ഞാൻ നാലാം ക്ലാസിലെത്തുമ്പോൾ ക്ലാസിലെ ഏറ്റവും മുതിർന്ന കുട്ടിയായിരുന്നു സൈനബ. എനിക്കും രണ്ടു കൊല്ലം മുമ്പേ നാലാം ക്ലാസിലെത്തിയവൾ. അവളെ വീണ്ടും തോല്പിച്ചതിനു അവളുടെ ഉമ്മ ഹെഡ് മാഷോട് കുറേ വഴക്കിട്ടു. ഇനി മകളെ സ്കൂളിലേക്ക് അയക്കില്ലെന്ന് കട്ടായം പറഞ്ഞു അവർ പോയത് ഞാനോർക്കുന്നു.
സൈന പിന്നെയും സ്കൂളിൽ വന്നു. പലപ്പോഴും അവൾ എത്തുമ്പോൾ പിള്ളമാഷിന്റെ മലയാളം ക്ലാസ് പകുതിയായിട്ടുണ്ടാകും. എത്ര വൈകി വന്നാലും "സൈനത്താത്ത വന്നല്ലോ..കേറി കുത്തിരിക്കീ, സൈനമ്മായി ഇന്ന് നേരത്തെ പോന്നല്ലോ" എന്നോ മറ്റോ പറയുകയല്ലാതെ പിള്ള മാഷ് അവളെ വഴക്ക് പറയാറുണ്ടായിരുന്നില്ല.
ഞങ്ങൾ ആണ്‍കുട്ടികളുടെ കൂടെ കക്കു കളിക്കാനും മാവിന് എറിയാനും, വേണ്ടിവന്നാൽ മാവിൽ കയറാനുമൊക്കെ ധൈര്യമുണ്ടായിരുന്നു അവൾക്കു.
പുസ്തകത്തിനു പുറമേ ഒരു തൂക്കു പാത്രം കയ്യിൽ കാണും. അതിൽ പുളിങ്ങാ കുരു, കണ്ണി മാങ്ങ, നെല്ലിക്ക, കശുവണ്ടി ചുട്ടത് അങ്ങിനെ എന്തെങ്കിലും കരുതിയിട്ടുണ്ടാകും. എപ്പോഴും വല്ലതും ചവച്ചു കൊണ്ടിരിക്കും. ഉച്ച ഭക്ഷണത്തിനു വീട്ടിൽ പോവാറില്ല. രണ്ടാം ക്ലാസിൽ പഠിക്കുന്ന അനിയത്തിയുടെ കൂടെ സ്കൂളിലിരുന്നു ഉപ്പുമാവു കഴിക്കും. വൈകീട്ട് പോകുമ്പോൾ കുറച്ചു വീട്ടിലേക്കും കൊണ്ട് പോകും. ഉപ്പുമാവിനു വേണ്ടിയാണോ അവൾ സ്കൂളിൽ വരുന്നതെന്ന് ഞങ്ങൾ ന്യായമായും സംശയിച്ചു.
നാലാം ക്ലാസ് കഴിഞ്ഞു ഞാൻ ചേറാട്ടുമേത്തൽ യു പി സ്കൂളിലേക്ക് മാറി. ജയിച്ചെങ്കിലും സൈന പഠനം നിർത്തി ഉപ്പുമാവു വെപ്പുകാരിയായി അവിടെ തന്നെ തുടരുന്നു എന്ന് അടുത്ത കൊല്ലം യു പി സ്കൂളിലെത്തിയ സുരേഷാണ് പറഞ്ഞത്. എൽ പി സ്കൂളിലേക്ക് പിന്നെ പോകേണ്ടി വന്നിട്ടില്ലാത്തതിനാൽ സൈനയെ പിന്നെ ഞാൻ കണ്ടില്ല.
പത്താം തരാം ജയിച്ചു നഗരത്തിലെ ആര്ട്സ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന് പഠിക്കുന്ന കാലം . പഞ്ചായത്ത് നിരത്ത് വഴി ടാർ റോഡിലെത്താൻ ഏറെ സമയം വേണം. എന്നൽ പുഞ്ചപ്പാടം കടന്നു കൈത്തോട് താണ്ടി ചാക്കീരിക്കുന്നിന്റെ താഴ്വാരത്തുള്ള ഇടവഴിയിൽ എത്താം. ഇടവഴി അവസാനിക്കുന്നത് ബസ് സ്റ്റോപ്പിൽ. അതിനാൽ മഴയില്ലാത്ത ദിവസങ്ങളിൽ ഞാൻ അത് വഴിയാണ് കോളേജിൽ പോകാറു. ആ യാത്രകളിലാണ് സൈന വീണ്ടും മുമ്പിൽ വരുന്നതു. പാടത്തോ കമുകിൻ തോട്ടത്തിലോ ഒക്കെ കുറെ ആടുകളോടൊപ്പം അവളെ കാണാമായിരുന്നു.
കാലം സൈനയിൽ വരുത്തിയ മാറ്റം എന്നെ അത്ഭുതപ്പെടുത്തി. നാലാം ക്ലാസിലെ മെലിഞ്ഞു നീണ്ട പാവാടക്കാരി യിൽ നിന്നും അഴകും ആരോഗ്യവുമുള്ള ഒരു ഒത്ത പെണ്ണായി അവൾ മാറിയിരുന്നു.
"സൈനയെ കണ്ടിട്ട് എനിക്ക് പെട്ടെന്ന് മനസ്സിലായില്ലാട്ടോ. ആളാകെ മാറിയല്ലോ" ?
"ഒരു മാറ്റോല്ല. കാലം കുറെ ആയില്ലേ കണ്ടിട്ട്. അതോണ്ട് തോന്നാവും.
"നീ എന്തെ പഠനം നിർത്തിയെ ?". വിഷയം മാറ്റാനായി ഞാൻ വെറുതെ ചോദിച്ചു.
"ഓ... പഠിച്ചു ഉദ്യോഗം വാങ്ങി പെര പുലർത്തേണ്ട ഗതികേടൊന്നും നമ്മക്കില്യോ.."
ഇടവഴിയിൽ നിന്നും അല്പം ഉയരത്തിൽ കുമ്മായവും കരിയും തേച്ച ഓല മേഞ്ഞ ചെറിയ വീടിന്റെ ഉമ്മറമുറ്റത്തോട് ചേർന്നുള്ള ആട്ടിൻ കൂട്ടിലേക്ക് പ്ലാവിലക്കൊമ്പ് വെട്ടിയിട്ടു കൊടുക്കുമ്പോൾ അവൾ പറഞ്ഞു.
ഉമ്മറത്തിട്ട സ്റ്റൂളിലിരുന്നു അവളുടെ ഉമ്മ തന്ന ചായ കുടിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചു. ഇല്ലായ്മയുടെ ഒരുപാടു അടയാളങ്ങൾ ആർക്കും കാണാനാവും വിധം മുഴച്ചു നിന്നിരുന്നു ആ വീടിനുള്ളിലും പുറത്തും . കോലായിന്റെ ഒരു മൂലയിലിരുന്നു മുറം മടിയിൽ വെച്ചു ബീഡി തെറുത്തു കൊണ്ടിരുന്ന സൈനയുടെ ബാപ്പ പ്രതാപത്തിന്റെ പഴമ്പുരാണങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ യാത്ര പറഞ്ഞു പോന്നു. മേഘ പാളികൾ ഉരുണ്ടു കൂടിയ ആകാശം അപ്പോൾ പെയിതു തുടങ്ങിയിരുന്നു..
കവലയിലേക്കുള്ള നിരത്ത് ടാർ ചെയ്തു ബസ്സ് വരാൻ തുടങ്ങിയതോടെ ആ വഴിയുള്ള യാത്ര നിന്നു. പുഞ്ചാപ്പാടമൊക്കെ അവിടിവിടെ മണ്ണിട്ട് നിരത്തി പുതിയ വീടുകളും കവലയിൽ ചില പുതിയ പെട്ടിക്കടകളുമൊക്കെ വന്നു. നാടിന്റെ ഈ അഭിവൃദ്ധിക്കായി ഞങ്ങളിൽ കുറെ ചെറുപ്പക്കാർ പുറം നാടുകളിൽ പോയി അദ്ധ്വാനിച്ചു കൊണ്ടിരുന്നു. പുഞ്ചപ്പാടത്തെ മോടിയുള്ള വീടുകളൊക്കെ അങ്ങിനെ ഉണ്ടായതാണ്. കെട്ടിടപ്പണികളും മണൽ വാരലുമൊക്കെയായി നാട്ടിലുള്ളവരും പലപല പണികളിൽ മുഴുകി.
