Monday, December 29, 2014

ഗ്രാമത്തിലെ വഴിവിളക്ക്


ഗ്രാമത്തിലെ  ആ വഴിവിളക്കിനെ പാനൂസ് എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്.. കടത്തുകടവിലേക്കുള്ള വഴിയിൽ സന്ധ്യമയങ്ങും മുമ്പേ ആരാണ് വിക്ക് കത്തിച്ചിരുന്നത് എന്ന് ഓർമ്മയില്ല. തൂണിൽ നാട്ടിനിർത്തിയ ചില്ലുകൂടിനുള്ളിലെ ചിമ്മിണിവിളക്ക് എണ്ണതീർന്നു അണയുമ്പോഴേക്കും ഗ്രാമം സുഖനിദ്രയിൽ മയങ്ങിയിരിക്കും. കാലപ്പക്ഷി കൊത്തിപ്പറന്നുപോയ ആ ഗ്രാമ്യബിംബം ഇന്നും ഗൃഹാതുരതയുടെ  ഗതകാലസ്മരണകളിൽ  ക്ലാവ് പിടിക്കാതെ മുനിഞ്ഞു കത്തുന്നു..



ചിറ്റാരിക്കുന്നും ചെത്തുവഴിത്തോടും അല്ലമ്പ്രക്കുന്നും ചാലിയാറും അതിരിട്ടു കാവൽനിന്ന ഗ്രാമം. കുന്നിന്റെ നെറുകയിൽ കളിയാട്ടൻകാവും കരിയാത്തന്റെ പൊയ്ക്കാൽ കുതിരയും ഉടുക്കിന്റെ താളമേളവും ആണ്ടുനേർച്ചകളും കാലത്തെ അടയാളപ്പെടുത്തിപ്പോന്ന ചെറിയ ലോകത്തിലേക്കാണ് ആ വാർത്ത വന്നത്. ഗ്രാമത്തിൽ കരണ്ട് വരാൻ പോകുന്നു !!! 

അന്ന് പുഴ കടന്നു 2 നാഴിക നടന്നു പോകണം വാഹനമോടുന്ന നിരത്ത് കാണാൻ. അവിടുത്തെ സർക്കാർ ആശുപത്ത്രിയിൽ മാത്രമേ ഞങ്ങൾ തിരിയുന്ന പങ്കയും വയറിൽ കത്തുന്ന വിളക്കും കണ്ടിരുന്നുള്ളൂ...ഞങ്ങൾ കാത്തിരുന്നു. കരണ്ട് വരുന്ന ദിസസത്തെ..

കുറെ തേക്കിൻകാലുകളാണ് ആദ്യം പുഴ കടന്നുവന്നത്. ഞങ്ങളതിനെ ഉത്സവമാക്കി മാറ്റി. മുതിർന്നവർ പ്രതിഫലം കൂടാതെ അവകൾ കൃത്യമായി  നിശ്ചിത അകലത്തിൽ കൊണ്ട് പോയി കിടത്തി. പിന്നെ ഒരാളുടെ ആഴമുള്ള കുഴികളിൽ കാലുകൾ ഉറച്ചു നിന്നു. ഞങ്ങൾ പിന്നെയും കാത്തിരുന്നു. ഇനി എപ്പോ കമ്പി വലിക്കും ?

സായന്തനങ്ങളിൽ ഞങ്ങളുടെ മുതിർന്നവർ ചായമക്കാനികളിൽ കൂടിയിരുന്നു കരണ്ട് ജോലിയുടെ പുരോഗതി വിലയിരുത്തി. കരണ്ട് വരാൻ വൈകുന്നതിൽ ചിലർ അസ്വസ്ഥത പ്രകടിപ്പിച്ചു. മറ്റു ചിലർ പഞ്ചായത്ത് മെമ്പറുടെ അനാസ്ഥയിൽ രോഷം പൂണ്ടു. ഞങ്ങൾ കുട്ടികൾ അതെല്ലാം കാതോർത്ത് കേട്ടു ആശങ്കാകുലരായി. ഇനി കരണ്ട് വരില്ലേ..

