Wednesday, February 15, 2012

ആ വാര്‍ഡും പേവാര്‍ഡും പിന്നെ ഞാനും

മാന്യ സഹോദരന്മാരെ. ഞാന്‍ ഒരു പരമ്പരാഗത ബ്ലോഗു കര്‍ഷകനാണ് . എന്‍റെ അനുഭവം കേള്‍ക്കൂ. ബൂലോകം ഓണ്‍ ലൈനില്‍ ഈയിടെ ഏറ്റവും നല്ല ബ്ലോഗ്‌ കര്‍ഷകര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു എന്നു കേട്ടു. അങ്ങിനെ ഈ പാവം ഞാനും ബൂലോകത്തേക്ക് ഒന്ന് വിളിച്ചു.



ഹലോ ഹലോ ബൂലോകം ഓണ്‍ലൈന്‍ അല്ലേ.
അല്ല യമലോകം ഓഫ് ലൈനാ...താനാരാ
ഞാന്‍ ചാലിയാര്‍
ങാ എന്താ അലിയാരെ.....ഈ നട്ടപ്പാതിരക്കു
അയ്യോ അലിയാരല്ല. ചാലിയാര്‍.
ഏതു ചാലിയാര്‍ ?????????????
അങ്ങ് കേട്ടു കാണും. ലോക പ്രസിദ്ധ ബ്ലോഗറാ. ഒബാമ ഇന്നലയൂം പറഞ്ഞതെ ഉള്ളൂ. എന്‍റെ "അവളുടെ പുളൂസു" എന്ന പോസ്റ്റ് വായിച്ചു മിഷേല്‍ ഒബാമ ചിരിച്ചു ചിരിച്ചു പുഷപ്പ് ചെയ്ത കാര്യം.

എന്തിനാടോ ചിരിക്കുമ്പോ പുഷപ്പ് ചെയ്യുന്നതു.
അവരൊക്കെ അങ്ങിനെയാ സാര്‍, സന്തോഷം വന്നാല്‍ നാല് പുഷപ്പ് . അതാ അവരുടെ രീതി.

ആട്ടെ,  തനിക്കിപ്പോ എന്താ വേണ്ടേ ?
ഒരു അവാര്‍ഡ് ! ഒരേ ഒരു അവാര്‍ഡ്..........!
ഈ നട്ടപ്പാതിരക്കോ ?
നാളെ ആയാലും മതി സാര്‍....,.... പക്ഷെ തരണം.

എടൊ കോപ്പാ.. ചാലിയാര്‍ ഞാന്‍ കണ്ടിരുന്നു.
ഞാന്‍ പറഞ്ഞില്ലേ അങ്ങ് കാണാതിരിക്കില്ല എന്നു. ആട്ടെ കണ്ടപ്പോ എന്ത് തോന്നി ?
നിലവാരം ഇല്ല.
എനിക്കോ,  ബ്ലോഗിനോ ????
രണ്ടിനും.

അയ്യോ അങ്ങ് അങ്ങിനെ പറയരുത്. അങ്ങ് എന്‍റെ അവസാനത്തെ ആശ്രയമാണ്. ആധുനിക മലയാള ഭാഷയുടെ പിതാവായ അങ്ങ് എന്നെ കൈ വിടല്ലേ. അങ്ങ് കൂടി കൈ വിട്ടാല്‍ പിന്നെ ഈ കൃഷി ഞാനങ്ങു നിര്‍ത്തും. എന്നിട്ട് കാര്ഷിക ലോണെടുത്ത് ജീപ്പും ബസ്സും വാങ്ങി കടം കയറിയ വയനാട്ടിലെ കര്‍ഷകരെ പോലെ ഞാനും...

എടൊ അവിവേഗം ഒന്നും കാണിക്കരുത്.
എന്നാല്‍ ദയവായി എന്‍റെ ബ്ലോഗ്‌ തോട്ടം ഒന്ന് വന്നു കാണു. ഞാന്‍ കൃഷി ചെയ്തു വിളയിച്ച അക്ഷരങ്ങളുടെ നവരസങ്ങള്‍.

അക്ഷരങ്ങളിലും നവ രസങ്ങളോ ?

അതേ സാര്‍, ഭീഭല്‍സം, ആഭാസം, അശ്ലീലം, ആക്ഷേപം, പ്രണയം, രാഷ്ട്രീയം, നീരസം, വിമര്‍ശം, വിമ്മിഷ്ടം, കൂടാതെ ഞാന്‍ തന്നെ പരീക്ഷിച്ചു വിജയിപ്പിച്ച മൂന്നു രസങ്ങള്‍ വേറെയും

അതെന്തോക്കെയാ ???

അതൊക്കെ ഉണ്ട്.   സാറ് തോട്ടത്തിലേക്ക് വാ . അക്ഷരങ്ങളുടെ വിത്തെറിഞ്ഞു ഞാന്‍ വിളയിച്ച മലയാള സാഹിത്യത്തിന്റെ ഏദന്‍ തോട്ടം  ബൂലോകത്തെ ഇളം കാറ്റില്‍ പടര്‍ന്നു പരിലസിക്കുന്ന വര്ണ മനോഹര ഊഷ്മള സുരഭില ശീതള കോമള  ചാരുത ...........

ഒന്ന് നിര്‍ത്തെടോ. അത്രയ്ക്ക് വലിയ കര്‍ഷകനാണോ താന്‍ ????
പിന്നല്ലാതെ ..............
ആര് പറഞ്ഞു ?
എന്‍റെ കെട്ടിയോള്‍.,  അവള്‍ നല്ല വായനക്കാരിയാ...
എന്തൊക്കെ വായിക്കും ????
ബാലരമ, ബാല മംഗളം, കളിച്ചെപ്പ്, പൂമ്പാറ്റ, കളിക്കുടുക്ക... ടിങ്കനെയും കപീഷിനെയും വലിയ ഇഷ്ടമാ സര്‍.

കപീഷിനെ ഇഷ്ട്ടപ്പെടാതിരിക്കില്ല. തന്‍റെ കൂടെ അല്ലേ താമസം.
ഈ സാറിന്‍റെ ചില നേരത്തെ തമാശ കേട്ടാല്‍ കത്തി എടുത്തു കുത്താന്‍ തോന്നും.

ഒന്ന് പോടോ..... മനുഷ്യനെ മെനക്കെടുത്താതെ.
എനിക്കിതാ പിടിക്കാത്തെ. സാറിന്‍റെ ഒരു ദേഷ്യം.!!!

ഇതാടോ തന്‍റെ കൃഷി ????? . നല്ലത് വല്ലതും മുളപ്പിക്കെടോ

ഉണ്ട് സാര്‍,. ബഷീര്‍, ഏം ട്ടി, മുകുന്ദന്‍, ഓ വി വിജയന്‍, സക്കറിയ, പൊറ്റക്കാട്, കമലാ സുരയ്യ, അഴീക്കോട്‌,  സുഗതകുമാരി, വള്ളത്തോള്‍, കുമാരനാശാന്‍, .....

ഇവരൊക്കെ ആരാ??

അറിയില്ലേ സാര്‍, മലയാള സാഹിത്യത്തിനു മഹത്തായ സംഭാവനകള്‍ നല്‍കിയ ഉന്നതര്‍..,.   ഇവരുടെയൊക്കെ കൃഷിയോട് കട പിടിക്കുന്ന വിത്തുകള്‍ ഞാന്‍ മുളപ്പിച്ചിട്ടുണ്ട് സാര്‍.

ഇതൊക്കെ താന്‍ തന്നെ തീരുമാനിച്ചാല്‍ മതിയോ ????????
പോരല്ലോ.......അതിനല്ലേ സാറിനെ ഞാന്‍ എന്‍റെ തോട്ടത്തിലേക്ക് വിളിക്കുന്നത്‌. 
ശരി നാളെ വരാം. 
ഓക്കേ സാര്‍.....,... ഞാന്‍ കാത്തിരിക്കും..

അന്ന് എനിക്ക് സന്തോഷം കൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല. നാളെ എന്‍റെ ബ്ലോഗ്‌ അഭിനവ മലയാള ഭാഷയുടെ "വന്ധ്യ" പിതാവ് ,  ബ്ലോഗാതി ബ്ലോഗന്‍,   സാക്ഷാല്‍ ബൂലോക മാഹാരാജാവിന്റെ പാദ സ്പര്ശനത്താല്‍ ധന്യമാകാന്‍ പോകുന്നു. ഇതിലും വലിയ ഒരു സന്തോഷം ഏതു ഹാപ്പി ജാം കഴിച്ചാല്‍ കിട്ടും !!!

അങ്ങിനെ പിറ്റേന്ന് രാവിലെ തന്നെ അവര്‍ പരിശോധനക്കായ് എത്തി. ഞാന്‍ എന്‍റെ ബ്ലോഗു മുഴുവന്‍ അവരെ കൊണ്ട് നടന്നു കാണിച്ചു.

കൃഷി ഒന്നും അത്രയ്ക്ക് മെച്ചമില്ലല്ലോടോ ?
സാറ് മുഴുവന്‍ ഒന്ന് നടന്നു കാണു.

എന്താടോ ഈ പോസ്റ്റിനൊക്കെ ഒരു കൂമ്പ് വാട്ടം ?
അതു ജാലകം അഗ്രിഗേറ്റര്‍ തളിക്കുന്നതിനു മുമ്പുള്ള കൃഷിയാ സാര്‍. വേണ്ടത്ര പരാഗണം നടന്നില്ല.

അപ്പൊ ഇതോ...വെട്ടു കിളി ശല്യം ഉണ്ടല്ലോ ?
ഇല്ല സാര്‍,..ഞാന്‍ അനോണി സള്‍ഫാന്‍ തളിച്ചിട്ടുണ്ട്.

ഇതെന്താടോ ഇവിടെ ഒരു കനാല്‍ ?
അതു കണ്ണീര്‍ ചാലാണ് സാര്‍.,.. എന്‍റെ വായനക്കാര്‍ പോസ്റ്റ് വായിച്ചു കരഞ്ഞ കണ്ണീര്‍ ഒഴുകിപ്പോയതാ.

എന്തിനാടോ അവര്‍ കരയുന്നത്.?
ചില വായനക്കാര്‍ അങ്ങിനെ ആണു സാര്‍,

>>>>"ഇതു വായിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി,
എന്‍റെ ഇട നെഞ്ചില്‍ ഒരു കഠാര കുത്തി ഇറക്കുന്ന വേദന,
കരഞ്ഞു നിലവിളിച്ചു കൊണ്ടാണ്   വായിച്ചു തീര്‍ത്തത്.
സങ്കടം കൊണ്ട് മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല,
എന്‍റെ കരളു പിടയുന്നു. എനിക്ക് കുളിര് കോരുന്നു ...ഇങ്ങനെ ഒക്കെ പറഞ്ഞു കരയും സാര്‍,<<<<

ഹ ഹ ഹ ഈ വായനക്കാരുടെ ഒരു കാര്യം. ഇതെന്താടോ ഈ പലകയില്‍ എഴുതി വെച്ചത്.???
അതു വായനക്കാര്‍ തന്ന അംഗീകാരമാണ് സാര്‍.,  എന്‍റെ എഴ്ത്തു ബഷീറിനെ പോലെ ആണു, തകഴിയെ പോലെ ആണു,  മുകുന്ദനെ പോലെ ആണു എന്നൊക്കെ ഉള്ള സൂക്തങ്ങളാണ് സാര്‍,

>>>താങ്കളുടെ എഴുത്തില്‍ വിശ്വവിഖ്യാതനായ റഷ്യന്‍ പുരാണേതിഹാസ സാഹിത്യകാരന്‍ മുഫിയോ മോപസാങ്ങിനെ സ്വാധീനാമാണ് ഞാന്‍ കാണുന്നത് >>>>>>>

ആരാടോ ഇതു.
ഒരു നിരൂപകന്‍ ആണു സാര്‍,

ഇതെന്താടോ ഈ മണല്‍ കൂട്ടി ഇട്ടിരിക്കുന്നത്. ?????
അതൊക്കെ പ്രവാസ ഭൂമിയിലെ വിലാപ കാവ്യങ്ങളാണ് സാര്‍,

എടൊ ഇതൊന്നുമല്ല ബ്ലോഗിന് വേണ്ടത്. ...എഴുത്ത് നാച്വറല്‍ ആവണം.
ആക്കാം സാര്‍,

എന്നാല്‍ ശരി ഞാന്‍ പോട്ടെ.

സാര്‍ അവാര്‍ഡിനെ പറ്റി ഒന്നും പറഞ്ഞില്ല.
എടൊ കോപ്പന്‍ അലിയാരെ ..
അലിയാരല്ല സാ..ര്‍,    ചാലിയാര്‍

ങാ ചാലിയാറെ..ഇതൊന്നുമല്ല ബ്ലോഗിന് വേണ്ടത്. ടെമ്പ്ലേറ്റ് നന്നാവണം. ഫോണ്ട് നന്നാവണം, നല്ല ഗാഡ്ജെറ്റ്കള്‍ വേണം, ധാരാളം ഫോളോവേര്‍സ് വേണം, സിലോപ്പി കാഷ്ടിക്കുംപോലെ പോസ്റ്റുകള്‍ ഇട്ടു കൊണ്ടേ ഇരിക്കണം, അതിലെല്ലാം ഉപരി,  യമലോകം ഓണ്‍ലൈനില്‍ എല്ലാം കൊണ്ട് വന്നു തേമ്പണം, ഇത്രയും മതി യോഗ്യത.

അപ്പൊ സാര്‍, ഒരു സംശയം.  ഭാഷാ ശുദ്ധി, അക്ഷര ശുദ്ധി, പദങ്ങളുടെ വിന്യാസം, സൌന്ദര്യം, ഘടന, ശൈലി, പ്രയോഗങ്ങളുടെ ഔചിത്യം, വര്‍ണനകളുടെ ആകര്‍ഷണീയത, എഴുത്തിലെ സംസ്ക്കാരം, സാമൂഹിക പ്രതിബദ്ധത, അവബോധം, കാലിക പ്രസക്തി, കാഴ്ചപ്പാടുകളിലെ മാനുഷിക വശം, സാഹിത്യ ബോധം..........

മണ്ണാങ്കട്ട. താന്‍ ഏതു കോത്തായത്തെ ബ്ലോഗറാടോ, ഇതൊക്കെ നോക്കാന്‍ അറിയുമെങ്കില്‍ ഞാന്‍ ഈ ഏര്‍പ്പാടിന് നിക്കുമോടോ ചാലിയാറെ. ?

