Monday, July 6, 2015

പണിവരുന്ന ഓരോ വഴിയേ...

മുറിച്ച തെങ്ങിന്റെ മുരട്‌ മാസങ്ങളായി മുറ്റത്തങ്ങിനെ നിൽക്കുന്നു. അതൊന്നു മാന്തി എടുക്കണമെന്നു വീട്ടുകാരി പറയാൻ തുടങ്ങിയിട്ട് കുറെ ദിവസമായി. 

അങ്ങിനെ ഞാൻ രണ്ടു ബംഗാളികളെ കൊണ്ടുവന്നു. മെനക്കെട്ട പണിയാ ചേട്ടാ, 1500 രൂപ വേണം. നാട്ടിലെ കൂലി കേട്ടപ്പോ ഞാനെന്റെ അറബി മുതലാളിയെ മനസ്സിൽ പ്രാകി.

തെങ്ങ് മുറിക്കാൻ 1000, മുരട്‌ മാന്താൻ 1500. കാലം പോയ ഒരു പോക്കെ..

അപ്പൊ ഭാര്യ ഇടപെട്ടു..ഇത്തരം നിർണ്ണായക ഘട്ടങ്ങളിൽ അവൾ രക്ഷക്കെത്താറുണ്ട്. അതേയ്.. കൂലി അധികമാ.. അവര് പോട്ടെ.. വേറെ വഴിയുണ്ട്..

എന്ത് വഴി ??

ജെ.സീ.ബി വിളിക്കാം.

ജെ സീ ബി..??? ആ പദത്തിന്റെ അർത്ഥ മറിയുമോ നിനക്ക്.. അതറിയണമെങ്കിൽ ആദ്യം ട്രാക്ടർ എന്തെന്നറിയണം. ട്രില്ലെർ എന്തെന്നറിയണം....പാവപ്പെട്ടവന്റെയും കർഷകന്റെയും............

അതേയ്... ഡയലോഗ് നിർത്തി പറേണതു കേൾക്കീ...

എന്നാ പറ..

റോഡിലിപ്പോ ജപ്പാൻ വെള്ളം കുഴിക്കല്ലേ
(ജപ്പാൻകുടിവെള്ളപദ്ധതി എന്നാവും കവി
 ഉദ്ദേശിച്ചതു)

അതേ ..അതിനു..

അവരുടെ ജെ സീ ബി വൈകീട്ട് ഇതിലെ പോവും..ഡ്രൈവറോട് പറഞ്ഞാൽ 500 രൂപക്ക് കുറ്റി മാന്തിത്തരും..

ഹോ..ഒറ്റയടിക്ക് 1000 ലാഭം. ആ ബുദ്ധിക്കു മുമ്പിൽ ഞാൻ വീണ്ടും താണുവണങ്ങി. എങ്കിൽ ജെ സീ ബി വരട്ടെ..

വൈകീട്ട് തലയെടുപ്പുള്ള കൊമ്പനാനയെപ്പോലെ മുറ്റത്തേക്ക്‌ ആ "ജീബി" കയറി വന്നു. ഒന്ന് ഞെരങ്ങി തുമ്പിക്കൈകൊണ്ട് ആഞ്ഞൊരു പിടി.

പത്തു മിനുട്ട്കൊണ്ട് തെങ്ങിന്റെ മുരടെടുത്തു തൊടിയിലേക്കിട്ടു. ഇനി വീടിന്റെ മോന്തായം എടുത്തു താഴേക്കിടാണോ എന്ന ഭാവത്തിൽ അവൻ തുമ്പിക്കൈ ഉയർത്തിനിന്നു.

500 രൂപ ദക്ഷിണ വെച്ചപ്പോ കൊമ്പൻ കുഴിയാനയെപ്പോലെ വന്നവഴിയെ പിറകോട്ടു പോയി റോഡിലേക്കിറങ്ങി .

1000 രൂപ ലാഭം. ബുദ്ധി പറഞ്ഞുതന്ന ആളിനെ ഒന്നഭിനന്ദിക്കാൻ നോക്കുമ്പോ കാണുന്നില്ല. പിന്നല്ലേ സംഭവം മനസ്സിലായത്‌.

പിറകോട്ടു പോകുന്ന പോക്കിൽ നമ്മുടെ കൊമ്പൻ മതിലിനു ഒന്ന് ചാരിയിരുന്നു. പൊട്ടിയ മതില് നന്നാക്കാൻ കുറഞ്ഞത്‌ അയ്യായിരമെങ്കിലും വേണ്ടി വരും. അതറിയുമ്പോഴുള്ള എന്റെ എക്സ്പ്രഷൻ മുൻകൂട്ടി കണ്ടാവും ആള് വീടിനുള്ളിലേക്ക് വലിഞ്ഞത്..

