Sunday, April 1, 2012

അഞ്ചാം മന്ത്രിപ്പണി വാങ്ങണ്ടേ - കേരളം പോയ വാരം.

അഞ്ചാം മന്ത്രിപ്പണി വാങ്ങണ്ടേ...
ഭരണത്തില്‍ തല കുത്തി മറിയണ്ടേ....

ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നം ആണു ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നു തോന്നുന്നു. ഈ അഞ്ചാം പനി  ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

ആണും പെണ്ണുമായി നമുക്കിപ്പോ ഇരുപതു മന്ത്രിമാര്‍ ഉണ്ട്. ഇതില്‍ ആണും പെണ്ണും കെട്ടവര്‍ ഇല്ലാഞ്ഞാല്‍ മതിയായിരുന്നു. ഉള്ള മന്ത്രിമാരെ തന്നെ താങ്ങാന്‍ പൊതുജനം പാടുപെടുമ്പോഴാണ് അഞ്ചാം മന്ത്രി ഗര്‍ഭാവസ്ഥയില്‍ നില്‍ക്കുന്നത്. കേരളം ഇനിയും ഒരു മന്ത്രിയെ പ്രസവിക്കുമോ, അതോ മന്ത്രിഗര്‍ഭം അലസുമോ....കാത്തിരുന്നു കാണാം.

ലീഗിന് അഞ്ചല്ല ഏഴു മന്ത്രി വരെ കൊടുക്കാം എന്നാണു പി. സി. ജോര്‍ജ് പറഞ്ഞത്. ഹോ..എന്തൊരു ഉദാരമനസ്കത. മൂപ്പര്‍ക്ക് എന്തും പറയാം. ആടിനറിയില്ലല്ലോ  അങ്ങാടി വാണിഭം.  സ്വന്തം പോക്കറ്റില്‍ നിന്നൊന്നും അല്ലല്ലോ മന്ത്രിക്കു ചിലവിനു കൊടുക്കുന്നത്. ജനങ്ങളുടെ പണം, ചാണ്ടിയുടെ ഭരണം, വലിയെടോ വലി. ഇതിനിടയില്‍ ചില അടിവലികള്‍  നടന്നോ എന്നൊരു സംശയം. ലീഗിന്റെ മന്ത്രി പദം കോണ്ഗ്രസ്സുകാര്‍ സൌകര്യ പൂര്‍വ്വം മറന്നു കളഞ്ഞു.  കാര്യം കഴിഞ്ഞപ്പോള്‍ കൂരായാണ എന്ന ലൈന്‍. അപ്പോഴാണ്‌ കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പില്‍ യൂത്ത് ലീഗിന്റെ ഒരു പ്രകടനം.

തന്നേ  തീരു.. തന്നേ  തീരു..
അഞ്ചാം മന്ത്രിയെ തന്നേ  തീരു..

യൂത്ത് ലീഗുകാരുടെ പ്രതിഷേധം ഉറക്കം നടിച്ച മൂത്ത ലീഗുകാരെ ഉണര്‍ത്തി. ഈ പ്രകടനം കണ്ടപ്പോള്‍ എന്‍റെ ചിന്തകള്‍ പോയത് ശോഭനാ ജോര്‍ജിന്റെ വീട്ടു മുറ്റത്തേക്കാണ് . അമ്മാത്ത് നിന്നിറങ്ങി ഇല്ലത്തെത്താതെ കോണ്ഗ്രസിനും ഡി ഐ സിക്കും മദ്ധ്യേ നിന്ന ശോഭനക്ക് കോണ്ഗ്രസിലേക്ക് തിരിച്ചു വരാന്‍ ഒരു നാടകം അവര്‍ അന്ന് നടത്തി. സ്വന്തം ചിലവില്‍ കുറെ കൂലിക്കാരെ വെച്ചു നാല് മുദ്രാവാക്യം

വന്നെ തീരൂ.. വന്നെ തീരൂ ...
ശോഭന കോണ്ഗ്രസില്‍ വന്നെ തീരൂ ..

അങ്ങിനെ അനുയായികളുടെ "നിര്‍ബന്ധത്തിനു" മുമ്പില്‍ "ഗത്യന്തരമില്ലാതെ" ശോഭന കോണ്ഗ്രസിലേക്ക് തിരിച്ചു പോന്നു. ശോഭനയുടെ വരവ് കൊണ്ട് കോണ്ഗ്രസിനോ ശോഭാനക്കോ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായതായി അറിവില്ല. ശോഭനക്ക് ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് കൊടുക്കണം എന്നാണു ലീഡര്‍   അന്ന്  പറഞ്ഞത്. ലീഡറും കോണ്ഗ്രസില്‍ തിരിച്ചെത്തി എന്നത് പില്‍ക്കാല ചരിത്രം. കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പില്‍ കണ്ട ഈ പ്രകടനവും ഇതു പോലെ  ഇവന്റ്  മാനേജ്മെന്റ്  ആണോ എന്നു ഈ യുള്ളവന് ന്യായമായും ഒരു സംശയം.

സംസ്ഥാനം കൊടിയ വരള്‍ച്ചയിലേക്ക് നീങ്ങുന്നു. കുടി വെള്ള പ്രശ്നങ്ങള്‍ പലയിടത്തും രൂക്ഷമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജനങ്ങള്‍ പൊറുതി മുട്ടുന്നു. വിളപ്പില്‍ശാല പോലുള്ള മാലിന്യ പ്രശങ്ങള്‍ വേറെയും.  അങ്ങിനെ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ആ എന്തേലും ആവട്ടെ. നമ്മള്‍ ഇതൊക്കെ എന്തിനു ചികയണം. വോട്ടു ചെയ്യാന്‍ പറഞ്ഞു. ചെയ്തു. ഇനി അവരായി അവരുടെ പാടായി.

ഈ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് പതിവ് പോലെ അച്ചുമാമന്‍. ലീഗിന് ഒരു മന്ത്രി കൂടി ഉണ്ടായാല്‍ സാമുദായിക സന്തുലിതാവസ്ഥ തകരുമത്രേ. അല്ല സഖാവേ, ജാതിയും മതവും തൊഴിലാളിയും മുതലാളിയും ഒന്നുമില്ലാത്ത സമത്വ സുന്ദര സങ്കല്‍പമായ മാര്‍ക്സിസത്തില്‍ താങ്കള്‍ക്കും വിശ്വാസം ഇല്ലാതായോ. ജാതി മതങ്ങളുടെ സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ താങ്കള്‍ വാദിച്ചു തുടങ്ങുന്നത് കാണുമ്പോള്‍ താങ്കളില്‍ ഉള്ളത് മാര്‍ക്സിസമല്ല. പകരം മറ്റേ ജാതി ചിന്തകള്‍ മാത്രമാണെന്ന് ന്യായമായും സംശയിച്ചു പോകുന്നു.

