിക്കിത്‌ വല്ലാതെയങ്ങിഷ്ടപ്പെട്ടു.

    ReplyDelete
  46. കവിത വായിച്ച് ഒന്നും മനസ്സിലായില്ലെങ്കിലും കെങ്കേമമെന്നും,മനോഹരമെന്നുമൊക്കെ അഭിപ്രായമെഴുതുന്നവരെ ഓർത്ത് കഷ്ടംതോന്നുന്നു.
    ഇഷ്ടപ്പെടാത്ത കവിതകൾക്ക് കവിത ഇഷ്ടമായില്ല എന്ന അഭിപ്രായമെഴുതാൻ നാമെന്തിനു മടിക്കണം..?
    ഏതായാലും അക്ബറിന്റെ ഈ പോസ്റ്റിലൂടെ ഇനിയൊരു മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

    ReplyDelete
  47. അല്ല അക് ബറെ,
    ഇതെന്താ അത്യന്താധുനിക കവിതയുടെ പോസ്റ്റ്‌മോര്‍ടമൊ?ഏതായാലും ഞാനാ ടയ്പ്പല്ലേ..

    ReplyDelete
  48. അക്ബര്‍ക്കാക്കൊരു സല്യൂട്ട്.
    ഇരിങ്ങാട്ടിരിക്കൊരു സലാം.
    വള്ളിക്കുന്നിന് അതിനു രണ്ടിനുമിടയില്‍ ഞെരുങ്ങിയമന്നൊരു ഹായ്.




    കവിത പഴയതും പുതിയതും ആസ്വാദ്യമാണ്.
    ആധുനികം എന്നൊക്കെപ്പറഞ്ഞ് എന്തൊക്കെയൊ എഴുതിവെക്കുന്നതിലേ
    എതിര്‍പ്പുള്ളൂ..
    സത്യ സന്ധമായി അഭിപ്രായം പറയുന്നത് പല ബ്ലോഗര്‍മാര്‍ക്കും ഇഷ്ടമല്ല,
    സത്യം പറയുന്നവനെ ശത്രുവായി കാണാനാണ് പലര്‍ക്കുമിഷ്ടം.
    അങ്ങനെ ഒരുപാടാളുകളുടെ ശത്രുവായ ആളാണു ഞാന്‍.
    അതു തിരിച്ചറിഞ്ഞ് ശേഷം,
    കമന്റുകള്‍ കുറച്ചിട്ടുണ്ട്.
    ഇടുന്ന കമന്റില്‍ തന്നെ സത്യം കൂട്ടാന്‍ പേടിയാണെനിക്ക്..
    പുറം ചെറിയലാണ് പലര്‍ക്കുമിഷ്ടം.
    ഇവിടെ വന്നൊന്നു മാന്തിത്തന്നാല്‍ അവിടെ വന്ന് ഞാനുമൊന്ന് ചൊറിഞ്ഞു തരാം, എന്നാണ്
    ബ്ലോഗനാര്‍ വാക്ക്!

    പോസ്റ്റ് നന്നായി.
    കവിത ഇപ്പൊ ശരിക്കും തിരിഞ്ഞു.

    ReplyDelete
  49. ഒരു കാര്യം മനസ്സിലായി ഇനി കമന്റും സാഹിത്യത്താല്‍ നിറച്ചു അത്യാധുനിക രീതി ആക്കം,കാണുന്നവരെ പറ്റികാലോ, പോസ്റ്റില്‍ കമന്റ്‌ ഇടാന്‍ തന്നെ ഇപ്പൊ പേടി ആവുന്നെ, എഴുതിയ ആള്‍ ഉദേശിച്ചത് തന്നെ ആവുമോ നമ്മളും ഉദേശിക്കുന്നത് , ,,

    ഇജ്ജു ഒരു സംഭവം തന്നെ , folow ചെയ്തെ

    ReplyDelete
  50. അക്ബര്‍ സാബ്‌.
    ഞാനോന്നിനോട് യോജിക്കുന്നു.
    കവിതയും മറ്റേതൊരു സാഹിത്യ ശാഖയും പോലെ ജീവിത ഗന്ധിയാവണം..

    മനസ്സിലാകണമെന്നു ആഗ്രഹിക്കുന്നവര്‍ക്ക്
    മനസ്സിലാകണം..
    ( പൂച്ച കറുതോ വെളുത്തോ ഇരിക്കട്ടെ,എലിയെ പിടിക്കുന്നുണ്ടോ എന്നാ തിയറി...)

    വിഷയാവതരണത്തില്‍ താങ്കള്‍ മികച്ചു നിന്നു..
    എശേണ്ടിടതെല്ലാം അത് എശിയിട്ടുമുണ്ട് സാബ്...

