Sunday, June 17, 2012

അപ്പനോ മകനോ ബുദ്ധി

ചുമരുകൾ കുത്തിവരച്ചു വൃത്തികേടാക്കാന്‍ തുടങ്ങിയപ്പോഴാണ് അവനു സ്കൂളില്‍ പോകാനുള്ള പ്രായപൂര്‍ത്തിയായി എന്നു സഹധര്‍മ്മിണിക്ക് തോന്നിയത്. അടുത്ത കൊല്ലം ചേര്‍ത്താം എന്നു ഞാന്‍ പറഞ്ഞെങ്കിലും അവനിലെ സര്‍ഗ്ഗവാസന വീണ്ടും വീണ്ടും ചുമരുകളില്‍ മോഡേണ്‍ ആര്‍ട്ടായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ സ്കൂളില്‍ വിട്ടേക്കാം എന്ന തീരുമാനത്തില്‍ ഞാനും എത്തി.


അവനു ഒറ്റ ഡിമാണ്ട് മാത്രമേ ഉള്ളൂ. കളര്‍ പെന്‍സിലും പുതിയ ബേഗും വേണം. അങ്ങിനെ ഭാവിയിലെ "രവിവര്‍മ്മ"യെയും കൂട്ടി ഞങ്ങള്‍ സ്കൂളിൽ ചെന്നു. സ്കൂളും പരിസരവും ആശാന് പിടിച്ചെന്നു തോന്നുന്നു. ഞങ്ങള്‍ അഡ്മിഷന്‍ പ്രക്രിയയിലേക്ക് കടക്കുമ്പോള്‍ അവന്‍ സ്കൂള്‍ മുറ്റത്തെ ഊഞ്ഞാലില്‍ ഇരുന്നു ഭാവിയിലെ തന്‍റെ ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കുകയായിരുന്നു. അവനെ പിടികൂടി തിരിച്ചു വീട്ടിലേക്കു പോരുമ്പോള്‍ ഞാന്‍ ചോദിച്ചു.

>>മോന് സ്കൂള്‍ ഇഷ്ടപ്പെട്ടോ..?
>>ഉം... ഊഞ്ഞാല് നല്ല രസണ്ട് ...
>>ഊഞ്ഞാലല്ല. സ്കൂള് തുറന്നാല്‍ ക്ലാസില്‍ പോയി ഇരിക്കണം.

ഉം..അവന്‍ സമ്മതിച്ചു. പക്ഷെ നേരത്തെ പറഞ്ഞ ഡിമാണ്ടില്‍ ഒരു ഐറ്റംകൂടി ചേര്‍ത്തു. അതായത് ഉപ്പയോ ഉമ്മയോ രണ്ടിലൊരാള്‍ ക്ലാസില്‍ അവനു കൂട്ടിരിക്കണം. അല്ലാതെ സ്കൂളില്‍ പോകമാട്ടെ.

ആദ്യത്തെ രണ്ടു മൂന്നു ദിവസം ആരോമലിന്റെ "സ്കൂള്‍ അങ്കത്തിനു" പെറ്റമ്മ തന്നെ തുണക്കു പോയി. ഉച്ചവരെ അവിടെ ചുറ്റിപ്പറ്റി നിന്നു ഉച്ചക്ക് LKG പരാക്രമം കഴിഞ്ഞു ക്ഷീണിച്ച മകനെയും കൂട്ടി അവള്‍ തിരിച്ചുപോരും. പക്ഷെ അവള്‍ക്കും വേറെ പണികള്‍ ഇല്ലേ. അങ്ങിനെ നാലാം ദിവസം തുണക്കുപോയ പെറ്റമ്മ നേരത്തെ വരുന്നത് കണ്ടു ഞാന്‍ ചോദിച്ചു.

>>എന്തേ നിന്നെ അവന്‍ പിരിച്ചു വിട്ടോ..?
>>അവന്‍ ക്ലാസിലിരിക്കുന്നുണ്ട്‌. കുഴപ്പമൊന്നുമില്ല.
>>എന്നു വെച്ചാല്‍ നീ അവനെ അവിടിട്ടു മുങ്ങി, അല്ലേ.?
>>അവനു പ്രശ്നമൊന്നുമില്ല. ഒക്കെ വേഗം ശീലിക്കും. അവന്‍ എന്‍റെ മോനാ...
അവള്‍ അഭിമാനപൂര്‍വ്വം അടുക്കളയിലേക്കു  പോയി അന്നത്തെ "കഞ്ഞി" യങ്കത്തിനു തുടക്കം കുറിച്ചു. അപ്പോള്‍ ഇന്നത്തെ ഉച്ച ഭക്ഷണം ഓണ്‍ ടൈം !!

അല്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.
"ഹലോ" ഞാന്‍ ഫോണ്‍ എടുത്തു.

>>ആരാ ??? അടുക്കളയില്‍ നിന്നും അവള്‍ വിളിച്ചു ചോദിച്ചു.
 >>എടീ...നമ്മുടെ രവിവര്‍മ്മ സ്കൂളില്‍ കരഞ്ഞു ബഹളമുണ്ടാകുന്നു. പോയി കൂട്ടിക്കൊണ്ടു വരാന്‍.

>>പടച്ചോനെ..ഇന്റെ കുട്ടി. ഇങ്ങള് ഒന്ന് പോയി കൂട്ടിക്കൊണ്ടു വാ....
>>ഒക്കെ പെട്ടെന്ന് ശീലമാക്കുന്ന നിന്‍റെ മോനല്ലേ. ഈ കരച്ചിലും അങ്ങ് ശീലമായിക്കോളും.
 >>നിങ്ങള് അതുമിതും പറഞ്ഞു നില്‍ക്കാതെ വേഗം ചെല്ലൂ....

പരുന്തിനെ കണ്ട തള്ളക്കോഴിയെപ്പോലെ അവളെന്നെ നോക്കുന്നത് കണ്ടപ്പോ ഞാന്‍ അറിയാതെ ബൈക്കിന്റെ ചാവി എടുത്തുപോയി. സമാധാനപരമായ കുടുംബജീവിതത്തിനു അനുസരണശീലം വളരെ വളരെ അത്യാവശ്യമാണല്ലോ.

സ്കൂളില്‍ ചെന്നപ്പോള്‍ ആരോമല്‍ ഫുള്‍ വോള്യത്തില്‍ തന്നെ കരയുന്നു. കൂടെ ക്ലാസിലുള്ള മറ്റു ചില ചേകവന്മാരും ഉണ്ണിയാര്‍ച്ചകളുമൊക്കെ അവനു കോറസ് പാടുന്നുണ്ട്. അങ്ങിനെ അന്നത്തെ പഠനം അവസാനിപ്പിച്ചു. ഇങ്ങിനെ പോയാല്‍ ഇവന്റെ ഭാവി എന്താകും എന്ന കൂലങ്കുഷമായ ചിന്തയിലായിരുന്നു അന്ന് രാത്രി ഞങ്ങള്‍. പക്ഷെ അതിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല. അവന്‍ എല്ലാറ്റിനും പരിഹാരം കണ്ടു കഴിഞ്ഞിരുന്നു.

 "ഞാന്‍മ്പോകൂല ഇസ്ക്കോള്ള്" അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം പിറ്റേന്ന് കാലത്ത്  അവന്‍ പ്രഖ്യാപിച്ചു. ഞാന്‍മ്പോകൂല....ഞാന്‍മ്പോകൂല....

മൂന്നാല് ദിവസത്തില്‍ കൂടുതല്‍ പഠിക്കാനുള്ളതൊന്നും സ്കൂളിലില്ലെന്നു അവനു മനസ്സിലായി. പക്ഷെ അവന്‍റെ ഉമ്മക്ക് മനസ്സിലാവണ്ടേ. അവള്‍ ബലപ്രയോഗത്തിലൂടെ അവനെ സ്കൂളിലേക്ക് എഴുന്നള്ളിക്കാനുള്ള പുറപ്പാടിലാണ്. അപ്പോഴേക്കും വീട്ടിലെ വലിയ കാന്‍വാസില്‍ അവന്‍ കളര്‍പെന്‍സില്‍ കൊണ്ട് പുതിയ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയിരുന്നു. ചുമരിലൊക്കെ കളര്‍ വരകള്‍ കൂടി കണ്ടു തുടങ്ങിയതോടെ ഞാന്‍ ഒരു അനുരഞ്ജന ശ്രമം മുന്നോട്ടു വെച്ചു.

>>മോന്റെ കൂടെ ഇനി ഉപ്പ സ്കൂളില്‍ വരാം.
>>മാണ്ട..ഇന്നെ ഇസ്കോളിലാക്കി ഉപ്പ പോകും. ന്ഹും ന്ഹും....
>>ഇല്ല.. ഉറപ്പ് . ഞാന്‍ അവിടെത്തന്നെ നിക്കും. സ്കൂള്‍ വിടുമ്പോ നമുക്ക് ഒന്നിച്ചു പോരാം"

അങ്ങിനെ ആ ഉറപ്പിന്മേല്‍ ഒന്നൂടെ ശ്രമിക്കാന്‍ അവനും തീരുമാനിച്ചു. ഞാന്‍ അവനെ ബൈക്കിലിരുത്തി സ്കൂലെത്തിച്ചു. ബേഗും വെള്ളക്കുപ്പിയും എടുത്തു അവന്‍റെ കൈ പിടിച്ചു ക്ലാസിലേക്ക് നടക്കുമ്പോള്‍ കൈക്ക് പെട്ടെന്ന് ഒരു ഭാരം. മറ്റൊന്നുമല്ല.  ചെക്കന്‍ സഡന്‍ ബ്രേക്ക് ഇട്ടിരിക്കുന്നു.