അപ്പൊ പിന്നെ എങ്ങിനെ സാര്‍ സൂപര്‍ ബ്ലോഗറെ കണ്ടെത്തും.?

എടോ...  പത്തു എണ്ണത്തിനെ ചന്തയില്‍ കൊണ്ട് നിര്‍ത്തി കൂട്ടത്തില്‍ നല്ലതിനെ തിരഞ്ഞെടുക്കാന്‍‍ പറഞ്ഞാല്‍ കച്ചവടക്കാര്‍ക്ക് അതില്‍ നല്ലതെന്ന് തോന്നുന്നതിനെ  തിരഞ്ഞെടുക്കാന്‍ വല്ല ബുദ്ധി മുട്ടും ഉണ്ടാകുമോ ?

അപ്പൊ ഇവരൊക്കെ ഒരു പ്രോഡക്റ്റ്  ആണ് എന്നാണോ ??

ഏയ്‌ എന്താ ചാലിയാര്‍, ..ഞാന്‍ നിനക്ക് മനസ്സിലാകാന്‍ ഒരു ഉദാഹരണം പറഞ്ഞതല്ലേ

ഓ മനസ്സിലായി, ഉപമ..ഉപമ, അപ്പൊ സാറിനു ഇതൊരു "കുള" ത്തൊഴിലാ അല്ലേ. മൂരിക്കച്ചവടം പോലെ ആണോ ഈ സാഹിത്യമൊക്കെ

പിന്നല്ലാതെ, ഈ "കുള"ത്തൊഴില്‍ വെച്ചു ഞാന്‍ മലയാള സാഹിത്യത്തെ പുല്ലും വൈക്കോലും തീറ്റിച്ചു പുഷ്ടിപ്പെടുത്തും, എന്നിട്ട് ഇഷ്ടം പോല സാഹിത്യം കറന്നെടുക്കും !

എന്നു വെച്ചാല്‍ ???

എന്നു വെച്ചാല്‍ വലിയ അവാര്‍ഡ് ദാന ചടങ്ങ് ഏര്‍പ്പെടുത്തി ഞാന്‍ ബ്ലോഗിന് പുറത്തുള്ള സാഹിത്യ ലോകത്തിനു കാണിച്ചു കൊടുക്കും, ഇവരാണ് ബൂലോകത്തെ ഏറ്റവും നല്ല എഴുത്തുകാര്‍, ബ്ലോഗുകള്‍ എന്നാല്‍ കക്കൂസ് സാഹിത്യം എന്നു ധരിച്ചവര്‍ ഇവരെ കണ്ടു ഒന്നൂടെ വിലയിരുത്തൂ എന്നു.

എങ്കില്‍ നടക്കട്ടെ.
ഒകെ അപ്പൊ അവാര്‍ഡിന് കാണാം
ബൈ ബൈ, ഗുഡ് ബൈ
ഗുഡ് ബൈ

 (ഇതു 50 പേര്‍ക്ക് forward ചെയ്യുന്നവര്‍ക്ക് പല ഗുണങ്ങളും ഉണ്ടാകും. നിങ്ങളുടെ ബ്ലോഗിന് വെച്ചടി വെച്ചടി കയറ്റം കിട്ടും. നിങ്ങളുടെ ബ്ലോഗ്‌ വിമര്‍ശിക്കുന്നവരുടെ മുടി കൊഴിഞ്ഞു പോകും. അവരുടെ ബ്ലോഗ്‌ പൂരം കഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ,  അഥവാ ആളില്ലാത്ത ചാലിയാര്‍ പോലെ ആകും)

-----------<>-----------------
സംഗതി അതു തന്നെ. അവാര്‍ഡ് കിട്ടാത്തതിലുള്ള കടുത്ത അസൂയ. അതു തന്നെ. അതു തന്നെ. 
----------<>---------------

114 comments:

  1. ഒരു കാര്യം ഇപ്പൊ ഉറപ്പാ നമ്മള്‍ ഉറക്കത്തില്‍ പോലും കരുതാത്ത ഈ അവാര്‍ഡ് പരിഗണനയില്‍ ശരീരത്തിലേക്ക് തെറിച്ച ചളി കഴുകി കളയാന്‍ അവാര്‍ഡ് തുകയല്ല ഒരു കൊല്ലത്തെ ശമ്പളം മുഴുവന്‍ എടുത്ത് സോപ്പ് വാങ്ങി കഴുകിയാലും പോകില്ല അത്രക്കുണ്ട്

    ReplyDelete
  2. ഒരുവർഷമായ് കൃഷിയിറക്കാതെ തരിശായി കിടക്കുന്ന ഒരു ബ്ലോഗുഭൂമിയുണ്ട്. അവിടെ കൃഷിയിറക്കാൻ ലോൺ കൊടുക്കുന്നുണ്ടോ ആവൊ?

    ReplyDelete
  3. നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാൽ !!??

    എന്തായാലും അടുത്ത വർഷത്തെ 'കോപ്പിലെ ബ്ലോഗർ അവാർഡ്' ലിസ്റ്റിൽ താങ്കളുടെ പേരുണ്ടാവാൻ ഞാൻ ഒരു കൊല്ലത്തെ നോമ്പ് നോക്കും ( ഉവ്വ്.. ഉവ്വാ)

    രസിപ്പിച്ചു...

    ReplyDelete
  4. അപ്പൊ ഇതോ...വെട്ടു കിളി ശല്യം ഉണ്ടല്ലോ ?
    ഇല്ല സാര്‍..ഞാന്‍ അനോണി സള്‍ഫാന്‍ തളിച്ചിട്ടുണ്ട്.

    ഹഹഹ്ഹഹ്ഹഹഹ
    ഇയാള്‍ എന്നെ ചിരിപ്പിച്ച് കൊല്ലും, (നാളെ ഈ കമാന്റും ഒരു പോസ്റ്റാക്കൂ കികികി)

    ReplyDelete
  5. "ചാലിയാറിലും അണ പൊട്ടുമെന്ന്" മൊത്തത്തില്‍ വായിക്കുമ്പോള്‍ നല്ല ചന്തമുണ്ട്.
    മറ്റു വിഷയങ്ങളെ ചൊല്ലി ഒരഭിപ്രായം എനിക്കില്ല. എന്നാല്‍, ആ കനാലില്‍ തൂവിയ വാചകങ്ങള്‍ക്ക് ഒരാള്‍ 'പേറ്റന്റ്' എടുത്തിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ നിന്നും മനസ്സിലായത്‌. മാത്രവുമല്ല; അതിന്റെ പ്രചരണ ചുമതലയും അതുപയോഗിക്കാനുള്ള അവകാശവും അദ്ദേഹത്തിനു മാത്രമേ ഒള്ളൂ.. തീര്‍ന്നില്ല: ഇങ്ങനെയൊന്നല്ലാത്ത മറ്റൊന്നും അയാള്‍ ഉപയോഗിച്ച് കണ്ടിട്ടില്ല. ഹോ.. ഭാവിയില്‍ 'ദു: ഖം കാണാന്‍' പോകുമ്പോള്‍ 'തോറ്റം പറഞ്ഞ് കരയാന്‍' ഇയാളുടെ സഹായം തേടാംന്ന് കരുതുന്നു. പക്ഷേ,. അപ്പോഴുമുണ്ടൊരു കുഴപ്പം ഈ വിദ്വാനെ സൈബര്‍ ലോകത്ത് മാത്രമേ കാണൂ.. മറ്റെങ്ങും മുഖം കൊടുത്ത പതിവില്ല പോലും..!
    ഇവിടെയും പതിവ് തെറ്റിക്കാതെ ഏങ്ങലടിയുയരുന്നത്‌ കേള്‍ക്കാം... { ഛെ, കാണാം. ...

    ReplyDelete
  6. ഹ ഹ .. ന്റെ ചാലിയാറെ....!!

    ചാലിയാറിലെ നീരൊഴുക്കുപോലെ ആരെയും വലിച്ചുകൊണ്ടുപോകുന്ന വശീകരണശക്തി ഈ പോസ്റ്റിനുണ്ട്. അഭിനന്ദനം

    ReplyDelete
  7. ഹോ ഈ അവാര്‍ഡ്‌ ന്റെ ഒരു കാര്യം....
    രസായിട്ടുണ്ട്..

    ReplyDelete
  8. ഒരു സറ്റയര്‍ രചന അതിന്റെ ഏറ്റവും മനോഹരമായ രീതിയില്‍ അവതരിപ്പിച്ചതിനും ചില കിടിലന്‍ പ്രയോഗങ്ങളും ശൈലികളും കൊണ്ട് അസൂയപ്പെടുത്തുമാറ്
    എഴുതി ഫലിപ്പിച്ചതിനും ഞാന്‍ അക്ബര്‍ സാഹിബിനെ ഞാന്‍ ഉള്ളുതുറന്ന് അഭിനന്ദിക്കുന്നു.

    അതേ സമയം ഞാന്‍ കൂടി ആ ലിസ്റ്റിലുള്ളതിനാലും "എന്റെ കഴിവ് എനിക്ക് ഒരു അവാര്‍ഡ് കൊണ്ട് അളക്കേണ്ടതില്ല" എന്ന പൂര്‍ണ്ണമായ (അതിരു കടന്നെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ പോലും എനിക്ക് കൂസലില്ലാത്തതുമായ) അത്മവിശ്വാസമുള്ളതിനാലും ഈ പോസ്റ്റിലെ ഒന്നു രണ്ടു പ്രയോഗങ്ങള്‍ എനിക്ക് വല്ലാതെ ഏറ്റു എന്ന് ഞാന്‍ തുറന്ന് പറയുന്നു.

    ഞാനതില്‍ അപേക്ഷ കൊടുക്കാതെയാണ് എന്റെ പേരതില്‍ വന്നത്.
    വന്നപ്പോഴുണ്ടായ മനോഭാവമല്ല ഇപ്പോള്‍ ബൂലോകം മൊത്തം ഇങ്ങനെയിരുന്ന് കൈകൊട്ടി പരിഹസിക്കുമ്പോള്‍ ഉള്ളത്.
    പിന്നെ എന്നോട് സൗഹൃദം പുലര്‍ത്തുന്നവര്‍ക്ക് ഞാന്‍ എന്റെ കഴിവിനെപ്പോലെ എല്ലാ കാര്യത്തിലും സഹകരിക്കാറുണ്ട്. അത് ഒരു അവാര്‍ഡ് കാണുന്നതിനു മുമ്പേ തുടങ്ങിയ സൗഹൃദമാണ്.
    കൊമ്പന്‍ മൂസ മുകളില്‍ എഴുതിയത് അക്ഷരം പ്രതി ശരിയാണ്.
    അവാര്‍ഡുകള്‍ വൈരത്തിനും അനിഷ്ടത്തിനും ബൂലോകത്തെ സൗഹൃദ
    തകര്‍ച്ചക്കും കാരണമാകുന്നല്ലോ എന്നിപ്പോള്‍ എനിക്ക് സംശയം തോന്നുന്നു.

    തീര്‍ത്തും നര്‍മ്മത്തില്‍ ഞാനിത് കാണുകയും ആസ്വദിക്കുകയും ചെയ്യുമ്പോള്‍
    പോലും ഈ വായന എന്നെ കാല്‍ എന്തിലോ ചവിട്ടിയ പോലെ എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു...
    വ്യാകുലപ്പെടുത്തുന്നു..
    ഇങ്ങനെയൊന്നില്‍ ഞാനെത്തിപ്പെട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഞാന്‍
    വൃഥാ ആശിച്ചു പോവുകയും ചെയ്യുന്നു...

    ReplyDelete
  9. -----------<>-----------------
    സംഗതി അതു തന്നെ. അവാര്‍ഡ് കിട്ടാത്തതിലുള്ള കടുത്ത അസൂയ. അതു തന്നെ. അതു തന്നെ.
    ----------<>---------------

    ഇങ്ങലെങ്കിലും സത്യം പറഞ്ഞല്ലോ....

    .നര്‍മ്മം കലക്കി മാഷേ.... ഞാനിവിടെ പുഷപ്പ് എടുത്തു കൊണ്ടിരിക്കുകയാണ്... :)

    ReplyDelete
  10. മാഷെ ,അവാര്‍ഡ്‌ ഒക്കെ കിട്ടണം എന്ന്കില്‍ വല്ല സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ id ഉണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് ഉണ്ടാക്കു ...ഏതു എന്നോ ആരെ പോലെ എന്നോ ഉദാഹരണം ഒന്നും പറയുന്നില്ല എനിക്ക് അറിയില്ല ,എന്നിട്ട് അവിടെ ഉള്ളവരെ ഒക്കെ സോപ്പ് ഇടണം ...വെറുതെ സോപ്പ് ഇട്ടാല്‍ പോര ,നന്നായി പതപ്പികണം ..എന്നാല്‍ പിന്നെ ഒകെ
    അല്ലാതെ ഇത് പോലെ ഫോണ ചെയ്തത് കൊണ്ട് ഒന്നും കിട്ടില്ല

    ReplyDelete
  11. ‘ ഈ "കുള"ത്തൊഴില്‍ വെച്ചു ഞാന്‍ മലയാള സാഹിത്യത്തെ പുല്ലും വൈക്കോലും തീറ്റിച്ചു പുഷ്ടിപ്പെടുത്തും, എന്നിട്ട് ഇഷ്ടം പോല സാഹിത്യം കറന്നെടുക്കും !‘

    ഈ കുളത്തൊഴിൽ ഇനി കുളം തോണ്ടരുത് കേട്ടൊ ചാലിയാറെ അല്ല അലിയാറെ

    ReplyDelete
  12. ചിരിച്ചു ചിരിച്ചു ഞാനും പുഷ്‌ അപ്പ് എടുത്തു തുടങ്ങി ...

    അവസരോചിതമായി ഈ കാച്ചലുകള്‍ മണ്ടക്കകത്ത് ഉരുത്തിരിയുന്ന ആ കഴിവിന് വല്ല രസായനവും ഉണ്ടോ ? ഉണ്ടെങ്കില്‍ ഒരു ലേശം എനിക്കും കഴിക്കണം.