    ReplyDelete
  51. "കവിതയെഴുത്ത് കണ്ടുകിട്ടലാണ്
    കവിതവായന കണ്ടുപിടിത്തവും"
    .....കുഞ്ഞുണ്ണിമാഷ്

    പല കവിതകളും ഒരൊറ്റ വായനയില്‍ ചിലപ്പോള്‍ മനസ്സിലാകണമെന്നില്ല. അതു ചിലപ്പോള്‍ അവരുടെ കുറ്റമായിരിക്കില്ല, മറിച്ച് നമ്മുടെ അറിവില്ലായ്മ കൊണ്ടാകാം. അതേ കവിത രണ്ടാമതൊരാവര്‍‌‌ത്തി മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലായെന്നും വരാം. അങ്ങിനെ രണ്ടു തവണ വായിച്ചിട്ടും മനസ്സിലായില്ലെങ്കില്‍ ഞാന്‍ ഒന്നും പറയാതെ പോകാറാണ്‌ പതിവ്.

    ബുദ്ധിജീവി ചമഞ്ഞ് ആര്‍ക്കും മനസ്സിലാവാത്ത സാഹിത്യം പടച്ചുവിടുന്നുവരുമുണ്ട്. ആധുനിക സാഹിത്യത്തിന്റെ കപടമുഖമൂടി അണിഞ്ഞ്,‌ എഴുതിയവനുപോലും മനസ്സിലാകാത്ത വ്യാജസൃഷ്ടികളെ കണ്ടില്ലെന്ന് നടിക്കുക. അത്ര തന്നെ.
    -----------------------------------
    ഇപ്പോള്‍ കിട്ടിയ വാര്‍‌ത്ത: ചാലിയാറിന്റെ തീരത്ത് താമസിക്കുന്ന അക്‌ബര്‍ എന്ന്‌ പേരുള്ള ആക്‌ഷേപ സാഹിത്യകാരനെ തട്ടി കളയാന്‍ അത്യന്താധുനിക കവികള്‍ കാശു കൊടുത്ത് ക്വട്ടേഷന്‍ സം‌ഘത്തെ ഏര്‍‌പ്പാടാക്കിയിരിക്കുന്നു. :))

    ReplyDelete
  52. മുല്ല
    ഈച്ചയെ കൊല്ലാം എന്ന് മനസ്സിലായി. വാസ്തവത്തില്‍ അത് തന്നെയല്ലേ ഉദ്ദേശിച്ചത്. ഈ മുല്ല ഒരു മാതിരി അത്യന്ധാധുനിക കവിതപോലെ മനുഷ്യരെ........
    നീലത്താമര | neelathaamara
    ചിരിച്ചാല്‍ എനിക്കും സന്തോഷം. നന്ദി.
    moideen angadimugar
    അതെ മനസ്സിലായില്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയണം. നന്ദി.
    mayflowers
    പോസ്റ്റ് മോര്‍ട്ടം അല്ല. ഒരു ചിരി തെറാപ്പി. ചിലപ്പോള്‍ ഇങ്ങിനെ ചില ചികിത്സകള്‍ ആവശ്യമാണ്‌.
    ഭാനു കളരിക്കല്‍
    ഒരു ചിരിക്കു ഒരായിരം നന്ദി ഭാനു
    ¦മുഖ്‌താര്‍¦udarampoyil¦«
    ഇങ്ങളെ സല്യുട്ട് ഇഷ്ടായി. പിന്നെ ബ്ലോഗനാര്‍ വാക്കും. കവി എന്തേലും പറഞ്ഞോട്ടെ. ഒന്ന് പുറം ചൊരിഞ്ഞു കൊടുത്താല്‍ നമ്മളെ ഡ്യൂട്ടി കഴിഞ്ഞു എന്ന "കിടിലന്‍ മാഷേ" കമെന്റുകള്‍ പലപ്പോഴും നല്ല ചിരി സമ്മാനിക്കുന്നു എന്നൊരു ഗുണം അത്യന്താധുനിക കവിതകളില്‍ നിന്നും കിട്ടാറുണ്ട്.
    അനീസ
    പിന്തുടരാന്‍ തീരുമാനിച്ചതില്‍ നന്ദി അനീസ്‌. ഇവിടെ ഇതൊക്കെയേ കാണൂ കേട്ടോ. ധൈര്യമായി കെമ്ന്റിക്കോളൂ. ആരെ പേടിക്കാനാ.

    ReplyDelete
  53. Noushad Koodaranhi
    അതെ മനസ്സിലാകണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മനസ്സിലാകണം. അത്രയേ നമ്മള്‍ പറയുന്നുള്ളൂ. നന്ദി.
    Vayady
    "കവിതയെഴുത്ത് കണ്ടുകിട്ടലാണ്
    കവിതവായന കണ്ടുപിടിത്തവും"
    അതെ, വായാടി. പക്ഷെ ചിലത് കണ്ടു പിടിക്കാന്‍ ആര്‍ക്കും പറ്റാതെ വരുമ്പോള്‍ കവിയോടു തന്നെ ചോദിക്കാം എന്നൊരു സൗകര്യം ബ്ലോഗുഗളില്‍ ഉണ്ട്. അത് ആരെങ്കിലും ചോദിച്ചാല്‍ ഇന്നതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ ഉപകാരമായിരിക്കും. അല്ലെങ്കില്‍ വായിച്ചു തല കറങ്ങി ഒരു കര്‍മ്മംപോലെ വായനക്കാരിടുന്ന നിരര്‍ത്ഥക/ ഇക്കിളി കമെന്റ് കണ്ടു ഗവിക്ക് സായൂജ്യമടയാം.

