Tuesday, November 26, 2013

ദയവായി നമ്പർ പരിശോധിക്കൂ

വീട്ടിലെ ടെലിഫോണ്‍ കേടായിട്ടു മാസങ്ങളായി. ടെലിഫോണ്‍ ഓഫീസിലേക്ക് വിളിച്ചു..അപ്പോഴാണറിയുന്നത് അവരുടെ ഫോണ്‍ കേടായിട്ടും കാലം കുറെ ആയെന്നു..

ഞാൻ ലൈൻമാനെ തപ്പി ഇറങ്ങി..വല്ലതും അവനു കൊടുത്താൽ കാര്യം നടക്കും എന്ന് പറഞ്ഞു തന്നത് അയൽവാസി.

ലൈൻമാനെ കണ്ടോ..ഞാൻ വഴി പോക്കനോട് ചോദിച്ചു..

അപ്പുറത്തെ വളവിൽ ലൈനിൽ തൂങ്ങി കിടക്കുന്നുണ്ട്..അയാൾ പറഞ്ഞു...ഹോ എന്തൊരു ഹ്യൂമർ  സെൻസാ ഈ നാട്ടുകാർക്ക്. 



ഞാൻ ബൈക്ക് എടുത്തു അങ്ങോട്ട്‌ തിരിച്ചു..ശരിയാ.ആശാൻ കടവാവൽ പോലെ ഒരു പോസ്റ്റിൽ തൂങ്ങി കിടക്കുന്നു..

ഞാൻ പിടിച്ചിറക്കി കാര്യം പറഞ്ഞു..അതേയ് ചേട്ടാ എന്റെ ഫോണ്‍ കേടായിട്ടു മാസങ്ങളായി..

അതെയോ...എന്റെ വീട്ടിലെ ഫോണും കേടായിട്ടു മാസങ്ങളായി. ഈ പൈപ്പ് ലൈൻ പോയത് കണ്ടില്ലേ..അവന്മാർ എല്ലാം കേടാക്കി..

ഓഹോ..അപ്പൊ ഇനി എന്താ വഴി..

വിഷമിക്കണ്ടാ..ഞാൻ നോക്കാം..നാളെ അത് വഴി വരാം..

ഞാൻ കാത്തിരുന്നു..പാൽ പൊടിയുടെ പരസ്യം പോലെ അയാളുടെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ..ഞാൻ ലൈനിലൊക്കെ തപ്പി നടന്നു. അപ്പൊ ഓർക്കാപുറത്തു  ദേവദൂദനെ പോലെ അയാള് മുന്നിൽ വന്നു ചാടി.

ഞാൻ എന്റെ എല്ലാ അഹങ്കാരവും മാറ്റി വെച്ച് ആ കാൽക്കൽ വീണു കേണു..

ചേട്ടാ അനുഗ്രഹിക്കണം..

എന്താ വേണ്ടേ...

ജീവിതം ഈ ഫോണിലാണ്..

മനസ്സിലായില്ല.

ഗൾഫിൽ നിന്നും ബന്ധപ്പെടാൻ എനിക്കീ ഫോണ്‍ കൂടിയേ തീരൂ.

അതിനു.?

പരിഹാരം വേണം..

എങ്കിൽ മാന്തണം 

എനിക്ക് ചൊറിഞ്ഞു വന്നു..എവിടെയാ മാന്തെണ്ടത്  പറഞ്ഞോളൂ.. മാന്തിത്തരാം.

എന്റെ പുറത്തല്ല..ടെലിഫോണ്‍ പോസ്റ്റിന്റെ അടിയിൽ മാന്തണം..ലൈൻ പൊട്ടി കിടക്കുകയാ.

അതിനു ?

മാന്താൻ 300 രൂപക്ക് ആളെ കിട്ടുന്നില്ല..

അപ്പൊ..?

ബാക്കി 300 നിങ്ങൾ കൊടുക്കണം..

അതെന്താ സർക്കാർ മുഴുവൻ കൂലി കൊടുക്കില്ലേ...

