Saturday, June 16, 2012

കേരളം പോയ വാരങ്ങളില്‍ - അവലോകനം - 3

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പും കഴിഞ്ഞു . മാര്‍ക്സിസ്റ്റ്കാരന്‍ ശെല്‍വരാജ്  കോണ്ഗ്രസ് കാരനായി ജയിച്ചു കയറി. ശെല്‍വ രാജിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ നെയ്യാറ്റിന്‍കര "കൈ" വിട്ടെന്ന് ഞാന്‍ കരുതിയതാ. കാരണം മൂപ്പരുടെ ട്രാക്ക് റെക്കോര്‍ഡ്‌ അതായിരുന്നല്ലോ. യു ഡി എഫില്‍ പോകുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുകയാണെന്ന് വരെ പറഞ്ഞു കളഞ്ഞ ആശാന്‍, കോണ്ഗ്രസ്സുകാര്‍ MLA യുടെ എല്ലിന്‍ കഷ്ണം എടുത്തു കാണിച്ചപ്പോള്‍ തൂങ്ങാന്‍ പോയ കയറു വലിച്ചെറിഞ്ഞു.  ഇതു പഴയ കഥ. ശെല്‍വരാജ് ജയിച്ചിരിക്കുന്നു. ജയിച്ചവന്‍ ആരായാലും അംഗീകരിച്ചേ പറ്റൂ...പിറവത്ത് തോറ്റപ്പോഴേ തോല്‍വി ഒരു ശീലമാക്കാന്‍  മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പഠിച്ചു കഴിഞ്ഞു എന്നു വേണം കരുതാന്‍.

അതു കൊണ്ട് താത്വികമായ ഒരു അവലോകനത്തിന് ഇനി പ്രസക്തിയില്ല.  എന്ത് കൊണ്ട് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് തോല്‍വി സംഭവിച്ചു. ഉത്തരം ലളിതമായി പറഞ്ഞാല്‍-  സമുദ്രത്തിന്റെ മാര്‍ത്തട്ടും ബക്കറ്റിലെ തിരയും തമ്മില്‍ പ്രഥമ ദൃഷ്ട്യാ മിത്രങ്ങള്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്ധര്‍ധാരയില്‍ പലപ്പഴും വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്രങ്ങള്‍   ഇടങ്കോലിട്ട്  കലഹിച്ചു. കൂടാതെ  ഉന്മൂലനസിദ്ധാന്തത്തിന്റെ വക്താക്കളായ പ്രതിക്രിയാ വാദികളും തക്കം പാര്‍ത്തിരുന്നു എന്നു വേണം കരുതാന്‍. 

വല്ലതും മനസ്സിലായോ???
ഇല്ല. എന്ത് കൊണ്ട് പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചു. ഒന്ന് ലളിതമായി പറഞ്ഞാല്‍ എന്താ....??.

അതായത്  ചുമ്മാ മണുകുണാ പറഞ്ഞിരിക്കാനൊന്നും മാര്‍ക്സിസ്റ്റ്‌  പാര്‍ട്ടിയെ കിട്ടില്ല. അവര്‍ പ്രായോഗിക   രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. എന്നു വെച്ചാല്‍ ആരെയും വക വരുത്തുക എന്നതാണ് മാര്‍ക്സിസം എന്നു കേരളത്തിലെ ചില സി.പി.ഏം നേതാക്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഒഞ്ചിയത്തു പാര്‍ട്ടി ക്ഷീണത്തിലാണെന്നു  കണ്ടപ്പോള്‍ കണ്ടു പിടിച്ച മാര്‍ഗം T.P. യെ കൊല്ലുക എന്നതായിരുന്നു. ഇടുക്കിയിലാവട്ടെ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന പതിമൂന്നു പേരുടെ ലിസ്റ്റ് ഉണ്ടാക്കി. എന്നിട്ട്  വണ്‍ ടൂ ത്രീ പറഞ്ഞു ഒന്നാമനെ ആദ്യം വെട്ടിക്കൊന്നു. രണ്ടാമനെ രണ്ടാമത്, മൂന്നാമനെ മൂന്നാമത്.  അതേ കൊന്നു.. അതിനെന്താ കുഴപ്പം. ഇതിനു മുമ്പും കൊന്നിട്ടില്ലേ. മൊയിതു ഹാജി, ഫസല്‍ , ജയകൃഷ്ണന്‍ മാഷ് , ഷുക്കൂര്‍ തുടങ്ങിയവരൊക്കെ ഈ ഉന്മൂലന സിദ്ധാന്തത്തിന്റെ ഇരകളാണ്. 


ഇങ്ങിനെ മനുഷ്യ ജീവനുകള്‍ വെട്ടി നുറുക്കുമ്പോള്‍ ഏതെങ്കിലും ഒരു നേതാവ് ഈ അക്രമങ്ങള്‍ ന്യായീകരിച്ചതല്ലാതെ അപലപിച്ചതായി കേട്ടിട്ടില്ല. T.P ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ "അയാള്‍ കുലം കുത്തി ആണ് " എന്നു പറയാന്‍ ചങ്കുറപ്പുള്ള ഭീതിപ്പെടുത്തുന്ന നേതാക്കന്മാര്‍ ഉള്ളപ്പോള്‍ പിന്നെ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ അതിശയപ്പെടാനില്ല. കാരണം ചോര വീണ മണ്ണില്‍ നിന്നാണ് എപ്പോഴും ഇവരുടെ കൊടിമരം ഉയരുക. അഥവാ ഉത്തേജിക്കുക. പാര്‍ട്ടി ഒരു യക്ഷി ആണെന്ന് തോന്നും ഈ ചോര കുടി കണ്ടാല്‍. പാട്ട് കേട്ടിട്ടില്ലേ.

ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായി പൊലിക്കവേ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വെച്ച വാക്കുകള്‍
ലാല്‍ സലാം .....ലാല്‍ സലാം.....

ഇന്നു ഇവര്‍ ഏറ്റവും ഭയപ്പെടേണ്ടത് സ്വന്തം പാര്‍ട്ടിക്കാരെ തന്നെയാണ്. പാര്‍ട്ടി വിട്ടു പോയവരാണ് കൂടുതലും കത്തിക്ക് ഇരയായത്. അതില്‍ ഒടുവിലത്തെ കണ്ണിയാണ് സഖാവ് T.P. ചന്ദ്രശേഖരന്‍. പക്ഷെ കഥ ഇവിടെ അവസാനിക്കില്ല. ഇനിയും എത്രയോ "കൊടി സുനിമാര്‍" കണ്ണൂരിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ചാവേറുകളായി വളരുന്നുണ്ട്‌. അതു കൊണ്ട് ഈ വിപ്ലവ ഗാനം

ചോര  വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന തെളിവുകള്‍
ചെയ്തു പോയ നൂറു നൂറു പാതകങ്ങള്‍ പറയവേ
പോകുവിന്‍ സഖാക്കളെ നാടു വിട്ടു പോകുവിന്‍
ആയിരങ്ങള്‍ നല്‍കി നമ്മെ കൊന്നു തള്ളും മുന്നെയായി
ലാല്‍ സലാം ലാല്‍ സലാം --------എന്നു  സഖാക്കള്‍ തന്നെ തിരുത്തി പാടേണ്ടി വരും,  കാര്യങ്ങള്‍ ഇങ്ങിനെ പോയാല്‍.