അച്ഛന്‍ ജീവിച്ചിരിക്കെ മകന്‍ മന്ത്രിയായാല്‍ ആ മകന് അച്ഛന്‍റെ സ്നേഹത്തിനോ സ്വത്തിനോ അര്‍ഹത ഉണ്ടാവുകയില്ലാ എന്നതാണ് പിള്ള മതത്തിലെ പിന്തുടര്ചാവാകാശ നിയമം. മകന്‍ മന്ത്രിയായാല്‍ അപ്പോള്‍ തുടങ്ങും പിള്ളക്ക് കൃമികടി.   ഗണേഷ്  രാജി വെക്കണമത്രേ.  ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മന്ത്രി താങ്കള്‍ പറയുമ്പോള്‍ പറയുമ്പോള്‍ രാജി വെക്കണം എന്നു പറയുന്നത് മാടമ്പിത്തരം അല്ലേ പിള്ളേ. തിരഞ്ഞെടുത്തത് ജനങ്ങള്‍ ആണെങ്കില്‍ ആ സ്ഥാനത്തു തുടരുന്നതിടത്തോളം കാലം ഗണേഷ് ജനങ്ങളുടെ പൊസ്തു സ്വത്താണ്. അച്ഛനും മകനുമൊക്കെ അങ്ങ് വീട്ടില്‍.

അച്ഛന്‍ മന്ത്രിയായി മരിച്ചാല്‍ മകന് കിട്ടുന്ന പണി ആണോ മന്ത്രിപ്പണി. അനൂബ്   ജേക്കബിന്റെ മന്ത്രി സ്ഥാനാരോഹണം കാണുമ്പോള്‍ അങ്ങിനെ തോന്നിപ്പോകുന്നു. മന്ത്രി പുത്രന് മന്ത്രി ആകാന്‍ എന്തെളുപ്പം.   ഇവിടെ നടക്കുന്നത് ജനാധിപത്യമോ അതോ പാരമ്പര്യാതിപത്യമോ. വെറുതേ ചോദിച്ചതാ കേട്ടോ. ഇതൊക്കെ അങ്ങിനെ തന്നെയാണ് എന്നറിയാം. ഏറ്റവും വലിയ യോഗ്യത രാഷ്ടീയക്കാരന്റെ മകനാവുക എന്നത് തന്നെ. ഹല്ല പിന്നെ. അങ്ങിനെ നേതാക്കളായ പലരും  നമ്മുടെ മുമ്പില്‍ ഉണ്ടല്ലോ.

അതിനിടയില്‍ സീ പീ എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ കോഴിക്കോട്ടു നടക്കാന്‍ പോകുന്നു. കൊടിമരം "വലിയ ചുടുകാട്ടില്‍  നിന്നും പതാക കയ്യൂരില്‍ നിന്നും" കൊണ്ട് വരുമത്രേ. ജാതിയും മതവും ദൈവവും ഇല്ലാത്തവരുടെ പ്രത്യയ ശാസ്ത്രത്തില്‍ ഈ അന്ത വിശ്വാസത്തിന്റെ ന്യായീകരണം എന്താണാവോ ?.  പുറത്താക്കപ്പെട്ട അച്ചുദാനന്ദനെ പോളിറ്റ് ബ്യുറോയില്‍ തിരിച്ചെടുക്കാനുള്ള ചര്‍ച്ച അജണ്ടയില്‍ ഇല്ലാ എന്നാണു കേട്ടത്. അച്യുദാനന്ദന്‍ അവസാനം മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ "കറിവേപ്പില" ( "അഭിസാരിക" എന്നു ഞാന്‍ പറയില്ല)  ആകുമോ. കാത്തിരുന്നു കാണാം.

രാഷ്ട്രീയക്കാരുടെ ഈ പൊറാട്ട് നാടകങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ ഭൂമി കര്‍ണാടക സര്‍ക്കാന്‍ കയ്യേറി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ ആദിവാസിഭൂമിയും, കൃഷി ഭൂമിയും, വനഭൂമിയും ഉള്‍പ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് കര്‍ണാടക  സര്‍ക്കാര്‍ അവകാശം സ്ഥാപിച്ചു  കഴിഞ്ഞു. അവരെ കുറ്റം പറയാനാവില്ല. നമുക്ക് താല്പര്യം ഇതിലോന്നുമല്ലല്ലോ. തിരുവനന്ത പുരത്തെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ട് വേണ്ടേ. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും പരസ്പരം തെറി പറഞ്ഞും പാരവെച്ചും  തരം താണ രാഷ്ടീയ ചവിട്ടു നാടകങ്ങള്‍ അരങ്ങു തകര്‍ക്കയാണ് പ്രബുദ്ധ കേരളത്തിന്റെ തിരുമുറ്റത്ത് . . ഹാ കഷ്ടം.

ഇവരൊക്കെ ഇറ്റാലിയന്‍ മന്ത്രിമാരെ കണ്ടു പഠിക്കണം. അവരുടെ രണ്ടു പാവം വെടിവെപ്പുകാര്‍ ജയിലില്‍ കുടുങ്ങിയപ്പോള്‍ അവര്‍ ഇങ്ങു കേരളം വരെ വന്നു. കാര്യം അവര്‍ ചെറ്റകളാണെങ്കിലും തിരഞ്ഞു വന്നില്ലേ അവിടുന്ന് മത്രിമാര്‍. മുഖ്യനെ കണ്ടു തങ്ങളുടെ പൌരന്മാര്‍ക്ക് ആരാധന സ്വാതന്ത്ര്യം, അവരുടെ നാട്ടിലേ ഭക്ഷണം, കിടക്കാന്‍ നല്ല മെത്ത ഒക്കെ കൊടുക്കണമത്രേ. രണ്ടു പേര്‍ക്കും ഓരോ പെണ്ണ് കൂടി കെട്ടിച്ചു കൊടുത്താലോ????. മത്സ്യ തൊഴിലാളികളായ രണ്ടു പാവം മനുഷ്യരുടെ നെഞ്ചിലേക്ക് വെടിയുണ്ട അടിച്ചു കയറ്റിയ ആ നാറികളുടെ സോറി നാവികരുടെ വയറ്റിലേക്ക് നമ്മള്‍ ഗോതമ്പ് ഉണ്ട തള്ളി കൊടുക്കുന്നത് തന്നെ നമ്മുടെ ഔദാര്യം. അഥവാ മര്യാദ.
 ---------------------------------------------------