ഇയാൾ പ്രവാസിയാ അല്ലെ..

അതേ ..അങ്ങിനെ ഒരു അബദ്ധം..ഒരേ ഒരു അബദ്ധം ജീവിതത്തിൽ സംഭവിച്ചു പോയി...

ചുമ്മാതല്ല അവന്മാർ നിതാകാത് എന്നൊക്കെ പറഞ്ഞു നിങ്ങളെ പറഞ്ഞു വിടുന്നത്..

അത് പോട്ടെ ചേട്ടാ..ഞാൻ ഇപ്പൊ എന്താ വേണ്ടേ..

നിങ്ങൾക്ക് ഫോണ്‍ വേണോ..

വേണം..

എങ്കിൽ മണ്ണ് മാന്താൻ ആളെ ഞാൻ കൊണ്ട് വരാം..കൂലി 300 നിങ്ങൾ കൊടുക്കണം..

നോക്കാം..

നോക്കാൻ ഞാനുണ്ട്..നിങ്ങൾ കൂലി കൊടുത്താൽ മതി..

ഞാൻ ഏറ്റെന്നേ..പ്രവാസി വാക്ക് പറഞ്ഞാ വാക്കാ.

അടുത്ത ദിവസം പിക്കാസും കൈകോട്ടുമായി ആശാനും രണ്ടു ശിങ്കിടികളും  എത്തി. മാന്തി മാന്തി ഒരു പരുവമായപ്പോൾ ഫോണ്‍ ബെല്ലടിച്ചു. പക്ഷെ തിരിച്ചു ലൈൻ പോകുന്നില്ല. 

അന്വേഷിച്ചപ്പോൾ അവർ പറയുന്നു ഇത് വരെ വിളിച്ചു അർമാദിച്ചതിന്റെ കുടിശിക മുഴുവൻ അടച്ചു തീർക്കാൻ. 

ഞാൻ പറഞ്ഞു ..5  മാസം ഫോണ്‍ കേടായിരുന്നു..

അതൊന്നും ഇവിടെ പറയണ്ട. ബില്ല് വന്നാൽ കാശടക്കണം. 

ഉവ്വോ..(ഞാനപ്പോൾ പഞ്ചാബി ഹൗസിൽ കൊച്ചിൻ ഹനീഫയോട് ടെലിഫോണ്‍  ബൂത്തുകാരൻ പറയുന്ന ടയലോഗ് ഓർത്ത്‌ പോയി..)

പിന്നെ താമസിച്ചില്ല. കാശടച്ചു..ടെലിഫോണ്‍ മണിയടിച്ചു..എല്ലാവരും ഹാപ്പി..ഞാൻ തിരിച്ചു ഗൾഫിൽ എത്തി വീട്ടിലേക്കു വിളിച്ചു നോക്കി. അപ്പോൾ കേട്ട മറുപടി ഇങ്ങിനെ..

"താങ്കൾ വിളിച്ച നമ്പർ ഇപ്പോൾ നിലവിൽ ഇല്ല..ദയവായി നമ്പർ പരിശോധിക്കൂ..."

ഇനിയിപ്പോ ആ നമ്പർ നിലവിൽ വരുത്താൻ ഞാൻ എന്ത് ചെയ്യും...ആ..

19 comments:

  1. ഇങ്ങള് പ്പോഴും ഈ ലാൻഡ് ഫോണും വെച്ചോണ്ട് ഇരിക്കുന്നത് എന്തിനാ . അതുള്ളതും ഇല്ലാത്തതും കണക്കാ . സെല്ല് മാങ്ങികൊടുക്ക് സെല്ല് .