    പിന്നെ വായാടി ദയവായി കൊട്ടേഷന്‍ പിന്‍വലിക്കണം. ഹി ഹി ഹി.

    ReplyDelete
  54. Rizma
    സാദൃശ്യങ്ങള്‍ യാദൃശ്ചികമാവാം. വരവിനു നന്ദി.

    ReplyDelete
  55. ഒരുപാട് ആളുകള്‍ക്കുള്ള അസുഖത്തിന് ചെറിയ മരുന്ന്
    വിജയിക്കുമെങ്കില്‍ നന്ന്

    ReplyDelete
  56. കവിതക്കള്‍ക്കൊരു ചരമഗീതം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എനിക്കാവില്ല ....

    ReplyDelete
  57. ലതാണ്... അത്യന്താധുനികന്‍ തന്നെ.
    :)

    ReplyDelete
  58. കുറച്ച് അത്ഭുതത്തോട് കൂടിയാണു വായിച്ചത്. ആധുനികം തന്നെയായിരിക്കും എന്നു തോന്നി(മനസ്സിലാകാത്തതു കൊണ്ട്!). വായിച്ചിട്ട് കവിയുടെ വിശദീകരണം കണ്ടപ്പോൾ അതിലും അത്ഭുതം.രസമായിരിക്കുന്നു.

    ReplyDelete
  59. ഇക്കാ, ചിരിച്ചു ചരിച്ചു വീണു പോയികെട്ടോ. എന്റെ ഫ്രെണ്ട്സിനോക്കെ ഇത് ഫോര്‍വേഡ് ചെയ്യുന്നുണ്ട്. എന്താ ഇക്കാടെ ഉദ്ദേശ്യം? മോഡേണ്‍ കവിത എഴുതുന്നോരെ പുറത്താക്കുമോ? ഹിഹി.

    ReplyDelete
  60. അലി
    വായനക്ക് നന്ദി അലി. ആ പോസ്റ്റ് വായിച്ചിരുന്നു. വിഷയം ഇത് തന്നെ.
    സാബിബാവ
    ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് സാബി. നന്ദി
    lekshmi. lachu
    നല്ല വാക്കിനു നന്ദി.
    sha
    അതെന്താ sha
    ശ്രീ said...
    ലത് തന്നെ ശ്രീ. എനിക്ക് ഒന്നും മനസ്സിലാവാറില്ല.
    sreee
    അതാണ്‌ ആധുനികം. ആര്‍ക്കും മനസ്സിലാവില്ല. എന്നാല്‍ എല്ലാരും മനസ്സിലായ പോലെ നടിക്കും.
    (കൊലുസ്)
    ഹി ഹി .മോഡേണ്‍ കവിത എഴുതുന്നവര്‍ ഈ പോസ്റ്റോടെ എന്നെ പുറത്താക്കും കൊലുസ്. പിന്നെ ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കും കേട്ടോ.
    കല്ലിവല്ലി ! K@nn(())raan
    അതെ കണ്ണൂരാന്‍, നല്ല കവിതകളെ അല്ല. "ഗവിത" കളെ ആണ് വിമര്‍ശിച്ചത്. അത് അല്പം തമാശ ചേര്‍ത്തു പറഞ്ഞു എന്ന് മാത്രം. വരവിനും വായനക്കും നന്ദി.

    ReplyDelete
  61. ഒരു മൊന്തക്ക് ഇത്രയും ഭംഗിയുണ്ടെന്ന് ഈ കവിത വായിച്ചപ്പോഴാണ് മനസ്സിലായത്!!!!
    അനൌപഞ്ചീകവും കുമുൽകൃതവുമായ കവിത എന്നേ ഇതിനെപറ്റി എനിക്ക് പറയാനുള്ളൂ..!
    കവിക്ക് എല്ലാവിധ ദുൽഫ്രാണ്ടങളും നേരുന്നു..!!
    (തകർപ്പണൻ :))

    ReplyDelete
  62. This comment has been removed by the author.