ഒരവധിക്കാലത്ത് എഫ് എം റേഡിയോയിലൂടെ പഴയ സിനിമാപാട്ട് കേട്ടു കൊണ്ട് കുടുമ്പൻ മൂസയുടെ ബാർബർ പീടികയിലെ തിരിയുന്ന കസേരയിലിരിക്കുകയായിരുന്നു ഞാൻ. മുടി വെട്ടുന്നതിനിടെ മൂസയുടെ സംസാരത്തിൽ നിന്നാണ് ഞാൻ വീണ്ടും സൈനയെ കുറിച്ചു കേൾക്കുന്നത്. അവൻ മൈസൂര്കാരുടെ വിചിത്ര ചടങ്ങുകളെ കുറിച്ചു പറഞ്ഞു ചിരിച്ചു.
അവർ ചെക്കന്റെയും പെണ്ണിന്റെയും തോൾ തമ്മിൽ ചേർത്തു നോക്കുമത്രേ. പെണ്ണിന്റെ തോൾ ചെക്കന്റെ തോളിനൊപ്പമായാൽ നല്ല ലക്ഷണമായി. പിന്നെ കൂടുതൽ ഒന്നും ആലോചിക്കേണ്ടതില്ല. വേഗം കല്യാണം ഉറപ്പിക്കും. സൈനക്കും അങ്ങിനെ ചെക്കനുമായി നല്ല ചേർച്ച ഉണ്ടായിരുന്നത്രേ. അവർ തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയൊക്കെയുള്ള കൂട്ടരാ. മൂസ പിന്നെയും എന്തൊക്കെയോ കേട്ടു കേൾവികൾ പറഞ്ഞു സ്വയം ചിരിച്ചു കൊണ്ടിരുന്നു. പക്ഷെ ഞാൻ അതൊന്നും കേട്ടില്ല.
പുഴയ്ക്കു പാലം വന്നതോടെ നാടിനു പിന്നെയും വലിയ മാറ്റങ്ങളുണ്ടായി. അപ്പോഴേക്കും ധാരാളം വാഹനങ്ങൾ ഓടുന്ന തിരക്കുള്ള റോഡായി മാറിയിരുന്നു ഞങ്ങളുടെ ഗ്രാമം. പുതിയ കടകളും ക്ലിനിക്കും മരുന്നു ഷോപ്പും സഹകരണ ബേങ്കും മൊബൈൽ കടകളുമൊക്കെ പുതുതായി വന്നു കഴിഞ്ഞിരുന്നു. അതിനിടയിൽ ഞാൻ പല തവണ അവധിയിൽ നാട്ടിൽ വന്നു പോയിക്കൊണ്ടിരുന്നു.
അങ്ങിനെ ഒരു ഇടവേളയിലാണ് സൈന അപ്രതീക്ഷിതമായി വീണ്ടും മുമ്പിൽ വന്നതു. ഇത്തവണ അവൾ ഒറ്റക്കല്ല. കൂടെ അവളുടെ നാലു കുട്ടികളും ഉണ്ടായിരുന്നു. "എന്നെ മനസ്സിലായോ" എന്നു അവൾ ചോദിച്ചില്ലായിരുന്നെങ്കിൽ ഞാനവളെ തിരിച്ചറിയില്ലായിരുന്നു. കാലം അവളുടെ മേൽ പിന്നെയും മാറ്റങ്ങൾ വരുത്തിയിരുന്നു.
സുഖല്ലേ സൈനൂ. എന്നിൽ നിന്നും വേണ്ടാത്ത ഒരു ചോദ്യം വന്നു പോയി.
"ഹും സുഖാണ്. എല്ലാം കൊണ്ടും സുഖം". പരിഹാസത്തിന്റെയോ നിരാശയുടെയോ നീറ്റലുണ്ടായിരുന്നു ആ വാക്കുകൾക്കു.
കർണാടകയിലെ ഏതോ ഉൽഗ്രാമത്തിലെ രണ്ടു മുറി വീട്ടിൽ സൈക്കിൾ മെക്കാനിക്കിന്റെ രണ്ടാം ഭാര്യയായ അവൾ തന്റെ ജീവിതാർഭാടങ്ങൾ വിവരിക്കുമ്പോൾ മെലിഞ്ഞു വിളർത്ത അവളുടെ വറ്റിയ കണ്ണുകളിൽ ദൈന്യതയുടെ ഒരു കടൽ ഇരമ്പുന്നത് ഞാൻ വ്യക്തമായി കണ്ടു. പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു അതിന്റെ ആഴപ്പരപ്പ് .
ഇളയ അനിയത്തിയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു അങ്ങ് വിദൂരതയിലുള്ള തന്റെ വിധിയിലേക്ക് മടങ്ങാൻ ബസ്സു കാത്തു നിൽക്കുകയായിരുന്നു അവളപ്പോൾ. പെടുന്നനെ ഒരു ബസ്സ് ഇരമ്പി വന്നു ഞങ്ങള്ക്ക് മുമ്പിൽ നിന്നു. അതിന്റെ ബോർഡിൽ എഴുതിയിരുന്നു. മൈസൂര്. സൈനയെയും കൊണ്ട് ആ ബസ്സ് അകന്നകന്നു പോയി. പിന്നെ അതിന്റെ ഇരമ്പൽ നേർത്തു നേർത്തു ഇല്ലാതായി.
____________________ ശുഭം ______________________
ഒരു ഗ്രാമം എടുത്ത് വെച്ചിട്ടുണ്ട് കഥയിൽ . അതോടോപ്പും ഗ്രാമത്തിൽ വരുന്ന മാറ്റങ്ങളും . അതുകൊണ്ട് കഥ പറയുന്ന പാശ്ചാതലം ഒരു സിനിമയിൽ എന്നപോലെ മനസ്സിൽ നിൽക്കും .
ReplyDeleteസൈനബയുടെ വളർച്ചയും തളർച്ചയും കഥയിലെ നോവുന്ന ഒന്നാണ് . മൈസൂർ കല്യാണങ്ങളുടെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ പേറുന്ന സൈനബ ഒരു കഥാപാത്രമല്ല , ജീവിക്കുന്ന സത്യമാണ് .
ലളിതമായ ആവിഷ്കാരം കഥയെ മിഴിവുറ്റതാക്കുന്നു .
അഭിനന്ദനങ്ങൾ അക്ബർ ഭായ്
ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി മൻസൂർ . ഒരു നാടിന്റെ മാറ്റങ്ങളെ കൂടി പറയാതെ ഈ കഥ പൂർത്തിയാവില്ല എന്ന് തോന്നി
Deleteമൈസൂര്‍ കല്യാണങ്ങള്‍ അല്ലെ. കുറെ മലയാളി പെണ്‍ജന്മങ്ങള്‍ ഉരുകിത്തീരുന്ന ഗ്രാമങ്ങളും നഗരങ്ങളും കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും പലയിടത്തുമുണ്ട്. ഉദ്യോഗത്തിന് പോയി കുടുംബം പുലര്‍ത്തേണ്ട ഗതികേടൊന്നും ഞങ്ങള്‍ക്കില്ല എന്ന് ഗതികേടുകൊണ്ട് പറഞ്ഞ ഒരു തമാശയേ ആകാന്‍ തരമുള്ളൂ. ആശംസകള്‍
ReplyDeleteഅതൊരു തമാശ തന്നെ. ഗതികേടിന്റെ കൈപ്പു പടർന്ന തമാശ
Deleteഈയിടെ മൈസൂറിലെ ബലിയാടുകളെക്കുറിച്ച് ഒരു പ്രോഗ്രാം കണ്ടിരുന്നു. ഇത് പോലെ എത്രയോ സൈനബമാര്‍ വിവാഹം എന്ന കയറില്‍ കുരുങ്ങുന്നു. ദാരിദ്ര്യവും, വിദ്യാഭ്യാസത്തിന്റെ കുറവുമാണ് ഇവരെ ഇവിടെ എത്തിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയാണ് കഴുത്ത് നീട്ടിക്കൊടുക്കുന്നത്. പക്ഷെ ജീവിത യാതാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിവരുമ്പോഴേക്കും അഞ്ചാറ് വയറ് കഴിയാനുള്ള വഴി കണ്ടെത്തേണ്ട ചുമതല കൂടി ഇവര്‍ സ്വയം വഹിക്കേണ്ടി വരും. മൈസൂര്‍ വിവാഹത്തിന്റെ ഇത് പോലുള്ള ഒരു മുഖമാണ് അക്ബറിക്ക വരച്ച് കാണിച്ചിരിക്കുന്നത്.
