Saturday, January 25, 2014

വഹബ ക്രെയിറ്റർ- മരുഭൂമിയിലെ വിസ്‌മയം


മാസങ്ങൾക്ക് മുമ്പ് മദായിൻ സ്വാലിഹിലേക്ക് നടത്തിയ യാത്രക്ക് ശേഷം മറ്റൊരു യാത്ര പോകുന്നത്  വഹബ ക്രെയിറ്റർ എന്ന അത്ഭുതം നേരിട്ട് കാണാനായിരുന്നു.  മരുഭൂമിയിൽ രൂപപ്പെട്ട രാജ്യമാണ് സൗദി അറേബ്യ. വലിച്ചു കെട്ടിയ നൂല് പോലെ തരിശുഭൂമി കീറി മുറിച്ചു കടന്നു പോകുന്ന  റോഡുകളാണ് നഗരങ്ങളെ ബന്ധിപ്പിക്കുന്നത്. അതിനാൽ ഈ രാജ്യത്ത് അധിവസിക്കുന്നവർക്കു  മരുഭൂമിയിലൂടെയുള്ള സഞ്ചാരം പരിചിതമാവാം.  എന്നാൽ മരുഭൂമിയിലേക്കുള്ള സഞ്ചാരം അധികമാരും നടത്താറില്ല. അത് അൽപം സാഹസികമാണ്‌ എന്നത് തന്നെ കാരണം. 

കടലും മരുഭൂമിയും തമ്മിൽ ഘടനാപരമായി ധ്രുവങ്ങളുടെ അന്തരമുണ്ട്. എന്നാൽ രണ്ടിനുമിടയിൽ ചില സമാനതകളുണ്ട്.  ദിശ തെറ്റുകയോ സഞ്ചരിക്കുന്ന വാഹനത്തിനു തകരാറു സംഭവിക്കുകയോ ചെയ്താൽ   മരന്നത്തെ മുഖാമുഖം കാണാമെന്നതാണ് അതൊലൊന്നു. കടലിൽ വെള്ളം കുടിച്ചാണെങ്കിൽ മരുഭൂമിയിലെ  മരണം ദാഹിച്ചാവും. രണ്ടിലും മരണത്തിന്റെ നിശബ്ദ സാന്നിദ്ധ്യമുണ്ട്. വഴി തെറ്റിയും വാഹനം കേടായും മരുഭൂമിയിൽ ദാഹിച്ചു മരിച്ച ഒട്ടേറെ സംഭവങ്ങൾ കേൾക്കാറുണ്ട്..

എന്നിട്ടും പൂർവികരായ  സാഹസിക സഞ്ചാരികളുടെ പാതകൾ പിന്തുടർന്ന് ഇപ്പോഴും മനുഷ്യർ ദൂരങ്ങൾ താണ്ടുന്നു. ഒരു പക്ഷെ സ്വന്തം ആവാസ വ്യവസ്ഥകളിൽ നിന്നും പ്രതികൂലമായ ഭൂതലങ്ങളിലേക്ക് സ്വമേധയാ സഞ്ചരിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാവാം. അടങ്ങാത്ത ജിജ്ഞാസയും അറിയാനുള്ള ആകാംക്ഷയും അന്വേഷണ കുതുകികളായ മനുഷ്യരെ  സാഹസങ്ങൾക്ക്‌ സജ്ജരാക്കുന്നു..

ദീർഘ കാലത്തെ സൗദി ജീവിതത്തിനിടക്ക് ഞാൻ ജിദ്ദയിൽ നിന്നും ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ട്. കിഴക്ക് യമൻ അതിർത്തി പട്ടണമായ ജിസാൻ  മുതൽ തെക്ക് ജോർദാൻ അതിർത്തികളായ ഹഖൽ, ഹാലത്തമ്മാർ വരെയും തബൂക്ക്, മദായിൻ സാലിഹ്, തായിഫ്, റിയാദ്, ദമ്മാം, ബാബുത്തൈൻ ദ്വീപ്‌,  കൂടാതെ  സൗദിയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ബൽ ജുർഷി, ബൽ അസ്മർ, അൽബാഹ..അബഹ തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ റോഡ്‌ മാർഗ്ഗം സഞ്ചരിച്ചു..

ഓരോ യാത്രകളും അവിസ്മരണീയ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. ചില ജീവിതാവസ്ഥകൾ വിസ്മയിപ്പിക്കുന്നവയാണ്. പരിമിത വൃത്തങ്ങളിൽ ഏകാന്ത തടവുകാരെപ്പോലെ കഴിഞ്ഞു കൂടി ജീവിതത്തിന്റെ ഭാഗദേയം തേടുന്ന പ്രവാസികൾ യാത്രകളിൽ മനസ്സിനെ ആർദ്രമാക്കുന്ന കാഴ്ചകളിൽ ഒന്നാണ്.. ഗൾഫു നാടുകളിലെ സഞ്ചാരം നാട്ടിലേതിൽ നിന്നും തീർത്തും ഭിന്നമാണ്‌. കുന്നും മലകളും പുഴയും ചേർന്നു  കണ്ണുകളിൽ  കോരി ഒഴിക്കുന്ന വർണ്ണക്കാഴ്ചകളോ,  പ്രകൃതിയുടെ  മടിത്തട്ടിൽ   വിധാനിച്ച നയന സുഖം നൽകുന്ന ഹരിത ഭംഗിയോ, വശ്യ ചാരുതയാർന്ന കാനന സൗന്ദര്യമോ,  ചുരങ്ങൾ സമ്മാനിക്കുന്ന പച്ചപ്പട്ടു വിരിച്ച സമതല കാഴ്ചകളോ  മരുഭൂ യാത്രകളിൽ അന്യമാണ്. 

യാത്രയിൽ കണ്ടു മുട്ടിയ നാട്ടുകാരൻ.
പകരം തരിശു ഭൂമിയിലെ കാറ്റിന്റെ ആർപ്പു വിളികളും അലസരായി  മേയുന്ന ഒട്ടകങ്ങളും  ആട്ടിൻ പറ്റങ്ങളും അവയുടെ സഞ്ചാര പഥങ്ങളിൽ ചുറ്റിത്തിരിയുന്ന   വികാരങ്ങൾ മരവിച്ചു പോയ ഏകാകികളായ  ആട്ടിടയന്മാരെയും വല്ലപ്പോഴും കാണാം. ഇവയൊക്കെ കേവലം വാഹന യാത്രകളിലെ ഹ്രസ്വ കാഴ്ചകൾ മാത്രം. എന്നാൽ മരുഭൂമിയുടെ ഉള്ളറകളിലേക്ക് കടന്നു ചെന്നാൽ നിഗൂഡമായ അതിന്റെ മറ്റൊരു മുഖമാവും കാണുക. പാമ്പുകളും പഴുതാരകളും മെരുകുകളും മരുഭൂ കഴുതകളും മരുപ്പക്ഷികളും തുടങ്ങി ഒട്ടേറെ ജീവികളുടെ ആവാസ കേന്ദ്രങ്ങൾ കൂടിയാണ് മരുഭൂമികൾ. മരുഭൂമിയിലെ നിഗൂഡ കലവറകൾ സഞ്ചാര സാഹിത്യങ്ങൾക്കും  നോവലുകൾക്കുമൊക്കെ വിഷയമായിട്ടുണ്ട്. മുസാഫ്ഫർ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥയും ബിന്യാമിന്റെ ആട് ജീവിതവുമൊക്കെ സൗദി അറേബ്യൻ മരുഭൂമിയുടെ ഉള്ളറകളെ അനാവരണം ചെയ്യുന്നവയാണ്.


