Thursday, July 12, 2012

അബ്ദുറബ്ബും അത്ഭുത വിളക്കുംവിളക്കില്‍ നിന്നും തുടങ്ങാം.  വെളിച്ചമേ നയിച്ചാലും എന്നാണു പറയാറ്. എന്നു വെച്ചു "വെളിച്ചം ദുഖമാണുണ്ണീ..തമസ്സല്ലോ സുഖപ്രദം" എന്നു പറഞ്ഞ കവിയാണ്‌ ആദ്യത്തെ വര്‍ഗീയ വാദി എന്നു പറയാനാവുമോ. മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് എപ്പോഴും കീറാമുട്ടിയാണ് ഈ നിലവിളക്ക്. സ്റ്റേജില്‍ നിലവിളക്ക് കണ്ടാല്‍ അവര്‍ മുഖം തിരിക്കും. എന്താ കാരണം. അതു ഒരു അശുഭ  ലക്ഷണം ആയതു കൊണ്ടാണോ?.

വിളക്ക് മുസ്ലിംകള്‍ക്ക് നിഷിദ്ധമല്ല. അങ്ങിനെ എവിടെയും പറഞ്ഞിട്ടുമില്ല. വൈദ്യുതി  ഇല്ലാത്ത മുസ്ലിം വീടുകളില്‍ ഇപ്പോഴും വിളക്ക് തന്നെയാണ് കത്തിക്കുന്നത്. എന്നു വെച്ചാല്‍ വെളിച്ചം കാണാന്‍ വിളക്ക് കത്തിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ല എന്നര്‍ത്ഥം. എന്നാല്‍ നട്ടുച്ചയ്ക്ക് സ്റ്റേജില്‍ വിളക്ക് കത്തിക്കുന്നത് വെളിച്ചം കാണാനാണ് എന്നു RSS കാര് പോലും പറയാന്‍ ഇടയില്ല. അവിടെയാണ് വിളക്ക് അത്ഭുത വിളക്കാകുന്നത്.

സ്റ്റേജിലെ നിലവിളക്ക്  കത്തിക്കലിനു വെളിച്ചം ഉണ്ടാവുക എന്നതല്ല  ഉദ്ദേശം. വിളക്ക് കത്തിക്കലിലൂടെ ദൈവത്തെ പ്രീതിപ്പെടുത്തുക. അതു വഴി ഐശ്വര്യം കടന്നു വരും എന്ന വിശ്വാസം മാത്രമാണ് അതിനു നിദാനം. അല്ലാത്ത പക്ഷം അത് അതിന്റെ അനുഷ്ഠാന വിധികളോടെ നിര്‍വഹിക്കേണ്ടതില്ലല്ലോ. നിലവിളക്ക് കത്തിച്ചു പൂജകള്‍ ചെയ്യാറുണ്ട്. ക്ഷേത്രാരാധനയുടെ ഭാഗമാണത്‌. .,.  ഇവിടെയാണ്‌ വിശ്വാസപരമായ വിയോജിപ്പ് കടന്നു വരുന്നത്. ഒരു സാധനത്തിനു ഉപയോഗം മാറുമ്പോള്‍ ഉദ്ദേശവും മാറുന്നു. ചുണ്ണാമ്പ് വെറ്റിലയില്‍ തേക്കുമ്പോഴുള്ള ഉപയോഗമല്ല ചുമരില്‍ തേക്കുമ്പോള്‍.  സ്ഥലവും സന്ദര്‍ഭവും മാറുന്നു.  അപ്പോള്‍ ഉപയോഗവും മാറുന്നു.

ഇസ്ലാം മതം ഏകദൈവ വിശ്വാസത്തില്‍ അധിഷ്ടിതമാണ്. അഥവാ അല്ലാഹു ഏകനാണ്. അവനു പങ്കുകാരില്ല. അവനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് മാറ്റൊരു പ്രതീകത്തെയും ആശ്രയിക്കാന്‍ പാടില്ല. അങ്ങിനെ വിശ്വസിച്ചാല്‍ അതു ഏകദൈവ വിശ്വാസമെന്ന ഇസ്ലാം മതത്തിന്റെ അടിത്തറക്ക് എതിരാണ്. അപ്പോള്‍  "ബിംബങ്ങള്‍, കല്ലുകള്‍, വിളക്കുകള്‍,  മണ്മറഞ്ഞു പോയവര്‍, ശവക്കല്ലറകള്‍  ഇത്ത്യാതികള്‍ക്കൊന്നും തന്നെ നിങ്ങളെ സഹായിക്കാന്‍ കഴിയില്ല" എന്നും, "അവകളെ മുന്‍ നിര്‍ത്തിയുള്ള അഭ്യര്‍ഥനകള്‍ ദൈവ കല്പനയ്ക്ക് എതിരാണ് " എന്നും പഠിപ്പിച്ച മതത്തിലെ ആളുകള്‍ക്ക് നിലവിളക്ക് കത്തിക്കല്‍ ഒരു കര്‍മ്മമായി അനുഷ്ടിക്കാന്‍ പ്രയാസമുണ്ടാകും. അതിനു അവരെ നിര്‍ബന്ധിക്കുമ്പോള്‍ അതു ഇന്ത്യന്‍ ഭരണഘടന ഉറപ്പു വരുത്തിയ വിശ്വാസ സ്വാതന്ത്ര്യത്തിനും പൌരാവകാശത്തിനും കടകവിരുദ്ധമാണ്.

മത സൌഹാര്‍ദ്ദം നടപ്പാക്കേണ്ടത് അനുഷ്ഠാനങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു   കൊണ്ടല്ല.  അതു സാദ്ധ്യവുമല്ല. മുസ്ലിം മത സമ്മേളനത്തിലേക്ക്   ക്ഷണിക്കപ്പെടുന്ന അമുസ്ലിംകളോട് പ്രാര്‍ഥനാ സമയത്ത് "നിങ്ങളും നമസ്ക്കാരത്തില്‍  പങ്കെടുക്കൂ.  എന്നാലെ മത സൌഹാര്‍ദ്ദം  ഉണ്ടാകൂ" എന്നു പറഞ്ഞാല്‍ എന്താവും അവസ്ഥ. അതു പോലെ തന്നെയാണ് വിളക്ക് വെച്ചുള്ള പൂജ നടക്കുന്നിടത്ത് അതില്‍ തിരി കത്തിക്കാന്‍ മുസ്ലിം വിശ്വാസിയോട് പറയുമ്പോഴും എന്നു മനസ്സിലാക്കാനുള്ള വിവേകം എന്തെ നമുക്കില്ലാതെ പോകുന്നത് ?.

ആരാധനകള്‍ പരസ്പരം പങ്കിടാതെ തന്നെ മത സൌഹാര്‍ദ്ദം ഉണ്ടാക്കാന്‍ കഴിയണം.   മതങ്ങളില്‍ ഊന്നി നിന്നു കൊണ്ടുള്ള  മനുഷ്യ സൌഹാര്‍ദ്ദമാണ് വേണ്ടത്. ഓരോ മത വിശ്വാസികളുടെയും വിശ്വാസങ്ങളെ ആദരിച്ചും വക വെച്ചുകൊടുത്തുകൊണ്ടും തന്നെ പരസ്പരം സ്നേഹിക്കാന്‍ നമുക്കാവണം.   അതിനു സാധിക്കാതെ വരുമ്പോഴാണ് യഥാര്‍ഥത്തില്‍ വര്‍ഗീയതയും മത വൈരവും ഉണ്ടാകുന്നത്.