    അവാര്‍ഡ്‌ നിര്‍ണ്ണയ പിടിപ്പു കേടുകള്‍ ആക്ഷേപ ഹാസ്യത്തിലൂടെ വരച്ചു കാട്ടിയ ഈ പോസ്റ്റ്‌ അക്ബറിന്റെ രചനകളില്‍ മുന്നില്‍ തന്നെ നില്‍ക്കേണ്ട ഒന്നാണ്. ആശംസകള്‍

    ReplyDelete
  13. പല തരിശു ബ്ലോഗ്‌ ഭൂമികളിലും കൃഷി ഇറക്കാന്‍ ബ്ലോഗുസ്രീക്കാരോട് പറയണം എന്തേ...

    പിന്നെ ആ കണ്ണീര്‍ ചാലുകള്‍ അത് വെട്ടി പുതിയ ക്രിസിയിടങ്ങളിലേക്ക് തിരിക്കണം

    എനിക്ക് ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ഞാന്‍ ഇപ്പൊ പുഷ അപ്പ് എടുക്കുമെ ഹ്മ്മ

    ReplyDelete
  14. ഇതൊക്കെ അസൂയ കൊണ്ട് പറയുന്നതല്ലേ...

    ReplyDelete
  15. അതി ഗംഭീരമായി തന്നെ “കൈകാര്യം”ചെയ്തിരി ക്കുന്നു അക്ബർക്കാ.. തോട്ടത്തിലെ ക്ലാസിഫിക്കേഷൻ രസകരമായിരുന്നു.. കൊമ്പൻ മൂസക്കും നമോവാകം.. :)

    ReplyDelete
  16. ഒക്കെ അസൂയയല്ലേ.......
    എങ്കിലും എഴുത്ത് ഇഷ്ടമായി കേട്ടോ....
    ഏതായാലും ഈന്തപ്പനയും, ഒണക്കതെങ്ങയുമല്ലാതെ ബൂലോകത്ത് വിഷയങ്ങള്‍ക്ക് പഞ്ഞമില്ല. :)

    കോപ്പിലെ ബ്ലോഗര്‍ അവാര്‍ഡിന്റെ കൂടെ "കുണാണ്ടര്‍ ഓഫ് ദ ഇയര്‍""" പുരസ്‌കാരം കൂടി ഒന്ന്ചേര്‍ത്തോളൂ

    ReplyDelete
  17. ഹാസ്യം തന്മയത്വത്തോടെ അവതരിപ്പിച്ചത് ആസ്വദിച്ചു.രസിച്ചു.
    അഭിനന്ദങ്ങള്‍

    ReplyDelete
  18. അവാര്‍ഡിനായുള്ള ആദ്യത്തെ പത്തു ബ്ലോഗന്മാരുടെ കൂട്ടത്തില്‍ ചാലിയാറിന്‍റെ പേര് കാണാതെ വന്നപ്പോള്‍ താങ്കള്‍ക്കുണ്ടായതിനേക്കാള്‍ വിഷമം എനിക്കുണ്ടായി എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടുമില്ല. എത്രത്തോളമെന്നു വെച്ചാല്‍., കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കരഞ്ഞ്... കണ്ണിലെ കണ്മഷിയൊക്കെ ഒലിച്ചു പോയി.
    ഞാന്‍ വിചാരിച്ചു താങ്കള്‍ ശ്രമിക്കാത്തതു കൊണ്ടാണെന്ന്. ശ്രമിച്ചിരുന്നു കിട്ടിയില്ല എന്നറിഞ്ഞപ്പോള്‍ വിഷമവും ക്ലേശവും ദു:ഖവും വ്യസനവും കോപവും താപവും ശതഗുണീഭവിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. നന്നായി അക്ബര്‍ക്കാ, നന്നായി.

    ReplyDelete
  19. ങ്ങേഹെ!! അപ്പോള്‍ അവാര്‍ഡും,പേവാര്‍ഡും ഒക്കെ കഴിഞ്ഞോ..? കുറച്ച് കാലായി സ്വന്തം കൃഷിയിടം തരിശാക്കിയിട്ടത്‌ കൊണ്ടു കൊയ്ത്തും,കൊലവിളിയും ഒന്നും കാണാന്‍ പറ്റീല.. എന്നാലും ചാലിയാറിന്റെ ഒറ്റ പോസ്റ്റ്‌ കൊണ്ടു ഏകദേശ ധാരണ കിട്ടി. പോസ്റ്റ്‌ നന്നായി എന്ന് പറയേണ്ടതില്ലല്ലോ...

    ReplyDelete
  20. നൌഷാദ് ഭായി,

    താങ്കളുടെ വായനക്കും തുറന്ന അഭിപ്രായത്തിനും വളരെ നന്ദി. ഇതില്‍ പെട്ട ആരെയും ഞാന്‍ അപമാനിക്കാന്‍ ഉദ്ദേശശിച്ചിട്ടില്ല . പോസ്റ്റിനെ അതിന്‍റെ അര്‍ത്ഥത്തില്‍ താങ്കള്‍ക്ക് കാണാന്‍ കഴിയാഞ്ഞത് താങ്കള്‍ ഒരു നോമിനി ആയതു കൊണ്ടാവാം. ഞാന്‍ അതില്‍ താങ്കളെ കുറ്റം പറയുന്നില്ല.

    വരയിലൂടെ ആക്ഷേപ ഹാര്യം കൈകാര്യം ചെയ്യുന്ന താങ്കള്‍ക്കു ഇതില്‍ വിരല്‍ ചൂണ്ടുന്നത് ആര്‍ക്കു നേരെ ആണു എന്നു മനസ്സിലായില്ലെങ്കില്‍ അതു എന്‍റെ എഴുത്തിന്റെ കുഴപ്പം

    ബൂലോകം ഇവടെ പത്തു പേരെ വോട്ടിനിട്ട് ഒരാളെ തിരഞ്ഞെടുത്തു ഇതാണ് ബൂലോകത്തെ ഏറ്റവും നല്ല എഴുത്ത് കാരന്‍ എന്നു പറയുന്നതിലൂടെ നല്ല ബ്ലോഗര്‍ കണ്ടെത്താന്‍ കഴിയും എന്നു താങ്കള്‍ക്കു തോന്നുന്നുണ്ടാവാം . എനാല്‍ എനിക്കില്ല.

    എത്രയോ നല്ല എഴുത്തുകാര്‍ പുറത്തു നില്‍ക്കുമ്പോള്‍ (ഞാനല്ല കേട്ടോ) അവരെ ആരെയും ഗൌനിക്കാതെ നടത്തിയ ഈ കോമാളിത്തരത്തെ എന്ത് പറഞ്ഞാണ് ന്യായീകരിക്കുക.

    ആ ലിസ്റ്റില്‍ യോഗ്യത ഉള്ള മൂന്നു പേരെ മാത്രമേ ഞാന്‍ കണ്ടുള്ളൂ. അതെല്ലാവര്‍ക്കും അറിയാം. പക്ഷെ ഫേസ് ബുക്കിലൂടെ ബ്ലോഗിലൂടെയും നിരന്തരം പരസ്യങ്ങളും വോട്ടു പിടുത്തവും നടത്തി കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ഒരാളെ തിരഞ്ഞെടുത്തു ബ്ലോഗിന് പുറത്തുള്ളവര്‍ക്ക് ഇതാണ് ബൂലോകത്തെ ഏറ്റവും നല്ല ബ്ലോഗര്‍ എന്നു പരിചയപ്പെടുത്തുമ്പോള്‍ അതു ഒരു ശരിയായ രീതി ആണു എന്നു എനിക്ക് തോന്നുന്നില്ല.

    ഇതില്‍ മൂന്നു പേര്‍ യോഗ്യരാണ്‌. ഒരാള്‍ ഇന്ത്യയിലും (എച്ചുമു) ഒരാള്‍ സൌദിയിലും മറ്റൊരാള്‍ അമേരിക്കയിലും. അവരില്‍ ആര്‍ക്കെങ്കിലും ഇതു കൊടുത്താല്‍ എനിക്കും സന്തോഷം.

    ReplyDelete
  21. "മണ്ണാങ്കട്ട. താന്‍ ഏതു കോത്തായത്തെ ബ്ലോഗറാടോ, ഇതൊക്കെ നോക്കാന്‍ അറിയുമെങ്കില്‍ ഞാന്‍ ഈ ഏര്‍പ്പാടിന് നിക്കുമോടോ ചാലിയാറെ. ?"

    അവാര്‍ഡു കിട്ടി കിട്ടീല എന്നും പറഞ്ഞും പണ്ട് കലാഭവന്‍ മണി ഹോസ്പിറ്റലില്‍ ആയ പോലെ ആരും ബോധം പോകാഞ്ഞാല്‍ മതിയായിരുന്നു.

    അക്ബര്‍ ജി, നന്നായി രസിപ്പിച്ചു, ഇങ്ങള് ഈ അവാര്‍ഡു പണി നിരുത്തിപ്പിക്കാനാണോ പരിപാടി, കലി കാലം.
    ആശംസകള്‍,

    ReplyDelete
  22. നമിച്ചിരിക്കുന്നു മാഷേ...!
    ഉപമയും ഉൽപ്രേക്ഷയും,ശാന്തവും ,ഭീവൽസവും
    എന്നു വേണ്ട എല്ലാ'രസ'ങ്ങളും ആവശ്യത്തിനു തളിച്ച് കുടഞ്ഞ് കൊഴുത്ത് മുഴുത്തു നിൽക്കുന്ന ഈ വിള കണ്ടിട്ട് എനിക്ക് അസൂയ മൂക്കുന്നു..! ഒരു അവശ കർഷകനായോണ്ട് ക്ഷമിച്ചുകള..!!
    എനിക്കൊന്നും പറയാനില്ല.
    ഇങ്ങക്ക് അവാർഡ് ഞാൻ പണ്ടേ തന്നതാ..!!
    ഒത്തിരി ആശംസകളോടെ...പുലരി

    ReplyDelete
  23. "മലയാളം പറഞ്ഞിട്ടു മനസ്സിലായില്ലെങ്കില്‍ ഇംഗ്ലീഷില്‍ പറയാം" എന്ന ഡയലോഗ് ആണ് ഓര്മ വരുന്നത്...ഇതിലും വ്യക്തമായി എങ്ങനെ എഴുതും ?
    കൊമ്പനും അകമ്പാടനും നൊന്തത് സ്വാഭാവികം; അവര്‍ ഇതില്‍ നിരപരാധികള്‍. അത് വിചാരിച്ചു ബൂലോകത്തെ മുഖ്യ ധാരയുടെ കഴുക കണ്ണ്കള്‍ക്ക് മുന്നില്‍ നാണം കെടുത്തുന്ന രീതിയില്‍ തെരഞ്ഞെടുപ്പും പിന്നെ അവാര്ഡും പ്രഖ്യാപിക്കുകയും, കഷ്ടകാലത്തിന് വല്ലവരും ആ ബ്ലോഗിനൊരു വിമര്‍ശന പഠനം എഴുതുകയും ചെയ്‌താല്‍ ചാലിയാറില്‍ ബിര്‍ള മുതലാളി ഒഴുക്കിയ അഴുക്കു പോലെ അത് ബ്ലോഗ്‌ രംഗത്തുള്ളവരെ മുഴുവന്‍ ബാധിക്കും...ഫേസ് ബൂകിലെ ജനസമ്മതി കൊണ്ട് നേടേണ്ട ഒന്നല്ല അവാര്‍ഡുകള്‍, കഴിവുറ്റ ഒരു ജൂറിയെ കൊണ്ടാണ് അത് ചെയയ്യിക്കെണ്ടത്.... അത് പോലെ ഒരേയൊരു അവാര്‍ഡിന് പകരം പല മേഖലകളില്‍ ഉള്ളവരെ പ്രത്യേകം പരിഗണിക്കണം....അപ്പോള്‍ നമ്മുടെ കൊമ്പനും അകംബാടവും ഒക്കെ നിഷ്പ്രയാസം ജയിച്ചു കയറുകയും ചെയ്യും...സൂപര്‍ ബ്ലോഗര്‍ പോലും, ഒലക്കേടെ മൂട്...!

    ReplyDelete
  24. എന്റെ ചാലിയാരെ,
    നിങ്ങ എന്തായീ പറെണേ, ബ്ലോഗുലകം മൊത്തം വിളംബരം ചെയ്തു, ബൂലാകത്തെ എല്ലാ എഴുത്തുകാരില്‍ നിന്നും യഥാവിധി ഒരു തിരഞ്ഞെടുപ്പ് നടത്തി, കൊളളാവുന്ന ഒരുത്തനെ എടുത്തു ഈ അവാര്‍ഡ് എന്ന സാധനം കൊടുക്കാന്‍ ബ്ലോഗര്‍മാരെല്ലാം എന്താ ഞമ്മടെ അമ്മാവന്റെ മക്കളാണോ...അല്ലല്ലോ....അതോ ബൂലോകം ഉദ്ധരിക്കാന്‍ ഇറങ്ങിയ ഭാഷാസ്നേഹിയാണ് ഞങ്ങളെന്നു നിങ്ങ കരുതിയോ....

    ഈ അവാര്‍ഡ് എന്ന സാധനം എല്ലാവര്ക്കും കിട്ടണ ഒരു ഏര്‍പ്പാടല്ല....ഞങ്ങ കൊടുക്കുന്ന അവാര്‍ഡിന് ഞങ്ങ കൂട്ടത്തില്‍ ഉള്ള, ഞങ്ങക്കിഷ്ടമുള്ള ബോഗര്‍ക്ക് ഞങ്ങ കൊടുക്കും... ഇഷ്ടല്ലെച്ചാ നിങ്ങളും കൊടീര്...നിങ്ങ കൂട്ടത്തിലുള്ള ഏതെങ്കിലും ഒരു തൊരപ്പന്, ഒരു രണ്ടുരണ്ടര അവാര്‍ഡ്....ഇശ്ശെടാ ഇതീപ്പോ, ബാല്യ പുലിവാല്‍ ആയിപ്പോയല്ലോ, ബ്ലോഗു എന്നൊരു യമകണ്ടന്‍ സാധനം ഉണ്ടെന്നു നാല് പേരെ അറിയിച്ചു ഒരു പുണ്യകര്‍മ്മം ചെയ്യാമെന്ന് കരുതിയപ്പോള്‍ കുറ്റം പറഞ്ഞോണ്ട് വന്നെക്കാണ്, പുളിച്ച മുന്തിരിയുമായി....അല്ല, ഇഷ്ടാ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ, അവാര്‍ഡ് കൊടുക്കുന്നത് ഒരു തെറ്റാണോ????? നിയമത്തിനു എതിരാണോ, അല്ലല്ലോ.....ഹല്ലല്ലോ....എന്നാ മുണ്ടാണ്ടിരി.....