    ReplyDelete
  63. ഇത് ഞങ്ങൾക്കൊക്കെ ഇട്ടൊരു താ‍ങ്ങ് അല്ലെ.. ഈ പോസ്റ്റ് വായിച്ചപ്പോൾ എനിക്കു തോന്നിയത് മനസ്സില്‍ അന്തര്‍ലീനമായ ചേതോവികാരങ്ങങ്ങളുടെ ഉള്‍പോളകങ്ങളിലെ അനര്‍ഗ്ഗ നിര്‍ഗ്ഗളമായ വര്‍ഗ്ഗ വര്‍ണ്ണ വിവര്‍ന്ന വൈജാത്യങ്ങളുടെ.....ഒരിത് തോന്നി.. .നല്ല കവിതകൾ ലളിത സുന്ദര വാക്കുകളിൽ എഴുതുന്നവരുടെ ബ്ലോഗിൽ പോയാൽ അവിടെ ചിലരുടെ കമന്റ് സാഹിത്യം പോരാ വായന പോരാ എന്നൊക്കെയാവും ഇനി സാഹിത്യത്തിൽ എഴുതിയാൽ ഇങ്ങനെയും..എന്റെ കവിത(?) യൊക്കെ ഇങ്ങനെയുള്ളതാണൊ? മുന്നോട്ടു പൊകാമോ? വായനക്കാറാണു അതു പറയേണ്ടത്..നിങ്ങളൊക്കെ സത്യസന്ധമായി അഭിപ്രായം പറയണേ.. ഇതു കണ്ടപ്പോ കവിതക്കു കമന്റിടാൻ തന്നെ പേടിയാ.. എനിക്കു മനസ്സിലാകുന്ന കവിതക്ക് ഞാൻ തുറന്നു അഭിപ്രായം പറയും മനസ്സിലാകാത്തത് മനസ്സിലായില്ല എന്നും. അങ്ങിനെ എഴിതിയാൽ അടുത്തത് എനിക്കു ആരുടേയെങ്കിലും മൈൽ ആകും അങ്ങിനെ പറയണ്ടായിരുന്നു എന്നൊക്കെ അപ്പോ ഞാനും ചിന്തിക്കും ഹോ ഞാൻ അഹങ്കാരിയാ.. ഒരു വലിയ എഴുത്തുകാരി വന്നിരിക്കുണ് എന്നൊക്കെ.. .. ഈ പോസ്റ്റ് മനസ്സിലായി തന്നെ പറയട്ടെ... നല്ല വരികൾ.. നല്ല കമെന്റുകൾ നല്ല സംഭാഷണങ്ങൾ... അത് അവതരിപ്പിച്ച രീതിയും അഭിനന്ദനീയം..

    January 16, 2011 12:29 AM

    ReplyDelete
  64. അപ്പൊ ഇനി കവിത എഴുതുമ്പോൾ വൃത്തം,അലങ്കാരം,അർത്ഥം,ഉദ്ദേശം,
    ലക്ഷ്യംവയ്ക്കുന്ന വിഷയം/സമൂഹം...ഇതൊക്കെ സൂചിപ്പിക്കണം?
    വായനക്കാരന്‌ കുറച്ചു സ്വാതന്ത്ര്യം കൊടുത്തുകൂടെ???
    (ഇത് ഞാനല്ല!! എന്റെ കമന്റ് ഇങ്ങനെയല്ലാ...)

    ReplyDelete
  65. ഭായി
    കവിക്ക് നേര്‍ന്ന ദുൽഫ്രാണ്ടങ്ങള്‍ സ്വീകരിച്ചിരിക്കുന്നു ഭായീ. പടച്ചോനെ ഇത് ഏതു ഭാഷയാ ഹി ഹി ഹി
    ഉമ്മുഅമ്മാർ
    ഒരു കവിത ഒറ്റവായനയില്‍ ചിലപ്പോള്‍ മനസ്സിലാവണം എന്നില്ല. എന്നാല്‍ ഒരിക്കലും മനസ്സിലാവരുത് എന്ന് വാശിപിടിച്ചു എഴുതുന്ന "അത്യാഹിതം" എന്ന് വിശേഷിപ്പിക്കാവുന്നവ എനിക്ക് ഒട്ടും മനസ്സിലാവാറില്ല. കൂട്ടത്തില്‍ ഈ പോസ്റ്റിലൂടെ അല്പം ചിരിക്കാനുള്ള വക ഉണ്ടാക്കി എന്ന് മാത്രം.
    nikukechery
    >>>വൃത്തം,അലങ്കാരം,അർത്ഥം,ഉദ്ദേശം,
    ലക്ഷ്യംവയ്ക്കുന്ന വിഷയം/സമൂഹം...ഇതൊക്കെ സൂചിപ്പിക്കണം?<<<<
    എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. അഭിപ്രായത്തെ മാനിക്കുന്നു.

    ReplyDelete
  66. ആക്ഷേപഹാസ്യം ‘ക്ഷ’ പിടിച്ചു..
    പിന്നെ ചിലര്‍ കടുകട്ടി വാക്കുകളും
    എന്തോക്കെയോ ആണെന്നു വരുത്തിത്തീര്‍ക്കാന്‍
    വേണ്ടി എഴുതുന്നുണ്ടാവാം..അതോടൊപ്പം
    തന്നെ കവിതയെ കലയാക്കി എഴുതുന്ന
    ഒരു പാടുപേരുമുണ്ട്..എഴുതാത്തവര്‍
    എത്രയോ പേര്‍ എഴുതുന്നവരേക്കാള്‍
    വിവരമുള്ളവരാണെന്നത് യാദാര്‍ത്ഥ്യമാണ്..
    കവിത മനസ്സിലാക്കലും വലിയൊരു
    കഴിവാണ്..കൈരളിയിലെ ‘മാമ്പഴം’ എന്ന
    കവിതാലാപന പരിപടിക്കു പ്രേക്ഷകര്‍
    കൂടുന്നതു തന്നെ കലസ്വദകരുടെ വര്‍ദ്ധിച്ചു
    വരുന്നതിന്റെ സൂചനയാണ്..