ReplyDeleteദാരിദ്ര്യം തന്നെ പ്രധാന കാരണം. അതിലേറെ വിവരക്കേടും. ആരാണ് ഉത്തരവാദികൾ
Deleteഊഹിക്കാവുന്നതേ ഉള്ളൂ ഗതികേടിന്റെ ശിഷ്ടകാലം
ജീവിതം കരക്കണയും എന്ന് കരുതി തല വെച്ച് കൊടുക്കുന്ന നിര്‍ധന പെണ്‍കുട്ടി കളില്‍ ഒരാള്‍ മാത്രം സൈനബ എന്ത് ചെയ്യാം ദൈനം ദിനം ഇത്തരത്തില്‍ കുറേ വാര്‍ത്തകള്‍ കേള്‍ക്കുന്നു
ReplyDeleteവാർത്തകൾ ആവർത്തിക്കാതിരിക്കട്ടെ .
Deleteവളരെ ലളിതമായും ചുരുക്കിയും എഴുതിയിരിക്കുന്നെങ്കിലും അതില്‍ ഒരു ഗ്രാമത്തിന്റെ മാറ്റവും ഒരു വ്യക്തിയുടെ ജീവിതവും മുഴുവനായും വരച്ചുകാണിച്ചിരിക്കുന്നു എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു അക്ബര്‍ഇക്കാ ആശംസകള്‍...
ReplyDeleteകഥ എഴുത്തിന്റെ ഈ ലളിതമായ രീതി മാത്രമേ എനിക്കറിയൂ. അത് ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം- ദേവന്‍
Deleteഗഹനമായ സന്ദേശം കഥയിൽ ഉൾകൊള്ളിക്കുമ്പോഴും 'ചാലിയാറിന്റെ' ഗ്രാമീണ ഭംഗിയോടെ കഥനം നടത്താനുള്ള കഴിവിനെ പ്രകീർത്തിക്കുന്നു.
ReplyDeleteപരിചയമുള്ളവരാണെങ്കിൽ സങ്കടപ്പെടുത്തുന്നതും അല്ലാത്തവരാണെങ്കിൽ ബാർബർ ഷോപ്പുകളിലെ തമാശയായും ഇത്തരം സൈനബമാർ മാറുന്നു. ഇതിന്നും തുടരുന്നു എന്നത് അതിശയിപ്പിക്കുന്നു. ഗ്രാമം പട്ടണത്തിനു വഴിമാറിയെങ്കിലും സൈനബമാർ ഇന്നും മൈസൂറിലേക്ക് പറിച്ചു നടപ്പെടുന്നു. സാമൂഹ്യാന്തരീക്ഷം ബാഹ്യാർഥത്തിൽ പോലും മാറ്റത്തിനു വിധേയമായില്ല എന്നതും സങ്കടപ്പെടുത്തുന്നു. (ഒപ്പം സമുദായവും) !!
"ഗ്രാമം പട്ടണത്തിനു വഴിമാറിയെങ്കിലും സൈനബമാർ ഇന്നും മൈസൂറിലേക്ക് പറിച്ചു നടപ്പെടുന്നു".- പുരോഗതി വില കൊടുത്ത് ഇറക്കുമതി ചെയ്യുകയും ദാരിദ്ര്യത്തിന്റെ ബാധ്യതകളെ കയറ്റി അയക്കുകയും ചെയ്യുന്ന സാമൂഹ്യക്രമം മാറേണ്ടിയിരിക്കുന്നു. ഇനിയും സൈനബമാർ ഉണ്ടായിക്കൂട
DeleteGood narration..
The emotion that can break one's heart and thoughts..
thanks Akbar...!
Thanks Sannu
Deleteപശ്ചാതല വിവരണംകൊണ്ട് നാട്ടിലെ പോയകാലത്തെ നന്നായി ഒർമ വന്നു......
ReplyDeleteഇന്നിന്റെ ഒരു സമൂഹിക പ്രശ്നം നന്നായി പറഞ്ഞു
ആശംസകൾ
നന്ദി ഷാജു
Deleteചില മൈസൂർ കല്യാണങ്ങളുടെ ദയനീയചിത്രം ഇതിലും ഭീകരമാണ് എന്നാണ് എന്റെ അറിവ്.... ഇവിടെ സൈനക്ക് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ വരാൻ പറ്റുന്നു. ജനിച്ച നാടിനോടും മാതാപിതാക്കളോടുമുള്ള ബന്ധം അൽപ്പമെങ്കിലും നിലനിർത്താൻ കഴിയുന്നു. ദാരിദ്ര്യവും,രണ്ടാം ഭാര്യയുടെ പരിമിതികളും തളർത്തുന്നുവെങ്കിലും അവളെ വിലപേശി വിൽക്കാൻ അവളുടെ പുരുഷൻ തയ്യാറായിട്ടില്ല.... ഒരു തരത്തിൽ സൈന ഭാഗ്യവതിയാണ്......
ReplyDeleteഒതുക്കമുള്ള ഭാഷയിൽ അതിഭാവുകത്വം കലരാതെ എഴുതി.....
വായനക്കും അഭിപ്രായങ്ങൾ പങ്കു വെച്ചതിനും നന്ദി.
Deleteകാണാതെ പോകുന്ന അനേകം സൈനബമാരില്‍ ഒരാള്‍ ......... ആശംസകള്‍ അക്ബര്‍ ബായി
ReplyDeleteമനോഹരമായി, ഗ്രാമ ഭംഗിയിൽ ഒരു കഥ, മൈസൂര് കല്യാനങ്ങളെ കുറിച്ച് പത്രത്തിൽ വായിച്ചിരുന്നു. സൈനബയുടെ, എഴുത്തുകാരന്റെ മാനസിക വേദന വായനക്കാരിലേക്ക് എത്തുന്നുണ്ട്. ആശംസകള്
ReplyDelete"പാഠം ഒന്ന് ഒരു വിലാപ"ത്തിലൂടെയാണ് ഞാന്‍ മൈസൂര്‍ കല്യാണങ്ങളെക്കുറിച്ച് അറിഞ്ഞത്. കഷ്ടം..ഇത്രയ്ക്കു ഭാരമാണോ പെണ്‍കുട്ടികള്‍ ...?
ReplyDeleteനല്ല പോസ്റ്റ്. നന്നായി എഴുതി
കുമ്മായവും കരിയും തേച്ച ഓല മേഞ്ഞ വീടിനുമുന്നില്‍ നിന്നും,പഠിച്ചു ഉദ്യോഗം വാങ്ങി പെര പുലർത്തേണ്ട ഗതികേടൊന്നും നമ്മക്കില്യോ..എന്ന സൈബനയുടെ പരിഹാസം സ്വര്‍ണത്തിളക്കമുള്ള ബഹുനിലമാളികകള്‍ക്ക് പുറംതിരിഞ്ഞു നിന്നുകൊണ്ടുതന്നെയാണ്.
ReplyDeleteഇപ്പോഴും ഗള്‍ഫ് വിമാനങ്ങളുടെ ഇരമ്പലിലും മുങ്ങിപ്പോകാതെ അത് നിലനില്‍ക്കുന്നുണ്ട്.
പലയിടങ്ങളിലുമുള്ള ചിരിയില്‍ അലിഞ്ഞുപോകുന്നുണ്ട്.
