ഇങ്ങളെന്താ ഇങ്ങിനെ അനങ്ങാതിരിക്കുന്നതു ?. ഉമ്മറക്കോലായിൽ വന്നു ഭാര്യയുടെ ചോദ്യമാണ്.
പൊതുവെ ഞാൻ അനങ്ങാതിരിക്കുന്നതു അവൾക്കിഷ്ടമല്ല. പക്ഷെ ഇപ്പോൾ ഞാനിങ്ങിനെ അന്തം വിട്ടിരിക്കുന്നതിന്റെ കാരണം അവൾക്കറിയാം. അതാണ് ഈ ആശങ്ക..
"ഞാൻ അനങ്ങുന്നുണ്ടല്ലോ. എന്റെ കൈവിരൽ ചലിക്കുന്നത് നീ കാണുന്നില്ലേ".
ഞാനപ്പോൾ ഗൾഫിലുള്ള അനിയനു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. എത്ര വിളിച്ചിട്ടും അവിടുന്ന് അറബിയിൽ എന്തോ ചീത്ത പറയുന്നതല്ലാതെ അവൻ ഫോണ്‍ എടുക്കുന്നില്ല..
"അതേയ് ഇങ്ങള് ഇങ്ങനെ ഫോണ്‍ ഞെക്കി കുത്തിരുന്നിട്ടു കാര്യല്ല്യ. ഓൻ ഫോണ്‍ എടുക്കൂലാ. നിങ്ങടെ അല്ലെ അനിയൻ"..
ങേ..നീ ഇനിയും പോയില്ലേ..ആട്ടെ അതെന്താ അനക്കിത്ര ഉറപ്പു ?..
ഓൻ ശബ്നയോടു പറഞ്ഞിട്ടുണ്ടത്രേ "ഇക്കാക്ക ചോദിച്ചാൽ അവൻ ഗൾഫിൽ തന്നെ ഇല്ലെന്നു പറഞ്ഞേക്കാൻ"..അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി..
അപ്പൊ അതാണ് കാര്യം. അവൻ മുങ്ങി..സംഭവം അവൻ അറിഞ്ഞിരിക്കുന്നു.
ഞാൻ അടുത്ത ദിവസം ബൂത്തിൽ പോയി ശബ്ദം മാറ്റി വിളിച്ചു. ഹാവൂ അവൻ ഫോണ്‍ എടുത്തു..എന്നോടാ അവന്റെ കളി..
അസ്സലാമു അലൈകും
വ- അലൈകുമുസ്സലാം..ആരാ..?.
ഞാനാ....
ഞാനെന്നു പറഞ്ഞാൽ....?
ഞാൻ ആ സ്ഥലത്തിന്റെ ബ്രോക്കെറാ.
ഛെ - നിങ്ങളോടല്ലേ ഞാൻ പറഞ്ഞത് എന്നെ വിളിക്കണ്ടാ..എല്ലാം ഇക്കാക്കയുമായി സംസാരിച്ചാൽ മതി എന്ന്..
ഇക്കാക്കയോട് ഇങ്ങള് എല്ലാം പറഞ്ഞിട്ടുണ്ടോ ?
നിങ്ങൾ ചെന്ന് ഇക്കാക്കയെ കാണു. ഒക്കെ ഇക്കാക്ക ശരിയാക്കിത്തരും. ഇനി ഇതിനു എന്നെ വിളിക്കാൻ നിക്കണ്ടാ..
എന്റെ കണ്ട്രോൾ പോയി.. എടാ ആ ഇക്കാക്ക തന്നെയാ ഇത്..
പിന്നെ ഞാൻ കേട്ടത് അവൻ ചിരി അമർത്താനവാതെ അതൊരു ബോംബായി പൊട്ടി ചിതറുന്നതാണ്. പ്ഫൂ പ്ഫൂ പ്ഫൂ ഹൊ ഹ ഹ ഹ. ഒരു മാതിരി ബേറ്ററി വീക്കായ ജീപ്പ് സ്റ്റാർട്ടാക്കുന്ന പോലെ..