ഇനി പ്രിയ വായനക്കാര്‍ക്കായി എന്‍റെ കുക്കറി ഷോ. ഇത്തവണ നമ്മള്‍ ഉണ്ടാക്കാന്‍ പോകുന്നത് ഒരു രാഷ്ടീയ രസായനം

ആവശ്യമായ സാധനങ്ങള്‍. 

kpcc നന്നായി അരച്ചെടുത്തത് - ഒരു കപ്പു 
പോളിറ്റ് ബ്യുറോ തൊലി കളഞ്ഞത് - ഒരു കിലോ 
ജി ബ്രാന്‍ഡ് സുധാകര മുളക്  ഒന്ന്
എല്ലില്ലാത്ത നാക്ക് ആവശ്യത്തിനു
ഏം എല്‍ എ ചെറുതായി കഷ്ണം നുറുക്കിയത് 140 എണ്ണം
മന്ത്രിക്കുരു ഉണങ്ങിയത്‌  രണ്ടു ഡസന്‍
മഞ്ഞളാം മില്‍ക്ക് പാക്കറ്റ്
എസ് കത്തി ഒന്ന്
നിയമ സഭാ ചരുവം ഒന്ന്
പൊങ്കാല അടുപ്പ് ഒന്ന്
വാച് ആന്റ് വാര്‍ഡ്‌ മുപ്പത്തിയാറ് എണ്ണം 

തയാറാക്കുന്ന വിധം 

പൊങ്കാല അടുപ്പില്‍ നിയമ സഭാചരുവം വെക്കുക. ശുംബന്‍ വിറകു വെച്ചു അടുപ്പ് കത്തിക്കുക. അടുപ്പ് പ്രശോഭിക്കാന്‍ തുടങ്ങിയാല്‍ സുധാകര മുളക്  കീറി ഇടുക. പിന്നീട് കഴുകി  വെച്ച   വാച് ആന്റ് വാര്‍ഡ്‌നെ അതിലിട്ട് മൂപ്പിക്കുക. മൂത്ത് കഴിഞ്ഞാല്‍  മന്ത്രിക്കുരു  ഇട്ടു വയറ്റുക. ഇവ വെന്തു കഴിഞ്ഞാല്‍ ഏം എല്‍ എ കഷ്ണങ്ങള്‍ ഇടാം. പിന്നീട്  സ്പീക്കര്‍ തവി കൊണ്ട് നന്നായി ഇളക്കണം. ഈ മിശ്രിതം തിളച്ചു പാകമാകുമ്പോള്‍ മുല്ലപ്പെരിയാര്‍, ഇവന്റ് മാനേജ്‌മന്റ്‌, അഞ്ചാം മന്ത്രി എന്നിവ ചേര്‍ക്കാം. ഒന്നൂടെ തിളച്ചതിനു ശേഷം അല്‍പം ശെല്‍വ രാജ് എസ്സെന്‍സ്‌ ചേര്‍ക്കുക. ഇനി ഇതിലേക്ക് ഏതാനും അഭിസാരിക ഇല ഇടുക. ഒരു രുചിക്ക് മാത്രം. പിന്നീട് അല്‍പം മഞ്ഞളാം മില്‍ക്ക് ഒഴിക്കുക. ഇനി രസായനം ഇറക്കി വെക്കാം . ഇപ്പോള്‍ രസായനം റെഡി ആയി.
 
ഇതു പിള്ള വാതത്തിനു നല്ലതാണ്. രാഷ്ടീയക്കാരില്‍ ഉണ്ടാകുന്ന വരട്ടു ചൊറി, പാര ഭയം, ചാക്കിട്ടു പിടുത്തം, ചാഞ്ചാട്ടം  തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉണ്ടാകുന്ന അസ്ക്യത,  പരവേശം എന്നിവക്കെല്ലാം ഉത്തമ ഔഷധം,

അപ്പൊ വൈദ്യര്‍ പോയിട്ട് പിന്നെ വരാം. വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം. 

------------------------------------------------------------------
 പ്രിയപ്പെട്ടവരേ, ഇതൊക്കെ വായിക്കുമ്പോള്‍ ഞാന്‍ ഒരു അരാഷ്ടീയ വാദി ആണു എന്നു കരുതരുത്. എനിക്ക് വ്യക്തയാമായ രാഷ്ടീയമുണ്ട്. എന്നാല്‍ കാണുന്ന  നെറികേടുകള്‍  പറയാതിരിക്കാന്‍ മാത്രം രാഷ്ടീയ അടിമത്വം എന്നെ ബാധിച്ചിട്ടില്ല. എന്നോട് വിരോധം തോന്നരുത്.     
-----------------------------------------------------------------


------------------------------<-->---------------------------------------------------

34 comments:

 1. അച്ചുതാനന്ദന്‍റെ ആ വാദത്തെ നന്നായി തന്നെ പരാമര്‍ശിച്ചു. സാമുദായിക സന്തുലിതാവസ്ഥ എന്നൊക്കെ പറഞ്ഞു വരുമ്പോള്‍ ചിരി വരുന്നു.
  പിള്ളക്ക് ശരിക്കും പെരുന്തച്ചന്‍ മനോഭാവം തന്നെ. നന്നായി ശോഭിക്കുന്ന മന്ത്രി ആണ് ഗണേഷ്. പിള്ള ഇത്രക്കും തരാം താഴരുതായിരുന്നു.
  എന്നാലും ലീഗിന് മന്ത്രി സ്ഥാനം കിട്ടിക്കോട്ടേ അക്ബര്‍ ഭായ്. അല്ലേല്‍ കുഞ്ഞാപ്പയുടെ അടപ്പ് ഊരും എന്ന് തോന്നുന്നു യൂത്ത് ലീഗുകാര്‍. രണ്ടായാലും നല്ലത് തന്നെ. :)
  ആ രസായന ചേരുവ നന്നായി.
  ഈ പരിപാടി എല്ലാ ആഴ്ചയിലും തുടര്‍ന്നൂടെ. വിഷയത്തിന്‌ ഒരു ബുദ്ധിമുട്ടും നമ്മുടെ നാട്ടില്‍ ഉണ്ടാവില്ലല്ലോ.
  അല്ലേല്‍ രാഷ്ട്രീയ വിശകലനത്തിന് മാത്രമായി ഒരു ബ്ലോഗ്‌.
  നല്ല പോസ്റ്റ്‌. ആശംസകള്‍