ജലമാണ് മരുഭൂമിയിലെ അമൂല്യ വസ്തു. അതുകൊണ്ട് തന്നെ കിണറുകളുടെ പേരിലാണ് മരുഭൂമിയിലെ പല സ്ഥലങ്ങളും അറിയപ്പെടുന്നത്. പണ്ട് കാലങ്ങളിൽ കിണറുകൾക്കു വേണ്ടി ഗോത്ര യുദ്ധങ്ങൾ സാധാരണമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഓരോ കിണറും പൂർവികരായ ഏതെങ്കിലും ഗോത്രത്തിന്റെയോ,  ഗോത്രത്തലവന്റെയോ  പേരുകളി ലായിരിക്കും അറിയപ്പെടുക. അവയുടെ പേരുകൾ എഴുതി വെച്ചതു  കണ്ടാൽ അത് ബോധ്യമാവും.  ആഡ്യത്വത്തിന്റെ പ്രതീകങ്ങളായിരുന്നിരിക്കാം മരുഭൂമിയിലെ കിണറുകൾ.  എന്നാൽ ഇപ്പോൾ അവിടങ്ങളിൽ കിണർ ഉണ്ട് എന്നോ ജലം ഉണ്ട് എന്നോ കരുതരുത്.എല്ലാം കാലചക്രത്തിന്റെ ഗതി പ്രവാഹങ്ങൾക്കിടയിൽ മണൽ മൂടി അപ്രത്യക്ഷമായി. ഇനി ഏതെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവിടം ഒരു കൊച്ചു ഗ്രാമം അതിനെ ചുറ്റിപ്പറ്റി രൂപപ്പെട്ടിരിക്കും  .

മരുഭൂമിയുടെ ഭാവമാറ്റങ്ങൾ പ്രവചനാതീതമാണ്. മണൽ കാറ്റാണ് മരുഭൂമിയിലെ ഏറ്റവും വലിയ ഭീഷണി. എപ്പോഴാണ് ഒരു കൊടുങ്കാറ്റ് ആഞ്ഞു വീശുകയെന്നോ ഒരു മണൽ മല ഇല്ലാതാവുകയോ രൂപപ്പെടുകയോ ചെയ്യുകയെന്നൊ മുൻ കൂട്ടി പറയാനാവില്ല. ഒരു പക്ഷെ നിന്ന നിൽപിൽ തന്നെ ഒരു മണൽ കൂന നമ്മെ വിഴുങ്ങിയേക്കാം. മറ്റൊന്ന് കാലാവസ്ഥയിലെ ആത്യന്തികതയാണ്. ശൈത്യകാലമെങ്കിൽ കൊടും ശൈത്യവും ഉഷ്ണകാലമെങ്കിൽ കൊടും ചൂടുമായിരിക്കും അവിടം. ആയതിനാൽ സഞ്ചാരികൾ ആവശ്യമായ മുന്കരുതലുകളോടെ മാത്രമേ മരുഭൂമിയെ സമീപിക്കാവൂ.

യാത്രകൾ എന്നും ഹരമാണ്. യാത്ര ചെയ്യാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. പരിമിതികൾ പിറകോട്ടു വലിക്കുമെങ്കിലും ഭൂമിയുടെ  കാണാപുറങ്ങൾ കാണാനുള്ള ത്വര എന്നും കൂടെപ്പിറപ്പാണ്. മരുഭൂമിയിലെ അത്ഭുത കുഴിയെ കുറിച്ച് കേട്ടറിഞ്ഞത് മുതൽ ഒരു യാത്രക്കുള്ള കോപ്പ് കൂട്ടുകയായിരുന്നു മനസ്സ്.. വഹബ ക്രെയിറ്റർ പലരും പറഞ്ഞും ചില സഞ്ചാരികളുടെ ബ്ലോഗ്‌ പോസ്റ്റുകൾ വായിച്ചുമാണ് മരുഭൂമിയിൽ ഇങ്ങിനെ ഒരു വിസ്മയം ഉണ്ടെന്നു അറിയുന്നത്. ഭൂമിയുടെ പൊക്കിൾ പോലെ ഒരു കുഴി.  2 കിലോമീറ്ററിൽ കൂടുതൽ ചുറ്റളവും 800 അടി താഴ്ച യുമുള്ള ഒരു അഗാധ ഗർത്തം. പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് അഗ്നി പർവ്വതം പൊട്ടി ഉണ്ടായതാണ് ഈ കുഴി എന്ന് പറയപ്പെടുന്നു. ഉൽക്ക വീണു ഉണ്ടായതാവാം എന്നും ഒരു നിഗമനം ഉണ്ട്. എന്തായാലും മനുഷ്യ നിർമ്മിതമല്ലാതെ പ്രകൃതിയുടെ ഏതോ വിക്രിയകളിൽ രൂപപ്പെട്ടതാണ് മരുഭൂമിക്കു നടുവിലെ ഈ വിസ്മയം.

സമാന ഹൃദയരായ ഞങ്ങൾ പത്തു പേർ യാത്രക്ക് തയാറായി. ബ്ലോഗർ മാരായ ബഷീർ വള്ളിക്കുന്നു, മനാഫ് മാസ്റ്റർ , വട്ടപ്പൊയിൽ, സലിം അയിക്കരപ്പടി, മുജീബ് ചെങ്ങര, സുഹൃത്തുക്കളായ സൈഫു,   ജരീർ വേങ്ങര, സുൽഫി, ശിഹാബ് എന്നിവരായിരുന്നു സംഘാംഗങ്ങൾ.   പോകേണ്ട വഴികളെ കുറിച്ച് പത്യേക ധാരണകൾ ഒന്നും ഉണ്ടായിരുന്നില്ല. ഗൂഗിളിൽ നിന്നും റോഡ്‌ മേപ്പ് പ്രിന്റെടുത്ത് റൂട്ട് അടയാളപ്പെടുത്തി. നാവിഗേറ്റർ സംവിധാനം ഉപയോഗിച്ചുമായിരുന്നു യാത്ര. ആവശ്യമായ ഭക്ഷണ സാധനങ്ങൾ എല്ലാം കരുതിവെച്ചു മൂന്നു കാറുകളിലായി ഞങ്ങൾ പത്തു പേർ പുലർച്ചെ 4.30 നു ജിദ്ദയിൽ നിന്നും പുറപ്പെട്ടു.