ഒടുവില്‍ എല്ലാം കൊണ്ടും സുഖമെന്ന ആ ദൈന്യത ഒരു മൈസൂര്‍ കല്യാണത്തിന്റെ ബാക്കിപത്രവുമല്ല.സമൂഹത്തില്‍ വേരുറച്ചുപോയ ഒരുവ്യവസ്ഥിതിയുടെത്തന്നെ ഭാഗം.
ലളിതമായ വരികള്‍ ,ഹൃദ്യമായ ശൈലി.സമൂഹമനസ്സാക്ഷിയെ വിരല്‍ചൂണ്ടുന്ന ചില സൂചനകള്‍ ..എല്ലാം കൊണ്ടും വളരെ നന്നായി.
മൈസൂർ കല്യാണങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഇതിൽ അതിന്റെ മറ്റു കാര്യങ്ങളിലേക്ക് ആഴത്തിലിറങ്ങാതെ പുറമേ കൂടി വെറുതേയങ്ങ് പറഞ്ഞ് പോയി. അത്രേ ഉള്ളൂ അല്ലേ ? എന്നാലും ആ ഗ്രാമത്തിന്റെ മാറ്റങ്ങൾ പകർത്തി വച്ചത് വായിക്കാൻ രസമുണ്ട്.
ReplyDeleteആകെ മൊത്തം തിരക്കിലൂടെ കഷ്ടപ്പെട്ട് നടക്കുന്ന മൻസൂറിക്കയുടെ കമന്റ് ആദ്യമായി തന്നെ കിട്ടിയില്ലേ ? ങ്ങൾക്ക് ഭാഗ്യം ണ്ടിക്കാ.
കഥ രസമായിട്ടുണ്ട് ട്ടോ.
'ഉദ്യോഗത്തിന് പോയി കുടുംബം പുലര്‍ത്തേണ്ട ഗതികേടൊന്നും ഞങ്ങള്‍ക്കില്ല എന്ന് ഗതികേടുകൊണ്ട് പറഞ്ഞ ഒരു തമാശയേ ആകാന്‍ തരമുള്ളൂ.'
ന്റമ്മോ ഞാനത് അങ്ങനെ തന്നെയേ(വളരെ ഗതികേട് കൊണ്ട് പറഞ്ഞ തമാശയായേ) വായിച്ചിട്ടുണ്ടായിരുന്നള്ളൂ.
അതിന് മറ്റു വല്ല അർത്ഥങ്ങളും ഉണ്ടോ ?
ആരിഫിക്കയുടെ കമന്റ് വായിച്ചപ്പോ സംശയമായി.
ആശംസകൾ.
അടുത്തിടെ ഒരു ചാനലിൽ മൈസൂർ കല്യാണത്തെ കുറിച്ച് കണ്ടിരുന്നു. അക്ബർ ഭായിടെ ഈ എഴുത്തും ആ വിശ്വലും കൂടി മനസ്സിൽ തെളിഞ്ഞപ്പോൾ സൈനബയെ നേരിട്ട് കണ്ടപോലെ. ഇതുപോലെ എത്ര സൈനബമാർ മൈസൂരിലേക്ക് വണ്ടി കയറുന്നു അല്ലെ???
ReplyDelete"...........പഞ്ചായത്ത് നിരത്ത് വഴി ടാർ റോഡിലെത്താൻ ഏറെ സമയം വേണം. എന്നൽ പുഞ്ചപ്പാടം കടന്നു കൈത്തോട് താണ്ടി ചാക്കീരിക്കുന്നിന്റെ താഴ്വാരത്തുള്ള ഇടവഴിയിൽ എത്താം. ഇടവഴി അവസാനിക്കുന്നത് ബസ് സ്റ്റോപ്പിൽ..... " ഇവിടെയൊക്കെ ഞാനും വന്നിട്ടുള്ള പോലെ അക്ബർ ..... അക്ബറിന്റെ കഥ പറച്ചിൽ വളരെയധികം ആസ്വദിയ്ക്കുന്ന ഒരാളാണ് ഞാൻ. നാടും...നാട്ടുകാരും ...വറ്റി തുടങ്ങിയ നന്മയും എല്ലാം തൂലികത്തുമ്പിലൂടെ വായനക്കാരുടെ കണ്മുന്നിൽ വരച്ചു കാണിയ്ക്കുന്ന വിരുതിന് അഭിനന്ദനങ്ങൾ. പിന്നെ സൈന .... സൈനമാർ കുറേയുണ്ട്... പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു ആ ദൈന്യത എന്ന് പറയുമ്പോൾ ഞാനും കണ്ടു ദൂരെ തന്നെ കാത്തിരിയ്ക്കുന്ന വിധിയിലേയ്ക്കെത്താൻ മൈസൂര് ബസിൽ കയറിപ്പോകുന്ന നോവിന്റെ പെണ്‍ രൂപത്തെ .... സൈനയെ ... ആശംസകൾ അക്ബർ.
ReplyDeleteശരിയാണ് പറഞ്ഞത്, മൈസൂര്‍ ഒരുപാട് സൈനബമാരുടെ വിധി തന്നെയാണ് ... ! മംഗല്യ ദുര്‍വിധി....! ഗ്രാമ വര്‍ണ്ണനയില്‍ തെളിയുന്ന വാഴക്കാടന്‍ ചിത്രവും മനോഹരം...:)
ReplyDeleteനന്നായി എഴുതി .
ReplyDeleteനന്നായി എഴുതി .
ReplyDeleteഇങ്ങനെ എത്ര എത്ര സൈനബ മാരുണ്ടാകും അല്ലെ അക്ബർ
ReplyDeleteഒരു ഗ്രാമത്തിന്റെ മാറ്റത്തോടൊപ്പം സൈനബയുടെ ജീവിത ഘട്ടങ്ങൾ അകബർ വളരെ ലളിതമായി പറഞ്ഞപ്പോൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി ....
"തന്റെ ജീവിതാർഭാടങ്ങൾ വിവരിക്കുമ്പോൾ മെലിഞ്ഞു വിളർത്ത അവളുടെ വറ്റിയ കണ്ണുകളിൽ ഒരു കടൽ ഇരമ്പുന്നത് ഞാൻ വ്യക്തമായി കണ്ടു. പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു ആ ദൈന്യത."
ഈ വരികൾ വല്ലാത്ത ഒരു നോവ് തരുന്നു ....
ലളിതസുന്ദരമായ ശൈലിയില്‍ ഒരു നാടിന്‍റെ,കടുത്ത കുടുംബപ്രാരാബ്ദ്ധങ്ങളിലും പതറാത്ത-ജീവിതത്തില്‍ ദുരിതങ്ങള്‍ നേരിടുന്ന-വരുടെ കദനകഥ മനസ്സില്‍ തട്ടുംവിധത്തില്‍
ReplyDeleteഅവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു
ആശംസകള്‍
പത്രങ്ങളില്‍ മാത്രം വായിച്ചറിഞ്ഞിട്ടുള്ള മൈസൂര്‍ക്കല്യാണങ്ങള്‍ പ്രമേയമാക്കി സിമ്പിള്‍ ആയൊരു കഥ. വളരെ ഇഷ്ടമായി.
ReplyDeleteതോളൊപ്പം നിര്‍ത്തി പൊരുത്തം നോക്കുന്നത് കഥയില്‍ മാത്രമാണോ അതോ അങ്ങനെ ഒരു ആചാരമുണ്ടോ
ഇത്തരം നിരവധി വേദനകള്‍.. സൈനബ അവളില്‍ ഒരുവള്‍ മാത്രം. എല്ലാത്തിനെയും നമ്മള്‍ ഗതികേട് എന്ന പേര് വിളിക്കും.
ReplyDeleteസ്കൂളില്‍ നിന്നും കൂടെ കൂട്ടിയ സൈനബയെ വളരെ ലളിതമായ ഭാഷയില്‍ ഒരു കൊച്ചു കഥയാക്കിയത് ഇഷ്ട്ടമായി. ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയുടെ വിവിധ ഭാവങ്ങള്‍ കഥയിലുടനീളം തെളിയുന്നുണ്ട്.