ചിരിക്കണ്ടാ..എന്നെ ഈ കാട്ടാളന്മാര്ക്ക് ഇട്ടു കൊടുത്ത് നീ ചിരിക്കുന്നോ..നീ ഒരു വഴി പറ...
------------------------------ -------------------------
ഫ്ലാഷ് ബാക്ക്..എന്റെയും അവന്റെയും പേരിൽ ഇത്തിരി സ്ഥലം ഉണ്ടായിരുന്നു. പണ്ട് വാങ്ങിയിട്ടത്..അവൻ നാട്ടിൽ വന്നപ്പോൾ അത് വിറ്റു പകുതി കാശ് വാങ്ങി വീടിന്റെ ഫിനിഷിംഗ് വർക്ക് എല്ലാം തീർത്ത് തിരിച്ചു പോന്നു..
ബാക്കി കാശ് ഞാൻ ചെന്ന് റെജിസ്റ്റർ ചെയ്തു കൊടുക്കുമ്പോ കിട്ടും..അങ്ങിനെ നല്ലൊരു തുക കയ്യിൽ കിട്ടുമല്ലോ എന്ന് പ്രതീക്ഷിച്ചാണ് ഞാൻ ലീവിൽ നാട്ടിൽ എത്തിയത്..
ഇവിടെ എത്തിയപ്പോ ആ കശ്മലന്മാർ പറഞ്ഞ സമയത്ത് റെജിസ്റ്റർ ചെയ്യുന്നില്ല..ഒരു ഗമക്ക് ഞാൻ പറഞ്ഞു. എന്താണ് ഭായീ സ്ഥലം വേണ്ടെങ്കിൽ അത് പറ. നിങ്ങളുടെ കാശ് അങ്ങോട്ട് തന്നേക്കാം എന്ന്..
അത് അവന്മാർ അപ്പടി അനുസരിച്ചു. പിറ്റേന്ന് തന്നെ അയാളുണ്ട് മുറ്റത്തു വന്നു മോങ്ങുന്നു. അവർക്ക് സ്ഥലം വേണ്ടത്രേ..കാശ് തിരിച്ചു കിട്ടിയാൽ മതി. മനുഷ്യന്മാര്ക്ക് ഇക്കാലത്ത് ഒരു തമാശ കൂടി പറയാൻ പറ്റില്ലാന്നു വെച്ചാ....
ഈ സംഗതി അറിഞ്ഞാണ് അനിയൻ മുങ്ങിയത്. ഞാനാനാണെങ്കിൽ സ്ഥലം വിറ്റ കാഷിൽ നിന്നും കുറച്ചു അളിയന്റെ ബിസിനസ്സിനു കൊടുക്കാമെന്നു പറഞ്ഞിരുന്നു..അളിയന്റെ കാർ പല തവണ മുറ്റത്തു വന്നു പോയി.
ഭാര്യ കയ്യിലുള്ള വളകളുമായി പല തവണ കോലായിൽ വന്നു പോയി..ഈ ലോകത്തെ സകല സാമ്പത്തിക പ്രശ്നങ്ങളും അവളുടെ ആ വളകൾ കൊണ്ട് പരിഹരിക്കാമെന്നാ അവളുടെ വിചാരം..
ഒടുവിൽ ഉള്ള കാശ് കച്ചോടം പൂർത്തിയാക്കാത്ത ആ മൊഷടന്മാർക്ക് കൊടുത്ത് ബാക്കി മൂന്നു മാസത്തെ അവധിയും പറഞ്ഞു ഞാൻ മെല്ലെ സ്കൂട്ടായി..നോക്കണേ പണി വരുന്ന വഴികൾ...
-------------------------------------------------------
ഇനി ഈ സ്ഥലം ആവശ്യമുള്ളവർ വിളിക്കുക.