    ReplyDelete
  67. അക്ബര്‍ ഭായ്.
    ഈ 'കവിത'ഒന്നൊന്നര കവിത ആയിട്ടാണ് എനിക്ക് തോന്നുന്നത്. മല്‍സരത്തിനു അയച്ചു കൊടുത്താല്‍ ഒന്നാം സമ്മാനം ഉറപ്പാണ്. മൊന്തയാണ് നായകന്‍ എന്ന് പറയേണ്ടിയിരുന്നില്ല. നൂറ് ആളു വായിച്ചാല്‍ നൂറ് വ്യത്യസ്ത അര്‍ഥം മനസ്സില്‍ വിചാരിക്കുമെന്കില്‍ അത് തന്നെ കവിതയുടെ 'വിജയം'.
    (കവിത മനസ്സിലാവാന്‍ നിഘണ്ടുവിന്റെ സഹായം തേടേണ്ടി വരുന്നത് കവിയുടെ പരാജയമാണെന്ന് ഞാന്‍ പറയും)

    ReplyDelete
  68. അക്ബര്‍ ഭായ്,ഹംസയുടെ കമന്റ്‌ കണ്ടാണ്‌ ഇവിടെ വന്നത്.ചിരിപ്പിച്ചു എന്നല്ല കൊന്നു കളഞ്ഞു. എല്ലാവരെയും അല്ല എല്ലാത്തിനെയും..മര്യാദക്ക് കവിത എഴുതി മര്യാദക്ക് കമന്റ്‌ എഴുതി മര്യാദക്ക് നടന്നാല്‍ എല്ലാവര്ക്കും കൊള്ളാം. ഇല്ലെങ്കില്‍ ആരെങ്കിലും ഓക്കെ ആര്കിട്ടെങ്കിലും കത്തി കേറ്റും.
    പിന്നേ, 108 കമന്റ്‌ തികഞ്ഞോ ഇവിടെ..ഹ..ഹ... അഭിനന്ദനങ്ങള്‍..
    ചുമ്മാതെ അല്ല കാര്യമായി തന്നെ....

    ReplyDelete
  69. ഹഹഹ... ഞാന്‍ അടുത്തകാലത്ത് ബ്ലോഗില്‍ വായിച്ച ഏറ്റവും ശക്തമായ ആക്ഷേപഹാസ്യം.

    ഇനി 'കവിത'യെഴുതുമ്പോള്‍ അക്ബര്‍ ഭായിയുടെ മുഖം മനസ്സില്‍ വരാതിരിക്കില്ല. :)

    ReplyDelete
  70. Muneer N.P
    നല്ല കവിതകളും ആസ്വാദകരും ഉണ്ടാവട്ടെ. വായനക്കും അഭിപ്രായത്തിനും നന്ദി.
    ഇസ്മായില്‍ കുറുമ്പടി (തണല്‍)
    അഭിപ്രായത്തിന് നന്ദി ഇസ്മായില്‍. വിപുലമായ ആശയങ്ങളെ കുറഞ്ഞ വരികളില്‍ ആറ്റിക്കുറുക്കി എടുക്കുന്നതാണ് കവിത. കവിത്വമുള്ള വരികളില്‍ തിളങ്ങി നില്‍ക്കുന്ന ആശയവും സാഹിത്യവും ഭാഷയുള്ളവര്‍ക്ക് മനസ്സിലാകും. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത എന്തെങ്കിലും എഴുതി വെച്ചാല്‍ കവിതയാവില്ല. മനസ്സിലുള്ളത് വരികളി പ്രതിഫലിപ്പിക്കാന്‍ കഴിയാതെ വന്നാല്‍ അതിനെ മറ്റെന്തെങ്കിലും പേരിട്ടേ പറ്റൂ. കവിതയുടെ ഗണത്തില്‍ പെടില്ല.
    ente lokam
    ഇവിടെ വന്നതില്‍ സന്തോഷം. മനസ്സിലാവാത്ത "ഗവി"തകളെ ഒന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു എന്നേയുള്ളൂ. നല്ല വാക്കുകള്‍ക്കു നന്ദി.
    ശ്രദ്ധേയന്‍ | shradheyan
    നന്ദി ശ്രദ്ധേയന്‍. താങ്കള്‍ കവിത എഴുതുന്ന ആളാണല്ലോ. കവിഭാവന കറവ പശുവിനെ പോലെ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പശു പുല്ലും വൈക്കോലും പിണ്ണാക്കും കഴിച്ചു നറുംപാല്‍ ചുരത്തുന്നു. അത് പോലെ കവികള്‍ ലോകത്തിലുള്ള സകലതിനെയും വീക്ഷിച്ചു നല്ല ഭാഷയിലൂടെ വായനക്കാരിലേക്ക് പകരുന്നു. "ഗവിത" വായനക്കാര്‍ ഇഷ്ടം പോലെ നിര്‍വചിക്കട്ടെ എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം എഴുതിയവന് പ്രത്യേകിച്ച് ഉദ്ദേശമോ നിലപാടോ ഇല്ലാത്ത വെറും പാഴ്വേലയാണെന്ന് എനിക്ക് തോന്നുന്നു.

    ReplyDelete
  71. കവിത എന്ന് പറയുമ്പോള്‍ സാധാരണ അതിനു പല അര്‍ത്ഥവും തിരഞ്ഞു വരാറുണ്ട് എന്നാണു തോന്നിയിട്ടുള്ളത്‌. ചിലരെല്ലാം ചൂണ്ടിക്കാണിച്ചത് പോലെ നിരൂപകര്‍ പല അര്‍ത്ഥങ്ങളും കണ്ടെത്ത് നല്കാരുന്ടെന്നതും സത്യം. എന്തായാലും എനിക്ക് മനിസ്സിലാകുന്ന എഴുത്തിനോടാണ് ഇഷ്ടം.