    ഞങ്ങള്‍ കൊടുക്കും അവാര്ടെല്ലാം ഞങ്ങളുടേതാകും പൈങ്കിളിയെ......
    ഞങ്ങള്‍ കൊടുക്കും അവാര്ടെല്ലാം ഞങ്ങളുടേതാകും പൈങ്കിളിയെ......

    ReplyDelete
  25. ജ്ഞാനപീഠം അവാര്‍ഡ്‌ കിട്ടിയ തകഴിയെക്കാള്‍ എത്ര പ്രകാശദൂരം ഉയരത്തിലാണ് ആ അവാര്‍ഡ്‌ കിട്ടാത്ത വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്നറിയാത്തത് ആര്‍ക്കാണ്?

    ReplyDelete
  26. shoo satyatil ee post kurachu divasam munne vanirunnekil engine oru votetuppu tanne undavillayirunnu etirillate chaliyar tiracheduttirunnu awardinu eni enthu mannakkata ayalum vendilla ente adutta varsate vote eppol tanne me chaliyarichu cheythu

    ReplyDelete
  27. ഫോര്‍വേഡ് ചെയ്ത് ഫോര്‍വേഡ് ചെയ്ത് നേരം പോയതറിഞ്ഞില്ല.! കമന്റൊക്കെ പിന്നെ.......
    .............................
    എന്നിട്ട് ഞാനെന്റെ ബെന്‍സ് കാറില്‍...........
    .......................................

    ReplyDelete
  28. ആയോ ചാലിയാര്‍ ഈ പോസ്റ്റ് അല്പം വൈകി പോയി കുറച്ചു നേരത്തെ ആയിരുന്നെകില്‍
    ഈ വര്‍ഷം വോട്ടിംഗ് തന്നെ വേണ്ടായിരുന്നു എന്തായാലും എന്‍റെ അടുത്ത വര്‍ഷത്തെ വോട്ട് ഇപ്പോള്‍ തന്നെ ചാലിയാറിന് ചെയ്തുടോ.............

    ReplyDelete
  29. "ബൂലോകത്തെ ഇളം കാറ്റില്‍ പടര്‍ന്നു പരിലസിക്കുന്ന വര്ണ മനോഹര ഊഷ്മള സുരഭില ശീതള കോമള ചാരുത"...
    കുറച്ചൂടെ ആവാമായിരുന്നു ...
    ഞാന്‍ നാല് പുഷ്‌അപ്പ്‌ എടുത്തെച്ചു വരാം.

    ReplyDelete
  30. ഈ പോസ്റ്റടക്കം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏതാണ്ട് അഞ്ചു പോസ്റ്റുകള്‍ വായിച്ച ഒരാളെന്ന നിലക്ക് ഇക്കാര്യത്തിന്മേലുള്ള എന്റെ നിലപാടും കൂടെ അറിയിക്കാമെന്ന് കരുതുന്നു.

    സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും ബൈച്ചിംഗ് ബൂട്ടിയയേയും തമ്മില്‍ മത്സരിപ്പിച്ച് കായിക താരത്തെ തെരഞ്ഞെടുക്കുന്നതിലെത്രകണ്ടു അയുക്തിയുണ്ടോ അത്രയുംതന്നെ ഇതിലുമുണ്ടെന്നാണ് എന്റെ അഭിപ്രായം. ഇതിലും ലളിതമായി എന്റെ നിലപാട് അറിയിക്കാന്‍ എനിക്കാവില്ല.

    മറ്റൊന്ന്, തെരഞ്ഞെടുക്കപ്പെടുന്നവര്‍ മൊത്തം ബ്ലോഗ് സമൂഹത്തെയും പ്രധിനിധാനം ചെയ്യുന്നുവെന്ന തരത്തിലുള്ള അര്ത്ഥം നല്കുന്നതിനോടും യോജിക്കാന്‍ എനിക്ക് പ്രയാസമുണ്ട്. {ഇങ്ങനെയൊരു മാനം ഈ അവാര്‍ഡിന് ഉണ്ടെന്നു കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് തന്റെ ഇതേ വിഷയത്തിന്മേലുള്ള പ്രതികരണം വഴി അരുള്‍ ചെയ്തിരിക്കുന്നു} കാരണം, അയാളിലെ രാഷ്ട്രീയവും സാമൂഹികവുമായ വീക്ഷണങ്ങള്‍ മര്‍ദ്ദിതപക്ഷമെന്ന മനുഷ്യപക്ഷമോ സര്‍വ്വോപരി 'മാനവിക മതം' ഉയര്‍ത്തുന്നതോ അല്ലാത്തതെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം 'ഈ' നിലപാടും അതുയര്‍ത്തുന്ന വ്യക്തിയും മറ്റു പലര്ക്കുമെന്ന പോലെ എക്കാലവും എന്റെയും ശത്രു പക്ഷത്താണ്. ഇങ്ങനെയൊരാള്‍ എന്നെ പ്രധിനിധാനം ചെയ്യുന്നു എന്ന് പറയുന്നതില്‍ എന്ത് സാംഗത്യമാണ്ള്ളത്..?

    അതുകൊണ്ട്, ഈ തെരഞ്ഞെടുപ്പിലെ തമാശയില്‍ ആര്‍ത്തു ചിരിക്കുന്ന കേവലമൊരു കാഴ്ചക്കാരന്‍ മാത്രമാണ് ഞാന്‍.

    ReplyDelete
  31. സലാമിന്റെ അഭിപ്രായമാണ് എനിക്കും.

    ReplyDelete
  32. അങ്ങനെ അവാര്‍ഡ്‌ ദിവസം വന്നെത്തി
    പെരിയാര്‍ കുട്ടപ്പനായി തിരോന്തരത് ട്രെയിന്‍ വിളിച്ചു പോയി . കയ്യില്‍ സ്വന്തമായി വിളയിച്ചെടുത്ത "കോമളം പോയ നേരം", "മധംബര കാല്പാടുകള്‍" എന്നിവ ഒരു ധൈര്യത്തിന് എടുത്തു വെച്ചു. ഒരു കൂട്ടിനു അമേരിക്കയില്‍ നിന്നും ഒബാമയോട് തിരോന്തരത് വന്നു നിക്കാന്‍ പറഞ്ഞു. പ്രസ്‌ ക്ലബ്ബില്‍ എത്തി ഇട്ട - വട്ടങ്ങള്‍ കണ്ടപ്പോഴാണ് സമാധാനായി . വര്‍ണാഭമായ വേദി.. ചുറുചുറുക്കുള്ള നര്‍ത്തകിമാര്‍ , ആകെ ചോര്‍... ചുരുക്കിപ്പറഞ്ഞാല്‍ പ്രൌഢമായ ചടങ്ങില്‍ നടന്‍ രായപ്പനില്‍ നിന്ന് അവാര്‍ഡ് വാങ്ങി. ഒരു മഹാ പ്രസംഗവും നടത്തി.
    ---
    ആളെ ചിരിപിച്ചല്ലീ അക്ബര്‍ ക്കാ .... ഇങ്ങളെ കൊണ്ട് തോറ്റു ... അര കിലോ വെറ്റിലയും ഒരു ചാക്ക് പോലയും വെച്ചിട്ടുണ്ട് .. ശിഷ്യനായി സ്വീകരിച്ചാലും ..

    ReplyDelete
  33. വര്‍ഷങ്ങള്‍ക്ക് മുന്പ് "ദേ മാവേലി കൊമ്പത്ത്" കാസറ്റില്‍ മാവേലിയുടെ കൂടെ ഡ്യൂപ്പ് ആയി വരുന്ന ജഗതി-യുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ആണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. അവാര്‍ഡ് ദാന ചടങ്ങില്‍ വിളിച്ചുവരുത്തി പൊതിരെ തല്ലുകിട്ടിയ വിഷമത്തിത്തിന്റെ പശ്ചാത്തലത്തില്‍... *"അവാര്‍ഡ് എന്ന് കേള്‍ക്കുമ്പോഴെ തിരോന്തരം മെഡിക്കല്‍ കോളേജിലെ പേവാര്‍ഡ് ആണോര്‍മ്മ വരിക.. എന്റന്തിപ്പാറമ്മച്ചീ എനിക്ക് അവാര്‍ഡു വേണ്ടായേ.. എന്റെ അടൂര്‍ ഗോപാലകൃഷ്ണാ നമിച്ചിരിക്കുന്നു അങ്ങയെ"* ... അവാര്‍ഡ് കിട്ടിയവര്‍ ഒരിക്കലും അത് നിരസിക്കരുത്.. അഴീക്കോട് മാഷിനെപ്പോലെ.. അവാര്‍ഡ് കിട്ടാത്തവര്‍ ഒരിക്കലും ബോധം കേട്ട് വീഴരുത്... കലാഭവന്‍ മണിയെപ്പോലെ.... (അവസാനം പറഞ്ഞത് ഇക്കൂട്ടത്തില്‍ ബോധം ഉള്ളവരോട് മാത്രം) :))

    പോസ്റ്റ്‌ ഇഷ്ടായി അക്ബര്‍ക്കാ. ന്നാലും കഷ്ടായി.. :(

    ReplyDelete
  34. ചിരിച്ചു ചിരിച്ചു ഊപ്പാടിളകിയല്ലോ മാഷേ...ഒരു സംശയം! കഴിഞ്ഞ തവണ അര്‍ഹനായ വ്യക്തിക്ക് തന്നെ അവാര്‍ഡു നല്‍കി എന്ന് പറയപ്പെടുന്നു. അതിനു ശേഷമല്ലേ കക്കൂസ് സാഹിത്യം എന്ന് പുറം ലോകത്തെ (ബ്ലോഗിന് പുറത്തുള്ളവര്‍) മഹാ സാഹിത്യകാരന്മാര്‍ ആക്ഷേപിച്ചത്. അവാര്‍ഡു 'മഹത്തായ സംഭവ' മായിരുന്നെങ്കില്‍ അത് സംഭവിക്കാന്‍ പാടില്ലായിരുന്നുവല്ലോ? നിലവാരമുള്ള ബ്ലോഗര്‍ക്ക് അവാര്‍ഡു കൊടുത്തിട്ടും പുറമെയുള്ളവര്‍ കക്കൂസ് എന്ന് വിളിക്കുന്നുണ്ടെങ്കില്‍ എവിടെയോ എന്തോ പ്രശ്നമുണ്ട്. അല്ലെങ്കില്‍ എനിക്ക് തോന്നുന്നതായിരിക്കുമോ?

    ReplyDelete
  35. ഈങനെയൊരു ബുലോക അവാർഡ് ഉണ്ടായോണ്ട് ഒരു ഗുണമുണ്ടായി. ഒരുപാട് പേർക്ക് നല്ല തകർപ്പൻ പൊസ്റ്റുകളിറക്കാൻ കഴിഞ്ഞു. ആനന്ദലബ്ധിക്കിനിയെന്തു വേണം, മിഠായി എടുക്കൂ ആഘോഷിക്കൂ. ആശംസകൾ ഇക്കാ.

    ReplyDelete
  36. :)

    ബാക്കി ചാറ്റ് റൂമില്‍ :)

    ReplyDelete
  37. അവാർഡിനു വേണ്ടിയെങ്കിലും ബൂലോകത്ത് വരുമല്ലൊ,,,
    ഒരു സംശയം ഈ ചാലിയാറിലൂടെ ഇപ്പോഴും വെള്ളം ഒഴുകുന്നുണ്ടോ?

    ReplyDelete
  38. നര്‍മം ആസ്വദിച്ചു..
    നന്നായിട്ടുണ്ട്

    ReplyDelete
  39. അക്ഷേപഹാസ്യവതരണം വളരെ നന്നായിട്ടുണ്ട്.
    കൊടുക്കുന്നതും വാങ്ങുന്നതും അങ്ങിനെ നടന്നോട്ടെ. നമുക്ക്‌ എഴുതാം, നമ്മുടെ തൃപതിക്ക് അനുസരിച്ച്.

    ReplyDelete
  40. രാഷ്ട്രീയമായാലും ബൂലോകമായാലും മറ്റേതു വിഷയമായാലും നര്‍മ്മത്തിന്റെ , ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ ചാലിയാറിലൂടെ ഒഴുകുമ്പോള്‍ വായിക്കാന്‍ രസമുണ്ട്.

    ReplyDelete
  41. ഇല്ല സാര്‍..ഞാന്‍ അനോണി സള്‍ഫാന്‍ തളിച്ചിട്ടുണ്ട്.

    ആസ്വദിച്ചു..
    നന്നായിട്ടുണ്ട്

    ReplyDelete
  42. ഇനി ഞാന്‍ എന്തെങ്കിലും പറഞ്ഞു അത് വിവാദം ആക്കി ഈ പോസ്റ്റിനു ഏറ്റവും കൂടുതല്‍ കമന്റു നേടിയ ബ്ലോഗര്‍ എന്ന അവാര്‍ഡ്‌ അടിച്ചെടുക്കാന്‍ നോക്കെണ്ടാ ..സത്യത്തില്‍ ഇത് വായിച്ചു എന്റെ അടിവയറ്റില്‍ നിന്ന് ഒരു ഏമ്പക്കം നാഭീ ഗഹ്വരം വഴി ഊര്‍ദ്ധ ശ്വാസ ധമനിയിലേക്ക് അനര്‍ ഗളം നിര്‍ഗ ളിചു ...ഇത് വായിച്ചപ്പോള്‍ ബഷീറിനെ യാണ് ഓര്മ വന്നത് ..ഞമ്മട നാട്ടിലെ മാങ്ങാ ബിപ്പനക്കാരന്‍ ബഷീറിനെ ...എന്തോരഗാധത ..എന്തോരപാരത ...ഈ പോസ്റ്റ്‌ എന്നെ എങ്ങോട്ടൊക്കെയോ കൂട്ടി കൊണ്ട് പോയീ ..:)

    ReplyDelete
  43. എല്ലാവരും ഇങ്ങനെ മലര്‍ന്നു കിടന്നു
    തുപ്പിയാല്‍..!! ബുലോകം നാറ്റിക്കല്ലേ..
    ഇത് പിന്നെ ചാലിയാറിന്റെ ഗതി പോലെ
    ആവും കാലാന്തരത്തില്‍...കിട്ടുന്നവര്‍
    അത് വാങ്ങി അങ്ങ് നിരസിക്കുക..അപ്പൊ
    എല്ലാവര്ക്കും സന്തോഷം ആവുമെങ്കില്‍..!!!
    നര്മം നന്നേ ബോധിച്ചു കേട്ടോ...