  ReplyDelete
 2. ചെറുവാടി പറഞ്ഞപോലെ ഈ ആക്ഷേപഹാസ്യ രീതിയിലുള്ള സാമൂഹ്യ-രാഷ്ട്രീയ വിമര്‍ശനം എല്ലാ ആഴ്ചയിലും തുടര്‍ന്നു കൂടെ. ഒരുപക്ഷവും ചേരാതെ വസ്തുതകളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിമര്‍ശന രീതി ഇഷ്ടപ്പെട്ടു.... - അരാഷ്ട്രീയവാദം എന്ന പഴിക്കു പഴിക്കു സാധ്യതയുണ്ട്. സങ്കുചിതമായ കക്ഷിരാഷ്ട്രീയ കെട്ടുപാടുകളില്‍ നിന്ന് മാറി വിശാലമായ ഒരു രാഷ്ട്രീയ വീക്ഷണത്തിലേക്കും നിലപാടുകളിലേക്കുമാണ് താങ്കൾ വായനക്കാരെ ക്ഷണിക്കുന്നത് എന്നാണ് എനിക്കു തോന്നിയത്....

  ReplyDelete
 3. ചാലിയാറില്‍ രാഷ്ട്രീയ തിരയിളക്കം. ഇത്രയും നല്ല ഹാസ്യത്തില്‍ പൊതിഞ്ഞ രാഷ്ട്രീയ വിശകലം കാണാന്‍ സാധ്യത കുറവാണ്. അതും കിറുകൃത്യമായി പറഞ്ഞിരിക്കുന്നു. അനുകൂലിക്കുന്നവരെ പൌഡര്‍ ഇട്ടു മിനുക്കുന്ന പോസ്റ്റുകളെ കാണാറുള്ളൂ. ഇതെന്തായാലും കലക്കി ഇക്കാ. :) മറ്റെന്തിനും ന്യായം കാണാം..നാലും പിള്ളേടെ കൃമികടിയുടെ കാരണം ആണ് മനസ്സിലാകാത്തത്. മെനകെട്ട തന്ത സോറി മോനെ ഇഷ്ടമില്ലാത്ത തന്ത..

  ReplyDelete
 4. അച്ചുമാമനെ ഭരിക്കാന്‍ പാര്‍ട്ടിക്കാര്‍ സമ്മതിചില്ലാ...
  ഉമ്മന്‍ചാണ്ടിയെ ഭരിക്കാന്‍ ഖടകങ്ങളും....കാലം കലികാലം ..

  ജനാധിപത്യം മുല്ലപ്പെരിയാറില്‍...മകാധിപത്യം നിയമ സഭയിലും അല്ലെ

  ReplyDelete
 5. സത്യത്തിൽ കേരളത്തിന് ഏതാണ് പ്രശനം എന്നത് തന്നെ കണ്ടു പിടിക്കാൻ പാടാണ്.
  അല്ല ഇനി കേരളത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടൊ?
  ഏയ്

  ഇനി ഇപ്പൊ അഞ്ചാമ മന്ത്രി വന്നാൽ എന്താവാൻ, ഇതു വരെയുള്ളവർ തന്നെ ഉണ്ടായിട്ട് ഒന്നും നടന്നില്ല പിന്നെയല്ലെ അലിം,

  പിന്നെ ഒന്നൊണ്ട് ഒരു മന്ത്രി ഭവനവും, ഒരു കൊടുകുത്തിയ കാറും അലവൻസും ഒക്കെ കിട്ടും ......
  അപ്പൊ എന്നാൽ ഒന്ന് ജൈ വിളിക്കാം , പണം തരാമെങ്കിൽ

  ഭായി താങ്കൾ നന്നായി എഴുതി
  ആശംസകൾ

  ReplyDelete
 6. വളരെ നാളുകള്‍ക്ക് ശേഷം ഒരു ആക്ഷേപ ഹാസ്യം. നന്നായി എഴുതി. പിന്നെ അച്യുതാനന്ദന്റെ അഭിപ്രായത്തെകുറിച്ച് എഴുതിയതും അതിനു മാന്യ ബ്ലോഗര്‍ ചെറുവാടി ഇട്ട കമന്റും വായിച്ചു. വി.എസ്. പറഞ്ഞതിലെന്ത തെറ്റ്? സമുദായത്തിന്റെ പേരില്‍ ഒരു പാര്‍ട്ടിയുണ്ടാക്കി ഒരു വകക്കും കൊല്ലത്ത നാല് മന്ത്രിമാരെ ഇപ്പോള്‍ തന്നെ പ്രതിഷ്ടിച്ചിട്ടുണ്ട്. ഇനി ഒരു അഞ്ചാമന്‍ കൂടി എന്തിനാ?! പിന്നെ ഇടതിനെ ന്യായീകരിക്കുകയല്ല കേട്ടോ. ഗണേഷ് കുമാര്‍ എന്ത് സല്ഭാരനമാനവോ കാഴ്ചവെക്കുന്നത്.

  ReplyDelete
 7. ബ്ലോഗ് ഒന്നു സ്വസ്ഥമായി നോക്കാന്‍
  പറ്റുന്നില്ല.കട്ട്.കറന്‍റ് കട്ട്!
  ആരോടു പറയാന്‍...,.....!!!
  ആശംസകള്‍

  ReplyDelete
 8. രസിച്ചു എന്നാല്‍ പറഞ്ഞാല്‍ മതിയല്ലോ.

  ReplyDelete
 9. സമകാലിക രാഷ്ട്രീയത്തെ ശരിക്കിട്ടു കുലുക്കി ചിരിപ്പിച്ചു ഹഹഹ്

  ReplyDelete
 10. അച്ചുതാനന്ന്ദന്റെ സന്തുലിതാവാദം ആരും പരാമര്‍ശിച്ചു കാണാഞ്ഞപ്പോള്‍ ഒരു പോസ്റ്റ് കാച്ചിയാലോ എന്ന് തോന്നിയതാ. രാഷ്ട്രീയക്കാരും ചാനലുകാരുമൊന്നും ഇത് പൊക്കൊപ്പിടിച്ച് കണ്‍ടതുമില്ല. ഏതായാലും ബ്ലോഗര്‍മാര്‍ക്കുള്ളത്ര സാമൂഹിക-രാഷ്ട്രീയ ശുഷ്കാന്തി മറ്റാര്‍ക്കുമില്ല. നല്ല ലേഖനം. ഹാസ്യം ആക്ഷേപമാകാതെ തരമില്ലല്ലോ! നന്നായി. രസായനം ബോധിച്ചു.രസായനത്തില്‍ ഒന്നിനും കൊള്ളാത്ത 20 എം.പി തണ്‍ടുകള്‍കൂടി കൂട്ടി ചൂടാക്കിക്കഴിച്ചാല്‍ മുന്നില്‍ നടക്കുന്ന കാര്യങ്ങളൊനും കാണാതിരിക്കാനുള്ള അത്ഭുതസിദ്ധി കൈവരുമത്രേ!