    ReplyDelete
  72. ഈ കവിതക്കു പിന്നില്‍ മുന കൂര്‍പ്പിച്ച
    ഒരായുധമുണ്ട്.കൊള്ളേണ്ടിടത്തു കുത്തു
    കൊള്ളും. എനിക്കും കിട്ടുമോ

    ReplyDelete
  73. കവിത കൊള്ളില്ലാന്നു പറഞ്ഞാൽ എന്നെ കൊല്ലും.മനസിലായില്ലാന്നു പറഞ്ഞാൽ ഞാനൊരു അരസികയാണെന്നു മാളോരറിയും.ഛേ..അതു വേണ്ട.അപ്പോൾ ഉഗ്രൻ എന്നു പറഞ്ഞേക്കാം.

    ReplyDelete
  74. ആധുനികം എന്നൊക്കെപ്പറഞ്ഞ് എന്തൊക്കെയൊ എഴുതിവെക്കുന്നതിലേ
    എതിര്‍പ്പുള്ളൂ..
    സത്യ സന്ധമായി അഭിപ്രായം പറയുന്നത് പല ബ്ലോഗര്‍മാര്‍ക്കും ഇഷ്ടമല്ല,
    സത്യം പറയുന്നവനെ ശത്രുവായി കാണാനാണ് പലര്‍ക്കുമിഷ്ടം.
    അങ്ങനെ ഒരുപാടാളുകളുടെ ശത്രുവായ ആളാണു ഞാന്‍.
    അതു തിരിച്ചറിഞ്ഞ് ശേഷം,
    കമന്റുകള്‍ കുറച്ചിട്ടുണ്ട്.

    ഇത്രയും മുഖ്താറിന്റെ വരികൾ. അത് തന്നെ ഞാനും പറയുന്നു.

    പിന്നെ ഈ കവിത എഴുതുന്ന കവി മറ്റുള്ളവർക്ക് മനസ്സിലാവാനായി എഴുതുന്ന ആളാണെങ്കിൽ ‘ഒരു അലുമിനിയ കുടം’
    എന്ന് പേരിട്ടാൽ എല്ലാം ശരിയായില്ലെ.

    അതില്ലാതെ അഗ്രൊഗ്രാധുനികഖൺധം എന്നൊക്കെ പറഞ്ഞ് ഇല്ലാത്ത പേരിട്ടെഴുതുന്നിടത്താണ് പ്രശനങ്ങൾ.

    കവേ, മനുഷ്യർക്ക് മനസ്സിലാവുന്ന തരത്തിലെഴുതൂ. ഞങ്ങൾക്ക് നേരമില്ല ചിന്തിച്ചിരിപ്പാൻ...

    ReplyDelete
  75. വായനക്കാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ എഴുതിയാലും അത് കവിതയാകും എന്നാണെന്റെ വിശ്വാസം. അല്ലെങ്കില്‍‍ ഞാനിതിന് മുതിരില്ലല്ലൊ :)

    വളരെ നല്ല ആക്ഷേപഹാസ്യം!

    ReplyDelete
  76. ചിരിച്ച്…… ചിരിച്ച്…. എന്റമ്മോ, പിന്നെയും ചിരിച്ച്… ചിരിച്ച്…
    പിന്നെയും………

    ReplyDelete
  77. പട്ടേപ്പാടം റാംജി
    ജയിംസ് സണ്ണി പാറ്റൂര്‍
    ശാന്ത കാവുമ്പായി
    OAB/ഒഎബി
    വാഴക്കോടന്‍ ‍// vazhakodan
    sm sadique

    വായനക്കും അഭിപ്രായത്തിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  78. ഇനിയൊരത്യന്താധുനിക കഥയാവാം..

    ReplyDelete
  79. കവിതയെഴുതുന്നത് എപ്പോഴും ലളിതവും സുതാര്യവുമായ വാക്കുകള്‍ കൊണ്ടായിരിക്കണം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്..!! അപ്പോള്‍ പിന്നെ അതിന്‍റെ ആശയത്തിന്‍റെ കാര്യം പറയേണ്ടല്ലോ.......!
    കവിത കവി എഴുതിക്കഴിഞ്ഞാല്‍ പിന്നെ അത് വായനക്കാരുടേതാണ്...!!അവരുടെ മനസ്സ് അറിഞ്ഞു വേണം കവിത എഴുതാന്‍.. അല്ലെങ്കില്‍ പിന്നെ നമുക്ക് എഴുതിയിട്ട് നമ്മുടെ പെട്ടിയില്‍ തന്നെ വെച്ചാല്‍ മതിയല്ലോ......? ഇടക്കിടെ തോന്നുമ്പോള്‍ എടുത്ത് വായിച്ച് നിര്‍വൃതിയടയാം....!!
    കവിത വായിച്ചിട്ട് എന്താണ് കാര്യമെന്നറിയാതെ..അതിനു താഴെയുള്ള വരികളിലൂടെ കണ്ണോടിച്ചപ്പോഴാണ് സംഗതി മനസ്സിലായത്..!!
    അതവിടെ വിവരിച്ചതിന് കവിക്ക് നന്ദി.....!
    അല്ലെങ്കില്‍ ഒരു ചിത്രമുണ്ടെങ്കില്‍ എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞേനെ.......!!