ഫോട്ടോഗ്രാഫർ ജരീറിന്റെ
 ക്യാമറയിൽ നിന്നും 

ജിദ്ദ- മക്ക ഹൈവേ യിലൂടെ സഞ്ചരിച്ചു ബഹറ വഴി ജുമൂമിലേക്ക്. ജുമൂം വിട്ടാൽ തീർത്തും വിജനമായ മരുഭൂമിയിലൂടെയാണ് കുറെ നേരം റോഡ്‌ പോകുന്നത്. ഏറെ ദൂരം പിന്നിട്ടു കൃത്യം 5 .50 നു റോഡരികിലെ ഒരു പള്ളിയിൽ സുബഹി നമസ്ക്കാരം..പള്ളിയിൽ ഞങ്ങൾ പത്തു പേരല്ലാതെ  മാറ്റാരും ഉണ്ടായിരുന്നില്ല. സഞ്ചാരികൾക്കായി പണിതിട്ട പള്ളിയാണ് അതെന്നു വ്യക്തം. അടുത്തൊന്നും ജനവാസമുള്ളതായി തോന്നിയില്ല. നമസ്ക്കാരം കഴിഞ്ഞു വീണ്ടും പുറപ്പെട്ടു. അപ്പോഴേക്കും മരുഭൂമിയുടെ അങ്ങേ അറ്റത്തു  സൂര്യൻ പതുക്കെ ഉറക്കമുണർന്നു കഴിഞ്ഞിരുന്നു. ഇരുട്ടിന്റെ കരിമ്പടം  കൊത്തി മാറ്റി പകൽക്കിളി ചിറകു കുടഞ്ഞു. മരുഭൂമിയുടെ കോണുകളിൽ അങ്ങിങ്ങു തട്ടിത്തിരിഞെത്തിയ പ്രഭാത സൂര്യന്റെ ആദ്യ കിരങ്ങങ്ങൾ മണൽ തരികളിൽ പെയിതിറങ്ങിയപ്പോൾ കണ്ണുകൾക്ക്‌ അവ സമ്മാനിച്ചതു സ്വർണാഭയാർന്ന മറ്റൊരു ദൃശ്യ ചാരുത.


ഹോ എന്തൊരു സഹകരണം. 
എന്തൊരു അച്ചടക്കം
ഒരു മണിക്കൂർ കൂടി സഞ്ചരിച്ചു ഞങ്ങൾ ഒരു കൊച്ചു കവലയിൽ   എത്തിച്ചേർന്നു. എല്ലാവരുടെ വയറ്റിലും പ്രഭാതഭേരി മുഴങ്ങിത്തുടങ്ങിയിരുന്നു. ആദ്യം കണ്ട തമീസ് (അഫ്ഗാനികൾ ഉണ്ടാക്കുന്ന  ഒരു തരാം റൊട്ടി) കടയിൽ കയറി റൊട്ടിയും കറിയും വാങ്ങി സൌകര്യമായ ഒരിടത്തിരുന്നു കഴിച്ചു.  തുടർ യാത്ര പകൽ വെളിച്ചത്തിലായി. ഇടക്ക് വലിയ കുന്നുകളും താഴ്‌വാരങ്ങളും. ശ്രദ്ധയോടെ വണ്ടി ഓടിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിലേക്ക് വഴുതി വീഴാവുന്ന അപകടം പതിയിരിക്കുന്ന കൊക്കകൾ. പിന്നെ മണൽ പരപ്പിലൂടെ കണ്ണെത്താ ദൂരത്തേക്കു നീണ്ടു പോകുന്ന പാത.  

മരുഭൂമിക്കു എല്ലായിടത്തും ഒരേ നിറമല്ല. ഒരേ സ്വഭാവമല്ല.   ചിലയിടങ്ങളിൽ പരന്നു കിടക്കുന്ന ഉരുളൻ കല്ലുകൾ വിതറിയിട്ട പോലെ. കള്ളിമുൾച്ചെടികൾ വളർന്നു നിൽക്കുന്ന പ്രദേശങ്ങൾ. ചിലയിടത്ത് ചുവന്ന മണ്ണ്. മറ്റു ചിലയിടങ്ങളിൽ ചരൽ കല്ലുകൾ, ചിലപ്പോൾ തെളിമയാർന്ന  മണൽ കൂനകളും വിശാലമായ മണൽ പരപ്പും. ഏറെ ദൂരം സഞ്ചരിക്കണം ഓരോ ജനവാസ കേന്ദ്രങ്ങളിലും എത്തിപ്പെടാൻ. ഓരോ ഗ്രാമം കഴിയുമ്പോഴും റോഡുകൾ നീളുന്നത്‌ മരുഭൂമിയുടെ അനന്തതയിലേക്കാണ്. 
പൊട്ടനും വട്ടനുമല്ല..സാക്ഷാൽ ബ്ലോഗർ 
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ. 
ബോർഡ്‌ കണ്ടപ്പോഴേ ഇങ്ങിനെ..
ഇനി ക്രെയിറ്റർ കാണുമ്പോ 
എങ്ങിനെ ആകുമോ എന്തോ..

ബഷീർ വള്ളിക്കുന്നിന്റെയും മനാഫ് മാഷിന്റെയും അസാധ്യ കത്തി സഹിച്ചും മരുഭൂമിയുടെ കാഴ്ചകൾ കണ്ടും ഏകദേശം 375 കിലോമീറ്റെർ പിന്നിട്ടപ്പോൾ ഞങ്ങൾ വഹബയുടെ ബോർഡ്‌ കണ്ടു.  വഴി ചോദിക്കാൻ  ആരുമില്ല.  നാവിഗേറ്റർ ഉപയോഗിച്ച് വേണം റൂട്ട് കണ്ടു പിടിക്കാൻ. ബോർഡ്‌ ചൂണ്ടിക്കാണിച്ച ജംഗ്ഷനിൽ നിന്നും  ക്രെയിറ്റർലേക്ക്  ഇനി  കേവലം 6 കിലോമീറ്റെർ മാത്രം ദൂരം. എല്ലാവരും ഉത്സാഹഭരിതരായി.

ക്രെയിറ്റർ ഫോട്ടോ ഗൂഗിളിൽ  കണ്ടപ്പോൾ എല്ലാവരെയും പോലെ എനിക്കും തോന്നിയിരുന്നു,  താഴേക്കു ഇറങ്ങുക എളുപ്പമാണെന്ന്. എന്നാൽ അടുത്തെത്തയപ്പോൾ ആ ധാരണ മാറി..പിന്നത്തെ പ്രതീക്ഷ നേരെ എതിർ വശത്ത്‌ കാണുന്ന ചെരിവുകൾ ആയിരുന്നു. അവിടെ എത്താൻ കിലോമീറ്റെറുകൾ തന്നെ നടക്കണം. ക്രെയിറ്ററിന് വക്കിലൂടെ കയറ്റവും ഇറക്കവും ഉരുളൻ പാറക്കല്ലുകളും ചെറിയ ഗർത്തങ്ങളുമുള്ള മലമ്പാതയിലൂടെ വേണം നടക്കാൻ. എങ്കിലും പിന്മാറാൻ ഞങ്ങൾ തയാറായിരുന്നില്ല. അങ്ങിനെ മറുഭാഗത്തേക്കുള്ള നടത്തം തുടങ്ങി. പക്ഷെ അടുക്കുംതോറും ഓരോ ഭാഗത്തും കുത്തനെ ഉള്ള അഗാധ ഗർത്തമാണ് ഞങ്ങളെ എതിരേറ്റതു 