പെരുന്നാള്‍ സദ്യയിലേക്ക്‌ നോണ്‍വെജ് കഴിക്കാത്ത ഹിന്ദുസഹോദരങ്ങളെ  ക്ഷണിച്ചു വരുത്തി ഗോമാംസം കഴിക്കാന്‍ പറയുകയോ,   സമൂഹസദ്യയില്‍ പന്നി മാംസം വിളമ്പി മുസ്ലിംകളോടു കഴിക്കാന്‍ പറയുകയോ ചെയ്താല്‍ മത  സൌഹാര്‍ദ്ദം ഉണ്ടാകുമോ?.  പകരം വിശ്വാസപരമായ കാരണങ്ങളാല്‍ കഴിക്കാത്തവര്‍ക്ക്‌ അതു നല്‍കാതെ മാറ്റി നിര്‍ത്തുമ്പോഴല്ലേ യഥാര്‍ത്ഥ സ്നേഹവും  സൌഹാര്‍ദ്ദവും ഉണ്ടാവുക. അത്തരം സന്ദര്‍ഭങ്ങളില്‍ ഇരു കൂട്ടര്‍ക്കും വിയോജിപ്പ് ഇല്ലാത്തതു ചെയ്യുക എന്നതല്ലേ വിവേകമതികള്‍ ചെയ്യേണ്ടത്. 

മുസ്ലിംകളില്‍ കള്ളു കുടിക്കുന്നവരും, കള്ളു കച്ചവടം നടത്തുന്നവരും, പലിശ വാങ്ങുന്നവരും,  തെമ്മാടിത്തം ചെയ്യുന്നവരും കണ്ടേക്കാം. അതവരുടെ കാര്യം.  എന്നാല്‍ ഒരു വിശ്വാസിക്ക് അയാളുടെ മത വിശ്വാസത്തിനു വിരുദ്ധമെന്ന് തോന്നുന്ന  കാര്യം ചെയ്യാതിരിക്കുന്നതിനു എന്താണ് തടസ്സം. ഓരോ പൌരനും അവന്‍റെ മത  വിശ്വാസപ്രകാരം ജീവിക്കാനുള്ള മത സ്വാതന്ത്ര്യം ഭരഘടനാപരമായി ഉറപ്പു വരുത്തിയ രാജ്യത്തല്ലേ നമ്മള്‍ ജീവിക്കുന്നത്. അതു മറന്നു പരസ്പരം വിശ്വാസങ്ങള്‍ അടിച്ചേല്‍പിക്കാന്‍ മെനക്കെടുന്നത് ആരോഗ്യപരമാവില്ല.

അതു പോലെ മന്ത്രിമാര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതും ശരിയല്ല. ഗംഗ സുന്ദരമായ ഒരു പേരാണ്. പേരിലല്ല കാര്യം എന്നു ബഹുമാനപ്പെട്ട മന്ത്രി തിരിച്ചറിയണം. "മല്ലിക" എന്നു ഹിന്ദു പെണ്‍കുട്ടികള്‍ക്ക്  പേരിടുമ്പോള്‍ "ജാസ്മിന്‍" എന്നു മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പേരിടാറുണ്ട്‌. ഭാഷ ഏതായാലും അര്‍ഥം ഒന്ന് തന്നെ അല്ലേ.  അബ്ദുറബ്ബ്  എന്ന പേരിന്റെ അര്‍ഥം അല്ലാഹുവിന്റെ അടിമ അഥവാ "ദൈവദാസന്‍" എന്നല്ലെ. താങ്കള്‍ സര്‍ക്കാര്‍ വീടിനു പേര് മാറ്റി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയത് ശരിയായില്ല എന്നാണു എന്റെ പക്ഷം.  

-----------------------------------------------------------------------------------------------

47 comments:

 1. കാര്യങ്ങളൊക്കെ ശരി തന്നെ... വിശ്വാസാചാരങ്ങൾ പരസ്പരം കൈമാറിക്കൊണ്ട് മത മൈത്രി സാധ്യമാവുകയില്ല എന്നതു തന്നെ എന്റെയും അഭിപ്രായം. അതേ പോലെ പേരിലെ മാറ്റവും അങ്ങിനെ തന്നെ. ഗംഗ എന്ന പേരിൽ എന്തെങ്കിലും disgrace കാണേണ്ട കാര്യമില്ല; അതേ സമയം അത് മാറ്റി വേറെ GRACE എന്നാക്കിയതിനെയും ആ അർഥത്തിൽ തന്നെ കാണാം....

  നന്നായി പറഞ്ഞു...

  ReplyDelete
 2. കൃത്യമായി പറഞ്ഞു. ആദ്യകാലങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നത് കണ്ട് ഞാന്‍ കണ്ഫ്യൂഷനിലായിട്ടുണ്ട്. പിന്നെ പണ്ട് റാം മനോഹര്‍ ലോഹ്യ പറഞ്ഞത് ഓര്‍മ വരും. കേരളത്തിലെ പാര്‍ട്ടികളെ അദ്ദേഹം ഇങ്ങനെ വിലയിരുത്തി. കോണ്‍ഗ്രസ് ക്രിത്യാനികളുടെയും, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഹിന്ദുക്കളുടെയും മുസ്ലിം ലീഗ് മുസ്ലിംകളുടെയും പാര്‍ടിയാണ്. സ്വാഭിവികമായും നിലവിളക്കും നിറപറയുമൊക്കെ പാര്‍ട്ടിയില്‍ ചിഹ്നങ്ങളായി.നന്നായി എഴുതി. ഗംഗ എന്ന പേര് അബ്ദു റബ്ബ് മാറ്റിയതിന് ന്യായീകരണം ഒന്നുമില്ല.

  ReplyDelete
 3. വളരെ നന്നായി. മതേതരം എന്നു വെച്ചാല്‍ മതരഹിതം എന്നല്ലാന്നും അവനവന്റെ മതത്തില്‍ വിശ്വസിക്കുകയും ഒപ്പം മറ്റുള്ള മതങ്ങളോട് ബഹുമാനം കാണിക്കുകയും ആണെന്നും ആര് മനസ്സിലാക്കാന്‍.

  ReplyDelete
 4. ഒരു സാധനത്തിനു ഉപയോഗം മാറുമ്പോള്‍ ഉദ്ദേശവും മാറുന്നു. ചുണ്ണാമ്പ് വെറ്റിലയില്‍ തെക്കുമ്പോഴുള്ള ഉപയോഗമല്ല ചുമരില്‍ തേക്കുമ്പോള്‍. സ്ഥലവും സന്ദര്‍ഭവും മാറുന്നു. അപ്പോള്‍ ഉപയോഗവും മാറുന്നു.
  അതെന്നെ ,, ഇത് മാത്രം മതി ,, നന്നായി പറഞ്ഞു ,,

  ReplyDelete
 5. ഗംഗക്ക് പകരം സിന്ധു ആവാമായിരുന്നു.

  ReplyDelete
 6. പറഞ്ഞ കാര്യങ്ങളില്‍ 100% നാം തമ്മില്‍ യോജിപ്പുണ്ട്‌, സുഹൃത്തേ. "മതമേതായാലും മനുഷ്യന്‍ നാന്നായാല്‍ മതി," എന്ന്‌ നാരായണഗുരു പണ്ട്‌ പറഞ്ഞതു തന്നെ ഈ ലേഖനം കുറുക്കി എടുത്താലും കിട്ടും.
  എല്ലാം ഒരു പദത്തില്‍ ഒതുക്കാം: `വിശാലമനസ്കത.`

  മതിലുകള്‍ തകര്‍ന്നൊടുങ്ങട്ടെ, അക്ബര്‍ക്കാ, തകര്‍ന്നൊടുങ്ങട്ടെ!

