Monday, July 6, 2015

വർണ്ണങ്ങളില്ലാത്തവരുടെ ലോകം

ഒരു അവധിക്കാലദിനത്തിൽ കോലായിലിരുന്നു പത്രത്താളുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരമ്മയും അവരുടെ അഞ്ചുവയസുകാരി മകളും പടികടന്നു വന്നത്..

സഹായം ചോദിച്ചു വീടുവീടാന്തരം കയറിയിറങ്ങി നടക്കുന്നവരുടെ പതിവുകാഴ്ചകളിൽ ഒന്ന്.


"ഭർത്താവ് മരണപ്പെട്ടു..നോക്കാൻ ആരുമില്ല..വീടില്ലാ"...പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അഴിയുംമുമ്പ് ഒരു ചെറിയ തുകയുമായി എന്റെ ഭാര്യ എത്തി. പണം സ്വീകരിച്ചു കോലായിലെ കൗതുക കാഴ്ചകളിൽ കണ്ണുനട്ടിരുന്ന കുട്ടിയുടെ കൈ പിടിച്ചു അവർ നന്ദിയോടെ തിരിഞ്ഞു നടന്നു.

"ഒരു നിമിഷം".. ഞാനവരെ മടക്കി വിളിച്ചു..സൗദിയിൽ നിന്നും വാങ്ങിയ ഒരു പിടി മിട്ടായികളും ചോക്കളേറ്റുകളും ഞാനാ കുഞ്ഞുകൈകളിൽ വെച്ചപ്പോൾ ആ മുഖത്തു സന്തോഷത്തിന്റെ നിലാവുദിച്ചു. മിട്ടായി നുണഞ്ഞുകൊണ്ട് കൌതുകാത്തോടെ അവൾ ചോക്കളേറ്റ് കവറിലെ വർണ്ണങ്ങളിലേക്ക് ആർത്തിയോടെ നോക്കിനിന്നു. എന്നെ അപ്പോൾ നയിച്ച വികാരം അനുകമ്പയോ വാത്സല്യമോ എന്നറിയില്ല. ആ കുട്ടിയുടെ കണ്ണിലെ തിളക്കം എന്നെ ആർദ്രമാക്കിയിരുന്നു ..പടി കടന്നു പോകുമ്പോൾ അവൾ ഒരിക്കൽകൂടി തിരിഞ്ഞു നോക്കി..

ഈ ദുരിതകാണ്ഡത്തിന്റെ ത്യാഗതീരം കടന്നു അവൾക്ക് എന്നെങ്കിലും ജീവിതത്തിന്റെ മുന്തിരിച്ചാർ കുടിക്കാൻ കഴിയട്ടെ.. എന്റെ ഒരു ദിനത്തെ ധന്യമാക്കിയ ആ കുരുന്നിന്റെ ഓർമ്മയിൽ എല്ലാ അവധിക്കാലത്തും ഞാൻ ഒരു പിടി മിട്ടായികൾ മാറ്റിവെക്കും..വെറുതെ....

4 comments:

  1. മനസ്സില്‍ കരുണയുണ്ടാവണമേ!
    ആശംസകള്‍

    ReplyDelete
  2. നാം ഒന്നും അറിയുന്നില്ല. ഓരം കെട്ടപ്പെട്ടവരുടെ ദുരിതങ്ങള്‍

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..