Monday, July 6, 2015

അതാ മുറ്റത്തൊരു സ്കൂട്ടർ


അതാ മുറ്റത്തൊരു സ്കൂട്ടർ. ഞാൻ തിരിഞ്ഞു നോക്കി. ക്ലീ ക്ലീ.. ആരോ നിർത്തിയിട്ടു പോയതാണ്. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു കുപ്പി പെട്രോളുമായി  അതിന്റെ ഉടമസ്ഥൻ കയറിവന്നു.  

കണ്ടിട്ട് നല്ല മുഖപരിചയം, ആഗതൻ വളരെ പരിചിതഭാവത്തോടെ കുശലം ചോദിക്കുന്നു. വീട്ടിലെ ഓരോ അംഗങ്ങളുടെയും വിശേഷങ്ങൾ തിരക്കുന്നു.  

കക്ഷി അടുത്ത ബന്ധുവാണെന്നു ഉറപ്പ്.  പക്ഷെ ആര്, ഏതു ബന്ധു. ഇത്രയും പരിചയം കാണിക്കുന്ന ഇയാളോട് താങ്കൾ ആരെന്നു എങ്ങിനെ ചോദിക്കും. ഞാൻ വല്ലാത്ത ധർമ്മസങ്കടത്തിലായി. എന്നാലും കയറിയിരിക്കാൻ പറഞ്ഞു. 

ഒറ്റ നോട്ടത്തിൽ ആളൊരു പ്രവാസിയാണെന്നു മനസ്സിലായി. ഇത് തന്നെ പിടിവള്ളി. ഇനി തന്ത്രപരമായ ചില ചോദ്യങ്ങളിലൂടെ ആളെ തിരിച്ചറിയാം.   എന്നോടാ കളി..

ഏതു പ്രവാസിയോടും ധൈര്യമായി ചോദിക്കാവുന്ന introduction ചോദ്യത്തിൽ ഞാൻ ആരംഭിച്ചു 

>> എന്നു വന്നു ?. 
<< രണ്ടു മാസമായി. 
>> നിർത്തിപ്പോന്നതാണോ ?.
<< അല്ല.. ലീവിലാണ് 
>> ഇപ്പോഴും ദുബായിൽ തന്നെയല്ലേ.. ?
<< ഏയ്‌ . ഞാൻ സൌദിയിലാ. നമ്മൾ ജിദ്ദയിൽ വെച്ച് കണ്ടത് ഒര്ക്കുന്നില്ലേ.. 

>> ഓ..ആ ശരിയാ ശരിയാ..ഞാൻ മറന്നു". -  (ആര് എപ്പോ?.. എവിടെ വെച്ച് കണ്ടു !!!!.. ആ....

>> വീടു പണിയൊക്കെ തീർന്നോ??. -  (എല്ലാ പ്രവാസികളും വീടുണ്ടാക്കുമല്ലോ......)

<< ഇല്ല, പണി നടക്കുന്നു".  - (ഹാവൂ..അതേറ്റു. ഇനി ഇവന്റെ ലൊക്കേഷൻ കണ്ടുപിടിക്കാം..)

>> ചൂരപ്പട്ടയിലല്ലേ (അയൽ ഗ്രാമം) വീടുണ്ടാക്കുന്നത്.??  
<< അല്ല തറവാടിനടുത്താണ്.  (ശോ..പിന്നെയും ഞാൻ....ആ വഴി അടഞ്ഞു)

>> വണ്ടി ഇപ്പൊ വാങ്ങിച്ചതാണോ"  (ചുമ്മാ ഒരു ചോദ്യം)
<< അല്ല ഇക്കയുടെ വണ്ടിയാ..(ഹാവൂ..ഒരു പിടിവള്ളികൂടി ..)
>> ഇക്ക എവിടെയാ വീടെടുത്തേ..?? 
<< ഇക്കയും തറവാടിനടുത്തു തന്നെയാ..(എടാ കൊടുംഭീകരാ ..നിന്നെ ഞാൻ..)

>> പിന്നെ നിങ്ങടെയാരാ ചൂരപ്പട്ടയിൽ താമസം ..? ( വീണിടത്ത് കിടന്നുരുളാൻ ഞാൻ പണ്ടേ മിടുക്കനാ. )

<< ഏയ്‌..ആരുമില്ലല്ലോ ..ജേഷ്ടന്മാർ രണ്ടുപേരും തറവാട്ടിനടുത്തു തന്നെയാ വീട് വെച്ചത്..
(ഈ പണ്ടാരങ്ങൾക്കൊക്കെ വീട് വെക്കാൻ ഒരു തറവാട് മാത്രേ കണ്ടുള്ളൂ????.......)

അതിനിടയിൽ ഭീകരൻ വണ്ടിയിൽ പെട്രോൾ ഒഴിച്ച് കിക്കോട് കിക്ക് തന്നെ. ഒടുവിൽ ചവിട്ടുകൊണ്ട്  "എന്റമ്മോ എന്തൊരു കിക്കെ"ന്നും പറഞ്ഞു  ആ ശകടം നിലവിളിച്ചു.....

<< എന്നാ പിന്നെ കാണാം. ഇക്ക പോകുന്നതിനു മുമ്പ് ഒരു ദിവസം തറവാട്ടിലേക്ക് ഇറങ്ങണം".  ഇത്രയും പറഞ്ഞു ആഗതൻ പോഗതനായി. 

>> ഒക്കെ ..ഞാൻ വരാം. (പക്ഷെ എങ്ങോട്ട് ??)