ഇനി ഒരടി മുന്നോട്ടു വെക്കണമെങ്കില്‍ ബൈക്കിന്റെ ചാവി അവനു കിട്ടണം.
ഞാന്‍ എങ്ങും പോകില്ല എന്നതിന് ഒരു ഉറപ്പു. അല്ലാതെ എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാവില്ല. അവന്‍ റിവേര്‍സ് ഗിയറും ഇട്ടു.  അങ്ങിനെ ഞാന്‍ ബൈക്കിന്റെ   ചാവി അവന്‍റെ കയ്യില്‍ കൊടുത്തു.  ഈ "ആയുധ കൈമാറ്റം" വീക്ഷിച്ചുകൊണ്ടിരുന്ന ടീച്ചര്‍ പറഞ്ഞു.

>>നിങ്ങളുടെ മകന് നിങ്ങളെക്കാള്‍ ബുദ്ധി ഉണ്ട്. അവനെ പറ്റിച്ചു പോകാമെന്ന് കരുതണ്ടാ..

>>ടീച്ചറേ..എന്തായാലും ഞാന്‍ അവന്‍റെ ഉപ്പയല്ലേ. അപ്പൊ അവനെക്കാള്‍ എനിക്ക് ബുദ്ധി കൂടും. ഇതു കണ്ടോ ?. അവന്‍റെ കയ്യില്‍ കൊടുത്തത് ഡ്യൂപ്ലിക്കേറ്റ്‌ കീ-യാ.  ഒറിജിനല്‍ എന്‍റെ കയ്യിലുണ്ട്.

ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പോരുമ്പോള്‍ ടീച്ചര്‍ വരാന്തയില്‍ വന്നു അന്തം വിട്ടു നോക്കുന്നുണ്ടായിരുന്നു. അവരപ്പോള്‍ ചിന്തിച്ചത് എന്താണാവോ ?. "അപ്പനോ അതോ മകനോ കൂടുതല്‍ ബുദ്ധി" എന്നാകുമോ ?..എന്തോ.


----------------------------<>-------------------------------

104 comments:

 1. മോനെ സ്കൂളില്‍ ചേര്‍ത്തപ്പോഴുണ്ടായ രസകരമായ ചില മുഹൂര്‍ത്തങ്ങള്‍ ഇവിടെ എഴുതി എന്നു മാത്രം. എല്ലാവരുടെയും ആദ്യത്തെ സ്കൂള്‍ പോക്ക് ഇങ്ങിനെയൊക്കെ തന്നെ ആവാം അല്ലേ.

  ReplyDelete
 2. സംഗതി ജോറായി ഇക്കാ. വളറെ രസായി പറഞ്ഞു. ഇപ്പൊ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു രാവിലെ 'ആ' കമന്റുകൾ ഇക്ക ഇടാനുണ്ടായ മാനസികാവസ്ഥ. നല്ല രസകരമായി എഴുതി,അഭിനന്ദനങ്ങൾ ഇക്കാ. ആശംസകൾ.

  ReplyDelete
 3. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്റ്റത്??!!

  ഹ ഹ ! കൊള്ളാം...

  ReplyDelete
 4. അക്ബരിനോട് എന്റെ മോനെ സ്കൂളില്‍ ചേര്‍ത്ത കഥ ഞാന്‍ പറഞ്ഞിട്ടില്ലയിരുന്നല്ലോ...പിന്നെ എങ്ങനെ ..........
  നല്ല അവതരണം.

  ReplyDelete
 5. ബുദ്ധി മകന് തന്നെ ,കുബുദ്ധി ഉപ്പക്കും ..

  ReplyDelete
 6. ഹഹഹാ....രസകരമായിരിയ്ക്കുന്നു ട്ടൊ..
  ടിന്‍റു മോനേയും അവന്‍റെ ഉമ്മയേയും ഉപ്പയേയും എല്ലാം ഒരുമിച്ച് ആസ്വാദിച്ചു.
  പത്തുമുപ്പത് ടിന്‍റുമോന്മാരെ ഒരുമിച്ച് മേയ്ക്കുന്ന ടീച്ചര്‍ അങ്ങനെ അങ്ങ് അന്തം വിട്ടു നിന്നിട്ടുണ്ടാകും എന്ന് വിശ്വസിയ്ക്കണ്ടാ ട്ടൊ..
  അവരും ബ്ലൊഗ് ഇട്ടിരിയ്ക്കുമോ എന്തോ.. :)  ഇവിടെ ഒരു KG സ്റ്റുഡന്‍റില്‍ നിന്ന് ഇത്തരം ശാഠ്യങ്ങള്‍ ഒരു ടീച്ചര്‍ക്ക് ഉണ്ടാകാനുള്ള ഇട വരുന്നതേ ഇല്ല..
  അതിനു കാരണം ഒന്നൊന്നര വയസ്സു മുതല്ക്കു തന്നെ ഡേ കെയര്‍ എന്നും പ്ലെ സ്ക്കൂള്‍ എന്നും പറഞ്ഞ് ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ അവരെ അകറ്റി നിര്‍ത്തുന്നു എന്നതു തന്നെ..
  അതുകൊണ്ട് KG എത്തുമ്പോഴേയ്കും കുഞ്ഞുങ്ങള്‍ക്ക് ഭയങ്കര മെച്യൂരിറ്റിയാ..:(

  ReplyDelete
 7. ഹ ഹ ഹ കൊള്ളാല്ലോ ...!!
  ഇനി മോന്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങട്ടു എന്നിട്ട് പറയാം ആര്‍ക്കാണ് ബുദ്ധി എന്ന് ..!!

  ReplyDelete
 8. അപ്പനും കൊഴപ്പല്ല്യ , മോനും കൊഴപ്പല്ല്യ..
  ഇത് ചെറുപ്പത്തിലെ കാര്യം. ഇപ്പോഴോ..?

  ReplyDelete
 9. അപ്പനും മകനുമല്ല ബുദ്ധി ഏതു കീ ഇട്ടാലും ആ ബൈക്ക്‌ സ്റ്റാര്‍ട്ട് ആവും എന്ന് കണ്ടു പിടിച്ച മെക്കാനിക്ക്‌ രാജാനാ !!!

  ReplyDelete
 10. അല്ലെങ്കിലും പിള്ളാരോടാ കളി..അതൊക്കെ അന്തകാലം.
  ഒരു പറ്റൊക്കെ ഏതു പിള്ളാര്‍ക്കും പറ്റും.
  നാളെ കാണിച്ചു തരാം....

  ReplyDelete
 11. മകന്‍ മനസ്സില്‍ കണ്ടത് അപ്പന്‍ മാനത്തു കണ്ടു അല്ലെ.
  സാധാരണ നിലക്ക് എല്ലാവരും കടന്നു പോവുന്ന ഒരു ബാല്യകാല സ്മരണ അസാധാരണ നര്‍മ്മ
  ബോധത്തോടെ അവതരിപ്പിച്ചു. അത് മകന്റെ സ്കൂള്‍
  പ്രവേശന ചിത്രത്തിലൂടെയായപ്പോള്‍ അവതരണത്തിനു
  മികവു കൂടി.

  ReplyDelete
 12. ഈ കഥയിലെ മോന്റെ വേര്‍ഷന്‍ കൂടി കേട്ടിട്ട് തീരുമാനിക്കാം കേട്ടോ ആര്‍ക്കാണ് ബുദ്ധിയെന്ന്. പോക്ക് കണ്ടിട്ട് ജ്മയ്ന്ിക്കുന്ന ലക്ഷണമുണ്ട്.

  ReplyDelete
 13. ശരിക്കും ഉള്ളതാണോ....

  പഴയകാലത്തെ കുട്ടികളേക്കാളും ഇത്തരം കാര്യങ്ങളിലൊക്കെ ഇപ്പോഴത്തെ കുട്ടികൾ പ്രോഗ്രസീവ് ആണെന്നു തോന്നുന്നു. സ്കൂളിനോടൊന്നും ഇപ്പോഴത്തെ കുട്ടികൾക്ക് അത്ര വെറുപ്പൊന്നുമില്ല.. നല്ല ശതമാനം കുട്ടികൾക്കും സ്കൂളിനെ സ്നേഹവുമാണ്.... ടീച്ചറുടെ കാര്യം പറഞ്ഞാല്‍ - ഇവിടെ പറഞ്ഞ രീതിയിലായിരിക്കില്ല... അദ്ധ്യാപകര്‍ ഓരോ ദിവസവും അതിബുദ്ധിമാന്മാരായ പിതാക്കന്മാരെയും അവരേക്കാളും വിളഞ്ഞ കുട്ടികളേയും എത്ര കാണുന്നതാ....

  നന്നായി എഴുതി......

  ReplyDelete
 14. ഹ ഹ ഹ, ഉപ്പ രക്ഷപ്പെട്ടു എന്ന് വിചാരിക്കേണ്ട മുന്‍പോട്ടുള്ള പാതയില്‍ എവിടെയെങ്കിലും വെച്ച് മകന്‍ കാല്‍ വെച്ച് തള്ളിയിടുന്നത് കരുതിയിരിക്കണം. ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയുണ്ട്. പിറ്റേ ദിവസം സ്കൂളില്‍ പോകാന്‍ അവനെ കിട്ടിയോ? അന്ന് ബാക്കി ദിവസം അവന്‍ കരയാതെ നിന്നോ? താക്കോലുണ്ടെങ്കിലും ഉപ്പയെങ്ങാന്‍ തടിയെടുത്തു കാണുമോ എന്ന് അവന്‍ ഒരിക്കല്‍പോലും രംഗനിരീക്ഷണം നടത്തിയില്ലേ?
  പതിവുപോലെ, ഞാന്‍ വായിക്കുന്നത് നോക്കിയിരുന്ന എന്‍റെ കൂട്ടുകാരന്‍ എന്നെ നോക്കി "എന്താ കാക്കാ പിരാന്തന്മാരെ പോലെ വെറുതെ ചിരിക്കണത്" എന്ന് ചോദിക്കുന്നു. ആശംസകള്‍.