അതു കൊണ്ട് പാര്‍ട്ടി വിട്ടാല്‍ പിന്നെ ഒരു നിമിഷം നാട്ടില്‍ നില്‍ക്കരുത്. നാടു വിട്ടേക്കണം. CPM വിട്ടു NDF-ല്‍ ചേര്‍ന്നതിനാണ് ഫസലിനെ കൊന്നത്. T.P യേ വക വരുത്തിയത് എന്തിനെന്നു നമുക്കറിയാം. ചരിത്രം ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു നീക്കവും സി.പി. ഏം പാര്‍ട്ടി നേതാക്കളുടെ മനോഭാവത്തിലോ, ബോഡി ലാംഗ്വേജിലോ, നിലപാടുകളിലോ കാണുന്നില്ല എന്നത് ഏറെ ഭീതിപ്പെടുത്തുന്ന ഒന്നാണ്. എഴുത്തുകാരന്‍ സക്കറിയ പറഞ്ഞ പോലെ കണ്ടാല്‍ ഭയം തോന്നുന്ന കുറെ നേതാക്കളാണ് ഇന്നത്തെ സി.പി.എമ്മിനെ നയിക്കുന്നത്. ഇവരുടെ മുമ്പില്‍ നിസ്സഹായരായ "പോളിറ്റ് ബോറന്മാര്‍" ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയാണ്. കേരളത്തില്‍ വല്ലതും നടക്കുമ്പോള്‍ ആ താരകങ്ങള്‍ കണ്ണ് ചിമ്മും. പിന്നെ ആണ്ടും സംക്രാന്തിയും കഴിഞ്ഞു ഒരു അവൈലബ്ള്‍ മീറ്റിംഗ് കൂടി പരിപ്പ് വടയും കട്ടന്‍ ചായയും കുടിച്ചു പിരിയും. ആ ഗതികേട് കാണുമ്പോള്‍  സഹതാപം തോന്നും.

കണ്ണൂരില്‍ തുടരെ തുടരെ കൊലപാതകങ്ങള്‍ നടക്കുകയും നേതാക്കള്‍ മസില് പിടിച്ചു ഘോര ഘോരം അതിനെ ഒക്കെ ന്യായീകരിച്ചു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നത് കണ്ടാല്‍ മണിക്ക് വെറുതേ ഇരിക്കാനാവുമോ?. അങ്ങിനെ  ഇടുക്കിയിലെ മണി ശരിക്കും കിടുക്കി. നിങ്ങള്‍ കണ്ണൂരിലെ സഖാക്കള്‍ മാത്രമല്ല ഞങ്ങള്‍ ഇടുക്കിയിലെ സഖാക്കളും പലരെയും കൊന്നിട്ട് തന്നെയാണ് പാര്‍ട്ടി വളര്‍ത്തിയത് എന്നു മൂപ്പരും അങ്ങ് കാച്ചി. കാലാകാലം ഇങ്ങിനെ ജില്ലാ സെക്രട്ടറി ആയി കുത്തിയിരുന്നാല്‍ പോരല്ലോ. മണിക്കും വേണ്ടേ സംസ്ഥാന തലത്തിലേക്കും,  ദേശീയ തലത്തിലുമൊക്കെ ഉയര്‍ന്നു വലിയ നേതാവാകുക. അതിനുള്ള "ബയോഡാറ്റയാണ്" മൂപ്പര്‍ അവതരിപ്പിച്ചത്. വണ്‍ ടൂ ത്രീ ഫോര്‍..... പണ്ട് മൂന്നാറിലേക്ക് V.S വിട്ട കരിമ്പൂച്ചകളെ വെറും ചുണ്ടെലികളാക്കി തിരിച്ചയച്ച ആളാണ്‌ നമ്മുടെ ഈ മണി ആശാന്‍. "മൂന്നാര്‍ ഇടിച്ചു നിരത്താന്‍ വരുന്നവന്റെ മൂക്ക് ഇടിച്ചു പരത്തും" എന്ന മണിയാശാന്റെ വാക്കുകള്‍ ആ വര്‍ഷത്തെ ഡയലോഗ് ഓഫ് ദി ഇയെര്‍ ആയിരുന്നു.

ഏറനാടന്‍ തമാശക്കാരനായ പഴയ എംപി TK ഹംസ,  താനിപ്പോള്‍ കൈരളി ചാനലിലെ പട്ടുറുമാല്‍ ജഡ്ജി മാത്രമല്ല, അത്യാവശ്യം വേണ്ടി വന്നാല്‍ സ്റ്റേജില്‍ കയറി നാല് കീര്‍ത്തനം പാടാനും സാധിക്കും എന്നു തെളിയിച്ച ഒരു വാരം കൂടി ആയിരുന്നു കടന്നു പോയത്. ആവേശം മൂത്ത്  ഹംസാക്ക "ഹംസധ്വനി രാഗത്തില്‍"  ഒരു കീച്ചാ കീച്ചി. അതിങ്ങിനെ...  "ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജയരാജമാരെ ജയിലടക്കാന്‍ നടക്കണ്ട. അവര്‍ക്കൊക്കെ വേറെ പണികള്‍ ഉണ്ട്. വേണമെങ്കില്‍ സി.പി.എമ്മിനെ ചൊറിഞ്ഞു കൊണ്ട്  തേരാപാരാ നടക്കുന്ന ആ അച്ചുദാനന്ദനെ പിടിച്ചു ജയിലിലിട്ടോളൂ....എന്നാല്‍ കോണ്ഗ്രസ്സിന്റെ വിശപ്പും തീരും സി പി എമ്മിന്റെ കടിയും മാറും" എന്നായിരുന്നു ആ അലക്കിന്റെ ചുരുക്കം. കൂടാതെ ഒരു മുന്നറിയിപ്പും. അവരെ അറസ്റ്റു ചെയ്താല്‍ അള്ളാന്റെ ഭൂമിയിലൂടെ നടക്കാന്‍ അനുവദിക്കില്ല എന്നും. ഈ ഏറെനാടന്‍ തമാശ കേട്ടാല്‍ പിണറായി പോലും ചിരിച്ചു പോകും. അള്ളാന്റെ ഭൂമി ഇങ്ങിനെ പാട്ടത്തിനു എടുക്കുമ്പോള്‍ കുറച്ചു ഭൂമി മാറ്റി വെക്കണേ സഖാവേ. ഈ പാവങ്ങള്‍ പൊയ്ക്കോട്ടേ.