  ReplyDelete
 11. മന്സൂനര്‍ ചെറുവാടി - ആദ്യ വരവിനും കമന്റിനും നന്ദി. ഈ സര്ക്കാാര്‍ അധികാരത്തില്‍ വന്ന അന്നു മുതല്‍ കേള്ക്കാ ന്‍ തുടങ്ങിയതാ ഈ അഞ്ചാം മന്ത്രി. ഒന്നുകില്‍ അതു കൊടുക്കുക. അല്ലെങ്കില്‍ ആ വിഷയം അവസാനിപ്പിക്കുക. ഈ ഒരു ചര്ച്ച് മാത്രമാണോ ഭരണം എന്നു ചോദിക്കുകയായിരുന്നു.

  Pradeep Kumar - രാഷ്ട്രീയത്തിനതീതമായി നെറികേടുകളെ തുറന്നു പറയാനുള്ള ചങ്കൂറ്റം അനുയായികള്‍ നേടേണ്ടിയിരിക്കുന്നു. പാര്ട്ടി കളെയും നേതാക്കളെയും തിരുത്താന്‍ കഴിയുന്ന ഒരു ജനതക്കെ തങ്ങള്‍ അര്ഹി്ക്കുന്ന ഭരണ കര്ത്താ്ക്കളെ നേടാനാവൂ എന്നു തോന്നുന്നു. പ്രതികരണത്തിന് വളരെ നന്ദി.

  Jefu Jailaf - വായനക്കും നല്ല വാക്കുകള്ക്കും നന്ദി ജെഫു. രാഷ്ടീയം പരയാത്രിക്കുകയാണ് ഭേദം എന്നറിയാം. പക്ഷെ ഇവരുടെ ഈ ചര്വ്വിയത ചര്വ്വതണം കേട്ടു സഹി കെട്ടു.

  ആചാര്യന്‍ - ശരിയാ. ആര്ക്കും ഭരണത്തില്‍ താല്പര്യം ഇല്ല. ഉള്ളത് ഇത്തരം ലൊട്ടു ലൊടുക്കു പ്രശ്നങ്ങളില്‍ ആണു. പാവം ജനങ്ങള്‍.

  ഷാജു അത്താണിക്കല്‍ - ഹ ഹ അതു തന്നെ ഷാജു.

  ഫിയൊനിക്സ് - പ്രതികരണത്തിന് നന്ദി. മതാടിസ്ഥാനത്തിലല്ല പാര്‍ട്ടിയിലെ ഏം എല്‍ എ മാരുടെ ശതമാനം അനുസരിച്ചല്ലേ എത്ര മന്ത്രിമാര്‍ വേണം എന്നു തീരുമാനിക്കുന്നത്. അവിടെ ഈ സന്തുലിതാവസ്ഥാ പ്രയോഗം ശരിയല്ല എന്നു തോന്നുന്നു.

  c.v.thankappan - ശരിയാ. മന്ത്രിമാരുടെ കാര്യത്തില്‍ ഒരു തീരുമാന ആകട്ടെ. ഒക്കെ ശരിയാകും

  Arif Zain said.- രസിച്ചല്ലോ . അതു മതി. ശരിക്കും നമ്മള്‍ കരയണം ഇതൊക്കെ കാണുമ്പോള്‍.

  കൊമ്പന്‍ - വളരെ നന്ദി ഈ വരവിനും വായനക്കും. പിന്നെ ഈ ചിരിക്കും.

  ചീരാമുളക് - ബ്ലോഗര്‍മാര്‍ക്ക് ഉള്ളത് നേരെ പറയാമല്ലോ. മറ്റുള്ളവര്‍ക്ക് പല താല്പര്യങ്ങളും നോക്കാനുണ്ടാവും. വായനക്കും

  ReplyDelete
 12. രസായനത്തിന്റെ ചെരുവകളൊക്കെ പാകത്തിനായി. ഇത് അല്പം പഴകിയിട്ടു കഴിക്കണോ അതോ ഉണ്ടാക്കിയ ഉടനെ ചൂടാറാതെ കഴിക്കണോ?
  ആക്ഷേപഹാസ്യം ഉഷാറായി,.

  ReplyDelete
 13. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യം തന്നെ, ഇഷ്ടമായി.
  പിന്നെ, "എനിക്ക് വ്യക്തയാമായ രാഷ്ടീയമുണ്ട്." ഈ അടിക്കുറിപ്പില്ലെന്കിലും അക്ബറിന്റെ രാഷ്ട്രീയം ഇതില്‍ ഉണ്ടല്ലോ, അല്ലെ?!!

  ReplyDelete
 14. ആക്ഷേപ ഹാസ്യം നന്നായിട്ടുണ്ട്...
  മുന്‍പ് പറഞ്ഞത് പോലെ ആഴ്ചയിലൊരിക്കല്‍ എഴുതിക്കൂടെ... അത്രയ്ക്ക് വിഷയങ്ങള്‍ ഉണ്ടല്ലോ... നന്നായി വഴങ്ങുന്നുന്മുണ്ട് താങ്കള്‍ക്കു...

  ReplyDelete
 15. മന്ത്രിമാര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഉള്ളതാണോ, ഭൂരിപക്ഷ വിഭാഗത്തില്‍ നിന്ന് ഉള്ളതാണോ എന്നതല്ല പ്രസക്തമായ വിഷയം.