ആശംസകള്‍
മൈസൂർ കല്യാണങ്ങളെക്കുറിച്ച് വളരെ മുൻപേ തന്നെ കേട്ടിരുന്നു. ഇന്നും കേൾക്കുന്നു. ഇനിയും കേൾക്കും. അനുഭവത്തിൽ നിന്നും പാഠം പഠിക്കാത്തവരാണല്ലൊ നമ്മൾ.
ReplyDeleteഇത്രക്കും ഗതി കെട്ടവരാണോ നമ്മുടെ സഹോദരിമാർ..?
ആവശ്യത്തിനു വിദ്യാഭ്യാസം കൊടുത്തിരുന്നെങ്കിൽ എന്താണ് തനിക്ക് സംഭവിക്കാൻ പോകുന്നതെന്ന തിരിച്ചറിവെങ്കിലും ഉണ്ടായേനേ...
കഥ നന്നായിരിക്കുന്നു.
ആശംസകൾ...
നാട്ടിലെ ചെറുപ്പക്കാരുടെ "കഴിവുകേട്" , മറ്റുള്ള നാട്ടുകാര്‍ മുതലെടുക്കുന്നത് നമുക്ക് ചുറ്റും കാണാനാവും. അറബി, മൈസൂര്‍ കല്യങ്ങള്‍ മുതല്‍ നാം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്ക് വരെ !
ReplyDeleteസ്ത്രീ ഭ്രൂണ ഹത്യ നാട്ടില്‍ ഇവ്വിധം തുടര്‍ന്നാല്‍ സമീപ കാലത്തില്‍ തന്നെ സ്ത്രീധനവും ഇത്തരം വിചിത്ര വിവാഹങ്ങളും നാമാവശേഷമാവും. അപ്പോള്‍ മറ്റൊരു തരത്തില്‍ പീഡനങ്ങള്‍ തലപൊക്കും.
ഗ്രാമക്കാഴ്ചകളിലൂടെ ഒരു നോമ്പരക്കാഴ്ച !!
ReplyDeleteആത്മ ബന്ധത്തിന്റെ ചൂടും ഇല്ലായ്മയുടെ കനലും പ്രാരാബ്ധങ്ങളുടെ ചുഴിയും ജീവിതത്തിലെ ചുരവും
ReplyDeleteതുന്നിച്ചേർത്ത കഥ. സൈനബ ഒരുത്തിയല്ല. ഒരുപാടു ജന്മങ്ങളാണ്. കഥാവതരണം മികച്ചു നില്ക്കുന്നു. അവസാനം ഒന്നു കൂടി ടച്ച് ചെയ്യാൻ സ'കോപുണ്ട്
പ്രിയപ്പെട്ട അക്ബര് ഇക്ക,
ReplyDeleteമൈസൂർ വിവാഹങ്ങളുടെ ദുരന്തങ്ങൾ കേട്ടിട്ടുണ്ട് . ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ . കരിയുന്ന സ്വപ്‌നങ്ങൾ .
സൈനബയുടെ ദുഃഖങ്ങൾ വായനക്കാര് നെഞ്ചോട് ചേര്ക്കുന്നു .
സൈനബ ,വെറുതെ എന്റെ കൂട്ടുകാരി ഫാത്തിമയെ ഓര്മിപ്പിച്ചു .സ്കൂളിലെ എന്റെ കൂട്ടുകാരിയായിരുന്നു .
ഹൃദ്യമായ അവതരണം !ഹാര്ദമായ അഭിനന്ദനങ്ങൾ !
സസ്നേഹം,
അനു
അക്ബര്‍ ഇക്കാ....
ReplyDeleteകുറേ നാള്‍ കൂടി ഒരു നല്ല കഥ വായിച്ചു.
മനസ്സ് നിറഞ്ഞു....
ഇതിനു മുന്‍പ് ഒരു പ്രാവശ്യം ഇക്കാന്‍റെ ബ്ലോഗിലൂടെ ഒന്നു ഓടിച്ചു പോയിരുന്നു. പക്ഷേ, ഈ കഥ കണ്ടിരുന്നില്ല.
സൈന കുറെ നേരം മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് ഇതെഴുതുമ്പോഴും മനസ്സ് പറയുന്നുണ്ട്.
എന്‍റെ സ്നേഹാശംസകള്‍
എന്റെ ക്ലാസ്സിലും ഒരു സൈനബയുണ്ടായിരുന്നു.പക്ഷേ ഇത്ര വിഷമങ്ങള്‍ അനുഭവിക്കുന്നില്ല.
ReplyDeleteപഴയ ആ ഗ്രാമത്തിന്റെ ചിത്രം മനസ്സില്‍ നല്ല ചില ഓര്‍മ്മകള്‍ കൊണ്ടെത്തിച്ചു....നന്ദി.
ഒതുക്കത്തോടെ കഥ പറഞ്ഞു. രക്ഷകന്‍റെ വേഷമണിയുന്നൊരു തലേകെട്ടുകാരന്‍ മൂന്നാനെ മിസ്സ് ചെയ്തു :)
ReplyDeleteസൈനബത്താത്തന്റെ കഥ പെരുത്തിഷ്ടായി. ആടുകള്‍ പ്ലാവില തിന്നുന്നതുപോലെ ഇഷ്ടായി. അത്രയും സിബിളായി ഒരു ഗ്രാമത്തിന്റെ ചലനവും സൈനബയുടെ പടിപടിയായ വളര്‍ച്ച മുരടിച്ച്ചതും. കഥയില്‍ സൂചിപ്പിച്ചതിനേക്കാള്‍ ഭീകരമാണ് മൈസൂര്‍ കല്യാണങ്ങള്‍ വരുത്തിവെക്കുന്ന ദുഷ്ടത എന്ന് മനസിലാക്കുന്നു. വിവാഹം കഴിഞ്ഞതിനുശേഷം തുടരുന്ന സകലവിധ പീഡനങ്ങള്‍ക്കുമൊടുവില്‍ സംഭവിക്കുന്ന ഇല്ലാതകള്‍ പോലുള്ള സംഭവങ്ങള്‍ ....
ReplyDeleteകഥ ഇഷ്ടായി അകബര്‍
സൈനബയുടെ ദയനീയ ജീവിതം ഉള്ളില്‍ നീറ്റലുണ്ടാക്കുന്ന വിധം എഴുതി.
ReplyDeleteഅക്ബര്‍ ഭായ് ...:)
അങ്ങിനെയും മനുഷ്യ ജന്മങ്ങൾ...കഥയിൽ പറഞ്ഞ മൈസൂറ് കല്ല്യാണം ഇന്നും വാർത്തകളിലുണ്ടെന്നത് എത്ര ദുഖകരമാണ്.
ReplyDeleteമനസ്സില്‍ ആവര്‍ത്തനമായി തോന്നിയ ഒരു മൈസൂര്‍ കല്യാണ കഥ. നന്നായിരിക്കുന്നു.
ReplyDeleteഇതെല്ലാം നമുക്കറിയുന്ന കഥകൾ തന്നെ. അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ് നമ്മൾ. എത്ര സൈനബമാർ കഴിഞ്ഞു പോയി.
ReplyDeleteകഥയിൽ ഒരു ഗ്രാമവും അവിടത്തെ ജീവിതവും പിന്നെ കുറെ ഓര്മകളും ഉണ്ട്.. മനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
അവസാനം വന്നു നിന്ന ബസ്സിന്റെ ബോര്ഡ് മൈസൂര് എന്നാവണം എന്നില്ലായിരുന്നല്ലോ.. ഒരു ഗ്രാമത്തിലൂടെ മൈസൂര് വരെ പോകുന്ന ലോംഗ് ബസ്സ് സാദാ സ്റ്റോപ്പിൽ നിർത്തുമോ? അറിയില്ല.. ചിലപ്പോൾ ഉണ്ടാവാം. പണ്ടൊക്കെ കോഴിക്കോട് മഞ്ചേരി റൂട്ടിലെ ലിമിറ്റഡ് സ്റൊപ്പുകൾ നാലോ അഞ്ചോ ആയിരുന്നു.. ഇന്നിപ്പോൾ വിമാനം വരെ ഓരോ സ്ടോപിലും നിറുത്തണം. (അതല്ല ഇനി ആ വരികൾ കണ്ണ് തട്ടാതിരിക്കാൻ മനപ്പൂർവ്വം എഴുതിയതാണോ?) കഥയിലെ ഓരോ വരികളും മനസ്സില് നില്ക്കുന്നതിൽ ഇതുമാത്രം പ്രത്യേകം മുഴച്ചു നില്ക്കുന്നു.