ഹംസയുടെ പട്ടുറുമാലിനെ പി. കേ ബഷീറിന്റെ മെയിലാഞ്ചിപ്പാട്ടിനോട് ചേര്‍ത്തു പാടാം. അതായത് മലപ്പുറത്തെ കുനിയില്‍ ഗ്രാമത്തില്‍ നടന്ന അതീഖ് റഹ്മാന്റെ കൊലപാതകത്തിന് ശേഷം ഇനിയും ഒരു കൊലപാതകം ഈ നാട്ടില്‍ നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും അതിനു ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ബഷീര്‍ പറഞ്ഞു. കൊലയാളികള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു അങ്ങാടിയിലൂടെ നെഞ്ചു വിരിച്ചു നടക്കുന്ന പശ്ചാത്തലത്തിലാണ് ബഷീറിന്റെ ഈ പ്രസംഗം എന്നത് കൂടി,  കൂട്ടി വായിക്കുമ്പോള്‍ ഈ പ്രസംഗത്തില്‍ അപാകതയൊന്നും ഞാന്‍ കാണുന്നില്ല. അതെ സമയം ഒരു രാഷ്ട്രീയക്കാരന്‍ ഇതില്‍ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല എന്നത് വാസ്തവം. നിര്‍ഭാഗ്യ വശാല്‍ അതീക് റഹ്മാന്റെ ഘാതകര്‍ രണ്ടു പേരും കൊലക്കത്തിക്ക് ഇരയായി. പ്രസംഗിച്ച ബഷീര്‍ പ്രതിയും ആയി.  

TK ഹംസ,  സഖാക്കളെ കേസില്‍ കുടുക്കിയാല്‍  അള്ളാന്റെ ഭൂമിയിലൂടെ നടക്കാന്‍ അനുവദിക്കില്ല (എന്നു വെച്ചാല്‍ മണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 1234.....) എന്നു പറഞ്ഞത് ഏറനാടന്‍ തമാശയും,  ബഷീര്‍ ഇനിയും ഒരു കൊലപാതകം നടക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞത് കൊലപാതകത്തിനുള്ള പ്രേരണയും ആകുന്ന വൈരുദ്ധ്യാത്മിക പ്രതിക്രിയാവാതകം എനിക്ക് മനസ്സിലാകുന്നില്ല. അതു പോലെ T.P എന്ന "കുലംകുത്തിയുടെ" വീട്ടില്‍ അച്ചുദാനന്ദന്‍ പോകുന്നത് പാര്‍ട്ടി വിരുദ്ധവും പിണറായി സഖാവ് പോകാന്‍ ആഗ്രഹിക്കുന്നത് പുണ്ണ്യ കര്‍മ്മവും ആകുന്ന ഈ "ബൂര്‍ഷ്വാ കൊളോണിയല്‍ റാഡിക്കല്സ് തിയറി" ഇനിയും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.

P.K ബഷീറിന്റെ പഴയ ഒരു പ്രസംഗം യുട്യൂബിന്റെ നിറഞ്ഞ സദസ്സില്‍ ഇപ്പോഴും ഓടുന്നുണ്ട്. സംഭവം കിടിലന്‍. നല്ല ഹിറ്റ് കിട്ടിയ ഒരു വിഡിയോ ആണത്. ഏം ഏം മണിയോടും ജയരാജന്മാരോടും കട്ടക്ക് കട്ടക്ക് നിക്കാന്‍ പോന്ന പ്രസംഗം.  പക്ഷെ ആ പ്രസംഗവും കുനിയിലെ കൊലപാതകങ്ങളും തമ്മില്‍ ബന്ധം ഉണ്ടാവാന്‍ നോ ചാന്‍സ്. ആ പ്രസംഗം നടന്നത് 2009 ഇല്‍. എന്നു വെച്ചാല്‍ മോരും പോയി. കറിയിലെ പുളിയും പോയി. എങ്കിലും പി കെ ബഷീറിന്റെ പ്രസംഗത്തിറെ പേരില്‍ UDF ന്റെ കൊലപാത രാഷ്ട്രീയം അവസാനിപ്പിക്കാന്‍  നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു മുദ്രാവാഖ്യം വിളിക്കുകയാണ്‌ T.V രാജേഷ് അടക്കമുള്ള  CPM സഖാക്കള്‍. നല്ലത് തന്നെ. എന്നാല്‍  ഷുക്കൂറിന്റെയും, T.P യുടെയും ചോര ഉണങ്ങിയിട്ടു പോരായിരുന്നോ കേരളത്തെ ഇങ്ങനെ ചിരിപ്പിക്കാന്‍ എന്നൊരു എളിയ ചോദ്യം മാത്രം. മണിയാശാനെ ജയിലില്‍ അടക്കണമെന്ന് നരേന്ദ്ര മോഡി പ്രസംഗിച്ച പോലെ ആയി ഇതു. വീരപ്പന്‍ ചത്തു പോയത് ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ആനക്കൊമ്പ്, ചന്ദനം കടത്തിനെതിരെ വീരപ്പന്‍ നിരാഹാരം കിടക്കുന്ന കാഴ്ചയും നമ്മള്‍ കാണേണ്ടി വന്നേനെ.

നമുക്ക് സമകാലികത്തിലേക്ക് തിരിച്ചു വരാം. ഈ കോലാഹാലങ്ങള്‍ക്കിടയില്‍ അല്‍പം മനസ്സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞ രണ്ടു  മന്ത്രിമാരാണ്  K.V ഗണേഷ് കുമാറും,  മഞ്ഞുളാംകുഴി അലിയും. നിയമസഭ വീണിട്ടാണെങ്കിലും മകന്റെ മന്ത്രിസ്ഥാനം പോയി കാണണേ എന്ന നിലപാടിലാണ് ബാലകൃഷ്ണപിള്ള ഇപ്പോഴും. "ശെല്‍വരാജിനെ കിട്ടിയില്ലേ. ഭൂരിപക്ഷം ഉറപ്പായ സ്ഥിതിക്ക് ഇനിയെങ്കിലും എന്‍റെ മകന്റെ മത്രിസ്ഥാനം പോക്കി എനിക്ക് മനസ്സമാധാനം തരൂ" എന്നു പറഞ്ഞു പിള്ള ഇന്നോ നാളെയോ മുഖ്യനെ കാണും.   ഒരു അച്ഛനും  മകനും എങ്ങിനെ ആവരുത് എന്നു കേരളം പഠിക്കേണ്ടത് ഇവരെ കണ്ടാണ്‌. മഞ്ഞുളാംകുഴി  അലിയാവട്ടെ,  ചുളുവില്‍ കിട്ടിയ മന്ത്രി സ്ഥാനവും കൊണ്ട് പതുക്കെ മാലിന്യങ്ങള്‍ നീക്കിത്തുടങ്ങി. ആശ്വാസം.