  ReplyDelete
 7. കേരളത്തില്‍ സമീപ കാലത്ത് വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ നിരീക്ഷണങ്ങള്‍ ഗൌരവമായ ശ്രദ്ധ അര്‍ഹ്ഹിക്കുന്നു ...


  പൊതു പരിപാടികളില്‍ ഹൈന്ദവ ആചാരങ്ങളുടെ 'മുദ്രകള്‍ 'സ്ഥാപിക്കപ്പെട്ട നമ്മുടെ പൊതു സമൂഹത്തില്‍ അത്തരമൊരു സാഹചര്യത്തില്‍ വളരെ എളുപ്പത്തില്‍ പൊതു പരിപാടികളിലെ 'മത ബിംബങ്ങളെ' ഉള്‍ക്കൊള്ളുവാന്‍ വിസമ്മതിക്കുന്നത്‌ ഹിന്ദു മത വിരോധമായി തെറ്റിദ്ധരിപ്പിക്കുവാന്‍ തല്‍പര കക്ഷികള്‍ക്ക് കഴിഞ്ഞു ..

  എന്ന് മാത്രമല്ല ഇസ്ലാമിക ആചാരങ്ങലോ ആചാരങ്ങളെന്ന ലേബലില്‍ അറിയപ്പെടുന്ന മറ്റു ചിലതോക്കെയോ നമ്മുടെ പൊതു പരിപാടികളില്‍ അടിചെല്‍പ്പിക്കപ്പെടും എന്നും തെറ്റിദ്ധരിപ്പിക്കുവാന്‍ താല്‍പര കക്ഷികള്‍ക്ക് കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല ...

  അങ്ങനെ കാണാത്ത, എന്നാല്‍ പേടിപ്പിക്കുന്ന ഒരു ശത്രുവായി മുസ്ലിംകളെ ചിത്രീകരിക്കപ്പെടുന്നുണ്ട് ...

  നമ്മുടെ തൊട്ടടുത്തുള്ള അയല്‍വാസിക്ക്‌ നമ്മെ സംശയം ഇല്ലെങ്കിലും അങ്ങകലെ ഉള്ള ഏതോ ചില മുസ്ലിംകള്‍ അങ്ങനെ ചിന്തിക്കുന്നു എന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങുന്നത് പോലെയാണ് ഇപ്പോള്‍ തോന്നുന്നത് ..

  ReplyDelete
 8. ഒരു ചെറിയ ഒരു വാക്കിന്റെ മാറ്റം കൊണ്ട് പോലും വിഷയം മാറിപ്പോകുകയും കൈ പൊള്ളുകയും ചെയ്യാന്‍ സാദ്ധ്യത ഏറെ ഉള്ള വിഷയം ആണിത്.ഒരുവിധം ആളുകളൊക്കെ കൈവച്ചു കുളമാക്കിയ വിഷയം.എന്നാല്‍ ഇക്ക കാര്യങ്ങള്‍ സൂക്ഷ്മനിരീക്ഷണം നടത്തിയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് എന്നത് അഭിനന്ദനാര്‍ഹാമാണ്....ശക്തമായ രചനകള്‍ ഇനിയുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 9. തീര്‍ത്തും സമകാലികം ഈ പോസ്റ്റ്‌ ...ഏകദൈവ വിശ്വാസികളായ മുസ്ലിംകള്‍ക്ക് നിലവിളക്ക് കൊളുത്തല്‍ അനുവദനീയമല്ല എന്ന് പറയുമ്പോള്‍ തന്നെ ഗംഗ എന്ന വീട്ടു പേര് അബ്ദുറബ്ബ് മാറ്റിയതിനെ പരിഹസിക്കുകയും ചെയ്യുന്നു....ഗംഗ എന്ന പേരിനു ഹിന്ദു സഹോദരങ്ങള്‍ കല്‍പ്പിക്കുന്നത് പോലെ പവിത്രത കല്പ്പിചാലും മതി നിങ്ങള്‍ തന്നെ പറഞ്ഞത് പോലെ വിശ്വാസത്തില്‍ നിന്നുള്ള വ്യതിയാനമാകും എന്നാണു ശരി..എന്നാല്‍ നിലവിളക്ക് കത്തിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നത്‌ പോലെ തന്നെ ഒരു മുസ്ലിം മന്ത്രിയോട് ഗംഗ എന്ന പേര് മാറ്റരുതെന്ന് പറയുന്നതും ഫാഷിസമാണ് . നാളെ ഈ മന്ത്രി വീട്ടില്‍ വെച്ച് നമസ്കരിക്കുന്നു , മന്ത്രിവാഹനത്തിലേക്ക് കയറുമ്പോള്‍ പ്രാര്‍ത്തിക്കുന്നു എന്നിത്ത്യാധി വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നേക്കാം. അതൊക്കെ നമ്മുടെ പൊതു സമൂഹത്തില്‍ രൂപപ്പെട്ടു വരുന്ന മുസ്ലിം വിരുദ്ധതയുടെ അലയൊലികളായി കാണാം..അബ്ദുറബ്ബ് എന്ന ലീഗ് മന്ത്രി വീട്ടിന്റെ പേര് മാറ്റുന്നതും, നിലവിളക്ക് കാണുമ്പോള്‍ മാറി നില്‍ക്കുന്നതും ഒക്കെ നോക്കി നടക്കുന്ന കോണ്ഗ്രസ്സിന്റെ സവര്‍ണ്ണ ബാല്‍രാമുമാര്‍ ; നമ്മുടെ മുഖ്യമന്ത്രി സ്വന്തം വീട്ടില്‍ നിന്നും ക്ളിഫഫ് ഹൌസിലേക്ക് മാറും മുമ്പ് അവിടെ കൂദാശ നടത്തിയതും, സര്‍ക്കാരാപ്പീസിലെ അവര്ന്നനായ മേലുധ്യോഗസ്തന്‍ സ്ഥലം മാറി പോയ ഉടന്‍ അവിടെ പുണ്ന്യാഹം നടത്തിയ സഹാജീവനക്കാരുടെ ജാതി വെറിയും ഒന്നും കാണാത്തതും ഈ മുസ്ലിം വെറി തന്നെ..

  ReplyDelete
 10. നിലവിളക്ക് കൊളുത്തലില്‍ നിന്ന് മാറി നിന്നത് വിശ്വാസത്തിന്റെ ഭാഗമായി കാണാം. അഭിനന്ദിക്കുന്നു. എന്നാല്‍ ഗവര്‍മെന്റ് കൊടുക്കുന്ന ഔദ്യോഗിക വസതിയുടെ (അതും താല്കാലികം)പേര് മാറ്റം കണ്ടപ്പോള്‍ അല്‍പ്പം ഓവര്‍ സ്മാര്‍ട്ട് ആയോ എന്നൊരു തോന്നല്‍. ഔദ്യോഗിക വസതികളില്‍ പൂജയും കൂദാശയും നടത്തുന്നവര്‍ക്ക്‌ ഇത് ചോദ്യം ചെയ്യാന്‍ അര്ഹതയുമില്ല.