പുഴയോരത്തു സ്ഥിതി ചെയ്യുന്ന ഈ പതിനഞ്ചു സെൻറ് തെങ്ങിൻ തോപ്പിന് ഉടമ പ്രതീക്ഷിക്കുന്ന വില xxxxxx രൂപയാണ്. വില നെഗോഷ്യബിൾ ആണ്
ഇവിടുന്നു തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് 430 കിലോ മീറ്ററും കാസർ കോട്ടേക്ക് 180 കിലോമീറ്ററും ഊട്ടിയിലേക്ക് 140 കിലോ മീറ്ററും മാത്രമാണ് ദൂരം. ആവശ്യക്കാർ ബന്ധപ്പെടേണ്ട നമ്പർ താഴെ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുന്നു..
നന്ദി, നമസ്ക്കാരം.
:)
ചാലിയാറില്‍ ഒരു പോസ്റ്റ് കണ്ടതിന്റെ സന്തോഷം ആദ്യം പറയട്ടെ. ഇനി വായന!
ReplyDeleteനന്ദി അജിത് ജി.
Deleteസെക്രട്ടറിയേറ്റിലേയ്ക്ക് 430 കിലോമീറ്റര്‍ ഉണ്ട് അല്ലേ? ശ്ശോ..400 കിലോമീറ്റര്‍ മാത്രമേ ഉള്ളുവെങ്കില്‍ ആ സ്ഥലം ഞാന്‍ വാങ്ങിയേനെ. ഇതിപ്പോ 430 കിലോമീറ്റര്‍.......!! വേറെ പറ്റിയ കസ്റ്റമര്‍ ആരെങ്കിലും ഉണ്ടോന്ന് നോക്കട്ടെ. (സ്ഥലം വില്പനയില്‍ അഡ്വാന്‍സ് കൊടുത്ത പണം ആരും തിരിച്ച് കൊടുക്കാറില്ല, ചോദിക്കാറില്ല, വാങ്ങാറുമില്ല കേട്ടോ. )
ReplyDeleteഹഹ്ഹ അപ്പോള്‍ അങ്ങിനെ ഒരു ഓപ്ഷന്‍ ഉണ്ടല്ലേ അജിത് ഏട്ടാ .. അപ്പോള്‍ പിന്നെ മുങ്ങിയതിനു പരാതി പറയാന്‍ സ്കോപ്പില്ല :)
Deleteഇപ്പോ സ്ഥലത്തിന് വിലകൂടുകയാണ്.കൊടുക്കണ്ടേ.മാഷേ .അവ്ടെ കെട്ക്കട്ടെ.കൂടികിട്ടും.
ReplyDeleteസ്ഥലകച്ചവട ബ്രോക്കര്‍മാര്‍ ഓടിയെത്തും......
ആശംസകള്‍
എന്നാൽ അവിടെ നിൽക്കട്ടെ അല്ലെ..
Deleteഇതാണ് പറയുന്നത്, ചിലതൊന്നും എത്ര തൂത്താലും പോകില്ലെന്ന്.!
ReplyDeleteശരിയാ എത്ര തൂത്താലും തിരിച്ചു വരും.
Deleteബ്ലോഗ് വഴിയും സ്ഥലക്കച്ചവടം !!!ഇങ്ങള് ആള് കൊള്ളാല്ലോ ..ഏതായാലും പതിവ് വെടിക്കെട്ട് ഒന്നും കാണാത്തതില്‍ നിരാശയുണ്ട് ..
ReplyDeleteകുറ്റം ഏറ്റെടുക്കുന്നു സിയാഫ്.
Deleteകാശു വാങ്ങി മുങ്ങിയ 'അനിയനെ' എന്തു ചെയ്യണം നമുക്ക്??
ReplyDeleteനാഴി ഇടങ്ങഴി മണ്ണ് എന്നത് "ഇടങ്ങേറായ" മണ്ണ് എന്നു പറയേണ്ട അവസ്ഥയായി അല്ലേ?? പിന്നെ.. വളകൾക്കും പറ്റും ചിലതൊക്കെ ചെയ്യാൻ... ;)
ഹ ഹ വളകൾക്കും ചെയ്യാൻ പറ്റും. എങ്കിലും അവ കൈകളിൽ തന്നെ കിടക്കട്ടെ.
