Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, June 30, 2016

ഓര്‍മ്മകളിലെ പെരുമഴക്കാലം

മാനത്തെ കാര്‍മേഘങ്ങള്‍ പെടുന്നനെ സൂര്യനെ മറച്ചു. നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു വിരിച്ച പായയില്‍ ഉണക്കാനിട്ടിരുന്ന നെല്ല് വാരി വെക്കാനായ്  ഉമ്മ മുറവുമായി എത്തി. താഴെ തൊടിയിലെ പ്ലാവിന്‍ ചുവട്ടില്‍ നിന്നും ആട്ടിന്‍ കുട്ടിയുടെ പശുവിന്റെയും നിലവിളി. ഇതെന്തിനുള്ള പുറപ്പാടാ.

പൂക്കളോട്  കിന്നാരം പറഞ്ഞു കൊണ്ടിരുന്ന തുമ്പികളെ കാണുന്നില്ല. അവ എങ്ങോട്ട് പോയി. മരങ്ങള്‍ ആടിത്തുടങ്ങി. പടിഞ്ഞാറ് നിന്നും തണുത്ത കാറ്റു വീശുന്നു. മുറ്റം നിറയെ ഉണങ്ങിയ ഇലകള്‍ പാറി വീണു. കാറ്റില്‍ വൃക്ഷത്തലപ്പുകള്‍ ഊഞ്ഞാലാടുന്നതു കാണാന്‍ എന്ത് ചന്തമാ. വലിയ നാട്ടുമാവിന്റെ ചുവട്ടില്‍ മാങ്ങ വീഴുന്ന ഒച്ച. അങ്ങോട്ട്‌ ഓടാന്‍ തുടങ്ങിയപ്പോഴേക്കും കയ്യില്‍ ഉമ്മയുടെ പിടി വീണു. മഴ വരുന്നു.

മഴ ചിലപ്പോള്‍ ഒരു നിഷേധിയെപ്പോലെയാണ്. അനുവാദം ചോദിക്കാതെ വന്നു കയറുന്ന നിഷേധി. പുഴയുടെ അക്കരെ നിന്നാണ് എപ്പോഴും അതു വരിക. പുഴയില്‍ ചെറു വൃത്തങ്ങള്‍ വരച്ചു അതിവേഗം ഇക്കരെ എത്തും. പിന്നെ പുഴയിറമ്പിലെ  കൈതപ്പൂക്കളെ ഉമ്മവെച്ചു കര കയറി വന്നു മച്ചിന്‍ പുറത്തു പടപടാ പെയ്യാന്‍ തുടങ്ങും. ആദ്യം തുള്ളികളായി. പിന്നെ തുള്ളിക്ക്‌ ഒരു കുടമായി പെടുന്നനെയുള്ള ഭാവപ്പകര്‍ച്ച. ദാഹാര്‍ത്ഥയായ ഭൂമിയുടെ വരള്‍ച്ചയിലേക്ക് വശ്യമായ പുഞ്ചിരിയോടെ വന്നു വന്യമായ ആവേശത്തോടെ ആഴ്ന്നിറങ്ങും.

മഴ ചിലപ്പോള്‍ കൌശലക്കാരിയായ മുത്തശ്ശിയെപ്പോലെയാണ്. സ്കൂള്‍ മുറ്റത്തു തുള്ളിക്കളിക്കുന്ന കുട്ടികളെ വരാന്തയിലേക്ക്‌ ഓടിക്കും. ചെളി പിടിച്ചു കിടക്കുന്ന നെല്ലോലകളെ കുളിപ്പിച്ച് കോതിമിനുക്കി സുന്ദരികളാക്കും. കുമ്പിള്‍ കുത്തി കാത്തിരിക്കുന്ന ചേമ്പിലകള്‍ക്കു ഭിക്ഷ നല്‍കും. മെലിഞ്ഞു വയറൊട്ടി മരിക്കാറായ പുഴയെ ആശ്വസിപ്പിക്കും, നരച്ചു ജട പിടിച്ച കുന്നുകളെ ശാസിക്കും, തികഞ്ഞ ഒരു ഗൌരവക്കാരി.