  ReplyDelete
 11. ഈ വിഷയം സംബന്ധിച്ച് പല ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ഇത്ര വിവേകത്തോടെ എഴുതിയ ഈ കുച്ചുലേഖനം പോലെ ഒന്ന് ഇതുവരെ വായിച്ചിട്ടില്ല.


  “അത്തരം സന്ദര്‍ഭങ്ങളില്‍ ഇരു കൂട്ടര്‍ക്കും വിയോജിപ്പ് ഇല്ലാത്തതു ചെയ്യുക എന്നതല്ലേ വിവേകമതികള്‍ ചെയ്യേണ്ടത്.”

  വിവേകമതികള്‍ ഇല്ലാത്ത കേരളമാണ് ഇപ്പോള്‍. അവിടെ എല്ലാരും വികാരമതികളായിപ്പോയി അക്ബര്‍ഭായ്. എന്തുവിഷയത്തിലും മതവും രാഷ്ട്രീയവും എടുത്തുചാടിച്ചെന്ന് മനുഷ്യത്വത്തെയും വിവേകത്തെയും നീതിയെയുമൊക്കെ തള്ളിപ്പുറത്താക്കുകയാണ്.

  ReplyDelete
 12. കൊച്ചുലേഖനം” എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ

  ReplyDelete
 13. നല്ല കാഴ്ചപ്പാട്, നന്നായി എഴുതി...!

  ReplyDelete
 14. ഗംഗ എന്ന പേര് വിശ്വാസത്തിന്റെ ഭാഗമായിട്ടല്ല മാറ്റിയതെന്നും, പരപ്പനങ്ങാടിയിലെ വീടിന്റെ പേരായ ഗ്രെയ്സ് തന്നെ തിരുവനതപുരത്തെ വീടിനും ലഭിക്കാന്‍ വേണ്ടി താല്പര്യപ്പെടുകയായിരുന്നു എന്നു അദ്ദേഹം തന്നെ ഇക്കാര്യത്തില്‍ വിശദീകരിച്ചിട്ടും ഇനിയും വേട്ടയാടുന്നത് ശരിയല്ല. (അബ്ദുറബ്ബിന്റെ പരപ്പനങ്ങാടിയിലെ വീടിനു പേര് ഗ്രെയ്സ് ആണ്..അതിനു തൊട്ടടുത്താണ് എന്റെ വീട്)
  ഒരു പുതുമുഖ മന്ത്രിയെന്ന നിലയില്‍ തൊട്ടാല്‍ പൊള്ളുന്ന വകുപ്പാണ് കയ്യില്‍ , എന്നിട്ടും വിമര്‍ഷനങ്ങളെ അതിജീവിച്ചു കയ്യടി നേടുകയെന്നത് ചില്ലറ കാര്യമല്ല

  ReplyDelete
 15. കാര്യം എന്തൊക്കെയായാലും ലീഗിന് അധികാരം കൊഴിബിരിയാനിയാണ്. അത് എങ്ങിനെ കഴിക്കണം എന്നറിയില്ല. വാരി വലിച്ചു കഴിച്ചു വെറുതെ ദാഹനക്കെടുണ്ടാകും. അതിന്റെ ഫലം സമുദായത്തിന്റെ പേരില്‍ എഴുതുകയും ചെയ്യും.

  ReplyDelete
 16. നിലവിളക്ക് കത്തിക്കുന്നതിനെ ദീപാരാധനയുമായി ബന്ധിപ്പിക്കുമ്പോഴുള്ള ഒരു പ്രശ്നമായിട്ടാണ് എനിക്കീ വിവാദത്തെ കാണാന്‍ പറ്റുന്നത്. നാട മുറിക്കുന്നത് പോലെ, തറക്കല്ലിടുന്നത് പോലെ ഒരു ചടങ്ങ് മാത്രമായി വിളക്ക് കൊളുത്തുന്നതിനെയും കണ്ടാല്‍ പോരെ. ദീപത്തെ തൊഴുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുമ്പോഴല്ലേ അതിനു ആരാധനയുടെ രൂപം വരുന്നത്. അതേ സമയം, ദീപം കത്തിച്ചു മാത്രമേ ഉദ്ഘാടനം ആകാവൂ എന്ന സമീപനത്തോടും യോജിക്കാന്‍ കഴിയുന്നില്ല. അക്ബറിന്റെ ലേഖനം വിഷയത്തെ കുറേക്കൂടി സമചിത്തതയോടെ സമീപിച്ചിരിക്കുന്നു എന്ന് കൂടി പറയട്ടെ.

  ReplyDelete
 17. അക്ബര്‍ വളരെ നല്ല ഒരു കാര്യം ചെയ്തു.
  പല മുസ്ലിം വീടുകളിലും നിലവിളക്ക് ഞാന്‍ കണ്ടിട്ടുണ്ട്.എന്റെ വീട്ടിലും പണ്ട് ഉണ്ടായിരുന്നതായി ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.വൈദ്യുതിയുടെ ആഗമനത്തിനു ശേഷം പലരും അത് കളഞ്ഞു,ചിലര്‍ ഒരു പഴയ കാലത്തിന്റെ അവശിഷ്ട്ടമായി അത് നിലനിര്‍ത്തുന്നു.
  ഒരു പേര് മാറ്റം കൊണ്ട് ഇങ്ങേര്‍ എന്തോ മഹത്തായ കാര്യം ചെയ്ത മട്ടാണ്.ശാന്ത,നിര്‍മല തുടങ്ങിയ പേരുകള്‍ പോലും മുസ്ലിം മതവിശ്വാസികള്‍ സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല.
  ഗംഗ ഒരു നദിയാണ്‌,അത് ഒരു പ്രത്യേക മത വിഭാഗത്തിന്റെത് മാത്രമല്ല,
  ഒരു വിദ്യാഭ്യാസമന്ത്രി തന്നെ വേണം ഇത് പോലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍..!

  ReplyDelete
 18. സുപ്രഭാതം...
  അറയ്ക്കൽ ചിറയ്ക്കൽ ബന്ധം ഇപ്പഴും നിലനിൽക്കുന്നു...
  ആ താഴ്വഴിയിലെ ഒരു അംഗമാണ് ഞാൻ എന്നത് നിയ്ക്ക് അഭിമാനമാണ്...!
  നന്ദി ട്ടൊ...!

  ReplyDelete
 19. അബ്ദു റബ്ബിന്റെയും നമ്മുടെയുമൊക്കെ വീടുകളില്‍ കറന്റ് പോകുമ്പോള്‍ വിളക്കു കത്തിക്കുന്നതുപോലെ ഇതിനെ കണ്ടാല്‍ പോരേ? വിശ്വാസവുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ?
  വീടിന്റെ പേരു മാറ്റിയതു കേള്‍ക്കുമ്പോള്‍ ഒരു പുസ്തകമെഴുതി ഡിറ്റിപി ചെയ്യിക്കുവാനെത്തിയ ഒരു പെന്തക്കൊസ്ത് പാസ്റ്ററെ ഓര്‍മ്മ വരുന്നു.
  'ഏതു ഫോണ്ടാണ് ഉപയോഗിക്കുന്നത്?' പാസ്റ്റര്‍ ചോദിച്ചു.
  'എം എല്‍ രേവതി' എന്നു പറഞ്ഞപ്പോള്‍ 'വേറെ ഫോണ്ടൊന്നുമില്ലേ' എന്നായി അദ്ദേഹം.
  'എം എല്‍ കാര്‍ത്തിക ആക്കാം.' ഡിറ്റിപി സ്റ്റാഫ് പറഞ്ഞു.
  'അതല്ല ക്രിസ്ത്യാനി ഫോണ്ടൊന്നുമില്ലേ? മറിയാമ്മയോ ശോശാമ്മയോ വല്ലതും...'
  അതിലും ഭേദമല്ലേ നമ്മുടെ അബ്ദു റബ്ബിന്റെ ഗ്രേസ്?
  പിന്നെ അക്ബര്‍ക്കാ... ഘടകവിരുദ്ധമാണോ?... കടകവിരുദ്ധമല്ലേ?