    ReplyDelete
  44. ശുദ്ധ ഹാസ്യം തന്നെ....കൊള്ളാം.

    ReplyDelete
  45. നുമ്മ ലേറ്റായാ... ശാധനം എവിഡെ... എല്ലാരും കൊണ്ട് പോയാ...നുമ്മക്കും മേണം അബാർഡ്.. ഇല്ലെങ്കി നുമ്മ ബ്ലോഗ് കൃഷി നിർത്തുമേ... മ്ഹാ.. പറഞ്ഞേക്കാം..!!കഴിഞ്ഞ വർഷത്തെ അവാർഡ് തിരിച്ച് കൊടുക്കാൻ പോണെന്നും കേട്ടു.. അപ്പം അതുംകൂടി മേടിച്ച് ഈ വർഷം രണ്ടാൾക്ക് കൊടുക്കാം...!!

    അക്ബർ ഭായ്.. ഏറ്റു...ഇല്ലെങ്കിൽ ഏക്കും..!!

    ReplyDelete
  46. നുമ്മ ലേറ്റായാ... ശാധനം എവിഡെ... എല്ലാരും കൊണ്ട് പോയാ...നുമ്മക്കും മേണം അബാർഡ്.. ഇല്ലെങ്കി നുമ്മ ബ്ലോഗ് കൃഷി നിർത്തുമേ... മ്ഹാ.. പറഞ്ഞേക്കാം..!!കഴിഞ്ഞ വർഷത്തെ അവാർഡ് തിരിച്ച് കൊടുക്കാൻ പോണെന്നും കേട്ടു.. അപ്പം അതുംകൂടി മേടിച്ച് ഈ വർഷം രണ്ടാൾക്ക് കൊടുക്കാം...!!

    അക്ബർ ഭായ്.. ഏറ്റു...ഇല്ലെങ്കിൽ ഏക്കും..!!

    ReplyDelete
  47. നുമ്മ ലേറ്റായാ... ശാധനം എവിഡെ... എല്ലാരും കൊണ്ട് പോയാ...നുമ്മക്കും മേണം അബാർഡ്.. ഇല്ലെങ്കി നുമ്മ ബ്ലോഗ് കൃഷി നിർത്തുമേ... മ്ഹാ.. പറഞ്ഞേക്കാം..!!കഴിഞ്ഞ വർഷത്തെ അവാർഡ് തിരിച്ച് കൊടുക്കാൻ പോണെന്നും കേട്ടു.. അപ്പം അതുംകൂടി മേടിച്ച് ഈ വർഷം രണ്ടാൾക്ക് കൊടുക്കാം...!!

    അക്ബർ ഭായ്.. ഏറ്റു...ഇല്ലെങ്കിൽ ഏക്കും..!!

    ReplyDelete
  48. ചലച്ചിത്ര അവാര്‍ഡ്, സാഹിത്യ അവാര്‍ഡ്‌, ഇതെല്ലാം പ്രഖ്യാപിക്കുമ്പോഴുള്ള വിവാദങ്ങള്‍ കാണുമ്പോള്‍ കൊതിമൂത്ത് ഇരുന്നിട്ടുണ്ട്. അതിലൊന്നും കേറി അഭിപ്രായം പറയാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ത്ത്. ഇതിപ്പോ ഗൂഗിള്‍ ഫ്രീയായിട്ട് തന്ന ഐഡിയും നാലടി നീളമുള്ള പാസ്‌വേര്‍ഡും സ്വന്തമായിട്ടുള്ളതുകൊണ്ട് ഇനിയും കാത്തിരിക്കാന്‍ വയ്യ. കഴിവുള്ളവരെ -- എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ് -- മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഈ അവാര്‍ഡ്‌ പരിപാടിയോട് ശക്തമായി പ്രതിഷേധിക്കുന്നു :-) . എന്റെ ബ്ലോഗുനിലം വെട്ടി നിരത്തി ഞാന്‍ ഫ്ലാറ്റ് പണിയാന്‍ പോകുന്നു. സമാനചിന്താഗതിക്കാരായ ആളുകള്‍ ഉണ്ടെങ്കില്‍ നമുക്കൊരു കണ്‍സോര്‍ഷ്യം തന്നെ രൂപീകരിച്ചുകളയാം.

    ReplyDelete
  49. വിഷയം..അതെന്തോ ആവട്ടേ..നല്ല നര്‍മ്മഭാവന..രസകരമായ അവതരണവും. കൊള്ളാം. [വിഷയത്തെ കുറിച്ച് ഒന്നും പറയാനില്ലാട്ടൊ. കാരണം പണ്ട് മുതലേ ടി.വി. യില്‍ കാണാറുണ്ട്
    പല തരത്തിലുള്ള അവാര്‍ഡുകളും അതിനെതിരെ ഉള്ള പ്രതികരണങ്ങളും ഒക്കെ...അതിലൊന്നാ ഇവിടേം വിഷയം ..അതങ്ങിനെ പോട്ടേ..] ഏത് വിഷയവും ചാലിയാറില്‍ ഒഴുകുമ്പോള്‍ കൈവരുന്ന ചാരുതക്ക് ഒരു കൈയ്യടി..

    ReplyDelete
  50. @@ഹാഷിക് എന്താ പറഞ്ഞത് ? നാലടി കിട്ടുന്ന പാസ്‌ വേര്‍ഡ്‌ ഉണ്ടെന്നോ ? :)

    ReplyDelete
  51. ‎Akbar Ali said :"ബൂലോകം ഇവടെ പത്തു പേരെ വോട്ടിനിട്ട് ഒരാളെ തിരഞ്ഞെടുത്തു ഇതാണ് ബൂലോകത്തെ ഏറ്റവും നല്ല എഴുത്ത് കാരന്‍ എന്നു പറയുന്നതിലൂടെ നല്ല ബ്ലോഗര്‍ കണ്ടെത്താന്‍ കഴിയും എന്നു താങ്കള്‍ക്കു തോന്നുന്നുണ്ടാവാം . എനാല്‍ എനിക്കില്ല."
    -------------------------------
    എനിക്കങ്ങനെ തോന്നുന്നു എന്ന് ഞാന്‍ എവിടേയും പറഞ്ഞില്ല അക്ബര്‍ ഭായ്.
    എന്നു മാത്രമല്ല നമ്മുടെ MA ഗ്രൂപ്പില്‍ ആദ്യമായി ഇങ്ങനെ ഒരവാര്‍ഡ് പരിപാടിക്ക് കളമൊരുക്കി
    ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെയായി ഒരു പാട് വിമര്‍ശനം ഞാനടക്കമുള്ള അഡ്മിന്‍സ് കേട്ടതിനാല്‍ അവാര്‍ഡും അതിനോടനുബന്ധിച്ച കലാപരിപാടികളോടൂം ഞാന്‍ അന്ന് സുല്ലിട്ടതാണ്.

    എന്റെ സഹ അഡ്മിന്‍സിനത് വ്യക്തമായി അറിയാം.

    പിന്നെ താങ്കള്‍ക്കും മനസ്സിലായതു പോലെ ആ ലിസിറ്റില്‍ ഞാനും ഉള്‍പ്പെട്ടതിന്റെ ഒരു അരുതായ്ക വായിച്ചപ്പോള്‍ അനുഭവിച്ചു എന്ന് മാത്രം.അത് സ്വാഭാവികവുമാണല്ലോ.

    (എന്ന് കരുതി ഫസ്റ്റ് ക്ലാസ് ഹ്യൂമര്‍ ആണ് താങ്കള്‍ കൈകാര്യം ചെയ്തത് എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല.
    ചില അപാര പ്രയോഗങ്ങള്‍ ഒപ്പിച്ച താങ്കളുടെ ഹ്യ്യൂമര്‍ സെന്‍സില്‍ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുന്നു.

    ReplyDelete
  52. നൗഷാദ് അകമ്പാടം said...‎എനിക്കങ്ങനെ തോന്നുന്നു എന്ന് ഞാന്‍ എവിടേയും പറഞ്ഞില്ല അക്ബര്‍ ഭായ്.

    പ്രിയ നൌഷാദ് ഭായി. താങ്കള്‍ക്കും അങ്ങിനെ തോന്നുന്നില്ല എന്നറിഞ്ഞപ്പോള്‍ സന്തോഷം.

    അപ്പോള്‍ നമ്മളൊക്കെ ചിന്തിക്കുന്നത് ഒരേ ദിശയില്‍ തന്നെ. മാത്രവുമല്ല താങ്കള്‍ ആരോടും എനിക്ക് വോട്ടു ചെയ്യണം എന്നു പറയുകയോ ഇതൊരു വലിയ സംഭവമായി എടുക്കുകയോ ചെയ്തിട്ടില്ല എന്നും എനിക്കറിയാം. എന്‍റെ വാക്കില്‍ വന്ന ആ പിശക് ഞാന്‍ തിരുത്തുന്നു.

    ReplyDelete
  53. വാസ്തവത്തില്‍ ബൂലോകം ഓണ്‍ ലൈനിന്റെ ഈ വിഷയത്തിലെ പിടിപ്പു കേടു ഒന്ന് താമാശ രൂപത്തില്‍ പറഞ്ഞു എന്നെ ഉള്ളൂ. ആരെയും വേദനിപ്പിക്കാനല്ല.

    ബ്ലോഗ്‌ എന്നത് ഭാഷ കൊണ്ടുള്ള കളിയാണ്. അപ്പോള്‍ അതിനു അവാര്‍ഡ് ഒക്കെ ഏര്‍പ്പെടുത്തി കൊട്ടി ഘോഷിക്കുമ്പോള്‍ ബൂലോകം അല്‍പംകൂടെ സൂക്ഷ്മത കാണിക്കേണ്ടതുണ്ട് എന്നു ഒരു ബ്ലോഗര്‍ എന്ന നിലക്ക് എനിക്ക് തോന്നുന്നു. പ്രത്യേകിച്ചും ബ്ലോഗുകളെ പുറത്തുള്ള സമൂഹവും ശ്രദ്ധിച്ചു തുടങ്ങുന്ന ഇക്കാലത്ത്.

    ഇതില്‍ കൂടുതലും ഞാന്‍ വിമര്‍ശിച്ചത് എന്നെ തന്നെയാണ്. കാരണം ഞാനൊന്നും ഇപ്പോഴും ഒരു നല്ല രചന നടത്തിയിട്ടില്ല. ആ നിലക്ക് ബ്ലോഗിന്റെ നിലവാരത്തിന്റെ കാര്യത്തില്‍ ഞാന്‍ എത്രയോ താഴെ ആണു എന്നു തുറന്നു സമ്മതിക്കുന്നതില്‍ എനിക്ക് ഒരു മടിയും ഇല്ല. അതു തന്നെയാണ് വാസ്തവം.

    എന്നാല്‍ വളരെ കഴിവുള്ള എഴുത്തുകാര്‍ ഈ രംഗത്ത് ഉണ്ട്. ബൂലോകത്ത് നിന്നും സര്‍ഗ്ഗ ചേതനയുടെ മുത്തുകള്‍ കണ്ടെത്തി ബ്ലോഗേതര സാഹിത്യ ലോകത്തിനു പരിചയപ്പെടുത്താന്‍ ഈ രീതി ഒരിക്കലും പ്രായോഗികമല്ല.

    അപ്പോള്‍ ബൂലോകം ഓണ്‍ ലൈന്‍ തങ്ങളാല്‍ ആവുന്നത് ചെയ്യുന്നില്ലേ അതായത് Isn’t something is better than nothing എന്നു ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ.

    Something is better than nothing.
    But nothing is better than nonsense


    That’s all

    ReplyDelete
  54. ഭംഗിയായി എഴുതിയ ഒരു ആക്ഷേപഹാസ്യം എന്നാണ് എനിക്കു തോന്നിയത്.മറ്റൊന്നും തോന്നിയിരുന്നില്ല . കമന്റുകള്‍ കണ്ടപ്പോള്‍ ചിലരെയെങ്കിലും ചെറിയ തോതില്‍ ഇത് അസ്വസ്ഥരാക്കി എന്നു മനസ്സിലായി. അതില്‍ ചെറിയൊരു പ്രയാസമുണ്ട്.

    ഇന്നുപകല്‍ പുറത്തൊരിടത്തു വെച്ചു മൊബൈലിലാണ് ഞാന്‍ ഇതു വായിച്ചത് - അവസാന വരിവരെ ശരിക്കും ആസ്വദിച്ചു വായിച്ചു... അവസാന ഖണ്ഡികയില്‍ ഫോര്‍വേഡു ചെയ്യാനുള്ള ആഹ്വാനമൊക്കെ ശരിക്കും ആസ്വദിച്ചു.

    ReplyDelete
  55. അവാര്‍ഡ്‌ നിര്‍ണ്ണയത്തിന്റെ നിയമാവലി രൂപപ്പെടുത്തുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കില്‍ അത് ക്രിയാത്മകമായി തോന്നുമായിരുന്നു. അവര്‍ക്ക് തിരുത്താനും അവസരം ഒരുങ്ങുമായിരുന്നു.ഇതിപ്പോള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ കോടതി പിരിഞ്ഞിട്ട് ന്യായം പറയുന്ന പോലെയായി..

    എങ്കിലും ആനുകാലിക വിഷയത്തില്‍ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തു ഒരു ചികിടന്‍ പോസ്റ്റ് എന്ന് സമ്മതിക്കാതെ തരമില്ലല്ലോ..ആശംസകള്‍

    ReplyDelete
  56. ഒരവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ നിരസിക്കാമായിരുന്നു.

    ReplyDelete
  57. ഹൌ, കലിപ്പ്‌ തീരുന്നില്ലല്ലോ കോയ... ഈ അവാര്‍ഡ്‌ ദാനം കുറച്ച്‌ കൈപ്പ്‌ നീര്‍ കുടിക്കും. വാങ്ങുന്നവനും കൊടുക്കുന്നവനും. അല്ല ഭായ്‌ കഴിഞ്ഞ വര്‍ഷം ഈ പുകിലൊക്കെ ഉണ്‌ടായിരുന്നോ ? ഞമ്മളൊക്കെ ഈ ലോകത്ത്‌ ഈയിടെ വന്നവനായത്‌ കൊണ്‌ടാണ്‌ ചോദിക്കുന്നത്‌ !