CPM വിട്ട മൂന്നു പേര്‍ ഇപ്പോള്‍ തന്നെ നിയമ സഭയില്‍ ഉണ്ട്. അബ്ദുള്ള കുട്ടി, മഞ്ഞുളാംകുഴി അലി, ശെല്‍വരാജ്. ഇനിയും ഇതിന്‍റെ എണ്ണം കൂട്ടാതെ നോക്കേണ്ടത് സഖാക്കളെ - നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. നിങ്ങള്‍ പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക. മസില്‍ പവറും വടിവാളും കൊണ്ട് പാര്‍ട്ടി വളര്‍ത്താം എന്നു ഇനിയും കരുതേണ്ടാ. ഷാജഹാനെ ഇതു കണ്ണൂരാ എന്നു പറഞ്ഞ ജയരാജന് , ജയരാജാ ഇതു കേരളമാ എന്നു മുഖത്തടിച്ചത് പോലുള്ള മറുപടിയാണ് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ നല്‍കിയത്. കൊലപാതക  രാഷ്ട്രീയത്തെ ജനങ്ങള്‍ നിരാകരിച്ചിരിക്കുന്നു. അല്ലാതെ മാര്‍ക്സിസ്റ്റ്‌ കോട്ടയായ നെയ്യാറ്റിന്‍ കര നീന്തിക്കയാറാന്‍ കോണഗ്രസിനാകുമായിരുന്നില്ല. അതു കൊണ്ട് ഇനി ചോര വീണ മണ്ണില്‍ നിന്നല്ല ആവേശം കൊള്ളേണ്ടത്‌. പകരം ചോര വീഴ്ത്താതെ നേരിനെ ജയിച്ച സമര ചരിത്രങ്ങളില്‍ നിന്നാണ്. ലാല്‍ സലാം. 

-----------------------------------------------------------------------------------------------------------------

ഇതൊക്കെ പറയുമ്പോള്‍ രാഷ്ടീയ അടിമത്വം ബാധിച്ചവര്‍ക്ക്‌ നീരസം തോന്നിയേക്കാം. പക്ഷെ എനിക്കിത് പറയാതിക്കാനാവില്ല. സ്നേഹവും, പരിഗണനയും, മനുഷ്യത്വവും, വിശാല മാനവികതയും അന്യമായ ഒരു രാഷ്ടീയ സംസ്ക്കാരം ഉയര്‍ന്നു വന്നുകൂടാ. മാറണം, മാറ്റണം ഈ നാറിയ കൊലവിളി. വെട്ടി നിരത്തിയില്ലെങ്കില്‍ പുതിയ രാഷ്ടീയ അവലോകനവുമായി  വീണ്ടും വരാം. വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം.!!!!!!!!!!വാളല്ലെന്‍ സമരായുധം, ഝണഝണധ്വാനം മുഴക്കീടുവാനാള-
ല്ലെന്‍ കരവാളു വിറ്റൊരു മണിപ്പൊന്‍ വീണ വാങ്ങിച്ചു ഞാന്‍." (വയലാര്‍)


------------------------------------------------------------------------------------
 

47 comments:

 1. എന്തുകൊണ്ട് പാര്‍ട്ടി ഈ പടുകുഴിയില്‍ എത്തപ്പെട്ടു എന്നത് ചിന്തിക്കേണ്ട വിഷയമാണു. പറച്ചിലുകള്‍ ഒന്നും ചെയ്തികള്‍ മറ്റൊന്നുമാണ് ഇന്നു പ്രസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.തകര്‍ച്ച ആഘോഷിക്കുന്നവര്‍ക്ക് അറിഞ്ഞുകൊണ്ട് അപ്പക്കഷണങ്ങള്‍ എറിഞ്ഞുകൊടുക്കുന്നവരാണിന്ന്‍ പാര്‍ട്ടിയെ നയിക്കുന്നത്..

  ReplyDelete
 2. കേരളീയ സാമൂഹിക സ്ഥിതിക്ക് , വലതു പക്ഷത്തോടൊപ്പം ഒരു ശക്തമായ ഇടതു പക്ഷവും നിലനില്‍ക്കണം എന്ന് വിശ്വസിക്കുന്നയാലാണ് ഞാന്‍...
  ഈ നിലക്ക് പോയാല്‍ , പവനായി ശവമാകും..

  ReplyDelete
 3. ശക്തമായൊരു ഇടതുപക്ഷം ഇവിടെ ആവശ്യമാണ്. സമ്പന്നന്റെയും ,കരുത്തന്റെയും അധാർമിക താൽപ്പര്യങ്ങൾക്ക് കാവൽ നിൽക്കുന്ന പാർട്ടിയായി അധപതിച്ചു കഴിഞ്ഞ കേരളത്തിലെ സിപിഎം ന് ആ ആവശ്യം നിറവേറ്റാനാവില്ലെന്ന് അവർ തെളിയിച്ചു കഴിഞ്ഞു.....

  വസ്തു നിഷ്ഠമായ നിരീക്ഷണങ്ങളാണ് അവതരിപ്പിച്ചത്.

  ReplyDelete
 4. ലാല്‍ സലാം. ഇനിയെങ്കിലും ഇവര്‍ക്കൊക്കെ യാഥര്‍ത്ഥ്യങ്ങള്‍ കാണാന്‍ കഴിഞ്ഞെങ്കില്‍.

  ReplyDelete
 5. അബ്ദുള്ള കുട്ടി, മഞ്ഞുളാംകുഴി അലി, ശെല്‍വരാജ്. ഇനിയും ഇതിന്‍റെ എണ്ണം കൂട്ടാതെ നോക്കേണ്ടത് സഖാക്കളെ - നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്.

  ReplyDelete
 6. അതെ അക്ബര്‍കാ ഇതൊന്നും പറയാതെ പോകരുത്.. നമ്മുടെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാട് അത്ര കണ്ടു മലിനമായികൊണ്ടിരിക്കുമ്പോള്‍ പ്രതികരിക്കുക തന്നെ വേണം..നല്ല പോസ്റ്റ്‌. ഇതുമായി ബന്ധമുള്ള പുതിയ ഒരു പോസ്റ്റ്‌ എന്റെ ബ്ലോഗിലും കാണാം

  ReplyDelete
 7. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ കുളിമുറിയില്‍ നഗ്നരാണ്.ഒളിഞ്ഞും തെളിഞ്ഞും സ്വാര്‍ത്ഥക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത നരാധമന്മാര്‍.
  ശക്തമായ പ്രതിപക്ഷം അനിവാര്യമെന്നതിലുപരി ഈ അധിപന്മാര്‍ മനുഷ്യത്വം എന്തെന്ന് പഠിക്കട്ടെ ആദ്യവുമന്ത്യവും.ആരെയും ഭയക്കാതെ തെരുവുഗുണ്ടകള്‍ നാടുഭരിക്കുന്ന അവസ്ഥ ഒന്നു മാറി കിട്ടാന്‍ ഇനിയും ശ്രദ്ധിച്ചില്ലേല്‍ ...ദൈവമേ!

  ReplyDelete
 8. ധാർമ്മികമായുണ്ടായ ഈ ശോഷണം കേരളത്തിന്റെ നഷ്ടം തന്നെയാണ്‌. ശക്തമായ ഇടപെടലുകൾ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ജനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നില്ലെ. ആക്ഷേപവും, ഹാസ്യവും ചേർന്ന നല്ലൊരു പോസ്റ്റ്‌.

  ReplyDelete
 9. ജനം പഴയ കഴുതയല്ല എന്ന് പാർടി ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ സംഭവാമീ യുഗേ..യുഗേ..