ഗ്രാമം അപ്പോഴും പതിവുപോലെ പുതിയ വിശേഷങ്ങൾക്കായി കാത്തിരുന്നു.. ആലിക്കയുടെ ചായക്കടയിൽ നാട്ടുകൂട്ടം ആണ്ടുനേർച്ചയുടെ ഒരുക്കങ്ങൾക്കുള്ള കോപ്പുകൂട്ടി. കളിയാട്ടംകാവിലെ ഉത്സവം അറിയിച്ചു കുന്നിൻനെറുകയിലെ കരിയാത്തൻ മൂപ്പന്റെ  ഉടുക്കുനാദം ഗ്രാമസന്ധ്യകളെ താളസാന്ദ്രമാക്കി. അന്തിക്കള്ള് മോന്തിയെത്തിയ നായാടിയുടെ പുലഭ്യം പറച്ചിൽ കേട്ടു പൊയ്ക്കാൽ കുതിരകൾ ചെവി പൊത്തി. 

പള്ളിമദ്രസയിൽ ഞങ്ങൾ കുട്ടികൾ പെട്രോൾമാക്സിന്റെ വെളിച്ചത്തിൽ മതപഠനം തുടർന്നു പോന്നു. കത്തിച്ച റാന്തൽ വിളക്കും കയ്യിലേന്തി ഇഷാ നമസ്ക്കാരം കഴിഞ്ഞു വീട്ടിലേക്കുള്ള മൊയിദീൻ ഉപ്പാപ്പയുടെ നടത്തത്തിനും മാറ്റമുണ്ടായില്ല.  "ജിന്നുകളും" "ഒടിയന്മാരും" രാത്രി സഞ്ചാരം നടത്തിയിരുന്നു അന്ന് ഗ്രാമത്തിൽ. ചിലരൊക്കെ അവകളെ കണ്ടു പേടിച്ച കഥകളും കേട്ടിരുന്നു. പുഴക്കക്കരെ മലഞ്ചെരുവുകളിൽ "പെട്ടിച്ചൂട്ടുകൾ" കാണാറുണ്ടെന്നു   ചാലിയാറിൽ രാത്രികാലങ്ങളിൽ വലയിടുന്ന  മീൻ പിടുത്തക്കാരും സാക്ഷ്യപ്പെടുത്തുന്നു.  

അങ്ങിനെയിരിക്കെ കരണ്ട്കമ്പിയുടെ വലിയ ചക്രം ഒരു സുപ്രഭാതത്തിൽ പുഴ കടന്നെത്തി. ഞങ്ങൾ കുട്ടികൾ തുള്ളിച്ചാടി. തേക്കിൻകാലിന്റെ മുകളിലൂടെ കരണ്ട് കമ്പി ഗ്രാമത്തിന്റെ പ്രധാന നിരത്തിലൂടെ പാഞ്ഞുകാലുകളെ പിടിച്ചുകെട്ടിയ സ്റ്റേ-വയർ തൊടരുതെന്നും തൊട്ടാൽ കരണ്ടടിച്ചു മരിച്ചു പോകുമെന്നും  മുതിർന്നവർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കരണ്ട് വന്നാൽ കമ്പിയിൽ പറന്നുവന്നിരിക്കുന്ന പാവം പക്ഷികളുടെ ഗതി എന്താവും എന്ന് ഞാൻ ന്യായമായും ഭയപ്പെട്ടിരുന്നു. 

വീടായ വീടുകളിലൊക്കെ നഗരത്തിൽനിന്നു  വന്ന പരിഷ്ക്കാരി പയ്യന്മാർ വയറിംഗ് ചെയ്യാൻ ആരംഭിച്ചു. ചില വീടുകളിൽ "കോളിംഗ്ബെല്ലും" വെച്ച് ആർഭാടം കൂട്ടി. എന്താണ് കോളിംഗ്ബെൽ എന്ന് തീരെ കുഞ്ഞായിരുന്ന എനിക്ക് പറഞ്ഞു തന്നത് അയൽവാസി ബാപ്പുട്ടി ആണ്. അവന്റെ ഉമ്മയുടെ അമ്മാവൻ മുക്കം സ്വദേശി ആണ്..അവിടെ ഈ സാധനം ഉണ്ടത്രേ..പുറത്തെ ചുമരിലെ സ്വിച്ചിൽ ഞെക്കിയാൽ അകത്തു മണി അടിക്കും. 