പണിവരുന്ന ഓരോ വഴിയേ...
-----------------------------------------------------

8 comments:

  1. ശരിയാ... പണിവരുന്ന വഴി നാം അറിയുകയേയില്ല. ഇന്നാളൊരു ദിനം കാന പണിക്കാരായ ബംഗാളികൾ വന്ന് പുതിയ സ്ലാബിട്ടു. പഴയ സ്ലാബ് അടിച്ചും ഇടിച്ചും പൊട്ടിച്ച് അതിനുള്ളിലെ കമ്പിയെടുത്ത് അവർ സ്ഥലം വിട്ടു. ഞങ്ങളുടെ മതിലിൽ ചാരിവച്ചായിരുന്നു അടിയും ഇടിയും...! അന്ന് രാത്രിയിൽ മതിൽ ഇടിഞ്ഞു വീണു. റോഡ്സൈഡായിരുന്നു. മതിൽ മുഴുവൻ പൊളിച്ചു കെട്ടാൻ കോൺ‌ട്രാക്റ്റർ ചോദിച്ചത് 40,000 റൂപ...!!
    ആ ബംഗാളികളെ പിടികൂടി. അവസാനം അവരുടെ കോൺ‌ട്രാക്റ്റർ പകുതിക്കാശ് തരാമെന്നു പറഞ്ഞതുകൊണ്ടും രാഷ്ട്രീക്കാരെ ഇടപിടീക്കാതിരുന്നതു കൊണ്ടും ബാക്കി പകുതി നിന്ന നിൽ‌പ്പിൽ ഉണ്ടാക്കേണ്ടി വന്നു. പണി വരുന്നോരോ വഴികളേ...!!?

    ReplyDelete
  2. ‘ അതിലാഭം കണ്ടോടത്ത് ഒഴിഞ്ഞോടാ തൊമ്മാ ‘ എന്ന പഴമൊഴി കേട്ടിട്ടില്ലേ ഭായ്

    ReplyDelete
  3. ജപ്പാന്‍ വെള്ളം കുഴിക്കലാ ഇങ്ങ്നെയൊക്കെ വന്നത്‌..............
    ആശംസകള്‍

    ReplyDelete
  4. ആ ജീബി ഒരു ജീബിതന്നെയാട്ടൊ. അതിന്റെ പണി കണ്ടാന്‍ നമ്മടെ പണിയൊക്കെ മറന്ന് നോക്കിനിന്നുപോവും. പിന്നെ ചില നഷ്ടങ്ങളൊക്കെ.. അതിപ്പം ഏത് ജീബിയാ നഷ്ടം വരുത്താത്തത്!!

    ReplyDelete
  5. ജപ്പാന്‍ വെള്ളത്തിന്‌ വൈകുന്നേരം വരെ പണീപ്പിച്ചത് പോരാതെ വീണ്ടും ദണ്ഡിപ്പിച്ചത് ആ ജീബിക്ക് ഇഷ്ടായില്ല !

    വലിയ കൂലിയുള്ള പ്രൊഫഷണല്‍സിന്റെ ഒഴിവാക്കി സൂത്രത്തില്‍ ഒരണ്ണാച്ചിയെക്കൊണ്ട് തെങ്ങ് മുറിപ്പിച്ച് മതിലിനു പരിക്കേറ്റ് അധികച്ചിലവ് സഹിക്കേണ്ടിവന്ന സ്വന്തം അനുഭവം മനസ്സിന്റെ ഉപരിതലത്തിലെത്തി ഇതുവായിച്ചപ്പോള്‍.

    ReplyDelete
  6. ജപ്പാന്‍ വെള്ളത്തിന്‌ വൈകുന്നേരം വരെ പണീപ്പിച്ചത് പോരാതെ വീണ്ടും ദണ്ഡിപ്പിച്ചത് ആ ജീബിക്ക് ഇഷ്ടായില്ല !

    വലിയ കൂലിയുള്ള പ്രൊഫഷണല്‍സിന്റെ ഒഴിവാക്കി സൂത്രത്തില്‍ ഒരണ്ണാച്ചിയെക്കൊണ്ട് തെങ്ങ് മുറിപ്പിച്ച് മതിലിനു പരിക്കേറ്റ് അധികച്ചിലവ് സഹിക്കേണ്ടിവന്ന സ്വന്തം അനുഭവം മനസ്സിന്റെ ഉപരിതലത്തിലെത്തി ഇതുവായിച്ചപ്പോള്‍.

    ReplyDelete
  7. പണി വരുന്ന വഴിയിലെ കാഴ്ച്ചകള്‍ വളരെ രസകരമായി അവതരിപ്പിച്ചു..

    ReplyDelete
  8. അരപ്പണം മോഹിച്ച് അഞ്ചു പണം കളഞ്ഞവന്‍റെ മട്ടിലായല്ലോ.

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..