  ReplyDelete
 20. @-benji nellikala - "കടകവിരുദ്ധം" ആണ് ശരി. തെറ്റ് ചൂണ്ടിക്കാണിച്ചതില്‍ വളരെ നന്ദി.

  ReplyDelete
 21. കാര്യങ്ങള്‍ ഇങ്ങനെയും ചിന്തിച്ചാല്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാം. പക്ഷെ ഇങ്ങനെ മാത്രം ചിന്തിച്ചാല്‍ വിവാദങ്ങള്‍ക്ക് പിന്നെ എന്ത് ചെയ്യും !!!!!!!!!!! ??
  അല്പം താമസിച്ചുപോയി ഈ പോസ്റ്റ്‌. എങ്കിലും രണ്ടു വ്യത്യസ്ത സംഭവങ്ങളെ വിവേകപൂര്‍വ്വം വിശകലനം ചെയ്തു...

  ReplyDelete
 22. വായിച്ചു .അഭിപ്രായങ്ങളോട് യോജിപ്പില്ല .

  ReplyDelete
 23. പ്രിയപ്പെട്ടവരേ. ഈ വിഷയത്തില്‍ യോജിച്ചും വിയോജിച്ചും പ്രതികരിച്ച എല്ലാവര്ക്കും എന്റെ അകമഴിഞ്ഞ നന്ദി.

  ഓരോ വിഷയത്തിലും എല്ലാവര്ക്കും ഒരേ വീക്ഷണം ഉണ്ടാവണം എന്നില്ല. അതിനാണല്ലോ നമ്മള്‍ ചര്‍ച്ചകള്‍ വെക്കുന്നത്. അവിടെ സ്വന്തം അഭിപ്രായം തുറന്നു പറയുമ്പോഴേ സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് ബോധ്യമാവൂ. അതിലൂടെ ഒരു പുനര്‍ വിചിന്തനത്തിന് അവസരം ഉണ്ടാകൂ. അഭിപ്രായത്തിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി.

  ReplyDelete
 24. ഏവര്‍ക്കും ബോധ്യമാകും വിധം തന്നെ പറഞ്ഞു. പറഞ്ഞ എല്ലാ കാര്യങ്ങളോടും ആ അര്‍ത്ഥത്തില്‍ യോജിക്കുന്നു.
  എങ്കില്‍ തന്നെയും, ഇതിന്റെ മറ്റൊരു വശം കൂടി പറയട്ടെ. മതത്തിനു സ്വാധീനമുള്ള ഏതൊരു രാജ്യത്തും ഭൂരിപക്ഷ സമുദായത്തിന്റെ പ്രതീകങ്ങള്‍ക്ക് പൊതു മണ്ഡലത്തില്‍ അധികമായൊരു സാന്നിധ്യം ഉണ്ടാവുക സ്വാഭാവികമാണ്. അക്കൂട്ടത്തിലാണ് ഈ വിളക്കും കടന്നു വരുന്നത്. എന്നാല്‍ ഇത് ഒരു ബഹുദൈവ ആരാധനയായി കാണുമ്പോഴേ ഏക ദൈവ വിശ്വാസിക്ക് അത് ഒരു പ്രശ്നനമാവേണ്ടതുള്ളൂ. അങ്ങിനെ അതിനെ കാണേണ്ടതില്ല എന്ന് തോന്നുന്നു. "തമസോമാ ജ്യോതിര്‍ഗമയാ" ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്ന പ്രതീകം മാത്രമായി കാണുകയാണെങ്കില്‍ പ്രശ്നം തീര്‍ന്നു. അത് കത്തിക്കുന്നിടത്ത് മറ്റൊരാള്‍ അത് ഒരു ആരാധന തന്നെയായി കണ്ടു ധ്യാനിച്ച്‌ നില്‍ക്കുന്നത് അങ്ങിനെ എടുക്കാത്തവരെ ബാധിക്കുന്നില്ല.
  അതെ സമയം വീണു കിട്ടുന്ന എന്തും ഒരു വടിയായി എടുത്തു ലീഗിനെതിരെയെന്ന വ്യാജേന പ്രബല ന്യൂനപക്ഷത്തെ വേട്ടയാടാന്‍ സംഘി-ഹിന്ദുത്വ ഘടകങ്ങള്‍ക്കും അതിന്റെ വൈറസ് ഡി എന്‍ എ യില്‍ പതിഞ്ഞ മാധ്യമങ്ങള്‍ക്കും എന്നും ഉത്സാഹമാണ്.
  പറഞ്ഞു വന്നത് ഇതാണ്. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന മറ്റൊരു മന്ത്രി സഭാ കാലത്ത് വിളക്ക് കൊളുത്താതെ മറ്റൊരു വിവാദം ഉണ്ടായിട്ടുണ്ട്. ആ കുഞ്ഞാലിക്കുട്ടി തന്നെ ഇന്നും ലീഗിനെ നയിക്കേ അദ്ദേഹത്തോട് കൂറ് പുലര്‍ത്തുന്ന ഒരു മന്ത്രിക്കു വിളക്ക് കൊളുത്തി അന്നത്തെ കുഞ്ഞാപ്പ നിലപാടിനെ അസാധുവക്കാന്‍ കഴിയുന്നില്ല. ഇതിലപ്പുറം വിശ്വാസ വേദനയൊന്നും ഇതില്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. അന്നും ഇന്നും ഈ വിവാദം കൊണ്ട് ഉന്നം വെയ്ക്കുന്നത് നാല് വോട്ടെങ്കില്‍ നാല് വോട്ട് കൂടുതല്‍ വരുന്നെങ്കില്‍ വരട്ടെ എന്നതാണ്. ലീഗായാലും, സംഘി മുദ്രകള്‍ കൂടിയ അളവില്‍ പുറത്തെടുത്ത് സ്വന്തം അറയിലെ അസ്ഥികൂടങ്ങള്‍ ഒളിയ്ക്കുവാന്‍ തത്രപ്പെടുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടി ആയാലും ഇത് തന്നെ കാര്യം. എല്ലാവരെയും കടത്തി വെട്ടി അത് സംഘികള്‍ ചാകരയാക്കി മാറ്റുന്നു എന്ന് മാത്രം.