    ഈ ആക്ഷേപഹാസ്യം ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു...!!
    അഹങ്കാരം കൊണ്ട് ഉന്മത്തരായ ചില അത്യന്താധുനിക കവികള്‍ക്കിട്ടൊരു കൊട്ട്.....!!
    നന്ദി.. ഇക്കാ...!!

    ReplyDelete
  80. ഹിതുഷാറായി....
    ചിരിപ്പിച്ചു.....
    എനിക്കും ഒരു കവിത എഴുതിനോക്കണം... ഏതു ഗ്രൂപ്പില്‍ വരുമെന്ന് ചെക്ക് ചെയ്യാനാ...

    ReplyDelete
  81. പണ്ട് ഹംസ്ക്കാടെ ബ്ലോഗില്‍ ഒരു ഉത്തരാധുനികന്‍ വായിച്ചിരുന്നു :))

    ഈയിടെ യൂസ്ഫാ (എന്ന് തോന്നണു)യുടെ ബ്ലോഗിലും വേറൊന്ന്!

    ദാ ഇപ്പൊ ഒരു തുറന്ന് പറച്ചിലിവിടേം..

    കൊള്ളാം, നന്നായിട്ടുണ്ട്, ഗംഭീരം

    സത്യത്തില്‍ ഒരു കുടം കണ്ട് ഇങ്ങനൊക്കെ എഴുതാമെങ്കില്‍ മുകളിലെ ബോള്‍ഡ് വാക്കുകള്‍ അര്‍ഹതപ്പെട്ടത് തന്നെ!

    ഈ പൊളിച്ചെഴുത്ത് അല്പം ക്രൂരമായിപ്പോയി കേട്ടൊ :)) :)) [തമാശ]

    ReplyDelete
  82. സൂപ്പര്‍ ... ശരിക്കും ആസ്വദിച്ചു.

    ReplyDelete
  83. ദേവൂട്ടി ഈ പോസ്റ്റ് വളരെ മുന്‍പു തന്നെ വായിച്ചിരുന്നു ....
    കമെന്റ് ഇടാന്‍ വിട്ടു ......എന്തണാവോ?

    ഇനി ഞാന്‍ കവിത എഴുതില്ല ....

    നല്ലൊണം ചിരിച്ചു ...ചിരി അരോഗ്യത്തിനു നല്ലത് .....ആശംസകള്‍ ...

    ReplyDelete
  84. mayflowers
    മനു കുന്നത്ത്
    Naseef U Areacode
    നിശാസുരഭി
    jayarajmurukkumpuzha
    മുജീബ് റഹ്‌മാന്‍ ചെങ്ങര
    റാണിപ്രിയ

    വായനക്കും അഭിപ്രായത്തിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  85. കവിതകള്‍ ഒന്നും എനിക്ക് മനസ്സിലാകാറില്ല, സത്യമായും എനിക്കെന്തെങ്കിലും പ്രശനമുണ്ടോ ?

    ReplyDelete
  86. ഹോ!... നര്‍മ്മമാകുമ്പോള്‍ ഇത്ര ലളിതവും ആസ്വാദ്യകരവും ആയിരിക്കണം. അല്ലെങ്കിലും പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ നിരൂപകര്‍ പറയുന്നതൊന്നും ഒരു കവിയും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ലെന്ന്. :)

    പിന്നെ.. ഞാന്‍ പുഴക്കക്കരെ നിന്നാണേ...

    ReplyDelete
  87. ഇടയ്ക്കിടെ ചാലിയാറ്റിലിങ്ങനെ ചില തടയിണകൾ പണിയുന്നത് ലക്കും ലഗാനുമില്ലാത്ത ചില ഒഴുക്കുകൾക്ക് കടിഞ്ഞാണിടാനാകും. പിന്നെ “അ.ആ.ഗ.അലൂമിനി അസ്സോസിയേഷൻ” എന്തോ വിയോജനക്കുറിപ്പ് തയ്യാറാക്കാൻ മീറ്റിങ്ങ് കൂടുന്നെന്ന് കേട്ടു. സൂക്ഷിക്കണം.

    ReplyDelete
  88. mottamanoj- ഹി ഹി ഹി താങ്കള്‍ക്കു മനസ്സിലായില്ലെങ്കില്‍ പിന്നെ എനിക്ക് ഒട്ടും മനസ്സിലാവില്ല. സത്യത്തില്‍ നമുക്ക് രണ്ടു പേര്‍ക്കും എന്തോ പ്രശ്നം ഉണ്ട് മനോജ്‌ ഭായി.
    Shukoor - Shukoor ji. താങ്കളെ ഇവിടെ കണ്ടതില്‍ പെരുത്തു സന്തോഷം. വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി.
    Kalavallabhan - ഹി ഹി ഹി മീറ്റിങ്ങ് കൂടട്ടെ. രണ്ടു കയ്യിലും അലുമിനിയം മൊന്തയിട്ട് ഞാന്‍ അവരെ ഡിഷും ഡിഷും ന്നു പൂശും.