  ReplyDelete
 15. ഹി ഹി.. ഇത് കലക്കി. എന്‍റെ ഉമ്മയും ബാപ്പയും ഒക്കെ ഞാനും എന്‍റെ അനിയനും കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ പറഞ്ഞു ചിരിക്കാറുണ്ട്.

  ReplyDelete
 16. അണ്ണാൻ കുഞ്ഞും തന്നാൽ ആയതു...നല്ല പോസ്റ്റ്...

  ReplyDelete
 17. അങ്ങനെ ബാപ്പ പാട്ടും പാടി ബൈക്കില്‍ അങ്ങാടിയില്‍ പോയി മീനും വാങ്ങി വീട്ടിലെത്തിയപ്പോള്‍ മകനതാ അടുക്കളയില്‍ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്നു!!

  ReplyDelete
 18. ചാണക്യൻ...!!!!! കലക്കി ചേകവർ ചരിതം.. :) :)

  ReplyDelete
 19. തുടങ്ങിയതല്ലെയുള്ളു, ഇനിയും ബുദ്ധികാണിക്കാൻ അവസരങ്ങൾ ധാരാളം,,,

  ReplyDelete
 20. പഴ ആ സ്കൂള്‍ ആരംഭ കാലത്തേക്ക് ഓര്‍മകളെ കൊണ്ട് പോയി ഈ രസകരമായ അവതരണം...

  ReplyDelete
 21. അക്‌ബറെ ഇതോന്നും ഒന്നുമായില്ല.
  കേട്ടിട്ടില്ലേ അമ്പലകോണില്‍ കടിച്ചേ ഉള്ളു
  അമ്പലം മുഴുവന്‍ ബാക്കിയാ...

  ReplyDelete
 22. "അപ്പനോ അതോ മകനോ കൂടുതല്‍ ബുദ്ധി" എന്തോ.?..

  ReplyDelete
 23. അങ്ങനെ കുട്ട്യേ പറ്റിച്ചു!

  ReplyDelete
 24. ബാപ്പയാരാ മോന്‍ !!! പിന്നെ ആരിഫ്ക്കയുടെ ചോദ്യങ്ങളുടെ ഉത്തരം അറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്....ഒരു സെക്കന്റ്‌ പാര്‍ട്ട്‌ പ്രതീക്ഷിക്കാമോ ?

  ReplyDelete
 25. ഹ... ഹാ സ്കൂള്‍ ചരിത്രം നന്നായി എഴുതി.
  ഇത് വായിച്ചപ്പോള്‍ എന്നെ എന്റെ അച്ചന്‍ ആദ്യം സ്കൂളില്‍ വിട്ട കാര്യം ഓര്‍ത്തു. അച്ഛന്റെ റാലി സൈക്കിളിന്റെ മുന്നിലെ കമ്പിയില്‍ ഇരുത്തി ടാര്‍ ചെയ്യാത്ത മെറ്റല്‍ ഇളകി കിടന്ന റോഡിലൂടെ സ്കൂളില്‍ എത്തിച്ചപ്പോഴേക്കും എന്റെ പിന്‍ഭാഗം ഒരു വഴിക്കായിരുന്നു . അച്ഛന്‍ തിരിച്ചു പോകുമ്പോള്‍ ഞാനും കരഞ്ഞു... അച്ഛന്‍ പോയ വേദന കൊണ്ടല്ല ... ചന്തി വേദന കൊണ്ട് ...

  കഥ വളരെ രസമായി പറഞ്ഞു

  ആശംസകള്‍

  ReplyDelete
 26. എന്റെ മോന്‍ ഒരാഴ്ചയാണു പരീക്കുട്ടി കടാപ്പുറത്ത് നടക്കണപോലെ ശോകമൂകനായ് നടന്നത്. എന്നും രാത്രി കിടക്കുമ്പോ പറയും, ഇതെന്തായാലും ഇങ്ങനെ ആയി, ഇനി ഞാന്‍ കോളേജിലൊന്നും പോകൂലാട്ടൊ എന്നു, ഹോസ്റ്റലിലൊന്നും നില്‍ക്കാന്‍ ആകൂ‍ലാ എന്ന്..

  നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍.

  ReplyDelete
 27. ഇത് സീന്‍ ഒന്ന് മാത്രമാണ്. 'പച്ചീസ് സാല്‍ കാ പെഹലെ..' എന്നൊക്കെ പറഞ്ഞ് പറഞ്ഞു ഹിന്ദി സിനിമയില്‍ ഫ്ലാഷ് ബാക്ക് കാണിക്കുന്ന പോലെ. ശരിക്കുള്ള സീനുകള്‍ ഇനി ബാക്കി കിടക്കുകയാണ്. അതിലെ നായകന്‍ മകന്‍ ആയിരിക്കും. ജാഗ്രതൈ..

  ReplyDelete
 28. രസകരമായ അവതരണം... അഭിനന്ദനങ്ങള്‍.

  ReplyDelete
 29. ആള് ടിന്റുമോനാണല്ലൊ.

  കുട്ടിയുടേയും അച്ചന്റെയും ഇടയില് ഈ ഒരു കൊല്ലം പെട്ടുപോയല്ലൊ എന്നാണവരപ്പോൾ ചിന്തിച്ചിരിക്കാ.. :D

  ReplyDelete
 30. അപ്പനോ മോനോ ബുദ്ധി എന്ന് തന്നെയാ ഞാനും ചിന്തിക്കുന്നു...
  രസമായിട്ടുണ്ട്

  ReplyDelete
 31. അപ്പന്റെ മകന്‍ തന്നെ.....അല്ലെങ്കില്‍ മകന്റെ അപ്പന്‍ തന്നെ അല്ലെ?...കൊള്ളാം

  ReplyDelete
 32. കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലും ഭംഗിയായി ചെയ്തു കണ്ടാല്‍ സന്തോഷത്തോടെ അര്‍ബാക്കന്മാര്‍ പറയുന്നൊരു വാക്കുണ്ട്...അന്ത ശൈത്താന്‍ ..!

  ReplyDelete
 33. ഒരോരുത്തരുടേയും
  ജീവിതത്തിലുണ്ടാകുന്ന
  ഈ സൈക്കിളിക്കായ ചരിത്രം
  ഇങ്ങനേ തിരിഞ്ഞുകൊണ്ടേയിരിക്കും അല്ലേ ഭായ്

  ReplyDelete
 34. സംഗതി ജോറായി ...പക്ഷെ എനിക്കൊരു സംശയം
  മോന് ബൈക്കിന്റെ കീയും കൊടുത്തു സ്കൂളിന്റെ മുറ്റത്ത്‌ സമയത്തിനേം പ്രാകി ഇരിക്കുമ്പോ മനസ്സില്‍ തോന്നിയതാണോ ......??
  "" ഒരു ഡ്യൂപ്ലിക്കേറ്റ്‌ കീ ഉണ്ടായിരുന്നെങ്കില്‍ അത് കൊടുത്താ മതിയായിരുന്നു ചെക്കന് ...ഇതിപ്പോ പൊല്ലാപ്പായല്ലോ റബ്ബേ...""എന്ന്
  നമ്മളെ പറ്റി... നമ്മള് പറയുമ്പോ ...നമ്മള് മോശാകരുതല്ലോ എന്ന് കരുതി അതിങ്ങനാക്കിയതാണോ എന്ന് ഒരു സിന്ന ഡൌട്ട് ....
  ചുമ്മാതാണ് കേട്ടോ ഇക്കാ ...ആശംസകള്‍ ഇനിയും എഴുതുക ...:))

  ReplyDelete
 35. മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ലലോ
  തന്തേം കൊള്ളാം മകനും കൊള്ളാം ഹഹഹ

  ReplyDelete
 36. ഹഹഹ ബുദ്ധിമാന്‍ മോന്‍ തന്നെ, അത്ര ചെറു പ്രായത്തില്‍ അങ്ങനെ ചിന്തിച്ചല്ലോ? ആദ്യമായി കുട്ടികളെ സ്കൂളിലേക്കയക്കുമ്പോള്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലാകും മാതാപിതാക്കള്‍ എന്ന് കേട്ടിട്ടുണ്‌ട്‌. ഇതുവരെ നമ്മെ പിരിയാതിരുന്ന അവര്‍ പിരിയും,. അവരുടെ സുരക്ഷിതത്വം, കൂട്ട്‌ കെട്ട്‌ എല്ലാം നമ്മെ ആശങ്കപ്പെടുത്തും. ഞാനും വൈകാതെ അങ്ങനെയുള്ള ഒരു ആശങ്കയിലേക്ക്‌ വഴുതിമാറുമോ എന്ന് ഇപ്പോഴേ ആശങ്കപ്പെട്ട്‌ തുടങ്ങി. കാരണം എന്‌റെ കുട്ടിക്ക്‌ മൂന്ന് വയസായി... :))) ഈ സ്കൂള്‍ ചേര്‍ക്കല്‍ അനുഭവം രസിച്ചു...

  ReplyDelete
 37. വിട്ടു വീട്ടില്‍ പോന്നത് വരെ എഴുതി.
  പ്രതിവിധിയായി അന്ന് രാത്രി അക്ബരിക്കായെ അവന്‍ മുട്ടല്‍ നിര്‍ത്തി ഏത്തം ഇടീച്ചത്, കഥപറയിപ്പിച്ച് പണ്ടാരടക്കിയത്, ഓസില്‍ ഐസ്ക്രീം അടിച്ചത്. ഒക്കെ എഡിറ്റു ചെയ്തു കളഞ്ഞല്ലേ :)

  ReplyDelete
 38. പിന്നെടെങ്ങാനും മോന്‍ ആ കാര്യം മനസ്സിലാകിയോ ആവോ?

