Monday, March 17, 2014

വാരാന്ത്യപ്പക്ഷി

വാരാന്ത്യങ്ങളിൽ 
എനിക്കൊരു പക്ഷിയാവണം 
ദീർഘദൂരം പറക്കുന്ന
ഒരു പക്ഷി..

കടൽ കടന്നു 
തോടും പുഴയും 
വയലേലകളും 
പച്ചക്കുന്നുകളും 
ഗ്രാമങ്ങളും താണ്ടി 
വീട്ടു മുറ്റത്തെ
തൈമാവിൻ കൊമ്പിലെ
താഴ്‌ന്ന ചില്ലയിൽ
പറന്നിറങ്ങണം 


അവിടെ ഇരുന്നാൽ...
വീടുണരുന്നത് കാണാം
സുപ്രഭാതം നേരാം
മുറ്റത്തു മണ്ണപ്പം ചുടുന്ന
കുഞ്ഞുമോളോടു ചൂളം വിളിക്കാം
സായന്തനത്തിൽ
ചെടി നനക്കാനെത്തുന്ന
നല്ല പാതിയുടെ പരിഭവം കേൾക്കാം
പിന്നെയുമുണ്ട് കാഴ്ച്ചകൾ...പക്ഷെ..

സന്ധ്യക്ക്‌ മുമ്പ്
തിരിച്ചു പറന്നേ പറ്റൂ..
ഒരു രാക്കടൽ താണ്ടണം
മനുഷ്യ ജന്മം വീണ്ടെടുക്കണം
പ്രവാസിയാവണം





.................................<>................................

16 comments:

  1. ഓരോ പ്രവാസിയും ആഗ്രഹിച്ചു പോകും ഈ വിധം ഒരു പക്ഷിയായിരുന്നെങ്കില്‍ എന്ന്.

    ReplyDelete
  2. സന്ധ്യക്ക്‌ മുമ്പ്
    തിരിച്ചു പറന്നേ പറ്റൂ..
    ഒരു രാക്കടൽ താണ്ടണം
    മനുഷ്യ ജന്മം വീണ്ടെടുക്കണം
    പ്രവാസിയാവണം വീണ്ടും പ്രയാസങ്ങളേറണം...

    ReplyDelete
  3. എന്തെല്ലാം നേടിയാലും പ്രവാസം ,പ്രവാസം തന്നെയാണ്
    പ്രവാസിയുടെ സ്വപ്നങ്ങൾ എപ്പോഴും കടലുകൾ താണ്ടി -
    ജന്മനാടിന്റെ ഹൃദയതാളത്തോടൊപ്പം ലയിച്ചുചേരുന്നു...

    ചാലിയാറിലൂടെ ആദ്യമായാണ് ഒരു കവിതയുടെ നൗക ഒഴുകുന്നത്
    അത് ഓരോ പ്രവാസിയുടേയും മനസ്സാണെന്ന് തിരിച്ചറിയുന്നു

    ReplyDelete
  4. ഒരു ചിറക് പിടിപ്പിച്ചിട്ടുതന്നെ കാര്യം.
    ഇത്തരം സ്വപ്‌നങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ എന്തായേനെ എന്നാ ചിന്തിക്കുന്നത്.

    കവിത നന്നായിരിക്കുന്നു.

    ReplyDelete
  5. ചിറകില്ലാതെ പറക്കുന്ന പക്ഷികളും ഉണ്ടല്ലോ!!!

    ReplyDelete
  6. സുപ്രഭാതഭംഗിയും, ത്രിസന്ധ്യാശോഭയും പ്രവാസജീവിതത്തിൽ ആസ്വാദ്യകരമല്ലെന്നു തോന്നുന്നു അല്ലേ?

    നാടിന്റെ മണമുള്ള നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  7. മനസ്സിനൊപ്പം സഞ്ചരിക്കുന്ന ഒരു പക്ഷിയാവാന്‍ കഴിഞ്ഞാല്‍.......-------////... എല്ലാം സ്വപ്നം മാത്രം നല്ല കവിത.

    ReplyDelete
  8. മോഹങ്ങള്‍ക്ക് ചിറകുമുളച്ചിരുന്നുവെങ്കില്‍.......
    ഓരോരുത്തരുടെയും മനസ്സില്‍ പൊട്ടിവിടരുന്ന മോഹങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു...
    ആശംസകള്‍

    ReplyDelete
  9. ദിവാസ്വപ്നങ്ങളില്‍ ജീവിക്കുന്ന ഒരു ശരാശരി പ്രവാസിയുടെ ഗൃഹാതുരമനസ്സ് ഈ വരികളില്‍ സ്പന്ദിക്കുന്നു. മനുഷ്യന് ജീവിക്കണമെങ്കില്‍ പ്രതിസന്ധികളുടെ കടല്‍ താണ്ടിയേ മതിയാകൂ എന്ന പൊതുസത്യവും ഓര്‍മ്മപ്പെടുത്തുന്നു. അസ്സലായിരിക്കുന്നു.

    ReplyDelete
  10. കവിത നന്നായിരിക്കുന്നു...

    ReplyDelete
  11. ഏതോ അസ്വസ്ഥമായ പക്ഷിയുടെ അശാന്തമായ ചിറകടിയൊച്ചകള്‍ ....

    ReplyDelete
  12. നല്ല കവിത. അപ്പൊ കവിതയും എഴുതും ല്ലെ?...അങ്ങിനെ ചാലിയാറില്‍ നിന്നും ഒരു വിഷു പക്ഷി പറന്നുയരട്ടെ..വിഷു ആശംസകള്‍.....

    ReplyDelete
  13. വിഷുപക്ഷി ഏതോ കൂട്ടില്‍ വിഷാദാര്‍ദ്രമെന്തോ പാടി .............നല്ല കവിത.

    ReplyDelete
  14. സന്ധ്യക്ക്‌ മുമ്പ്
    തിരിച്ചു പറന്നേ പറ്റൂ.. ആ അനിവാര്യതയാണ് ഭീകരം. വേദനിപ്പിക്കുന്നത്. നല്ല വരികള്‍ക്ക് നന്ദി.

    ReplyDelete
  15. സുപ്രഭാതം നേരാം
    മുറ്റത്തു മണ്ണപ്പം ചുടുന്ന
    കുഞ്ഞുമോളോടു ചൂളം വിളിക്കാം
    സായന്തനത്തിൽ
    ചെടി നനക്കാനെത്തുന്ന
    നല്ല പാതിയുടെ പരിഭവം കേൾക്കാം
    പിന്നെയുമുണ്ട് കാഴ്ച്ചകൾ... (y)

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..