  ReplyDelete
 25. സത്യത്തില്‍ അബ്ദുരബ്ബിന്റെ വിവാദത്തിന്റെ പിന്നില്‍ RSS കാരെക്കാള്‍ കൂടുതല്‍ ഇവിടത്തെ കപട പുരോഗമന വാദികളാണ്. ഇവര്‍ പണ്ട് പറഞ്ഞത് പ്രവകാകന്റെ കാര്‍ട്ടൂണ്‍ വരച്ചാല്‍ എന്താ പ്രശനം എന്നായിരുന്നു. ഇവര്‍ക്ക് മതമൈത്രി എന്ന് പറഞ്ഞാല്‍ മതങ്ങള്‍ തമ്മില്‍ വച്ച് മാറലാണ്.. ഇസ്ലാമില്‍ അത് നടക്കൂല. സ്റെജില്‍ നിലവിളക്ക് കത്തിക്കല്‍ ഒരു ചടങ്ങാണ്.. അതില്‍ നന്നായി വരണം എന്നൊരു പ്രാര്‍ത്ഥന കൂടിയുണ്ട്.. പ്രാര്‍ത്ഥന പ്രാര്തിക്കുന്നവന്റെ ആരാധ്യനോടാണ്. അതെല്ലാം തീഷ്ണമായ വിഷയങ്ങളുമാണ്..
  താങ്കള്‍ നന്നായി പറഞ്ഞിരിക്കുന്നു. വായിക്കുനവരില്‍ മനസ്സിലാക്കണം എന്നുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ തന്നെ

  ReplyDelete
 26. നന്നായി പറഞ്ഞിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 27. പോസ്റ്റിൽ പറഞ്ഞ വിഷയങ്ങളിൽ പൂർണ്ണമായും യോജിക്കുന്നു.

  വിളക്ക് കത്തിക്കുന്നത് അന്യമതസ്ഥരുടെ ആചാരം പിൻപറ്റുന്നു എന്ന തോന്നലുണ്ടാക്കുന്നെങ്കിൽ അത് ശരിയാവാം, ഒരു വിളക്ക് കത്തിച്ചത് കൊണ്ട് മാത്രം തന്റെ വിശ്വാസം തകരില്ല എന്ന തോന്നൽ ഉണ്ടാകുന്നെങ്കിൽ അതും ശരിയായി പരിഗണിക്കാം...

  വീടിന്റെ പേര് മാറ്റിയ മന്ത്രി വർഗ്ഗീയതക്ക് ചുക്കാൻ പിടിക്കുന്നു എന്നാരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ അതിനെ പ്രതിരോധിക്കാൻ മന്ത്രി പരിവാരങ്ങൾ ബുദ്ധിമുട്ടും..

  ReplyDelete
 28. അക്ബര്‍ ബായി...ഈ വിഷത്തെ കുറിച്ചുള്ള ധാരണ വ്യക്തമാക്കുന്ന എഴുത്ത്...എന്‍റെ 'വലിയ' സംശയം ഇതാണ്..മുസ്ലിംകള്‍ക്ക്
  'നിയ്യത്ത്' (ഉദ്ദേശം) ഏറ്റവും പ്രധാനമല്ലേ?

  ReplyDelete
 29. അക്ബര്‍ ഇക്ക പറഞ്ഞത് സത്യം സത്യംതന്നെ ആയി പറഞ്ഞു പക്ഷേ ഇവിടെ അബ്ദു രബ്ബിനു നേരെ സംശയത്തിന്റെ മുന നീണ്ടത് ആ ഓവര്‍ സ്മാര്‍ട്ട് കൊണ്ട് വന്നതാണ്

  ReplyDelete
 30. നല്ല പോസ്റ്റ്
  ഇന്ന സമൂഹത്തെ തമ്മിലടിക്കാൻ വേണ്ടി മാത്രം വാർത്തകൾ എഴുതുന്ന ഒരു കൂട്ടം പത്രപ്രവർതകരുണ്ട്, അവർക് ഇത്തരം കാര്യങ്ങൾ കണ്ടാൽ നല് കോളം വാർത്തയാകും,

  മറ്റൊരു മതത്തിനെ ആഗീകരിക്കുമ്പോൾ മാത്രമേ നമ്മുടെ മതം ഉന്നതിൽ എത്തുകയൊള്ളൂ

  അക്ബർ ഭായി നന്നായി പറഞ്ഞു

  ReplyDelete
 31. ഒരു ഉത്ഘാടനച്ചടങ്ങിനു നിലവിളക്ക് കൊളുത്തി തന്നെ തുടങ്ങണം എന്ന നിര്‍ബന്ധ ബുദ്ധി ഒഴിവാക്കിയാല്‍ ഇത്തരം വിവാദങ്ങള്‍ അവസാനിക്കും. പ്രത്യേകിച്ചു മുസ്ലിം മന്ത്രിമാരും ഉത്ഘാടകരും ആകുമ്പോള്‍. ഇതൊരു പുതിയ വിഷയം ഒന്നുമല്ലല്ലോ. കേരളത്തില്‍ മുന്‍പും ഇതേ വിവാദം കത്തിയിട്ടുണ്ട്. ഉത്ഘാടനത്തിനു
  മറ്റെന്തെല്ലാം രീതികളുണ്ട്. അറിഞ്ഞു കൊണ്ട് കെണിയൊരുക്കുകയും എന്നിട്ട് കൈകൊട്ടി ചിരിക്കുകയും ചെയ്യുന്ന ഈ propoganda സംസ്കാരമാണ് പ്രശ്നം. ദേശവിരുദ്ധം വര്‍ഗ്ഗീയത വിവരദോഷം എന്നൊക്കെ കൊട്ടിഘോഷിച്ച് വെറുതെ വൃണമാക്കണോ? നിലവിളക്കിനെ ത്രിമൂര്‍ത്തികളുടെ ഐക്യത്തിന്റെ പ്രതീകമായിട്ടാണ് ഹൈന്ദവ വിശ്വാസികള്‍ കണ്ടുപോരുന്നത്. നിലകളായിട്ടുള്ള വിളക്ക് എന്ന നിലയില്‍ പാദങ്ങളില്‍ ബ്രഹ്മാവും മധ്യഭാഗത്ത്‌ വിഷ്ണുവും മുകള്‍ ഭാഗത്ത് ശിവനുമെന്ന ത്രിമൂര്‍ത്തി സങ്കല്‍പ്പം ഒരുമിക്കുന്ന ഒന്നാണിത്. ചില മുസ്ലിം പള്ളികളില്‍ ഇത് കാണുന്നു എന്ന മുടന്തന്‍ ന്യായം അംഗീകരിക്കാന്‍ പറ്റില്ല. അതും ഇസ്ലാമും തമ്മില്‍ യാതൊരു മന്ധവുമില്ല. ഇവിടെ പ്രശനം വളരെ ലളിതമാണ്. അനാവശ്യ വിവാദങ്ങളുടെ
  അകപ്പൊരുളുകള്‍ അനാവൃതമാകുന്ന സമകാലിക കൈരളിയില്‍ നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ വിളക്കില്‍ തൂങ്ങി ഇയ്യാം പാറ്റകള്‍ ആകില്ല എന്നുറപ്പ്!

  ഇനി വെളിച്ചം തെളിച്ചു തന്നെ ഉദ്ഘാടനം ചെയ്യണം എന്നാണെങ്കില്‍ എന്ത് കൊണ്ട് ഒരു ബള്‍ബ് ഓണ്‍ ചെയ്തു കൊണ്ട് ആയിക്കൂടാ
  :)

  ReplyDelete
 32. വായിച്ചു...
  നല്ല പോസ്റ്റ്

  ReplyDelete
 33. നീട്ടിവലിക്കാതെ കാര്യങ്ങള്‍ വലരെ വൃത്തിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. പരാമശിക്കപ്പെട്ട രണ്ട് വിഷയങ്ങളോടുമുള്ള അക്ബറിന്‍റെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു.

  ReplyDelete
 34. നാടകമേ ഉലകം....
  കൃത്യമായി പറഞ്ഞു....