പിന്നെയും ഞങ്ങളുടെ കാത്തിരിപ്പ് നീണ്ടു. പതിവ് പോലെ ചാലിയാർ തെളിഞ്ഞും കലങ്ങിയും അതിന്റെ ഒഴുക്ക് തുടർന്നുകൊണ്ടേയിരുന്നു.  കടത്തുവള്ളം ഇടതടവില്ലാതെ മറുകര നീന്തി. കോഴിക്കൊട്ടങ്ങാടിയിലെ പകലദ്വാനം കഴിഞ്ഞു കൂടണയുന്നവർ കടത്തുവള്ളത്തിൽ കയറി  താന്താങ്ങളുടെ വീടുകളിലേക്ക് നടന്നു പോയി. ഞാറ്റു വേല കഴിഞ്ഞു കർഷക സ്ത്രീകളും കല്ലു വെട്ടുകാരായ യുവാക്കളും സന്ധ്യാനേരത്ത് പുഴയിൽ തുണി ഒലുമ്പി, കുളിച്ചു കുടിലുകളിൽ ചേക്കേറി. പുഴയുടെ മാറിടത്തിലെ  വിശാലമായ മണൽതിട്ടിൽ വേനൽകാല പകലുകളിൽ ദേശാടനക്കിളികളുടെ പതിവു സന്ദർശനത്തിനും മാറ്റമുണ്ടായില്ല.  

ചുമരിലെ ബൾബിലും ട്യൂബിലും നോക്കി ഗ്രാമം നെടുവീർപ്പിട്ടു. എന്നാണു ഇതൊന്നു കത്തിക്കാണുക. വർഷ മേഘങ്ങളുടെ തിമിർത്തു പെയിത്തിൽ രൗദ്രഭാവംപൂണ്ടു ചെമ്മണ്‍ നിറമാർന്നു  നിറഞ്ഞൊഴുകുന്ന ചാലിയാറിലൂടെ  ചിലപ്പോൾ ബൾബുകളും ഒഴുകി വരാറുണ്ട്. അങ്ങിനെ കിട്ടുന്ന ബൾബുകളൊക്കെ വീടുകളിൽ രൂപം മാറി ചിമ്മിണി വിളക്കായി കത്തി നിന്നിരുന്നു അക്കാലത്ത്..

അങ്ങിനെ കാത്തിരിപ്പിന്റെ ഒരു നാളിൽ കുഞ്ഞാപ്പയുടെ പല ചരക്കു പീടികയിൽ തൂക്കിയിട്ട രണ്ടു വാഴക്കുലകൾ  അറുത്ത് രാമേട്ടൻ ഓടുന്ന കാഴ്ച കണ്ടു ഞങ്ങൾ ഗ്രാമം ഒന്നായി പിറകെ ഓടി. രാമേട്ടന്റെ ഓട്ടം ചെന്നുനിന്നത് ഗ്രാമാതിർത്തിയായ ചെത്തുവഴിത്തോടിന്റെ മറുകരയിൽ സ്ഥാപിച്ച ട്രാൻസ് ഫോർമറിലാണ്..

അവിടെ വലിയ ഒരാൾക്കൂട്ടം ഉണ്ടായിരുന്നു. പഞ്ചായത്ത് മെമ്പർ  ഞങ്ങൾ കുട്ടികളോടൊക്കെ മാറി നിൽക്കാൻ പറഞ്ഞു.. പിന്നെ പാൻറും ഷർട്ടും തൊപ്പിയും ധരിച്ച യോഗ്യനായ  എക്സികുട്ടീവ് എഞ്ചിനീയർ  ട്രാൻസ് ഫോർമറിൻറെ ലിവർ മുകളിലേക്ക് ഉയർത്തി. വഴി വിളക്കുകൾ തെളിഞ്ഞു. മെമ്പർ  എല്ലാവർക്കും മൈസൂർപഴം വിതരണം ചെയ്തു. ഞങ്ങൾ കയ്യടിച്ചു ആർത്തു ചിരിച്ചു.  വീടുകൾ പ്രകാശ പൂരിതമായി. ലൈറ്റുകൾ അണച്ചും തെളിച്ചും ഞങ്ങൾ സന്തോഷം പങ്കിട്ടു. പങ്കകൾ കറങ്ങി. മാറ്റത്തിന്റെ കാറ്റു വീശിത്തുടങ്ങി. പുതിയ പകലിലേക്ക് ഉണരാൻ ഗ്രാമം പതുക്കെ മിഴി പൂട്ടി.