ഒടുവിൽ ഞങ്ങൾ ശ്രമം ഉപേക്ഷിച്ചു മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ആ വാർത്ത മൊബൈലുകളിൽ നിന്നും മൊബൈലുകളിലേക്ക് അശാന്തമായ മരുക്കാറ്റു പോലെ പറന്നു നടന്നത്. കൂട്ടത്തിൽ ഒരാൾ മിസ്സിങ്ങ് ആണ്. അതാരാണ്. ശിഹാബിനെ കാണാനില്ല. ആദ്യം ഞങ്ങൾ കാര്യമാക്കിയില്ല. എന്നാൽ സമയം പോകുംതോറും എല്ലാവരുടെ മനസ്സിലും ആധി പടരാൻ തുടങ്ങി. ഞങ്ങൾ കടന്നു വന്ന ഭാഗത്ത്‌ എവിടെയും കുഴിയിലേക്ക് ഇറങ്ങാനുള്ള വഴിയില്ല. പിന്നെ അവൻ എവിടെ. ഓരോരുത്തരുടെയും നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ അവനവനിൽ തന്നെ കുരുങ്ങി നിന്നു. അതിനിടയിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ശിഹാബ് ക്രെയിറ്ററിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു.

നോക്കി നിൽക്കെ  അവൻ വീണ്ടും ഞങ്ങളുടെ കാഴ്ചപ്പുറത്തു നിന്നും മറഞ്ഞു. പിന്നെയും ആശങ്കകളുടെ രണ്ടു മണിക്കൂർ. ഒടുവിൽ വിടാതെ പുന്തുടർന്ന ജരീറിന്റെ കൈ പിടിച്ചു ശിഹാബ് മുകളിലെത്തി..ആശ്വാസത്തിന്റെ സമാധാനത്തിന്റെ ഒരു ഇളം കാറ്റ് എങ്ങു നിന്നോ ഞങ്ങളെ തഴുകി കടന്നു പോയി.  ഒരു  പേമാരിയുടെ മേഘത്തെ കാറ്റു കൊണ്ട് പോയ പോലെ.

ഞാനിപ്പോൾ ഓർക്കുന്നത് വിഖ്യാത നോവലായ ആൽകെമിസ്റ്റിലെ സാന്റിയാഗോ എന്ന ഇടയ ബാലന്റെ കഥയാണ്‌..അവൻ അന്വേഷിക്കുന്ന നിധി ഉണ്ടായിരുന്നത്   അവൻ യാത്ര ആരംഭിച്ച ഇടത്ത് തന്നെയായിരിന്നു. അതു പോലെ ഞങ്ങൾ ആദ്യം ക്രെയിറ്റർനടുത്ത് വണ്ടി നിർത്തി ഇടതു ഭാഗത്തേക്ക് പോയിരുന്നു. ഏകദേശം ഒരു കിലോമീറ്റെർ പോയി തിരിച്ചു വണ്ടിയുടെ അടുത്തേക്ക്‌ തന്നെ പോന്നു. പിന്നെ  വലതു   ഭാഗത്തൂടെ കുഴിയുടെ മറുഭാഗത്തെക്ക് നീങ്ങുകയായിരുന്നു. എന്നാൽ വാസ്തവത്തിൽ ആദ്യം പോയി മടങ്ങിയ ഇടതു ഭാഗത്ത് തന്നെയായിരുന്നു ഇത്തിരി ദുർഘടം  പിടിച്ചതെങ്കിലും  ക്രെയിറ്റർലേക്ക് ഇറങ്ങാനുള്ള ഒരേ ഒരു വഴി. ആൽകെമിസ്റ്റ് പറയുന്നത് പോലെ,  ലക്ഷ്യം എത്ര അടുത്താണെങ്കിലും അവിടേക്ക് എത്തിച്ചേരാൻ  ദൈവം മുൻകൂട്ടി നിശ്ചയിച്ചു വെച്ച എല്ലാ കടമ്പകളും കടന്നെ  മതിയാവൂ 

ഞങ്ങളെപ്പോലെ ഒരു പകലിന്റെ ക്ഷീണം സൂര്യനെയും തളർത്തിയിരിക്കണം. മരുഭൂമിയുടെ അങ്ങേ കോണിലെങ്ങോ അവൻ നിശബ്ദമായി തല ചായ്ച്ചു. ഞങ്ങളും മടങ്ങുകയാണ്. മറ്റൊരു യാത്രാനുഭവത്തിന്റെ ധന്യമായ ഓർമ്മകളുമായി. ഏറെ നേരം ആശങ്കകളുടെ മുൾ മുനയിൽ പെട്ടു പോയെങ്കിലും ഒടുവിൽ സന്തോഷകരമായ പര്യവസാനം..യാത്രകൾ അവസാനിക്കുന്നില്ല. എങ്കിലും എന്നുമെന്നും മനസ്സിലെ ഓർമ്മ ത്താളുകളിൽ ഈ യാത്ര അവശേഷിക്കും. തെല്ലൊരു അമ്പരപ്പോടെ. അതിലേറെ സന്തോഷത്തോടെ...

ബാക്കി  ചിത്രങ്ങളിലൂടെ..

ക്രെയിറ്റർലേക്കുള്ള റോഡ് ഇവിടെ അവസാനിക്കുന്നു..

ദേ ആ കാണുന്നതാണ് ക്രെയിറ്റർ- ആദ്യമായി ക്രെയിറ്റർ കണ്ടെത്തിയ 4 പേർ 
കുഴിയിലിറങ്ങിയാൽ ആദ്യത്തെ ഗോൾ ഞാൻ അടിക്കും മോനേ സുൽഫീ...

ഇത്രേ ഉള്ളൂ സംഭവം??. ഇതൊക്കെ എത്ര നിസ്സാരം. വേണേൽ ഞാൻ നിങ്ങളെ ഈ കൈകളിലെടുത്തു കുഴിയിൽ ഇറങ്ങാം. 
ധൈര്യവാന്മാരായ  ബ്ലോഗർമാർ കുജ്ജിലേക്ക്..

പോയതിനേക്കാൾ സ്പീഡിൽ തിരിച്ചു വരുന്നു..സംഭവം എന്താണെന്നല്ലേ..അടുത്ത ഫോട്ടോ നോക്കൂ..
ഇതാണ് ബ്ലോഗേർസ് തിരിഞ്ഞോടിയ സംഭവം.. ക്രെയിറ്ററിന്റെ ഏതു ഭാഗത്ത് ചെന്ന് നോക്കിയാലും ഇങ്ങിനെ  എഡ്ജ് കാണാം. അതിലൂടെ നൂർന്നിറങ്ങി താഴെ എത്തുക അത്ര എളുപ്പമല്ല, അത് അതിസാഹസികവുമാണ്‌..ക്രെയിറ്ററിന്റെ മരുഭാഗത്തേക്ക് 
ഒന്ന് വേഗം നടക്കൂ..അപ്പുറത്ത് എത്തിക്കിട്ടിയാൽ അങ്ങ് ചാടാവുന്നതെ ഉള്ളൂ..

പ്രതീക്ഷയോടെ മറുഭാഗത്ത്  എത്തിയപ്പോൾ അവിടം ഇങ്ങിനെ..


താഴെ  ശിഹാബ്..ജരീറിന്റെ ക്യാമറയിൽ..