Deleteഇക്കാലത്ത് അനിയന്മാർ മഹാ പാരയാണ് :)
ReplyDeleteഇതിൽ പറയുന്ന നിങ്ങളെ അനിയൻ പാര പഠിപ്പിക്കുന്ന കോളേജിലെ പ്രിൻസിപ്പാൾ ആയിരിന്നോ? . ആളെ നേരിട്ട് അറിയാത്തത് കൊണ്ട് ചോദിച്ചതാ .
എന്നാലും പാരയും പോസ്റ്റും നന്നായി
ആളെ ഞാൻ പറയില്ല..വേണേൽ തൊട്ടു കാണിച്ചു തരാം..മഹാ പാരയാ..:)
Deleteഇപ്പൊ സ്ഥലത്തിന് ഒക്കെ ഡിമാണ്ട് കുറവാ...ദുഫായിൽ ഒക്കെ മാന്ദ്യമാ...അറിഞ്ഞില്ലേ. പിന്നെ ആളോള് പണം മുഴുവൻ ഷെയർ മാർക്കറ്റിൽ അല്ലെ ഇടുന്നത് ?കച്ചോടം ഒന്നും നടക്കുന്നില്ലന്നെ... പിന്നെ ഈ ഓണം കേറാമൂലയിൽ ആരാ ഇത്രേം വിലക്ക് സ്ഥലം വാങ്ങാൻ വരുന്നത് ? സ്ഥലത്തിന് വില ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുവ...കള്ളപ്പനക്കാർ ഒക്കെ അല്ലെ പണ്ട് സ്ഥലത്തിന് വില കേട്ടികൊണ്ടിരുന്നത്.. ഇന്ന് സര്ക്കാര് അവരെ ഒക്കെ പിടിക്കുന്നതിനാൽ സ്ഥലം വില കുറഞ്ഞു കുറഞ്ഞു വരികയല്ലേ...
ReplyDeleteപിന്നെ താങ്കള്ക്ക് അത്യാവശ്യമായതുകൊണ്ട് ഞാൻ ഒരു വില പറയാം...
പോരെ ? നല്ല ഒരു ബ്രോക്കർ ആകാൻ ഇത് പോരെ.? നാട്ടിൽ ചെന്നാലും ജീവിക്കാൻ പറ്റില്ലേ ഈ നാക്കുകൊണ്ടു ?
നല്ല പോസ്സ്ടാ കേട്ടോ !
മതി , പക്ഷെ നാട്ടിലെ ബ്രോക്കെർമാരോട് പിടിച്ചു നിൽക്കാൻ ഇതൊന്നും മതിയാവില്ല..
Deleteഹി ഹി
ReplyDeleteവായിച്ചു കഴിഞ്ഞപ്പോൾ
ചേട്ടനെയാണോ അനിയനെയാണോ ഗുരുവാക്കേണ്ടത് എന്നൊരു സംശയം മാത്രം.ബാക്കി
ഹ ഹ ഹ അഷ്‌റഫ്..ഞാനൊരു നല്ല ഗുരു അല്ല.
Deleteരസകരം..
ReplyDeleteനന്ദി രൂപേഷ്..
Deleteധൃതി കാണിച്ചില്ലായിരുന്നെങ്കില്‍ ആ കാശ് കയ്യിലിരുന്നെനെ!!! (അനിയന്‍റെ കയ്യില്‍)
ReplyDeleteശരിയാ...പക്ഷെ നമ്മൾ ഈ ശാന്തി സാമാധാനത്തിന്റെ ആളായിപ്പോയി
Deleteചേട്ടനും അനിയനുകൂടി അവിടെ കുളം കുത്താതിരുന്നാല്‍ കൊള്ളാം....
ReplyDeleteഈ പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്ന ജീവിച്ചിരിക്കുന്നവരെല്ലാം കൂടി ഒരുമിച്ച് ഇത് വായിച്ചാല്‍ ഒരു തീരുമാനമായേനെ.
ഹ ഹ ഹ എല്ലാവരും ജീവിച്ചിരിക്കുന്നു..
Deleteനല്ല പച്ചപ്പുല്ലുള്ള സ്ഥലമാണോ?