04-01-2015 ൽ മലയാളം ന്യൂസ്‌ പത്രത്തിൽ പ്രസിദ്ധീകരിച്ചത്.

.......................... ശുഭം........................................

11 comments:

  1. അരവിന്ദന്‍റെ ഒരിടത്ത് എന്ന ചിത്രത്തിലെ ഗ്രാമം ഓര്മ്മ വരുന്നു ..വൈദ്യുതി ഇല്ലാതാക്കിക്കളഞ്ഞ ഒടിയന്മാരെയും ജിന്നുകളെയും !പുതിയ തലമുറ ഇതൊക്കെ കേള്‍ക്കുമ്പോള്‍ അതിശയം കൂറും ,,എങ്ങനെ ഫാനും എ/സിയും ടി വിയും ഒന്നും ഇല്ലാതെ കുറെ തലമുറകള്‍ ജീവിച്ചിരുന്നു എന്ന് ഓര്‍ത്ത് !

    ReplyDelete
    Replies
    1. ആദ്യ വായനക്ക് നന്ദി സിയാഫ്..

      Delete
  2. പോയ കാലത്തിന്റെ ഓർമ്മകൾ എന്നും മനസ്സിൽ ഒരു വിങ്ങലാണ്...
    കാലചക്രത്തിന്റെ ചലനത്തിൽ കാലഹരണപ്പെട്ടു പോവാതിരിക്കട്ടെ ആ ഓർമ്മകളെങ്കിലും...
    എൻ.എൻ.കക്കാട് പറഞ്ഞ പോലെ,
    "ഓർമ്മകളുണ്ടാവട്ടെ,
    കഴിഞ്ഞുപോയ ഇന്നലെകളെ കുറിച്ച്,
    അവ നൽകുന്ന ഊർജം ഉൾക്കൊണ്ട്,
    നാളെകൾ നിർമ്മിക്കുന്നതിനെ കുറിച്ച്..."
    'ഗ്രാമത്തിലെ വഴിവിളക്ക്' വളരെയേറെ ഇഷ്ടപ്പെട്ടു...
    പ്രിയമോടെ,
    മുഹമ്മദ്‌ റഈസ്

    ReplyDelete
  3. സിയാഫ് പറഞ്ഞതുപോലെ അരവിന്ദന്റെ സിനിമ ഓർമ്മ വരുന്നു. തുടക്കത്തിൽ പറഞ്ഞ വഴിവിളക്കും എണ്ണ തീർന്ന് കെട്ടുപോവുന്ന വിളക്കിനോടൊപ്പം ഉറങ്ങുന്ന ഒരു ഗതകാലം ഞങ്ങളുടെ കണ്ണങ്കരക്കും ഉണ്ടായിരുന്നു. എല്ലാ നാട്ടിലും വൈദ്യുതി വന്ന കഥ ഇതുതന്നെ.... എന്റെ നേരിയ ഓർമ്മകളിലുമുണ്ട് റാന്തൽ വിളക്കും, ബൾബുകൊണ്ടുണ്ടാക്കുന്ന മണ്ണെണ്ണ വിളക്കും, ബ്രിൽ മഷിക്കുപ്പിയിൽ സോഡയുടെ മൂടിവെച്ചണ്ടാക്കിയ പഴയ മണ്ണെണ്ണ വിളക്കും ഓർമ്മയിലെത്തുന്നു.......

    മറക്കാൻ തുടങ്ങിയത് വീണ്ടും ഓർമ്മിപ്പിച്ചു....
    ചെറുതെങ്കിലും ഈ ബ്ലോഗിലെ നല്ല പോസ്റ്റുകളുടെ പട്ടികയിൽ ഇതുകൂടി ചേർക്കാം....