    പക്ഷേ പോസ്റ്റിൽ തമാശ ഉണ്ട് . രസകരം

    ReplyDelete
  2. പൊതുമേഖലാ..... പൊതുമേഖലാ.... എന്നും പറഞ്ഞ് ദേശസ്നേഹമിളകി ബി.എസ്.എൻ.എല്ലിനെയും, എൽ.ഐ.സി യേയും മറ്റും ആശ്രയിക്കാൻ നടക്കുന്ന ഓരോ ഭാരതീയന്റേയും കാര്യം കട്ടപ്പൊഹയാണ്.... സ്വകാര്യകമ്പനികൾ നല്ല സർവ്വീസുമായി ക്യൂ നിൽക്കമ്പോൾ പൊതുജനങ്ങളെ പരമാവധി ദ്രോഹിക്കുന്നതെങ്ങിനെ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ഉയർന്ന ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വിളനിലമായ ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളെ ആശ്രയിച്ച് രാജ്യത്തെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കുന്ന പൊതുജനത്തിനെക്കുറിച്ച് എന്തു പറയാനാണ്....

    ReplyDelete
  3. ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ എന്റെ ഫോണും ഇതുപോലെ കേടായത് അറിയിച്ച് അധികം കഴിയാതെ തന്നെ അവര്‍ രണ്ടുപേര്‍ വന്ന് മാന്തി ശരിയാക്കി. എന്തെങ്കിലും കൊടുക്കാന്‍ കാശെടുക്കാന്‍ അകത്തു കയറി പുറത്ത് വരുമ്പോഴേക്കും അവര്‍ പോയി. പിന്നെയാണറിഞ്ഞത് അവര്‍ ആരില്‍ നിന്നും പൈസ വാങ്ങാരറില്ലെന്ന്. നല്ലവരും കൂട്ടത്തില്‍ ഉണ്ടെന്നു മനസ്സിലായി.

    ReplyDelete
    Replies
    1. ഇവിടെയും അയാൾ കൈക്കൂലി അല്ല ആവശ്യപ്പെട്ടത്. കരാർ പണിക്കാർക്ക് ഡിപ്പാർട്ട്മെൻറ് കൊടുക്കുന്നത് 300 രൂപ തന്നെയാണ്..അത് കൊണ്ട് തന്നെ മറ്റു പണി ഇല്ലാത്ത ദിവസമേ അവർ വരൂ..അയാള് പറഞ്ഞത് ശരിയായിരുന്നു..

      Delete
  4. സ്വകാര്യകമ്പനികൾ നല്ല സർവ്വീസുമായി ക്യൂ നിൽക്കമ്പോൾ പൊതുജനങ്ങളെ പരമാവധി ദ്രോഹിക്കുന്നതെങ്ങിനെ>>>>>> പൊതുമേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തന്നെ ബോധപൂര്‍വമായി ശ്രമിക്കുന്നുണ്ട്. പൊതുമേഖല ബാദ്ധ്യതയാനെന്നും ഭരണനിര്‍വഹണം മാത്രമാണ് സര്‍ക്കാരിന്റെ ജോലിയെന്നുമാണ് നവസാമ്പത്തികസിദ്ധാന്തം.

    ReplyDelete
  5. ഹഹഹ് പണി കിട്ടുമ്പോള്‍ ഇങ്ങിനെ കിട്ടണം :)

    ReplyDelete
  6. മൊബൈൽ വാങ്ങിക്കോ,അതേയുള്ളു ഒരു വഴി !

    ReplyDelete
  7. എനിക്ക് ചിരി വരുന്നില്ല ... ഞാന്‍ മുന്‍പേ ചിരിച്ചതാ ! :)
    ഇത് പോലെയോക്കെതന്നെ എനിക്കും പണി കിട്ടിയിരുന്നു..
    ഞാന്‍ bsnl ഓഫീസില്‍ പോയി ആ പുണ്യകര്‍മ്മം അങ്ങട് ചെയ്യിച്ചു ....ലൈന്‍ കട്ട് !
    അതിനയ്യായിരം കൊടുത്ത് പണ്ട് എടുത്ത ലൈനാ ...അവരെ ചെലവ് കഴിച്ചു ബാക്കി തുക പോസ്റ്റ്‌ വഴി വരുമെന്ന്
    ഒരു അറിയീപ്പും കയ്യില്‍ തന്നു !!