ശിഹാബ് മുകളിലേക്ക് 

ക്രെയിറ്റർനുള്ളിൽ നിന്നും ശിഹാബ് പകർത്തിയ ചിത്രം 


കഥാന്ത്യം. ഉച്ചയിലെ ഭക്ഷണം വൈകീട്ടു കഴിച്ചു മടക്കം..


സൈഫുവിന്റെ ക്യാമറയിൽ നിന്നും


-----------------------------------------------------------------------------------------------------
(ചിത്രങ്ങൾ പകർത്തിയത് ഫോട്ടോ സൈഫു & ജരീർ..)
ഈ യാത്രയുടെ കൂടുതൽ വിശേഷങ്ങൾ വള്ളിക്കുന്ന് ബ്ലോഗിലും വായിക്കാം..


--------------------ശുഭം----------------------------------------
49 comments:

 1. എന്നിട്ടും പൂർവികരായ സാഹസിക സഞ്ചാരികളുടെ പാതകൾ പിന്തുടർന്ന് ഇപ്പോഴും മനുഷ്യർ ദൂരങ്ങൾ താണ്ടുന്നു. ഒരു പക്ഷെ സ്വന്തം ആവാസ വ്യവസ്ഥകളിൽ നിന്നും പ്രതികൂലമായ ഭൂതലങ്ങളിലേക്ക് സ്വമേധയാ സഞ്ചരിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാവാം. അടങ്ങാത്ത ജിജ്ഞാസയും അറിയാനുള്ള ആകാംക്ഷയും അന്വേഷണ കുതുകികളായ മനുഷ്യരെ സാഹസങ്ങൾക്ക്‌ സജ്ജരാക്കുന്നു..

  ReplyDelete
 2. വള്ളിക്കുന്നിന്റെ ബ്ലോഗില്‍ ഈ യാത്രയുടെ വിവരണം കണ്ടിരുന്നെങ്കിലും ഞാന്‍ വായിച്ചില്ല. അക്ബര്‍ ഭായിയുടെ പോസ്റ്റിന് കാത്തിരിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെട്ടു. ഇനി വള്ളിക്കുന്ന് എഴുതിയത് വായിക്കട്ടെ

  ReplyDelete
 3. വഹബ വായിക്കാ൯ വന്നവർക്ക് മരുഭൂമി മുഴുക്കെ വായിച്ചു സന്തോഷത്തേടെ മടങ്ങാം.
  വള്ളിക്കുന്നിലെ പോസ്റ്റ് വായിച്ചവരെ പോലും മുഷിപ്പില്ലാതെ സഹയാത്രികനായി കൊണ്ടു പോവുന്ന ഭാഷയും ഫോട്ടോകളും കുറിക്ക് കൊള്ളുന്ന അടിക്കുറിപ്പുകളും ഇതിനെ മികച്ച ഒരു സഞ്ചാര സാഹിത്യമാക്കിയിരിക്കുന്നു...

  ReplyDelete
 4. വഹബ വായിക്കാ൯ വന്നവർക്ക് മരുഭൂമി മുഴുക്കെ വായിച്ചു സന്തോഷത്തേടെ മടങ്ങാം.
  വള്ളിക്കുന്നിലെ പോസ്റ്റ് വായിച്ചവരെ പോലും മുഷിപ്പില്ലാതെ സഹയാത്രികനായി കൊണ്ടു പോവുന്ന ഭാഷയും ഫോട്ടോകളും കുറിക്ക് കൊള്ളുന്ന അടിക്കുറിപ്പുകളും ഇതിനെ മികച്ച ഒരു സഞ്ചാര സാഹിത്യമാക്കിയിരിക്കുന്നു...

  ReplyDelete
 5. വള്ളിക്കുന്നിന്റെ ബ്ലോഗില്‍ നിന്നും ഈ യാത്രാവിവരണം ഒരു ഉല്‍ക്കണ്ഠയോടെ വായിച്ചിരുന്നു. എന്നാല്‍ അക്ബറിന്റെ ചില വിവരണങ്ങളിലൂടെ അതൊരു വിനോദയാത്ര പോലെ ആസ്വദിക്കാന്‍ കഴിഞ്ഞു. മരുഭൂമിയെക്കുറിച്ചും അവിടെയുള്ള ജീവിതത്തെക്കുറിച്ചുമുള്ള ചില സൂക്ഷ്മമായ നിഗമനങ്ങള്‍ ഏറെ ആകര്‍ഷിച്ചു. ചിത്രങ്ങള്‍ക്ക് കൊടുത്ത അടിക്കുറിപ്പുകള്‍ രസകരമായ്‌. തീര്‍ച്ചയായും അതുകൊണ്ടെല്ലാം തന്നെയാണ് ഈ യാത്രാക്കുറിപ്പ് വിനോദവും വിജ്ഞാനവും പകരുന്ന ഒരു ലേഖനമായത്. അവസാനം കുറിച്ച ആ വരികള്‍ എടുത്തെഴുതട്ടെ.. ആൽകെമിസ്റ്റ് പറയുന്നത് പോലെ ലക്ഷ്യം എത്ര അടുത്താണെങ്കിലും അവിടേക്ക് ദൈവം നിശ്ചയിച്ചു വെച്ച എല്ലാ കടമ്പകളും കടന്നെ മതിയാവൂ ..
  ആശംസകളോടെ...

  ReplyDelete
 6. വള്ളിക്കുന്നില്‍ വായിച്ചു അത്ഭുതപ്പെട്ടിരുന്നു.. ഇതും കൂടി വായിച്ചപ്പോ അസൂയയും .. മ്മക്കൊക്കെ എന്നാണാവോ ഇതൊക്കെ..

  നല്ല വിവരണം ഭായ്.. സൂപ്പര്‍.. :)

  ReplyDelete
 7. ജീവിതത്തില്‍ മനുഷ്യന്‍ നേരിടുന്ന പ്രയാസങ്ങള്‍ പോലെയാണ് മരുഭൂമിയും. പറന്നു കിടക്കുന്ന മണല്‍ പരപ്പുകള്‍. ഇടയ്ക്കു വഴി തടസ്സപെടുത്തി വലിയ പാറക്കൂട്ടങ്ങളും മലകളും .തടസ്സങ്ങളുടെ വലിപ്പമനുസരിച്ച് വഴിയുടെ നീളം കൂടും. ജീവിത ത്തിലെ ആദ്യത്തെ മരുഭൂ യാത്ര എന്ന് പറയാം. നന്നായി എഴുതി അക്ബര്‍ ബായ്‌ ..

  ReplyDelete
 8. നന്നായി എഴുതി അക്ബര്‍.. മരുഭൂ യാത്രകളുടെ പൊതുവായ സ്വഭാവങ്ങളെക്കുറിച്ച് താങ്കളുടെ സ്വതസിദ്ധമായ ശൈലിയില്‍ കൂടുതല്‍ എഴുതിയത് നന്നായി. നമ്മുടെ യാത്രയുടെ മനോഹരമായ ഈ വിവരണത്തിന് നന്ദി.. യാത്രകള്‍ അവസാനിക്കുന്നില്ല.