മൈസൂര് കല്യാണങ്ങൾ സമുദായ നേതാകന്മാര്ക്ക് നേരെ ഉള്ള ഒരു ചൂണ്ടു പലകയാണ്.. അവർ എത്രമാത്രം നല്ലവരും അര്ഹരും ആണ് എന്നതിന്റെ തെലിവാണത്..
വളരെ മനോഹരമായ ഈ കഥയ്ക്ക് ഒരായിരം ആശംസകൾ
സൈനബ വളര്‍ന്നു പെണ്ണായതു പോലെ നാടും നാട്ടുകാരും പുരോഗമിച്ചു... എന്നാല്‍ തിരിച്ചറിവിന്റെ, മനസ്സാക്ഷിയുടെ ദാരിദ്ര്യം, ദാരിദ്ര്യം സൈനബയുടെ ജീവിതത്തിലുടനീളം എന്ന പോലെ അവിടെ ഇന്നും ഒരു നോവായി, ഭാരമായി ഒഴിവാക്കപ്പെടുന്ന പെണ്‍ജന്മങ്ങളായി നിലനില്‍ക്കുന്നു എന്നത് എത്ര ദുഃഖസത്യം...
ReplyDeleteനല്ല കഥ തന്നെ... ആശംസകള്‍...,.
നല്ല കഥ.., അലൂമിനിയം അല്ലേ..അലൂമിയം എന്നത് തിരുത്തമല്ലോ..
ReplyDeleteമൈസൂർ കല്യാണത്തിന്റെ ആരംഭകാലത്ത് അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ രണ്ടു സഹോദരങ്ങളെ എനിക്കറിയാം. അന്നെതന്നെ ഇതിനെതിരിൽ ഒരു അവബോധം നൽകിയിരുന്നെങ്കിൽ ഇന്നു ഇത്രമാത്രം ഇതു ചർച്ച ചെയ്യേണ്ടി വരുമായിരുന്നില്ല എന്നു അവരിന്നും പറയുന്നു. കേട്ടറിഞ്ഞ ആ വാക്കുകൾക്ക് മുന്നിൽ വായിച്ചറിഞ്ഞ വാർത്തകൾ എത്രയോ നിസാരം.
ReplyDeleteഅൿബർക്ക... അവതരണത്തിന്റെ മികവിൽ സൈനബ വലിയൊരു നൊമ്പരമാകുന്നു. :(
മൈസൂര്‍ കല്ല്യാണങ്ങളില്‍ പെട്ടു പോയ ചില സഹോദരിമാരുടെ ദയനീയ മുഖങ്ങളും വാക്കുകളും ഈ അടുത്ത കാലത്ത് ഞാന്‍ കാണുകയുണ്ടായി ഒരുപാട് സൈനബമാരുടെ കണ്ണുനീര്‍ തുള്ളികളുടെ കഥ പറയുവാന്‍ കാണും ആ നശിച്ച കല്ല്യാണത്തിനു . സിമ്പിള്‍ ആയി പറഞ്ഞ കഥ മനസ്സിനൊരു നീറുന്ന വേദന സമ്മാനിച്ചു പ്രത്യേകിച്ച് ഈ വരികള്‍ " "ഓ... പഠിച്ചു ഉദ്യോഗം വാങ്ങി പെര പുലർത്തേണ്ട ഗതികേടൊന്നും നമ്മക്കില്യോ.." ഇടവഴിയിൽ നിന്നും അല്പം ഉയരത്തിൽ കുമ്മായവും കരിയും തേച്ച ഓല മേഞ്ഞ ചെറിയ വീടിന്റെ ഉമ്മറമുറ്റത്തോട് ചേർന്നുള്ള ആട്ടിൻ കൂട്ടിലേക്ക് പ്ലാവിലക്കൊമ്പ് വെട്ടിയിട്ടു കൊടുക്കുമ്പോൾ അവൾ പറഞ്ഞു. "
ReplyDeleteഇത്തരം എഴുത്തുകള്‍ ഇന്നിന്‍റെ ആവശ്യമാണ് .
ആശംസകളോടെ
പത്തിരുപതു വര്ഷം മുമ്പുള്ള ഒരു ഏറനാടാൻ ഗ്രാമചിത്രം മനസ്സില് നിന്ന് മായാതെ ,
ReplyDeleteഗോതമ്പ് ഉപ്പുമാവു അലുമിനിയം പാത്രത്തിൽ വാങ്ങി വെച്ച് വീട്ടിലേക്കു കൊണ്ട് പോയി വിശപ്പ് മാറ്റുന്ന കുടുംബ ചിത്രം ,
തോറ്റും ജയിച്ചും തോല്പ്പിച്ചും സ്കൂളുകളിലെ ഒത്താശ കാരായി മാറുന്ന ചില മുതിര്ന്ന കുട്ടികൾ ,
ബീഡി തെരുത്തും ആട് വളര്ത്തിയും ഇല്ലായ്മ വല്ലായ്മകളെ നേരിടാൻ പഠിച്ച കുടുംബ നാഥന്മാർ,
ഇതിനിടക്ക് ഗൃഹാതുരത്വം വായനയിലും എഴുത്തിലും മാത്രം മതിയെന്ന് ശഠിക്കുന്ന നമ്മൾ അവഗണിച്ച കാരണം ജന്മനാട് വിട്ടു മൈസൂരും കുടകിലും ഒക്കെ പോയി ജീവിതം കെട്ടിപ്പടുക്കാൻ വിധിക്കപ്പെട്ട നമ്മുടെ കളി കൂട്ടുകാര്
അക്ബര്ക്കാ ..നന്ദി ഈ നല്ല വായന സമ്മാനിച്ചതിന്
മൈസൂര്‍ വിവാഹങ്ങളെപ്പറ്റി ഒന്നുമറിയാത്ത എനിക്കും കഥ വേദനയോടെ അനുഭവവേദ്യമാക്കിത്തന്ന എഴുത്ത്.
ReplyDeleteഒരു ഗ്രാമത്തിന്റെ രണ്ടു മൂന്ന് ദശാബ്ധങ്ങളിലൂടെയുള്ള മാറ്റത്തെ ചുരുങ്ങിയ വാക്കുകളില്‍ വരച്ചുകാട്ടിയതാണ് ഏറെ ഇഷ്ടമായത്.
(ചിലപ്പോള്‍ പുഞ്ചപ്പാടത്തെ നാലഞ്ച് പ്രാവശ്യം ഓര്‍മ്മിപ്പിച്ചതുകൊണ്ടാവാം. :))
ആശംസകള്‍ അകക്ബറിക്ക....
കഴിഞ്ഞു പോയ കാലവും ഗ്രാമത്തിന്‍റെ മനോഹരമായ വര്‍ണ്ണനയും എല്ലം വളരെ നന്നായി.
ReplyDeleteസൈനബയുടെ ദൈന്യം ഹൃദയസ്പര്‍ശിയായി...
നമ്മള്‍ അറബിക്കല്യാണങ്ങളും മൈസൂര്‍ക്കല്യാണങ്ങളും ഹരിയാനക്കല്യാണങ്ങളും മാലിക്കല്യാണങ്ങളും ഒക്കെ നടത്തുന്നവര്‍ ... എല്ലായിറ്റത്തേയും വഞ്ചനകള്‍ക്ക് ഒരേ നിറമാവുമ്പോഴും അവിടങ്ങളിലെ ശരിയായ ചിത്രങ്ങള്‍ ഒരിക്കലും കാണാനോ അറിയാനോ പറ്റാത്തവര്‍...
സങ്കടം വരും ചിലപ്പോള്‍....