  ReplyDelete
 10. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ അപചയം എന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. ഒരു മരണം സംഭവിച്ചാല്‍ ഒരു ദുരന്തം ഒരു ലക്ഷം മരണം സംഭവിച്ചാല്‍ അത് വെറും സ്റ്റാറ്റിസ്റ്റിക്കേ ആകുന്നുള്ളൂ എന്ന് പറഞ്ഞത് സ്റ്റാലിനാണ്. ഇവിടെ ദുരന്തം സംഭവിച്ചപ്പോഴേക്ക് തന്നെ ഇങ്ങനെ ബഹളമുണ്ടാകുമെന്ന് ആര് കണ്ടു? സ്റ്റാറ്റിയാക്കാന്‍ സമ്മതിച്ചിട്ടു വേണ്ടേ?.

  ReplyDelete
 11. ലക്ഷ്യങ്ങൾ മറന്നു പോയ രാഷ്ട്രീയ പാർട്ടിക്ക് ലക്ഷങ്ങൾ കൊടുത്താലും ലക്ഷങ്ങളെ കൊന്നാലും ലക്ഷ്യത്തിലെത്താനാവില്ല.

  ReplyDelete
 12. പേടിക്കേണ്ട ..റാഡിക്കല്‍ ആയ ചക്കളത്തി പോരാട്ടം പൂര്‍വ്വാധികം ഭംഗിയായി ഇപ്പുറത്തും തുടങ്ങിക്കഴിഞ്ഞു ..ഇപ്പോള്‍ വേറെ ആരെയെങ്കിലും നിര്‍ത്തി ഭൂരിപക്ഷം കൂട്ടാമായിരുന്നു എന്നാണു ..:)) തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആ രാഷ്ട്രീയ മാറ്റം എന്നാണാവോ വരിക ?

  ReplyDelete
 13. രാഷ്ട്രപുരോഗതിക്കും,ജനനന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയപാര്‍ട്ടികളും,ജനപ്രതിനിധികളും
  ആദര്‍ശങ്ങള്‍ വെടിഞ്ഞ് തിന്മയുടെ
  പക്ഷം ചേരുമ്പോള്‍ കഷ്ടം തോന്നുകയാണ്!
  ചിന്തിപ്പിക്കാന്‍ പര്യാപ്തമായ അവലോകനം.
  ആശംസകള്‍

  ReplyDelete
 14. "കണ്ണൂരില്‍ തുടരെ തുടരെ കൊലപാതകങ്ങള്‍ നടക്കുകയും നേതാക്കള്‍ മസില് പിടിച്ചു ഘോര ഘോരം അതിനെ ഒക്കെ ന്യായീകരിച്ചു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നത് കണ്ടാല്‍ മണിക്ക് വെറുതേ ഇരിക്കാനാവുമോ. അങ്ങിനെ ഇടുക്കിയിലെ മണി ശരിക്കും കിടുക്കി. നിങ്ങള്‍ കണ്ണൂരിലെ സഖാക്കള്‍ മാത്രമല്ല ഞങ്ങള്‍ ഇടുക്കിയിലെ സഖാക്കളും പലരെയും കൊന്നിട്ട് തന്നെയാണ് പാര്‍ട്ടി വളര്‍ത്തിയത് എന്നു മൂപ്പരും അങ്ങ് കാച്ചി. കാലാകാലം ഇങ്ങിനെ ജില്ലാ സെക്രടറി ആയി കുത്തിയിരുന്നാല്‍ പോരല്ലോ. മണിക്കും വേണ്ടേ സംസ്ഥാന തലത്തിലേക്കും, ദേശീയ തലത്തിലുമൊക്കെ ഉയര്‍ന്നു വലിയ നേതാവാകുക. അതിനുള്ള "ബയോടാറ്റയാണ്" മൂപ്പര്‍ അവതരിപ്പിച്ചത്. വണ്‍ ടൂ ത്രീ ഫോര്‍..... പണ്ട് മൂന്നാറിലേക്ക് വി.എസ വിട്ട കരിമ്പൂച്ചകളെ വെറും ചുണ്ടെലികളാക്കി തിരിച്ചയച്ച ആളാണ്‌ നമ്മുടെ ഈ മണി ആശാന്‍. "മൂന്നാര്‍ ഇടിച്ചു നിരത്താന്‍ വരുന്നവന്റെ മൂക്ക് ഇടിച്ചു പരത്തും" എന്ന മണിയാശാന്റെ വാക്കുകള്‍ ആ വര്‍ഷത്തെ ഡയലോഗ് ഓഫ് ദി ഇയെര്‍ ആയിരുന്നു."

  ReplyDelete
 15. ത്വാതികമായ അവലോകനമാണോ ഉദ്ദേശിച്ചത് ?

  ReplyDelete
 16. ആടിനെ പട്ടി ആക്കുക എന്നിട്ട് പേ പട്ടി ആക്കുക പിന്നെ നാട്ടുകാരെ കൂട്ടി തല്ലി കൊല്ലുക എന്ന എന്ന കുത്സിത കുസ്രിതി ആണ് ഈ പോസ്റ്റ്
  ഹംസയുടെ പ്രസംഗത്തിന്റെ മുഴുവന്‍ പറഞ്ഞില്ല അതായത് ആ പരാമര്‍ശത്തിലെ പൂര്‍ണ ഭാഗം പറഞ്ഞില്ല അവസാന സെന്റെന്‍സ് മാത്രം പറഞ്ഞു
  ബഷീറിന്റെ പ്രസംഗത്തിലെ ആദ്യ ഭാഗം മാത്രം പറഞ്ഞു അവസാനം ആയപ്പോയെക്കും അക്ബര്‍ ഇക്കാന്റെ യൂ റ്റൂ ബു കട്ടായി ഹഹ

  ReplyDelete
 17. @-കൊമ്പന്‍.

  ഹംസയുടെയും ബഷീറിന്റെയും പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ അതിന്റെ പൂര്‍ണ രൂപത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണ്. ഹംസയുടെ പ്രസംഗത്തിനുള്ള മറുപടി അച്ചുദാനന്ദന്‍ പറയുകയും ചെയ്തു. ബഷീര്‍ പണ്ട് പറഞ്ഞ തെമ്മാടിത്തത്തെ ഇവിടെ തന്നെ വിമര്‍ശിച്ചതാണ്. ഇപ്പോഴത്തെ പ്രസംഗവും ആ കൊലപാതകങ്ങളും തമ്മില്‍ ബന്ധമില്ല എന്ന് പറഞ്ഞത് ഞാനല്ല. കേസ് അന്വേഷിക്കുന്ന ഐജി ആണ്.

  പ്രസംഗം കേട്ടാണ് കൊലപാതകം നടത്തിയതെങ്കില്‍ അവിടെ ആദ്യം ഒരു കൊലപാതകം നടന്നു. അതീഖ് റഹ്മാന്റെ. ആത് ആരുടെ പ്രസംഗം മൂലമായിരുന്നു എന്ന് ഒന്ന് പറഞ്ഞു തരാമോ. സംതുലിതാവസ്ഥ നില നിര്‍ത്താന്‍ ഇല്ലാത്തത് പറഞ്ഞിട്ട് കാര്യമില്ലല്ലോ:). അഭിപ്രായത്തിന് വളരെ നന്ദി.