    ReplyDelete
  58. പത്താളുകളെ തിരഞ്ഞെടുക്കാനുള്ള എലിമിനേഷന്‍ പരിപാറ്റിയില്‍ പങ്കെടുത്തപ്പോഴേ എനിക്കെന്തോ പന്തി കേടു തോന്നി. പിന്നെയും ആരൊ വിളിച്ചു കൊണ്ടു പോയി വോട്ടു ചെയ്യിക്കാന്‍ കാറില്‍ കയറ്റി ബുത്തിന്റെ അടുത്തിറക്കിയപ്പോല്‍ ഞാനിറങ്ങിയോടി. ഇനി ബ്ലോഗര്‍മാര്‍ക്ക് വല്ല ലഫ്റ്റനന്റ് കേണല്‍ പട്ടവും കൊടുക്കുന്നുണ്ടോ ആവോ? സ്ഥിരമായി പട്ടാളക്കഥകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കിട്ടുമായിരിക്കും!.ഇതൊക്കെ പറയാന്‍ ഞാനാരാ ബ്ലോഗിലെ വെറും കൃമി!...

    ReplyDelete
  59. ഇക്കാ നല്ല മൂഡിലാണല്ലൊ.. :) സംഭവം കലക്കി..

    ReplyDelete
  60. ഇങ്ങനെ അവാര്‍ഡുകളെ തല്ലിക്കൊല്ലാന്‍ പാടുണ്ടോ!?

    ReplyDelete
  61. അക്ഷരങ്ങളുടെ വിത്തെറിഞ്ഞു ഞാന്‍ വിളയിച്ച മലയാള സാഹിത്യത്തിന്റെ ഏദന്‍ തോട്ടം ബൂലോകത്തെ ഇളം കാറ്റില്‍ പടര്‍ന്നു പരിലസിക്കുന്ന വര്ണ മനോഹര ഊഷ്മള സുരഭില ശീതള കോമള ചാരുത ...........
    ഹ ഹ ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.....കലക്കി അക്ബര്‍ക്കാ‍....

    ReplyDelete
  62. ചാലിയാറില് കമെന്റു ചാകരയാണല്ലോ .......ആശംസകള്‍ ...............

    ReplyDelete
  63. അവാര്‍ഡ് കിട്ടുമ്പം മാന്യമായി അതങ്ങ് നിരസിക്കുക..എന്നിട്ട് കൃമികടിയുള്ളവര്‍ക്ക് നല്‍കുവാന്‍ പറയുക..അല്ലെങ്കില്‍ ഇനിയും സമയമുണ്ടല്ലോ സൂപ്പര്‍ കൃമികടി ബ്ലോഗറെ ഒന്നു കണ്ടെത്താം.

    ചാലിയാര്‍ കലക്കി...ട്ടോ...

    ReplyDelete
  64. നര്‍മം രസായിട്ടുണ്ട്. ആസ്വദിച്ചു..

    ReplyDelete
  65. ഈ പോസ്റ്റില്‍ സാഹിത്യം ഇല്ല.
    ISO 9001 നിലവാരത്തിന്റെ യന്ത്രം കൊണ്ട് അളന്നാല്‍ നെഗറ്റീവ് ആവും ഫലം.
    എംടി യുടെയോ, ബഷീരെന്റെയോ കൃതികളുമായി താരതമ്യം ചെയ്യാനുള്ള നിലവാരം ഇല്ല.
    അവാര്‍ഡിന് ആയി പരിഗണിക്കാനും കഴിയില്ല..

    എന്നാല്‍ ഒരു സാധാരണ വായനക്കാരന്‍ എന്ന നിലയില്‍ ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ അറിയാതെ ചിരി വരുന്നുണ്ട്.
    ഈ പോസ്റ്റിലെ നര്‍മ്മം ആസ്വദിക്കുന്നുണ്ട്.
    ഇത്തരം എഴുത്തുകള്‍ ഇനിയും വായിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്....
    വായനക്കാര്‍ ഇഷ്ടപ്പെടുന്ന ഒരു പോസ്റ്റ്‌ ആണ് ഇതെന്നു നിസ്സംശയം പറയാം...

    ആശംസകള്‍ അക്ബരിക്കാ....

    ReplyDelete
  66. ഇങ്ങനെ ചിരിപ്പിച്ചു കഷ്ടത്തിലാക്കരുത്....ഞാൻ ചിരിച്ച് ചാകാറായി.



    എന്നെ പറ്റി ഇത്ര കേമമായി പറഞ്ഞിരിയ്ക്കുന്നതു കണ്ട് വളരെ സന്തോഷിയ്ക്കുന്നു, കേട്ടൊ. ഇനീം ഇങ്ങനെ നല്ല അഭിപ്രായം കിട്ടാൻ എനിയ്ക്ക് ഭാഗ്യമുണ്ടാവട്ടെ.

    ReplyDelete
  67. ഹായ് സാഹിബ്.....
    ചാലിയാർ "കൂലം കുത്തി" ഒഴുകി...!!!!!!!
    തകർപ്പർ പ്രയോഗങ്ങൾ.....!!
    അഭിനന്ദനങ്ങളോടെ..

    ReplyDelete
  68. This comment has been removed by the author.

    ReplyDelete
  69. ആസ്വദിച്ചു വായിച്ചു..എങ്കിലും ചില കാഴ്ച്ചപ്പാടുകളോട് വിയോജിപ്പുണ്ട്. ബ്ലോഗ് എന്നാൽ സാഹിത്യമാണോ ? സാമൂഹ്യവിമർശനമാണോ ? തത്വചിന്തയാണോ ? സ്മരണകളാണോ ? അതോ നർമ്മമാണോ ?
    എച്ച്മുകുട്ടിയെ ഉദാഹരിച്ചതു കണ്ടപ്പോൾ ( മറ്റ് രണ്ടു പേരെ തിരിച്ചറിയാൻ കഴിഞ്ഞില്ല ) സാഹിത്യമാണ് താങ്കൾ ഉദ്ദേശിച്ചതെന്ന് കരുതുന്നു. അങ്ങനെയൊരു നിർവചനം ബ്ലോഗിനുണ്ടോ ? ബൂലോഗത്ത് കഥ, കവിത, ലേഖന മത്സരങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. അതുകൊണ്ടൊക്കെ തന്നെ അതൊക്കെ എഴുതുന്നവർക്ക് ശ്രദ്ധിക്കപ്പെടാൻ അവസരവും കൂടുതലാണ്.എന്നാൽ അതിനെക്കാളൊക്കെ എത്രയോ വായനക്കാരുണ്ട് നർമ്മം കൈകാര്യം ചെയ്യുന്ന പോസ്റ്റുകൾക്ക്. അതിലുമെത്രയോ പ്രസക്തിയുണ്ട് കാലികവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പോസ്റ്റുകൾക്ക്. അതാത് മേഖലകൾ ഇഷ്ടപ്പെടുന്നവർക്ക് അതാണ് ഏറ്റവും മികച്ചതെന്നു തോന്നാം. പക്ഷെ എല്ലാ മേഖലകളെയും പരിഗണിക്കുമ്പോൾ ഒരു മികച്ച ബ്ലോഗ് തിരഞ്ഞെടുക്കാൻ ഇതൊക്കെ തന്നെയാണ് മാർഗ്ഗം എന്നു തോന്നുന്നു. ഈ പോസ്റ്റ് വായിച്ച് പൊട്ടിച്ചിരിക്കുന്ന പലർക്കും ഉള്ളിലൊരു ചെറിയ കൊതിക്കെറുവും ഉണ്ടെന്ന് തോന്നുന്നു. ആവശ്യപ്പെടാതെ തന്നെ മത്സരത്തിൽ എത്തപ്പെട്ട കൊമ്പനും അകമ്പാടത്തിനും ഇതിലെ മുളള്ളുകൾ കൊണ്ട് വേദന തോന്നുന്നതും സ്വാഭാവികം..

    ReplyDelete
  70. ഞാന്‍ എന്നെ തന്നെ മറന്നു ചിരിച്ചു......... അക്ബര്‍ ഇക്കയുടെ എഴുത്ത് നന്നായിടുണ്ട്

    ReplyDelete
  71. Don't know what should i tell, കൊള്ളാം..

    ReplyDelete
  72. As a piece of satire I enjoyed Akbar's fabulous work though the issue is debatable.

    ReplyDelete
  73. അവാര്‍ഡിനെ കുറിച്ചുള്ള പ്രതികരണം ഞാന്‍ അവിടെ അവരുടെ സൈറ്റില്‍ പറഞ്ഞിരുന്നു.. ഏകദേശം അതെ അഭിപ്രായത്തില്‍ വന്ന അക്ബറിക്കയുടെ പോസ്റ്റിനു സലാം മാത്രം പറയുന്നു... ഇത്തരം കെട്ടുകാഴ്ചകളോട് മുഖം തിരിച്ചു ശീലമായി എനിക്ക്...

    :-)

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  74. വല്ലവന്റെയും അധ്വാനത്തിന്റെ മേനിയില്‍ രാജാവായി ഞെളിഞ്ഞിരിക്കുന്നയാള്‍ നടത്തിയ പരുപാടിയല്ലേ ഇങ്ങനെ വരൂ... :P

    "അതിലെല്ലാം ഉപരി, യമലോകം ഓണ്‍ലൈനില്‍ എല്ലാം കൊണ്ട് വന്നു തേമ്പണം"

    ReplyDelete
  75. ബൂലോകം ഓണ്‍ ലൈന്‍ അവാര്‍ഡിനെ സംപന്ധിച്ചു തന്റെ അഭിപ്രായം ബ്ലോഗിലെഴുതിയ ആദ്യത്തെ സൂപര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ ജേതാവ് ബഷീര്‍ വള്ളിക്കുന്ന് കേവലം 'ചന്ദ്രിക ബ്ലോഗ്ഗര്‍ 'ആണെന്ന് 'ഹൈ വോള്‍ട്ടേജ് ഏതാണ്ട് രോഷം തിരുവടികള്‍'.

    സ്വയം ഹൈ വോള്‍ട്ടേജ് ,എന്റെ വലിയ പിഴ എന്നൊക്കെ ക്ലീഷേ പറഞ്ഞു നടന്നു ക്ലിക്ക് ആകാതെ അലഞ്ഞു തിരിയുന്നവര്‍ക്കുള്ള അവസാന മാര്ഗ്ഗമാണല്ലോ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു ശ്രദ്ധ ക്ഷണിക്കല്‍ .

    മലയാളത്തിലെ ഏക അശ്ലീല ബ്ലോഗുകാരന്റെ ബ്ലോഗില്‍ പോയി ഭേഷ് ഭേഷ് എന്ന് കമന്റ്‌ ചെയ്‌താല്‍ മാനസിക വളര്‍ച്ചയായി എന്ന് വിശ്വസിക്കുന്നവര്‍ക്ക് അത് കേട്ട് കുരവയിടാം .

    ബൂലോകത്തോട് വിനയത്തോടെ

    ReplyDelete
  76. ചിരിപ്പിച്ചു...
    :)

    ReplyDelete
  77. ഈ കൃഷിയില്‍ വേണ്ട വളങ്ങളൊക്കെ ചേര്‍ത്തു ഒന്നാംതരം തൈകള്‍ നട്ടിട്ടുണ്ടല്ലോ അലിയാരേ..... അല്ല ചാലിയാറെ

    ReplyDelete
  78. സാഹിത്യ സൃഷ്ടി നടത്തുന്നത് പ്രധാനമായും സ്വന്തം അഭിപ്രായങ്ങള്‍ മറ്റൊരാളെകകൂടിയെങ്കിലും അറിയിക്കുക എന്നതിനാണ്. അവാര്‍ഡുകള്‍ നല്ലത് തന്നെ. പക്ഷെ അവാര്‍ഡിന് വേണ്ടി എഴുതുമ്പോള്‍ എഴുത്തിന്റെ മൌലികത ഇല്ലാതാവും.അവാര്‍ഡിനെ മറന്നേക്കൂ.ചാലിയാറും മറ്റു ബ്ലോഗ്‌ നദികളും ഒഴുകിക്കൊണ്ടിരിക്കട്ടെ(.പോസ്റ്റ്‌ കമ്മാന്റിനെ കളിയാക്കേണ്ടിയിരുന്നോ,സ്ഥിരം അഭിപ്രായക്കാര്‍ പിണങ്ങും.)

    ReplyDelete
  79. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം ???6 മാസമായി ബ്ലോഗ്‌ തുറന്നുപോലും നോക്കാത്ത എനിക്ക് ഇവിടെ എന്തുകാര്യം !!!എന്നാലും ഇക്കാ ഇടവേളക്കുശേഷമുള്ള കണ്ടുമുട്ടല്‍ കലക്കി !!.നന്മകള്‍ നേരുന്നു...
    പ്രാര്‍ത്ഥനയോടെ സൊനെറ്റ്

    ReplyDelete
  80. പ്രിയപ്പെട്ട അക്ബര്‍,
    അമര്‍ഷം നര്‍മത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചോള്‍, രസകരമായി!
    അണിയറ നാടകങ്ങള്‍ ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ എന്നും എപ്പോഴും ഒരുപോലെ...!
    ഇതില്‍ എന്ത് പുതുമ?ആവര്‍ത്തിക്കുന്ന നാടകങ്ങള്‍..!
    സസ്നേഹം,
    അനു

    ReplyDelete
  81. വായിച്ചു ചിരിച്ചു കുറേ...അപ്പോ ഇതിന്റെ ബാക്കിയാണല്ലെ രമേശ് ജിന്റെ ബ്ലൊഗില്‍ കണ്ടത്,

    ReplyDelete
  82. കൊമ്പന്‍ - ഹ ഹ എന്നാലും പേവാര്‍ഡില്‍ ആയില്ലല്ലോ. അതു തന്നെ ഭാഗ്യം.

    അലി - ഗൂഗിള്‍ ഓഫീസില്‍ ഒരു അവശ കര്‍ഷകനുല്‍ പെന്ഷന് അപേക്ഷിക്കൂ അലി ഭായി. :)

    Sameer Thikkodi - വാക്കാണേ..ഇനി എന്‍റെ പേരില്ലെങ്കില്‍ നിങ്ങളെ ഞാന്‍ പിടിക്കും. :)

    ഷാജു അത്താണിക്കല്‍ - ചുമ്മാ ചിരിക്കാന്‍ പറഞ്ഞതല്ലേ ഷാജു. :)

    നാമൂസ് - മൊത്തത്തില്‍ ഒരു ചന്തം തോന്നിയല്ല. അതില്‍ സന്തോഷം നാമൂസ്.