    അസ്രൂസാശംസകള്‍ ..

    ReplyDelete
  8. കലക്കിയിട്ടുണ്ട്. കാര്യക്ഷമതയുടെ മായിക ലോകം. :)

    ReplyDelete
  9. ലാന്റ് ഫോൺ ഇപ്പോഴും പലരും സൂക്ഷിക്കുന്നത് പലപ്പോഴും ആശയ വിനിമയം എന്ന നിലക്ക് അല്ല എന്നു തോന്നുന്നു.. ഒരു അഡ്രസ്സ് എന്ന നിലക്ക് മുൻപേ തന്നെ കൊടുത്തിണ്ടാവുക ആ നമ്പർ ആയിരിക്കും... അത്യാവശ്യ ഘട്ടങ്ങളിൽ ഈ ലാന്റ് ഫോൺ ഉപകാരപ്രദമാവാറുമുണ്ട്.

    പക്ഷേ ഇപ്പോൾ സർക്കാർ കാര്യങ്ങൾക്ക് പോലും മൊബൈൽ നമ്പർ ആവശ്യപ്പെടാറുണ്ട്; കാരണം ലാന്റ് ലൈനിന്റെ ഒക്കെ "കാര്യം" കണക്കു തന്നെ..

    ReplyDelete
  10. ഹ ഹ ഹ......ഞമ്മള് ലാന്‍ഡ്‌ ലൈന്‍ കട്ട്‌ ആക്കി..കാറ്റ് വന്നാലും മഴ വന്നാലും വെയില് ഉണ്ടെങ്കിലും ഇടി...മിന്നല്‍.പിന്നെ ജലനിധി പൈപ്പ് ലൈന്‍....ഇത്യാതി സന്ഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉള്ള കാലത്തോളം....സ്വാഹ..

    ReplyDelete
  11. ലാന്‍ഡ്‌ ലൈനെന്നു കേള്‍ക്കുന്നത് ബി.എസ് എന്‍ എല്‍- ജീവനക്കാര്ക്കെ കലിപ്പാ.....
    മൊബൈല്‍ ഉണ്ടെങ്കിലും പഴയത് ഉപേക്ഷിക്കാന്‍ മനസ്സ് വരുമോ?
    നമുക്ക് ഇവ രണ്ടും റേഷന്‍
    കാര്‍ഡും ആധാര്‍ കാര്‍ഡും പോലെയാ...

    ReplyDelete
  12. ഇന്ത്യയിൽ കാര്യക്ഷമത കൂടുതലുള്ള പൊതുമേഖലാ
    സ്ഥാപനം ബി.എസ്.എൻ.എൽ തന്നെയാണ് കേട്ടൊ ഭായ് .
    മൊബയിൽ കമ്പനികളൊക്കെ അവരുടെ തട്ടകത്തിൻ കീഴിലാണ്

    ReplyDelete
  13. പൊതുമേഖലയെ തകർത്തു കൊടുത്താൽ പത്തു പുത്തൻ കയ്യിൽ വരും. അതാണല്ലൊ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്..!

    ReplyDelete
  14. ടെലിഫോണ്‍ കേടു വന്നത് സാരമില്ല, മൊബൈൽ വാങ്ങിക്കൊടുക്കണ്ട...:)

    ReplyDelete
  15. ഇവര് മാഷേ മൊത്തമായി മാന്തി ചോര കുടിക്കും

    ReplyDelete
  16. 'ഞമ്മക്ക് ശരിയാക്കാം... ഇങ്ങള് ഒരു ആയിരം ഇങ്ങോട്ട് തെരി' - ഇതാണ് പുറത്ത്ന്ന് ആളെ വിളിച്ചാലുള്ള പറച്ചില്‍. 300ല്‍ ഒതുങ്ങികിട്ടിയത് ഭാഗ്യം...

    രസായിട്ടോ...

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..