ഇത്ര പരിചയം കാണിച്ച ഈ ഭീകരൻ ആരാണെന്നറിയാതെ ഞാനങ്ങിനെ അന്തം വിട്ടിരിരുന്നു..

<< ങേ..അവനെവിടെ ?".. പിന്നിൽ രണ്ടു ഗ്ലാസ് ജ്യൂസുമായി സഹധർമ്മിണി.
>> ആര്...??
<< കുഞ്ഞുമോൻ..
>> കുഞ്ഞുമോനോ..ഏതു കുഞ്ഞു മോൻ..എവിടുത്തെ കുഞ്ഞുമോൻ..
<< അപ്പൊ  ങ്ങക്ക് ആളെ മനസ്സിലായില്ലേ...
>> ഇല്ലെഡീ. ആരാൻ അവൻ.?

<< പിന്നെ ഓനോട്‌ ങ്ങളെന്താ ഇത്രേം നേരം വർത്താനം പറഞ്ഞത്..
>> അത്  ആളറിയാൻ ഞാൻ  അശ്വമേധം കളിക്കല്ലായിരുന്നോ..
<< എന്നിട്ടോ ??
>> പിടി കിട്ടിയില്ല..ആ ആരേലും ആവട്ടെ..
.
<< പടച്ചോനേ..അത് സലാംക്കയുടെ അളിയനല്ലേ ഇക്കാ....
>>ഏതു ?? നമ്മുടെ  സലാംക്കയുടെയോ??""..ഞാൻ വാപൊളിച്ചു. തൊണ്ട വറ്റിവരണ്ടു മരുഭൂമിയായി. ഒരു ഗ്ലാസ് ജ്യൂസ്  വാങ്ങി തൊണ്ടയിൽ കമിഴ്ത്തി.

<< എന്നാലും ങ്ങളെ ഒരു കാര്യം..വീട്ടീ വന്നിട്ട് ആ കുട്ടിക്ക് ഒരു  വെള്ളം പോലും  കൊടുക്കാതെ പറഞ്ഞുവിട്ടല്ലോ ങ്ങള്. ങും...ഇനിപ്പോ സലാംക്ക അറിയുമ്പോ...

അവളങ്ങിനെ ആത്മഗതം ചെയ്യുമ്പോൾ  ഞാൻ രണ്ടാമത്തെ ഗ്ലാസിലെ  ജ്യൂസും കാലിയാക്കുകയായിരുന്നു.

<< ഞ്ഞി  മധുരം മുഴുവൻ അകത്താക്കി ഷുഗർ കൂട്ടണ്ടാ"". അവൾ  ഗ്ലാസ് പിടിച്ചു വാങ്ങി..
>> സങ്കടം കൊണ്ടാ ഡീ... ഈ ഒടുക്കത്തെ കുടി. 
<< ഓ..ഒരു താമാശ.... മനുഷ്യരായാൽ കുറച്ചൊക്കെ ഓർമ്മ വേണം. ബുദ്ധി വേണം.

>> എന്നാ ഞാനൊരു സത്യം പറയാം. എനിക്ക്  അൾസിമേഷ്യയാ..
<< ങേ...അതെന്താ സാധനം ?
>> മറവി രോഗം..
<< ഓ..കുന്തം..വെറുതെ ഓരോന്ന് പറയണ്ടാ..
>> എന്നാ ഒരു ഗ്ലാസ് ജ്യൂസും കൂടെ താ..ദാഹിച്ചിട്ടു വയ്യ..
<< ഒരു തുള്ളി തരൂല.. പോ അവിടുന്ന്..

ദേഷ്യം മുഴുവൻ അമർത്തിച്ചവിട്ടി അവൾ അകത്തേക്ക് പോയി..സീതാദേവി ആയിരുന്നെങ്കിൽ അവളിപ്പോ ഭൂമി പിളർന്നു താഴോട്ടു പോയേനെ...

എന്നാലും എന്റെ സലാംക്കാ അളിയാ..എന്നോട് ഈ ചതി വേണ്ടായിരുന്നു. ഇനി ഇന്നത്തെ ദിവസം എന്താകുമോ എന്തോ..

3 comments:

 1. ചിലസന്ദര്‍ഭങ്ങളില്‍ ഇങ്ങ്നെയൊക്കെ സംഭവിച്ചുപോകാറുണ്ട്.....
  ആശംസകള്‍

  ReplyDelete
 2. സന്തോഷ് ബ്രഹ്മി ട്രൈ ചെയ്യാവുന്നതേയുള്ളു. ഓര്‍മ്മക്ക് ഉത്തമാമണത്രേ!!!!!!

  ReplyDelete
 3. രസിച്ചു.

  ഇനിയിപ്പൊ ഈ സലാംക്ക ഏതാണെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ തന്ത്രപൂര്‍വ്വം ചില ചോദ്യങ്ങളൊക്കെ തയ്യാറാക്കട്ടെ. 'അള്‍ഷിമേഷ്യ' പിടിപെട്ട ആളോട് ചോദിച്ചിട്ട് കാര്യമില്ല.
  രണ്ട് കാലിഗ്ലാസുമായി അകത്തേക്ക് പോയ ആളോട് അശ്വമേധം കളിക്കാമെന്നു വെച്ചാല്‍ ആളല്‍പ്പം ചൂടിലുമാണ്‌..
  ഇനിയിപ്പൊ എന്തുചെയ്യും !

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..