    ബെഞ്ചാലി - നല്ല വാക്കുകള്‍ക്കു നന്ദി.

    ഓക്കേ കോട്ടക്കല്‍ - നന്ദി കേട്ടോ ഈ വരവിനു.

    khaadu.. - അതേ ഖാദു. ഹല്ലാ പിന്നെ. :)

    MyDreams - അയ്യോ. അപ്പൊ നമുക്കിത് വേണ്ട അല്ലേ. എങ്കില്‍ വിട്ടു. :)

    ReplyDelete
  83. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം - ഹ ഹ ഹ ഇല്ല. ഇന്നത്തോടെ നിര്‍ത്തി മുരളി ഭായി.

    വേണുഗോപാല്‍ - അപ്പൊ വേണു ജിക്കും ചിരി വന്നാല്‍ പുഷപ്പ് എടുക്കുന്ന ശീലമുണ്ട് അല്ലേ. :)

    ആചാര്യന്‍ - നടനി ഇമ്ത്തി. ഈ ചിരിയും ഞാന്‍ ആ കണ്ണീര്‍ ചാലിലേക്ക് ഒഴുക്കട്ടെ. :)

    ഉമ്മു അമ്മാര്‍ - ഹ ഹ കണ്ടു പിടിച്ചു അല്ലേ. നിങ്ങളുടെ ഒരു കാര്യം :)

    അബ്ദുൽ കെബീർ - വളരെ നന്ദി കബീര്‍ ഭായി ഈ വരവിനു.

    ജോസെലെറ്റ്‌ എം ജോസഫ്‌ - വിഷയങ്ങള്‍ ധാരാളം. കണ്ണ് തുറന്നിരിക്കണം എന്നു മാത്രം. അല്ലേ. :)

    ആറങ്ങോട്ടുകര മുഹമ്മദ്‌ - നന്ദി മുഹമ്മദിക്ക. ബൂലോകത്തെ നല്ല കാഥാകാരന്റെ ഈ വാക്കുകള്‍ക്കു.

    Arif Zain - ഇങ്ങിനെ കരഞ്ഞാല്‍ ഞാന്‍ ഒരു കണ്ണീരു പുഴ തന്നെ ബ്ലോഗില്‍ ഉണ്ടാക്കേണ്ടി വരും. എന്നെ കുറെ ചിരിപ്പിച്ചു ഈ കമന്റു.

    Jazmikkutty - അവാര്‍ഡൊക്കെ കൊടുത്ത് കഴിഞ്ഞു ജാസ്മിക്കുട്ടി. നേരത്തെ വന്നിരുന്നെങ്കില്‍ ഒരു അവാര്‍ഡും കൊണ്ടും പോകാമായിരുന്നു.

    elayoden - ഏയ്‌ അല്ലേ അല്ല. അവാര്‍ഡുകളൊക്കെ വേണം. അതൊരു നല്ല പ്രോത്സാഹനം അല്ലേ. ഇതു ചുമ്മാ ഒരു തമാശ.

    ReplyDelete
  84. പ്രഭന്‍ ക്യഷ്ണന്‍ - ചിരിയുടെ സുല്‍ത്താനെ ..അവശ കര്‍ഷകനോട് നോം ക്ഷമിച്ചിരിക്കുന്നു. :)

    Prinsad - ഈ ചിരിക്കു നന്ദി പ്രിന്സാദ്

    ഐക്കരപ്പടിയന്‍ - വാസ്തവം സലിം ജി. അതാണ്‌ കാര്യം,

    മഹേഷ്‌ വിജയന്‍ - അയ്യോ പുളുതം പറയാതെ. നമ്മള് എഴുതും പോസ്റ്റെല്ലാം....:)

    Salam - 100 % യോജിക്കുന്നു സലാം ജി.

    ishaqh ഇസ്‌ഹാക് - ഇനി നിങ്ങളുടെ ബ്ലോഗിന് വെച്ച വെച്ചടി കയറ്റമായിരിക്കും. ഉറപ്പാ. :)

    kalikavu - നന്ദി. ഈ വാക്കുകള്‍ തന്നെയാണ് ശരിക്കുള്ള അവാര്‍ഡ്,

    ഇക്ബാല്‍ മയ്യഴി - നന്ദി ഇക്ബാല്‍ ‍ ജി.

    sidheek Thozhiyoor - ഹ ഹ അപ്പൊ പുഷപ്പ് എടുത്തു ബരിന്‍..:)

    mayflowers - വളരെ നന്ദി. സലാം പറഞ്ഞത് ശരിയാണ്.

    YUNUS.COOL ഹ ഹ ഹ കൂള്‍ ഡൌണ്‍ യൂനുസ്. :)

    ശ്രീജിത് കൊണ്ടോട്ടി. said...(അവസാനം പറഞ്ഞത് ഇക്കൂട്ടത്തില്‍ ബോധം ഉള്ളവരോട് മാത്രം) :))
    അപ്പൊ എന്നോടല്ല അല്ലേ. ഹാവൂ രക്ഷപ്പെട്ടു.

    ReplyDelete
  85. shamzi - ഇതിലെ നര്‍മ്മം ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം .

    മണ്ടൂസന്‍ - അതേ. ഒന്ന് എനിക്കും കിട്ടി. മിഠായി തന്നിരിക്കുന്നു. സ്വീകരിച്ചാലും :)

    ശ്രദ്ധേയന്‍ | shradheyan - ചാറ്റില്‍ പറഞ്ഞത് തന്നെ. :)

    mini//മിനി - ഹ ഹ ഹ ചാലിയാര്‍ അങ്ങിനെ അരിഷ്ടിച്ച് പോകുന്നു മിനി ടീച്ചര്‍.

    Ismail Chemmad - ആസ്വാദനത്തിനു നന്ദി. നര്‍മ്മം അല്ലാതെ ഒന്നും ഇല്ല.

    പട്ടേപ്പാടം റാംജി - അതെ. അതൊക്കെ അതിന്‍റെ വഴിക്ക് നടക്കട്ടെ.

    മന്‍സൂര്‍ ചെറുവാടി - പ്രോത്സാഹനത്തിനു നന്ദി ചെറുവാടി, :)

    yesseed - താങ്ക്യു

    രമേശ്‌ അരൂര്‍ - ഹ ഹ ഹ അപ്പൊ ബഷീര്‍ മാങ്ങ വിറ്റിരുന്നോ. എന്നോട് പറഞ്ഞില്ലല്ലോ മൂപര്‍. :)

    ente lokam - ഹ ഹ ഹ ചാലിയാര്‍ ഇപ്പോള്‍ ശുദ്ധമാണ് എന്‍റെ ലോകം. ബിര്‍ളയെ ഞങ്ങള്‍ അടിച്ചോടിച്ചില്ലേ. നര്‍മ്മത്തെ നര്‍മ്മമായി കണ്ടതില്‍ സന്തോഷം.

    എം.അഷ്റഫ്. - വളരെ നന്ദി അഷ്‌റഫ്‌ ജി

    ReplyDelete
  86. ആയിരങ്ങളില്‍ ഒരുവന്‍ said...നുമ്മ ലേറ്റായാ... ശാധനം എവിഡെ... എല്ലാരും കൊണ്ട് പോയാ...നുമ്മക്കും മേണം അബാർഡ്.<<<< എന്തൊരു ആര്‍ത്തി. ഒരു അവാര്‍ഡ് തന്നിരിക്കുന്നു. ഇനി എപ്പോഴും എപ്പോഴും ചോദിക്കരുത് കേട്ടോ.

    Hashiq - വിവാദങ്ങള്‍ ഇല്ലാതെ നമുക്കെന്തോന്നു അവാര്‍ഡ് അല്ലേ ഹാഷിക്ക്

    അനശ്വര - നന്ദി അനശ്വര.

    Pradeep Kumar - താങ്കള്‍ക്കു തെറ്റിയില്ല പ്രദീപ്‌ ജി. ആക്ഷേപ ഹാസ്യം തന്നെ ആണു. തെറ്റിധാരണ ഞാന്‍ തിരുത്തിയിട്ടുണ്ട്. ആര്‍ക്കെങ്കിലും വേദനിച്ചാല്‍ എനിക്കും വിഷമമാണ്.

    Mohammed Shaji - ഞാന്‍ വൈകിപ്പോയോ ഷാജി. എന്നാലും കിടക്കട്ടെ. അല്ലേ.

    ajith - അവാര്‍ഡ് തന്നിരിക്കുന്നു. ഇനി നിങ്ങളുടെ ഇഷ്ടം :)

    Mohiyudheen MP - കലിപ്പ് തീര്‍ന്നല്ലോ.

    Mohamedkutty മുഹമ്മദുകുട്ടി സൈഡ്..(പിന്നെയും ആരൊ വിളിച്ചു കൊണ്ടു പോയി വോട്ടു ചെയ്യിക്കാന്‍ കാറില്‍ കയറ്റി ബുത്തിന്റെ അടുത്തിറക്കിയപ്പോല്‍ ഞാനിറങ്ങിയോടി".) ഹ ഹ ഹ ഇങ്ങളെ കൊണ്ട് പോയവരെ ഞാനൊന്ന് കാണട്ടെ. ഈ കമന്റ് വായിച്ചു ഞാന്‍ കുറെ ചിരിച്ചു.

    Jefu Jailaf - അവാര്‍ഡ് കിട്ടും എന്നു കേട്ടാല്‍ ആര്‍ക്കാ മൂഡ്‌ ആവാത്തത്.

    മുകിൽ - കൊന്നില്ലല്ലോ. ഞാന്‍ തലോടിയതല്ലേ. :)

    Areekkodan | - ഹ ഹ ഇവിടെ ഒക്കെ ഉണ്ട് അല്ലേ. സന്തോഷം കേട്ടോ.

    ഇസ്മയില്‍ അത്തോളി - കമന്റിനുള്ള കമന്റിനു നന്ദി. ശ്രീക്കുട്ടന്‍ - നിരസിക്കാണോ..അയ്യേ എന്നെ കിട്ടില്ല. എനിക്ക് വേണം ആ സാധനം. :)

    റ്റോംസ്‌ || thattakam.com - നന്ദി ടോംസ്.

    ReplyDelete
  87. Absar Mohamed - നന്ദി അബ്സാര്‍. അവാര്‍ഡിന് പകരം നില്‍ക്കുന്ന ഈ നല്ല വാക്കുകള്‍ക്കു.

    Echmukutty - എച്ചുമുവിനെ ചിരിപ്പിച്ചു എന്നതില്‍ എനിക്കും സന്തോഷം.

    ponmalakkaran | പൊന്മളക്കാരന്‍ - വളരെ നന്ദി. വായനക്ക്, ഈ കുറിപ്പിന്.

    viddiman - എന്തിനായാലും അതിന്റേതായ നിലവാരം വേണം എന്നെ ഉദ്ദേശിച്ചുള്ളൂ. കാറ്റഗറി തിരിച്ചുള്ള തിരഞ്ഞെടുപ്പിനെ മാത്രമേ ഞാനും അംഗീകരിക്കുന്നുള്ളൂ . തുറന്ന ഭിപ്രായത്തിനു വളരെ നന്ദി.

    മഹറൂഫ് പാട്ടില്ലത്ത് - എനിക്കും പെരുത്തു സന്തോഷം മഹറൂഫ്

    Vishnu NV said...Don't know what should i tell, കൊള്ളാം..>> ഈ വാക്കുകള്‍ തന്നെ മതി. നന്ദി.

    പള്ളിക്കരയില്‍ - ഈ പുചിരിക്ക് നന്ദി പള്ളിക്കരയില്‍.

    V P Gangadharan, Sydney - നര്‍മ്മം ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

    Sandeep.A.K - അഭിപ്രായത്തിന് നന്ദി സന്ദീപ്‌ .

    Arunlal Mathew || ലുട്ടുമോന്‍ - വായനക്ക് നന്ദി.

    Noushad Vadakkel - ബൂലോകത്ത് എന്തെല്ലാം വിഷയങ്ങള്‍ അല്ലേ. നന്ദി

    മലയാ‍ളി said...ചിരിപ്പിച്ചു...>> ഇനി നിന്നാല്‍ ഞാന്‍ കരയിപ്പിക്കും. :)

    ReplyDelete
  88. MT Manaf - ചെടികളൊന്നും വേരു പിടിക്കുന്നില്ല മനാഫ്. വെട്ടു കിളി ശല്യം ഉണ്ട്. :)

    Haneefa Mohammed - ആരും അവാര്‍ഡിന് വേണ്ടി എഴുതുന്നുണ്ട് എന്നു തോന്നുന്നില്ല. ബൂലോകം വിളിച്ചുണര്‍ത്തി പറഞ്ഞപ്പോഴാണ് എല്ലാവരും ഞെട്ടിയത്. ഞമ്മക്ക് സ്വപ്നത്തില്‍ പോലും കിട്ടില്ല എന്നു നമുക്കറിയാലോ . :)

    സൊണറ്റ് - പൊന്നുരുക്കുന്നിടത്തെ പൂച്ചയല്ലല്ലോ സോണെറ്റ് . നല്ല ഒന്നാന്തരം ബ്ലോഗര്‍ അല്ലേ. അപ്പോള്‍ അഭിപ്രായം പറയാം.

    (പേര് പിന്നെ പറയാം) - ഈ വായനക്കും അഭിപ്രായത്തിന് നന്ദി.

    anupama - അമര്‍ഷം ഒട്ടും ഇല്ല കേട്ടോ. എല്ലാം ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞു പറയാനുള്ള ശ്രമം. അതില്‍ എത്രത്തോളം വിജയിച്ചു എന്നറിയില്ല. നന്ദി

    മുല്ല - അതേ മുല്ലേ. രമേഷും അവിടെ അലക്ക് തുടങ്ങിയിരിക്കുന്നു. :)

    ReplyDelete
  89. ഞാന്‍ ഇപ്പോളാണല്ലോ ഈ അസൂയ കണ്ടേ ....ന്ടംമോ അസൂയ അസൂയ അവാര്‍ഡ് കിട്ടാത്തതിലുള്ള കടുത്ത അസൂയ...ഇങ്ങനെയും ഉണ്ടോ അസൂയ .....:)

    ReplyDelete
  90. സാറിന്റെ അവാര്‍ഡിന്റെ കഥ വായിച്ചു,ഞാനും എന്റെ കെട്ടിയോനും പിള്ളാരും ചിരിച്ചു മണ്ണു കപ്പി.
    വളരെ നല്ല ആവിഷ്ക്കാരം ,ശൈലി ,നര്‍മ്മം, ഭാവന ,വിമര്‍ശനം ഇതെല്ലാം വേണ്ടുവോളം ഉണ്ട് അങ്ങയുടെ സൃഷ്ട്ടിയില്‍ .എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിന് നന്ദി.ഒപ്പം അഭിപ്രായം അറിയിച്ചതിനും. ആശംസകള്‍

    ReplyDelete
  91. രസകരമായ നര്‍മബോധത്തെക്കുറിച്ചല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ലേ..

