Monday, December 14, 2015

വല്ല്യുമ്മ

 ബടെ വാ ഒരുമ്പെട്ടോനെ... വല്ല്യുമ്മ ഞമ്മളെ മുടി വെട്ടിക്കാൻ വിളിക്കുന്ന വിളിയാ. മൊട്ടത്തലയായിരുന്നു ഓർമ്മ വെച്ച നാളുകളിലൊക്കെ. മുടി, കാലിഞ്ച് വളരുമ്പോഴേക്കും വല്ല്യുമ്മ ദൂദനെ അയച്ചു സൈദാലിക്കയെ വരുത്തും. മുറ്റത്ത് ഒരു നീണ്ട പടിയിട്ട് കാലുകൾ അപ്പുറവും ഇപ്പുറവും ഇട്ടു സൈദാലിക്ക സഞ്ചിയിലെ പണിയായുധങ്ങൾ നിരത്തി വെച്ച് നീട്ടി വിളിക്കും. കുട്ട്യേ.... 

മൂപ്പർ കത്തി അണച്ചു മൂർച്ചകൂട്ടി 'ഇര'യെ കാത്തിരിക്കുമ്പോൾ  ഞമ്മൾ വടക്കിണീൽ ഉമ്മയുടെ കോന്തലക്കൽ പിടിച്ചു കെഞ്ചും. ഇച്ചി മുടി കളയണ്ടാ, ക്രോപ്പാക്കിയാ മതീ. അപ്പൊ വല്ല്യുമ്മ കോലായീന്നു നീട്ടി വിളിക്കുന്ന വിളിയാണ് "ബടെ വാ ഒരുമ്പെട്ടോനെ..." .പിന്നെ നുമ്മ സൈദാലിക്കയുടെ കത്തിയുടെ താളം ആസ്വദിച്ചു പ്രതിഷേധത്തോടെ അങ്ങിനെ തല കുമ്പിട്ടിരിക്കും. 
.
ചെറിയ കിണ്ണത്തിൽ നിറച്ചുവെച്ച വെള്ളത്തിൽ കൈ മുക്കി തല ഒന്നു നനച്ചു സൈദാലിക്ക ചെരണ്ടൽ തുടങ്ങുമ്പോൾ തലയിലെ എന്റെ ദുഃഖ ഭാരമൊക്കെ അങ്ങിനെ കൊഴിഞ്ഞു വീഴും.   .മുടി കളച്ചിൽ കഴിഞ്ഞാലുടൻ ഉമ്മ എന്നെ ചാലിയാറിൽ കൊണ്ട് പോയി  മുക്കി എടുക്കും. അപ്പൊക്കണ്ടാൽ സാക്ഷാൽ ശ്രീ ബുദ്ധന്റെ പേരക്കുട്ടിയാണെന്നെ തോന്നൂ. അത്രക്ക് ക്ലീനായിരിക്കും ഞമ്മളെ മൊട്ടത്തല. പിന്നെ രണ്ടു മൂന്നു ദിവസം മദ്രസയിലെ കൂട്ടുകാരായ ഹമുക്കീങ്ങൾക്ക് സ്ലേറ്റ്‌ പെൻസിൽ കൂർപ്പിക്കാൻ ഞമ്മളെ തല മതിയാവും. "ഞമ്മളെ ഗാന്ധിജി വന്നൂന്ന് " ഉസ്കൂളിലെ ചില കള്ള ബടുക്കൂസുകൾ വിളിച്ചു പറയും. .