മൈസൂര്‍ കല്യാണത്തിന്റെ യഥാര്‍ത്ഥ അവസ്ഥകള്‍ മുമ്പ് പ്രോഗ്രാമില്‍ വന്നിരുന്നു .. നല്ല ഒരു ജീവിതം കിട്ടും എന്ന് വിചാരിച്ചു നിന്ന് കൊടുക്കുന്ന സൈനബയെ പോലെ പലരും കഷ്ടപാടുകള്‍ സ്വയം അനുഭവിച്ചു , മറ്റുള്ളവരെ അറിയിക്കാതെ ജീവിക്കുന്നുണ്ട് എന്നതും സത്യമാണ് ..
ReplyDelete"കർണാടകയിലെ ഏതോ ഉൽഗ്രാമത്തിലെ രണ്ടു മുറി വീട്ടിൽ സൈക്കിൽ മെക്കാനിക്കിന്റെ രണ്ടാം ഭാര്യയായ അവൾ തന്റെ ജീവിതാർഭാടങ്ങൾ വിവരിക്കുമ്പോൾ മെലിഞ്ഞു വിളർത്ത അവളുടെ വറ്റിയ കണ്ണുകളിൽ ദൈന്യതയുടെ ഒരു കടൽ ഇരമ്പുന്നത് ഞാൻ വ്യക്തമായി കണ്ടു. പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു അതിന്റെ ആഴപ്പരപ്പ് ."
ReplyDeleteകണ്ണു നനയിച്ചു കളഞ്ഞു!
നല്ല ഒതുക്കമുണ്ട്.
ReplyDeleteമൈസൂർ കല്ല്യാണം എന്ന വാർത്തയ്ക്കപ്പുറമുള്ളതെല്ലാം മുൻപും പലരും എഴുതിയിട്ടുള്ളത് തന്നെ..
ഒതുക്കത്തോടെ മനോഹരമായി പറഞ്ഞ കഥ. അഭിനന്ദനങ്ങള്‍.
ReplyDeleteമൈസൂര്‍ കടന്നുവന്നതോടെ പിന്നെയത് കഥയല്ലാതായി. മൈസൂര്‍ കല്യാണത്തിന്റെ നൊമ്പരങ്ങള്‍ പറയാനെല്ലാവരുമുണ്ട്. അവിടേക്ക് മക്കളെ അയക്കാന്‍ നിര്‍ബന്ധിതമാകുന്ന കുടുംബങ്ങളുടെ ദുരിതം കാണാന്‍ ആരുമില്ല.
മൈസൂരിലേക്ക് കെട്ടിച്ചുവിടുന്നത് വലിയ പാതകമായി ടി.വിക്കാരും പത്രക്കാരും അവതരിപ്പിക്കുമ്പോള്‍ കാണാതെ പോകുന്ന സങ്കടക്കഥകള്‍ ഒത്തിരിയാണ്.
മൈസൂരിലേക്ക് എത്തുന്നതിനു മുന്‍പ് ആ ചുരത്തിന് മീതെ നിന്ന് താഴെ കൊക്കയിലേക്ക് ഒരു തള്ള് കൊടുത്താല്‍ അതാകും കുട്ടിക്കും രക്ഷിതാക്കള്‍ക്കും നല്ലത് എന്ന് ഒരാള് ഈ ചര്‍ച്ചകളില്‍ നിരീക്ഷണം ചെയ്തിരുന്നു. ഇത് കഥയായി അവതരിപ്പിച്ചപ്പോള്‍ കഥാകാരന്‍ വികാരങ്ങളെ കടിഞ്ഞാണിട്ട് പിടിച്ച് കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും അവസാനം അകന്ന് പോകുന്ന ബസ്സിന്റെ ഇരമ്പലിനോപ്പം അത് വായനക്കാരന്റെ ഇടനെഞ്ചിലേക്ക് പടര്‍ന്നിട്ടുമുണ്ട്.
ReplyDeleteസത്യത്തില്‍ എത്ര ഹതഭാഗായരാണീ പെണ്ണുങ്ങള്‍ .. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കുത്തൊഴുക്കില്‍ പെട്ടുപോകുന്നവര്‍ .. ഒന്നും അവര്‍ തീരുമാനിയ്ക്കുന്നില്ല. നല്ല കഥ. ഒതുക്കത്തോടെ പറഞ്ഞു. ആശംസകള്‍ ....
ReplyDeleteഇത് ഈ
ReplyDeleteസൈനബയുടെ മാത്രം കഥയല്ല..
അനേകം ഇത്തരത്തിലുള്ള
സൈനബമാരുടെ അനുഭവങ്ങളാണ്,
ഭായ് ആയതിവിടെ നന്നായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നൂ..
ചാലിയാർ പറഞ്ഞ കഥകള ആണ് ഓരോന്നും അല്ലെ?
ReplyDeleteഒരു പുഴയോഴുക്ക് പോലെ മനോഹരം ആയ കഥാ
രചന ശൈലി ഈ സൈനബയെ മറക്കാത്ത കഥാ
പാത്രം ആയി വായനക്കാരുടെ മനസ്സില് പ്രതിഷ്ടിക്കുന്നു.
ഉപ്പു മാവ് തിന്നാൻ മാത്രം ആയി സ്കൂളിൽ വരുന്ന
സൈനബമാർ എല്ലാ സ്ഥലത്തും ഉണ്ട് അല്ലെ ?
ഒരു ഗ്രാമത്തിന്റെകഥ.സൈനബമാർ ഇന്നും.......
ReplyDeleteവളരെ ഇഷ്ടമായി.
ഒരുപാട് സൈനബമാരുടെ ഓർമ്മയിൽ വായിച്ചു .
ReplyDeleteമൈസൂര്‍ കല്യാണത്തിന്റെ ദുരന്തമുഖം. ഗ്രാമം എല്ലാം നിറഞ്ഞു നില്‍ക്കും വായിക്കുമ്പോള്‍ മനസ്സില്‍. നല്ല പോസ്റ്റ് അക്ബര്‍ ഭായ്.
ReplyDeleteസൈനബയിലൂടെ ഒരു യാഥാര്‍ത്ഥ്യം . ഒരു കഥാപാത്രത്തിലൂടെ പറഞ്ഞ രീതി ഇഷ്ടമായി കേട്ടോ . റിപ്പോര്‍ട്ട് കണ്ടിരുന്നു മൈസൂര്‍ കല്യാണത്തെ കുറിച്ച് .ഇങ്ങിനെ എത്ര സൈനബമാര്‍ നമുക്ക് ചുറ്റും ചാലിയാറിലെ അക്ഷരങ്ങള്‍ ഇനിയും പിറക്കട്ടെ
ReplyDeleteസൈനയെ മുന്നിൽ കാണാനാകുന്നുന്റ്. അവളുടെ വേദന, സങ്കടം, ഒറ്റപ്പെടൽ, ഉരുകൽ എല്ലാം. പെണ്ണുങ്ങൾ ചിലപ്പോൾ അൽഭുതപ്പെടുത്തും വേദന സഹിച്ചിട്ട്, നീറി നീറി പൊള്ളീട്ട്... അറിയില്ല അതാരും.
ReplyDeleteമൈസൂര് കല്യാണങ്ങളുടെ ഇരകളായ എത്ര എത്ര സൈനബമാർ നമുക്കിടയിൽ ഉരുകി ഉരുകി തീരുന്നു.
ReplyDelete"മെലിഞ്ഞു വിളർത്ത അവളുടെ വറ്റിയ കണ്ണുകളിൽ ദൈന്യതയുടെ ഒരു കടൽ ഇരമ്പുന്നത് ഞാൻ വ്യക്തമായി കണ്ടു. പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു അതിന്റെ ആഴപ്പരപ്പ് ..."
ഈ ഒരൊറ്റ വരിയിലുണ്ട് ഒരു പെണ്‍ ജന്മത്തിന്റെ എല്ലാ ദൈന്യതകളും.
സൈനബ എന്നാ യാഥാര്‍ത്ഥ്യം
ReplyDeleteസൈനബമാർ ഒരു തുടർക്കഥയാവുന്നു... നല്ല എഴുത്തിന് ആശംസകൾ
ReplyDeleteoru kunjedu, jeevithathil ninnu
ReplyDeleteമൈസൂര്‍ കല്ല്യാണങ്ങള്‍ ഈയിടെ വല്ലാതെ മനസ്സിനെ നോവിക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുത്തകാലത്താണ് നിവൃത്തിക്കേടിന്‍റെ ആ ആഴങ്ങള്‍ അറിയാനിടയായത് എന്നതാണ് സത്യം. കഥ നന്നായി.