  ReplyDelete
 18. >>ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന തെളിവുകള്‍
  ചെയ്തു പോയ നൂറു നൂറു പാതകങ്ങള്‍ പറയവേ
  പോകുവിന്‍ സഖാക്കളെ നാടു വിട്ടു പോകുവിന്‍
  ആയിരങ്ങള്‍ നല്‍കി നമ്മെ കൊന്നു തള്ളും മുന്നെയായി
  ലാല്‍ സലാം ലാല്‍ സലാം <<
  അവലോകനം കലക്കി.. ഈ വരികള്‍ അതിലേറെ കലക്കി..

  ReplyDelete
 19. സമുദ്രത്തിന്റെ മാര്‍ത്തട്ടും ബക്കറ്റിലെ തിരയും തമ്മില്‍ പ്രഥമ ദൃഷ്ട്യാ മിത്രങ്ങള്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്ധര്‍ധാരയില്‍ പലപ്പഴും വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്രങ്ങള്‍ ഇടങ്കോലിട്ട് കലഹിച്ചു. കൂടാതെ ഉന്മൂലനസിദ്ധാന്തത്തിന്റെ വക്താക്കളായ പ്രതിക്രിയാ വാദികളും തക്കം പാര്‍ത്തിരുന്നു എന്നു വേണം കരുതാന്‍.
  ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ..അതിനു നിങ്ങളിങ്ങനെ കുറ്റം പറഞ്ഞാലോ ..!

  ReplyDelete
 20. ഇതിനൊക്കെ ഇങ്ങിനെ കുറ്റം പറയണോ ................
  കാലം മാറുന്നു ..അതിനൊപ്പം പാര്‍ട്ടികളും ....:)

  ReplyDelete
 21. CPM യഥാര്‍ഥത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. അത് ഒരു സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയാണ്. പേരിട്ടപ്പോള്‍ മാറിപ്പോയതാണ്. പിന്നെ ഒരു വെയ്റ്റ്നു വേണ്ടി കിടക്കട്ടെ എന്ന് കരുതി. SPIM എന്നാണു പേര് ഇടാനിരുന്നത്. (സ്റ്റാലിനിസ്റ്റ് പാര്‍ട്ടി ഓഫ് (ഇടുക്കി)മണി). കാരണം, കമ്മ്യൂണിസത്തില്‍ വര്‍ഗശത്രുക്കളേയെ ഉന്മൂലനം ചെയ്യാറുള്ളൂ. ആ ലിസ്റ്റില്‍ ശുക്കൂര്‍, ഫസല്‍, ടി.പി തുടങ്ങിയവര്‍ ഇടം പിടിക്കാനിടയില്ല. സ്റ്റാലിന്‍ അവതരിപ്പിച്ച "കമ്മ്യൂണിസ"ത്തിലാണ് വിയോജിക്കുന്നവരെയെല്ലാം വെട്ടുകയോ സൈബീരിയയിലേക്ക് തണുത്തു മരവിച്ചു മരിക്കാന്‍ വിടുകയോ ചെയ്യുക എന്ന നയവ്യതിയാന സിദ്ധാന്തം നടപ്പിലാക്കപ്പെട്ടത്‌. മാധ്യമങ്ങള്‍ വില്ലനായി അവതരിപ്പിക്കാന്‍ തിടുക്കം കാട്ടുന്ന പിണറായിയും അതേ മാധ്യമങ്ങള്‍ മേന്മയുള്ള നായകനായി അവതരിപ്പിക്കുന്ന വി എസ്സും ഒരേ "സ്കൂളില്‍" ഒരേ കിതാബ് ഓതി പഠിച്ച ഒന്നാം നമ്പര്‍ സ്റ്റാലിനിസ്റ്റുളാണ്. രണ്ടു പേരും ഒന്നിച്ചു നിന്നു വെട്ടിയ ഒരു നിണവര്‍ണ്ണ കാലമുണ്ട്. ആ കാലത്തെ അസ്ഥികൂടങ്ങളാണ് മണിയെടുത്തു പുറത്തിട്ടത്, പിണറായിയുടെ പ്രാര്‍ത്ഥനയോടെ.
  ഇതൊക്കെ പറയുമ്പോഴും ഇടതുപക്ഷത്തിനു വലിയ ഒരു റോള്‍ നിര്‍വഹിക്കാനുണ്ട് കേരളത്തില്‍ എന്നത് മറന്നുപോവരുത്. ഒരു യഥാര്‍ത്ഥ ഇടതു ബദല്‍ ഉരുത്തിരിഞ്ഞു വന്നില്ലെങ്കില്‍ മത-ജാതിക്കോമരങ്ങളുടെ കരാളഹസ്തങ്ങളിലേക്ക് കേരളം പൂര്‍ണമായും അമര്ന്നുപോവും.

  ReplyDelete
 22. ഇടതുപക്ഷം ഇല്ലാത്ത കേരളം വര്‍ഗ്ഗീയ ശക്തികളുടെ വിളയാട്ടത്തിനു വഴിയൊരുക്കും എന്ന് വിശ്വസിക്കുന്നയാള്‍ ആണ് ഞാന്‍ .പാര്‍ട്ടിയുടെ പ്രവൃത്തികളില്‍ തെറ്റ് പറ്റിയിട്ടുണ്ടാകാം.പക്ഷെ ഈ പോസ്റ്റില്‍ പറയുന്ന രീതിയില്‍ ഇടതു പക്ഷം അധിക്ഷേപം അര്‍ഹിക്കുന്നുണ്ട് എന്ന് ഞാന്‍ കരുതുന്ന്നില്ല ,രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.പി.എമ്മിന്‍റെ മാത്രം കുത്തകയല്ലെന്നും ഇതില്‍ അപഹസിക്കുന്ന പല നേതാക്കളും (ജയരാജന്മാര്‍ )പാര്‍ട്ടിക്ക് വേണ്ടിയും ജനങ്ങള്‍ക്ക്‌ വേണ്ടിയും അനുഭവിച്ച ത്യാഗങ്ങളും അറിയുന്നത് കൊണ്ട് താങ്കളുടെ ഈ പോസ്റ്റ്‌ പ്രതിപാദിക്കുന്ന ആശയത്തോട് ഒരു യോജിപ്പുമില്ല .ചതിയന്മാരുടെ ,ഒറ്റുകാരുടെ നിഷ്പക്ഷ നാട്യത്തെ ക്കാളും എനിക്കിഷ്ടം പൊരുതുന്ന ധീരതയെ ആണ് ..താങ്കള്‍ ഒരു പക്ഷെ എന്നെയും രാഷ്ട്രീയ ആന്ധ്യം ബാധിച്ച ആള്‍ എന്ന് മുദ്ര കുത്തിയെക്കാം .എന്നാലും ,,

  ReplyDelete
 23. അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലനിന്നു വേര് പിടിച്ച ഒരു പാര്‍ടി. സമൂഹത്തില്‍ സമത്വം, വ്യക്തിസ്വാതന്ത്ര്യം ഇതിനിനൊക്കെവേണ്ടി ഒരുകാലത്ത് പടവെട്ടിയ പാര്‍ട്ടി.എന്നിട്ടും വിട്ടു പോകുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ സഹിഷ്ണതയോടെ കാണുവാന്‍ കഴിയുന്നില്ല എന്നത് വിരോധാഭാസം!!