.
മിക്കപ്പോഴും എന്റെ തല വടിച്ചു കഴിഞ്ഞാൽ വല്ല്യുമ്മ ബാപ്പയോട് പറയും. "ഇണ്ണിയേ അബടെ കുത്തിരുന്നു കൊടുക്ക്". ഞങ്ങളുടെ ബാപ്പയായെങ്കിലും വല്ല്യുമ്മക്കു ബാപ്പ എന്നും "ഇണ്ണി" തന്നെയായിരുന്നു.   "ഞാൻ രണ്ടീസം കഴിഞ്ഞു വെട്ടി ച്ചോളാം" എന്ന് പറഞ്ഞു  ബാപ്പ ഒഴിഞ്ഞു മാറും. ബാപ്പ ഒരിക്കലും മൊട്ടയടിച്ചു ഞാൻ കണ്ടിട്ടില്ല. ഇസ്തിരിയിട്ട വെള്ളക്കുപ്പായം വെടിപ്പോടെ ധരിച്ചു നടക്കുന്ന സുന്ദരനായ സുജായിയായിരുന്നു അന്ന് ബാപ്പ.  .
.
ഒരിക്കൽ മടിയിലിരുത്തി മുഹിയദ്ധീൻ ശൈഖിന്റെ കഥ പറഞ്ഞു തരുമ്പോൾ ഞാൻ വല്ല്യുമ്മയോട് ചോദിച്ചു. "വല്ല്യുമ്മാ..വല്ല്യുമ്മയെന്താ ബാപ്പച്ചിയുടെ തല മൊട്ടയടിപ്പിക്കാത്തത്. ന്റെ തല മാത്രല്ലേ മൊട്ടയാക്കണത്? "  ആ. അതോ..  ഒനൊക്കെ ബല്ല്യതായീലെ. അടക്കയായാൽ മടീൽ വെക്കാം. അടക്കാമരായാൽ പറ്റൂലല്ലോ....അപ്പോ മുടി വളർത്താനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു. "വല്ല്യുമ്മാ ഞാനെന്നാ ഇനി ഒരു അടക്കാമരമാവാ..?""പ്പ ഒരുമ്പെട്ടോനെ... എന്റെ ചന്തിക്ക് ഒരു അടി തന്നു എന്നെ ചേർത്തു നിർത്തി മൂർദ്ദാവിൽ ചുംബിച്ചുകൊണ്ടു അന്ന് വല്ല്യുമ്മ  പറഞ്ഞു. "ന്റെ കുട്ടി ബല്ല്യ ആളാകും". .
.
ഞാൻ വളർന്നു അടക്കാമരമായി. പക്ഷെ അതു കാണാൻ വല്ല്യമ്മ കാത്തു നിന്നില്ല. ഓർമ്മകളിൽ പിന്നെയും പിന്നെയും നനവ്‌ ബാക്കിയാക്കി ഉപ്പയും പിരിഞ്ഞു പോയി. ജീവിതത്തിന്റെ തിരക്കിലും ഓർമ്മകൾ ചിലപ്പോൾ മഴയായും ചിലപ്പോൾ സാന്ത്വനത്തിൻറെ കുളിർകാറ്റായും തല്ലിയും തലോടിയും കടന്നു പോകുന്നു.