  എല്ലാ വിഭാഗക്കാരോടും നിക്ഷ്പക്ഷമായി, ജനങ്ങള്‍ക്ക്‌ ഗുണകരമായ രീതിയില്‍ അഴിമതി ഇല്ലാതെ വര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് വിഷയം.
  സമുദായാത്തിന്റെയും, വിഭാഗത്തിന്റെയും പേര് പറഞ്ഞുള്ള വീതം വെക്കലും, മുതലെടുപ്പും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  അബസ്വരം : 13 എന്ന നമ്പര്‍ ഭാഗ്യക്കേടിന്റേത് എന്നാണല്ലോ (അന്ധ)വിശ്വാസം. ആ പട്ടികയിലേക്ക്‌ ഒരു നമ്പര്‍ കൂടി കടന്നു വരുന്നു. നമ്പര്‍ 5.
  അഞ്ചാം മന്ത്രി എന്നതിന് പകരം 4 B മന്ത്രിയെന്നോ 6 A മന്ത്രിയെന്നോ വിളിച്ചിരുന്നെങ്കില്‍ എന്നോ മന്ത്രിക്കുപ്പായം കിട്ടിയിരുന്നു എന്നാണത്രേ ചിലര്‍ കവടി നിരത്തിയപ്പോള്‍ കണ്ടത്‌.....

  ReplyDelete
 16. ...കാച്ചിക്കുറുക്കിയ ‘രാഷ്ട്രീയവാരം’ വളരെ രസാവഹമായി അവതരിപ്പിച്ചല്ലൊ. ഈ പംക്തി എല്ലാ വാരവും തുടരണമെന്നാണ് എന്റെയും അഭിപ്രായം. അവസാനം കാണിച്ച രസായനത്തിന്റെ കുറിപ്പടിയിൽ ഇന്ദുപ്പ് എത്ര കഴഞ്ച് ചേർക്കണം വൈദ്യരേ?.......നല്ല സിദ്ധൌഷധം.....

  ReplyDelete
 17. കാര്യങ്ങളുടെ ഉള്ളുകള്ളികള്‍ സരസമായി പറഞ്ഞു , തനതു നിലപാടുകള്‍ എന്തുതന്നെ ആയാലും മുഴച്ചു നില്‍ക്കുന്നത് ചൂണ്ടിക്കാണിക്കേണ്ടത്‌ അത്യന്താപേക്ഷിതം തന്നെ .

  ReplyDelete
 18. അഡി... അഡി. :)
  ആക്ഷേപവും ഹാസ്യവും തുടരട്ടെ ...:)

  ReplyDelete
 19. ജനാധിപത്യത്തെ ഇക്കോലത്തില്‍ ലൈവ് റിയാലിറ്റി കോമഡി ഷോയായി പരിവര്‍ത്തിപ്പിച്ചതിനുത്തരവാദികള്‍ രാഷ്ട്രീയക്കാരോ അതോ അവരെ തെരഞ്ഞെടുത്ത ജനങ്ങളോ എന്നുള്ളതാണ് ബാക്കിയാവുന്ന ചോദ്യം. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന പ്രജാപതികളെ ലഭിക്കുമെന്ന ആപ്തവാക്യത്തില്‍ പിന്നെയും നമ്മള്‍ ചെന്നെത്തുമായിരിക്കും.
  വേറിട്ടവര്‍ എന്ന് പറയുന്ന ഇടതു പാര്‍ട്ടികള്‍ പോലും തെറ്റിയും തിരുത്തിയും കറങ്ങിയെത്തുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഇവന്റ് മാനേജ്മെന്റ് നെ ചുമതല ഏല്പിക്കുന്ന രംഗങ്ങളാണ് തിരക്കഥയില്‍ തെളിയുന്നത്.
  തുടരുക ഈ മികവുറ്റ പോളിട്രിക്സ് ആക്ഷേപഹാസ്യം അക്ബര്‍ ഭായ്.

  ReplyDelete
 20. ഹാസ്യ രസായനം നന്നായല്ലോ ......ഇനിയും എഴുതൂ ..ആശംസകള്‍

  ReplyDelete
 21. പറയേണ്‌ടവ പറഞ്ഞ്‌ കൊണ്‌ടുള്ള അവതരണം, രാഷ്ട്രീയമെന്നാല്‍ ജന സേവനമെന്നതാണെന്ന് മനസ്സിലാക്കാത്തിടത്ത്‌ തുടങ്ങുന്നു ഈ മൂല്യച്യുതി... ഭരണം കുഴപ്പമില്ലാതെ പോകുമ്പോള്‍ ഈ അഞ്ചാം മന്ത്രി സ്ഥാനത്തിന്‌ വേണ്‌ടിയുള്ള മുറവിളി എന്തിനാന്നാവോ ?

  ReplyDelete
 22. കുറിക്കുകൊള്ളുന്ന ആക്ഷേപ ഹാസ്യം....എല്ലാരും ആവശ്യപ്പെട്ടത് പോലെ എല്ലാ ആഴ്ചയും ഈ അവലോകനം വരട്ടെ...

  ReplyDelete
 23. ഈ അഞ്ചാം പനി, മന്ത്രിപ്പനി തുടങ്ങിയവ കാരണം ഇടതുപക്ഷം കേരളമേ ഉപേക്ഷിച്ച്‌ മട്ടാ..
  കേരളത്തിൽ ജനകീയ പ്രശ്നം ഇല്ലാത്തതു കാരണം അച്ചുതാനന്ദൻ ആന്റണിയുടെ പുറകേ കേന്ദ്രത്തിലേക്ക്‌ പോയിരിക്കയാണ്‌.

  ReplyDelete
 24. പട്ടേപ്പാടം റാംജി - ചൂടാറാതെ കഴിച്ചാല്‍ മുഖ്യമന്ത്രി മാരെ ആവാം. :)

  അനില്‍കുമാര്‍ . സി. പി. -- ഹ ഹ എന്റെ രാഷ്ടീയം കണ്ടു പിടിച്ചോ അനില്‍ ജി. എന്നാലും നമുക്ക് ഉള്ളത് പറയാതിരിക്കാനാവില്ലല്ലോ അല്ലെ.

  khaadu.. - ഇവരുടെ കാര്യങ്ങള്‍ കാണുമ്പോള്‍ സഹി കെട്ട് എഴുതിപ്പോകുന്നതാ. എത്ര കാലമായി ഈ ഒരു അഞ്ചാം മന്ത്രിയും കോപ്പും തന്നെ കേള്‍ക്കുന്നു.

  Absar Mohamed said...മന്ത്രിമാര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഉള്ളതാണോ, ഭൂരിപക്ഷ വിഭാഗത്തില്‍ നിന്ന് ഉള്ളതാണോ എന്നതല്ല പ്രസക്തമായ വിഷയം. എല്ലാ വിഭാഗക്കാരോടും നിക്ഷ്പക്ഷമായി, ജനങ്ങള്‍ക്ക്‌ ഗുണകരമായ രീതിയില്‍ അഴിമതി ഇല്ലാതെ വര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് വിഷയം.സമുദായാത്തിന്റെയും, വിഭാഗത്തിന്റെയും പേര് പറഞ്ഞുള്ള വീതം വെക്കലും, മുതലെടുപ്പും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.<<<<

  അതെ അബ്സാര്‍. അതാണ്‌ കാര്യം.