ReplyDeleteഎഴുത്ത് കൊള്ളാം കേ.
നല്ല സ്ഥലം..പക്ഷെ എന്ത് ചെയ്യാം
Deleteഎഴുത്ത് കൊള്ളാം കേട്ടോ എന്നാണ് എഴുതിയത്...
ReplyDeleteനല്ല ബെസ്റ്റ് അനിയന്‍. ചാലിയാറുകാര്‍ അനിയമ്മാരെ വിശ്വസിക്കരുത്
ReplyDeleteഹ ഹ ഹ ചതിച്ചത് ആ ചെങ്ങാതിമാരാ..
Deleteആ സ്ഥലം ഇതുവരെ കൊച്ചോടായില്ലേ?
ReplyDeleteഇല്ല..റാംജി
Deleteഅടുത്ത മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ 'ഇഷ്ടം പോലെ വെള്ളം കിട്ടുന്ന സ്ഥലം' എന്നും പറഞ്ഞ് ഒരു പോസ്റ്റ് കൂടെ ഇട്. ചൂടപ്പം പോലെ വിറ്റുപോകുന്നത് കാണാം. ഞാന്‍ മൂന്നാറില്‍ മുന്തിരിത്തോട്ടം വാങ്ങിയതില്‍ ലേശം ടൈറ്റായിപ്പോയി. അല്ലെങ്കില്‍ നോക്കായിരുന്നു... ;)
ReplyDeleteമൂന്നാറിലെ സ്ഥലം അതിന്റെ ഉടമ പിടിച്ചെടുത്തില്ലേ..:)
Deleteബ്രോക്കറ് കാശ് കിട്ടാണെങ്ക്യേ ഒരു കൈ നോക്കാം ...!
ReplyDeleteഎന്തും തരാം..സ്ഥലം വിറ്റു തന്നാൽ..
Deleteപൂർവ്വജന്മത്തിലെ ശത്രു അടുത്ത ജന്മത്തിൽ അനിയനായി പിറക്കുമെന്ന് ഒരു വിശ്വാസമുണ്ട്.....
ReplyDeleteബ്രോക്കർ കാശ് ഉറപ്പാണെങ്കിൽ സ്ഥലം കച്ചോടമാക്കിത്തരുന്ന കാര്യം ഞാൻ ഏറ്റു. നമ്മുടെ കസ്റ്റഡിയിൽ ആളുണ്ട്.....
വലിയൊരു ഗാപ്പിനുശേഷം ചാലിയാർ വീണ്ടും ഒഴുകുന്നത് കാണുന്നത് സന്തോഷകരം
നന്ദി പ്രദീപ് ജി..ബ്ലോഗെഴുത്തു തുടരണം എന്ന് തന്നെയാണ് ആഗ്രഹം..
Deleteമനുഷ്യന്മാര്ക്ക് ഇക്കാലത്ത് ഒരു തമാശ കൂടി പറയാൻ പറ്റില്ലാന്നു വെച്ചാ....ഇനി തമാശിക്കാന്‍ തോന്നുമ്പൊ ഇതൊക്കെ ഒന്ന് ഓര്‍ത്താല്‍ നന്ന്. ദൂരക്കൂടുതലാണ് അല്ലെങ്കി..ഞാന്‍ ....
ReplyDeleteഹ ഹ എന്റെ ആ തമാശ അയാൾ കാര്യമായി എടുത്തു.. അതോടെ ഞാൻ പെട്ടു
Delete
ReplyDeleteവളരെ നാളുകൾക്കു ശേഷം ചാലിയാർ ബ്ലോഗിന് പുതു ജീവൻ കിട്ടി. അത് കാണുമ്പോൾ വളരെ സന്തോഷം. സ്ഥലം വിൽപ്പന അറിയാവുന്ന ആരുടെയോ അനുഭവമെന്ന് തോന്നിപ്പിച്ചു. ശരിയാണോ അക്ബര്?
സ്വന്തം അനുഭവം തന്നെ അമ്പിളി..ഈയിടെ നടന്നത്..
Delete