  എഴുത്ത് ജോര്‍ ആയി.

  ReplyDelete
 39. ആഹഹ... ഉപ്പയും കൊള്ളാം...മകനും കൊള്ളാം...
  എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല... മകനില്‍ നിന്ന്... അത് കൊണ്ട് എന്റെ വോട്ടു മകനാണ്...
  എഴുത്ത് രസായിട്ടുണ്ട്...

  ReplyDelete
 40. നല്ല രചന.
  LKG പരാക്രമവും,അമ്മയുടെ പിന്‍മാറ്റവും,മകന്‍റെ തല്‍സമയബുദ്ധിയും,അപ്പന്‍റെ
  ദീര്‍ഘവീക്ഷണബുദ്ധിയും അസ്സലായി.
  ആശംസകള്‍

  ReplyDelete
 41. അപ്പനാ അപ്പനാ ബുദ്ധി...:)

  ReplyDelete
 42. രസകരം :))) എന്തായാലും മകനും ഒരു ബ്ലോഗ്ഗര്‍ ആകും ഇക്കാ അത് ഉറപ്പാ

  ReplyDelete
 43. കൊള്ളാം...അപ്പനും,അപ്പനൊത്ത മകനും....അപ്പന്‍റെ ബുദ്ധിയുടെ റൈഞ്ച്‌ കണ്ടു ഫ്ലാറ്റായ ടീച്ചര്‍ക്ക് സ്വാഭാവികമായും തോന്നാവുന്ന ആരാധനയാകണമല്ലോ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഭിനവ രവിവര്‍മ്മയെ പള്ളിക്കൂടത്തില്‍ കൊണ്ടാക്കാന്‍ അപ്പനെ പ്രചോദിപ്പിക്കുക....അത്യന്തം നാടകീയമായ ഒരു ട്വിസ്റ്റിലൂടെ എന്നവണ്ണം തന്തു'വിനെ ഒന്നു നീട്ടിയാലോ.....? സാധ്യതകള്‍ കൈവിടരുതല്ലോ...ഏത്..!?

  ReplyDelete
 44. അക്ബര്‍ ഭായ്, മോനും , ബാപ്പയും , ഉമ്മയും ചേര്‍ന്ന നല്ലൊരു രസക്കൂട്ട്‌...ബുദ്ധി കൂടുതലും ബാപ്പാക്ക് തന്നെ! ഞമ്മള് ഗ്യാരന്റി

  ReplyDelete
 45. ക്ലൈമാക്സില്‍ ഒരു ട്വിസ്റ്റ്‌ : ബാപ്പ രണ്ടാമത്തെ ചാവി കൊണ്ട് ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു . . . . ട്ര്ര്ര്‍ ദ്ര്രര്‍ ബ്ര്ര്ര്ര്‍ . . . ബൈകിന്റെ സൌണ്ട് കേട്ട് എല്‍ കെ ജി യിലുള്ള മോന്റെ യു കെ ജി യിലുള്ള ഗേള്‍ ഫ്രണ്ട് അപകടം മണത്തു . . . ബൈകിന്റെ സൌണ്ടോട് കൂടെ ഐ പാഡില്‍ നിന്നും ഐ ഫോണിലോട്ടു എം എം എസ അയച്ചു . . മോനും ശിങ്കിടികളും watch മാനെ നാരങ്ങ മിടായി വാങ്ങി കൊടുക്കാമെന്നു ഭീഷണി പെടുത്തി ഗേറ്റ് അടപിച്ചു . . ശേഷം ശുഭം ..... മോനാരാ ഞാന്‍
  -----------------------------
  ഹ ഹ ..... അക്ബര്‍ ക്കാ .... കൊള്ളാലോ മോനും ബാപ്പയും .... ഇഷ്ടായി ഒത്തിരി

  ReplyDelete
 46. ബാപ്പയും മകനും പൊരിഞ്ഞ വിത്തുകൾ തന്നെ..

  ReplyDelete
 47. ഒരു പെരുന്തച്ചനും മകനും വായിച്ച പ്രതീതി...ഹഹഹ്....അടിപൊളി...!

  ReplyDelete
 48. ടീച്ചര്‍ ചിന്തിച്ചത് അതൊന്നുമല്ല."ഇയാളിത്ര തിരക്കിട്ട് എങ്ങോട്ടാ? ഒന്നും രണ്ടും പറഞ്ഞു കുറച്ചു നേരമിരിക്കാമായിരുന്നു".ബുദ്ധിയില്ല, കഷ്ടം!

  ReplyDelete
 49. ഞാൻ ഇതു വിശ്വസിയ്ക്കില്ല, അത്ര ബുദ്ധിയൊന്നും ഈ അപ്പനുണ്ടെന്ന് തോന്നുന്നില്ല. ഉച്ച വരെ സ്കൂളിൽ ഇരുന്നു ബോറടിച്ചപ്പോ ഒരു ഡ്യൂപ്ലിക്കേറ്റ് കീയുണ്ടായിരുന്നെങ്കിൽ.........എന്ന് വിചാരിച്ചപ്പോ, പിന്നെ അതെഴുതി പോസ്റ്റാക്കിയപ്പോ.........

  ReplyDelete
 50. ഏപ്രില്‍ ഒന്നായത് കൊണ്ട് ഇന്നലെ വിശ്വസിച്ചില്ല. ഇന്ന അപ്പനെയും മകനെയും നമ്പി!

  ReplyDelete
 51. പോസ്റ്റ് ചെയ്ത ദിവസം കൊള്ളാം. നല്ലൊരു ഏപ്രില്‍ ഫൂള്‍ പോസ്റ്റ് തന്നെ!. പിന്നെ ഇസ്മയില്‍ പറഞ്ഞ പോലെ സംഭവിച്ചിരിക്കാനാണ് സാദ്ധ്യത. എന്റെ മിന്നു മോളെ ഇതു പോലെ ഇതു പോലെ സ്കൂളില്‍ ചേര്‍ത്ത് കുറെ ദിവസം കഴിഞ്ഞ് ഇന്‍ ഇ പോവില്ലെന്നു പ്രഖ്യാപിച്ചു,ഞാനും വഴങ്ങേണ്ടി വന്നു. പിന്നെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ കരയാന്‍ തുടങ്ങി, സ്കൂളില്‍ പോവണമെന്നും പറഞ്ഞു. പിന്നെ പതിവായി പോക്കു തുടങ്ങി.ഡൊണേഷനൊക്കെ കൊടുത്തു ഇംഗ്ലീഷ് മീഡിയത്തില്‍ രണ്ടാം ക്ലാസ്സ് കഴിഞ്ഞ അവളെ വീണ്ടും പഴയ നാടന്‍ സ്കൂളിലേക്ക് തന്നെ പറിച്ചു നടുന്ന ആലോചനയിലാണ് ഞാനിപ്പോള്‍. സ്കൂളിന്റെ നിലവാരം തന്നെ കാരണം.ടീച്ചര്‍ ബോഡില്‍ എഴുതി കൊടുക്കുന്ന പല ഉത്തരങ്ങളും ഞാന്‍ വീണ്ടും തിരുത്തേണ്ടതായി വരുന്നു!.ആരോടെങ്കിലുമായി ഇതിനെ പറ്റി ചര്‍ച്ച ചെയ്താല്‍ അവര്‍ പറയും ഇവര്‍ക്കൊക്കെ കൊടുക്കുന്ന ശമ്പളം വളരെ തുച്ഛമാണെന്ന്...

  ReplyDelete
 52. സമാധാനപരമായ കുടുംബ ജീവിതത്തിനു അനുസരണ ശീലം വളരെ വളരെ അത്യാവശ്യമാണല്ലോ.


  കലക്കി... പുത്യ ജനറേഷനോട് അധികം കളിക്കണ്ടട്ടാ

  ReplyDelete
 53. മണ്ടൂസന്‍ - ആദ്യ വരവിനും കമ്മ്നെന്റിനു നന്ദി മനേഷ്.

  sameer thikkodi - ഹ ഹ അതു പണ്ട്. ഇപ്പൊ തിരിച്ചാ.

  മദീനത്തീ... - എല്ലായിടത്തെയും കഥ ഏതാണ്ട് ഒരു പോലെ തന്നെ അല്ലേ. നന്ദി.

  ഷാജു അത്താണിക്കല്‍ - ഹ ഹ അതേ അതേ.

  സിയാഫ് അബ്ദുള്ഖാ്ദര്‍ - നന്ദി സിയാഫ്. ഇപ്പോഴത്തെ മക്കളോട് അല്പംമ കുബുദ്ധി കാണിച്ചില്ലേല്‍ പിടിച്ചു നില്ക്കാ നാവില്ല.

  വര്ഷി്ണി* വിനോദിനി - ഒന്നര വയസു മുതല്‍ തന്നെ മക്കളെ അകറ്റി നിര്ത്തി യാല്‍ ആ മക്കള്ക്ക് ‌ പിന്നെ അമ്മയേക്കാള്‍ പ്ലേ സ്കൂളിലെ ടീച്ചറോട് ആവും . പിന്നെ സ്കൂളില്‍ അയക്കാനുള്ള ഈ പങ്കപ്പാട് കുറഞ്ഞു കിട്ടും. എന്നാലും അതിത്തിരി കഷ്ടമാണ് അല്ലേ. വായനക്കും അഭിപ്രായം പങ്കു വെച്ചതിനും നന്ദി.

  kochumol(കുങ്കുമം) - ഹ ഹ ഹ അവന്‍ ബ്ലോഗ്‌ തുടങ്ങട്ടെ. അപ്പോള്‍ നോക്കാം.