    ReplyDelete
  92. പോസ്റ്റിന്റെ നര്‍മ്മത്തെ ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ പറയയട്ടെ,ഒരു മിമിക്സ് പരേഡില്‍ ഒരു ട്രെയിന്‍ ഡ്രൈവറെ അവതരിപ്പിച്ച പോലെയായി. ആത്മഹത്യ ചെയ്യാന്‍ പാളത്തില്‍ കിടന്ന ഒരുവന്‍ എണീറ്റ് ഓടുന്നത് കണ്ടു ഡ്രൈവര്‍ ട്രെയിന്‍ അയാളുടെ പിന്നാലെ വിട്ടു.അയാളെ കൊന്ന ശേഷമാണ് ട്രാക്കില്‍ തിരിച്ചു കയറിയത് പോയ പോക്കില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചിലരുടെ കൃഷി നശിക്കുകയും ഒക്കെ ചെയ്തു.എങ്കിലും വിജയ ശ്രീലാളിതനായി അയാള്‍ തിരിച്ചെത്തി .ഇതിപ്പോള്‍ പോസ്റ്റ്‌ ലക്‌ഷ്യം കണ്ടെങ്കിലും ഒപ്പം ചില നിരപരാധികള്‍ക്കും കൊട്ട് കൊണ്ടില്ലേ?

    ReplyDelete
  93. പോസ്റ്റ്‌ വായിച്ചിട്ട് കുറച്ചായി...വൈകി വന്നു കമന്‍റുന്നതില്‍ ക്ഷമിക്കുക. ആക്ഷേപ ഹാസ്യത്തിന്‍റെ ശരിയായ വിന്യാസം...ഇഷ്ടായി....മറ്റുള്ളവരെ രസിപ്പിക്കുക എന്നത് ഒരു മലയാളി എഴുത്തുകാരന്‍റെ ഏറ്റവും വലിയ വെല്ലുവിളിയാണ് എന്ന് ഞാന്‍ കരുതുന്നു.അതില്‍ ബഹുദൂരം മുന്‍പോട്ടു പോയ താങ്കളെപ്പോലെയുള്ള പ്രതിഭകളെ മനസാ നമിക്കുന്നു.

    ReplyDelete
  94. എഴുത്ത് ഇഷ്ടമായി കേട്ടോ...
    ആശംസകള്‍

    ReplyDelete
  95. ശരിക്കും ചിരിച്ചു പോയെന്നു പറഞ്ഞു കൊള്ളട്ടെ.. അഭിനന്ദനങ്ങള്‍

    ReplyDelete
  96. ഹി ഹി നര്‍മ്മത്തിന് നൂറില്‍ നൂറു മാര്‍ക്ക്‌

    ReplyDelete
  97. പ്രിയ സുഹൃത്തേ, ചാലിയാര്‍
    ഇരിപ്പിടത്തിലൂടെയാണിവിടെ എത്തിയത്
    വന്നത് നഷ്ടായില്ല. മറിച്ചു
    വളരെ ഇഷ്ടായി അവതരണം കൊള്ളാം
    പിന്നെയീ അവാര്‍ഡ് അവാര്‍ഡു എന്ന് പറയുന്ന
    സൂത്രം എന്താണെന്ന് ഇനിയും പുടി കിട്ടിയിട്ടില്ല
    ക്രമേണ പുഡി കിട്ടുമെന്ന് തോന്നുന്നു
    പിന്നെ കൃഷി നടക്കട്ടന്നെ, നല്ല വളക്കൂറുള്ള മ ണ്ണല്ലേ !
    വലിയ അദ്ധ്വാനം കൂടാതെയുള്ള കൃഷി നടത്താന്‍ വല്ല
    പ്ലാനും ഉണ്ടോ? എങ്കില്‍ ഈ അവാര്‍ഡു മൂന്നു തരം
    അവിടെ എത്തും കേട്ടോ
    എന്തായാലും അവാര്‍ഡിനെ ഓര്‍ത്തു വിഷമിക്കെണ്ടാന്നെ !
    അതൊക്കെയങ്ങ് പുറകെ വരുമെന്നെ!
    ആശംസകള്‍

    ReplyDelete
  98. ബ്ലോഗു കൃഷിയുടെ ABCD ഇപ്പോളല്ലേ പിടി കിട്ടിയത്.
    ബോഗ് തുടങ്ങുന്നതിനു മുന്‍പ്‌ തന്നെ എല്ലാരും വായിച്ചിരിക്കേണ്ട പോസ്റ്റ്‌.....
    സറ്റയറിന്‍റെ RASAM ORO VAAKKILUM.‍ PINNE ഇത് തന്ന സന്ദേശം..

    ഭാവുകങ്ങള്‍....

    ReplyDelete
  99. innu panikkaran pattichathukondu paniyonnum illathe irikkanu. onlonil kayariyappol thuthu varalanu ellayidathum. chaliyaril ugran alakkalum.

    chirichu moylalee... kure

    ReplyDelete
  100. Dear Akbar,
    Njaanu ee krishiyidam kaanan veendum ethi. Ende pratheekshakal asthanathaayilla,nooru meni vilanjangane kidakkukayalle.... ethara manoharamaanu ee kazcha, Akbar alle karshakan, ivide vannu ee krishi kaanan ethunnavarellam karshaka sree award tharathe pokarillallo... athanu Akbar. Ee viLayude gunavum, niravum, manavum mattethu pazhaya viLakale pole thanne onnatharam Akbar, ee padathe raNdu kathirkkula Akbarinde Anuvaadamillathe njaan irukkatte, Ende oRmma paththaayathil athu vilangiyirikkatte. Akbar thangalude aavishkkara saili enne vallathe bhramippikkunnu, athe vaibhavam ende viralukalkkum kittiyirunnengil ennu aashichu pokunnu....
    “ങാ ചാലിയാറെ..ഇതൊന്നുമല്ല ബ്ലോഗിന് വേണ്ടത്. ടെമ്പ്ലേറ്റ് നന്നാവണം. ഫോണ്ട് നന്നാവണം, നല്ല ഗാഡ്ജെറ്റ്കള് വേണം, ധാരാളം ഫോളോവേര്സ് വേണം, സിലോപ്പി കാഷ്ടിക്കുംപോലെ പോസ്റ്റുകള് ഇട്ടു കൊണ്ടേ ഇരിക്കണം, അതിലെല്ലാം ഉപരി, യമലോകം ഓണ്ലൈനില് എല്ലാം കൊണ്ട് വന്നു തേമ്പണം, ഇത്രയും മതി യോഗ്യത.”.. ithonnumalla yogyatha ; marichu “ ഭാഷാ ശുദ്ധി, അക്ഷര ശുദ്ധി, പദങ്ങളുടെ വിന്യാസം, സൌന്ദര്യം, ഘടന, ശൈലി, പ്രയോഗങ്ങളുടെ ഔചിത്യം, വര്ണനകളുടെ ആകര്ഷണീയത, എഴുത്തിലെ സംസ്ക്കാരം, സാമൂഹിക പ്രതിബദ്ധത, അവബോധം, കാലിക പ്രസക്തി, കാഴ്ചപ്പാടുകളിലെ മാനുഷിക വശം, സാഹിത്യ ബോധം” ithokke thanneyaanu. Avideyaanu Akbar vijayichchirikkunnathu. Ende aashamsakal suhruthe !

    ReplyDelete
  101. ആക്ഷേപഹാസ്യം അസ്സലായി.

    ReplyDelete
  102. kochumol(കുങ്കുമം) - നന്ദി കൊച്ചു മോളെ. . എന്നാലും ഇത്രയ്ക്കു അസൂയ പാടില്ല അല്ലെ. :)

    ഗീതാകുമാരി. - സന്തോഷം ഗീത ടീച്ചറെ. കെട്ടിയോനെയും പിള്ളാരെയും കൂടി ചിരിപ്പിക്കാനായി എന്നതില്‍ എനിക്കഭിമാനിക്കാം. നന്ദി

    TP Shukoor - മതി ശുക്കൂര്‍, ഈ നല്ല വാക്കുകള്‍ മാത്രം മതി.

    നാരദന്‍ - ട്രെയിന്‍ ഡ്രൈവറുടെ ഈ കോമടി ഞാന്‍ ആദ്യമായി കേള്‍ക്കുകയാ. ശരിക്കും ചിരിച്ചു പോയി. പിന്നെ ഇതില്‍ മനപ്പൂര്‍വം ആരെയും വേദനിപ്പിച്ചു എന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. തുറന്നു പറഞ്ഞതില്‍ നന്ദി കേട്ടോ.

    അജേഷ്‌ കൃഷ്ണന്‍ - വളരെ നന്ദി അജേഷ്‌ കൃഷ്ണന്‍, ഈ വാക്കുകള്‍ ഞാന്‍ ഒരു അവാര്‍ഡ് പോലെ സ്വീകരിക്കുന്നു. .

    ലീല എം ചന്ദ്രന്‍.. - നന്ദി ലീല എം ചന്ദ്രന്‍

    DEJA VU - വളരെ സന്തോഷം കേട്ടോ. നന്ദി.

    rasheed mrk - സന്തോഷം റഷീദ്. ഇത് കേള്‍ക്കാനല്ലേ ഞാന്‍ എഴുതിയത്.

    P V Ariel - നല്ല വളക്കൂറുള്ള മണ്ണ് തന്നെ. പക്ഷെ നല്ലൊരു കര്‍ഷകനാവാന്‍ കഴിയുന്നില്ല എന്നതാണ് എന്റെ പ്രശ്നം. നന്ദി കേട്ടോ ഈ നല്ല വാക്കുകള്‍ക്കു.

    കാടോടിക്കാറ്റ്‌ - ബ്ലോഗിന്റെ ABCD പിടി കിട്ടിയില്ലെങ്കിലും എഴുത്തിന്റെ മര്‍മ്മം അറിയുന്ന എഴുത്തുകാരി അല്ലെ. നന്ദി കേട്ടോ ഈ വായനക്ക്.

    ഷബീര്‍ - തിരിച്ചിലാന്‍ - ഷബീറിനെ പറ്റിച്ച പണിക്കാര്‍ക്ക് എന്റെ നന്ദി. അത് കൊണ്ട് ഈ പോസ്റ്റ് വായിച്ചല്ലോ.

    അമ്പിളി. - നന്ദി അമ്പിളി. വൈകിയാലും വന്നു വായിച്ച അഭിപ്രായം പറഞ്ഞതില്‍. നല്ല വാക്കുകള്‍ക്കു നന്ദി.

    MINI.M.B - വായനക്ക് നന്ദി MINI

    ReplyDelete
  103. വൈകിയാണെങ്കിലും വായിച്ചു രസിച്ചു...

    ReplyDelete
  104. ഈ അവാർഡിലൊന്നും പെരുത്ത് ബിസ്വാസം ഇല്ലാ, ന്നാലും ചാലിയാരേ ഇങളെ ഈ ഹാസ്യം പെരുത്തിസ്ടായി :) ഇങനെ ബ്ലോഗർമാർ പ്രതിഷേധം അറിയിക്കുന്നതിനാൽ ഒരു പരാതി അങ് തിരോന്തരത്തേക്ക് അയക്കരുതോ ;)

    ReplyDelete
  105. സൂപ്പര്‍ ബ്ലോഗര്‍ എന്ന പേര് മാറ്റി 'ജനപ്രിയ ഓണ്‍ലൈന്‍ കലാകാരന്‍' എന്ന പേര് നല്‍കിയിരുന്നെങ്കില്‍ ഈ പൊല്ലാപ്പൊന്നും വരില്ലായിരുന്നു

    ReplyDelete
  106. ആക്ഷേപഹാസ്യം.. ഉഗ്രനായി.. മനസ്സ് നിറയെ ചിരിച്ചു..
    ആശംസകള്‍

    ReplyDelete
  107. അല്ല ഭായി അടിയൻ ഇതു ഇപ്പോഴാ കണ്ടത്...ചിരിച്ചു..നന്നായിട്ട്.... അടുത്ത അവാർഡിനു സമയമായോ..ആശംസകൾ

    ReplyDelete
  108. ങാ ചാലിയാറെ..ഇതൊന്നുമല്ല ബ്ലോഗിന് വേണ്ടത്. ടെമ്പ്ലേറ്റ് നന്നാവണം. ഫോണ്ട് നന്നാവണം, നല്ല ഗാഡ്ജെറ്റ്കള്‍ വേണം, ധാരാളം ഫോളോവേര്‍സ് വേണം, സിലോപ്പി കാഷ്ടിക്കുംപോലെ പോസ്റ്റുകള്‍ ഇട്ടു കൊണ്ടേ ഇരിക്കണം, അതിലെല്ലാം ഉപരി, യമലോകം ഓണ്‍ലൈനില്‍ എല്ലാം കൊണ്ട് വന്നു തേമ്പണം, ഇത്രയും മതി യോഗ്യത.

    ഈ യോഗ്യത നമ്മക്ക് വേണ്ടാ അല്ലെ അക്ബര്ക്കാ

    ചിരിച്ചു .. ശരിക്കും ചിരിച്ചു ... വൈകിയാണ് വായിച്ചത് എന്നാ ഒറ്റക്കുറവേ ഉള്ളൂ .

    ReplyDelete
  109. ചിരിച്ചു ചിരിച്ചു മരിച്ചു .അല്ല നിങ്ങള് കൊന്നു!

    ReplyDelete
  110. പഴയ പോസ്റ്റ്‌ ആണെങ്കിലും അത് പ്രസക്തമായി വീണ്ടും വന്നു!!! കിടുക്കന്‍ തമാശയാണ് മാഷേ.... കിടു...!!!

    ReplyDelete
  111. എഴുത്തിന്‍റെ നിലവാരം വല്ലാതെ താഴുന്നു എന്നു തോന്നിയപ്പോള്‍ അങ്ങോട്ടുള്ള പോക്ക് നിര്‍ത്തി.

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..