  ReplyDelete
 9. അതീവ ഹൃദ്യമായ വിവരണം. ചിത്രങ്ങളും മിഴിവാര്‍ന്നത്. എല്ലാവരേയും ഒഴിവാക്കി ശിഹാബ് അതിനുള്ളിലേക്കിറങ്ങിയത് തികഞ്ഞ വിഡ്ഡിത്തരവും അങ്ങേയറ്റം അപകടകരവുമായിതോന്നി. എന്തായാലും ആപത്തൊന്നും കൂടാതെ മടങ്ങിയെത്തിയല്ലോ. ഇനിയും നിരവധി യാത്രകളുടെ സുഖാനുഭൂതി അനുഭവിക്കാനും അനുഭവിക്കാനും ഇടയാക്കുവിന്‍ എന്നാശംസിച്ചുകൊണ്ട്...

  ReplyDelete
 10. എന്തുകൊണ്ടാവും മരുഭൂമി നമ്മെ ഇങ്ങിനെ വിളിച്ചു കൊണ്ടിരിക്കുന്നത് . മുമ്പേ പോയവരുടെ കാലടികൾ നോക്കി , പലരും പലപ്പോഴും പുസ്തകങ്ങളിൽ കുത്തിക്കുറിച്ചിട്ട അക്ഷരങ്ങളിലൂടെ , അല്ലെങ്കിൽ അതിൽ നിന്നും ആവേശം കേറി മരുഭൂമി വീണ്ടും വീണ്ടും വിളിക്കുന്നു . ഒരു യാത്ര കഴിയുമ്പോൾ വീണ്ടും മറ്റൊരു യാത്രക്ക് ആവേശം ജനിപ്പിക്കുന്നു . മരുഭൂമി വിസ്മയം തന്നെ .

  അക്ബർ ഭായ് ..
  ചാലിയാറിൽ വായിക്കുന്ന രണ്ടാമത്തെ യാത്രാകുറിപ്പാണ് ഇത് . ആദ്യത്തേതും മരുയാത്ര തന്നെ . പക്ഷേ മരുഭൂമിയിൽ നമ്മൾ കാണുന്ന വിത്യസ്ഥത എഴുത്തിലും ഉണ്ട് . അതിമനോഹരമായാണ് ഇത് എഴുതിയിരിക്കുന്നത് . കേവലം യാത്രാ വിവരണത്തിനും അപ്പുറം നിൽകുന്ന ഒന്ന് . സന്തോഷമുണ്ട് ഈ വായനക്ക് .

  ഒരു പ്രശ്നം കൂടി പറയട്ടെ . ചിത്രങ്ങൾ കുറഞ്ഞാൽ പരാതി പറയുന്നവർ ഉണ്ടാവും . എന്നാൽ ഞാൻ അത് കൂടിയത് കൊണ്ടുള്ള പരാതിയാണ് പറയുന്നത് . എഴുത്ത് കഴിഞ്ഞ ശേഷം കൂടുതൽ ചിത്രങ്ങൾ ഇട്ടാൽ മതിയായിരുന്നു .

  ReplyDelete
  Replies
  1. നന്ദി പ്രിയ മൻസൂർ. ഫോട്ടോകൾ താങ്കൾ പറഞ്ഞപോലെ താഴോട്ടു മാറ്റിയിട്ടുണ്ട്..

   Delete
 11. കേമായിട്ടുണ്ട് ഈ മരുഭൂമിക്കുഴി... വായിച്ച് ആഹ്ലാദിച്ചു... രാജസ്ഥാനിലേയും കച്ചിലേയും മരുഭൂമി മാത്രേ ഞാന്‍ കണ്ടിട്ടുള്ളൂ.. ഈ അനുഭവം വളരെ ഇഷ്ടമായി... ഇനിയും യാത്രാക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു..

  ReplyDelete
 12. ഹൃദ്യമായ വിവരണം.
  യാത്രകൾ അവസാനിക്കുന്നില്ല, ചാലിയാർ ഇനിയുമൊഴുകട്ടെ..

  ReplyDelete
 13. തമാശകളും, കാര്യമായതും എല്ലാം ബന്ധിപ്പിച്ചു എഴുതിയ വിവരണം. യാത്രാ വിവരണം താലപ്ര്യമില്ലാത്തവരെ കൂടി വായിപ്പിക്കുന്നു എഴുത്ത്. അഭിനന്ദനങ്ങൾ അക്ബർക്ക
  കുഴിയിലേക്ക് ഇറങ്ങിയ ശിഹാബിനെ സമ്മതിച്ചു.

  ReplyDelete
 14. othiri naalukal koodiyaanu blogukalilekk vannanthu.... kalakki mashe... athi manoharam.. thaankalkku SK Pottakkadu puraskaram kittaan ida undaakatte...

  ReplyDelete
 15. ഒന്നിനൊന്ന് മെച്ചം.. വള്ളിക്കുന്നിന്റെ ബ്ലോഗ് ശ്വാസമടക്കിപ്പിടിച്ച് വായിച്ചനുഭവിച്ചപ്പോൾ ഇത് ആസ്വാദ്യകരമായി അനുഭവപ്പെട്ടു..

  യാത്രകൾ അവസാനിക്കുന്നില്ല... ചാലിയാർ പുഴ ഒഴുക്ക് തുടരട്ടെ !!

  ReplyDelete
 16. എന്നിട്ടും പൂർവികരായ സാഹസിക സഞ്ചാരികളുടെ പാതകൾ പിന്തുടർന്ന് ഇപ്പോഴും മനുഷ്യർ ദൂരങ്ങൾ താണ്ടുന്നു. ഒരു പക്ഷെ സ്വന്തം ആവാസ വ്യവസ്ഥകളിൽ നിന്നും പ്രതികൂലമായ ഭൂതലങ്ങളിലേക്ക് സ്വമേധയാ സഞ്ചരിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാവാം. അടങ്ങാത്ത ജിജ്ഞാസയും അറിയാനുള്ള ആകാംക്ഷയും അന്വേഷണ കുതുകികളായ മനുഷ്യരെ സാഹസങ്ങൾക്ക്‌ സജ്ജരാക്കുന്നു.മനോഹരമായ യാത്രാ വിവരണം...നല്ല ചിത്രങ്ങൾ...ഇനിയും തുടരുക...എല്ലാ ആശംസകളും

  ReplyDelete
 17. അക്കരപ്പച്ച തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് അവസാനമില്ല... അടങ്ങാത്ത ജിഞ്ജാസ തന്നെ കാരണം....
  ചിത്രങ്ങൾ നന്നായിരിക്കുന്നു.
  ആശംസകൾ...

  ReplyDelete
 18. ഗംഭീരം ...!!
  അക്ബര്‍ഇക്കാ..
  വള്ളിക്കുന്നിന്‍റെ വിവരണവും കണ്ടിരുന്നു...
  അഭിനന്ദങ്ങളുടെ പെരുമഴ തന്നെ നേരുന്നു..

  ReplyDelete
 19. Men may may come and men may go
  But I go on forever...