  മന്സൂmര്‍ ചെറുവാടി - ഇപ്പോഴത്തെ കാര്യം.. എന്നെ വിളിച്ചുണര്ത്തിക ജോലിക്ക് പോകുന്നില്ലേ എന്നു ചോദിക്കും. :)

  ഫൈസല്‍ ബാബു - ഡാ ഡാ...അതു നിന്റെ ബൈക്കിന്റെ കാര്യം. ഹ ഹാ .

  പട്ടേപ്പാടം റാംജി - ഹ ഹ ഹ ശരിയാ. പിള്ളാരുടെ കാര്യം ഒന്നും പറയാന്‍ പറ്റില്ല.

  Salam - നന്ദി സലാം ജി. നമ്മളൊക്കെ ഈ കടമ്പ കടന്നു വന്നവര്‍ തന്നെ. ബാല്യകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ ഈ പോസ്റ്റ് ഉപകരിച്ചു എങ്കില്‍ എനിക്ക് സന്തോഷം

  ajith - ഹ ഹ ഞാന്‍ മുങ്ങി.

  Pradeep Kumar - ഇതു ശരിക്കും ഉണ്ടായത് തന്നെ :). താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. ഇപ്പോഴത്തെ കുട്ടികള്ക്ഹ സ്കൂളില്‍ പോകണമെന്നും പഠിക്കണമെന്നും പണ്ടത്തെ തലമുറയെ അപേക്ഷിച്ച് നല്ല ബോധം ഉണ്ട്. എന്റെ മോന്‍ ആദ്യത്തെ ഏതാനും ദിവസം മാത്രം. പിന്നെ അവന്‍ തന്നെ റെഡി ആയി പോകാന്‍ തുടങ്ങി.

  Arif Zain - ഹ ഹ ഹ നദി ആരിഫ് ജി. മൂന്നാല് ദിവസം കൂടെ കഥ തുടര്ന്ന് . പിന്നെ അവനു മനസ്സിലായി പോകാതെ വേറെ നിവൃത്തിയില്ല എന്നു. :)


  Rashid - ഇപ്പോഴും നിന്നെ കണ്ടാല്‍ അറിയാലോ അന്ന് കാട്ടിക്കൂട്ടിയ പരാക്രമം. :)

  Pradeep paima - അതേ പൈമേ നന്ദി.

  ReplyDelete
 54. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com - അങ്ങിനെ ഒരു ട്വിസ്റ്റിനു ഈ കഥയില്‍ സാദ്ധ്യത ഇല്ലാതില്ല. നല്ല ഭാവന ഇസ്മായില്‍ ഭായി. :)

  Jefu Jailaf - സന്തോഷം ജഫു. നല്ല ആസ്വാദനത്തിനു നന്ദി

  mini//മിനി - അതേ അതേ . ഒരു പാട് കുട്ടികളെ മേക്കുന്ന ടീച്ചര്ക്ക് അറിയാലോ ഇവരുടെ ഒക്കെ കയ്യിലിരിപ്പ് , നന്ദി മിനി ടീച്ചര്‍

  അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ - അതേ അങ്ങിനെയും ഒരു സംഭവം നടന്നു ജബ്ബാര്‍ ജി.

  വഴിപോക്കന്‍ | YK - ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തു എത്തിക്കാനായി എന്നറിഞ്ഞതില്‍ സന്തോഷം പ്രിയ വഴിപോക്കന്‍.

  മാണിക്യം - അതേ അതേ മാണിക്യം. തുടങ്ങിയിട്ടേ ഉള്ളൂ അല്ലേ. :)

  ഉസ്മാന്‍ ഇരിങ്ങാട്ടിരി - അതു ഞാന്‍ അങ്ങോട്ട്‌ ചോദിച്ചതല്ലേ...ഹ ഹ ഹ :)

  മുകിൽ - പിന്നല്ലാതെ .നേരെ വാ നേരെ പോ എന്ന ലൈന്‍ ചിലപ്പോള്‍ ശരിയാകില്ല കുട്ടികളോട്. നന്ദി മുകില്‍

  ഒരു ദുബായിക്കാരന്‍ - സെക്കണ്ട് പാര്ട്ട്ര ഇനി അവന്‍ എഴുതട്ടെ അല്ലേ. നമുക്ക് കാത്തിരിക്കാം ഷജീര്‍ :)

  വേണുഗോപാല്‍ said... >>>അച്ഛന്‍ തിരിച്ചു പോകുമ്പോള്‍ ഞാനും കരഞ്ഞു... അച്ഛന്‍ പോയ വേദന കൊണ്ടല്ല ... ചന്തി വേദന കൊണ്ട് ...<<<

  ഈ കമന്റ് എന്നെ ചിരിപ്പിച്ചു ട്ടൊ വേണുഗോപാല്‍ ji. 

  മുല്ല - ഹ ഹ അതു കൊള്ളാലോ. ഓരോ മല കയറി ഇറങ്ങുന്ന പോലെയാ വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടങ്ങളും. . വായനക്കും അഭിപ്രായത്തിനും നന്ദി.

  റിയാസ് (ചങ്ങാതി) --വളരെ നാളുകള്ക്കു ശേഷം റിയാസ് ഭായിയെ ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.

  Basheer Vallikkunnu --പച്ചീസ് സാല്ക്കെ ബാദ് ക്യാ ഹോ ജായെകാ മാലൂം നഹി ബഷീര്‍ ജി. :)

  ReplyDelete
 55. Rosemary - നന്ദി റോസ് , വന്നതില്‍ , വായിച്ചതില്‍.

  ബെഞ്ചാലി - ടീച്ചര്‍ അങ്ങിനെ ചിന്തിച്ചിരിക്കുമോ. ഏയ്‌ ഇല്ല. ഇല്ല സാദ്ധ്യത ഇല്ല. ..:)

  അഷ്‌റഫ്‌ സല്വസ - നന്ദി അഷ്‌റഫ്‌ സാലവ. എനിക്കും കണ്ഫ്യൂ ഷന്‍ ഉണ്ട്.

  ആചാര്യന്‍ - അതേ അതേ. രണ്ടു പോര്ക്കുംഷ എന്നു പറയൂ.....ഹ ഹ ഹ :)

  ആറങ്ങോട്ടുകര മുഹമ്മദ്‌ - നന്ദി . വായനക്കും ഈ സന്തോഷം പങ്കു വെച്ചതിനും. പിന്നെ “നബീസുവിനു” ശേഷം വേറെ “updates” ഒന്നും കണ്ടില്ലല്ലോ. ആ കഥ പെട്ടി വീണ്ടും തുറക്കൂ ഇക്കാ.

  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം - അതേ മുരളീ ഭായി. ചരിത്രം തലമുറകളിലൂടെ ആവര്ത്തി ച്ചു കൊണ്ടേ ഇരിക്കുന്നു.

  Shaleer Ali - ഹ ഹ നല്ല ചോദ്യം. :) വായനക്കും ഈ ആസ്വാദനത്തിനു നന്ദി ഷലീര്‍ അലി.

  കൊമ്പന്‍ - മത്തന്‍ കുത്തിയാല്‍ പൊട്ടിപ്പോകില്ലേ. :)

  Mohiyudheen MP - അതേ മൊഹി. അതൊരു ത്രില്ല് തന്നെ ആണു. മക്കളെയും കൊണ്ടുള്ള ആദ്യത്തെ സ്കൂളില്‍ പോക്ക്. ആ കരച്ചിലും ബഹളവുമൊക്കെ എന്നും നല്ല ഓര്മ്മ കളായിരിക്കും. ഒക്കെ ആദ്യ മൂന്നാല് ദിവസം മാത്രം. പിന്നെ അവന്‍ താനേ ഓടും സ്കൂളിലേക്ക്.

  ജോസെലെറ്റ്‌ എം ജോസഫ്‌ - ഹ ഹ അതൊക്കെ ആദ്യം കൊടുത്തിട്ടാ അവനെ സ്കൂളില്‍ എത്തിച്ചത്. :)

  പൊട്ടന്‍ - പിന്നെ പിന്നെ അവനു മനസ്സിലായപ്പോഴേക്കും സ്കൂള്‍ പോക്ക് അവന്‍ ശീലിച്ചു കഴിഞ്ഞിരുന്നു. എല്ലാ കുട്ടികളും ഇങ്ങിനെ തന്നെ. വായനക്ക് നന്ദി, അജിത്ത് ഭായി.

  khaadu.. - നന്ദി ട്ടൊ. അവനുള്ള വോട്ടു ഞാന്‍ തന്നെ സ്വീകരിച്ചു. :)

  c.v.thankappan - വളരെ നന്ദി ഈ നല്ല വായനക്കും വാക്കുകള്ക്കും .

  ReplyDelete
 56. ishaqh ഇസ്‌ഹാക് - ഹ ഹ ഹ അല്ല മകനല്ലേ. നന്ദി ഇസ്‌ഹാക് ജി

  shaji sha - ആവട്ടെ. നമുക്ക് വായിക്കാലോ അല്ലേ. നന്ദി കേട്ടോ . അവനു നല്കിലയ ഈ ആശംസക്ക്.

  ashraf meleveetil - അങ്ങിനെ ചില സാദ്ധ്യതകള്‍ ഉണ്ട് അല്ലേ. :) നോക്കാം . നന്ദി അഷ്‌റഫ്‌ ഭായി..

  മുഹമ്മദ്‌ ഷാജി - പിന്നീട് ആലോചിച്ചു ചിരിക്കാന്‍ ഇങ്ങിനെ ചില നര്മ്മയ മു ഹൂര്ത്തദങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും കാണും അല്ലേ ഷാജി.