  വി.എ || V.A - ഈ സിദ്ധൌഷധം നമുക്കൊന്നും ദഹിക്കില്ല വി.എ || . നമുക്ക് തൊലികട്ടി ഇല്ലല്ലോ. :). ഓരോ അഞ്ചു വര്‍ഷവും ഭരണം കിട്ടിയാല്‍ ഇങ്ങിനെ കുറെ അനാവശ്യ കാര്യങ്ങളില്‍ തര്‍ക്കിച്ചു സമയം കളയുകയാണ് ഇക്കൂട്ടര്‍.

  സിദ്ധീക്ക.. - അതെ സിദ്ധിക്ക. വേണ്ടാതീനം കണ്ടാല്‍ തുറന്നു എതിര്‍ക്കുന്ന നല്ല അനുയായികള്‍ക്കെ ഏതു പാര്‍ട്ടിയുടെയും തല തിരിഞ്ഞ പോക്കിനെ നിയന്ധ്രിക്കാനാവൂ. നിര്‍ഭാഗ്യവശാല്‍ അണികള്‍ അന്തമായ ആരാധന വെച്ച് പുലര്‍ത്തുകയും നേതാക്കന്മാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

  രമേശ്‌ അരൂര്‍ - ഒരു അടിയുടെ കുറവ് എനിക്കുണ്ട് :). നാട്ടില്‍ നിന്ന് വന്നു അല്ലെ. ഇനി തോരോട്ടം ആരംഭിക്കൂ രമേശ്‌ ജി.

  Salam - ഓരോ ജനതക്കും അവരര്‍ഹിക്കുന്ന പ്രജാപതികളെ ലഭിക്കുമെന്നതില്‍ വലിയ സത്യമുണ്ട്. ജനങ്ങള്‍ സ്വയം വിഡ്ഢികളാകാന്‍ തീരുമാനിച്ചാല്‍ പിന്നെ നേതാക്കളെ പറഞ്ഞിട്ട് കാര്യമില്ല. അലസത വെടിഞ്ഞു ശക്തമായ രാഷ്ടീയ ബോധത്തിലേക്ക്‌ ജനങ്ങള്‍ ഉണരെണ്ടിയിരിക്കുന്നു. ഒരു മാലിന്യ സംസ്ക്കരണം രാഷ്ട്രീയ തലത്തില്‍ അത്യാവശ്യമാണ്. പ്രതികരണത്തിന്‍ നന്ദി സലാം ജി.

  മയില്‍പീലി - ഈ പ്രോത്സാഹനത്തിനു നന്ദി മയില്‍ പീലി. വീണ്ടും വരുമല്ലോ .

  ReplyDelete
 25. Mohiyudheen MP - എന്നും ഒരേ കാര്യങ്ങള്‍ തന്നെ കേട്ടു മടുത്തു ജനങ്ങള്‍ക്ക്‌. എന്നാണാവോ ഇതൊന്നു അവസാനിപ്പിക്കുക. ജനം ഇവരെയൊക്കെ തിരഞ്ഞെടുത്തു അയക്കുന്നത് ഇതിനാണോ. അല്ലെങ്കിലും ജനസേവനത്തിന് അല്ലല്ലോ ഈ കടി പിടി. സ്വയം സേവനത്തിനു അല്ലെ. ഏതു പാര്‍ട്ടി ആയാലും. പ്രതികരണത്തിന് നന്ദി മൊഹി.

  ഒരു ദുബായിക്കാരന്‍ - ഈ പ്രോത്സാഹനത്തിനു നന്ദി ഷജീര്‍ മുണ്ടോളി. വല്ലാതെ സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ എഴുതിപ്പോകുന്നതാണ്.

  Kalavallabhan - ഹഹ . വന്നു വന്നു അങ്ങേര്‍ക്കു എന്തെല്ലാം പണികളാ. ആര്‍ക്കിട്ട് പണി കൊടുക്കും എന്ന് നോക്കി നടക്കുന്നതും ഒരു തരം രാഷ്ടീയം. :)

  ReplyDelete
 26. അഞ്ചാം മന്ത്രി വരുന്നത് കോഴിയ്ക്ക് മുല വരുന്നതുപോലെയാകുമെന്നാണ് കോണ്‍ഗ്രസ്സിലെ ചാരന്മാര്‍ പറയുന്നത്. എന്തായാലും സമകാലികഹാസ്യകേരളം അവതരിപ്പിച്ച രീതി കൊള്ളാം.

  ReplyDelete
 27. ajith - ചാനലുകള്‍ ഈ അഞ്ചാം മന്ത്രിയെയും കൊണ്ട് കുറെ വാരങ്ങള്‍ ഓട്ടി :). വായനക്കും അഭിപ്രായത്തിനും നന്ദി അജിത്ത് ഭായി.

  ReplyDelete
 28. പരമ്പരാഗത രാഷ്ട്രീയം എന്ന നെറികേട് കോണ്‍
  ഗ്രസ്സിന് പുത്തരിയല്ല.നെഹ്രുവിന്റെ കാലം മുതല്‍ തുടരുന്നതാണ്. കേരളത്തിലും അത് പിന്‍ തുടരുന്നു.അങ്ങനെ അനൂപും നമ്മളെ ഭരിക്കും.
  അതിനിടയില്‍ ലീഗ് അഞ്ചാം മന്ത്രിയ്ക്ക് വേണ്ടി കാണിക്കുന്ന പരാക്രമങ്ങള്‍ സംസ്ക്കാരമുള്ള സമൂഹത്തിനു പറ്റിയതല്ല. മന്ത്രി ആയാലേ ജനങ്ങളെ സേവിക്കാന്‍ പറ്റൂ എന്നുണ്ടോ....? പൊതു ഖജനാവില്‍ കയ്യിട്ടു വാരാനുള്ള ഈ തന്ത്ര പ്പാടുകള്‍ ആര്‍ക്കാണ്മനസ്സിലാവാത്തത്.
  ഒരു അഞ്ചാം മന്ത്രിയെ ജനങ്ങള്‍ക്ക്‌ അല്ല ,മലപ്പുറത്തിരിക്കുന്ന ചിലര്‍ക്ക് മാത്രമാണ് ആവശ്യം. ലജ്ജ ഇല്ലാത്തവന്മാര്‍......