  കൊഴിഞ്ഞു പോകുന്ന മുടിയോട്‌ കഷണ്ടിക്ക് അസൂയ.

  ReplyDelete
 24. ചന്ദ്രശേഖരന്‍ വധത്തിലും സി.പി.എം വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്ന്
  http://www.madhyamam.com/news/173494/120616

  ReplyDelete
 25. @-സിയാഫ് അബ്ദുള്‍ഖാദര്‍

  തുറന്ന അഭിപ്രായത്തിന് നന്ദി സിയാഫ്.
  രാഷ്ടീയമല്ലേ. ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടുകള്‍ ഉണ്ടാകും. അങ്ങിനെ ആണല്ലോ വിവിധ കക്ഷികള്‍ ഉണ്ടാകുന്നത്. താങ്കള്‍ പറഞ്ഞ പോലെ ശക്തമായ ഒരു പ്രതിപക്ഷം എല്ലാക്കാലത്തു ഉണ്ടാവണം എന്ന അഭിപ്രായത്തോട് ഞാനും. യോജിക്കുന്നു. എങ്കില്‍ മാത്രമേ ജനാധിപത്യം അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ നടപ്പില്‍ വരൂ...

  പക്ഷെ ഇവിടെ ചര്‍ച്ച ചെയ്ത വിഷയം അതല്ല. സമകാലിക സംഭവങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ ചില താളപ്പിഴവുകള്‍ പാര്‍ട്ടിക്ക് സംഭവിച്ചിട്ടുണ്ട്. തെറ്റ് തിരുത്തി പാര്‍ട്ടി വീണ്ടും ശക്തമാവട്ടെ. അതിനു വേണ്ട ചര്‍ച്ചകള്‍ പാര്‍ട്ടി യോഗങ്ങളില്‍ നടക്കട്ടെ.

  ReplyDelete
 26. നിങ്ങളെ സമ്മതിച്ചിരിക്കുന്നു അക്ബറിക്കാ, മ്മടെ ജാഡലോടകം അപ്പഴപ്പോൾ ഓരോരോ സംഭവങ്ങൾ പോസ്റ്റാക്കി നിങ്ങൾ അതിലെ മഎമ്മപ്രധാനമായ കാര്യങ്ങൾ ഒരുക്കൂട്ടി ഒരു പോസ്റ്റാക്കുന്നു.! ഞാനിതിൽ താത്വികമായി ഒരു വിശകലാത്തിന് മുതിരുന്നില്ല. ഏറ്റവും വായിക്കാൻ രസമായത് ആ വരികളാണ് ട്ടോ ഇക്കാ. നന്നായിട്ടുണ്ട് എഴുത്തെല്ലാം. ആശംസകൾ.

  ReplyDelete
 27. ഒന്നും സംഭവിക്കില്ല. ചൂടൊന്ന് അടങ്ങുമ്പോള്‍ എല്ലാം വീണ്ടും പഴയതുപോലെ നടക്കും. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ ബെന്‍സും വോള്‍വോയും മറ്റും അവരുടെ നിര്‍മ്മാണശാലകള്‍ മത്സരിച്ച് പണിതുയര്‍ത്തുമ്പോള്‍, ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയകോമാരങ്ങള്‍ ബ്ലഡ്‌ ഗ്രൂപ്പ് തിരിച്ച് നിരപരാധികളുടെ ചോരയുടെ അളവ് കണക്കാകുന്നതും നോക്കി നാം മലയാളികള്‍ അന്തംവിട്ട് കുന്തം വിഴുങ്ങിയിരിക്കും.
  വോട്ടിനും അങ്ങനെ അധികാര രാഷ്ട്രീയത്തിനുംവേണ്ടി തമ്മിലടിച്ചും അടിപ്പിച്ചും സ്വന്തം കീശയും ആമാശയവും വീര്‍പ്പിച്ച് അവരങ്ങനെ മുമ്പോട്ടുപോകും. അവസാനം ഓരോ അഞ്ചു വര്‍ഷം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോഴും സ്മാര്‍ട്ട് സിറ്റിയുടെ പായല് പിടിച്ച തറക്കല്ലും ആകാശം നോക്കി നില്‍ക്കുന്ന കൊച്ചി മെട്രോയുടെ തൂണും നമ്മെ നോക്കി പല്ലിളിച്ചു കാണിക്കുന്നത് മാത്രമായിരിക്കും മിച്ചം.

  ആത്മരോഷം: മുല്ലപ്പെരിയാര്‍ ഇങ്ങനെ തുള്ളിതുളുമ്പി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ കുമളി ചെക്ക്പോസ്റ്റ് കടന്നാല്‍ അണ്ണന്മാര്‍ മുട്ടുകാല് തല്ലിയൊടിക്കും. അല്ലേല്‍ വല്ല തമിഴ്നാട്ടിലും പോയി കൂടാമയിരുന്നു.

  ReplyDelete
 28. സ്വയം നന്നാകുകയും
  ഒറ്റുകൊടുക്കുകയും ചെയ്യുന്ന നേതാക്കന്മാ‍ർ...!

  നാട്ടിൽ ഇനിയെല്ലാപാർട്ടിതലപ്പത്തും
  ഒരു രാഷ്ട്രീയ മാറ്റം വന്നേ മതിയാകൂ... !

  ReplyDelete
 29. പ്രസക്തം ഈ ചിന്തകള്‍ അല്ലെങ്കില്‍ അവലോകാനം

  ReplyDelete
 30. This comment has been removed by the author.

  ReplyDelete
 31. ഭാഷ ലളിതം .. പ്രമേയം ശക്തം....
  കുറിക്കു കൊള്ളുന്ന പരിഹാസ ശരങ്ങള്‍...
  ശക്തമാണീ, സത്യങ്ങള്‍ വിളിച്ചു പറഞ്ഞ രചന...

  പണ്ടൊരു പാര്ട്ടിയുണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട് ...
  അശരണന്ന് തണലായിരുന്ന കൈതാങ്ങായിരുന്നൊരു പാര്‍ട്ടി...
  ഇന്നാ പാര്‍ട്ടി നിരായുധന്റെ കയ്യും തലയും വെട്ടി മാറ്റി
  ആയിരം നിരാലംബരെ സൃഷ്ട്ടിച്ചു
  കൊലവിളി നടത്തി തെരുവ് താണ്ടുന്നു ......

  അനിവാര്യമായ മാറ്റത്തിന് പാര്‍ട്ടി ഇനിയെങ്കിലും ഒന്നുണരൂ....

  http://kanalchinthukal.blogspot.com/2012/05/blog-post_27.html
  ഇതേ വിഷയത്തില്‍ കുറച്ചു നാള്‍ മുന്‍പ് ഞാനെഴുതിയൊരു കവിതയാണ് ...