  YUNUS.COOL - നല്ല ഇമാജിനേഷന്‍ യൂനുസ്. നിന്നെക്കൊണ്ടു ഞാന്‍ തോറ്റു. 

  viddiman നന്ദി. വിഡ്ഢി അല്ലാത്ത വിഡ്ഢിമാന്‍. :)

  ഐക്കരപ്പടിയന്‍ - അനുഭവിച്ച എന്നിക്കെ അറിയൂ ഈ പെരുന്തച്ചന്‍ കളി സലിം ജി.


  Haneefa Mohammed -ഹ ഹ എന്റെി ചിന്ത ആ വഴിക്ക് പോയില്ല. :)


  Echmukutty - സത്യമായിം അല്ല അല്ല, :) എച്ചുമു. . ഇനി അവനോട തന്നെ ചോദിക്കാം അല്ലേ. :)

  M.T Manaf - ഇന്നു ഏപ്രില്‍ രണ്ടു ആയില്ലേ. അപ്പൊ വിശ്വസിക്കാം മനാഫ് ജി. :)

  Mohamedkutty മുഹമ്മദുകുട്ടി- ആദ്യം പോകില്ലെന്ന് പറഞ്ഞു കരഞ്ഞ മിന്നു മോള് പിന്നെ പോകണം എന്നു പറഞ്ഞു കരയാന്‍ തുടങ്ങി അല്ലേ. ഉപ്പ വഴങ്ങി കൊടുത്തപ്പോ മോള് വാശി ഒഴിവാക്കി. കുട്ടികളുടെ കാര്യം ഇതൊക്കെ തന്നെ എവിടെയും. പിന്നെ ഇംഗ്ലീഷ് മീടിയത്തിന്റെ കാര്യം പറഞ്ഞത് ശരിയാ.

  SumeshVasu - അതേ അതേ . വളരെ വളരെ അത്യാവശ്യമാണ്. നന്ദി വായനക്ക്.

  ReplyDelete
 57. അത് പഴയ കഥയല്ലേ അക്ബര്‍ക്കാ .....ഇന്യിപ്പോ ചെക്കന്‍ പുതിയ താക്കോലിടണ്ട.ആധാരപ്പെട്ടി സൂക്ഷിച്ചോ .........

  ReplyDelete
 58. അപ്പോള്‍ ഈ ആഴ്ചതന്നെ ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കണം. അടുത്ത തിങ്കളാണ് ആ ദിനം!

  ReplyDelete
 59. മകന്റെ സ്ക്കൂള്‍ പ്രവേശനം തകര്‍ത്തു മാഷെ.
  അവസാനത്തെ ട്വിസ്റ്റ്‌ ബഹുരസമായി. പുലിമടയില്‍ പിന്നെ പൂച്ചയുണ്ടാവുമോ അല്ലെ.

  അപ്പനും കൊള്ളാം മോനും കൊള്ളാം :) എങ്കിലും മോനൂട്ടന്‍ തന്നെയാണ് താരം.

  ആശംസകള്‍
  satheeshharipad from മഴചിന്തുകള്‍

  ReplyDelete
 60. രസകരമായി പറഞ്ഞു. ആശംസകള്‍

  ReplyDelete
 61. വളരെ നര്‍മ്മത്തില്‍ തന്നെ സ്വന്തം അനുഭവങ്ങള്‍ ഞങ്ങളോട് പങ്കു വയ്ക്കുന്ന അക്ബര്‍ ആളൊരു രസികന്‍ തന്നെ. ഞാനും ഇങ്ങിനെയൊക്കെ ഉള്ള ചില സൂത്രങ്ങള്‍ പ്രയോഗിക്കാറുണ്ട് . ഏതായാലും നന്നായി എഴുതി ഫലിപ്പിച്ചു . അഭിനന്ദനങ്ങള്‍.

  ReplyDelete
 62. നര്‍മ്മം കലക്കി..വായിക്കാന്‍ രസമുണ്ടാരുന്നു..
  സമാധാനപരമായ കുടുംബ ജീവിതത്തിനു അനുസരണ ശീലം വളരെ വളരെ അത്യാവശ്യമാണല്ലോ.." ഈ വരിക്ക് നൂറ് മാര്‍ക്ക് തരാട്ടൊ..ഹ്ഹ്....ചില സത്യങ്ങള്‍ ...
  സ്കൂളില്‍ പോകുമ്പൊ കരയാത്ത കുട്ടികള്‍ ഞങ്ങളേ പോലെ ചിലരേ കാണൂ...രക്ഷിതാക്കള്‍ ജോലി കഴിഞ്ഞ് വരും വരെ അയല് വക്കത്തെ ഏതെങ്കിലും ഒരു വീട്ടില്‍ അഭയം...ആ വീട്ടുകാര്‍ക്ക് കല്യാണമുണ്ടെങ്കില്‍ പോലും അതില്‍ എന്നെയും കൊണ്ട് പോകും...അപ്പൊ സ്കൂളില്‍ പോക്ക് അതിനെക്കാള്‍ രസമേ തോന്നുള്ളൂ...ഇത് പോലെ ആരെങ്കിലും കരയുമ്പൊ കൂടെ കരയുമായിരുന്നത്രെ...അവരെക്കാള്‍ ഉച്ചത്തില്‍..അവര്‍ നിര്‍ത്തിയാ ഇവിടെം നിര്‍ത്തും...മകന്റെ ചരിതം വളരെ രസകരമായി തന്നെ പറയാന്‍ കഴിഞ്ഞിട്ടുണ്ട് കേട്ടൊ..

  ReplyDelete
 63. മോന്‍ ഒരു ഡ്യൂപ്ലിക്കേറ്റ്‌ ബൈക്ക് ഓടിച്ചു വീട്ടില്‍ വരാതിരുന്നാല്‍ കൊള്ളാം..!!!

  ReplyDelete
 64. അപ്പനും മോനും ജോറായിട്ടുണ്ട് കേട്ടോ. ഒരുപാട് ചിരിപ്പിച്ചുവല്ലോ. എന്നാലും മോന് തന്നെയാ ബുദ്ധി. അല്ല. വാപ്പാക്കാ.

  ReplyDelete
 65. ഇസ്മയില്‍ അത്തോളി- ഇനി പുതിയ കഥകള്‍ രചിക്കട്ടെ. വായനക്ക് നന്ദി ഇസ്മായില്‍ ജി.

  ചീരാമുളക് - ഹ ഹ വേണ്ടി വരും. ഒരു ചാവി ഉണ്ടാക്കി വെച്ചോളൂ.

  Satheesh Haripad - വായനക്കും നല്ല വാക്കുകള്ക്കും നന്ദി സതീഷ്‌

  ലീല എം ചന്ദ്രന്‍.. - ഈ വരവിനു നന്ദി

  അമ്പിളി. - ഈ പ്രോല്സാഹത്തിനു നന്ദി അമ്പിളി. മറ്റെന്തെങ്കിലും എഴുതണമെങ്കില്‍ ഭാവന വേണം. അതില്ലാത്തത് കൊണ്ട് അനുഭം ഇങ്ങനെ ഒക്കെ എഴതി നോക്കുന്നു.

  അനശ്വര - കുഞ്ഞു നാളിലേ മാറ്റി നിര്ത്ത പ്പെടുന്ന കുട്ടികള്ക്ക്് സ്കൂളില്‍ പോകാന്‍ പേടി കാണില്ല. അനശ്വര പറഞ്ഞത് സത്യം. അല്പേ സമയമാണെങ്കിലും അമ്മയെ പിരിഞ്ഞിരിക്കുക എന്നതാണ് സ്കൂളിലെ ആദ്യ നാളിലെ കിട്ടിലളുടെ പ്രശ്നം

  Haseen - അങ്ങിനെ ഒരു പേടി ഇല്ലാതില്ല ഹസീന്‍ :)

  ഫാരി സുല്ത്താന - നല്ല വാക്കുകള്ക്കുീ, ഈ ബ്ലോഗിലേക്കുള്ള ആദ്യ വരവിനു എല്ലാം നന്ദി.

  ReplyDelete
 66. ഹ്ഹ്ഹ്ഹ്!!
  പരുന്തിനെ കണ്ട തള്ളക്കോഴി!!!!! (അല്ലാതെ വേറൊരു പ്രയോഗവും ചേരില്ലാ‍ാ‍ാ‍ാ!!!!!)

  രസായിട്ടെഴുതി!

  ReplyDelete
 67. ബെല്ലാത്ത ഫുത്തി ന്നെ.....

  ReplyDelete
 68. അതു കലക്കി, മാഷേ.

  എന്നിട്ട് ഇപ്പോ മോന്റെ മടി എല്ലാം മാറിക്കാണുമല്ലോ അല്ലേ?

  :)

  ReplyDelete
 69. കൊള്ളാലോ..അപ്പനും മോനും..ആശംസകൾ..

  ReplyDelete
 70. ഒക്കെ പെട്ടെന്ന് ശീലമാക്കുന്ന നിന്‍റെ മോനല്ലേ. ഈ കരച്ചിലും അങ്ങ് ശീലമായിക്കോളും...
  ഹഹ.. ശരിക്കും ആസ്വദിച്ചു വായിച്ചു. ഇത്തരം കുട്ടിത്തരങ്ങള്‍ പലതും ഓരോ വീട്ടിലും നടക്കുന്നുണ്ടാവും ല്ലേ.
  എന്‍റെ മോനും ഇതുപോലെ പല വികൃതികളും കാണിച്ചിട്ടുണ്ട്. അതില്‍ ഒന്നിതാ. ഒരു ദിവസം ഹോഎം വര്‍ക്ക്‌ ചെയ്യാന്‍ വലിയ മടി. ചെയ്തിട്ട് കളിയ്ക്കാന്‍ പോയാല്‍ മതിയെന്നും പറഞ്ഞ് ഞാന്‍ അടുക്കളയില്‍ പോയി. റെയില്‍വേ സ്റ്റേഷനെ കുറിച്ച് മൂന്ന് വാചകങ്ങള്‍ എഴുതാനായിരുന്നു. ഞാന്‍ വന്നു നോക്കുമ്പോള്‍ അവന്‍ മിടുക്കനായ്‌ എഴുതി വെച്ചിട്ട് കളിയ്ക്കാന്‍ പോയി.. എഴുതിയത് ഇങ്ങനെ...
  My father is a porter.
  My mother is a porter.
  My sister is a porter..
  ആ കടലാസ്സ്‌ ഞാനിന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്....:))

  ReplyDelete
 71. nice work.
  welcometo my blog

  blosomdreams.blogspot.com
  comment, follow and support me.