    ReplyDelete
  89. അക്ബറിക്കാ,,സത്യമായും ചിരിച്ചു ചിരിച്ച് ഒരു പരുവമായി.തകര്‍പ്പന്‍ കേട്ടൊ....

    ReplyDelete
  90. ശ്രീക്കുട്ടന്‍ . thnaks shreekuttan

    ReplyDelete
  91. ഹൊ എന്റെ ഇക്കാ പാവങ്ങള്‍ ഒന്ന് ജീവിച്ചോട്ടെ ഹിഹിഹിഹിഹി
    ഇങ്ങളൊരു ബല്ലാത്ത സമ്പവമാണേയ്

    ReplyDelete
  92. ഇങ്ങളൊരു സംഭവം തന്നെ (ഈ കമന്റ് കവിതക്ക്)

    ബല്ലാത്ത ആളെന്നെ ഇങ്ങള്... ഉസ്സാര്‍ (ഇത് പോസ്റ്റിന്)

    ReplyDelete
  93. സമ്മതിച്ചു ഇക്കാ...കേമായി....:):)

    ReplyDelete
  94. @-ഷാജു അത്താണിക്കല്‍

    @-ഷബീര്‍ - തിരിച്ചിലാന്‍

    @-Jefu Jailaf

    നന്ദി ഷാജു, ഷബീര്‍, ജെഫു.. ചില കടിച്ചാ പൊട്ടാത്ത ആധുനിക കിറുക്കന്‍ കവിതകള്‍ കണ്ടപ്പോള്‍ തോന്നിയതാ.

    ആരെയും കളിയാക്കാനല്ല. ചുമ്മാ....:)

    ReplyDelete
  95. നഷ്ടപെട്ടു.. എന്റെ ഒരുപാട് സമയം നഷ്ടപെട്ടു !!
    ഈ പോസ്റ്റ്‌ കാണാന്‍ വൈകിയപ്പോള്‍ എന്റെ ഒരുപാട് സമയം നഷ്ടപെട്ടു !!
    ഇക്കാലം കണ്ട ഗവിതക്ക് ഒക്കെ ഇവിടെ നിന്നും ഒരു കോപ്പി പേസ്റ്റ് "ഉഗ്രന്‍ " കടം എടുത്താല്‍ മതിയാര്‍ന്നു ....
    ഇനി ഗവിത കാണുമ്പോള്‍ ശ്രദ്ധിക്കാം :)

    ReplyDelete
  96. ഈ പറഞ്ഞത് പരമാര്‍ത്ഥം ...
    ചില ബ്ലോഗ്ഗുകളിലെ കവിതകള്‍ വായിച്ചു ഒരു ചുക്കും മനസ്സിലാകാതെ തിരിച്ചു പോന്നിട്ടുണ്ട് .
    അങ്ങിനെ ചില കഥകളിലും ചിലര്‍ ഈ ട്രെന്‍ഡ് കൊണ്ട് വന്നിട്ടുണ്ട് . ഞാന്‍ ഇത്തരം ഇടങ്ങളില്‍ ഒന്നും
    പറയാന്‍ മിനകെടാറില്ല. കാരണം വല്ലതും മനസ്സിലാകേണ്ടേ കമന്റ്‌ ഇടാന്‍ .

    ലളിതമായി പറയാവുന്ന കാര്യത്തെ വളച്ചൊടിച്ചു വാലും മൂടും ഇല്ലാതാക്കി ഉത്തരാധുനികത എന്ന് പറയുന്നവര്‍ക്കുള്ള
    ഈ കൊട്ട് ഏറെ സുഖിച്ചു . ഒന്നും മനസ്സിലാവാതെ കിടിലം, കിടിലോല്‍കിടിലം എന്നൊക്കെ കമെന്റുന്നവര്‍ക്കും ഇതില്‍ നിന്നും
    ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളാം. നര്‍മ്മത്തിലൂടെ മര്‍മത്തിനു ഒരു കുത്ത് ... ആശംസകള്‍ അക്ബര്‍ ജി

    ReplyDelete
  97. ഹ ഹ കവിയുമായുള്ള കാര്യമാത്രപ്രസക്തമായ ഇന്റെര്‍വ്യൂ ഇല്ലായിരുന്നുവെങ്കില്‍ ഞാനും എന്തെങ്കിലും കമന്‍റ് എഴുതിവെച്ചേനെ. ബ്ലോഗുലകത്തിലെത്താന്‍ ഒരു പാട് വൈകി.

    ReplyDelete
  98. ശക്തം അതിശക്തമീ ഭാഷ. മനോഹരം.:)

    ReplyDelete
  99. വിലയേറിയ അഭിപ്രായങ്ങള്‍ പറയുകയും അതിലുപരി ഈ പോസ്റ്റിനെ ഒരു തമാശയായി എടുക്കുകയും ചെയ്ത എന്റെ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete

  100. ലക്ഷ്യവേധിയായ ആക്ഷേപഹാസ്യം.

    രസിച്ച് വായിച്ചു.

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..