  ReplyDelete
 20. മരുഭൂമിയിലെ യാത്രകളിൽ കാണുന്നത് ചാലിയാറിന്റെ മറ്റൊരു കൈവഴിയാണ് - വഹബ ക്രയിറ്ററിലേക്കുള്ള യാത്രയിലായാലും, ബദുഗ്രാമത്തിലേക്കുള്ള യാത്രയിലായാലും വായിച്ചെടുക്കാനാവുന്നത് മരുഭൂമിയുടേയും, അതിന്റെ ഗോത്രസംസ്കൃതിയുടേയും സ്പന്ദനതാളങ്ങളാണ്. സാധാരണയായി ജീവിതചിത്രങ്ങളെ ഒരു ചെറുചിരിയോടെയോ, ഉള്ളിൽ ഉയരുന്ന വിതുമ്പലോടെയോ നോക്കിക്കാണുന്ന ചാലിയാർ രീതിയിൽനിന്ന് ഒരു അന്വേഷണത്തിന്റെ തലത്തിലേക്ക് മരുഭൂമിയാത്രകളുടെ കൈവഴികൾ മാറി സഞ്ചരിക്കുന്നുണ്ട്.....

  മരുഭൂമിയിൽ ഉൽക്കാപതനത്തിലൂടെ രൂപംകൊണ്ട വലിയ ഗർത്തങ്ങൾ ഉണ്ട് എന്ന് മുമ്പോവിടെയോ വായിച്ചിട്ടുണ്ട് എന്നല്ലാതെ വഹബ ക്രയിറ്ററിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. പുതിയ അറിവു തന്നതിനും, യാത്രയുടെ വിശേഷങ്ങൾ കാട്ടി കൊതിപ്പിച്ചതിനും നന്ദി, ആദ്യഭാഗത്ത് മരുഭൂമിയുടെ ഭൂമിശാസ്ത്രവും, സംസ്കാരവും പ്രതിപാദിച്ചതും, അവസാനഭാഗത്ത് ആൽക്കെമിസ്റ്റിലെ സന്ദേശത്തോട് തുലനം ചെയ്തതും കൂടുതൽ ഇഷ്ടമായി......

  ReplyDelete
 21. ഹൃദ്യമായ വിവരണം
  അതുപോലെത്തന്നെ ഫോട്ടോകളും വളരെ മനോഹരമായി.
  ജീവന്‍ പണയംവെച്ചുകൊണ്ടുള്ള പണ്ടത്തെ മരുഭൂമി യാത്രകള്‍ ഓര്‍മ്മവരികയാണ്.........
  ജീവിക്കാനും,കുടുംബം പുലര്‍ത്താനും വേണ്ടി ജോലിസംബന്ധമായ പറിച്ചുനടീലുകള്‍...... ഇന്നുള്ള അത്യാധുനിക സൌകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം....
  ആശംസകള്‍

  ReplyDelete
 22. വള്ളിക്കുന്നില്‍ വായിച്ചിരുന്നു..എന്നാലും നിങ്ങളുടെ യാത്ര ഒരു രസികന്‍ തന്നെ അല്ലെ..ഭായീ...

  ReplyDelete
 23. നല്ല വിവരണം, ഫോട്ടോകൾ അതിമനോഹരം,,,

  ReplyDelete
 24. അടുത്ത ശ്രമം ചൊവ്വയിലേക്ക് ആയാലോ !!??

  ReplyDelete
 25. റിയാദിലെ അല്‍ ഖര്‍ജിലുള്ള ഉയൂനുല്‍ സീഹ് കണ്ടിട്ടുണ്ട്. വഹബ ക്രെയിറ്റര്‍ കാണാന്‍ സാധിച്ചിട്ടില്ല.. എന്തായാലും ആ സങ്കടം ഈ യാത്ര കുറിപ്പ് വായിച്ച് തീര്‍ത്തു... മനോഹരമായിരിക്കുന്നു എഴുത്തും ചിത്രങ്ങളും..

  ReplyDelete
 26. വള്ളിക്കുന്നിന്റെ ബ്ലോഗ്ഗിലും ഈ യാത്ര ഹൃദ്യമായി പങ്കിട്ടിരുന്നു.
  നിറയെ ചിത്രങ്ങളുടെ അകമ്പടിയോടെ അക്ബര്‍ കുറിച്ച ഈ വിവരണം കണ്ണിനും വലിയ വിരുന്നു നല്‍കി.
  പതിവ് പോലെ എഴുത്തിലെ ലാളിത്യവും മികവുമെല്ലാം ഈ വിവരണത്തിലും പ്രകടം. ഇനിയും ഒരുപാട് യാത്രകള്‍ ഉണ്ടാവട്ടെ. അറിയാത്ത ഭൂമിക്കീറുകളിലെ അത്ഭുതങ്ങള്‍ ആവാഹിച്ചു പകരുന്ന എഴുത്തുകളുമായി ഇനിയും ചാലിയാര്‍ ഒഴുകട്ടെ. തടയണകളില്ലാതെ ...!!

  ReplyDelete
 27. കുറെക്കാലാമായെങ്കിലും മരുഭൂമിക്കുഴി പോയിട്ട് ഒരു സാദ കുഴി പോലും ഞാന്‍ കണ്ടിട്ടില്ല. ഇതുപോലെ കണ്ടവര്‍ പറഞ്ഞു തരുമ്പോള്‍ എല്ലാം സുന്ദരമായി കാണുന്നു. യാത്രയിലെ വിവരണങ്ങളും അതിനെ കൂടുതല്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും മൂലം നല്ലൊരു വായനക്കാഴ്ച.

  ReplyDelete
 28. കാണാത്ത മരുഭൂമി കുഴികളിൽ ഏവരേയും എത്തിച്ച്
  അവിടത്തെ സകല കുണ്ടാമണ്ടിയും കാണിച്ചു തന്നതിൽ
  പെരുത്ത് സന്തോഷം കേട്ടൊ ... വല്ലാത്ത ക്രെയിറ്റർ തന്നെയിത് .ഗ്രേയ്റ്റർ ഭായ്

  ReplyDelete
 29. ചിത്രങ്ങളും,വിവരണങ്ങളും വളരെ മനോഹരം..സത്യം പറഞ്ഞാൽ കൂടെ സഞ്ചരിച്ച അനുഭൂതി.

  ReplyDelete
 30. മനോഹരമായ വിവരണം.
  യാത്രാവിവരണത്തിന് ആമുഖമായി മരുഭൂമിയെ വിവരിച്ചപ്പോഴൊക്കെ മനസ്സില്‍ ആള്‍ക്കമിസ്റ്റ് എന്നാ പുസ്തകം തന്നെയായീരുന്നു.
  ആ ആദ്യഭാഗം തന്നെയാണ് ഏറെ ഇഷ്ടമായതും.
  ശൂന്യമായ ക്യാന്‍വാസില്‍ ചിത്രം രചിക്കുംപോലെ, ശൂന്യതയില്‍ ഒളിഞ്ഞിരിക്കുന്ന സൌന്ദര്യം കാണുവാനും ഒന്നുമില്ലാത്തതില്‍ നിന്ന് അത്ഭുതങ്ങള്‍ കണ്ടെടുക്കുവാനുമുള്ള ത്വരയാണ് യാത്രകളുടെ ഇന്ധനം.
  ഒരേസമയം കാനന സൌന്ദര്യവും മരുഭൂമിയുടെ നിഗൂഡതയും ആസ്വദിക്കാന്‍ കഴിയുന്ന മനുഷ്യന്‍ ഭഗ്യവാന്‍ തന്നെയല്ലേ!