  ReplyDelete
 72. ഹ്ഹ്ഹ്ഹ്ഹ് അച്ഛനു പറ്റിയ മകൻ...അല്ല മകനു പറ്റിയ അച്ഛൻ..കൊള്ളാം ട്ടോ..

  ഒരു ഇടവേളയ്ക്ക് ശേഷം വന്നതുകൊണ്ട് പല പോസ്റ്റ്സും കാണാൻ പറ്റീട്ടില്യാ വരാം ട്ടോ.. :)

  ReplyDelete
 73. അച്ഛനും മോനും കൊള്ളാല്ലോ.. :)

  ReplyDelete
 74. പോസ്റ്റിലെ അത്ഭുതപ്പെടുത്തുന്ന നര്‍മ്മവും.. ശേഷം, കമന്റ്‌ കോളത്തിലെ ചിരിയൊച്ചകളും ചേര്‍ന്ന് വായന രസം നല്‍കി.
  ഈ 'രസനീയത' തന്നെയാണ് എഴുത്തിന്റെ വിജയവും. പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയം.. ഏറിയ കൂറും ആളുകള്‍ക്കും പരിചിതമെങ്കിലും അപ്പനോ മോനോ എന്ന ചോദ്യത്തില്‍ കുഴങ്ങി വ്യത്യസ്തം എന്ന് പറയാം. പിന്നെ, പോസ്റ്റിലെ ചോദ്യം എന്നോടാകുമ്പോള്‍ ഉത്തരം മകനെന്നാണ്. കാരണം, അവന്റെ ആറു വയസ്സിനുള്ളില്‍ അവനിത്രയും ചെയ്യാന്‍ സാധിക്കുന്നുവെങ്കില്‍ അവന്റെ ഉപ്പയായ താങ്കളേക്കാള്‍ കേമന്‍ അവന്‍ തന്നെ..! ആകയാല്‍, ഈ മത്സരത്തില്‍ താങ്കള്‍ ദയനീയമായി പരാജയപ്പെട്ട വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

  ReplyDelete
 75. ഈ കൊല്ലം എന്റെ രണ്ടെണ്ണത്തിനെയും സ്കൂളില്‍ പിടിച്ചിരുത്തണം എന്ന് അതിയായ ആഗ്രഹമുണ്ട് ...യാ അല്ലാഹ് എത്ര ഡ്യൂപ്ലിക്കേറ്റ്‌ ചാവി ഞാന്‍ അടിപ്പിക്കേണ്ടി വരുമോ ആവോ ???????????എന്തായാലും ഈ ബുദ്ധി പറഞ്ഞുതന്ന അക്ബര്‍ക്കക്ക് നന്ദി !!!
  നര്‍മം കൊള്ളാട്ടോ ..ചിരിപ്പിച്ചു ..
  ആശംസകള്‍ ..സ്നേഹത്തോടെ സോനെറ്റ്

  ReplyDelete
 76. നല്ല രചന.. ഒരു കഥയേക്കാള് രസകരം.. ഇനിയിപ്പോ നാളെ അവനെയെങ്ങിനെ പറ്റിയ്ക്കും?

  ReplyDelete
 77. എന്തായാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്....?

  മത്ത കുത്തിയാ കുമ്പളം മുളക്കില്ലല്ലോ...?

  അല്ലേ അതല്ലെ അതിന്റെ ഒരു ഇത്....?

  ReplyDelete
 78. വളരെ രസകരമായി പറഞ്ഞു. അഛനൊ മോനോ ബുദ്ധി എന്നു ചോദിച്ചാൽ ‘അണ്ടിയാണൊ മാവാണൊ മൂത്തത്’ എന്നു ചോദിക്കുന്നതു പോലെ ആയിപ്പോകും...!! ആശംസകൾ..

  ReplyDelete
 79. മോന്‍ ബ്ലോഗെഴുത്ത് തുടങ്ങി ആദ്യത്തെ സ്കൂളില്‍ പോക്ക് 'ഉപ്പാനെ പറ്റിച്ച കഥ' എന്നതു വായിക്കട്ടെ എന്നിട്ട് പറയാം ആര്‍ക്കാ പുദ്ധി എന്ന് ...

  ReplyDelete
 80. മോന്‍ ബ്ലോഗെഴുത്ത് തുടങ്ങി ആദ്യത്തെ സ്കൂളില്‍ പോക്ക് 'ഉപ്പാനെ പറ്റിച്ച കഥ' എന്നതു വായിക്കട്ടെ എന്നിട്ട് പറയാം ആര്‍ക്കാ പുദ്ധി എന്ന് ...

  ReplyDelete
 81. അപ്പനും മോനും ആള് പുലി തന്നെ..!!

  ReplyDelete
 82. അദ്ദേന്നെ... ബാപ്പയാരാ മോന്‍ !!

  ReplyDelete
 83. പലതവണ ഈ അപ്പനെയും മോനെയും വന്നു കണ്ടിട്ടും ഒരു കമന്റ്‌ എഴുതാന്‍ ബ്ലോഗ്ഗര്‍ അനുവദിച്ചത് ഇപ്പോള്‍ മാത്രമാണ്... :)

  ReplyDelete
 84. rasakaramayi..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane............

  ReplyDelete
 85. ആ ഡ്യൂപ്ലിക്കറ്റ്‌ കീ കയ്യില്‍ കരുതനുണ്ടായ ചേതോവികാരം എന്തായിരുന്നു. :)

  ReplyDelete
 86. മിക്ക രക്ഷിതാക്കൾക്കും മക്കളെ സ്കൂളിൽ ചേർക്കുമ്പോൾ ഇങ്ങനെയൊരു കഥയുണ്ടാവും. ഇവിടെ അക്ബർ വളരെ രസകരമായി അതവതരിപ്പിച്ചു.
  ആശംസകൾ !

  ReplyDelete
 87. മൂന്നാല് ദിവസത്തില്‍ കൂടുതല്‍ പഠിക്കാനുള്ളതൊന്നും സ്കൂളിലില്ലെന്നു അവനു മനസ്സിലായി. അപ്പനും അമ്മയും ഇത് മനസ്സിലാക്കുന്നില്ല .

  വളരെ രസകരം. വായിക്കുവാന്‍ തോന്നിപ്പിക്കുന്ന വരികള്‍ . നൂറ് ആശംസകള്‍ .

  ReplyDelete
 88. വായിച്ചു തുടങ്ങിയപ്പോള്‍ D.P.E.Pആണോ എന്നൊരു തോന്നലുണ്ടായി.അങ്ങിനെയല്ലെന്നു വായനാന്ത്യം.നല്ല അവതരണം.മുഷിയില്ല.അഭിനന്ദനങ്ങള്‍ അക് ബര്‍ -ഈ ചാലിയാര്‍ തെളിമക്ക്.

  ReplyDelete
 89. പ്രിയപ്പെട്ട അക്ബര്‍,
  മോന്റെ സ്കൂളിലെ പ്രവേശനോത്സവം അപ്പോള്‍ കേമമായില്ലേ?
  മനോഹരമായി മോന്റെ സ്കൂള്‍ ജീവിതത്തിലെ ആദ്യദിനങ്ങള്‍ രസകരമായി എഴുതിയതിനു, അഭിനന്ദനങ്ങള്‍!
  വാപ്പ മനസ്സില്‍ കാണുന്നതിനു മുന്‍പേ, മോന്‍ മരത്തില്‍ കാണുന്നുണ്ടല്ലോ...!
  എന്തായാലും, ചിത്രരചന മുന്നോട്ടു പോകട്ടെ.! കളിക്കുടുക്ക വാങ്ങിക്കൊടുക്കുന്നുണ്ടല്ലോ?
  സസ്നേഹം,
  അനു

  ReplyDelete
 90. ഹ ഹ ഹ അത് കൊള്ളാം !ഇങ്ങനെയാവും എന്നെയൊക്കെ നേരത്തെ സ്കൂളില്‍ ചേര്‍ത്തത്..

  ReplyDelete
 91. ഹ ഹ ഹ അത് കൊള്ളാം !ഇങ്ങനെയാവും എന്നെയൊക്കെ നേരത്തെ സ്കൂളില്‍ ചേര്‍ത്തത്..

  ReplyDelete
 92. ന്റെ അമ്മൂന് 3 വയസ്സു കഴിഞ്ഞു,ദാ ഇപ്പോ തൊട്ടടുത്തുള്ള അംഗന്‍ വാടിയിലാക്കി. ചില രസമുള്ള സംഭവങ്ങള്‍ എനിക്കും കിട്ടി..!
  അതവിടെ നിക്കട്ടെ,
  പ്ലാമ്മൂട്ടുകാരുടെ കയ്യാലചാടിക്കടന്ന്,ഉപ്പാനെക്കാള്‍മുന്‍പ് മോന്‍ വീട്ടിലെത്താഞ്ഞതില്‍ ആശ്വസിക്കാം.! പണ്ട് പണ്ട്.. ഞാനങ്ങനെ ഒരിക്കല്‍ ചെയ്താര്‍ന്നു..!!!