ReplyDeleteനമുക്ക് ചുറ്റും ജീവിതങ്ങളുണ്ട്
ReplyDeleteവായനക്കാര്‍ക്ക് പരിചിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് കഥ നെയ്തെടുക്കുമ്പോള്‍ വിശദീകരണങ്ങള്‍ ആവശ്യമില്ല.
ലളിതമായി ആ കഥ പറയണം.
എ വികാരങ്ങള്‍ വായനക്കാരന് അനുഭവിപ്പിക്കണം
ഇതാണ് അക്ബര്‍ക്ക ഈ കഥയില്‍ ചെയ്തിരിക്കുന്നത്
സൈനബയുടെ ഉള്ളുലയ്ക്കുന്ന ചില പ്രതികരണങ്ങള്‍ വായനക്കാരന്റെയും ഉള്ളില്‍ നൊമ്പരത്തിന്റെ അല സൃഷ്ടിക്കുന്നു എന്നതിലാണ് കഥാകാരന്‍ വിജയിക്കുന്നത്
കഥയിലുടനീളം ഞാനുമുണ്ടായിരുന്നു എന്ന തോന്നല്‍ എന്നിലെ വായനക്കാരനില്‍ അനുഭവിപ്പിക്കാന്‍ ഈ കഥക്ക് കഴിഞ്ഞു
മൈസൂര്‍ കല്യാണത്തില്‍ ബലിയാടായ പെണ്‍കുട്ടിയുടെ കഥയില്‍. ഒരു ഗ്രാമത്തിന് വരുന്ന മാറ്റങ്ങള്‍ വളരെ സൂക്ഷ്മമായിതന്നെ പറഞ്ഞുകൊണ്ട് ഒരു വലിയ ഫ്രെയിം വായനക്കാരന് മുന്നില്‍ തുറന്നു തരുന്നു കഥാകാരന്‍.., കൃഷിപ്പാടങ്ങള്‍ നികത്തി വീട് വെക്കുന്നത് മുതല്‍ വരമ്പുകള്‍ എന്ന ഗ്രാമീണ ഞരമ്പുകള്‍ മാറി ടാര്‍ എന്നാ പെരുമ്പാമ്പായി ഗ്രാമീണതയില്‍ വേരോടുന്നത് വരെയുള്ള സൂക്ഷ്മദ്രിശ്യങ്ങള്‍ വായനക്കാരന്‍റെ മുന്നിലെക്കിട്ടുതരുന്ന കഥാകാരന്റെ കയ്യടക്കവും ,"അങ്ങ് വിദൂരതയിലുള്ള തന്റെ വിധിയിലേക്ക് മടങ്ങാൻ ബസ്സു കാത്തു നിൽക്കുകയായിരുന്നു അവളപ്പോൾ." ഈ ഒറ്റവരിയില്‍ സൈനബയുടെ ദുരിതം മുഴുവനും വരച്ചുകാട്ടുന്ന മികവുറ്റ ക്രാഫ്റ്റും തന്നെയാണ് ഈ കൊച്ചു കഥയുടെ മുഴുവന്‍ ശക്തിയും സൗന്ദര്യവും ...! ആശംസകള്‍ അക്ബരിക്ക.
ReplyDeleteകാലവും നാടും നാട്ടാരും എല്ലാം ഒരുപാട് മാറി എന്നിട്ടും ....!!
ReplyDeleteഒരുപാട് നാളായി മാഷിന്റെ ഒരു കഥ വായിച്ചിട്ട്.
ReplyDeleteഇന്നത് സാധിച്ചൂ.
:)
>>>അവർ ചെക്കന്റെയും പെണ്ണിന്റെയും തോൾ തമ്മിൽ ചേർത്തു നോക്കുമത്രേ. പെണ്ണിന്റെ തോൾ ചെക്കന്റെ തോളിനൊപ്പമായാൽ നല്ല ലക്ഷണമായി. പിന്നെ കൂടുതൽ ഒന്നും ആലോചിക്കേണ്ടതില്ല<<<
ReplyDeleteഅങ്ങനെയും ആചാരങ്ങള്‍ ഉണ്ടോ അക്ബരിക്കാ ?
കഥ കൊള്ളാം ..സൈനബ ഒരു വേദനയായ്
തികച്ചും ലളിതമായ രീതിയിൽ അവതരിപ്പിച്ച കഥ ഇഷ്ടപ്പെട്ടു. എന്നാൽ നായികയെക്കുറിച്ച് ആലോചിച്ചു വിഷമവും തോന്നി. ആശംസകൾ.
ReplyDeleteakbar....varaan vaikiyathil vishamam und. kathayum manassil oru nomparamaayirikkunnu.
ReplyDeleteഇവിടേക്ക് എത്താന്‍ ഒത്തിരി താമസിച്ചു എന്നതാണ് വാസ്ഥവം .ആദ്യം വായിച്ച സൈനബയുടെ കഥ വായിച്ചപ്പോള്‍ തന്നെ ഇവിടെ എത്താന്‍ വൈകിയതില്‍ വിഷമം തോന്നുന്നു .ഒരു അനുഭവ കഥയായിട്ടാണ് എനിക്ക് തോന്നിയത് .ഗ്രാമം മുഴുവന്‍ മനസ്സില്‍ പതിഞ്ഞത് പോലെയുള്ള അനുഭവം .(പഞ്ചായത്ത് നിരത്ത് വഴി ടാർ റോഡിലെത്താൻ ഏറെ സമയം വേണം. എന്നൽ പുഞ്ചപ്പാടം കടന്നു കൈത്തോട് താണ്ടി ചാക്കീരിക്കുന്നിന്റെ താഴ്വാരത്തുള്ള ഇടവഴിയിൽ എത്താം. ഇടവഴി അവസാനിക്കുന്നത് ബസ് സ്റ്റോപ്പിൽ. അതിനാൽ മഴയില്ലാത്ത ദിവസങ്ങളിൽ ഞാൻ അത് വഴിയാണ് കോളേജിൽ പോകാറു. ആ യാത്രകളിലാണ് സൈന വീണ്ടും മുമ്പിൽ വരുന്നതു. പാടത്തോ കമുകിൻ തോട്ടത്തിലോ ഒക്കെ കുറെ ആടുകളോടൊപ്പം അവളെ കാണാമായിരുന്നു.)
ReplyDeleteതുടക്കം മുതല്‍ ഞാനും കമുകിന്‍ തോട്ടത്തില്‍ എത്തിയ പ്രതിനിധി വളരെയധികം മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍ സമയലഭ്യതയനുസരിച്ച് മറ്റ് രചനകളും വായിക്കാം അക്ബര്‍ ഭായി
അക്ബര് ഇക്കയുടെ ചാലിയാരിലേക്ക് വളരെ വൈകി ആണ് എത്തുന്നത്.. വായിച്ച വിഷയമാവട്ടെ എക്കാലവും നോമ്പരപ്പെടുത്തുന്നതും.. മൈസൂരിലേക്കും കൊയമ്പത്തൂരിലെക്കും ഒക്കെ ഇങ്ങനെ പറിച്ചു നടപ്പെടുന്ന പെണ് പൂവുകൾ ഉണ്ട്.. അല്ലാതെയും ചുറ്റിനും എത്രയോ സൈനു മാർ ! പെറ്റ് വീഴുമ്പോൾ മുതൽ പെണ്‍കുട്ടി മാത്രം എങ്ങനെ ആണാവോ ബാദ്ധ്യത ആവുന്നത്!
ReplyDeleteമൈസൂർ കല്യാണത്തിന്റെ ഒരു ഇരയെ നേരിൽ കണ്ടു ഇല്ലേ?
ReplyDeleteകേട്ടിട്ട് തന്നെ ആ പാവം പെണ്ണിനെ ഓർത്ത് സങ്കടം തോന്നുന്നു.അപ്പോൾ നേരിൽ കണ്ട അക്ബറിന് എത്ര ഫീൽ ചെയ്യുന്നുണ്ടാകും..
നന്നായി എഴുതി.