  ReplyDelete
 31. ഈ ക്രെയിറ്റർ ഒരു സംഭവം തന്നെ.അല്ലെ?
  മരുഭൂമി ഇപ്പോഴും ഓർമിപ്പിക്കുന്നത്‌ ആടുജീവിതത്തെ..
  സാഹസികരായ ബ്ലോഗ്ഗർമാർക്ക്‌ അഭിനന്ദനങ്ങൾ.

  ReplyDelete
 32. വിവരണവും ചിത്രങ്ങളും നന്നായി മാഷേ...

  ആല്‍കെമിസ്റ്റും ആടു ജീവിതവും മരുഭൂമിക്കഥയും എല്ലാമോര്‍ത്തു :)

  ReplyDelete
 33. സാഹസികമായ യാത്ര ഒരുപാട് ഇഷ്ടമാ,ഉടയ തമ്പുരാന്‍ അതറിഞ്ഞു കൊണ്ടാവും, ഈ കൊച്ചു ദീപില്‍ തളച്ചിട്ടത് , ഭാഗ്യം ചെയ്തവര്‍ ,യാത്ര വിവരണം വളരെ ഇഷ്ടമായി,

  ReplyDelete
 34. മരുഭൂമിയുടെ ഉള്ളറകളെ കുറിച്ച് വായിക്കുമ്പോൾ എപ്പോഴും ഭീതിയാണ് ... അനന്തതയുടെ പേടിപ്പെടുത്തുന്ന അവസ്ഥ .... യാത്രകുറിപ്പ് ഇഷ്ടായി ആശംസകൾ

  ReplyDelete
 35. ക്രെയിറ്റര്‍ എന്ന് കേട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ വായിച്ചത് ഇപ്പോഴാ...അതിലെന്താ വെള്ളം പോലെ കാണുന്നത്?മരുഭൂമി ഇത്ര ഭീതിജനകമാണ്‍ എന്നറിഞ്ഞില്ല,

  ReplyDelete
 36. വള്ളിക്കുന്നിന്റെ വിവരണം വായിച്ചിരുന്നത് കൊണ്ട് അത്ര ആകാംക്ഷ തോന്നിയിരുന്നില്ല. എങ്കിലും തമ്മില്‍ തമ്മില്‍ വിട്ട് പറായാതെ പോയവ ഉണ്ടോ എന്ന് ചിക്കിചികഞ്ഞാണ് പോയത്. അടിക്കുറിപ്പുകള്‍ രസകരമായിത്തോന്നി.

  ReplyDelete
 37. വള്ളിക്കുന്നിന്റെ വിവരണം വായിച്ചിരുന്നു. ഇതുകൂടെ വായിച്ചപ്പോള്‍ അവിടെ പോകാന്‍ തോന്നി. ഇത്തിരി റിസ്ക്‌ എടുത്തായാലും അവിടെ ഒന്നിറങ്ങാനും.

  ReplyDelete
 38. സൌദിയിലെ എല്ലാ സ്ഥലവും കാണാൻ സൌകര്യമുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്നെങ്കിലും, ഇങ്ങനെ ഒരു യാത്രാ കുറിപ്പ് എഴുതരുത് എന്ന ദൈവ നിശ്ചയം കാരണമാവാം എനിക്ക് മാത്രം കമ്പനിയിൽ അതിനു ചാൻസില്ല. {എങ്കിലും മറക്കാൻ കഴിയാത്ത ഒരു യാത്രയായിരുന്നു തബർജൽ (സക്കാക്ക) അതൊരു വല്ലാത്ത കഥ തന്നെയാ} അത് കൊണ്ട് ഇതൊക്കെ വായിച്ചും കണ്ടും അസൂയ മൂത്തങ്ങനെ......

  ReplyDelete
 39. യാത്രകള്‍ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആലെന്നാ നിലക്ക് കഴിയുന്നത്ര യാത്രകളും യാത്രാ വിവരണങ്ങളും വായിക്കാനും കാണാനും ശ്രമിക്കാറുണ്ട്.

  താങ്കളുടെ ഈ യാത്രാ വിവരണം വളരെ ഇഷ്ട്ടപ്പെട്ടു . ഈ സ്ഥലത്തെ കുറിച്ച് മുന്‍പ് വായിച്ചിട്ടുണ്ട് ആദ്യമായിട്ടാണ് ഇത്രയും നല്ല രീതിയില്‍ കാഴ്ച്ചകളെല്ലാം കാണാന്‍ സാധിച്ചത്. അതിനു താങ്കളോടും താങ്കളുടെ സഹായാത്രികരോടും ഒരായിരം നന്ദി.

  ഇത് പോലുള യാത്രകളില്‍ പങ്കെടുക്കാന്‍ എനിക്കും താല്‍പര്യമുണ്ട് ബുദ്ധിമുട്ടില്ലാ എങ്കില്‍ ഇനിയുള്ള യാത്രകളില്‍ പങ്കെടുക്കുവാന്‍ എനിക്കും അവസരം തരുമോ..?

  എന്‍റെ മൊബൈല്‍ നമ്പര്‍ താങ്കളുടെ ഫൈസ്ബുക് മെസ്സഞ്ചറില്‍ അയച്ചു തരാം.... :)

  ReplyDelete
 40. അവസാനം വരെ വളരെ ആകാംഷയോടെ വായിച്ചു. നല്ല വായനാസുഖമുണ്ടായിരുന്നു.
  വായിച്ച കുറേ ദിവസങ്ങളില്‍ ആ ശിഹാബ് തന്നെയായിരുന്നു മനസ്സില്‍. അവിടെ ഫോണ്‍ ചെയ്യാന്‍ കഴിയാതെയോ മറ്റും വന്നാലോ? മറ്റുള്ളോരൊക്കെ കാണാനില്ലാതെ മടങ്ങിയാലോ എന്നൊക്കെ ചുമ്മാ സങ്കല്പ്പിച്ച് നോക്കി..

  ReplyDelete
 41. ആവിര്‍ഭാവത്തെ സംബന്ധിച്ച് ദുരൂഹതകള്‍ ചൂഴുന്ന മണലാരണ്യത്തിലെ അഗാധ ഗര്‍ത്തത്തിന്റെ നിഗൂഡസൌന്ദര്യമാസ്വദിക്കാന്‍ പോയവര്‍ക്ക് അസൂയകലര്‍ന്ന അഭിവാദ്യങ്ങള്‍.
  ഹൃദയഹാരിയായ വിവരണത്തിന്‌ അകം നിറഞ്ഞ സന്തോഷവും അറിയിക്കുന്നു.

  ReplyDelete
 42. HUM..PHOTO VAZHI NJAN ETHI..
  INTERSTING:)

  ReplyDelete
 43. ഈ വായന നല്ലൊരു അനുഭവമായി
  നന്ദി

  ReplyDelete
 44. ക്രെട്ടറിനുള്ളില്‍ ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ എന്‍റെ പോസ്റ്റില്‍ കാണാം

  ReplyDelete
 45. വളരെ ഇഷ്ടമായി

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..