  ReplyDelete
 93. നല്ല അനുഭവം. ഇഷ്ടപ്പെട്ടു.

  ReplyDelete
 94. This comment has been removed by the author.

  ReplyDelete
 95. കൊടിത്തൂവ (nettle plant) നോക്കി മുമ്പ്‌ ആരോ പറഞ്ഞതാണ്‌ പെട്ടെന്ന്‌ ഓമ്മിച്ചു പോയത്‌:
  "ഈ വൃക്ഷം വൃക്ഷമാകുമ്പോള്‍ ഈ ലോകം ഭസ്മമായിടും."
  രസക്കയര്‍ പൊട്ടിക്കാതെ അക്ബര്‍ സംഭവങ്ങള്‍ നിരത്തിവെച്ചു, ഇടയ്ക്ക്‌ കയറി ചോദിക്കാനിടതരാതെ ഞങ്ങളെ ചിരിപ്പിച്ച്‌ ഇരുത്താന്‍ ശ്രമിച്ചത്‌ ഒരളവില്‍ വിജയിച്ചു.
  Abysmal evolution of this rising generation indeed is phenomenal!

  ReplyDelete
 96. പിതാവും കൊള്ളാം പുത്രനും കൊള്ളാം പോസ്റ്റും കൊള്ളാം.. എല്ലാരും കൂടി മനുഷ്യനെ വെറുതെ ചിരിപ്പാകാനായി ഇറങ്ങിയിരിക്കുകയാ അല്ലെ..

  ReplyDelete
 97. achaneyum, makaneyum ishtappettu. achanaaraa mon. ethu vaayichu njaan othii chirichu. paavam makan. appan killaadi thanne. sammadhichu. aashamsakal appanalla. makanu

  ReplyDelete
 98. ഇക്കായുടെ മോളെ അംഗനവാടിയില്‍ കൊണ്ടാക്കാന്‍ ഞാനും ഒരുപാട് നമ്പറുകള്‍ ഇറക്കാറുണ്ട്. അത് ഓര്‍ത്തുപോയി.

  ബൈക്കിന്റെ സ്പീഡ് കണ്ടിട്ട് 'മൂപ്പര് ഗള്‍ഫുകാരന്‍ തന്നെ...' എന്നാകും ടീച്ചര്‍ ചിന്തിച്ചത്

  ReplyDelete
 99. @-**നിശാസുരഭി ഹ്ഹ്ഹ്ഹ്!!
  അതേ. അവളുടെ അപ്പോഴത്തെ ഭാവം കണ്ടപ്പോള്‍ എനിക്ക് അങ്ങിനെ തന്നെയാ തോന്നിയത്. :)

  @-Areekkodan | അരീക്കോടന്‍ - ഹ ഹ ഹല്ലാ പിന്നെ.

  @-ശ്രീ - വായനക്കും അഭിപ്രായത്തിനും നന്ദി ശ്രീ...

  @-റിഷ് സിമെന്തി - വളരെ നന്ദി.

  @-കാടോടിക്കാറ്റ്‌ - ഈ കമന്റ് എന്നെ ചിരിപ്പിച്ചു ട്ടൊ :). കുട്ടികളുടെ കുസൃതികള്‍ എപ്പൊഴു ഓര്‍ത്ത്‌ ചിര്‍ക്കാനുള്ള വക അനല്കും.

  @-ARUN RIYAS - thanks അരുണ്‍. തീര്‍ച്ചയായും കാണാം.

  @-സീത* - വന്നു വായിച്ചതില്‍ സന്തോഷം സീത.

  @-Lipi Ranju - ഹ ഹ ഹ സമ്മതിച്ചല്ലോ. :)

  @-നാമൂസ് - നല്ല വാക്കുകള്‍ക്കു വളരെ നന്ദി നമൂസ്. ഒപ്പം എന്‍റെ മോന് നലികിയ ഈ അംഗീകാരത്തിനും.

  @-സൊണറ്റ്- കുട്ടികള്‍ ഈ വര്ഷം സ്കൂളിലേക്ക് പോകുന്നു അല്ലേ. രണ്ടു പേരും മിടുക്കരായി പഠിച്ചു വളരട്ടെ.

  @-ഇലഞ്ഞിപൂക്കള്‍ - കഥയെക്കാള്‍ രസകരം എന്നു കഥാകാരി പറഞ്ഞു കേട്ടപ്പോള്‍ സന്തോഷം

  @-മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് - അതേ, അതാണ്‌ അതിന്‍റെ ഒരു ഇതു:) പ്രിയ റിയാസ് ഭായി, നിങ്ങള്‍ "മലര്‍വാടി" ആയി വേഷം മാറി നടക്കുകയാണ് അല്ലേ

  @-വീ കെ - ഹ ഹ അണ്ടിയാണൊ മാവാണൊ മൂത്തത് എന്നത് എപ്പോഴും ഉത്തരം മുട്ടുന്ന ഒരു ചോദ്യമാണ് :). ഈ വായനക്കും ആശംസകള്‍ക്കും നന്ദി. വി കേ

  @-OAB/ഒഎബി - ഹ ഹ അപ്പോഴേക്കും ഞമ്മള് ബ്ലോഗ്‌ നിര്‍ത്തി പോകില്ലേ ഒഎബി :)

  @-ആയിരങ്ങളില്‍ ഒരുവന്‍ - സമ്മതിച്ചല്ലോ. ഇല്ലെങ്കില്‍ ഞാന്‍ സമ്മതിക്കില്ലല്ലോ. അല്ലേ :)

  @-ശ്രദ്ധേയന്‍ | shradheyan - ഹല്ലാ പിന്നെ. ഞമ്മളടുത്താ അബന്റെ കളി :)

  @-കുഞ്ഞൂസ്(Kunjuss) - വളരെ നന്ദി കുഞ്ഞൂസ് ഈ അപ്പനെയും മോനെയും കണ്ടതില്‍. പിന്നെ വായനക്കും വാക്കുകള്‍ക്കും.

  @-ജയരാജ്‌മുരുക്കുംപുഴ - അതു വായിക്കാം.

  @-sreee - എന്‍റെ നല്ല കാലത്തിനു ഡുപ്ലിക്കെറ്റ് കീ എടുക്കാന്‍ തോന്നി sree.
  ഇങ്ങള് വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിക്കല്ലീന്നും :)

  @-moideen angadimugar - ശരിയാ. കുട്ടികളുടെ ആദ്യത്തെ സ്കൂള്‍ പോക്കിന്റെ കഥ മിക്ക രക്ഷിതാക്കള്‍ക്കും പറയാനുണ്ടാകും.
  രസകരമായ വ്യത്യസ്ഥ അനുഭവങ്ങള്‍.

  @-kanakkoor - സന്തോഷമുണ്ട് ഇതു കേള്‍ക്കാന്‍. ഈ പ്രോത്സാഹനത്തിനു നന്ദി പ്രിയ kanakkoor

  @-Mohammed kutty Irimbiliyam - എഴുത്ത് മുഷിപ്പിച്ചില്ല എന്നറിഞ്ഞതില്‍ വളരെ സന്തോഷം മുഹമ്മദ്‌ കുട്ടി ജി. ഒപ്പം ഈ നല്ല വായനക്കും

  @-anupama - നല്ല ഓര്‍മ്മകള്‍ പൊടി തട്ടി എടുത്തു പങ്കു വെച്ചപ്പോള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

  @-വെള്ളിക്കുളങ്ങരക്കാരന്‍ - ഹ ഹ ഹ ഇതിനേക്കാള്‍ കടുപ്പമായിരിക്കും താങ്കളെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ :)

  @-പ്രഭന്‍ ക്യഷ്ണന്‍ - അപ്പൊ അമ്മു അങ്കം കുറിച്ചു അല്ലേ :). ഇനി അടുത്ത വര്ഷം LKG . അച്ഛനെക്കാള്‍ മിടുക്കി ആവട്ടെ. !

  @-Fayas - സന്തോഷം ഫയാസ്.

  @-V P Gangadharan, Sydney - വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്ന ഈ നല്ല വാക്കുകള്‍ക്കു, വായനക്ക് ഏറെ നന്ദി ഗംഗാധരന്‍ ജി.

  @-aboothi:അബൂതി - എന്നും നമുക്ക് ചിരിക്കാന്‍ കഴിയട്ടെ അബൂതി.

  @-WINGS - എല്ലാം ഓരോ കുസൃതികള്‍. പിന്നീട് ഓര്‍ത്താല്‍ ചിരിക്കാന്‍ വക നല്‍കുന്നത്. വായനക്ക് നന്ദി WINGS

  @-ഷബീര്‍ - തിരിച്ചിലാന്‍ said - ബൈക്കിന്റെ സ്പീഡ് കണ്ടിട്ട് 'മൂപ്പര് ഗള്‍ഫുകാരന്‍ തന്നെ...' എന്നാകും ടീച്ചര്‍ ചിന്തിച്ചത് ""
  .
  ഹ ഹാ..അങ്ങിനെ ചിന്തിക്കാനും സാദ്ധ്യത ഉണ്ട് ഷബീര്‍. അതു ഞാന്‍ ഓര്‍ത്തില്ല. ഈ തിരിചിലാന്റെ ഒരു ഫുദ്ധി:)

  ReplyDelete
 100. ഹഹഹഹ... അതേതായാലും നന്നായി. സ്കൂളില്‍ ചേര്‍ത്താല്‍ ആദ്യത്തെ രണ്ടാഴ്ച കടന്നു കിട്ടാന്‍ മക്കള്‍ക്കും അച്ഛനമ്മമാര്‍ക്കും പ്രയാസം തന്നെയാണേ...

  ReplyDelete
 101. ഒന്നൂടെ വായിച്ചു
  ഇന്നും ചിരിച്ചു

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..