  ReplyDelete
 35. വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയം കയ്യടക്കത്തോടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍..

  മറ്റു പല ചര്‍ച്ചകളിലും പറഞ്ഞ അതെ അഭിപ്രായം ഇവിടയും പറയുന്നു:

  ഒരാള്‍ക്ക്‌ ഏതു മതത്തിലും വിശ്വസിക്കാനും അതിന്റെ ആരാധാന ക്രമങ്ങള്‍ പാലിക്കാനുമുള്ള സ്വാതന്ത്ര്യം ഭാരതത്തില്‍ ഉണ്ട്.. ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നത് അദ്ദേഹത്തിന്റെ മതം അനുവദിക്കുന്നില്ല എങ്കില്‍ അങ്ങനെ ചെയ്തോട്ടെ..അതിനുള്ള എല്ലാ സ്വാതന്ത്ര്യവും ഭരണ ഖടന തരുന്നുണ്ട്.

  പക്ഷെ ഇവിടെ വസതിയുടെ പേരിലെ വിവാദം അതല്ലല്ലോ. "മന്ത്രി ഗംഗ എന്ന പേരുള്ള ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ വിസമ്മതിച്ചു " എന്നാണ് വാര്‍ത്ത വന്നത്. സ്വന്തം വീടിന്റെ പേര് തന്നെ ഇടാന്‍ പേര് മാറ്റി എന്ന് പറയുന്നത് വെറും ബാലിശമായ കാര്യമാണ്.സ്വന്തമായി വീടുള്ള ഒരാള്‍ അതിന്റെ പേര് ഈ താല്‍ക്കാലിക ( അതെ താല്‍ക്കാലികം തന്നെ ) വീടിനു അതേ പേര് ഇടണം എന്നുണ്ടോ.

  മന്ത്രി കുറെക്കൂടെ വിവേകം കാട്ടണമായിരുന്നു എന്നാണു എന്റെ അഭിപ്രായം..

  ReplyDelete
 36. അക്ബറിക്ക നന്നായി പറഞ്ഞു ..

  ReplyDelete
 37. പ്രിയപ്പെട്ട അക്ബര്‍ ജീ...

  എന്റെ ഒരു കാഴ്ചപാട് പറയട്ടെ....
  ഒരു നാണയത്തിന്റെ മറു വശം എന്ന് കരുതിയാല്‍ മതി
  കേരളമെന്ന ബഹുമുഖ സമൂഹത്തില് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പിന്നെ ഇതിലൊന്നും പെടാത്ത പല അവാന്ദര വിഭാഗങ്ങളും ഉള്‍കൊള്ളുന്ന കേരള സമൂഹത്തില്‍...
  ഒരു ഭരണാധികാരി എന്ന നിലയില്‍ (മന്ത്രി) ഭരണ ഘടനയില്‍ ഉള്‍കൊള്ളുന്ന കാര്യങ്ങള്‍ക്കു പുറമേ പൊതു സമൂഹത്തില്‍ അനുവര്‍ത്തിച്ചു പോരുന്ന ചില സമ്പ്രദായങ്ങള്‍ എന്നതില്‍ കവിഞ്ഞു, വിളക്കു കത്തിക്കല്‍ എന്ന ചടങ്ങിനു ഹൈന്ദവ ആചാരങ്ങളോടു ചേര്‍ത്ത് വായിക്കുമ്പോള്‍ ഇത് പോലെ ചില വിവാദങ്ങള്‍ തലപൊക്കുക സ്വാഭാവികം.
  "ഇന്ന മല്‍ ആഉമാലു ബിന്നിയ്യാത്" എന്ന ഹദീസ് വചനം മുറുകെ പിടിക്കാന്‍ അബ്ദുല്‍രബ്ബിനു കഴിഞ്ഞാല്‍ ഒരു വിളക്കു തെളിയിച്ചു എന്നതു കൊണ്ട് മാത്രം അദ്ധേഹത്തിന്റെ ഇസ്ലാമിക വിശ്വാസത്തിനു വിരുദ്ധമായി ചെയ്തു എന്ന് വരുമോ?

  പിന്നെ താങ്കളുടെ എഴുത്തിനോട് പ്രതികരണങ്ങളില്‍ ചിലത് വെറും രാഷ്ട്രീയ വീക്ഷണ കോണിലൂടെ ആണെന്ന് പറയാതെ വയ്യ.
  കുഞാപയും അബ്ദുല്‍രബ്ബും കേരള നിയമ സഭയില്‍ എത്തിയത് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ടിയിലൂടെ തിരഞ്ഞെടുത്തു എന്നത് അന്ഗീകരിക്കുമ്പോള്‍ തന്നെ, "മന്ത്രി" എന്ന പദവിയില്‍ ഇരിക്കുമ്പോള്‍ ഇവര്‍ വെറും മുസ്ലിം ലീഗ് കാരായി മാത്രം വര്തിക്കനമെന്നോ താങ്കളടക്കം വാദിക്കുന്നത്? അതോ നേരത്തെ സൂചിപ്പിച്ച പോലെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങല്കും സേവനം ചെയെണ്ടവരല്ലേ ഇവര്‍?

  RSS കാര്‍ക്കും മറ്റു വര്‍ഗീയ വാദികള്‍ക്കും ഇസ്ലാമിന് നേര്‍ക് ഒരിക്കല്‍ കൂടി വിഷം തുപ്പാനുള്ള അവസരമല്ലേ അബ്ദുല്‍ രബ്ബിന്റെ ഈ പ്രവര്‍ത്തിയിലൂടെ ഉണ്ടാക്കി കൊടുത്തത്? അതിനു പുറമേ ഗംഗ യെ മാറ്റി റേസ്‌ വില്ല യാക്കി (ഭാഗ്യം ഖദീജ ബീവി വില്ല എന്നാക്കിയില്ലലോ). പിന്നെ കുഞ്ഞാപ്പ പറഞ്ഞ പോലെ "ഓട്‌ ഇളക്കി" അല്ല കേരള നിയമ സഭയിലെ മറ്റു ഒരു അന്ഗവും കയറി കൂടിയത്. മാത്രവുമല്ല അവരും തങ്ങളുടെ കര്തവ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയ ചരിത്രവും ഉണ്ടായിട്ടില്ല. ഇനി മുസ്ലിം ലീഗിന്റെ മന്ത്രിമാര്‍ക്ക് തങ്ങളുടെ കര്‍തവ്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍, വെറുതെ ഇസ്ലാമിക ചിന്ഹങ്ങളും അടയാളങ്ങളും മാത്രമേ പിന്തുടര് എന്നുന്റെങ്കില്‍ അവര്‍ രാജി വെച്ച് ഇറങ്ങി പോരാന്‍ ഒട്ടും മടി കാണിക്കരുത്.

  പിന്നെ മുസ്ലിം സമുദായത്തിന്റെ അപ്പോസ്തലന്മാരായി ലീഗ് മന്ദ്രിമാര്‍ സ്വയം അവരോധിടരയതല്ലറെ സമുദായം ഒരിക്കലും ഇവരെ ആരെയും മുസ്ലിം ഉമ്മത്തിന്റെ നേതാവു ആയി അവരോധിച്ചിട്ടില്ല........

  ReplyDelete
 38. പ്രിയ മുനീര്‍
  താങ്കളുടെ വിശദമായ അഭിപ്രായത്തിന് ആദ്യമേ നന്ദി. മുസ്ലിംലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിനപ്പുറം അവരെ മുസ്ലിം ഉമ്മത്തിന്റെ കാവല്‍ക്കാരായി ആരും എല്പിച്ചിട്ടില്ല എന്ന അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.