    ReplyDelete
  4. ഓർമ്മകളിലേക്കുള്ള തിരിച്ചു നടത്തം എന്നും ആവേശമാണ്‌ . അവിടെ കമ്പി വലിക്കാത്ത തെക്കിന്റെ കാലുകളും ഒറ്റ തടിയുടെ പാലവും കൊയ്ത്തുപാട്ടും അയ്യപ്പന വിളക്കും തിറയുത്സവവും ചായക്കടകളും എല്ലാം കടന്നു വരും . ഞാൻ ഗൃഹാതുരത്വ ഓർമ്മകളിൽ ജീവിക്കുന്ന ഒരാളാണ് . പുതിയ കാലവുമായി ചേർന്ന് നടക്കുമ്പോഴും ആ ഓർമ്മകളിൽ മുങ്ങാം കുഴിയിടാൻ എനിക്കിഷ്ടമാണ് . ഒരു പക്ഷേ നൊസ്റ്റാൾജിയ മാത്രം എന്ന വിമർശനം ബ്ലോഗിൽ നേരിട്ടപ്പോഴും ഞാൻ അത് കാര്യമാക്കതിരുന്നത് ആ ഓർമ്മകളോടുള്ള എന്റെ അടങ്ങാത്ത അഭിനിവേശം തന്നെ ആയിരുന്നു . എന്നാലും വായിക്കുന്നവരുടെ ബോറഡി മാനിച്ച് ആ വെറുപ്പിക്കലിനോട് ഞാൻ രാജിയായി . എഴുത്തിൽ മാത്രം .

    അക്ബർക്കാ .. നിങ്ങളുടെ നാട് എനിക്ക് പരിചയവും വേരുകളും ഉള്ള ഭൂമികയാണ് . ചാലിയാർ എന്റേത് കൂടിയാണ് . ഈ ഓർമ്മപ്പുസ്തകം മറിച്ചത് നിങ്ങൾ തനിച്ചല്ല .. ഞാനും കൂടെയുണ്ട് .

    സന്തോഷം അറിയിക്കുന്നു നല്ല എഴുത്തിന് . ഒരു പനൂസ് വിളക്ക് ഓർമ്മകളുടെ മേലെ തെളിഞ്ഞു കൊണ്ടേയിരിക്കുന്നു .

    ReplyDelete
  5. സ്വന്തം ഗ്രാമാത്തിന്റെ പ്രകാശപൂർതമായ
    വഴികളിലൂടെയുള്ള ഗൃഹാതുരത്വ ഓർമ്മകളിൽ
    കൂടിയുള്ള പിന്നോട്ടുള്ള ഒരു സഞ്ചാരം

    ReplyDelete
  6. ചിമ്മിനി വിളക്കിന്‍റെ ആ പുക,രാത്രിവായനയുടെ അകലം എത്രയാണ് കൂട്ടിയിരുന്നത് ....അങ്ങിനെ വിദ്യ അഭ്യസിച്ചിരുന്ന ഒരു കാലം ഗ്രാമ്യപ്പഴമയിലെ പഴങ്കഥയായി !എന്തെല്ലാം ഓര്‍മ്മകള്‍ .....!പിന്നെ ആലക്തിക വെളിച്ച പ്രവാഹത്തിലെ സന്തോഷ നാളുകള്‍ !പിന്നെ ടെലഫോണ്‍ വന്ന ഗ്രാമപ്പുളകങ്ങള്‍....!എല്ലാം ഓര്‍മ്മിയില്‍ കൊണ്ട് വന്നതിനു നന്ദി ...!

    ReplyDelete
  7. വെളിച്ചം വന്ന ഓര്‍മ്മകള്‍...

    ReplyDelete
  8. ഏണിയും,മണ്ണെണ്ണയുമായി വന്ന്‌,വിളക്കുകാലില്‍ കയറി മണ്ണെണ്ണയൊഴിച്ച് തിരികത്തിച്ച് അടുത്ത വിളക്കുകാലിലേക്ക് നീങ്ങുന്ന നാണ്വമ്മാനെ ഓര്‍മ്മവന്നു.
    ആശംസകള്‍

    ReplyDelete
  9. ആലക്തികപ്രഭാവം ഗ്രാമങ്ങളെ ആവേശിച്ചതിന്റെ തൊട്ടുമുമ്പത്തെ കാലത്തെ അതീവസുന്ദരമായി അവതരിപ്പിച്ച ഈ അക്ഷരവിരുന്ന് അത്യധികം ഹൃദ്യമായ വായനയായി. പ്രൈമറിക്ലാസുകളിൽ പഠിച്ചിരുന്ന കാലത്ത് എന്റെ ഗ്രാമത്തിലും സംഭവിച്ച സമാനമായ സംഗതികളിലേക്ക് മനസ്സിന് ശരവേഗത്തിൽ ഒരു സഞ്ചാരവും സാദ്ധ്യമായി. നന്ദി.

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..