--------------------------<>------------------------------

15 comments:

  1. നമ്മളൊക്കെ എത്ര വലിയ
    അടക്കാമരമായാലും ജീവിതത്തിന്റെ ഏത്
    തിരക്കിലും ഓർമ്മകൾ ചിലപ്പോൾ മഴയായും
    ചിലപ്പോൾ സാന്ത്വനത്തിൻറെ കുളിർകാറ്റായും തല്ലിയും
    തലോടിയും ഇങ്ങിനെ കടന്നുവന്നുകൊണ്ടിരിക്കും.....

    ReplyDelete
  2. നാം അനുഭവിച്ച സ്നേഹവും പരിലാളനങ്ങളുമൊന്നും ഒരുകാലത്തും മറക്കാനാവുകയില്ല അല്ലേ

    ReplyDelete
  3. ചില ഓര്‍മ്മകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.

    ReplyDelete
  4. മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ ...
    ഓത്തുപള്ളിയിലെ മൊല്ലാക്കാക്ക് മൊട്ടത്തലയെ പിടിക്കൂ..എന്നാല്‍ സ്കൂളില്‍ ചെന്നാല്‍ അതൊരു നാണക്കേട് തന്നെയായിരുന്നു...

    ReplyDelete
  5. ഓർമ്മകൾക്കെന്തു സുഗന്ധം

    ReplyDelete
  6. പണ്ട് പോക്കാച്ചിത്തവളയുടെ രൂപത്തിൽ ക്ടിക് ക്ടിക് ഒച്ചയുണ്ടാക്കുന്ന മെഷീൻ കൊണ്ട് (ഇന്നത്തെ ട്രിമ്മറുടെ വൈദ്യുതി വേണ്ടാത്ത പൂർവ്വ പിതാവ്) കുറുപ്പേട്ടൻ ചെയ്ത പണിയാ ഓർമ്മ വന്നത്.

    ReplyDelete
  7. ഫെയ്സ് ബുക്കിൽ വായിച്ചായിരുന്നു..
    എന്നാലും ഇന്നീ ബ്ലോഗിലും കൂടി ഒന്ന് വായിച്ചു.
    ഓർമകളുടെ ഓളങ്ങളുണ്ടാക്കുന്നു ഈ വായന എന്റെ മനസ്സില്.

    ReplyDelete
  8. ചാലിയാറിലെ തെളിനീര് പോലെ തെളിവുള്ളൊരു രചന. ഇത്തിരി വരികളിലൂടെ ബാല്യകാലത്തെ മനോഹരാനുഭവങ്ങളിലേക്ക് ഏവർക്കും ഒരു യാത്രയൊരുക്കി. നന്ദി.

    ReplyDelete
  9. നല്ല ഓര്‍മ്മകള്‍ അക്‍ബര്‍ക്കാ...

    പുതുവത്സരാശംസകള്‍

    ReplyDelete
  10. അടക്കാമരമേ.. കിളികൊഞ്ചലുകൾക്കും ഓർമ്മകൾക്കും ന്തു സുഗന്ധാല്ലേ

    ReplyDelete
  11. മരമായി വളർന്നാലും കൂടെ വളരാൻ മടിച്ചു നില്ക്കുന്ന മനസ്സിനെപ്പോഴും താലോലിക്കാൻ കാണും കുറേ ഓർമ്മകൾ

    ReplyDelete
  12. എന്ത് രസം ഓർമ്മക്കുറിപ്പുകൾക്ക്. സത്യം പറഞ്ഞാൽ ഭാവന ചാലിച്ചു എഴുതിപിടിപ്പിക്കുന്ന നുണകഥകളെക്കാൾ എനിയ്ക്കിഷ്ടം കാലം മായ്ക്കാത്ത ഇത്തരം സുഖദമായ ഓർമ്മകളുടെ ചെറുകുറിപ്പുകളെ ആണ്. ഇന്നിന്റെ അസ്വാസ്ഥ്യങ്ങൾക്ക് മേൽ കുളിരേകാൻ ഗതകാലാതിർത്തികൾ താണ്ടിയെത്തുന്ന അവയ്ക്ക് വഴിക്കണ്ണ് നീട്ടാൻ ഇന്നുള്ളവർ വളരെ വിരളം.
    വല്ല്യുമ്മയുടെ സ്നേഹശാസനകൾ , കുട്ടിക്കാലത്തെ വാശികൾ , "ഇണ്ണി" എന്നാ വിളി ...എല്ലാം എന്നത്തേയും പോലെ ഹൃദ്യം. സുന്ദരം. ആശംസകൾ അക്ബര്. സ്നേഹം.

    ReplyDelete
  13. മനസ്സിലേക്ക് ഓര്‍മ്മകളുടെ തേന്‍മധുരം കിനിഞ്ഞിറങ്ങുന്ന വരികള്‍.
    ആശംസകള്‍

    ReplyDelete
  14. ഓർമകളുടെ താളിയോലകളിൽ വല്ലിമ്മച്ചിയുടെയും വള്ളിപ്പച്ചിയുടെയും സാനിധ്യം ജീവിതത്തിലെ ഒരു ഭാഗ്യമാണ് തേൻമധുരം നുകരുന്ന ഓർമ്മകൾ കാലത്തിന്റെ അവസാനത്തോളം മാധുര്യം നൽകുന്ന സുന്ദര കാലഘട്ടം തിരിച്ചു കിട്ടില്ല ആ നിഷ്കളങ്കമായ സ്‌നേഹം കരുതൽ...

    ReplyDelete
  15. നഷ്ട നിമിഷങ്ങൾ തിരിച്ചു കിട്ടുമോ ???

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..