  ഒരാള്‍ നിലവിളക്ക് കത്തിക്കല്‍ തന്‍റെ വിശ്വാസത്തിനു എതിരാണ് എന്നു വിശ്വസിക്കുന്നു എങ്കില്‍ അയാളെ അതിനു നിര്‍ബന്ധിക്കുന്നത്‌ ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിനു എതിരാണ് എന്നാണു എന്‍റെ പക്ഷം. വീടിന്റെ പേര് മാറ്റല്‍ അബ്ദുറബ്ബ് ഉണ്ടാക്കിയ ഒരു അനാവശ്യം വിവാദം.

  ReplyDelete
 39. വിളക്കു തെളിയിക്കുന്നതില്‍, ബഷീര്‍ വള്ളിക്കുന്നു പറഞ്ഞതു പോലെ, ഒരു ഉത്ഘാടന കര്‍മ്മവുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തി ആയി കണ്ടാല്‍ പോരെ എന്നാണു എനിക്കും തോന്നിയിട്ടുള്ളത്. മുമ്പും ഇതിനെക്കുറിച്ചു സംസാരമുണ്ടായിട്ടുണ്ടല്ലോ. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങുന്ന ഒരു ലോഹം. അതില്‍ ദീപം തെളിയുമ്പോള്‍ കണ്ണിനും മനസ്സിനും ഒരു സന്തോഷം. വെളിച്ചമാണു തെളിയുന്നതു എന്ന ധാരണ, നല്‍കുന്ന ബോധം. അത്രയുമേ അതിനെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ എന്നാണു തോന്നുന്നത്. ഇനി ഒരാള്‍ക്കു അങ്ങനെയല്ല തോന്നുന്നത് എങ്കില്‍ നിര്‍ബന്ധവും അരുത് എന്നേ പറയാനാവൂ. പേരുമാറ്റം... അതിനെക്കുറിച്ചു എന്തു പറയാന്‍. അക്ബര്‍ ശരിയായി പറഞ്ഞുകഴിഞ്ഞു.

  ReplyDelete
 40. വളരെ വൃത്തിയായി വിഷയം കയ്കാര്യം ചെയ്തു.
  ആശംസകള്‍.

  ReplyDelete
 41. വിളക്കിന്റേയും പേരിന്റേയും കാര്യത്തിലെങ്കിലും പ്രതിബദ്ധത കാണിക്കാതെങ്ങനെ? ചിന്താര്‍ഹമായ കുറിപ്പ്.

  ReplyDelete
 42. ബഹു മത വിശ്വാസികള്‍ ഇട കലര്‍ന്ന് ജീവിക്കുന്ന കേരളത്തില്‍ വളരെയധികം പൊതു കാര്യങ്ങളില്‍ ഹിന്ദു മതാചാരങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. ഉദാഹരണമായി കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം അതില്‍ എത്ര മാത്രം ഹിന്ദു ആചാരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്?. ഓരോ പൌരനും തന്റെ വിശ്വാസങ്ങല്‍ക്കെതിരായ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള സ്വാതന്ത്ര്യം ഒരു മന്ത്രി ആണെന്നത് കൊണ്ട് ഇദ്ദേഹത്തിന് എങ്ങനെ നിഷേധിക്കാന്‍ കഴിയും ?

  ReplyDelete
 43. ഒരു ചോദ്യം ഇതാണ്. ഒരു വേദിയില്‍ മതപരമായ ഒരു ചടങ്ങ് നടക്കുന്നു എന്ന് കരുതുക. അവിടെ അന്യ മതത്തില്‍ പെട്ട ഒരാള്‍ സംബന്ധിക്കുന്നു എങ്കില്‍ അയാള്‍ക്ക്‌ ആ ചടങ്ങില്‍ പങ്കെടുക്കാതെ, എന്നാല്‍ വേദിയില്‍ ചടങ്ങ്‌ വീക്ഷിച്ചു കൊണ്ട് മാറി നിന്നാല്‍ തകരുന്നതാണോ ഇന്ത്യയിലെ മത സൌഹാര്‍ദ്ദം.

  നിലവിളക്ക് പൂജാ വിധികളോടെ അല്ല കത്തിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടോ. ഇവിടെ ഒരു വലിയ ഇരട്ടത്താപ്പ് ആധുനിക മതേതര വാദികള്‍ മുന്നോട്ടു വെക്കുന്നു. അതായത് ഒരാളുടെ മത വിധികളെ അംഗീകരിക്കാതെ അതില്‍ പങ്കെടുക്കാതെ അപരന് അയാളെ തന്റെ സുഹൃത്തായി കാണാനാവില്ല എന്ന വിഗണ്ട വാദം.

  അത് ഇന്ത്യയില്‍ നില നില്‍ക്കുന്ന മതേതര സ്വഭാവത്തിന്റെ കടക്കല്‍ കത്തി വെക്കുന്നതാണ്.

  ReplyDelete
 44. വൈകിയെത്തിയ വായന.അക്ബര്‍ ബായിയോടു രണ്ടു കാര്യങ്ങളിലും യോജിക്കുന്നു.നിലവിളക്ക് കത്തിക്കല്‍ ഹിന്ദു ആചാരങ്ങളില്‍ പെട്ട ഒന്ന് തന്നെയാണ്. മറ്റു മതവിഭാഗങ്ങളില്‍ പെട്ടവരും ആ ആചാരം പിന്തുടരണമെന്ന് പറയുന്നത് ഒരു പൌരന്റെ അവകശം നിഷേക്കുന്നതിനു തുല്യമാണ്.മനസ്സിന്റെ നിയ്യത്തു മറ്റൊന്നാക്കി വിളക്ക് കത്തിക്കുന്നതിന് പ്രശ്നമില്ല എന്നുള്ള വാദം ഒട്ടും യോജിക്കാനാവില്ല. ക്ഷേത്രങ്ങളില്‍ പോയി വിഗ്രത്തിനു മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിയ്യത്ത് അല്ലാഹുവാണെന്ന് പറഞ്ഞാല്‍ ന്യായീകരിക്കനാവുമോ? വിശ്വാസങ്ങളും ആചാരങ്ങളും വേറെ മത സൌഹാര്‍ദ്ദം മറ്റൊന്നും.അത് രണ്ടും തമ്മില്‍ കൂട്ടിക്കുഴക്കുംബോലാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അദ്ദേഹം മന്ത്രിയാനെന്കിലും ഒരു മതവിശ്വാസിയും ഒരു ഇന്ത്യന്‍ പൌരനുമാണ്. ആ രണ്ടാവകാശവും വകവെച്ചു കൊടുക്കുക തന്നെ വേണം.

  ReplyDelete
 45. Bro.. Thaangal eeswarane Allahu ennum Njaan Krishnan (Narayanan) ennum, X'tians Jehovah ennum vilikkunnu. Njaan oru Krishna bhakthan aanu. Mattu araadhana sthalangalum irukkunnathu addeham aanennu njaan vishwasikkunnu.
  ee nilavilakku kathikkal matha param aaya chadangaanennu thonnunnilla; pandokke ella mathastharum veedukalil nilavilakku sookshichirunnu. "velicham undaakatte -- arivinte, sathbudhiyude, nerinte, sathyathinte.. Prakaasham

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..