മഴ ചിലപ്പോള്‍ കാമാന്ധനായ പ്രണയിതാവിനെപ്പോലെയാണ്. യവ്വനതീഷ്ണമായ മോഹാവേശത്തോടെ അവന്‍ ഭൂമിയുടെ നഗ്നതയെ വാരിപ്പുണരും. ഈറന്‍ മേനിയില്‍ താണ്ഡവ നൃത്തം ചവിട്ടുമ്പോള്‍ തരളിതയാകുന്ന ഭൂമിയുടെ മാറിടം വിങ്ങും. ‍ മഴയുടെ അതിര് കടന്ന  അത്യാവേശം ഭീതിപ്പെടുത്തുമ്പോള്‍  ആലസ്യം വിട്ടുണരുന്ന ഭൂമി കേണു പറയും. നിര്‍ത്തൂ. ആകാശത്തില്‍ നിന്നും പിടിവിട്ടു പോന്ന മഴയ്ക്ക് പെയ്യാതിരിക്കാനാവില്ല. ആകാശവും ഭൂമിയും അങ്ങിനെ ഒന്നിച്ചു സങ്കടം പറഞ്ഞു തീര്‍ക്കും.

മഴ ചിലപ്പോള്‍ ഔചിത്യ ബോധമില്ലാത്ത കോമാളിയെപ്പോലെയാണ്. പാവങ്ങളുടെ കുടിലുകളിലേക്ക് ഒളി ഞ്ഞു നോക്കും. ചിലപ്പോള്‍ അവരെ കുടിയിറക്കും. കര്‍ഷകന്റെ വറുതിയിലേക്ക് വിരുന്നുകാരനായെത്തും. കുട ചൂടി പോകുന്ന വഴിയാത്രക്കാരനെ കാറ്റില്‍ നനയ്ക്കും. ശീലക്കുടയുടെ അടിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കും. അസമയത്ത് സ്കൂളിനു അവധി നല്‍കും. വയലേലകളെ കായലുകളാക്കും. തോരാമഴയായി‍ ഗ്രാമങ്ങളെ ഒറ്റപ്പെടുത്തും.

മഴ ചിലപ്പോള്‍ അനുസരണയില്ലാത്ത കുട്ടിയെപ്പോലെയാണ്.  വീണ്ടും വീണ്ടും ഭൂമിയെ പരീക്ഷിച്ചുകൊണ്ടിരിക്കും. ഒടുവില്‍ തോല്‍വി സമ്മതിക്കുമ്പോള്‍ കിഴക്കന്‍ മലകള്‍ പൊട്ടി ഒലിക്കും. ചെന്കുത്തായ് വഴികളിലൂടെ മണ്ണും പാറക്കെട്ടുകളും മരങ്ങളും കട പുഴക്കി ആര്‍ത്തലച്ചു പുഴയിലേക്ക് കുത്തി ഒലിക്കും. പുഴ നിറഞ്ഞു കവിയും. കൈത്തോടുകളിലൂടെ നെല്പാടങ്ങളിലേക്കും താഴ്ന്ന പറമ്പുകളിലേക്കും കലക്ക വെള്ളം പായിച്ചു പുഴ അട്ടഹസിക്കും. സംഹാര രുദ്രയായ ഒരു യക്ഷിയെപ്പോലെ. ആ മലവെള്ളപ്പാച്ചിലില്‍ കയ്യില്‍ കിട്ടിയതിനെയൊക്കെ തട്ടിയെടുത്തു പുഴ കൊണ്ട് പോകും. മരവും മുളങ്കൂട്ടവും ആടുകളെയും പശുക്കളെയും വീടും ചപ്പും ചവറും എല്ലാം. പിന്നെ അങ്ങ് ദൂരെ കടലില്‍ അവള്‍ തല തല്ലി ചാകും. അപ്പോഴും മഴ തിമിര്‍ത്തു പൈതു കൊണ്ടേയിരിക്കും. അനുസരണയില്ലാത്ത കുട്ടിയെ പോലെ.