  ReplyDelete
 32. അവലോകനം വായിച്ചു... മാറിയ ലോക സാഹചര്യത്തിനനുസരിച്ച്‌ പാര്‍ട്ടിയെ സര്‍വ്വ സജ്ജമാക്കുമ്പോള്‍ സംഭവിച്ച ചില പ്രശ്നങ്ങളാണ്‌ (മാറ്റങ്ങള്‍) പാര്‍ട്ടിയുടെ ഇപ്പോഴുള്ള അപചയത്തിനുള്ള മൂല കാരണം. അത്‌ തല്‍ക്കാലികമാണെന്ന് വിശ്വസിക്കാനാണാഗ്രഹം. പകരം വെക്കാന്‍ കഴിയാത്ത പ്രസ്ഥാനങ്ങളുടെ ഉന്നമനത്തിന്‌ വേണ്‌ടി നില കൊള്ളാം... തെറ്റുകള്‍ തിരുത്തപ്പെടേണ്‌ടതുണ്‌ട്‌.

  ReplyDelete
 33. തലയറുക്കുന്ന രാഷ്ട്രീയവും തൊലിയുറക്കുന്ന സമകാലിക കാഴ്ചകളും. ശെല്‍വരാജിന് ഏതായാലും ഭാഗ്യവും ചര്‍മ്മ സൌഭാഗ്യവുമുണ്ട്!

  ReplyDelete
 34. ഈ വിഷയത്തെ കുറിച്ച് നിയ്ക്ക് ഒന്നും പറയാന്‍ അറിഞൂടല്ലോ...പറഞ്ഞാല്‍ ചിലപ്പോള്‍ ന്നെ ഓടിച്ച് വിടും..
  അതോണ്ട്, ശുഭരാത്രി ട്ടൊ...ആശംസകള്‍...്

  ReplyDelete
 35. sharikkum budhi kooduthal wifna.....budhy illathath njankalkkum....vayanakkarkku....chumma paranjathaaaa...ghambheeram mujeeb madhyamam clt

  ReplyDelete
 36. ത്വാതികമായ ഒരു അവലോകനമാണോ ഉദ്ദേശിച്ചത് ?? സംഭവം കൊള്ളാം !

  ReplyDelete
 37. ഈ വിഷയത്തെ കുറിച്ചു ഞാന്‍ മുണ്ടൂല്ല ...

  ReplyDelete
 38. വായിച്ചു ശ്രീ അക്ബര്‍ ...
  രാഷ്ട്രീയ പോസ്റ്റുകള്‍ക്ക്‌ കമന്റ്‌ ഇടാറില്ല.
  വല്ലതും എഴുതി പിടിപ്പിച്ചു വല്ല പണിയും കിട്ടിയാല്‍ പാടാവും. ഇപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ പരസ്യമായാണ് കൈ വെട്ടും കാല്‍ വെട്ടും, തല കാണില്ല എന്നൊക്കെ പ്രസംഗിക്കുന്നത്. ചില സമയത്ത് നമ്മള്‍ കുറെ ഇറച്ചി വെട്ടുകാരെയാണോ ജനപ്രതിനിധികള്‍ ആയി തിരഞ്ഞെടുത്തു അയച്ചത് എന്ന് പോലും ചിന്തിച്ചു പോകും.. കഷ്ട്ടം

  ReplyDelete
 39. ഈ വിഷയം അത്ര പോര .പോട്ടെ ..

  ReplyDelete
 40. അവലോകനം വസ്തുനിഷ്ടമായി. സലാമിന്റെ കമന്റിനു കീഴിൽ എന്റെ കൈയൊപ്പ് ചാർത്തുന്നു.

  ReplyDelete
 41. താത്വികമായ ഒരു അവലോകനത്തിന് ഇനി പ്രസക്തിയില്ല...

  ഞമ്മളും മുകളില്‍ സിയാഫ് പറഞ്ഞത് തന്നെ... പറയുന്നു...

  ReplyDelete
 42. എന്നും ആദ്യമെത്തുന്ന ഞാന്‍ ഇതി ലേറ്റ് ആയി. ക്ഷമിക്കണം.
  ഇതാണ് അസ്സല്‍ കീറ്.
  മുമ്പ് മനോരമയില്‍ കെ .ആര്‍ ചുമ്മാറിനെ വായിക്കുന്ന പോലെ.
  ആ മാറ്റി എഴുതിയ വിപ്ലവഗാനം നന്നായി.
  സൂപ്പര്‍ പോസ്റ്റ്‌

  ReplyDelete
 43. രാഷ്ട്രീയാവലോകനം നടത്തുമ്പോള്‍ അക്ബറിന്റെ പേനക്ക് ആയിരം മുനകളാണ്.എഴുതിയതൊക്കെയും വാസ്തവം.
  ഞങ്ങള്‍ കണ്ണൂര്‍ ജില്ലക്കാരോളം അതറിയുന്നവര്‍ വേറെ ആരുണ്ടാകും?
  വീടിനടുത്ത് നടന്ന ഇരട്ടക്കൊലയുടെ ചോരപ്പാടുകള്‍ കണ്ട ഞെട്ടല്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.ഒരു കൊല കേട്ടാല്‍ അതിന്റെ reaction ഉടനുണ്ടാകുമല്ലോ എന്ന പേടിയാണിവിടെ എല്ലാര്‍ക്കും.ഈ ഗുണ്ടാരാജ് എന്നവസാനിക്കും???

  ReplyDelete
 44. ഇത്തവണയും അസ്സലായി അക്ബര്‍. ഇത് പോസ്റ്റാന്‍ അല്‍പ്പം വൈകിയോന്നു മാത്രേ സംശയം ഉള്ളു. ഇതാണ് ഞാന്‍ പ്രതീക്ഷിച്ചത് ... ഇനിയും തുടരൂ... ഈ നല്ല പോസ്റ്റിനു ആശംസകള്‍

  ReplyDelete
 45. സ്വാര്‍ത്ഥ രാഷ്ട്രീയം നാടിനാപത്ത് ..അക്ഷരാശംസകള്‍

  ReplyDelete
 46. തോല്‍വി ഒരു ശീലമാക്കാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പഠിച്ചു കഴിഞ്ഞു ..........

  ReplyDelete
 47. ഇടതു പക്ഷം ഇല്ലാതാകുന്ന കേരളീയ പരിതസ്ഥിതിയില്‍ ആരൊക്കെ കടന്നു വരുമെന്ന് ആലോചിച്ചാല്‍ പേടിയാകുന്നുണ്ട്.
  തോല്‍വി ഒരു ശിലമാക്കാതെയിരിക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയട്ടെ.....പറ്റിയ ഭീകരമായ തെറ്റുകള്‍ തിരുത്തുവാനുള്ള അന്തസ്സായ പാര്‍ട്ടിത്തം ഒരുപാട് പേര്‍ സമസ്ത പ്രതീക്ഷകളുമര്‍പ്പിച്ച ജീവനര്‍പ്പിച്ച ആ പ്രസ്ഥാനത്തിനുണ്ടാവട്ടെ..

  വായിയ്ക്കാന്‍ വൈകിപ്പോയി.

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..