  ReplyDelete
 29. ലീഗിന്‍റെ അഞ്ചാം മന്ത്രി കൊണ്ട് ഗുണമില്ലാതില്ല .നമ്മുടെ മധുരം മലയാളം ഒന്ന് കൂടിമധുരിച്ചു..മലയാളത്തിനു ഒരു ചൊല്ല് കൂടി സ്വന്തം .അഞ്ചാം മന്ത്രിയെ കാത്ത ലീഗ് കാരെ പോലെ എന്ന് ...........

  ReplyDelete
 30. @-Kattil Abdul Nissar - താങ്കള്‍ പറഞ്ഞത്‌ സത്യം. ഒരു അഞ്ചാം മന്ത്രിയെ ജനങ്ങള്‍ക്ക്‌ അല്ല ,മലപ്പുറത്തിരിക്കുന്ന ചിലര്‍ക്ക് മാത്രമാണ് ആവശ്യം.

  ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യത്തിനു പിറകിലെ മനശാസ്ത്രം ചികയുംബോഴാണ് ഇതിലെ അസംബന്ധം ബോദ്ധ്യമാവുക. മഞ്ഞുളാം കുഴി അലി ലീഗിലേക്ക് വന്നില്ലായിരുന്നു എങ്കില്‍ ലീഗ് ഈ ആവശ്യം ഉന്നയിക്കുമായിരുന്നോ. എന്നാല്‍ അലിയുടെ ലീഗ് പാരമ്പര്യം എന്താണ്. ജീവിതം മുഴുവ ലീഗിന് വേണ്ടി പ്രവര്‍ത്തിച്ച കഴിവുള്ള നേതാക്കളെ MLA ആക്കി മാറ്റി നിര്‍ത്തിയാണ് ലീഗ് അലിക്ക് വേണ്ടി ഈ പോരാട്ടം നടത്തുന്നത്.

  അബ്ദുല്‍ വഹാബ് എന്ന ഗള്‍ഫ് വ്യവസായിയെ ലീഗിന്റെ എന്തെങ്കിലും സംഘടനാ രംഗത്ത് ആരെങ്കിലും മുമ്പ് കണ്ടിരുന്നോ. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം MP ആയി. ഇങ്ങിനെ പാര്‍ട്ടിയെ സ്വന്തം ഇഷ്ടപ്പ്രകാരം പണക്കാര്‍ക്ക് തീര്‍ എഴുതി കൊടുക്കുന്നത് ലീഗിന് ഭൂഷണം ആവാം.

  @-ഇസ്മയില്‍ അത്തോളി - അതെ ഇസ്മായില്‍. അങ്ങിനെയും ഒരു പ്രയോഗം എഴുതി ചേര്‍ത്തു ലീഗ്. അഞ്ചാം മന്ത്രി സ്ഥാനം കൊടുത്തില്ലെങ്കില്‍ ലീഗ് ഭരണത്തില്‍ തുടരും എന്ന് കോണ്ഗ്രസിന് അറിയാം. പിന്നെ ഒരാളെ മാത്രം മുന്നിലിട്ട് അയാളെ മന്ത്രിയാക്കണം എന്നല്ലേ ലീഗിന്റെ ആവശ്യം. അല്ലാതെ പാര്‍ട്ടിക്ക് ഒരു മന്ത്രി എന്നല്ലല്ലോ. അതാണ്‌ ഇതിലെ തമാശ. പ്രതികരണത്തിന് നന്ദി.

  ReplyDelete
 31. വരാനും വായിക്കാനും വൈകി..ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്..രസായനമാ ഇഷ്ട ഐറ്റമായത്..

  ReplyDelete
 32. വിരോധമേതുമില്ല!
  രാഷ്ട്രീയബോധമുള്ള ഒരാള്‍ഊടെ വാക്കുകള്‍, അത് നന്നായിട്ടുണ്ട്. അല്ലാതെ ചില അന്ധര്‍ സ്വപ്രഭുക്കളെ വാഴിക്കുകയും തനിക്ക് രാഷ്ട്രീയമേതുമില്ലെന്ന ഷണ്ഡത്വവുമല്ല വേണ്ടത്.

  നല്ല നിരീക്ഷണ-വിലയിരുത്തല്‍ തന്നെ ലേഖനം, ആശംസകള്‍!

  ReplyDelete
 33. ലീഗിന് ഒരു മന്ത്രി കൂടി ഉണ്ടായാല്‍ സാമുദായിക സന്തുലിതാവസ്ഥ തകരുമത്രേ. അല്ല സഖാവേ, ജാതിയും മതവും തൊഴിലാളിയും മുതലാളിയും ഒന്നുമില്ലാത്ത സമത്വ സുന്ദര സങ്കല്‍പമായ മാര്‍ക്സിസത്തില്‍ താങ്കള്‍ക്കും വിശ്വാസം ഇല്ലാതായോ. ജാതി മതങ്ങളുടെ സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ താങ്കള്‍ വാദിച്ചു തുടങ്ങുന്നത് കാണുമ്പോള്‍ താങ്കളില്‍ ഉള്ളത് മാര്‍ക്സിസമല്ല. പകരം മറ്റേ ജാതി ചിന്തകള്‍ മാത്രമാണെന്ന് ന്യായമായും സംശയിച്ചു പോകുന്നു.

  ഇക്കാ അതിമനോഹരവും, കുറിക്ക് കൊള്ളുന്ന വിധത്തിലുമായി കാര്യങ്ങളെല്ലാം പറഞ്ഞു. വളരെ വിശദമായി തന്നെ. അതിൽ അച്യുതാനന്ദൻ സംഭവം ഒന്ന് മികച്ച് നിന്നു. ആശംസകൾ അക്ബറിക്കാ.

  ReplyDelete
 34. കൂർത്ത മുനകളുല്ല ആക്ഷേപഹാസ്യം ലക്ഷ്യവേധിയാണ്. രാഷ്ട്രീയം എന്ന പേരിൽ നടക്കുന്ന പൊറാട്ടുനാടകം സാധാരണക്കാരന്റെ ഉള്ളിൽ ഉണർത്തുന്ന ജുഗുപ്സ ഈ പോസ്റ്റിന്റെ അന്തർധാരയായി വർത്തിക്കുന്നു. ആർജ്ജവം തന്നെയാണിതിന്റെ സൌന്ദര്യം.

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..