മഴ ചിലപ്പോള്‍ ഒരു  വഴിപോക്കാനെപ്പോലെയാണ് .  യാത്ര പറയാതെ തിരിച്ചു പോകുന്ന വഴിപോക്കന്‍. രാത്രിയിലെ തണുപ്പില്‍ മൂടിപ്പുതച്ചു തന്നു എന്നെ താരാട്ട് പാടി ഉറക്കി അവന്‍ പോയി. തണുത്ത പ്രഭാതം. വൃക്ഷങ്ങള്‍ക്ക് വിഷാദ ഭാവം. പച്ചിലകള്‍ മിഴിനീര്‍ വാര്‍ക്കുന്നു. ചെടികളില്‍ തുമ്പികളും പൂമ്പാറ്റകളും പാറി നടക്കുന്നു. തെങ്ങോലകളില്‍ നിന്നു അണ്ണാറക്കണ്ണന്മാര്‍ ചലപില കൂട്ടുന്നു. അതേ, ഗ്രീഷ്മത്തിന് വഴി മാറിക്കൊടുത്തു ആ കുസൃതി തിരിച്ചു പോയിരിക്കുന്നു. ഇനി എന്നു വരുമോ ആവോ. മരക്കൊമ്പിലിരുന്നു കിളി പാടുന്നത് കേട്ടില്ലേ.

അച്ഛന്‍ കൊമ്പത്ത്..
അമ്മ വരമ്പത്ത്
വിത്തും കൈക്കോട്ടും.
പാരില്‍ സന്തോഷം...പാടാം ചങ്ങാതി.

(ഇതു എന്ത് പോസ്റ്റാണെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എനിക്ക് ഉത്തരമില്ല. എപ്പോഴൊക്കെയോ മഴ എന്നില്‍ ചെലുത്തിയ സ്വാധീനം. അതിനെ ഭംഗിയായി പറയാന്‍ എനിക്കാവുന്നില്ല. ഇന്നലെ ഇവിടെ മഴ പെയ്തപ്പോള്‍ മഴക്കാലത്തിന്റെ ഓര്‍മ്മകളില്‍ വെറുതേ അങ്ങിനെ.. ) 

-----------------------------------------
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നു
-----------------------------------------

--<>--

Tuesday, January 7, 2014

മഴവില്ലിൻ മറയത്തു

മഴവില്ലിൻ മറയത്തു - അണിയറ പ്രവർത്തകർക്ക് ആശംസകളോടെ..
------------------------------------------

നവ സാങ്കേതിക വിദ്യയുടെ വർത്തമാന കാലം തുറന്നിട്ട അറിവിന്റെ ചക്രവാളം എഴുത്തും വായനയും ചർച്ചകളുമായി ഇന്ന് ശബ്ദമുഖരിതമാണ്. ഭാഷാ സ്നേഹികളായ ഒട്ടേറെ ധിഷണാശാലികളുടെ സജീവ പങ്കാളിത്തം കൊണ്ട് ധന്യമാണ് ഇന്ന് സൈബർ ലോകം.
അക്ഷര സ്നേഹികളായ ഒരു ചെറു സംഘത്തിന്റെ നിസ്വാർഥമായ സമർപ്പണ ബോധത്തിൽ നിന്നാണ് മലയാളത്തിന്റെ മഴവില്ല് സൈബർ ലോകത്ത് വിരിഞ്ഞത്.

Monday, December 19, 2011

ചിദംബര വെളിപാടുകള്‍


രാഷ്ട്രീയം പറയരുത് എന്നു എത്ര ശപഥം ചെയ്താലും നമ്മുടെ രാഷ്ട്രീയക്കാര്‍ പറയിപ്പിക്കും. പറയിപ്പിക്കലാണല്ലോ അവരുടെ പണി. അവരായിട്ടു ഒന്നും ചെയ്യാറില്ല. ഇപ്പോള്‍ മുല്ലപ്പെരിയാറല്ല പ്രശനം. ചിദംബരത്തെ പുറത്താക്കലാണ്. പറയുന്നത് കേട്ടാല്‍ തോന്നും ഇതു മുരളിയെ പുറത്താക്കുന്ന പോലെ നിസ്സാര കാര്യമാണെന്ന്.